ആനന്ദ് വീണ്ടും!

ചെസ്സ് (Chess)

Download PDF bookഅങ്ങനെ ഭാരതത്തിന്റെ വിശ്വനാഥൻ ആനന്ദ് വീണ്ടും തന്റെ അജയ്യത തെളിയിച്ചിരിക്കുന്നു. ബൾഗേറിയയുടെ വസേലിൻ ടോപാലോവുമായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിലെ അവസാനത്തെ കളിയിൽ ഉജ്വലമായ വിജയത്തോടെ ലോക ചെസ്സ് ചാമ്പ്യൻ‌ഷിപ്പ് കിരീടം ആനന്ദ് നിലനിർത്തി. വെൽ ഡൺ, ആനന്ദ്!

കഴിഞ്ഞ ലോകചെസ്സ് ചാമ്പ്യൻഷിപ്പ് (ആനന്ദ് – ക്രാം‌നിക്ക്) കഴിഞ്ഞപ്പോഴും ഞാൻ ഇതു പോലെ ഒരു പോസ്റ്റ് (വിമർശകരുടെ വായടപ്പിച്ച വിജയം) എഴുതിയിരുന്നു.

മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ രാജേഷ് കെ. പി., ആദിത്യൻ, ജോഷി തുടങ്ങിയ ചില സുഹൃത്തുക്കളോടൊപ്പം കളികൾ ഗൂഗിൾ ബസ്സിൽ വിശകലനം ചെയ്തിരുന്നു. അതിലൊന്നിന്റെ വിശദവിവരങ്ങൾ ആനന്ദിന്റെ മണ്ടത്തരം എന്ന പോസ്റ്റിൽ എഴുതി. ആനന്ദിനെപ്പോലുള്ള കളിക്കാരുടെ കളികളെ മനസ്സിലാക്കാനും വിമർശിക്കാനും ആനന്ദിനെക്കാൾ വളരെ മോശം കളിക്കാരനായ എനിക്കു് അവകാശമില്ല എന്നു് തറവാടി എന്ന ബ്ലോഗർ അഭിപ്രായപ്പെട്ടു. (തറവാടിയുടെ അഭിപ്രായം ശരിയാണെങ്കിൽ ഈ മത്സരത്തെ ആനന്ദൊഴികെ ആർക്കും വിശകലനം ചെയ്യാൻ പറ്റില്ല. ആനന്ദിനെക്കാൾ മോശമാണല്ലോ എല്ലാവരും!) തർക്കിച്ചു തർക്കിച്ചു് അദ്ദേഹം അവസാനം ആനന്ദിനെപ്പോലെയുള്ള കളിക്കാർ എതിരാളിയുടെ തന്ത്രങ്ങളെപ്പറ്റി കൂടുതൽ അറിയാൻ മനഃപൂർ‌വ്വം മോശം നീക്കങ്ങൾ നടത്തും എന്നും മറ്റുമുള്ള മഹാവിജ്ഞാനങ്ങൾ പകർന്നുതരികയുണ്ടായി. കൂട്ടത്തിൽ “വിമര്‍ശനങ്ങളേയും വിലയിരുത്തലുകളേയും സ്വീകരിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം വിമര്‍ശിച്ച ആളുടെ യോഗ്യതയാണ്.” എന്ന ഒരു സനാതനതത്ത്വം അദ്ദേഹം തെങ്ങുകയറ്റക്കാരൻ കുഞ്ഞന്റെ ഉപമയോടു കൂടി മൊഴിയുകയുമുണ്ടായി.

പത്തിരുപത്തഞ്ചു കൊല്ലം മുമ്പു് ആനന്ദ് കോഴിക്കോട്ടു കളിച്ച ഒരു ടൂർണമെന്റിൽ ഞാനും കളിച്ചിട്ടുണ്ടു്. ആനന്ദിന്റെ കളികളെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചിട്ടുമുണ്ടു്. ആനന്ദ് മാത്രമല്ല, പല മികച്ച കളിക്കാരുടെയും കളികളെപ്പറ്റി സംസാരിക്കുകയും അവർക്കു പറ്റിയ പിഴകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ടു്. അവർക്കൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തറവാടിക്കു് എന്തുകൊണ്ടു തോന്നുന്നു എന്നു മനസ്സിലാകുന്നില്ല.

