മാതൃപഞ്ചകം

ശങ്കരാചാര്യരുടെ വിഖ്യാതമായ മാതൃപഞ്ചകം എന്ന കൃതിയുടെ വൃത്താനുവൃത്തപരിഭാഷ. 2021 മെയ് 12-ന് ഇത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു.

മൂലം പരിഭാഷ

മുക്താമണിസ്ത്വം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാതഃ
ദദാമ്യഹം തണ്ഡുലമേവ ശുഷ്കം

“നീ മുത്തെനിക്കെന്നുടെ കണ്ണു നീ താൻ
രാജാവു നീ, യെന്നുമിരിയ്ക്ക പുത്ര!”
ഈ വണ്ണമോതീടിന നിന്റെ വാക്കിൽ
നൽകീടുവാൻ വായ്ക്കരി മാത്രമാം മേ.

അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേ-
ത്യഹോ ജനന്യൈ രചിതോഽയമഞ്ജലിഃ

“അമ്മേ, പിതാവേ, ശിവനേ” – യിതൊക്കെ-
ച്ചൊന്നേ കരഞ്ഞൂ പ്രസവത്തിനന്നാൾ;
“ഹേ കൃഷ്ണ, ഗോവിന്ദ, ഹരേ” ജപിച്ചു
ഞാനിന്നു കൂപ്പുന്നിതു നിന്നെയമ്മേ!

ആസ്താം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാ ക്ഷമോ-
ദാതും നിഷ്കൃതിമുന്നതോഽപി തനയസ്തസ്യൈ ജനന്യൈ നമഃ

പാരം ഭീകരപേറ്റുനോവു, രുചി പോം കാലം, ചടയ്ക്കുന്ന മെ,-
യ്യോരാണ്ടിൻ മലശയ്യയെന്നിവ ഗണിച്ചീടാതിരുന്നീടിലും,
ഭാരം താങ്ങിന ഗർഭകാലരുജയോർത്തീടിൽ തിരിച്ചേകിടാൻ
ആരാവട്ടെ, മകന്നസാദ്ധ്യ, മതുപോലുള്ളോരു തായേ, തൊഴാം!

ഗുരുകുലമുപസൃത്യ സ്വപ്നകാലേതു ദൃഷ്ട്വാ
യതിസമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവ്വം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ മാതുരസ്തു പ്രണാമഃ

കനവതിൽ മുനിയായിക്കണ്ടു നീയെന്നെ, ദുഃഖം
പെരുകി ഗുരുകുലത്തിൽ ചെന്നുറക്കെക്കരഞ്ഞ്
ഗുരുവരരുടെ മൊത്തം മുന്നിൽ നിന്നോരു തായേ,
ഇരു ചരണവുമിപ്പോൾ താണു കൂപ്പുന്നിതാ ഞാൻ.

ന ദത്തം മാതസ്തേ മരണസമയേ തോയമപി വാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്തോ മാതസ്തേ മരണസമയേ താരകമനുഃ
അകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം

ഒരല്പം വെള്ളം നിൻ മരണസമയത്തേകിയതുമി-
ല്ലൊടുക്കം ചെയ്യേണ്ടും ക്രിയകളെ നടത്തീല വഴി പോൽ;
ജപിക്കാനും പറ്റീലൊടുവിലരികിൽ താരകവുമേ,
ക്ഷമിക്കൂ നേരം വിട്ടണയുമിവനോടെന്റെ ജനനീ!

കവിതകള്‍ (My poems)
പരിഭാഷകള്‍ (Translations)

Comments (0)

Permalink

ഓർമ്മിക്കാനുള്ള വിചിത്രവിദ്യകൾ

ശരാശരി മനുഷ്യരെക്കാൾ ഓർമ്മശക്തി കുറവുള്ള ഒരു മനുഷ്യനാണു ഞാൻ.

സ്വന്തം അഡ്രസ് (ഇതു തെറ്റിച്ചെഴുതിയതു കൊണ്ട് ഒരിക്കൽ നാട്ടിൽ പോകാനുള്ള എയർ ടിക്കറ്റ് തിരിച്ച് ട്രാവൽ ഏജന്റിന്റെ കയ്യിൽ ചെന്നതു കൊണ്ട് യാത്രയുടെ അന്ന് ഒരു മണിക്കൂർ യാത്ര ചെയ്ത് അതു പോയി വാങ്ങേണ്ടി വന്നിട്ടുണ്ട്), സ്വന്തം സിപ് കോഡ് (നാട്ടിലെ പിൻ കോഡ് എന്ന ആറക്കം പോലെ അമേരിക്കയിലുള്ള അഞ്ചക്കകോഡ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളടിക്കുമ്പോൾ ഇത് എന്റർ ചെയ്യണം), ഓഫീസിൽ ഇപ്പോൾ ഹാൻഡിൽ ചെയ്യുന്ന ബഗ്ഗിന്റെ നമ്പർ, വർക്കു ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ ഇപ്പോഴത്തെ വേർഷൻ (ആറു മാസത്തേയ്ക്കു മാറ്റമില്ലാതെ നിൽക്കുന്ന സാധനമാണ് ഇത്), പരിചയമുള്ള പലരുടെയും പേര് എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ പലപ്പോഴും ഓർമ്മയിൽ നിൽക്കാറില്ല. ബാക്കിയുള്ളവരൊക്കെ ഇവ നന്നായി ഓർക്കുകയും ചെയ്യും.

ചില പരിപാടികൾക്കു പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രം, കടയിൽ നിന്നു പണ്ടു വാങ്ങിയ സാധനത്തിന്റെ ബ്രാൻഡും കവറിന്റെ നിറവും തുടങ്ങി സാധാരണ ആളുകൾ (പ്രത്യേകിച്ചു സ്ത്രീകൾ) കൃത്യമായി ഓർക്കുന്ന അഡ്വാൻസ്ഡ് സംഭവങ്ങളുടെ കാര്യം പറയാനും മേലാ.


ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണ ആളുകൾ ഓർക്കാത്ത പലതും ഞാൻ ഓർക്കാറുണ്ട്.

പോയ വഴികൾ ഓർക്കാൻ ആവറേജ് കഴിവുണ്ട്. ഓർമ്മശക്തിയല്ല, ഡയറക്ഷൻ സെൻസാണ് കാരണം എന്നാണു തോന്നുന്നത്. മിക്കവാറും ആളുകൾ ഇതിൽ മോശമായതിനാൽ ഞാൻ ഇതിൽ കിടിലമാണെന്ന് ഒരു അഭിപ്രായം പൊതുവേ ഉണ്ട്. സത്യത്തിൽ കഷ്ടിച്ച് ആവറേജ് ഓർമ്മയേ ഇതിൽ ഉള്ളൂ. ഇതിൽ പുലികളായ പലരെയും അറിയാം. ഒരിക്കൽ പോയ സ്ഥലത്ത് പിന്നെ മാപ്പും ജീപ്പിയെസും ഒന്നുമില്ലാതെ പോയിക്കളയും.

ബാക്കിയുള്ളവരെക്കാൾ കൂടുതൽ ഓർമ്മയുള്ളത് ശ്ലോകങ്ങൾ, കവിതകൾ, ചെസ് ഗെയിമുകളും പൊസിഷൻസും, പസിലുകൾ, ഫേസ്ബുക്കിലും മറ്റും ആളുകൾ എന്നെങ്കിലും എഴുതിയ പോസ്റ്റുകൾ തുടങ്ങിയ ചില കാര്യങ്ങളാണ്. ഇത് ഇടയ്ക്കിടെ അവിടെയും ഇവിടെയും തള്ളുന്നതു കൊണ്ട് എന്നെ ഒരു ഫോട്ടോഗ്രാഫിക് മെമ്മറിയുടെ ആളായി ജനത്തിനെക്കൊണ്ടു തെറ്റിദ്ധരിപ്പിക്കാൻ കുറേയൊക്കെ കഴിഞ്ഞിട്ടുണ്ട്.


എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ ജനം പലതും കാണാതെ പഠിച്ച് പരീക്ഷയ്ക്കു പോകുന്നത് എനിക്ക് അദ്ഭുതമായിരുന്നു. ഒരക്ഷരം മനസ്സിലാകാത്ത മൂന്നു പേജ് തിയറം പ്രൂഫൊക്കെ വള്ളി പുള്ളി (കണക്കാകുമ്പോൾ ആല്ഫാ, ബീറ്റാ എന്നു പറയണമായിരിക്കും, അല്ലേ?) തെറ്റാതെ കാണാതെ പഠിച്ച് പരീക്ഷയ്ക്ക് എഴുതാൻ പ്രാപ്തിയുള്ള ധാരാളം പേരെ കണ്ടിട്ടുണ്ട്. നെടുനെടുങ്കൻ ഫോർമുലകൾ, നിറച്ചും ഡാറ്റയുള്ള ടേബിളുകൾ, വായിൽ കൊള്ളാത്ത പദങ്ങൾ ഇതൊക്കെ പുഷ്പം പോലെ കാണാതെ പഠിച്ച് പുല്ലു പോലെ പരീക്ഷയെഴുതാൻ കഴിവുള്ളവർ.

ഇതൊന്നും കഴിയാത്ത ഞാൻ കാണാതെ പഠിക്കേണ്ട പരീക്ഷയ്ക്കൊക്കെ ബുദ്ധിമുട്ടി. മലയാളം ബി എ യ്ക്കോ മാത്തമാറ്റിക്സ് ബി എസ് സി യ്ക്കോ പോകാതെ എഞ്ചിനീയറിംഗ് എടുത്തതിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. പിന്നെ, എക്കണോമിക്സോ പൊളിറ്റിക്കൽ സയൻസോ ഒന്നുമല്ലല്ലോ പഠിച്ചത് എന്നോർക്കുമ്പോൾ അല്പം സമാധാനവും തോന്നും.

അഞ്ചാമത്തെയോ ആറാമത്തെയോ സെമസ്റ്ററിൽ ആയിരുന്നു എക്കണോമിക്സ് ആൻഡ് മാനേജ്മെന്റ് എന്നൊരു പേപ്പർ. ആഡം സ്മിത്ത്, ലയണൽ റോബിൻസ് തുടങ്ങിയവരുടെ എക്കണോമിക് തിയറികളും പിന്നെ പല തരം മാനേജ്മെന്റ് പ്രിൻസിപ്പിൾസും. വെള്ളം കുടിച്ചു പോയി. ടെയ്ലേഴ്സ് മാനേജ്മെന്റ് പ്രിൻസിപ്പിൾസ് എന്നു പറഞ്ഞ് 14 പോയിന്റ്സുണ്ട്. പരീക്ഷയുടെ തലേ ദിവസം ഞാൻ കുത്തിയിരുന്നു പഠിക്കാൻ നോക്കിയപ്പോൾ മൂന്നെണ്ണം പഠിച്ചു.

