January 2005

യേശുദാസിനു്‌ 65 വയസ്സ്‌! (Yesudas turned 65!)

ലോകത്തിലെ ഏറ്റവും നല്ല ശബ്ദത്തിന്റെ ഉടമയായ, മലയാളികളുടെ അഭിമാനമായ, ഭാരതത്തിന്റെ സമ്പത്തായ, ലോകത്തിന്റെ പുണ്യമായ, ഗാനഗന്ധര്‍വ്വന്‍ K. J. യേശുദാസിനു്‌ ഇക്കഴിഞ്ഞ ജനുവരി 10-നു്‌ 65 വയസ്സു തികഞ്ഞു. പക്ഷേ, ആ ശബ്ദത്തില്‍ ഇപ്പോഴും യുവത്വം തുടിച്ചുനില്‍ക്കുന്നു.

അഞ്ചു വര്‍ഷം മുമ്പു്‌, യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു്‌ ഷിക്കാഗോയിലെ മലയാളികള്‍ അദ്ദേഹത്തിനു്‌ ഒരു സ്വീകരണം നല്‍കുകയുണ്ടായി. അനുഗൃഹീതസംഗീതജ്ഞനും ഗായകനുമായ അജിത്‌ ചന്ദ്രന്‍ അന്നു യേശുദാസിനെ സ്വാഗതം ചെയ്തുകൊണ്ടു്‌ ഒരു ത്രിശ്ലോകി ചിട്ടപ്പെടുത്തി ആലപിച്ചു. അതിന്റെ വരികള്‍ എഴുതാന്‍ സാധിച്ചു എന്നതു്‌ എന്റെ ജീവിതത്തിലെ വളരെയധികം ആനന്ദം നല്‍കിയ ഒരു സംഭവമാണു്‌. അതു്‌ ഞാന്‍ ഒന്നുകൂടി ഓര്‍മ്മിക്കട്ടേ:


ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

പൂവിന്‍ നിര്‍മ്മലകാന്തി ചേര്‍, ന്നതിടിവെട്ടേകുന്ന ഗാംഭീര്യമാര്‍-
ന്നാവേശം, ദയ, ഭക്തി, ദുഃഖമിവയെച്ചാലിച്ച മാധുര്യമായ്‌,
ഭാവം ഭൂമിയിലുള്ളതൊക്കെയൊരുമിച്ചാത്മാംശമാക്കുന്നൊരാ
നാവിന്നായി, സരസ്വതീവിലസിതാരാമത്തിനായ്‌, സ്വാഗതം!

നാദബ്രഹ്മമഹാഗ്നി തന്നിലലിവോടാ വിശ്വകര്‍മ്മാവെടു-
ത്തൂതിക്കാച്ചിയ സ്വര്‍ണ്ണമേ, നിഖിലലോകത്തിന്റെ സായുജ്യമേ!
ശ്രോതാക്കള്‍ക്കമരത്വമെന്നുമരുളും പീയൂഷമേ, കേരള-
ശ്രീ താവും മലയാളഭാഷയുടെ സത്‌സൌഭാഗ്യമേ, സ്വാഗതം!

അജിത്തിന്റെ ആലാപനം താഴെ:

download MP3

ആലാപനം (Recital)
കവിതകള്‍ (My poems)
പലവക (General)
ശബ്ദം (Audio)
ശ്ലോകങ്ങള്‍ (My slokams)

Comments (6)

Permalink

കരിക്കലവും പൊതിച്ചോറും

അക്ഷരശ്ലോകത്തിനു വേണ്ടിയുള്ള യാഹൂ ഗ്രൂപ്പില്‍ പ്രേംജിയുടെ “നഞ്ഞാളും കാളിയന്‍ തന്‍…” എന്ന ശ്ലോകത്തെപ്പറ്റിയുള്ള സംവാദത്തിനിടയിലാണു്‌ ഇതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കാനിടയായതു്‌.

