ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.
ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന് ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീരകം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.
ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന് രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.
“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”
ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.
ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? | : | സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ? |
മദ്യം വിനാ തേന കിം? | : | (അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി? |
തവ മദ്യം ച അപി പ്രിയം? | : | ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ? |
അഹോ പ്രിയം, വാരാംഗനാഭിഃ സമം | : | പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ. |
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.) | ||
വാരസ്ത്രീരതയേ തവ ധനം കുതഃ? | : | വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും? |
ദ്യൂതേന വാ ചൌര്യേണ | : | ചൂതുകളിച്ചോ മോഷ്ടിച്ചോ. |
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? | : | (ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ? |
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? | : | ഭ്രഷ്ടനു വേറേ എന്തു വഴി? |
ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന് ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?
ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!
ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:
“തിന്നാനെന്തിതിറച്ചിയോ വരമുനേ?” – “കള്ളില്ലയെന്നാലതി–
ന്നെന്തി?”; “ന്നെന്തു കുടിക്കുമോ?” – “കുടി ഹരം താനാണു, പെണ്ണുങ്ങളും”;
“പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?” – “ചൂതാട്ടവും കക്കലും”;
“നിന്നെക്കൊണ്ടിവ പറ്റുമോ?” – “മുറ മുടിഞ്ഞോനെന്തു വേറേ ഗതി?“
സമസ്യാപൂരണം എന്നൊരു പുതിയ വിഭാഗവും തുടങ്ങി – ഇങ്ങനെ കിട്ടുന്ന ശ്ലോകങ്ങള്‍ ചേര്‍ക്കാന്‍.
ബിന്ദു | 03-Aug-06 at 3:40 am | Permalink
കാളിദാസന്റെ കഥകളൊക്കെ ഓര്മയുള്ളവര് അതൊക്കെ ഒന്നെഴുതുകയായിരുന്നെങ്കില്! ഈ കഥ ശ്ലോകം പൂരിപ്പിച്ചു കൊണ്ടു ചെന്ന ആളുടെ പിറകേ ചെന്ന് രാജാവ്, വേഷം മാറി ഒളിച്ചു കഴിയുന്ന കാളിദാസനെ കണ്ടു പിടിച്ചു എന്നല്ലേ?
ഉമേഷ്ജി.. ഒരു സമസ്യ
ക.. ഖ.. ഗ..ഘ… 🙂
wakaari | 03-Aug-06 at 4:09 am | Permalink
മിമിക്രിക്കാര് കാണിക്കുമായിരുന്നു- രാത്രിയില്‍ ലൈറ്റില്ലാതെ സൈക്കിളും തള്ളിക്കൊണ്ട് പോകുന്ന സൈക്കിളുകാരനെ പോലീസ് പിടിക്കുമ്പോള്‍..
“ബെല്ലില്ലാത്ത സൈക്കിളിനെതിന് ലൈറ്റ് സാറേ”
“ങാ..ഹാ.. അപ്പം ബെല്ലുമില്ലേ”
“ഓ, സീറ്റില്ലാത്ത സൈക്കിളിനെന്തിന് ബെല്ല് സാറേ”
“ങാ..ഹാ… അപ്പം സീറ്റുമില്ലേ”
“കാറ്റില്ലാത്ത സൈക്കിളില്‍ സീറ്റ് വെച്ചിട്ടെന്തു കാര്യം സാറേ”
“ങാ..ഹാ.. അപ്പം കാറ്റുമില്ലേ”
“ഓ മോട്ടിച്ച സൈക്കിളിനെന്തിനിതെല്ലാം സാറേ”
എന്നോ മറ്റോ.
ഉമേഷ്ജിയെ നമിക്കല്‍ പ്രക്രിയ നിര്ബാധയായി എന്നെ പിന്തുടരുന്നു.