അപ്പോഴാണു സുരേഷ് വിശേഷം ചോദിക്കാൻ റൂമിലേക്കു വന്നത്. (സുരേഷിനെ നിങ്ങളറിയും. പാചകസ്മരണകളിലെ ഫൈനൽ പഞ്ച് ഡയലോഗ് പറയുന്ന ആൾ തന്നെ.) എന്റെ ബുദ്ധിമുട്ട് കണ്ട് അവൻ ഒരു വഴി പറഞ്ഞു തന്നു. ഈ പതിനാലു പോയിന്റ്സും എഴുതി വെയ്ക്കുക. എന്നിട്ട് ഓരോന്നിന്റെയും ആദ്യത്തെ അക്ഷരങ്ങൾ മാത്രം എഴുതുക. അവയെ തിരിച്ചും മറിച്ചും ഇട്ട് അർത്ഥമുള്ള വാക്കുകൾ ഉണ്ടാക്കുക. KITE TEAK PSI SIR എന്നോ മറ്റോ. അത് ഓർക്കാൻ എളുപ്പമാണ്. പരീക്ഷാഹോളിൽ ചെല്ലുമ്പോൾ ഓരോ അക്ഷരത്തെയും എക്സ്പാൻഡ് ചെയ്യുക.

ആദ്യം എനിക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല.

“ഇങ്ങനെ എഴുതിയാൽ ക്രമം തെറ്റില്ലേ?”

“പിന്നേ, നീ ക്രമത്തിലേ എല്ലാം ചെയ്യൂ. ഒന്നു പോയേടാ. വേണേൽ മതി. പോയിന്റ്സ് എല്ലാം ഉണ്ടോ എന്നേ അവർ നോക്കൂ. ക്രമമൊന്നും പ്രശ്നമല്ല” എന്ന് അവൻ.

ഇതു നല്ല പരിപാടിയാണല്ലോ എന്ന് തോന്നി. ടെയ്ലേഴ്സ് പ്രിൻസിപ്പിൾസിന് സുരേഷ് ഉണ്ടാക്കിയ വാക്കുകൾ കാണാതെ പഠിച്ച് ഓരോന്നിന്റെയും പൂർണ്ണരൂപം അറിയാം എന്ന് ഉറപ്പാക്കിയതിനു ശേഷം ഞാൻ സമാധാനമായി ഉറങ്ങി.

പിറ്റേന്ന് പരീക്ഷയ്ക്ക് ആദ്യത്തെ പേജിൽ തുടങ്ങി അരപ്പേജു വീതം വിട്ട് ഈ 14 അക്ഷരവും എഴുതി. അപ്പോഴാണ് ഒരു സത്യം മനസ്സിലാക്കിയത്. ഈ 14 അക്ഷരമേ ഓർമ്മയുള്ളൂ. ഓരോന്നും എന്താണെന്ന് ഓർമ്മയില്ല! തലേന്നു പഠിച്ച മൂന്നു പോയിന്റ് മാത്രം ഓർമ്മയുണ്ട്!

പിന്നെ എന്തൊക്കെയോ എഴുതി എങ്ങനെയോ പരീക്ഷ പാസ്സായി എന്നു പറഞ്ഞാൽ മതിയല്ലോ.


ആയിടയ്ക്കാണ് ഓർക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ തനിക്ക് ഓർക്കാൻ എളുപ്പമുള്ള കാര്യങ്ങളുമായി കണക്റ്റ് ചെയ്ത് ഓർക്കാൻ ഞാൻ തീരുമാനിച്ചത്.

പ്രാചീനഭാരതത്തിലെ ആളുകൾ ഇതുപോലെയുള്ള കാര്യങ്ങൾ ഓർക്കാൻ ശ്ലോകങ്ങളെ ഉപയോഗിച്ചിരുന്നു. ത്രികടുകമജമോദാ സൈന്ധവേ ജീരകേ ദ്വേ എന്നു ചൊല്ലി മരുന്നു കുറിയ്ക്കുന്ന വൈദ്യനും വൃത്താതാമ്രസുദൃഷ്ണശാകലഘുഭുക്… എന്നു ചൊല്ലി ഫലം പറയുന്ന ജ്യോത്സ്യനും ശ്ലോകങ്ങൾ വഴിയാണ് കാര്യങ്ങൾ ഓർത്തു വെയ്ക്കുന്നത്. ലീലാവതിയിലും മറ്റുമുള്ള ശ്ലോകങ്ങൾ പല ഫോർമുലകളെയും ഓർക്കാൻ ഉപയോഗിക്കാം. ഉദാഹരണമായി, ജ്യാവാസയോഗാന്തര…, വ്യാസച്ഛരോനാച്ഛരസംഗുണാച്ച…, ജീവാർദ്ധവർഗേ… എന്നീ ശ്ലോകങ്ങൾ കൊണ്ട് ഒരു വൃത്തത്തിന്റെ വ്യാസം, ഞാൺ, ശരം എന്നിവയിൽ രണ്ടെണ്ണം കിട്ടിയാൽ മൂന്നാമത്തേതു കണ്ടുപിടിക്കുന്ന ഫോർമുലകൾ ഇപ്പോഴും ഞൊടിയിടയ്ക്കുള്ളിൽ എഴുതാം. ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ എന്നോ ഗോപീഭാഗ്യമധുവ്രാത… എന്നോ ഓർത്ത് പൈയുടെ മൂല്യം 17 അല്ലെങ്കിൽ 31 ദശാംശസ്ഥാനങ്ങൾക്കു കൃത്യമായി ഓർക്കാം. (പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌ എന്ന പോസ്റ്റ് കാണുക.) എന്തുകൊണ്ട് ഈ വിദ്യ പഠിക്കാനുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചു കൂടാ?

1991-ൽ കുറേക്കാലം തിരുവനന്തപുരത്ത് ഒരു പാരലൽ കോളജിൽ എഞ്ചിനീയറിംഗ്/മെഡിക്കൽ എൻട്രൻസിനു കുട്ടികളെ പഠിപ്പിക്കുന്ന പണി ചെയ്തിരുന്നു. അവരോട് ഫോർമുലകൾ ഓർക്കാൻ ശ്ലോകം പഠിക്കുന്ന കാര്യം പറഞ്ഞു. ഒരു കുട്ടി പറഞ്ഞത്: “നാലു വരി പദ്യം പഠിക്കാൻ ഞങ്ങൾക്ക് 100 ഫോർമുല പഠിക്കുന്നതിലും ബുദ്ധിമുട്ടാണു സാർ. താങ്കൾ എന്താണു പറയുന്നതെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല!” അതോടെ ഞാൻ മറ്റുള്ളവരോട് ഇതു പറയുന്നതു നിർത്തി. എന്റെ വൈകല്യം മൂലമുള്ള ഈ വിചിത്രസ്വഭാവം ഞാനെന്തിനു മറ്റുള്ളവരിലേയ്ക്കു പകർത്തണം?

സംഖ്യകൾ ഓർക്കാൻ അവയെ പരൽപ്പേരിൽ ആക്കി അത് ഓർമ്മിച്ചു. ഫോർമുലകൾ ഓർക്കാൻ അവയെ ചെറിയ ശ്ലോകങ്ങളാക്കി. അങ്ങനെ തട്ടിമുട്ടിയാണ് എഞ്ചിനീയറിംഗ് പാസ്സായത്. മാർക്ക്ലിസ്റ്റ് കൗതുകകരമാണ്. കണക്കുമായി ബന്ധപ്പെട്ട പരീക്ഷകൾക്കൊക്കെ 85 ശതമാനത്തിൽ കൂടുതൽ മാർക്ക്. കാണാതെ പഠിച്ചെഴുതേണ്ട വിഷയങ്ങൾക്ക് 55 ശതമാനത്തിൽ താഴെയും. 55-നും 85-നും ഇടയ്ക്ക് ഒരു വിഷയത്തിനും മാർക്കില്ല!


ഇതു പലപ്പോഴും ഞാൻ ഇതിനു മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ഏതു ഗ്രിഗോറിയൻ തീയതിയുടെയും ആഴ്ച കണ്ടു പിടിക്കാൻ ഉള്ള ഒരു രീതിയിൽ (ആഴ്ച കണ്ടുപിടിക്കാന്‍… എന്ന പോസ്റ്റ് കാണുക.) ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾക്ക് ഓരോ സംഖ്യ ഓർത്തുവെയ്ക്കേണ്ടതുണ്ട്. 0, 3, 3, 6, 1, 4, 6, 2, 5, 0, 3, 5
എന്നിവയാണ് അവ.


ശൂന്യമൂര്‍ത്തിസ്ത്രിഷഡ്‌ഭൂമിര്‍ യുഗശാസ്ത്രാക്ഷിസായകാഃ
ആകാശാഗ്നീഷവഃ സംഖ്യാ മാസാനാം തു യഥാക്രമം

എന്ന ശ്ലോകം എഴുതിയാണ് അത് ഓർത്തത്.


ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് എഞ്ചിനീയറിംഗിലായിരുന്നു എം ടെക് എടുത്തത്. കത്തി സബ്ജക്റ്റ് ഒക്കെ ഒഴിവായല്ലോ എന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് രണ്ടാം സെമസ്റ്ററിൽ ദാ ട്രാൻസ്പോർട്ടേഷൻ എക്കണോമിക്സ്! അതിൽ 21 principles of Transportation Economics എന്നൊരു സാധനം പഠിക്കണം. കുരിശുകളെല്ലാം ഏഴിന്റെ ഗുണിതങ്ങളായി ആണോ വരുന്നത് കർത്താവേ എന്നു പറഞ്ഞു പോയി.

പരീക്ഷയുടെ തലേദിവസം. മുകളിൽ പറഞ്ഞ സുരേഷ് എം ടെക്കിനും എന്റെ ക്ലാസ്മേറ്റും റൂം മേറ്റും ആയിരുന്നു. 21 പോയിന്റ്സ് ചേർത്ത് 21 അക്ഷരമുള്ള നാലഞ്ചു വാക്കുകളാക്കി കുട്ടപ്പനാക്കി അത് എനിക്കു വേണോ എന്ന് അവൻ ചോദിച്ചു. സംസ്കൃതത്തിൽ എനിക്കറിയാവുന്ന ഏറ്റവും വലിയ തെറിയാൽ അവനെ സംബോധന ചെയ്തിട്ട് ഞാൻ അത് നന്ദിപൂർവ്വം നിരസിച്ചു.

അപ്പോഴാണ് ഐഡിയ കത്തിയത്. ശ്ലോകത്തിലാക്കി പഠിക്കാം!

ഒരു മണിക്കൂർ എടുത്തു ശ്ലോകം എഴുതാൻ. മൂന്നു മണിക്കൂറെടുത്തു അതു കാണാതെ പഠിക്കാൻ. പിറ്റേന്ന് പരീക്ഷയ്ക്ക് മണിമണിയായി എഴുതി. കോപ്പിയടിച്ചതാണോ എന്ന് നോക്കിയ ആൾക്കു സംശയം വന്നു കാണും.

സംഭവം ഇങ്ങനെയാണു തുടങ്ങിയത്.


പൂർണ്ണമായും സത്യസന്ധം;
തീരുമാനമെടുക്കൊലാ;
ഉൾവിളിയ്ക്കില്ല പ്രാധാന്യം;
എല്ലാക്കാര്യവുമോർക്കണം;


വേണമോ വേണ്ടയോ എന്ന
കാര്യമേറ്റം പ്രധാനമാം;
പണത്തിൻ ബന്ധമില്ലാത്ത-
തൊക്കെ മാറ്റി നിറുത്തണം…

(ബാക്കി മറന്നു പോയി.)