ചെസ്സിൽ കലയുടെ അംശമില്ലെന്നു തറവാടി പറയുന്നതിനോടും യോജിപ്പില്ല. അല്പമൊക്കെ ചെസ്സ് കളിക്കുകയും ചെസ്സ് പുസ്തകങ്ങൾ വായിക്കുകയും ചെയ്തവർ എന്നോടു യോജിക്കും എന്നാണു് എന്റെ വിശ്വാസം.

തന്റെ മകളുടെ ചെസ്സ് കോച്ചാണു താൻ എന്നു തറവാടി ഒരിക്കൽ എഴുതിയിരുന്നതിനാൽ ചെസ്സ് പുസ്തകങ്ങൾ കുറേ വായിക്കുകയും അതിനെപ്പറ്റി കുറേ വിവരം ഉണ്ടായിരിക്കുകയും ചെയ്ത ആളാണെന്നാണു കരുതിയതു കൊണ്ടാണു് അത്രയും മറുപടി എഴുതാൻ മിനക്കെട്ടതു്.

തറവാടി എന്തു പറഞ്ഞാലും, ഞാൻ ആ മത്സരത്തെപ്പറ്റി ഒരു പുസ്തകം എഴുതി – അതിലെ 12 കളികളെയും എന്നെക്കൊണ്ടു കഴിയുന്ന വിധത്തിൽ വിശകലനം ചെയ്തുകൊണ്ടു്. പി. ഡി. എഫ്. രൂപത്തിലുള്ള ആ പുസ്തകം മുകളിൽ വലത്തുവശത്തുള്ള ഐക്കണിൽ ക്ലിക്കു ചെയ്തു ഡൗൺ‌ലോഡ് ചെയ്യാൻ സാധിക്കും.


മത്സരത്തിന്റെ ഫലം ഒറ്റ നോട്ടത്തിൽ ഇവിടെ:

 
1
2
3
4
5
6
7
8
9
10
11
12
 
ആനന്ദ്
0
1
½
1
½
½
½
0
½
½
½
1
ടോപാലോവ്
1
0
½
0
½
½
½
1
½
½
½
0

കളിക്കു മുമ്പും ആനന്ദിനു ബുദ്ധിമുട്ടുകൾ പലതും ഉണ്ടായിരുന്നു. മത്സരത്തിന്റെ പകുതി ഇന്ത്യയിൽ വെച്ചു നടത്താൻ ആനന്ദ് ശ്രമിച്ചില്ല എന്നു പറഞ്ഞു് ടോപാലോവ് ബഹളം വെച്ചിരുന്നു. ആനന്ദിന്റെ മുൻ എതിരാളി ആയിരുന്ന കാസ്പറോവിന്റെയും (കാസ്പറോവ് പണ്ടു് പ്രൊഫഷണൽ ചെസ്സ് അസ്സോസിയേഷൻ തുടങ്ങിയപ്പോൾ അതിൽ കൂട്ടുകൂടാഞ്ഞതിനു് ആനന്ദിനെ ചീത്ത വിളിച്ചിട്ടുണ്ടു്) ടോപാലോവിന്റെ എതിരാളി ആയിരുന്ന ക്രാംനിക്കിന്റെയും (ക്രാംനിക്ക്-ടോപാലോവ് മത്സരത്തിൽ കക്കൂസിൽ ഒളിപ്പിച്ചു വെച്ച കമ്പ്യൂട്ടർ ഉപയോഗിച്ചാണു ക്രാംനിക്ക് ജയിക്കുന്നതെന്നു് ആരോപണം ഉന്നയിച്ചു് ക്രാംനിക്കിനെക്കൊണ്ടു പൊതുകക്കൂസ് ഉപയോഗിപ്പിക്കുകയും ദുരാരോപണത്തിന്റെ പേരിൽ അസ്സോസ്സിയേഷന്റെ ശിക്ഷ വാങ്ങുകയും ചെയ്ത ആളാണു ടോപാലോവ്.) സഹായം സ്വീകരിച്ചതിനും ടോപാലോവിന്റെ കയ്യിൽ നിന്നും ആനന്ദ് “നാണമില്ലാത്തവൻ” എന്ന വിളി കേട്ടിരുന്നു. മത്സരത്തിനു് ബൾഗേറിയയിലെ സോഫിയയിലേയ്ക്കു പോയപ്പോൾ ഐസ്‌ലാൻഡിലെ അഗ്നിപർ‌വ്വതം മൂലം ജെർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ കുടുങ്ങിപ്പോയ ആനന്ദ് പിന്നെ റോഡുമാർഗ്ഗം രണ്ടു ദിവസം യാത്ര ചെയ്താണു് കളിസ്ഥലത്തെത്തിയതു്. (കളി മൂന്നു ദിവസം നീട്ടിവെയ്ക്കണം എന്നു് ആനന്ദ് അപേക്ഷിച്ചെങ്കിലും ഒരു ദിവസമേ നീട്ടിവെച്ചുള്ളൂ.)

