ഷോലേ സിനിമയും കാളിദാസനും

ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.

ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന്‍ ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍‌വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീര‍കം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.

ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന്‍ രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.

“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.

ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? : സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?
മദ്യം വിനാ തേന കിം? : (അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി?
തവ മദ്യം ച അപി പ്രിയം? : ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ?
അഹോ പ്രിയം, വാരാംഗനാഭിഃ സമം : പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.)
വാരസ്ത്രീരതയേ തവ ധനം കുതഃ? : വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും?
ദ്യൂതേന വാ ചൌര്യേണ : ചൂതുകളിച്ചോ മോഷ്ടിച്ചോ.
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? : (ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? : ഭ്രഷ്ടനു വേറേ എന്തു വഴി?

ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന്‍ ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?

ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!

ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:

“തിന്നാനെന്തിതിറച്ചിയോ വരമുനേ?” – “കള്ളില്ലയെന്നാലതി–
ന്നെന്തി?”; “ന്നെന്തു കുടിക്കുമോ?” – “കുടി ഹരം താനാണു, പെണ്ണുങ്ങളും”;
“പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?” – “ചൂതാട്ടവും കക്കലും”;
“നിന്നെക്കൊണ്ടിവ പറ്റുമോ?” – “മുറ മുടിഞ്ഞോനെന്തു വേറേ ഗതി?


സമസ്യാപൂരണം എന്നൊരു പുതിയ വിഭാഗവും തുടങ്ങി – ഇങ്ങനെ കിട്ടുന്ന ശ്ലോകങ്ങള്‍ ചേര്‍ക്കാന്‍.