വിദ്യാര്‍ത്ഥിലക്ഷണം

സുഭാഷിതം

ഉത്തമവിദ്യാര്‍ത്ഥിയുടെ ലക്ഷണം പണ്ടൊരു സംസ്കൃതകവി പറഞ്ഞതു്.


കാകദൃഷ്ടിര്‍, ബകധ്യാനം,
ശ്വാനനിദ്രാ തഥൈവ ച
അല്പാഹാരം, ജീര്‍ണ്ണവസ്ത്രം
ഏതദ് വിദ്യാര്‍ത്ഥിലക്ഷണം

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട ലക്ഷണങ്ങളാണു പറയുന്നതു്:

 • കാകദൃഷ്ടി : കാക്കയുടെ കണ്ണു്. ആകാശത്തുകൂടി പറക്കുമ്പോഴും താഴെയുള്ള ചെറിയ വസ്തുക്കള്‍ പോലും കണ്ടുപിടിക്കുന്ന കണ്ണു്. വിദ്യാര്‍ത്ഥിക്കു് ഈ സൂക്ഷ്മദൃഷ്ടി ഉണ്ടായിരിക്കണം.
 • ബകധ്യാനം: കൊക്കിന്റെ ധ്യാനം. മീന്‍ പിടിക്കാന്‍ നില്‍ക്കുന്ന കൊക്കിനെ കണ്ടിട്ടില്ലേ? അനങ്ങാതെ നില്‍ക്കും. എവിടെയെങ്കിലും ഒരു മീന്‍ അനങ്ങിയാല്‍… ഒറ്റക്കൊത്തു്. ഒരിക്കലും പിഴയ്ക്കാത്ത കൊത്തു്. പഠനത്തില്‍ വിദ്യാര്‍ത്ഥിക്കും ഈ ഏകാഗ്രത വേണം.
 • ശ്വാനനിദ്ര: പട്ടിയുടെ ഉറക്കം. ഒരു ചെറിയ ശബ്ദം കേട്ടാലും ഉണരുന്ന പട്ടി. വിദ്യാര്‍ത്ഥി പോത്തുപോലെ കിടന്നുറങ്ങരുതു് എന്നര്‍ത്ഥം.
 • അല്പാഹാരം: പാതി വയറേ വിദ്യാര്‍ത്ഥി കഴിക്കാവൂ. നിറഞ്ഞ വയറില്‍ പഠിക്കാനാവില്ല.
 • ജീര്‍ണ്ണവസ്ത്രം: ആഡംബരവസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥിക്കു പാടില്ല. താന്‍ തന്നെ നനച്ചു വൃത്തിയാക്കിയ, പഴയ വസ്ത്രം ധരിക്കണം.

ഈ നിര്‍വ്വചനം ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കു ശരിയാവും എന്നു തോന്നുന്നു:

 • കാകദൃഷ്ടി: ക്ലാസ്സില്‍ കേട്ടെഴുത്തു്, കണക്കു ചെയ്യല്‍ തുടങ്ങിയവ നടക്കുമ്പോഴും, പരീക്ഷാസമയത്തുമാണു് ഈ സ്വഭാവം വെളിവാകുക. ഒരേ സമയത്തു രണ്ടു വശത്തും നോക്കി കോപ്പിയടിക്കുന്ന കാകദൃഷ്ടി.
 • ബകധ്യാനം: ഇതു ക്ലാസ്സില്‍ എപ്പോഴുമുണ്ടു്. മുഖത്തേക്കൊന്നു നോക്കുക. കൊക്കു വയലില്‍ ഇരിക്കുന്നതുപോലെയല്ലേ ക്ലാസ്സിലെ ഇരിപ്പു്?
 • ശ്വാനനിദ്ര: പിന്‍‌ബെഞ്ചിലാണു് ഇതു സാധാരണയായി കാണുന്നതു്. ചിലര്‍ ഇരുന്ന ഇരുപ്പില്‍ കണ്ണു തുറന്നു് ഉറങ്ങും. ചിലര്‍ ഡെസ്കില്‍ തല ചായ്ച്ചുവെച്ചു് പട്ടി ഉറങ്ങുന്നതുപോലെ ഉറങ്ങും.
 • അല്പാഹാരം: ക്ലാസ്സില്‍ ഇതുമുണ്ടു്. മിഠായി, കടലയ്ക്ക തുടങ്ങി മുറുക്കാനും കഞ്ചാവും വരെ.
 • ജീര്‍ണ്ണവസ്ത്രം: ഇതു ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണു കൂടുതല്‍ കാണുക. ജീര്‍ണ്ണവസ്ത്രം തന്നെ. മൂക്കു പൊത്താതെ പലപ്പോഴും ഇവര്‍ക്കടുത്തു നില്‍ക്കാനാവില്ല


  ചെറുപ്പകാലത്തിലുടുത്ത കോണോം
  നനയ്ക്കുമോ മാനുഷനുള്ള കാലം

  എന്നാണല്ലോ അവരുടെ മുദ്രാവാക്യം തന്നെ..

പഴയ സംസ്കൃതകവിയുടെ ആത്മാവു് ഇവരെക്കണ്ടു് അഭിമാനപുളകിതമാകുന്നുണ്ടാവും.