(ഈ സംവാദത്തില്‍ പങ്കെടുത്ത ജ്യോതിര്‍മയി, വിശ്വപ്രഭ, ശ്രീധരന്‍ കര്‍ത്താ എന്നിവര്‍ക്കു നന്ദി.)

മേല്‍പ്പറഞ്ഞ ശ്ലോകത്തില്‍ “കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും തുള്ളിയോനേ” എന്നൊരു പ്രയോഗമുണ്ടു്‌. അതിലെ “കരികലം” എന്ന വാക്കിനു പകരം “കരിക്കലം” എന്നു വേണ്ടേ എന്നാണു സംശയം. ഇതു പറഞ്ഞപ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ “പൊതിചോറുമെടുത്തു കൂട്ടുവാന്‍…” എന്നു പ്രയോഗിച്ചിട്ടുള്ളതും ഒരാള്‍ ചൂണ്ടിക്കാട്ടി.

കരികലം”, “പൊതിചോറു്‌” എന്നീ പ്രയോഗങ്ങള്‍ തെറ്റല്ലേ എന്നും, അവ “കരിക്കലം”, “പൊതിച്ചോറു്‌” എന്നു വേണ്ടേ എന്നുമാണു ചോദ്യങ്ങള്‍.

മലയാളത്തില്‍, വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ക-ഘ, ച-ഝ, ട-ഢ, ത-ധ, പ-ഭ, ശ, ഷ, സ എന്നിവയാണു ദൃഢങ്ങള്‍. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും – കേരളപാണിനീയം).

ഇതനുസരിച്ചു്‌, “പൊതിയായ ചോറു്‌” എന്നര്‍ത്ഥത്തില്‍ “പൊതിച്ചോറു്‌” എന്നും, “കരിപിടിച്ച കലം” എന്നര്‍ത്ഥത്തില്‍ “കരിക്കലം” എന്നും വേണം.(കരിമണല്‍, കരിനാക്കു്‌ തുടങ്ങിയവയില്‍ ദ്വിത്വം വേണ്ട – കാരണം, മ, ന, എന്നിവ ദൃഢങ്ങളല്ല.)

ഊഷ്മാക്കള്‍ ദൃഢങ്ങളാണെങ്കിലും അവ എപ്പോഴും ഇരട്ടിക്കുമെന്നു തോന്നുന്നില്ല. കണ്ടകശനി, കള്ളുഷാപ്പു്, തുണിസഞ്ചി മുതലായവ ഉദാഹരണങ്ങള്‍. ശ, സ എന്നിവയുടെ ഇരട്ടിച്ച രൂപങ്ങളും കാണാറുണ്ടെങ്കിലും ഷ ഒരിക്കലും ഇരട്ടിക്കാറില്ല.

പക്ഷേ, “പൊതിഞ്ഞ ചോറു്‌” എന്നര്‍ത്ഥത്തില്‍ “പൊതിചോറു്‌” എന്നും, “കരിഞ്ഞ കലം” എന്നര്‍ത്ഥത്തില്‍ “കരികലം” എന്നും പറയാം എന്നൊരു വാദവും ഉയര്‍ന്നുവന്നു. ഈ വാക്കുകളില്‍, പൂര്‍വ്വപദം ഒരു ക്രിയാധാതുവായതുകൊണ്ടു്‌ ദ്വിത്വം ഉണ്ടാവുകയില്ല (അലുപ്താഖ്യസമാസത്തില്‍ധാതുപൂര്‍വ്വത്തിലും വരാ എന്നു കേരളപാണിനീയം.)എന്നാണു്‌ ഈ വാദം. എരിതീ, കടകോല്‍, ചാപിള്ള, അരകല്ല്‌, ഇടികട്ട തുടങ്ങിയവയെപ്പോലെ.

അവസാനം, നമ്പ്യാര്‍ക്കും പ്രേംജിയ്ക്കും തെറ്റുപറ്റിയിട്ടില്ല എന്നാണു്‌ തീരുമാനം. ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ?