ഈ പോയിന്റുകൾ എഴുതിയാൽ ഇങ്ങനെ വരും:

  1. Your recommendations should be completely objective. (objective എന്നതിനു പറ്റിയ ഒരു മലയാളം ഓർമ്മ വരാഞ്ഞതു കൊണ്ട് “സത്യസന്ധം” എന്നെഴുതി അഡ്ജസ്റ്റ് ചെയ്തു.)
  2. You should only recommend, don’t take decisions.
  3. Intuition has no role in Transportation Economics.
  4. You should consider all factors.
  5. Each recommendation should be answering a question whether a particular thing should be adopted or not.
  6. You should exclude anything not related to money.

ഇങ്ങനെ 21 പോയിന്റുകൾ എഴുതി വിശദീകരിച്ചാണ് പരീക്ഷ എഴുതിയത്.


ചൈനക്കാരുടെ രാശിചക്രത്തിലെ പന്ത്രണ്ട് മൃഗങ്ങളെ (Rat, Ox, Tiger, Rabbit, Dragon, Snake, Horse, Sheep, Monkey, Rooster, Dog, Pig) ഓർക്കാൻ ഞാൻ ഒരിക്കൽ ഈ ശ്ലോകങ്ങൾ എഴുതി.


എലിയും കാളയും പിന്നെ-
പ്പുലിയും മുയലും തഥാ
വ്യാളിസർപ്പാശ്വമേഷങ്ങൾ
കുരങ്ങും, കോഴി, പട്ടിയും
പന്നിയോടൊത്തു ചേർന്നീടിൽ
ചീനവർഷങ്ങളാകുമേ

കൂറേ വർഷങ്ങൾക്കു മുമ്പു ജോലി ചെയ്തിരുന്ന കമ്പനിയിൽ നടന്ന ചൈനീസ് ന്യൂ ഇയർ സെലിബ്രേഷനു ചൈനീസ് വംശജരല്ലാത്തവർക്കു വേണ്ടി നടത്തിയ ഒരു ക്വിസ് മത്സരത്തിൽ ഒരിക്കൽ ഫസ്റ്റടിച്ചിരുന്നു. അതിലെ ഒരു ചോദ്യം ചൈനീസ് വർഷങ്ങൾ ക്രമത്തിൽ പറയുക എന്നതായിരുന്നു. ഈ ശ്ലോകങ്ങൾ അറിയാവുന്നതു കൊണ്ട് ഈസിയായി പറഞ്ഞു. കോഴി എന്നതിന് Rooster എന്നതിനു പകരം Hen എന്നു പറഞ്ഞു എന്നതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല.


ഇന്നലെ ഫിസിക്സിലെ ഷെൽ മോഡൽ എനർജി ലെവൽസ് (SPPDSDFPFPGGDDSHHFFPPI) ഓർക്കാൻ ഒരു ശ്ലോകം എഴുതിക്കൊടുക്കാമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ എഴുതിയതാണ് ഈ ശ്ലോകങ്ങൾ.


ശ്രീ-പത്മനാഭ-പാദങ്ങൾ
ദീനനായി സ്മരിച്ചഥ
ദൈവം ഫലം പലേടത്തും
ഫലിപ്പിക്കാൻ പൊറുക്കണം


ഗീത, ഗായത്രി ദിനവും
ദോഷം സൂക്ഷ്മം ഹരിക്കണം
ഹരിച്ചാൽ ഫലമുണ്ടാകും,
ഫലിച്ചാൽ പുണ്യവും പരം.


ഇതു നിത്യേന ഷെൽ മോഡൽ
എനർജി ലെവലോർക്കുവാൻ
പഠിച്ചീടിൽ മറക്കാതെ
എന്നുമോർമ്മയിൽ നിന്നിടും.

ശ്രീ മുതൽ ഇതു വരെയുള്ള 22 വാക്കുകൾ ഇംഗ്ലീഷിൽ എഴുതിയാൽ അവയുടെ ആദ്യത്തെ അക്ഷരങ്ങൾ (ഫ എന്നതിന് F എന്നെഴുതണം) എടുത്താൽ മുകളിൽ പറഞ്ഞ എനർജി ലെവൽസ് കിട്ടും.


ഫോർമുലകളും എസ്സേകളും സംഖ്യകളും ഒക്കെ ഓർക്കാൻ കഴിയാത്തതു കൊണ്ട് അവയെ ശ്ലോകമാക്കി അത് ഓർത്തുവെയ്ക്കുന്ന വിചിത്രജീവികൾ എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ വായനക്കാരേ?

ഗണിതം (Mathematics)
ശ്ലോകങ്ങള്‍ (My slokams)
സ്മരണകള്‍

Comments (0)

Permalink

ജിതിൻ ദാസിന്റെ മൂർഖന്മാർ

ഞാൻ വാഗ്ഭൂഷണം ഭൂഷണം! എന്ന പോസ്റ്റിട്ടപ്പോൾ ജിതിൻ ദാസിനു (ഇങ്ങേർ മഹാവിഷ്ണുവിനെപ്പോലെയാണു്. ഞാൻ ഓരോ പ്രാവശ്യവും ബ്ലോഗിംഗ് പുനരാരംഭിക്കുമ്പോൾ ഇങ്ങേർക്കു് ഓരോ പുതിയ അവതാരമാണു്.) സഹിച്ചില്ല. ഒന്നേ, രണ്ടേ, മൂന്നേ എന്നു് എണ്ണി അഞ്ചു ശ്ലോകങ്ങൾ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നു. എല്ലാം ഭർത്തൃഹരിയുടേതു്. “ഏതെങ്കിലും മീഡിയ പ്രൊഫൈലുകള്‍ ഇതു വായിക്കുമ്പോള്‍ ഓര്‍മ്മ വന്നാല്‍ വെറും യാദൃച്ഛികമാണു്” എന്നു ഡിസ്ക്ലെയിമറും ഉണ്ടു്.

ഞാൻ അതെല്ലാം പൊക്കി ദാ ഇവിടെ ഇടുകയാണു്. ഫേസ്ബുക്കിലിട്ട വിജ്ഞാനവും പുതുമണവാട്ടിയുടെ സൗന്ദര്യവും ഫിനാൻഷ്യൽ അഡ്വൈസറുടെ കയ്യിൽ കൊടുത്ത പണവും ഒരുപോലെ ആണെന്നാണു്. ഒന്നു രണ്ടു ദിവസം കാണുമായിരിക്കും. പിന്നെ നോക്കിയാൽ ആയുഷ്കാലത്തേയ്ക്കു കാണില്ല.

ഇതിന്റെ ശീർഷകത്തെപ്പറ്റി: മൂർഖൻ എന്ന വാക്കിനു് ക്രൂരൻ എന്നൊരു അർത്ഥമേ എനിക്കറിയാമായിരുന്നുള്ളൂ. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന പല ശ്ലോകങ്ങളിലും അതു മൂഢൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതു കണ്ടു. നോക്കിയപ്പോൾ ശബ്ദതാരാവലിയിൽ ആദ്യത്തെ അർത്ഥം തന്നെ മൂഢൻ എന്നാണു്. (വിപരീതപദമായി “പണ്ഡിതൻ” എന്ന വാക്കും കൊടുത്തിട്ടുണ്ടു്.) അമരകോശത്തിലാകട്ടേ, ഊളകളുടെ പര്യായപദങ്ങളായി അജ്ഞൻ, മൂഢൻ, യഥാജാതൻ, മൂർഖൻ, വൈധേയൻ, ബാലിശൻ എന്നിവ കൊടുത്തിരിക്കുന്നു. (അജ്ഞേ മൂഢയഥാജാതമൂർഖവൈധേയബാലിശാഃ വിശേഷനിഘ്നവർഗ്ഗം, ശ്ലോകം 48.) “മുഹേഃ ഖോ മൂർച്ച” എന്നാണു പോലും നിരുക്തം. അതായതു്, വിവരത്തിന്റെ കാര്യത്തിൽ സീറോ. ജിതിൻ ഉപയോഗിച്ച “ഊള” എന്ന വാക്കാണു മലയാളത്തിൽ അനുയോജ്യം.

ഈ ഒരറിവു കിട്ടിയതിനു ശേഷം ഉപകാരോ ഹി മൂർഖാനാം പ്രകോപായ ന ശാന്തയേ (മൂർഖന്മാർക്കു ഉപകാരം ചെയ്താൽ അതു് അവരെ കോപിപ്പിക്കുകയേ ഉള്ളൂ, സമാധാനിപ്പിക്കുകയില്ല) തുടങ്ങിയ മറ്റു പല ശ്ലോകങ്ങൾക്കും ഒന്നു കൂടി നല്ല അർത്ഥം തോന്നുന്നുണ്ടു്.

  1. ശ്ലോകം:

    അജ്ഞഃ സുഖമാരാധ്യഃ
    സുഖതരമാരാധ്യതേ വിശേഷജ്ഞഃ
    ജ്ഞാനലവദുർവിദഗ്ധം
    ബ്രഹ്മാപി തം നരം ന രഞ്ജയതി

    അര്‍ത്ഥം:

    അജ്ഞഃ സുഖം ആരാദ്ധ്യഃ : വിവരമില്ലാത്തവനെ എളുപ്പം വശത്താക്കാം.
    വിശേഷജ്ഞഃ സുഖതരം ആരാദ്ധ്യഃ : നല്ല വിവരമുള്ളവനെ അതിലും എളുപ്പത്തിൽ വശത്താക്കാം.
    തം ജ്ഞാന-ലവ-ദുർ-വിദഗ്ദ്ധം നരം : അല്പജ്ഞാനിയായ മനുഷ്യനെ
    ബ്രഹ്മാപി ന രഞ്ജയതി : ബ്രഹ്മാവിനു പോലും വശത്താക്കാൻ കഴിയില്ല.

    ഒരു കാര്യം ശ്രദ്ധേയമാണു്. ആരാധന എന്ന വാക്കിന്റെ അർത്ഥം. മലയാളത്തിൽ അതിനു പൂജ ചെയ്യുക, താണു വീണു നമസ്കരിക്കുക എന്നൊക്കെ അർത്ഥം വന്നെങ്കിലും സംസ്കൃതത്തിൽ അതിനു് സന്തോഷിപ്പിക്കുക, പ്രീണിപ്പിക്കുക, വശത്താക്കുക എന്നൊക്കെയേ അർത്ഥമുള്ളൂ. എന്തു പറഞ്ഞാലും അല്പജ്ഞാനിയെ സന്തോഷിപ്പിക്കാനോ സമ്മതിപ്പിക്കാനോ പറ്റില്ല എന്നു സാരം.

    “ഒന്നുമറിയാത്ത ആളിനെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമാണ്. വിവരമുള്ള ആളിനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ അതിലും എളുപ്പമാണ്. എന്നാല്‍ അല്പബുദ്ധികളെ ഒരു കാര്യം മനസ്സിലാക്കിക്കാന്‍ പടച്ചതമ്പുരാന്‍ വിചാരിച്ചാലും കഴിയില്ല” എന്നു ജിതിൻ ദാസിന്റെ തർജ്ജമ.

