കാലനെക്കാൾ ക്രൂരനായ വൈദ്യൻ

സുഭാഷിതം

ശാർങ്ഗധരകവിയുടെ ലടകമേളകനാടകത്തിലേതെന്നു പറയപ്പെടുന്ന ഒരു ശ്ലോകം:

ശ്ലോകം:

വൈദ്യഃ ക്രൂരോ, യമഃ ക്രൂരോ
വൈദ്യഃ ക്രൂരോ യമാദപി
യമോ ഹരത്യസൂനേവ
വൈദ്യസ്തു സവസൂനസൂൻ

അര്‍ത്ഥം:

വൈദ്യഃ ക്രൂരഃ : വൈദ്യൻ ക്രൂരനാണു്
യമഃ ക്രൂരഃ : കാലനും ക്രൂരനാണു്
വൈദ്യഃ യമാത് അപി ക്രൂരഃ : വൈദ്യൻ കാലനെക്കാളും ക്രൂരനാണു്
: (കാരണം,)
യമഃ അസൂൻ ഏവ ഹരതി : കാലൻ ജീവനെ മാത്രമാണു് അപഹരിക്കുന്നതു്
വൈദ്യഃ തു : വൈദ്യനാകട്ടേ
സ-വസൂൻ അസൂൻ : ധനത്തോടു കൂടി ജീവനെ
(ഹരതി) : (അപഹരിക്കുന്നു)

ഇതേ ജനുസ്സിൽ പെടുന്ന മറ്റൊരു ശ്ലോകം. ഇവിടെ വൈദ്യനെ കാലന്റെ സഹോദനനാക്കിയിരിക്കുകയാണു്. നിന്ദാസ്തുതിയ്ക്കു് ഉത്തമോദാഹരണം.

ശ്ലോകം:

വൈദ്യരാജ! നമസ്തുഭ്യം
യമരാജസഹോദരം
യമസ്തു ഹരതി പ്രാണാൻ
വൈദ്യഃ പ്രാണാൻ ധനാനി ച

വൈദ്യരാജ! : അല്ലയോ വൈദ്യരാജാ
യമരാജസഹോദരം തുഭ്യം നമഃ : കാലന്റെ സഹോദരനായ നിന്നെ നമസ്കരിക്കുന്നു
യമഃ പ്രാണാൻ ഹരതി തു : യമൻ ജീവിതങ്ങളെ അപഹരിക്കുന്നു
വൈദ്യഃ : വൈദ്യനാകട്ടേ
പ്രാണാൻ ച ധനാൻ : ജീവിതങ്ങളെയും ധനങ്ങളെയും
(ഹരതി) : (അപഹരിക്കുന്നു)

മനുഷ്യരെയും ജന്തുക്കളെയും രോഗത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷപെടുത്താൻ പലപ്പോഴും സ്വന്തം ആരോഗ്യവും ജീവനും അപകടപ്പെടുത്തി കഠിനശ്രമം ചെയ്യുന്ന വൈദ്യനെപ്പറ്റി പഴയ ഭാരതത്തിലെ കവികൾക്കും വലിയ അഭിപ്രായമില്ലായിരുന്നു എന്നു് ഈ ശ്ലോകം വ്യക്തമാക്കുന്നു. വൈദ്യൻ പണം വാങ്ങുന്നു എന്നാണു പരാതി. വൈദ്യൻ വാങ്ങുന്ന പണത്തിന്റെ നല്ലൊരു പങ്കു് അയാൾ സംഭരിക്കുന്ന മരുന്നുകളുടെ വിലയും അതിന്റെ പണിക്കായി ചെലവഴിക്കുന്ന സമയത്തിന്റെ കൂലിയുമായിട്ടും പണക്കൊതിയനായാണു് വൈദ്യനെ പലപ്പോഴും ചിത്രീകരിക്കുന്നതു്. കൊട്ടാരം വൈദ്യന്മാർക്കും മറ്റും സമൂഹത്തിൽ നല്ല സ്ഥാനമുണ്ടെന്നതു ശരി തന്നെ. പക്ഷേ, പഠിച്ച വിദ്യ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന അദ്ധ്യാപകരെയും രാജാവു ചൂണ്ടിക്കാണിക്കുന്നവരെ വെട്ടിക്കൊല്ലുന്ന പടയാളികളെയും പ്രകീർത്തിക്കുന്ന കവികളാരും ഒരു വൈദ്യനെപ്പറ്റി നല്ല രണ്ടു വരി എഴുതിയിട്ടില്ല.