ചുഴിഞ്ഞുനോക്കല്‍
വ്യാകരണം (Grammar)

Comments (1)

Permalink

വികലസന്ധികള്‍ – 3

(mp) has given some valuable comments to my two previous posts. I am discussing them below:

I am repeating mp’s comments for my last post, in this color, with the Malayalam words shown in unicode:

  • Regarding “പദ്ധതി” + “ഇതരം,” I recall seeing “പദ്ധത്യേതരം” (note that it’s not “പദ്ധതിയിതരം” nor (the incorrect) “പദ്ധതിയേതരം”). Is there any sandhi rule that can give this? Like, can we have “പദ്ധത്‌ + യ + ഇതരം = പദ്ധത്യേതരം?” (“ഇ പോയി, യ വന്നു.”)

‘ഇ’ പോയി ‘യ’ വരാം. പല വിധത്തില്‍:

  • സംസ്കൃതരീതിയില്‍: സ്വരം പരമായാല്‍ (പുറകേ വന്നാല്‍) ‘ഇ’, ‘ഈ’ എന്നിവ ‘യ’ ആകും. ഉദാഹരണം : അതി + ആഗ്രഹം = അത്യാഗ്രഹം. ദാസീ + ഊഹം = ദാസ്യൂഹം. (ഇതുപോലെ തന്നെ (‘ഉ’, ‘ഊ’) => ‘വ’, ‘ഋ’ => ‘ര’ എന്നിവയും സംഭവിക്കാം. അണു+ആയുധം = അണ്വായുധം, പിതൃ + അധികാരം = പിത്രധികാരം. ഇകോ യണചി എന്നു പാണിനി.)എന്നാല്‍ രണ്ടു സ്വരങ്ങളും ഒരേ ജാതിയായാല്‍ ([അ, ആ], [ഇ, ഈ], [ഉ, ഊ] എന്നിവ) രണ്ടും പോയിട്ടു്‌ അതിന്റെ ദീര്‍ഘം വരും. (അകഃ സവര്‍ണേ ദീര്‍ഘഃ എന്നു പാണിനി.). ഉദാഹരണം : വിശാല + അക്ഷ = വിശാലാക്ഷ, ദയാ + ആധിക്യം = ദയാധിക്യം, അധി + ഈശ = അധീശ, പാര്‍വതീ + ഈശ = പാര്‍വതീശ, ഗുരു + ഉപദേശ = ഗുരൂപദേശ. കൂടുതല്‍ വിവരങ്ങള്‍ ഇതിന്റെ ഒരു comment ആയി കൊടുക്കാം.
  • മലയാളരീതിയില്‍ : രണ്ടു സ്വരങ്ങളുടെ ഇടയില്‍ ‘യ’യോ ‘വ’യോ വരാം. (വേറേ അക്ഷരങ്ങളും ആവാം. കേരളപാണിനീയത്തില്‍ 7 മുതല്‍ 10 വരെയുള്ള കാരികകള്‍ കാണുക.) ആദ്യത്തെ സ്വരം അ, ആ, ഇ, ഈ, എ, ഇ എന്നിവയില്‍ ഒന്നായാല്‍ ‘യ’യും ഉ, ഊ, ഒ, ഓ, ഔ എന്നിവയില്‍ ഒന്നായാല്‍ ‘വ’യും ആഗമം. ഉദാഹരണം:

കര + ഇല്‍ = കരയില്‍

പോടാ + എന്നു്‌ = പോടായെന്നു്‌

വഴി + ഇല്‍ = വഴിയില്‍

തീ + ആണു്‌ = തീയാണു്‌

തന്നെ + ആണോ = തന്നെയാണോ

മറ്റേ + ആള്‍ = മറ്റേയാള്‍

കൈ + അക്ഷരം = കൈയക്ഷരം

ഉണ്ടു + അല്ലോ = ഉണ്ടുവല്ലോ

തിരു + ഓണം = തിരുവോണം

പൂ + ഇടീല്‍ = പൂവിടീല്‍

പോ + ഉന്നു = പോവുന്നു

പൂര്‍വ്വപദം ഒരു ചുട്ടെഴുത്തായാല്‍ അ, ആ എന്നിവയ്ക്കു ശേഷം ‘യ’ അല്ല, ‘വ’ ആണു്‌ വരുന്നതു്‌. ഉദാഹരണം: അ + അന്‍ = അവന്‍, ഇ + ഇടം = ഇവിടം.