ഈ മത്സരത്തിലെ എല്ലാ കളികളും താഴെച്ചേർക്കുന്നു. കളികളെപ്പറ്റി ചെറിയ വിശദീകരണമേ ഇവിടെ കൊടുക്കുന്നുള്ളൂ. വിശദമായ വിശകലനത്തിനു് പുസ്തകം നോക്കുക.

  1. ആദ്യത്തെ കളിയിൽ ആനന്ദിനെ ഞെട്ടിച്ചു കൊണ്ടു് ടോപാലോവ് മുന്നിൽ

    വർഷങ്ങളായി കളിച്ചു പരിചയമുള്ള ഗ്ര്വൻഫെൽഡ് ഡിഫൻസ് (Grünfeld Defence) ആണു് ആദ്യത്തെ കളിയിൽ ആനന്ദ് തിരഞ്ഞെടുത്തതു്. പക്ഷേ, ടോപാലോവിന്റെ ഓപ്പനിംഗ് തയ്യാറെടുപ്പിൽ ആനന്ദ് വീണു പോയി. ശരിക്കു പ്രതിരോധിക്കാഞ്ഞ ആനന്ദിന്റെ ഇരുപത്തിമൂന്നാം നീക്കത്തിലെ പിഴവു മുതലെടുത്തു് ഒരു കുതിരയെ ബലികഴിച്ചുകൊണ്ടു് ടോപാലോവ് അഴിച്ചു വിട്ട ആക്രമണത്തെ പ്രതിരോധിക്കാൻ ആനന്ദിനു കഴിഞ്ഞില്ല. മുപ്പതാം നീക്കത്തിൽ ആനന്ദ് തോൽ‌വി സമ്മതിച്ചു.

    മത്സരത്തിൽ ടോപാലോവ് മുന്നിട്ടു നിൽക്കുന്നു 1-0.

  2. ആനന്ദ് തിരിച്ചടിക്കുന്നു

    ഒന്നാം കളിയിലെ പരാജയത്തിൽ നിന്നു് ആനന്ദിന്റെ ഉജ്വലമായ തിരിച്ചുവരവു്. ടോപാളോവിന്റെ ക്വീൻസ് ഗാംബിറ്റ് ഡിക്ലൈൻഡ് പ്രതിരോധത്തെ (Queen Gambit declined) കറ്റാലൻ സിസ്റ്റം (Catalan system) ഉപയോഗിച്ചാണു് ആനന്ദ് നേരിട്ടതു്. 15, 16 നീക്കങ്ങളിൽ നിരാലംബരായ ഇരട്ടക്കാലാളുകളെ സ്വീകരിച്ചു മന്ത്രിമാരെ പരസ്പരം വെട്ടിക്കളഞ്ഞ ആനന്ദ് വളരെ സാഹസികമായാണു കളിച്ചതു്. ടോപാലോവിന്റെ ഇരുപത്തഞ്ചാം നീക്കത്തിലെ പിഴവു മുതലാക്കിയ ആനന്ദിനു് ഇരുപത്തൊമ്പതാം നീക്കമെത്തിയപ്പോഴേക്കും വ്യക്തമായ മുൻ‌തൂക്കം കിട്ടിയിരുന്നു. പതുക്കെപ്പതുക്കെ നില മെച്ചപ്പെടുത്തിയ ആനന്ദ് മുപ്പത്തഞ്ചാം നീക്കത്തോടെ ഒരു കാലാളിനെ മന്ത്രിയാക്കാനുള്ള ശ്രമത്തിൽ ടോപോലോവിന്റെ തേരിനെ നേടാനുള്ള സാദ്ധ്യത കൈവരിച്ചു. നാല്പത്തിമൂന്നാം നീക്കത്തിൽ ടോപാലോവ് തോൽ‌വി സമ്മതിച്ചു.