നിത്യവൃത്തിയിലെ ശുദ്ധി എന്നും ഒരു പ്രശ്നമായിരുന്നു. വൃത്തികെട്ട വസ്തുക്കളെ കൈകാര്യം ചെയ്യുന്ന ജോലികൾ ചെയ്യുന്നവരെയെല്ലാം നികൃഷ്ടരായി കരുതിപ്പോന്നു. തോട്ടികളും ക്ഷുരകനും വീടു വൃത്തിയാക്കുന്നവരും വസ്ത്രമലക്കുന്നവരുമൊക്കെ നികൃഷ്ടരായതു് അങ്ങനെയാണു്. അക്കൂട്ടത്തിൽത്തന്നെ വ്രണങ്ങൾ വെച്ചുകെട്ടുകയും ശരീരത്തിന്റെ വൃത്തികെട്ട ഭാഗങ്ങളിലൊക്കെ സ്പർശിക്കേണ്ടി വരുകയും ചെയ്യുന്ന വൈദ്യനു് പൂജ ചെയ്യുകയും ധനം കൈകാര്യം ചെയ്യുകയും ഉപദേശങ്ങൾ നൽകുകയും ഉരുവിട്ടു പഠിപ്പിക്കുകയും ചെയ്യുന്നവർക്കുള്ള പവിത്രത ഉണ്ടായില്ല. അവരുടെ പ്രവൃത്തികളിൽ പ്രകീർത്തിക്കത്തക്കതായ ഒന്നും കവികളൊന്നും കണ്ടുമില്ല. ഈശ്വരനോടു് ഉപമിക്കുമ്പോൾ മാത്രമാണു് വൈദ്യനു് ഒരല്പം സ്തുതി കിട്ടുന്നതു്.

വൈദ്യനെ ഹിംസ ചെയ്യുന്നവനായും കണ്ണിൽ ചോരയില്ലാത്തവനായും ചിത്രീകരിക്കുന്നതിൽ നിന്നാണു് യമനെക്കാൾ ക്രൂരനായവനാണു് എന്ന പ്രയോഗം വരുന്നതു്. ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കുന്നവനല്ല വൈദ്യൻ, മറിച്ചു് ജീവൻ ധനത്തോടൊപ്പം അപഹരിക്കുന്നവനാണു്. ചാവൻ നേരത്തു് അന്ത്യകൂദാശ കൊടുക്കുന്നവനും ചത്തു കഴിഞ്ഞു ബലികർമ്മങ്ങൾ ചെയ്യാൻ സഹായിക്കുന്നവനും കിട്ടുന്ന പുണ്യം പോലും ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച വൈദ്യനു് അർഹതയില്ല.