  2. ശ്ലോകം:

    പ്രസഹ്യ മണിമുദ്ധരേന്മകരവക്ത്രദംഷ്ട്രാന്തരാത്
    സമുദ്രമപി സന്തരേത് പ്രചലദൂർമിമാലാകുലം
    ഭുജങ്ഗമപി കോപിതം ശിരസി പുഷ്പവദ്ധാരയേത്
    ന തു പ്രതിനിവിഷ്ടമൂർഖജനചിത്തമാരാധയേത്

    അര്‍ത്ഥം:

    മകര-വക്ത്ര-ദംഷ്ട്ര-അന്തരാത് : മുതലയുടെ വായിലെ ദംഷ്ട്രങ്ങളുടെ ഇടയിൽ നിന്നു്
    പ്രസഹ്യ മണിം ഉദ്ധരേത് : അല്പം ബുദ്ധിമുട്ടിയാൽ രത്നം വലിച്ചെടുക്കാം
    പ്രചലത്-ഊർമി-മാലാ-കുലം : ഇളകുന്ന തിരമാലകൾ നിറഞ്ഞ
    സമുദ്രം അപി സന്തരേത് : കടലു പോലും നീന്തിക്കടക്കാം
    കോപിതം ഭുജംഗം അപി : ചീറ്റുന്ന പാമ്പിനെപ്പോലും
    ശിരസി പുഷ്പ-വത് ധാരയേത് : തലയിൽ പൂ പോലെ ചൂടാം
    പ്രതി-നിവിഷ്ട-മൂർഖ-ജന-ചിത്തം : ദുരഭിമാനിയായ ഒരു ഊളയുടെ മനസ്സിനെ
    ന ആരാധയേത് : വശത്താക്കാൻ പറ്റില്ല.

    ഇവിടെയും ആരാധന എന്ന വാക്കു് ഉപയോഗിച്ചിരിക്കുന്നതു് ഏതാണ്ടു് “പറഞ്ഞു മനസ്സിലാക്കുക” എന്ന അർത്ഥത്തിലാണു്. മൂർഖനെയും ശ്രദ്ധിക്കുക.

    നിങ്ങള്‍ വിചാരിച്ചാല്‍ മുതലയുടെ വാ പിടിച്ചു തുറന്ന് അതില്‍ കുടുങ്ങിയ മുത്ത് എടുക്കാം. പ്രക്ഷുബ്ധമായ കടല്‍ നീന്തിക്കടക്കാം. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ ഒരു പൂമാല പോലെ മുടിയില്‍ ചൂടാം. എന്നാല്‍ ഊളകളോട് സം‌വദിച്ചു ജയിക്കാന്‍ കഴിയില്ല, ഒരിക്കലും എന്നു ജിതിൻ ദാസ്.

  3. ശ്ലോകം:

    ശക്യോ വാരയിതും ജലേന ഹുതഭുൿ ഛത്രേണ സൂര്യാതപോ
    നാഗേന്ദ്രോ നിശിതാങ്കുശേന സമദോ ദണ്ഡേന ഗോഗർദ്ദഭൗ
    വ്യാധിർഭേഷജസങ്ഗ്രഹൈശ്ച വിവിധൈർമന്ത്രപ്രയോഗൈർവിഷം
    സർവസ്യൗഷധമസ്തി ശാസ്ത്രവിഹിതം മൂർഖസ്യ നാസ്ത്യൗഷധിം

    അര്‍ത്ഥം:

    ജലേന ഹുതഭുൿ : വെള്ളം കൊണ്ടു തീയെയും
    ഛത്രേണ സൂര്യാതപഃ : കുട കൊണ്ടു വെയിലിനെയും
    നിശിത-അങ്കുശേന നാഗേന്ദ്രഃ : മൂർച്ചയുള്ള തോട്ടി കൊണ്ടു് ആനയെയും
    ദണ്ഡേന ഗോ-ഗർദ്ദഭൗ : വടി കൊണ്ടു് പശു, കഴുത എന്നിവയെയും
    ഭേഷജ-സങ്ഗ്രഹൈഃ വ്യാധിഃ : മരുന്നുകൂട്ടുകൾ കൊണ്ടു രോഗങ്ങളെയും
    വിവിധൈഃ മന്ത്ര-പ്രയോഗൈഃ വിഷം : പല തരം മന്ത്രപ്രയോഗങ്ങൾ കൊണ്ടു രോഗങ്ങളെയും
    വാരയിതും ശക്യഃ : തടയാൻ സാധിക്കും
    സർവ്വസ്യ ശാസ്ത്രവിഹിതം ഔഷധം അസ്തി : എല്ലാത്തിനും ശാസ്ത്രത്തിൽ മരുന്നുണ്ടു്.
    മൂർഖസ്യ ഔഷധിം ന അസ്തി : ഊളത്തരത്തിനു മാത്രം മരുന്നൊന്നും ഇല്ല.

    “തീപിടിച്ചാല്‍ വെള്ളമൊഴിച്ച് അണയ്ക്കാം, സണ്‍ബേണ്‍ ഉണ്ടാകാതിരിക്കാന്‍ കുടപിടിക്കാം. കൊലകൊമ്പനെ തോട്ടികൊണ്ടും പശുവിനെയും കഴുതയെയും വടിയെടുത്തും അടക്കി നിര്‍ത്താം. അസുഖത്തിനു മരുന്നു കഴിക്കാം വിഷം തീണ്ടിയാല്‍ മന്ത്രവാദം നടത്താം. അങ്ങനെ സകല പ്രശ്നങ്ങള്‍ക്കും ശാസ്ത്രത്തിനു പോം വഴിയുണ്ട് എന്നാല്‍ വിഡ്ഢിത്തരം പറയുന്നതിനു മരുന്നില്ല.” എന്നു ജിതിൻ ദാസ്.

  4. ശ്ലോകം:

    ദുർജനഃ പരിഹർത്തവ്യോ
    വിദ്യയാഽലങ്കൃതോഽപി സൻ
    മണിനാ ഭൂഷിതഃ സർപ്പഃ
    കിമസൗ ന ഭയങ്കരഃ

    അര്‍ത്ഥം:

    ദുർജ്ജനഃ : ചീത്ത ആളുകൾ
    വിദ്യയാ അലങ്കൃതഃ അപി സൻ : വിദ്യ ഉള്ളവരാണെങ്കിൽ കൂടി
    പരിഹർത്തവ്യഃ : കുറവില്ലാത്തവരല്ല.
    മണിനാ ഭൂഷിതഃ സർപ്പഃ : പാമ്പു രത്നം ധരിച്ചാലും
    ന ഭയങ്കരഃ അസൗ കിം? : ഭയങ്കരം തന്നെ അല്ലേ?

    “പരിഹർത്തവ്യഃ” എന്നതിനു പരിഹരിക്കാൻ അഥവാ നന്നാക്കാൻ പറ്റുന്നതു് എന്നർത്ഥം. ദോഷം ഉണ്ടെങ്കിലല്ലേ നന്നാക്കാൻ പറ്റൂ.

    “നീചന്മാര്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണെന്നു കരുതി അവര്‍ മെച്ചപ്പെട്ടവരാകുന്നില്ല മൂര്‍ഖന്‍ പാമ്പ് മുത്തുമാലയിട്ടാന്‍ അതിന്റെ വിഷം കുറയുമെന്ന് കരുതരുത്.” എന്നു ജിതിൻ ദാസ്.

  5. ശ്ലോകം:

    ബോദ്ധോരോ മത്സരഗ്രസ്താഃ പ്രഭവഃ സ്മയദൂഷിതാഃ
    അബോധോപഹതാശ്ചാന്യേ ജീർണമങ്ഗേ സുഭാഷിതം

    അര്‍ത്ഥം:

    ബോദ്ധാരഃ മത്സര-ഗ്രസ്താഃ : ബുദ്ധിയുള്ളവർ മത്സരബുദ്ധിയുള്ളവർ ആകുന്നു
    പ്രഭവഃ സ്മയ-ദൂഷിതാഃ : പ്രഭുക്കൾ അഹങ്കാരികളാകുന്നു
    അബോധ-ഉപഹതാഃ അന്യേ ച : ബാക്കിയുള്ളവർ ബോധമില്ലാത്തവരും ആകുന്നു.
    അംഗേ ജീർണ്ണം സുഭാഷിതം : (അതിനാൽ) സുഭാഷിതം ശരീരത്തിൽ തന്നെ നശിക്കുന്നു.

    പറഞ്ഞിട്ടു കാര്യമില്ലാത്തതു കൊണ്ടു സുഭാഷിതം പറയാതെ വായിൽത്തന്നെ ഒതുങ്ങിപ്പോകുന്നു എന്നു താത്പര്യം. നീതിശതകത്തിലെ ആദ്യത്തെ ശ്ലോകമാണു് ഇതു്. എന്നിട്ടാണു് ഭർത്തൃഹരി പിന്നുള്ള തൊണ്ണൂറ്റൊമ്പതു ശ്ലോകവും ചൊല്ലിയതു്.

    “വിവരമുള്ളവര്‍ പരസ്പരം മത്സരിച്ചു നശിക്കുന്നു. അധികാരികള്‍ അഹങ്കാരം കൊണ്ട് നശിക്കുന്നു. വിവരമില്ലാത്തവര്‍ വിവരമില്ലായ്മകൊണ്ട് നശിക്കുന്നു.ആരോട്‌ പറയാൻ, ആരു കേൾക്കാൻ… ഈ സുഭാഷിതം എന്റെയുള്ളില്‍ തന്നെ കിടന്ന് നശിച്ചോട്ടെ” എന്നു ജിതിൻ ദാസ്.

സുഭാഷിതം

Comments (4)

Permalink

കൊമ്പു കുത്തിയ മത്തേഭം

ബ്ലോഗിംഗ് തുടങ്ങിയത് കഷ്ടകാലത്തിനു വ്യാകരണവും പഴയ ശ്ലോകങ്ങളും ഒക്കെ എഴുതിക്കൊണ്ടാണ്. സ്വന്തമായി ഒന്നും എഴുതാൻ കഴിയില്ല എന്നൊരു തെറ്റിദ്ധാരണ (തെറ്റിദ്ധാരണയല്ല, ശരിയായ ധാരണ തന്നെയാണ് എന്ന് ഇപ്പോഴും പലരും പറയുന്നുണ്ട്. അതവിടെ നിൽക്കട്ടേ.) ഉണ്ടായിരുന്നതിനാൽ അറിയുന്ന കാര്യങ്ങൾ ബാക്കിയുള്ളവർക്കു കൂടി പറഞ്ഞുകൊടുത്ത് പ്രബുദ്ധരാക്കാം എന്നയിരുന്നു ചിന്ത. അതിന്റെ ഫലമായി വാക്കുകളുടെ അർത്ഥം ചോദിച്ചും (അവയിൽ ഭൂരിപക്ഷവും കുട്ടിക്കിടാൻ പോകുന്ന അ-യിൽ തുടങ്ങുന്ന എങ്ങുമില്ലാത്ത പേരിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്നു ചോദിച്ചായിരുന്നു) ഈ ശ്ലോകം അറിയുമോ എന്നു ചോദിച്ചും വരുന്ന ലക്ഷക്കണക്കിന് (വേണമെങ്കിൽ കുറച്ചു കുറയ്ക്കാം) ഈമെയിലുകൾക്കു മറുപടി എഴുതുക എന്നത് എന്റെ ദിനചര്യയായിരുന്നു.

