ജിനേഷിനു് ആദരാഞ്ജലികൾ
ഇന്നു് നാം മലയാളഭാഷ കമ്പ്യൂട്ടറിൽ വായിക്കുവാനും എഴുതുവാനും ഉപയോഗിക്കുവാനും കാരണമായ, എന്നാൽ പൊതുവായ ഉന്നമനത്തിനല്ലാതെ സ്വന്തം പ്രശസ്തിക്കോ ലാഭത്തിനോ പ്രാധാന്യം കൊടുക്കാത്ത, ഒരു പിടി ആളുകൾ നമുക്കുണ്ടു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് പോലെയുള്ള ചില കൂട്ടായ്കമകളിലെ സംഘടിതപ്രവർത്തകർ മലയാളം കമ്പ്യൂട്ടിംഗിനു നൽകിയ സംഭാവനകൾ വിലമതിക്കാൻ പറ്റുന്നതിലും അപ്പുറത്തുള്ളതാണു്.
അങ്ങനെയുള്ള മഹാന്മാരിൽ ഒരാൾ – ജിനേഷ് – നമ്മളെ വിട്ടുപോയിരിക്കുന്നു. രക്ഷാമാർഗ്ഗങ്ങൾ ഇല്ലാത്ത ക്യാൻസർ.
ജിനേഷിനെപ്പറ്റി കേൾക്കാത്ത പലരും ജിൻസ്‌ബോണ്ടിനെ അറിയാമായിരിക്കും. മലയാളം കമ്പ്യൂട്ടിംഗുമായി എന്തെങ്കിലും ബന്ധമുള്ളവർക്കു സുപരിചിതമായ പേരു്.
ജിനേഷിനെ എനിക്കു നേരിട്ടു് പരിചയമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി അറിയുകയും അദ്ദേഹത്തിന്റെ പല ലേഖനങ്ങളും ഈമെയിലുകളും വായിക്കുകയും ചെയ്തിട്ടുണ്ടു്. അദ്ദേഹം എന്റെ ബ്ലോഗ് വായിക്കുകയും പലപ്പോഴും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ടു്. ഏറ്റവും അവസാനത്തേതു് ഞാൻ ആനന്ദ് – ടോപോളോവ് ലോകചെസ്സ് ചാമ്പ്യൻഷിപ്പിനെപ്പറ്റി എഴുതിയ പോസ്റ്റിലെ ഈ കമന്റ് ആണു്.
ജിനേഷിനെപ്പറ്റി ഹൃദയസ്പർശിയായ ഒരു കുറിപ്പു് മലയാൾ.അം-ൽ സെബിൻ എഴുതിയിരിക്കുന്നു – ജീവിക്കാനുള്ള കാരണങ്ങൾ.
സെബിൻ തന്നെ എഴുതിയ ബസ് പോസ്റ്റിൽ നിന്നു്:
ലളിത എന്ന ഇന്‍പുട്ട് മെഥേഡിന്റെ ഉപജ്ഞാതാവ്, 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടില്‍ എസ്എംസിയെ പ്രതിനിധീകരിച്ച അഞ്ചുവിദ്യാര്‍ത്ഥികളില്‍ ഒരാള്‍, ശില്‍പ്പ പ്രോജക്ടിലും pypdflibലും ഒട്ടേറെ കമ്മിറ്റുകള്‍, മലയാളം ഒസിആര്‍ വികസിപ്പിക്കാനുള്ള രണ്ടുവ്യത്യസ്ത പരിശ്രമങ്ങളില്‍ പങ്കാളി, ഗ്നൂ താളുകള്‍ മലയാളത്തിലാക്കുന്ന യജ്ഞത്തിന്റെ കാര്‍മികന്‍, ഭാഷാസാങ്കേതികവിദ്യയിലെ മാനകീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരപ്പോരാളി
ഇടയ്ക്കു് ക്യാന്‍സര്‍ ശരീരത്തില്‍നിന്നു പൂര്‍ണ്ണമായി മാറിയെന്നു പറഞ്ഞ ഘട്ടത്തില്‍ മാത്രമാണു് ജിനേഷ് സ്വസ്ഥജീവിതത്തിലേക്കുള്ള മടക്കം പ്രതീക്ഷിച്ചതു്. അപ്പോഴാകട്ടെ, ജീവിതാസക്തി അതിന്റെ എല്ലാത്തിളക്കത്തോടും വന്നുദിക്കുന്നതുകണ്ടു. രോഗമടങ്ങി പാലക്കാടു വീട്ടിലെത്തിയാലുടന്‍ കൂട്ടുകാരെക്കൂട്ടി ഒരു ഒത്തുകൂടല്‍ നടത്തുന്നതിനെക്കുറിച്ചുവരെ സെപ്തംബറില്‍ സംസാരിച്ചു.
ജിനേഷ് ചെയ്തതൊന്നും വെറുതെയാകില്ല, എന്നുറപ്പിക്കാന്‍ കഴിയുന്ന സുഹൃദ്‌വലയം സ്വയം ഇന്‍ട്രോവെര്‍ട്ട് എന്നുകുരുതുന്ന ഈ ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ഹാക്കര്‍ക്കു് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം അവര്‍ നേതൃത്വം നല്‍കിയ പ്രോജക്ടുകളെ വിജയത്തിലേക്കു നയിക്കുകയാണു്…
ജിനേഷ് തുടങ്ങിവച്ച പല സംരംഭങ്ങളും പൂർത്തിയാക്കാൻ നമുക്കു കഴിയും എന്നു പ്രത്യാശിക്കുന്നു. അതു തന്നെയാണു് അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും നല്ല സ്മാരകം.
മലയാളം കമ്പ്യൂട്ടിംഗ് മാത്രമല്ല, മറ്റു പല വിഷയങ്ങളിലും അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന്റെ വെബ് പേജിൽ തന്നെ വായിക്കാം.
ആദരാഞ്ജലികൾ!