ഇതൊക്കെ സ്വന്തം താത്പര്യത്തില്‍ സ്വന്തം സമയം കണ്ടെത്തി സ്വന്തമായി പഠിച്ചതല്ലേ? ഞാനൊക്കെ ആ സമയത്ത് എന്തെടുക്കുകയായിരുന്നാവോ.:(
Umesh::ഉമേഷ് | 03-Aug-06 at 6:17 am | Permalink
ഇതു് അതല്ല ബിന്ദൂ. പല സമസ്യകളെയും കുറിച്ചു് ആ കഥ കേട്ടിട്ടുണ്ടു്. അവസാനത്തെ സമസ്യയായ “കുസുമേ കുസുമോത്പത്തി” ഉള്‍പ്പെടെ.
ക, ഖ, ഗ, ഘ
ഗുളു ഗുഗ്ഗൂളു ഗുഗ്ഗുളു
ടണ്ടണ്ടടണ്ടം ടടടണ്ടടണ്ടം
പിപീലികാ ദന്തിവരം പ്രസൂതേ
പിപീലികാ ചുംബതി ചന്ദ്രബിംബം
തുടങ്ങി പലതുമുണ്ടു്. ഇതൊക്കെ കാളിദാസന്റേതാണോ എന്നു ദൈവത്തിനറിയാം. ഏതായാലും “ക ഖ ഗ ഘ” ആവാന്‍ വഴിയില്ല.
വക്കാരീ, ആ ഫലിതം കൊള്ളാം. സൈക്കിളുന്തുന്നവനെയും പോലീസു പിടിക്കുമോ?
wakaari | 03-Aug-06 at 6:25 am | Permalink
സൈക്കുളുന്തുന്നവനേയും ഇവിടെ പോലീസു പിടിക്കും (ഇന്നലേം പിടിച്ചു-ചുമ്മാ സിഗ്നലും മാറുന്നത് നോക്കി നിന്നതാ, സുമിമസേന്‍ പറഞ്ഞ് പോലീസേമ്മാന്). പക്ഷേ ആ ഉന്ത് ഞാന്‍ ഉന്തിയതാ. എഴുതിവന്നപ്പോള്‍ സംഗതി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പറ്റുന്നില്ല. കാറ്റില്ലാത്ത/സീറ്റില്ലാത്ത സൈക്കിള്‍ ചവിട്ടാന്‍ പറ്റൂല്ലല്ലോ. അതുകൊണ്ട് കഥാതന്തു കഥാഉന്തു ആക്കിമാറ്റി 🙂
Deepak Chandran | 03-Aug-06 at 7:57 am | Permalink
Dear Umesh..
If u never mind, could u give me your e-mail address.
Thank you very much for constructing a very nice blog. I am trying to learn may things from your blog. Thank u.
Warm Regards,
Deepak.
അരവിന്ദന് | 03-Aug-06 at 8:37 am | Permalink
പ്രണാമം ഉമേഷ്ജി :-))
ബിന്ദൂസ് പറഞ്ഞത് പോലെ കാളിദാസനേക്കുറിച്ച് ഇനിയും എഴുതാമോ? അദ്ദേഹത്തിന്റെ ശ്ലോകങ്ങളും സമസ്യകളും മറ്റും?
ദീപശിഖാകാളിദാസന്‍ എന്നോ മറ്റോ എന്തോ സാധനം പഠിച്ചതോര്‍ക്കുന്നു…ആ ഉപമ ഞാന്‍ കേട്ടതില്‍ വച്ചേറ്റവും സൂപ്പറും..(മാലയും കൊണ്ട് നടക്കുന്ന കന്യക ഒരോരുത്തരുടെ അടുത്തെത്തുപോഴും മുഖം തെളിയുന്നത് കണ്ടാല്‍ പന്തം കൊളുത്തിപ്പിടിച്ച് നടക്കുന്നപോലെയെന്നൊ മറ്റോ (പന്തളത്തല്ല)..അറിവു കേട് ക്ഷമിക്കൂ..അറിവ് നല്കിയാലും ഉമേഷ്ജീ..അങ്ങനെയെങ്കിലും മെച്ചപ്പെടട്ടെ.)