വൈദ്യനു് ബഹുമാനം കൊടുക്കാത്തതിനു മറ്റൊരു കാരണം കൂടിയുണ്ടു്. മനുഷ്യന്റെ ആയുസ്സു നിർണ്ണയിക്കുന്നതു ദൈവമോ വിധിയോ ആണു്, വൈദ്യനു് യാതൊരു കാര്യവും അതിലില്ല എന്ന സിദ്ധാന്തം വളരെ വ്യാപകമാണു്. വൈദ്യൻ എന്തു ചെയ്താലും “ആയുസ്സെത്തിയാൽ” മരിക്കും. സമയമായില്ലെങ്കിൽ എന്തു സംഭവിച്ചാലും മരിക്കില്ല, എല്ലാത്തിനും അതിന്റേതായ സമയമുണ്ടു് എന്നാണല്ലോ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വിശ്വാസം. അതുകൊണ്ടു തന്നെയാണല്ലോ ചെയ്ത വഴിപാടുകൾക്കും നടത്തിയ പൂജകൾക്കും ചൊല്ലിയ പ്രാർത്ഥനകൾക്കും പരിഹാരക്രിയകൾ കൊണ്ടു് നേർവഴിക്കു തിരിച്ചു വിട്ട ഗ്രഹങ്ങൾക്കും ചികിത്സിച്ച വൈദ്യനെക്കാളും ക്രെഡിറ്റ് കിട്ടുന്നതു്. വിധിയ്ക്ക് വിധി നടത്താനുള്ള ഒരു പാവ മാത്രമാണു വൈദ്യൻ! എത്ര മിടുക്കനായ വൈദ്യൻ എന്തൊക്കെ ചെയ്താലും എല്ലാം ദൈവത്തിന്റെ കയ്യിലാണു് എന്നാണല്ലോ അവസാനവാക്കു്!

ഈ സിദ്ധാന്തം പക്ഷേ മറ്റു ചില പ്രവൃത്തികൾ ചെയ്യുന്നവരെപ്പറ്റി പറയുമ്പോൾ മറന്നു പോകുന്നു. പഠിക്കാൻ യോഗമുണ്ടെങ്കിൽ അദ്ധ്യാപകനില്ലെങ്കിലും പഠിക്കില്ലേ? ഒരു രാജ്യത്തിനു നന്നാവാൻ യോഗമുണ്ടെങ്കിൽ അവിടെ വില്ലാളിവീരന്മാരില്ലെങ്കിലും നന്നാവില്ലേ? വിധിയനുസരിച്ചാണു് എല്ലാം നടക്കുന്നതെങ്കിൽ ഏതെങ്കിലും പ്രവൃത്തിയ്ക്കു മാഹാത്മ്യമുണ്ടോ? പിന്നെന്തിനാണു് അവയിൽ ചിലതിനെപ്പറ്റി വാ തോരാതെ വാചാലരാകുന്നതു്?


ആധുനികകാലത്തു് വൈദ്യന്മാർ ഡോക്ടർമാർക്കു വഴി മാറി. അദ്ധ്യാപകർക്കും പടയാളികൾക്കും, അവർ ഇന്നു ജോലി ചെയ്യുന്നതു വെറും ശമ്പളത്തിനാണെങ്കിൽ കൂടി, പുതിയ മാനങ്ങൾ കൈവന്നു.

ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം മനുഷ്യൻ മനസ്സിലാക്കിയതോടെ ഡോക്ടറുടെ ജോലിയ്ക്കു കുറേയൊക്കെ മാന്യത കിട്ടുകയും അവർക്കു നല്ല വേതനം കിട്ടുകയും ചെയ്തു. പക്ഷേ ആതുരസേവനത്തിലേർപ്പെടുന്നവരോടുള്ള അവജ്ഞ പല രൂപത്തിൽ ഇന്നും മനസ്സുകളിൽ നിലകൊള്ളുന്നു.

എല്ലാ മേഖലകളിലും ഉള്ളതുപോലെ ശുശ്രൂഷാരംഗത്തും ധാരാളം കള്ളത്തരങ്ങൾ ഉണ്ടെന്നുള്ളതു ശരി തന്നെ. എങ്കിലും വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണു് ഡോക്ക്ടർമാരും നേഴ്സുമാരും തങ്ങളുടെ ജോലി നിർവ്വഹിക്കുന്നതു്. ഇത്രയൊക്കെ ചെയ്തിട്ടും രോഗി മരിച്ചാൽ ഡോക്ടറെ തല്ലാനാണു് ആദ്യശ്രമം. ആയുസ്സെത്തുന്ന തിയറിയ്ക്കു് അപ്പോൾ പ്രസക്തിയില്ല. രോഗം ഭേദമായാലേ ആയുസ്സും പൂജയുമൊക്കെ തല നീട്ടൂ.