ചുരുക്കിപ്പറഞ്ഞാല്‍, സംസ്കൃതത്തില്‍ ‘ഇ’ പോയി ‘യ’ വരാം, മലയാളത്തില്‍ ‘ഇ’ പോവാതെ ഇടയ്ക്കു ‘യ’ വരാം. പക്ഷേ, രണ്ടാമത്തെ ‘ഇ’ പോയി ‘ഏ’ ആകാന്‍ ഒരു വഴിയും കാണുന്നില്ല. അതിനാല്‍ പദ്ധത്യേതരം തെറ്റുതന്നെ.

  • Somehow that sounds better than the result of the സംസ്കൃത സന്ധി, viz. “പദ്ധതീതരം.”

That is a different thing. We tend to like what we hear normally, even if it is wrong. ‘യാദൃശ്ചികം’ തെറ്റു്‌, ‘യാദൃച്ഛികം’ ശരി. ‘ക്ഷണനം’ തെറ്റു്‌, ‘ക്ഷണം’ശരി (invitation എന്ന അര്‍ത്ഥത്തില്‍). ‘ഷഡ്‌പദം’ തെറ്റു്‌, ‘ഷട്‌പദം’ ശരി. ‘ശരബിന്ദുമണിദീപം’ തെറ്റു്‌, ‘ശരദിന്ദുമണിദീപം’ ശരി. ‘ഗണപതായൈ നമഃ’ തെറ്റു്‌, ‘ഗണപതയേ നമഃ’ ശരി. ‘ഗുരുവേ നമഃ’ തെറ്റു്‌ (സംസ്കൃതത്തില്‍), ‘ഗുരവേ നമഃ’ ശരി. ‘മനോസുഖം’ തെറ്റു്‌, ‘മനസ്സുഖം’ ശരി. ‘വ്യാവസായികം’ തെറ്റു്‌, ‘വൈയവസായികം’ ശരി. ‘സീതായണം’ തെറ്റു്‌, ‘സീതായനം’ ശരി. ‘ശരത്ചന്ദ്രന്‍’ തെറ്റു്‌ (ഇതു തെറ്റെന്നു പറഞ്ഞുകൂടാ. സന്ധി ചേര്‍ത്തിട്ടില്ല എന്നേ ഉള്ളൂ.), ‘ശരച്ചന്ദ്രന്‍’ ശരി. ഇങ്ങനെയൊക്കെയാണെങ്കിലും, ഇവയിലെ തെറ്റായ രൂപങ്ങളല്ലേ നമുക്കു കൂടുതല്‍ പരിചിതവും തന്‍മൂലം കേള്‍ക്കാന്‍ കൂടുതല്‍ സുഖകരവും? വിദ്യാഭ്യാസം കുറവുള്ളവര്‍ ഉപയോഗിക്കുന്ന ‘ബ്ലഡ്‌ പ്ലഷര്‍’, ‘എക്സിക്കൂട്ടി ആപ്പീസര്‍’ തുടങ്ങിയ വികലപ്രയോഗങ്ങള്‍ കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും നാം തിരുത്താറില്ലേ?

  • One more comment, regarding ഫിലിമോത്സവം. I would bet it came from Hindi (ഫില്‍മോത്സവ്‌). Now, I have no clue what sandhi rules are followed in Hindi, but somehow ഫില്‍മോത്സവ്‌ sounds OK to me.