സിദ്ധാർത്ഥൻ, പോസ്റ്റുമാൻ തുടങ്ങിയ പേരുകളിൽ ബ്ലോഗിയിരുന്ന സജിത്ത് യൂസഫ് ആയിരുന്നു ഇവരിൽ അഗ്രഗണ്യൻ. ശ്ലോകത്തിന്റെ അസ്ക്യത ലേശം കൂടുതലുണ്ടായിരുന്ന ജനുസ്സാണ്. നാട്ടിലുള്ള സകലമാന ശൃംഗാരശ്ലോകങ്ങളും കക്ഷിയ്ക്കു വേണം. ദുബായിയിലെ കള്ളുപാർട്ടികളിൽ ചൊല്ലി ആളാവുക എന്നതാണ് ഉദ്ദേശ്യം. എന്തെങ്കിലും ആകട്ടേ. ആരെങ്കിലും നന്നായിപ്പോകുന്നതിൽ ഒരു ഭാഗമാകാൻ എനിക്ക് എന്നും സന്തോഷമേ ഉള്ളൂ.

2008 എന്ന വർഷം തുടങ്ങിയിട്ടേ ഉള്ളൂ. അങ്ങനെയിരിക്കേ ബ്ലോഗിലെ സൂപ്പർ സ്റ്റാർ രാം മോഹൻ പാലിയത്ത് എന്നോടും സിദ്ധാർത്ഥനോടുമായി ഒരു ചോദ്യം.

“മത്തേഭം കൊമ്പു കുത്തും… എന്നു തുടങ്ങുന്ന ശ്ലോകം അറിയാമോ? വെണ്മണിയുടെയോ മറ്റോ ആണ്”

മദയാന കൊമ്പു കുത്തുന്ന, അതായത് മദയാന തോറ്റുപോകുന്ന എന്തിനെപ്പറ്റിയോ ആണ് ശ്ലോകം. വെണ്മണി എഴുതിയതിനാൽ ഇത് ഏതോ പെണ്ണിന്റെ മാമറി ഗ്ലാൻഡ്സിനെപ്പറ്റിയാണ് എന്നതിനു സംശയമില്ല. ശ്ലോകം കേട്ട ഓർമ്മയില്ല. പുസ്തകമൊന്നും കയ്യിലുമില്ല. എന്നാൽപ്പിന്നെ ഒരെണ്ണം എഴുതിക്കളയാം എന്നു കരുതി.

വെണ്മണി അപാര പദസമ്പത്തുള്ള ആളായിരുന്നു. ശ്ലോകത്തിലെ വാക്കുകളൊക്കെ നന്നായി വൃത്തത്തിലൊതുങ്ങി സ്റ്റൈലായി ഇരിക്കും. നല്ല ശയ്യാഗുണമുള്ളവ. അല്ലാതെ സന്തോഷ് പിള്ള എഴുതുന്നതു പോലെ ഗ്യാപ്പിലൊക്കെ അത്, ഇത്, ഇഹ, ആഹു, യാഹൂ എന്നൊന്നും ഫിറ്റു ചെയ്തല്ല. അങ്ങനെ ഒരു ശ്ലോകം എഴുതാൻ തന്നെ പാടാണ്. സിനിമാപ്പാട്ടിനു പാരഡി എഴുതുന്നതു പോലെയല്ല. നന്നായി ബുദ്ധിമുട്ടി.

ഇതാണ് ആദ്യത്തെ ശ്രമം. സ്രഗ്ദ്ധരാവൃത്തം.

മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കദ്ഭുതത്തെക്കൊടുക്കു-
ന്നുദ്വേഗം, സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
ഇത്ഥം മേവുന്ന നിന്നേ മിഷനറിവഴിയില്‍ പൂട്ടി വീരായിതം വ-
ന്നെത്താതാക്കീടുമീയെന്നൊടു സമമൃഗയാകോവിദന്‍ പാരിലുണ്ടോ?

അതായത്, കവി വലിയ വേട്ടക്കാരനാണ്. (വെടി വരുന്നതിനു മുമ്പുള്ള കാലമാണ്. അമ്പും വില്ലും വേണ്ടി വന്നാൽ കുന്തവും മാത്രമേ ഉള്ളൂ.) ആന, കുതിര, സിംഹം, പുലി തുടങ്ങിയ മൃഗങ്ങളുടെ സ്വഭാവങ്ങൾ ചേർന്ന നായികയെ അടക്കി നിർത്തുന്ന വീരനാണ് എന്നാണു വാദം.

സിംഹത്തിന്റെ കടി എന്നു പറഞ്ഞതു പല്ലു കൊണ്ടുള്ള കടി (അങ്ങനെ ഒരർത്ഥവും വേണമെങ്കിൽ ഇവിടെ നോക്കാം.) അല്ല. “മൃഗരാജകടി” എന്നു പറയുന്ന സാധനം. സംശയമുണ്ടെങ്കിൽ ഇതു വായിക്കൂ.

വാത്സ്യായനന്റെ കാമസൂത്രം, കൊക്കോകന്റെ കാമശാസ്ത്രം, കോകന്റെ കോകശാസ്ത്രം തുടങ്ങിയ ആർഷഭാരതശാസ്ത്രഗ്രന്ഥങ്ങൾ വായിക്കാതെ മാസ്റ്റേഴ്സ് ആൻഡ് ജോൺസന്റെയും പ്രകാശ് കോത്താരിയുടെയും പുസ്തകങ്ങൾ മാത്രം വായിച്ചു ഗ്രാജ്വേറ്റ് ചെയ്തവർക്ക് ഇതിന്റെ ഉത്തരാർദ്ധം പിടികിട്ടിയിട്ടുണ്ടാവില്ല. വിശദീകരിക്കാം:

കാമശാസ്ത്രമനുസരിച്ച് സംഭോഗം നാലു വിധം:

  1. ഉത്താനകം: സ്ത്രീ അടിയിൽ മലർന്ന്. പുരുഷൻ മുകളിൽ കമഴ്ന്ന്. പിൽക്കാലത്ത് മിഷനറി രീതി എന്നു പറയുന്ന സമ്പ്രദായം. അതിനെങ്ങനെ മിഷനറി രീതി എന്ന പേരു കിട്ടി എന്നത് മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്. പിന്നെ എഴുതാം.
  2. തിര്യഗ്‌യാനം: മൃഗങ്ങളെപ്പോലെ പുരുഷൻ സ്ത്രീയുടെ പുറകിൽ നിന്ന്. ഇതിനു പല അവാന്തരവിഭാഗങ്ങൾ ഉണ്ട്. കിടന്ന്, ഇരുന്ന്, മുട്ടിൽ നിന്ന് തുടങ്ങി. വിസ്തരഭയത്താൽ വിശദീകരിക്കുന്നില്ല.
  3. മൂന്നാമത്തേതിന്റെ പേര് ഓർമ്മയില്ല. എങ്ങനെയാണെന്നും. ഒരു പക്ഷേ, ഞാൻ കൂട്ട്യാൽ കൂടുന്നതല്ല എന്നു തോന്നിയിട്ട് ഉപബോധമനസ്സ് ഓട്ടോമാറ്റിക് ആയി തിരസ്കരിച്ചതാവും.
  4. വീരായിതം അഥവാ പുരുഷായിതം അഥവാ ഉപരിസുരതം: പുരുഷൻ അടിയിൽ മലർന്ന്, സ്ത്രീ മുകളിൽ കമഴ്ന്ന്.

ബാക്കി മൂന്നും അത്ര പ്രശസ്തമല്ലെങ്കിലും നാലാമത്തേത് വെണ്മണിശ്ലോകങ്ങളിലും മറ്റും വളരെ കാണുന്ന സംഭവമാണ്. വീരായിതനിപുണ എന്നൊക്കെ നായികയെ വർണ്ണിക്കുന്നതു കാണാം.

ഇതിന്റെ ശരിക്കുള്ള സ്പെസിഫിക്കേഷൻസ് എഴുതിയേക്കാം എന്നു കരുതി പല പുസ്തകങ്ങളും തിരഞ്ഞപ്പോൾ പലതിലും പല വിധത്തിലാണു ക്ലാസ്സിഫിക്കേഷൻ. ഉദാഹരണമായി, കുചീമാരതന്ത്രം എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു.

ഉത്താനകം ചാപി തഥൈവ തിര്യ-
ഗാസീനമേവം സ്ഥിതമാനതം ച
സാമാന്യതഃ സ്യൂരതി കേളിഭേദാഃ
പരേ രസജ്ഞൈരനുഭാവനീയാഃ

ഇതനുസരിച്ച് ഉത്താനകം, തിര്യഗ്യാനം, ആസീനം (ഇരുന്നുകൊണ്ടുള്ളതു്), സ്ഥിതം (നിന്നു കൊണ്ടുള്ളതു്), ആനതം (കുനിഞ്ഞു കൊണ്ടുള്ളതു്) എന്നിങ്ങനെ അഞ്ചു വിധമാണ്. വീരായിതം ഉത്താനകത്തിന്റെ ഒരു വകഭേദമായി (വിപരീതോത്താനകം) മാത്രമേ കരുതുന്നുള്ളൂ.

എന്തരോ എന്തോ!

ഇനി നമ്മുടെ ഉത്തരാർദ്ധം.

ഇങ്ങനെ ആനയും കുതിരയും സിംഹവും പുലിയുമൊക്കെ തോറ്റുപോകുന്ന വ്യാഘ്രിയായ നായികയെ വീരായിതത്തിനു സമ്മതിക്കാതെ മിഷനറിവടിവു മാത്രത്തിൽ ഒതുക്കുന്ന ഭീകരനാണു നോം എന്നാണു കവി അവകാശപ്പെടുന്നത്.

ഇങ്ങനെയൊക്കെ പച്ചയായി ഒരു കവി എഴുതുമോ എന്നു നിങ്ങൾ സംശയിക്കുന്നുണ്ടാവും. ഉണ്ടെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ വെണ്മണിയെ വായിച്ചിട്ടില്ല എന്നാണ്. പച്ചയായ ഭോഗവർണ്ണനകളും സ്ത്രീകളെപ്പറ്റിയുള്ള അശ്ലീലവർത്തമാനങ്ങളും നിറഞ്ഞവയാണു വെണ്മണിക്കവിതകൾ. പത്തു വയസ്സുള്ള ഒരു പെങ്കൊച്ചിനെപ്പറ്റി

കുളുർമുലകളുരുണ്ടി, ല്ലോമനേ, നീ തിരണ്ടി-
ല്ലിതിനിടയിലനംഗന്നായിരം വില്ലൊടിഞ്ഞു
കളമൊഴി, തവ വായ്ക്കും യൗവനം വന്നുദിക്കു
ന്നളവിലിഹ ഭവിക്കും ഘോഷമെന്തായിരിക്കും

എന്നൊക്കെ എഴുതിയ കക്ഷിയാണ്. ഇന്നായിരുന്നെങ്കിൽ പീഡോഫൈൽ എന്നു പറഞ്ഞ് അങ്ങേരെ ചവിട്ടിക്കൂട്ടിയേനേ.

എഴുതിക്കഴിഞ്ഞപ്പോൾ ശ്ലോകത്തിനു പല പ്രശ്നങ്ങൾ.