    ഇരുവരും ഒരു പോയിന്റ് വീതം നേടി മത്സരം സമനിലയിൽ.

  3. ആനന്ദിനു്‌ അല്പം വിഷമിച്ചു്‌ ഒരു സമനില

    കറുത്ത കരുക്കൾ കൊണ്ടു കളിച്ച ആനന്ദിന്റെ നില ഒരല്പം പരുങ്ങലിലായിരുന്നു. ഒന്നാം കളിയിൽ തന്നെ തോല്പിച്ച ഗ്ര്വെൻഫെൽഡ് പ്രതിരോധം ഉപേക്ഷിച്ചു് സ്ലാവ് പ്രതിരോധം (Slav defence) ആണു് ആനന്ദ് ഇത്തവണ ഉപയോഗിച്ചതു്. h7-ൽ കുടുങ്ങിപ്പോയ വെളുത്ത കളത്തിലൂടെ നീങ്ങുന്ന ആനയെ കളിയിലേയ്ക്കു കൊണ്ടുവരാൻ ആനന്ദ് അല്പം പണിപ്പെട്ടു. അതു സാധിച്ചതിനു ശേഷം കളി സമനിലയിലേയ്ക്കു നീങ്ങുകയായിരുന്നു. അവസാനം അവിരാമമായ ചെക്കു മൂലം കളി സമനിലയിലായി.

    ഇരുവരും ഒന്നര പോയിന്റ് വീതം നേടി മത്സരം സമനിലയിൽ.

  4. ആനന്ദിനു തകർപ്പൻ ജയം

    രണ്ടാം കളിയിൽ ഉപയോഗിച്ച കറ്റാലൻ ഓപ്പണിംഗ് തന്നെ ഉപയോഗിച്ചെങ്കിലും, പത്താം നീക്കം ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ രീതിയിൽ കളിച്ച ആനന്ദ് താമസിയാതെ തരക്കേടില്ലാത്ത ഒരു നില കൈവരിച്ചു. 20, 21 നീക്കങ്ങളിൽ ടോപാലോവ് വരുത്തിയ പിഴവുകളെ മുതലെടുത്തുകൊണ്ടു്‌ രാജപക്ഷത്തു ശക്തമായ ആക്രമണം അഴിച്ചു വിട്ട ആനന്ദ് ഇരുപത്തിമൂന്നാം നീക്കത്തിൽ ഒരു കുതിരയെ ബലി കഴിച്ചു കൊണ്ടു്‌ കറുത്ത രാജാവിന്റെ പ്രതിരോധം തകർത്തു. രക്ഷപ്പെടാൻ അതിനു മുമ്പു്‌ ടോപാലോവിനു വഴിയുണ്ടായിരുന്നെങ്കിലും അശ്വമേധത്തിനു(!) ശേഷം അദ്ദേഹത്തിനു നിൽക്കക്കള്ളിയില്ലാതായി. വളരെ കൃത്യതയോടെ നടത്തിയ ആക്രമണം ആനന്ദിനെ വിജയത്തിലെത്തിച്ചു.

    ആനന്ദ് മുന്നിൽ: 2½ – 1½

  5. സമാധാനത്തിലേയ്ക്കു്‌

    ക്വീൻസ് ഗാംബിറ്റിലെ സ്ലാവ് വേരിയേഷനിൽ രണ്ടു പേരും സൂക്ഷിച്ചു കളിച്ച കളി. അധികം സാഹസങ്ങളൊന്നുമില്ലാതെ അവസാനം ഒരേ നില തന്നെ മൂന്നു തവണ സംഭവിച്ചു്‌ സമനിലയായി.