ഹിന്ദിയിലും ഇതു ശരിയാണെന്നു തോന്നുന്നില്ല. സംസ്കൃതപദങ്ങളുടെ അവസാനത്തിലുള്ള ‘അ’കാരത്തെ കളയുന്നതാണു്‌ ഹിന്ദിയുടെ രീതി. (ഇതു തെറ്റല്ല. ഭാഷയുടെ രീതിയാണതു്‌.) ആ ഭാഷ ഒരു ഇംഗ്ലീഷ്‌ വാക്കിന്റെ അവസാനത്തില്‍ ഒരു ‘അ’കാരം ചേര്‍ക്കാന്‍ സാദ്ധ്യതയില്ല.

മറ്റു വാക്കുകളുടെ ചുവടുപിടിച്ചു്‌ വികലപ്രയോഗങ്ങള്‍ ചെയ്യുന്നതു്‌ ഉത്തരേന്ത്യയിലും കുറവല്ല. സത്യത്തെക്കാള്‍ പ്രാധാന്യം പണിയെടുപ്പിക്കലിലാണെന്നു ഉദ്ബോധിപ്പിച്ച അടിയന്തിരാവസ്ഥക്കാലത്തു്‌ (“കുറച്ചു സംസാരം, കൂടുതല്‍ അദ്ധ്വാനം” എന്ന മുദ്രാവാക്യം ഓര്‍ക്കുക.) “സത്യമേവ ജയതേ” എന്നതിനെ പരിഷ്കരിച്ചു്‌ “ശ്രമമേവ ജയതേ” എന്ന ഒരു മുദ്രാവാക്യം പ്രചരിപ്പിച്ചിരുന്നു. ഇതു്‌ ഒരു വികലപ്രയോഗമാണു്‌. സത്യം + ഏവ = സത്യമേവ തന്നെ. എന്നാല്‍ “ശ്രമം” എന്ന വാക്കു്‌ സംസ്കൃതത്തില്‍ ദ്വിതീയാവിഭക്തിയാണ്‌ – “ശ്രമത്തിനെ” എന്നര്‍ത്ഥം. “ശ്രമം” എന്നു മലയാളത്തില്‍ പറയുന്നതിനെ “ശ്രമഃ” എന്നാണു സംസ്കൃതത്തില്‍ പറയുക. ശ്രമഃ + ഏവ = ശ്രമ ഏവ എന്നേ സന്ധിയില്‍ വരൂ. അതിനാല്‍ “ശ്രമ ഏവ ജയതേ” എന്നു പറയണം. ഇതിനും കേള്‍ക്കാന്‍ ഭംഗി കുറവാണു്‌, അല്ലേ?

വ്യാകരണം (Grammar)

Comments (3)

Permalink

വികലസന്ധികള്‍ – 2

കഴിഞ്ഞ ചിന്ത തുടരുന്നു:

മലയാളരീതിയില്‍ പാര്‍വ്വതി + ഈശന്‍ = പാര്‍വ്വതിയീശന്‍ എന്നും ആവാം. എങ്കിലും അതു പാര്‍വ്വതേശന്‍ ആകാന്‍ തരമില്ല.

ഒരുപക്ഷേ, ആരെങ്കിലും പര്‍വ്വതേശന്‍ (പര്‍വ്വത + ഈശന്‍) എന്ന വാക്കു്‌ ഇംഗ്ലീഷ്‌ ലിപിയില്‍ parvatheshan എന്നോ മറ്റോ എഴുതിയപ്പോള്‍ അതിനെ പാര്‍വ്വതേശന്‍ എന്നു്‌ അറിയാതെ വായിച്ചുപോയതായിരിക്കാം. രണ്ടും ശിവന്‍ തന്നെയാണല്ലോ.

ആര്‍ക്കെങ്കിലും “രഘുപതി ശ്രീ രാമചന്ദ്ര…” എന്ന പാട്ടറിയുമോ? അതില്‍ “പാര്‍വ്വതേശാ” എന്നാണു്‌ സാധാരണ പാടുന്നതു്‌. അതേതായാലും തെറ്റാണു്‌. ശരിയായി “പര്‍വ്വതേശാ” എന്നാണോ അതോ “പാര്‍വ്വതീശാ” എന്നാണോ?