  1. ഒന്നാമതായി, ഗുണ്ടർട്ടു തൊട്ടുള്ള മിഷനറിമാർ കേരളത്തിൽ തേരാപ്പാരാ നടക്കാൻ തുടങ്ങിയിട്ടു കാലം കുറേയായെങ്കിലും വെണ്മണിയുടെ കാലത്ത് മിഷനറിവടിവ് എന്ന പ്രയോഗം പ്രചാരത്തിലുണ്ടോ എന്നൊരു സംശയം. ഇനി ഉണ്ടെങ്കിൽത്തന്നെ, മലയാളശ്ലോകത്തിൽ അങ്ങേർ ഇംഗ്ലീഷ് വാക്ക് എഴുതാൻ വഴി കുറവാണ്. ഇന്നും കവിതയിൽ മറ്റു ഭാഷയിലുള്ള വാക്കുകൾ കാണുമ്പോൾ പുരികം ചുളിക്കുന്നവരാണ് അധികവും. പണ്ട് ലാപുട എന്ന ടി. പി. വിനോദ് ബോറടിയുടെ ദൈവം എന്നൊരു കവിത എഴുതിയപ്പോൾ “ബോറടി”യ്ക്കു തത്തുല്യമായ മലയാളം എഴുതണമെന്നു പറഞ്ഞ് ആദ്യം കുടിയൻ എന്നും പിന്നെ അനംഗാരി എന്നും സ്വയം വിളിച്ച ഒരാൾ ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. പിന്നെ ബോറടിയുടെ മലയാളം എന്താണ് എന്നു ലാപുട ചോദിച്ചപ്പോഴാണു ചോദിച്ചവന്മാരൊക്കെ കുഴങ്ങിയത്.

    മാറ്റിയെഴുതി.

    മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കദ്ഭുതത്തെക്കൊടുക്കു-
    ന്നുദ്വേഗം, സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
    ഇത്ഥം മേവുന്ന കുന്നിന്‍ മകളെയടിയിലായ് പൂട്ടി വീരായിതം വ-
    ന്നെത്താതാക്കിസ്സുഖിക്കും മദനരിപുവിനെത്താണിതാ കൈതൊഴുന്നേന്‍!

    ഏതു വിരുന്നുകാരൻ വന്നാലും കോഴിയ്ക്കാണു ബുദ്ധിമുട്ടു് എന്നു പറഞ്ഞതു പോലെ, പണ്ടു വെണ്മണിപ്രസ്ഥാനക്കാർക്കു അശ്ലീലം എഴുതണമെങ്കിൽ ശിവനെയും പാർവ്വതിയെയുമായിരുന്നു പിടിച്ചിരുന്നതു്. അതാണു് ഇങ്ങനെ എഴുതിയതു്. ഇതല്പം കടന്നു പോയി, മതവികാരം വ്രണപ്പെട്ടു എന്നു വല്ലവർക്കും തോന്നുന്നുണ്ടെങ്കിൽ

    നീയെന്നും രതിയിൽ തളർന്ന പതി തൻ നെഞ്ചത്തു കേറിക്കിട-
    ന്നയ്യയ്യേ, തെറി കാട്ടിടും കഥ വിളിച്ചോതും വെളിച്ചത്തു ഞാൻ!

    എന്നു പാർവ്വതിയെ ഒരു വെണ്മണിക്കവി ബ്ലായ്ക്ക്‌മെയിൽ ചെയ്തിട്ടുണ്ടെന്നു് അറിയുക. (വാക്കുകൾ ഇങ്ങനെ തന്നെയാണോ എന്നു് ഉറപ്പില്ല.) സംഗതി വീരായിതം തന്നെ.

    കുന്നിൻ കന്യേ കടുപ്പം, തവ പതി ദിനവും ഗം… പ്രഭോ, വേണ്ട ശാഠ്യം

    എന്നു ശിവനെയും ബ്ലായ്ക്ക്മെയിൽ ചെയ്തിട്ടുണ്ടു്.

    (ഈ ശ്ലോകങ്ങളൊക്കെ മറന്നു പോയി. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി കമന്റായി ഇടുക.)

    വെണ്മണിക്കവികൾ എന്നു പറഞ്ഞാൽ വെൺമണിഅച്ഛനും മഹനും മാത്രമല്ല. ശീവൊള്ളി, ഒറവങ്കര, നടുവത്തച്ഛനും മകനും, ഒടുവിൽ തുടങ്ങി ഒരു പിടി ആളുകളുണ്ടു്. ദാ ശീവൊള്ളി വകയായി പാർവ്വതിയുടെ ആദ്യരാത്രിയ്ക്കു ശേഷമുള്ള പ്രഭാതത്തിന്റെ വർണ്ണന:

    “നെഞ്ഞത്തിന്നലെ രാത്രി പൂച്ച കടികൂടിച്ചാടി വീണോ, നിറം-
    മാഞ്ഞെന്തീ വടു ചുണ്ടി”ലെന്നു സഖിമാരോതിച്ചിരിക്കും വിധൌ
    കുഞ്ഞമ്മിഞ്ഞ കുറച്ചൊളിച്ചൊരു വിധം ചെഞ്ചുണ്ടു പൊത്തി, ഹ്രിയാ
    ഞഞ്ഞമ്മിഞ്ഞ പറഞ്ഞിടുന്നൊരചലക്കുഞ്ഞേ, കനിഞ്ഞീടു നീ!

    (എന്തൊക്കെപ്പറഞ്ഞാലും, ഞാനൊരു രാജാവോ മറ്റോ ആയിരുന്നെങ്കിൽ, ആ കുഞ്ഞമ്മിഞ്ഞ/ഞഞ്ഞമ്മിഞ്ഞ പ്രയോഗത്തിനു് ഒരു വീരശൃംഖല കൊടുത്തേനേ.)

    എഴുതി നോക്കിയെങ്കിലും ശിവനെയും പാർവ്വതിയെയും തൊട്ടുള്ള കളി എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല. അത്ര വലിയ ചമത്ക്കാരമൊന്നും ഉത്തരാർദ്ധത്തിനു് ഇല്ല താനും.

  2. രണ്ട്, ഉദ്വേഗം എന്ന വാക്കിന് എന്റെ മനസ്സിലുണ്ടായിരുന്ന അർത്ഥമല്ല ശരിക്കും. (എന്റെ മനസ്സിൽ എന്താണുണ്ടായിരുന്നതെന്നു ചോദിച്ചാൽ, ഉദ്വേഗം എന്നു കേട്ടപ്പോൾ നിങ്ങളുടെ മനസ്സിൽ വന്ന അർത്ഥം തന്നെ.)
  3. പിന്നെ “നിന്നേ…” എന്നതിലെ വൃത്തം ശരിയാക്കാനുള്ള ആവശ്യമില്ലാത്ത നീട്ടൽ. വെണ്മണിയല്ല കവി എന്നു മനസ്സിലാക്കാൻ ഇതൊക്കെത്തന്നെ ധാരാളം.

മാറ്റിയെഴുതി.

മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കൊത്ത പേശീബലം, ചെ-
ന്നെത്തുമ്പോള്‍ സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
ഇത്ഥം മേവുന്ന നിന്നെത്തനുവിതിനടിയിൽപ്പൂട്ടി, വീരായിതം വ-
ന്നെത്താതാക്കീടുമീയെന്നൊടു കിട മൃഗയാകോവിദന്‍ പാരിലുണ്ടോ?

സംഭവം രാം മോഹന് അയച്ചു. പുള്ളി ഹാപ്പിയായി. ഇതു തന്നെ ശ്ലോകം എന്നു പറഞ്ഞു. ഒരുപാടു കാലമായി നോക്കി നടക്കുകയായിരുന്നു എന്നു പറഞ്ഞു.

ഇതു് ഒരു ഓളത്തിനു പറഞ്ഞതാണു്. രാം മോഹൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ചേട്ടനു വേണ്ടി അന്വേഷിച്ചതാണു് എന്നാണു് ഈയിടെ പറഞ്ഞതു്.

ഇനി എന്നെങ്കിലും രാം മോഹൻ എഡിറ്റു ചെയ്ത് വെണ്മണിക്കൃതികൾ പുറത്തിറങ്ങുകയാണെങ്കിൽ, അതിൽ ഈ ശ്ലോകവും കണ്ടാൽ നിങ്ങൾ അദ്ഭുതപ്പെടേണ്ട. ഇങ്ങനെയൊക്കെയാണു പല കൃതികളും പ്രശസ്തരുടെ പേരിലാകുന്നത്. ഇങ്ങനെയാണ് ഹരിനാമകീർത്തനം എഴുത്തച്ഛന്റേതും “അയിഗിരി നന്ദിനി…” എന്നു തുടങ്ങുന്ന സ്തോത്രം ശങ്കരാചാര്യരുടെയും ആയത്.

സരസശ്ലോകങ്ങള്‍

Comments (8)

Permalink

വാഗ്ഭൂഷണം ഭൂഷണം!

ഭർത്തൃഹരിയുടെ നീതിശതകത്തിൽ നിന്നു് ഒരു ശ്ലോകം:

ശ്ലോകം:

കേയൂരാണി ന ഭൂഷയന്തി പുരുഷം, ഹാരാ ന ചന്ദ്രോജ്ജ്വലാ,
ന സ്നാനം, ന വിലേപനം, ന കുസുമം, നാലംകൃതാ മൂര്‍ദ്ധജാ,
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ –
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം, വാഗ്ഭൂഷണം ഭൂഷണം

അര്‍ത്ഥം:

പുരുഷം : പുരുഷനെ
കേയൂരാണി ന ഭൂഷയന്തി : തോൾവളകൾ അലങ്കരിക്കുന്നില്ല
ന ചന്ദ്രോജ്ജ്വലാ ഹാരാ : ചന്ദ്രനെപ്പോലെ ഭംഗിയുള്ള മാലകളോ
ന സ്നാനം : കുളിയോ
ന വിലേപനം : (ചന്ദനവും സുഗന്ധദ്രവ്യങ്ങളും) പൂശുന്നതോ
ന കുസുമം : പൂ ചൂടുന്നതോ
ന അലംകൃതാ മൂര്‍ദ്ധജാ : ഭംഗിയാക്കി വെച്ചിരിക്കുന്ന തലമുടിയോ
(ന ഭൂഷയന്തി) : അലങ്കരിക്കുന്നില്ല
യാ സംസ്കൃതാ ധാര്യതേ (സാ) വാണീ : സംസ്കാരം വഹിക്കുന്ന വാക്കു്
ഏകാ : അതൊന്നു മാത്രം
പുരുഷം സം-അലംകരോതി : പുരുഷനെ അലങ്കരിക്കുന്നു
സതതം ഭൂഷണാനി ക്ഷീയന്തേ ഖലു : എല്ലാക്കാലത്തും അലങ്കാരങ്ങളും ആഭരണങ്ങളും നശിച്ചു പോകും
വാഗ്ഭൂഷണം ഭൂഷണം : വാക്കു് എന്ന ഭൂഷണം മാത്രം നിലനിൽക്കുന്നു

തോൾവള എന്ന സാധനം മാത്രം ഒഴിവാക്കിയാൽ സംഭവം ഇപ്പോഴും കിറുകൃത്യം. പ്രത്യേകിച്ച് ചാനൽ ചർച്ചകളിൽ കുളിച്ചൊരുങ്ങി വന്നിരുന്നു് അസംബന്ധം പുലമ്പുന്ന പുമാന്മാർക്കു്.