    ആനന്ദ് മുന്നിൽ: 3 – 2.

  6. വീണ്ടും സമാധാനം

    വീണ്ടും ഒരു കറ്റാലൻ. ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഒരാൾ അടുപ്പിച്ചു 13 തവണ കുതിരയെ നീക്കിയ കളി. ആനന്ദ് ആണു്‌ ഇതു ചെയ്തതു്‌. അത്രയും പണിഞ്ഞതു കൊണ്ടു്‌ കാര്യമായ ഗുണമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, ടോപാലോവിനു്‌ അല്പം ഗുണം കിട്ടുകയും ചെയ്തു. നാല്പത്തിരണ്ടു നീക്കം കഴിഞ്ഞപ്പോൾ ടോപോലോവിനു മുൻ‍തൂക്കം തോന്നിച്ചെങ്കിലും, ആനന്ദിന്റെ കൃത്യമായ പ്രതിരോധം കളിയെ സമനിലയിലെത്തിച്ചു.

    മത്സരം പകുതി വഴി എത്തിയപ്പോൾ ആനന്ദ് മുന്നിൽ: 3½ – 2½

  7. പൊരിഞ്ഞ യുദ്ധം, അവസാനം സമനില

    ആനന്ദിന്റെ കറ്റാലനെ ഇത്തവണ ടോപാലോവ് കറുത്ത കളത്തിലെ ആന കൊണ്ടു ചെക്കു കൊടുത്തു് ബോഗോ-ഇൻഡ്യൻ (Bogo-Indian) രീതിയിലാണു് നേരിട്ടതു്. രണ്ടുപേരും ജയിക്കാനായി കിണഞ്ഞു പരിശ്രമിച്ചു്‌ അവസാനം കളി സമനിലയിലെത്തി. ഒരു കരുവിനെ ബലികഴിച്ചുകൊണ്ടു്‌ ടോപോലോവ് നടത്തിയ ആക്രമണം ആനന്ദിന്റെ തക്ക സമയത്തുള്ള പ്രതിരോധം കൊണ്ടു്‌ എങ്ങുമെത്താതെ പോയി. കൂടുതലായി കയ്യിലുള്ള കരുവിനെ ഉപയോഗിച്ചു ജയിക്കാനുള്ള ആനന്ദിന്റെ ശ്രമം ടോപാലോവിന്റെ വളരെ മുന്നിട്ടു കയറിയ കാലാൾ തടഞ്ഞു. അവസാനം മൂന്നു തവണ ഒരേ നില ആവർത്തിച്ചു്‌ കളി സമനിലയിലെത്തി.

    ആനന്ദ് മുന്നിൽ: 4 – 3.

  8. ആനന്ദിനു ഭീമാബദ്ധം: സമനിലയാകേണ്ട കളി ടോപാലോവിനു്‌. മത്സരം വീണ്ടും സമനിലയിൽ.

    സ്ലാവ് ഡിഫൻസിൽ ഒരു കളി കൂടി. ആനന്ദിന്റെ ഇരുപത്തിരണ്ടാം നീക്കത്തിലെ പിഴവു മുതലാക്കിയ ടോപാലോവിനു്‌ കളിയിൽ നല്ല മുൻ‍തൂക്കമുണ്ടായിരുന്നു. അദ്ദേഹം ഒരു കാലാളിനെ കൂടുതൽ നേടുകയും ചെയ്തു. എങ്കിലും വിഭിന്നകളങ്ങളിലൂടെ സഞ്ചരിക്കുന്ന ആനകൾ ഉൾപ്പെടുന്ന അന്ത്യഘട്ടമായതുകൊണ്ടു്‌ (Opposite color bishop ending) സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലായിരുന്നു. സമയസമ്മർദ്ദത്തിൽ അൻപത്തിനാലാം നീക്കത്തിൽ നടത്തിയ അബദ്ധം ആനന്ദിനെ തോൽവിയിലെത്തിച്ചു. ഈ കളിയെപ്പറ്റി അല്പം കൂടി വിശദമായി ഞാൻ ആനന്ദിന്റെ മണ്ടത്തരം എന്ന പോസ്റ്റിൽ എഴുതിയിട്ടുണ്ടു്‌.