ഇതിന്റെയൊക്കെക്കൂടെയാണു് പ്രകൃതിചികിത്സകരുടെയും മുറിവൈദ്യന്മാരുടെയും പഴയ കാലത്തു് എല്ലാം ഒലക്കയായിരുന്നെന്നും വാദിക്കുന്നവരുടെയും വെള്ളപ്പാച്ചിൽ. ആധുനികവൈദ്യശാസ്ത്രമാണു് ലോകത്തിലെ എല്ലാ രോഗങ്ങളും കൊണ്ടു വന്നതു് എന്ന വാദം വേറെ. പല കാലഘട്ടങ്ങളിലെ ശരാശരി ആയുർദൈർഘ്യം നോക്കിയാൽ മാത്രം മതി ആധുനികവൈദ്യത്തിന്റെ സംഭാവന മനസ്സിലാക്കാൻ. രോഗനിർണ്ണയത്തിനു് ഉപാധികൾ ഇല്ലായിരുന്ന കാലത്തു് അജ്ഞാതമായിരുന്ന രോഗങ്ങൾ ശാസ്ത്രം പുരോഗമിച്ചതോടു കൂടി അറിയപ്പെട്ടതാണു്. അല്ലാതെ അവ ഇല്ലാതിരുന്നതല്ല. ആധുനികവൈദ്യത്തിൽ മുഴുവൻ കെമിക്കൽസ് ആണു് (ഞങ്ങളുടേതു് ശുദ്ധവും പ്രകൃതിജന്യവുമാണു്. ആ പിന്നെ!), രോഗത്തെയല്ല രോഗലക്ഷണത്തെയാണു് അവർ ചികിത്സിക്കുന്നതു് എന്നൊക്കെയാണു മനുഷ്യശരീരത്തെപ്പറ്റി ഒരു ഗ്രാഹ്യവുമില്ലാത്ത ഈ മുറിവൈദ്യന്മാർ തട്ടിമൂളിക്കുന്നതു്. എല്ലാ രോഗത്തിനും അവരുടെ കയ്യിൽ ചികിത്സയുമുണ്ടു്. രോഗം മൂർച്ഛിച്ചാൽ ആശുപത്രിയിലേക്കു തള്ളി വിടും. രോഗി മരിച്ചാൽ മോഡേൺ മെഡിസിനെ കുറ്റം പറയുകയും ചെയ്യും.


“സുഭാഷിതം” എന്ന പേരിൽ ഈ ശ്ലോകം പ്രസിദ്ധീകരിക്കുന്നതിനു ലജ്ജയുണ്ടു് – അതിനി തമാശയായി പറഞ്ഞതാണു് എന്നു വാദിച്ചാൽ കൂടി. കാരണം, പന്ത്രണ്ടാം നൂറ്റാണ്ടിലെ കവി പറഞ്ഞ അഭിപ്രായം ഇന്നും മനുഷ്യരുടെ മനസ്സിൽ രൂഢമൂലമായി കിടക്കുന്നതാണു്.

മനുഷ്യന്റെ ആരോഗ്യം നന്നാക്കാൻ വേണ്ടി ലക്ഷക്കണക്കിനു കുഞ്ഞുജീവികളിൽ പരീക്ഷണം നടത്തിയും, സ്വന്തം ജീവൻ പണയപ്പെടുത്തി പല തരം ഗവേഷണങ്ങൾ നടത്തിയും, അവിരാമമായി ജ്ഞാനസമ്പാദനം നടത്തുകയും മുമ്പുണ്ടായിരുന്ന തെറ്റുകൾ യഥാകാലം തിരുത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞർക്കും, അവർ കണ്ടുപിടിച്ച തത്ത്വങ്ങളെ ജനോപകാരത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ചികിത്സാരംഗത്തു ജോലി ചെയ്യുന്ന എല്ലാവർക്കും തല കുനിച്ചു് ഒരു നമസ്കാരം!