പണ്ടു് സുഭാഷിതത്തിൽ ഒരു ശ്ലോകമിട്ടാൽ ആളുകൾ വന്നു് അതിന്റെ പരിഭാഷകൾ കമന്റായി ഇടുന്ന പതിവുണ്ടായിരുന്നു. ബ്ലോഗ് സോഷ്യൽ മീഡിയയ്ക്കു വഴി മാറിയപ്പോൾ ഇവരെയൊന്നും ടാഗ് ചെയ്യാൻ നിവൃത്തിയില്ലല്ലോ. രാജേഷ് വർമ്മ, സന്തോഷ് പിള്ള, സിദ്ധാർത്ഥൻ, പയ്യൻസ് തുടങ്ങിയവർ ഈ പരിസരത്തുണ്ടെങ്കിൽ ഇവിടെ എത്തണം എന്നു് അപേക്ഷിക്കുന്നു.

സുഭാഷിതം

Comments (10)

Permalink

പോടാ *ശ്രൂ!

(“താറാവുകൾ വഴിനീളെ നടന്നു മുട്ടയിട്ടാൽ പോരാ, സ്വന്തം കൂട്ടിൽ പോയി മുട്ടയിടണം” എന്ന വിശ്വപ്രഭയുടെ ആജ്ഞയെ ശിരസാ വഹിച്ച്, ഫേസ്ബുക്കിലും ഗൂഗിൾ പ്ലസ്സിലും പ്രസിദ്ധീകരിച്ച ഈ സാധനം ഇവിടെയും ഇടുന്നു.)


“നീ എന്താടാ വായിക്കുന്നത്?”

“അത്… അത് ഒരു നോവലാ, അപ്പച്ചാ… ഇതു വായിക്കണം എന്നു സാറു പറഞ്ഞു, അതു കൊണ്ടു വായിക്കുന്നതാ… അല്ലെങ്കിൽ ഞാൻ വായിക്കില്ലായിരുന്നു…”

“അതിനെന്താ മോനേ, നീ വായിച്ചോ… അപ്പച്ചന്റെ അപ്പച്ചനെപ്പോലെ പുസ്തകം വായിച്ചാൽ തലതിരിഞ്ഞു പോകും എന്നൊന്നു അപ്പച്ചൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്താ പുസ്തകത്തിന്റെ പേര്?”

“ധർമ്മപുരാണം”

“ഓ, അതാ നീ നിന്നു പരുങ്ങിയത്… ഹിന്ദുക്കളുടെ പുരാണം വായിച്ചാൽ അപ്പച്ചനു ദേഷ്യമാകുമെന്ന്. എടാ നമ്മുടെ വേദപുസ്തകം പോലെ അതിലും ഒരുപാടു നല്ല കാര്യങ്ങളുണ്ട്. വായിക്കുന്നതു നല്ലതാ…”

“അപ്പച്ചാ, ഇത് അതല്ല. ഇത് ഒരു കഥയാ…”

“എന്തായാലും സാരമില്ല. പിള്ളേരുടെ തല തിരിക്കുന്ന തെറിപ്പുസ്തകങ്ങളുണ്ടല്ലോ, അതൊന്നും വായിക്കാതിരുന്നാൽ മതി…”

“ഇതിൽ ഇത്തിരി തെറിയൊക്കെയുണ്ട് അപ്പച്ചാ…”

“എന്തു തെറി, ഒരെണ്ണം വായിച്ചേ…”

“അത് അപ്പച്ചാ…”

“ചുമ്മാ വായീരെടാ…”

“അത്… ശ്മശ്രുക്കളേ….”

“ഫ… എന്തോന്ന്?”

“അതാ അപ്പച്ചാ ഞാൻ പറഞ്ഞത്. സംഗതി നമ്മളു സാധാരണ പറയുന്ന വാക്കല്ലെങ്കിലും അതു തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. സംസ്കൃതത്തിലാണെന്നേ ഉള്ളൂ…”

“മനസ്സിലായെടാ. ഞാൻ പഴയ എട്ടാം ക്ലാസ്സാ… ഇതൊക്കെ മനസ്സിലാക്കാനുള്ള മലയാളവും സംസ്കൃതവും ഒക്കെ എനിക്കും അറിയാം.”

“ഇങ്ങനത്തെ വാക്കൊക്കെ ഉണ്ട്…”

“ഏതു വാദ്ധ്യാരാടാ ഇതൊക്കെ വായിക്കണമെന്നു പറഞ്ഞത്? ആ കഴ്വേർടെ മോനെ ഒന്നു കണ്ടിട്ടേ ഉള്ളൂ കാര്യം…”

“അയ്യോ, സാറിനെ ഒന്നും പറയണ്ടാ. നമുക്കൊക്കെ ഉള്ള സാധനമല്ലേ അപ്പച്ചാ അത്?”

“അതു ശരി, നമുക്കൊക്കെ ഉള്ള സാധനം ഇങ്ങനെ പരസ്യമായി പുറത്തു കാണിച്ചു കൊണ്ടു നടക്കുകയാണോ?”

“അല്ലപ്പച്ചാ, ഈ രോമം എന്നല്ലേ അതിന് അർത്ഥം ഉള്ളൂ. അതിനിപ്പോ…”

“രോമമോ? അതെങ്ങനെ അതു രോമമാകും?”

“അപ്പച്ചാ, ശ്മശ്രു എന്നു വെച്ചാൽ രോമം എന്നാ അർത്ഥം.”

“ഓ, ശ്മശ്രു ആയിരുന്നോ? അതു ശരി… അയാളു ചുമ്മാ “മൈരേ” എന്നു ദേഷ്യം വന്നപ്പോൾ വിളിച്ചു, അത്രേ അല്ലാ ഉള്ളോ? അതിപ്പോൾ അപ്പച്ചനും ചാച്ചന്മാരും അമ്മാച്ചന്മാരുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നതല്ലേ?”

“അപ്പച്ചനും അമ്മാച്ചനും അങ്ങോട്ടും ഇങ്ങോട്ടും തായിൽ തുടങ്ങുന്ന തെറിയല്ലിയോ വിളിക്കുന്നത്?”

“അതൊന്നും തെറിയല്ലെടാ, അതൊക്കെ നമ്മുടെ ഭാഷയുടെ ഒരു ഭാഗമല്യോ…”

“അതിരിക്കട്ടേ, എന്താന്നു വിചാരിച്ചാ അപ്പച്ചൻ ആദ്യം കിടന്നു തുള്ളിയത്? സാറിന്റെ തന്തയ്ക്കു വിളിച്ചത്?”

“അതോ, ഞാൻ കേട്ടത് “അശ്രു” എന്നാ… കണ്ണുനീർ എന്ന്. അതു മുട്ടൻ തെറിയല്യോ…”


2017-ന് ഏതാനും വർഷങ്ങൾക്കു ശേഷം എന്തോ സേർച്ചു ചെയ്ത വഴിയ്ക്ക് ഇതു കാണാനിടയായി “ഇതെന്തു കുന്തം?” എന്നു കൺഫ്യൂഷനടിച്ചിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇതിന് അവലംബമായ സംഭവം പറയാം.

2017 മെയ്‌മാസം. ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി. ജെ. പി. സർക്കാർ ഭരിക്കുന്നു. ഭരണത്തിൽ കയറിയതു മുതൽ ആർഷഭാരതത്തിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞ് അബദ്ധങ്ങളുടെ ഒരു കൂമ്പാരം തന്നെ ലോകത്തിന്റെയും ജനത്തിന്റെയും അണ്ണാക്കിൽ തള്ളിക്കൊണ്ടിരിക്കുന്ന ഒരു പറ്റം സ്വാമിമാരും ബാബമാരും സാധ്വിമാരും അരങ്ങു തകർക്കുന്ന കാലം. ഭാരതത്തെപ്പറ്റി ലോകമാദ്ധ്യമങ്ങളിൽ വല്ലപ്പോഴും വാർത്തകൾ വരുന്നത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ അവതരിപ്പിച്ച അബദ്ധങ്ങളും രാഷ്ട്രീയ-സാമൂഹിക-നേതാക്കളുടെ മണ്ടത്തരങ്ങളും ആണ്.

അങ്ങനെയിരിക്കെ രാജസ്ഥാനിലെ ഒരു ജഡ്ജി പെൻഷൻ പറ്റി. പേര് മഹേഷ് ചന്ദ്ര ശർമ്മ. പെൻഷനായപ്പോൾ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഒരു മഹത്തായ ശാസ്ത്രസത്യം വെളിപ്പെടുത്തി. ഭാരതത്തിന്റെ ദേശീയപക്ഷിയായ മയിൽ ഒരു ബ്രഹ്മചാരിയാണ്. ആണ്മയിലിന്റെ കണ്ണുനീർ കുടിച്ചാണ് പെണ്മയിൽ ഗർഭിണിയാകുന്നത്!

2017 ജൂൺ ഒന്നാം തീയതി The Telegraph പ്രസിദ്ധീകരിച്ച വാർത്തയാണു താഴെ.

Indian judge claims peacocks reproduce from tears and that cow urine prevents ageing

An Indian judge has claimed that peacocks do not mate, but sire their offspring through tears.

“A peacock is a lifelong celibate” said Justice Mahesh Chandra Sharma of the Rajasthan High Court in western India on Wednesday.

On his last day as a judge in the state capital, Jaipur, Mr Sharma went on to claim that the peahen gets pregnant after swallowing the peacock’s tears and a peacock or peahen is then born.

Mr Sharma made these remarks immediately after delivering a judgment in which he recommended that the cow, considered holy by India’s majority Hindu community, be declared India’s national animal. The peacock is already the country’s national bird.

ഈ വാർത്ത പുറത്തുവന്നതോടെ ട്രോളുകളുടെ ബഹളമായി. മയിലിനെപ്പറ്റിയും കണ്ണുനീരിനെപ്പറ്റിയും പല പല തമാശകളും പ്രചാരത്തിലായി. പെണ്ണിനെ ഗർഭിണിയാക്കുന്ന കണ്ണുനീരിനെപ്പറ്റി പുറത്തു പറയുന്നത് അശ്ലീലമാണെന്ന രീതിയിലുള്ള ട്രോളുകൾ ധാരാളം ഇറങ്ങി. ഇതിന്റെ പശ്ചാത്തലത്തിലാണ് മുകളിൽ കൊടുത്ത സാങ്കല്പികസംഭാഷണം എഴുതിയത്.

എന്തൊക്കെയുണ്ടു നമ്മുടെ ഭാരതീയപൈതൃകത്തിൽ!

ആക്ഷേപഹാസ്യം (satire)
നര്‍മ്മം

Comments (1)

Permalink

കാലനെക്കാൾ ക്രൂരനായ വൈദ്യൻ

ശാർങ്ഗധരകവിയുടെ ലടകമേളകനാടകത്തിലേതെന്നു പറയപ്പെടുന്ന ഒരു ശ്ലോകം:

ശ്ലോകം:

വൈദ്യഃ ക്രൂരോ, യമഃ ക്രൂരോ
വൈദ്യഃ ക്രൂരോ യമാദപി
യമോ ഹരത്യസൂനേവ
വൈദ്യസ്തു സവസൂനസൂൻ

അര്‍ത്ഥം:

വൈദ്യഃ ക്രൂരഃ : വൈദ്യൻ ക്രൂരനാണു്
യമഃ ക്രൂരഃ : കാലനും ക്രൂരനാണു്
വൈദ്യഃ യമാത് അപി ക്രൂരഃ : വൈദ്യൻ കാലനെക്കാളും ക്രൂരനാണു്
: (കാരണം,)
യമഃ അസൂൻ ഏവ ഹരതി : കാലൻ ജീവനെ മാത്രമാണു് അപഹരിക്കുന്നതു്
വൈദ്യഃ തു : വൈദ്യനാകട്ടേ
സ-വസൂൻ അസൂൻ : ധനത്തോടു കൂടി ജീവനെ
(ഹരതി) : (അപഹരിക്കുന്നു)

ഇതേ ജനുസ്സിൽ പെടുന്ന മറ്റൊരു ശ്ലോകം. ഇവിടെ വൈദ്യനെ കാലന്റെ സഹോദനനാക്കിയിരിക്കുകയാണു്. നിന്ദാസ്തുതിയ്ക്കു് ഉത്തമോദാഹരണം.