വ്യാകരണം (Grammar)

Comments (2)

Permalink

വികലസന്ധികള്‍

നമശ്ശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ…

എത്ര തവണ ചൂണ്ടിക്കാണിച്ചാലും, പല ആളുകളും “പാര്‍വ്വതേശ” എന്നേ പാടൂ! രാധികേശന്‍, മാനസേശന്‍, രമേശന്‍, ഉമേശന്‍ തുടങ്ങിയവയെപ്പോലെ. പക്ഷേ, വാക്കുകള്‍ കൂട്ടിയോജിപ്പിക്കുന്നതിനു്‌ (വ്യാകരണത്തില്‍ ഇതിനു സന്ധി എന്നു പറയുന്നു) എല്ലാ ഭാഷകളിലും പല നിയമങ്ങളും പാലിച്ചേ പറ്റൂ. ഇവിടെ

രാധികാ + ഈശന്‍ = രാധികേശന്‍
മാനസ + ഈശന്‍ = മാനസേശന്‍
രമാ + ഈശന്‍ = രമേശന്‍
ഉമാ + ഈശന്‍ = ഉമേശന്‍

എന്നിങ്ങനെയാണു്‌ സന്ധി ചെയ്യേണ്ടതു്‌.സംസ്കൃതത്തില്‍ അ+ഇ, അ+ഈ, ആ+ഇ, ആ+ഈ എന്നിവ ചേര്‍ന്നാല്‍ “ഏ” ആയിത്തീരുന്നതുകൊണ്ടാണു്‌ ([അചി ഏക പൂര്‍വപരയോഃ ആദേശഃ] ആദ്‌ഗുണഃ എന്നു പാണിനി.) ഇങ്ങനെ സംഭവിക്കുന്നതു്‌.

എങ്കിലും, പാര്‍വ്വതീ + ഈശന്‍ = പാര്‍വ്വതീശന്‍ എന്നേ ആകൂ. കാരണം ഇ+ഇ = ഈ എന്നേ സന്ധി ചെയ്യൂ. (അകഃ സവര്‍ണേ ദീര്‍ഘഃ എന്നു പാണിനി.)

ഇത്തരം തെറ്റുകള്‍ മറ്റു പലയിടത്തും കാണാം. സര്‍ക്കാര്‍ വിജ്ഞാപനങ്ങളിലും പത്രങ്ങളിലും ഇതു പോലെയുള്ള വികലപ്രയോഗങ്ങള്‍ സാധാരണയാണു്‌. ചില ഉദാഹരണങ്ങള്‍:

  1. പദ്ധതി + ഇതരം എന്നതു്‌ പദ്ധതീതരം എന്നേ സംസ്കൃതത്തില്‍ സന്ധിചെയ്യാവൂ. മലയാളരീതിയില്‍ വേണമെങ്കില്‍ പദ്ധതിയിതരം എന്നും ആവാം. (സന്ധാവചോര്‍ മദ്ധ്യേ യഃ എന്നു ലീലാതിലകം. വര്‍ജിപ്പൂ സ്വരസംയോഗം യ വ ചേര്‍ത്തു യഥാവലേ; പൂര്‍വ്വം താലവ്യമാണെങ്കില്‍ യകാരമതിലേയ്ക്കണം… എന്നു കേരളപാണിനീയം.) എങ്കിലും “പദ്ധതിയേതരം” എന്ന വാക്കു്‌ മലയാളത്തില്‍ എങ്ങെങ്ങനെയോ അടുത്ത കാലത്തു കടന്നുകൂടിയിട്ടുണ്ടു്‌. മതേതരം (മത + ഇതരം) തുടങ്ങിയവയെപ്പോലെ ഏതോ നിരക്ഷരകുക്ഷി ഉപയോഗിച്ചതാവാം.
  2. ഫിലിം + ഉത്സവം. ആദ്യത്തെ വാക്കിനെ ഇംഗ്ലീഷില്‍ നിന്നു കടമെടുത്ത മലയാളവാക്കായി പരിഗണിച്ചാല്‍ ഫിലിമുത്സവം എന്നേ പറയൂ. പക്ഷേ ഫിലിമോത്സവം എന്നാണു പത്രങ്ങളില്‍ കാണുക. ചിത്രോത്സവം (ചിത്ര + ഉത്സവം), താരോത്സവം (താര + ഉത്സവം) തുടങ്ങിയവയെപ്പോലെ.
  3. മനോരാജ്യം പോലെ മനോസാക്ഷി (മനഃസാക്ഷി എന്നോ മനസ്സാക്ഷി എന്നോ ശരിയായ രൂപം.), അഹോരാത്രം പോലെ അഹോവൃത്തി (അഹര്‍വൃത്തി എന്നു ശരിയായ രൂപം.), വ്യാവസായികം (വൈയവസായികം എന്നു ശരിയായ രൂപം.) തുടങ്ങിയവ പണ്ടുമുതലേ പ്രസിദ്ധമായ വികലസന്ധികളാണു്‌.