    ഇപ്പോൾ രണ്ടു പേർക്കും 4 പോയിന്റ് വീതം കിട്ടി മത്സരം സമനിലയിൽ നിൽക്കുന്നു.

  9. ആനന്ദ് പല തവണ ജയം കൈവിട്ടു കളയുന്നു. മത്സരം സമനിലയിൽത്തന്നെ

    കറ്റാലനു പകരം ആനന്ദ് 3. Nc3 ആണു് ഇത്തവണ കളിച്ചതു്. ടോപാലോവ് നിംസോ-ഇൻഡ്യൻ പ്രതിരോധം സ്വീകരിച്ചു. രണ്ടു തേരുകൾക്കു വേണ്ടി മന്ത്രിയെ കൊടുത്തു്‌ ശക്തമായി കളിച്ച ആനന്ദിനു്‌ 38 നീക്കങ്ങൾ കഴിഞ്ഞപ്പോൾ വ്യക്തമായ മുൻ‍തൂക്കമുണ്ടായിരുന്നെങ്കിലും, തുടരെത്തുടരെയുള്ള പല പാകപ്പിഴകൾ കൊണ്ടു്‌ പല തവണ ജയം നഷ്ടമായി. അവസാനം ജയിക്കാൻ തക്കവണ്ണമുള്ള ഒരു അന്ത്യഘട്ടം എത്തിയപ്പോൾ ടോപോലോവിനു അവിരാമമായ ചെക്കു കൊടുക്കാൻ പറ്റി. കളി സമനിലയിൽ.
         

    രണ്ടു പേർക്കും നാലരപ്പോയിന്റോടെ മത്സരം സമനിലയിൽ.

  10. ആനന്ദിനു പണിപ്പെട്ടു്‌ ഒരു സമനില

    ഒന്നാം കളിയിൽ തോൽ‌വി നൽകിയ ഗ്ര്വെൻഫെൽഡ് ഡിഫൻസ് ആനന്ദ് വീണ്ടും ഈ കളിയിൽ ഉപയോഗിച്ചു. വെളുത്ത കരുക്കൾ കൊണ്ടു കളിച്ച ടോപോലോവിനു വളരെ നല്ല നില കിട്ടിയതായിരുന്നുവെങ്കിലും, ആനന്ദ് അതിനെ ഒരു സമനിലയാക്കിയെടുത്തു.

    രണ്ടു പേർക്കും അഞ്ചു പോയിന്റോടെ മത്സരം സമനിലയിൽ.

  11. കിണഞ്ഞു ശ്രമിച്ചിട്ടും ജയിക്കാൻ പറ്റാതെ ആനന്ദ്

    ഈ മത്സരത്തിൽ ആനന്ദിനു് വെളുത്ത കരുക്കളുള്ള അവസാനത്തെ കളി. ഇതു വരെ കളിച്ച 1. d4 വിട്ടു് 1. c4 കളിച്ച ആനന്ദിനെതിരേ ഇംഗ്ലീഷ് ഓപ്പനിംഗിലെ റിവേഴ്സ്ഡ് സിസിലിയൻ രീതി അവലംബിച്ച ടോപാലോവിനു് കളി തുല്യനിലയിൽ നിർത്താൻ സാധിച്ചു. ആനന്ദ് പല സാഹസങ്ങളും നോക്കിയെങ്കിലും അല്പം പോലും മുൻ‌തൂക്കം കിട്ടാൻ സാധിച്ചില്ല. കളി 65 നീക്കത്തിൽ സമനിലയിൽ.

    ടൈബ്രേക്കർ കളിക്കാതെ ആനന്ദ് കിരീടം നിലനിർത്തും എന്ന മോഹം മിക്കവാറും എല്ലാവർക്കും നഷ്ടപ്പെട്ടു. അവസാനത്തെ കളിയിൽ കറുത്ത കരുക്കൾ കൊണ്ടു ജയിച്ചാലേ ആനന്ദിനു് ഇനി അതു സാധിക്കൂ. 11 കളി കഴിഞ്ഞപ്പോൾ ഇരുവർക്കും അഞ്ചര പോയിന്റോടെ മത്സരം സമനിലയിൽ.