ബൈ ദ ബൈ ഷോലെയുടെ കാര്യം പറഞ്ഞപ്പോഴാ…ഷോലേയിലെ ശരിക്കുമുള്ള ട്രാജഡി എന്തായിരുന്നു എന്നറിയാമോ? :-)) അറിയാമെങ്കില്‍ പറയണ്ട. .
ബിന്ദു | 03-Aug-06 at 3:42 pm | Permalink
കാ ത്വം ബാലേ.. കാഞ്ചനമാല എന്നു തുടങ്ങുന്നതു കാളിദാസന്റെ അല്ലേ?? വെറും കഥയാണോ അത്?
Umesh::ഉമേഷ് | 03-Aug-06 at 11:29 pm | Permalink
അരവിന്ദാ,
രഘുവംശത്തിലെ “സഞ്ചാരിണീ ദീപശിഖേവ…” എന്ന ശ്ലോകമായിരിക്കും, അല്ലേ? ഇന്ദുമതിയുടെ സ്വയംവരത്തിന്റെ കാര്യം. കാളിദാസന്റെ നല്ല ഉപമകളെല്ലാം കൂടി ചേര്‍ത്തു് “ഉപമാ കാളിദാസസ്യ…” എന്നൊരു പോസ്റ്റെഴുതാം, എന്താ?
ഷോലേയുടേ ട്രാജഡിയെന്താ? ധര്‍മ്മേന്ദ്ര ഹേമമാലിനിയെ കല്യാണം കഴിച്ചതോ?
ബിന്ദൂ,
അതു കാളിദാസന്റേതാണെന്നാണു് ഐതിഹ്യം. അതൊരു കെട്ടുകഥയാണെന്നാണു് എന്റെ അഭിപ്രായം. ഒന്നാമതു്, സമസ്യ പൂരിപ്പിക്കാന്‍ ഇത്ര സമര്‍ത്ഥനായ കാളിദാസനു് അതു പൂരിപ്പിക്കാന്‍ ഒരു കൊച്ചുകുട്ടിയുടെ സഹായം വേണ്ടി വന്നു എന്നതു്. രണ്ടാമതു്, അതൊരു സംസ്കൃതവൃത്തത്തിലല്ല. മൂന്നാമതു്, അതൊരു നല്ല സമസ്യാപൂരണമല്ല. ഒരു കാളിദാസന് ടച്ച് ഇല്ല. നാലാമതു്, (ഇതെനിക്കു മൊത്തം ഉറപ്പല്ല) കാളിദാസന്റെ കാലത്തു് ക, ഖ, ഗ, ഘ എന്നു വ്യഞ്ജനങ്ങള്‍ എഴുതിത്തുടങ്ങുന്ന സമ്പ്രദായം തുടങ്ങിയിരുന്നോ ആവോ? ഹയവര-ട്, ല-ണ് എന്നു തുടങ്ങുന്ന പാണിനീസൂത്രങ്ങളില്‍ നിന്നു് ക-യില്‍ത്തുടങ്ങുന്ന വ്യഞ്ജനങ്ങള്‍ ആയതു് എന്നാണോ എന്തോ?
നാലാമത്തെ കാര്യം എനിക്കു് ഉറപ്പില്ല, കേട്ടോ.
ദീപക്,
ഞാന്‍ ഇ-മെയില്‍ അയച്ചിട്ടുണ്ടു്.
ബാബുരാജ് | 09-Aug-06 at 2:39 pm | Permalink
ആകപ്പാടെ രസം! ചിന്ത ഇങ്ങനെയൊരു ടോപ്ബ്ലോഗ് പേജ് തുടങ്ങിയില്ലായിരുന്നെങ്കില്‍ ഇതു കാണില്ലായിരുന്നു!!.. ഇനി ബാക്കികൂടി.. എങ്ങനെയാണ് പെപീലിക പ്രസൂതി ദന്തിവരം..? ചന്ദ്രബിംബം ചുംബതി?.. അതാരെങ്കിലും എഴുതണേ.. സമസ്യാപൂരണം ചിലതു കണ്ടിട്ടുണ്ട് അതിത്ര രസകരമാണെന്ന് ഓര്‍ത്തില്ല..