വ്യാകരണം (Grammar)

Comments (4)

Permalink

ഒരു ചോദ്യം

കുറേക്കാലം മുമ്പു്‌ എന്റെ ഒരു സുഹൃത്തു്‌ ഒരു ചോദ്യം ചോദിച്ചു:

“എല്ലാ അക്ഷരത്തിനും വള്ളിയുള്ള ഒരു മലയാളവാക്യം പറയാമോ? എത്രയും വലുതു പറയുന്നുവോ, അത്രയും നല്ലതു്‌”.

ഞാന്‍ ആലോചിച്ചിട്ടു്‌ ഇത്രയും കിട്ടി:

“മിനീ, നീ തീറ്റി തിന്നിട്ടിനി വിരി വിരിച്ചിവിടിരി”

എന്തായാലും, ഈ ഉത്തരം ചോദ്യകര്‍ത്താവിന്റെ “വീ. വീ. ഗിരി വീക്കിലി പിച്ചിക്കീറി”യെക്കാള്‍ മെച്ചമായിരുന്നു!

പിന്നീടു്‌ ഞങ്ങള്‍ പേരുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള വാക്യങ്ങള്‍ക്കു ശ്രമിച്ചു. (അല്ലെങ്കില്‍, ഇനിഷ്യലുകളും മറ്റും ചേര്‍ത്തു്‌ എത്ര നീളത്തില്‍ വേണമെങ്കിലും വാക്യമുണ്ടാക്കാം.) ഇതാണു്‌ എനിക്കുണ്ടാക്കാന്‍ പറ്റിയ ഏറ്റവും വലിയ വാക്യം:

“നീ തീറ്റി പിച്ചിക്കീറിത്തിന്നിട്ടിനി വിരി വിരിച്ചിവിടിടിച്ചിടിച്ചിട്ടിനി ബീഡി പിടി”

നിങ്ങള്‍ക്കോ?

പലവക (General)

Comments (8)

Permalink

പന്തളം കേരളവര്‍മ്മ പുരസ്കാരം സച്ചിദാനന്ദനു്‌!

ബലേ ഭേഷ്‌!

ഗദ്യമെഴുതേണ്ടിടത്തു പദ്യമെഴുതിയ (അതും സംസ്കൃതവൃത്തത്തിലുള്ള ശ്ലോകങ്ങള്‍) കവിയായിരുന്നു പന്തളം കേരളവര്‍മ്മ. ‘കവനകൌമുദി’യില്‍ പരസ്യങ്ങള്‍ വരെ ശ്ലോകത്തിലായിരുന്നു.

പദ്യമെഴുതേണ്ടിടത്തു ഗദ്യമെഴുതുന്ന കവിയാണു്‌ സച്ചിദാനന്ദന്‍. അതും തീരെ താളമോ ഏകതാനതയോ ഇല്ലാത്ത ഗദ്യം.

ഈ പുരസ്കാരം എന്തുകൊണ്ടും ഉചിതമായി എന്നേ പറയേണ്ടൂ.

പലവക (General)

Comments (2)

Permalink