  12. മഹത്തായ തിരിച്ചുവരവു്. ആനന്ദ് തന്നെ ചാമ്പ്യൻ!

    അവസാനത്തെയും നിർണ്ണായകവുമായ കളിയിൽ കറുത്ത കരുക്കൾ ഉപയോഗിച്ചു ജയിച്ച ആനന്ദ് 12 കളികളിൽ ആറര പോയിന്റ് നേടി ലോകചാമ്പ്യനായി. ഈ മത്സരത്തിലെ ഏറ്റവും കിടിലൻ കളി. വളരെ പഴക്കമുള്ളതും, FIDE തുടങ്ങിയതു മുതൽക്കുള്ള ഒരു ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിലും ഇതു വരെ കളിച്ചിട്ടില്ലാത്തതുമായ ക്വീൻസ് ഗാംബിറ്റ് ലാസ്കർ വേരിയേഷൻ ആണു് ആനന്ദ് ഉപയോഗിച്ചതു്. 31, 32 നീക്കങ്ങളിലാണു് ടോപാലോവിനു പിഴവു സംഭവിച്ചതു്.

    അങ്ങനെ ആനന്ദ് വീണ്ടും ലോകചാമ്പ്യൻ. സാധാരണ ചെസ്സിൽ മാത്രമല്ല, ഓരോ കളിക്കാരനും അര മണിക്കൂർ മാത്രം സമയം കൊടുക്കുന്ന ദ്രുത-ചെസ്സിലും (Rapid chess), ഓരോ കളിക്കാരനും അഞ്ചു മിനിറ്റു മാത്രം സമയം കൊടുക്കുന്ന മിന്നൽ ചെസ്സിലും (lighting chess), കണ്ണുകെട്ടി കളിക്കുന്ന ചെസ്സിലും (blindfold chess) ലോകത്തെ മികച്ച കളിക്കാരിൽ ഒരാളാണു് ആനന്ദ്. ചെസ്സുകളിയുടെ പ്രാഗ്‌രൂപമായ ചതുരംഗം കണ്ടുപിടിച്ച ഭാരതത്തിനു് അഭിമാനിക്കാൻ ഇന്നുള്ള ഏറ്റവും വലിയ വ്യക്തി.

    ആനന്ദിനു് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ!


    ഈ പുസ്തകം തയ്യാറാക്കാൻ പലരും എന്നെ സഹായിച്ചിട്ടുണ്ടു്. ഏഴെട്ടു പേർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു് റിവ്യൂ ചെയ്തു. ആദിത്യനെയാണു കൂട്ടത്തിൽ എടുത്തു പറയേണ്ടതു്. ഗൂഗിൾ ബസ്സിൽ ഒരു വിഷയം തുടങ്ങി ഇതിനു പ്രേരകമായ രാജേഷ് കെ. പി. യെയും നന്ദിയോടെ സ്മരിക്കുന്നു.

    പലർ ചേർന്നു നടത്തിയ ഈ സം‌രം‌ഭത്തിലെ ഹിഡൻ അജൻ‌ഡകൾ കണ്ടുപിടിക്കാൻ നിലാവത്തും അല്ലാതെയും അലയുന്ന എല്ലാ കോഴികളിൽ നിന്നും സീലു വെച്ച ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു. വിക്കിപീഡിയയിൽ നോക്കിയപ്പോൾ ടൊപാലോവിന്റെ നാടായ ബൾഗേറിയ ഒരു കമ്യൂണിസ്റ്റ് രാജ്യമായിരുന്നെന്നും 1989-ൽ കമ്യൂണിസത്തിൽ നിന്നു മുക്തി നേടി ജനാധിപത്യരാഷ്ട്രമായെന്നും കാണുന്നു. അതു കൊണ്ടാണു് ഞാൻ ടൊപാലോവ് തോറ്റ മത്സരത്തെ ഇത്ര വലുതായി കാണിക്കുന്നതു് എന്ന ഒരു ലൈനിൽ ഒരു പിടി പിടിച്ചു നോക്കാം, എന്താ?