ശ്ലോകം:

വൈദ്യരാജ! നമസ്തുഭ്യം
യമരാജസഹോദരം
യമസ്തു ഹരതി പ്രാണാൻ
വൈദ്യഃ പ്രാണാൻ ധനാനി ച

വൈദ്യരാജ! : അല്ലയോ വൈദ്യരാജാ
യമരാജസഹോദരം തുഭ്യം നമഃ : കാലന്റെ സഹോദരനായ നിന്നെ നമസ്കരിക്കുന്നു
യമഃ പ്രാണാൻ ഹരതി തു : യമൻ ജീവിതങ്ങളെ അപഹരിക്കുന്നു
വൈദ്യഃ : വൈദ്യനാകട്ടേ
പ്രാണാൻ ച ധനാൻ : ജീവിതങ്ങളെയും ധനങ്ങളെയും
(ഹരതി) : (അപഹരിക്കുന്നു)

മനുഷ്യരെയും ജന്തുക്കളെയും രോഗത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷപെടുത്താൻ പലപ്പോഴും സ്വന്തം ആരോഗ്യവും ജീവനും അപകടപ്പെടുത്തി കഠിനശ്രമം ചെയ്യുന്ന വൈദ്യനെപ്പറ്റി പഴയ ഭാരതത്തിലെ കവികൾക്കും വലിയ അഭിപ്രായമില്ലായിരുന്നു എന്നു് ഈ ശ്ലോകം വ്യക്തമാക്കുന്നു. വൈദ്യൻ പണം വാങ്ങുന്നു എന്നാണു പരാതി. വൈദ്യൻ വാങ്ങുന്ന പണത്തിന്റെ നല്ലൊരു പങ്കു് അയാൾ സംഭരിക്കുന്ന മരുന്നുകളുടെ വിലയും അതിന്റെ പണിക്കായി ചെലവഴിക്കുന്ന സമയത്തിന്റെ കൂലിയുമായിട്ടും പണക്കൊതിയനായാണു് വൈദ്യനെ പലപ്പോഴും ചിത്രീകരിക്കുന്നതു്. കൊട്ടാരം വൈദ്യന്മാർക്കും മറ്റും സമൂഹത്തിൽ നല്ല സ്ഥാനമുണ്ടെന്നതു ശരി തന്നെ. പക്ഷേ, പഠിച്ച വിദ്യ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന അദ്ധ്യാപകരെയും രാജാവു ചൂണ്ടിക്കാണിക്കുന്നവരെ വെട്ടിക്കൊല്ലുന്ന പടയാളികളെയും പ്രകീർത്തിക്കുന്ന കവികളാരും ഒരു വൈദ്യനെപ്പറ്റി നല്ല രണ്ടു വരി എഴുതിയിട്ടില്ല.


നിത്യവൃത്തിയിലെ ശുദ്ധി എന്നും ഒരു പ്രശ്നമായിരുന്നു. വൃത്തികെട്ട വസ്തുക്കളെ കൈകാര്യം ചെയ്യുന്ന ജോലികൾ ചെയ്യുന്നവരെയെല്ലാം നികൃഷ്ടരായി കരുതിപ്പോന്നു. തോട്ടികളും ക്ഷുരകനും വീടു വൃത്തിയാക്കുന്നവരും വസ്ത്രമലക്കുന്നവരുമൊക്കെ നികൃഷ്ടരായതു് അങ്ങനെയാണു്. അക്കൂട്ടത്തിൽത്തന്നെ വ്രണങ്ങൾ വെച്ചുകെട്ടുകയും ശരീരത്തിന്റെ വൃത്തികെട്ട ഭാഗങ്ങളിലൊക്കെ സ്പർശിക്കേണ്ടി വരുകയും ചെയ്യുന്ന വൈദ്യനു് പൂജ ചെയ്യുകയും ധനം കൈകാര്യം ചെയ്യുകയും ഉപദേശങ്ങൾ നൽകുകയും ഉരുവിട്ടു പഠിപ്പിക്കുകയും ചെയ്യുന്നവർക്കുള്ള പവിത്രത ഉണ്ടായില്ല. അവരുടെ പ്രവൃത്തികളിൽ പ്രകീർത്തിക്കത്തക്കതായ ഒന്നും കവികളൊന്നും കണ്ടുമില്ല. ഈശ്വരനോടു് ഉപമിക്കുമ്പോൾ മാത്രമാണു് വൈദ്യനു് ഒരല്പം സ്തുതി കിട്ടുന്നതു്.

വൈദ്യനെ ഹിംസ ചെയ്യുന്നവനായും കണ്ണിൽ ചോരയില്ലാത്തവനായും ചിത്രീകരിക്കുന്നതിൽ നിന്നാണു് യമനെക്കാൾ ക്രൂരനായവനാണു് എന്ന പ്രയോഗം വരുന്നതു്. ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കുന്നവനല്ല വൈദ്യൻ, മറിച്ചു് ജീവൻ ധനത്തോടൊപ്പം അപഹരിക്കുന്നവനാണു്. ചാവൻ നേരത്തു് അന്ത്യകൂദാശ കൊടുക്കുന്നവനും ചത്തു കഴിഞ്ഞു ബലികർമ്മങ്ങൾ ചെയ്യാൻ സഹായിക്കുന്നവനും കിട്ടുന്ന പുണ്യം പോലും ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച വൈദ്യനു് അർഹതയില്ല.


വൈദ്യനു് ബഹുമാനം കൊടുക്കാത്തതിനു മറ്റൊരു കാരണം കൂടിയുണ്ടു്. മനുഷ്യന്റെ ആയുസ്സു നിർണ്ണയിക്കുന്നതു ദൈവമോ വിധിയോ ആണു്, വൈദ്യനു് യാതൊരു കാര്യവും അതിലില്ല എന്ന സിദ്ധാന്തം വളരെ വ്യാപകമാണു്. വൈദ്യൻ എന്തു ചെയ്താലും “ആയുസ്സെത്തിയാൽ” മരിക്കും. സമയമായില്ലെങ്കിൽ എന്തു സംഭവിച്ചാലും മരിക്കില്ല, എല്ലാത്തിനും അതിന്റേതായ സമയമുണ്ടു് എന്നാണല്ലോ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വിശ്വാസം. അതുകൊണ്ടു തന്നെയാണല്ലോ ചെയ്ത വഴിപാടുകൾക്കും നടത്തിയ പൂജകൾക്കും ചൊല്ലിയ പ്രാർത്ഥനകൾക്കും പരിഹാരക്രിയകൾ കൊണ്ടു് നേർവഴിക്കു തിരിച്ചു വിട്ട ഗ്രഹങ്ങൾക്കും ചികിത്സിച്ച വൈദ്യനെക്കാളും ക്രെഡിറ്റ് കിട്ടുന്നതു്. വിധിയ്ക്ക് വിധി നടത്താനുള്ള ഒരു പാവ മാത്രമാണു വൈദ്യൻ! എത്ര മിടുക്കനായ വൈദ്യൻ എന്തൊക്കെ ചെയ്താലും എല്ലാം ദൈവത്തിന്റെ കയ്യിലാണു് എന്നാണല്ലോ അവസാനവാക്കു്!

ഈ സിദ്ധാന്തം പക്ഷേ മറ്റു ചില പ്രവൃത്തികൾ ചെയ്യുന്നവരെപ്പറ്റി പറയുമ്പോൾ മറന്നു പോകുന്നു. പഠിക്കാൻ യോഗമുണ്ടെങ്കിൽ അദ്ധ്യാപകനില്ലെങ്കിലും പഠിക്കില്ലേ? ഒരു രാജ്യത്തിനു നന്നാവാൻ യോഗമുണ്ടെങ്കിൽ അവിടെ വില്ലാളിവീരന്മാരില്ലെങ്കിലും നന്നാവില്ലേ? വിധിയനുസരിച്ചാണു് എല്ലാം നടക്കുന്നതെങ്കിൽ ഏതെങ്കിലും പ്രവൃത്തിയ്ക്കു മാഹാത്മ്യമുണ്ടോ? പിന്നെന്തിനാണു് അവയിൽ ചിലതിനെപ്പറ്റി വാ തോരാതെ വാചാലരാകുന്നതു്?


ആധുനികകാലത്തു് വൈദ്യന്മാർ ഡോക്ടർമാർക്കു വഴി മാറി. അദ്ധ്യാപകർക്കും പടയാളികൾക്കും, അവർ ഇന്നു ജോലി ചെയ്യുന്നതു വെറും ശമ്പളത്തിനാണെങ്കിൽ കൂടി, പുതിയ മാനങ്ങൾ കൈവന്നു.

ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം മനുഷ്യൻ മനസ്സിലാക്കിയതോടെ ഡോക്ടറുടെ ജോലിയ്ക്കു കുറേയൊക്കെ മാന്യത കിട്ടുകയും അവർക്കു നല്ല വേതനം കിട്ടുകയും ചെയ്തു. പക്ഷേ ആതുരസേവനത്തിലേർപ്പെടുന്നവരോടുള്ള അവജ്ഞ പല രൂപത്തിൽ ഇന്നും മനസ്സുകളിൽ നിലകൊള്ളുന്നു.

എല്ലാ മേഖലകളിലും ഉള്ളതുപോലെ ശുശ്രൂഷാരംഗത്തും ധാരാളം കള്ളത്തരങ്ങൾ ഉണ്ടെന്നുള്ളതു ശരി തന്നെ. എങ്കിലും വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണു് ഡോക്ക്ടർമാരും നേഴ്സുമാരും തങ്ങളുടെ ജോലി നിർവ്വഹിക്കുന്നതു്. ഇത്രയൊക്കെ ചെയ്തിട്ടും രോഗി മരിച്ചാൽ ഡോക്ടറെ തല്ലാനാണു് ആദ്യശ്രമം. ആയുസ്സെത്തുന്ന തിയറിയ്ക്കു് അപ്പോൾ പ്രസക്തിയില്ല. രോഗം ഭേദമായാലേ ആയുസ്സും പൂജയുമൊക്കെ തല നീട്ടൂ.

ഇതിന്റെയൊക്കെക്കൂടെയാണു് പ്രകൃതിചികിത്സകരുടെയും മുറിവൈദ്യന്മാരുടെയും പഴയ കാലത്തു് എല്ലാം ഒലക്കയായിരുന്നെന്നും വാദിക്കുന്നവരുടെയും വെള്ളപ്പാച്ചിൽ. ആധുനികവൈദ്യശാസ്ത്രമാണു് ലോകത്തിലെ എല്ലാ രോഗങ്ങളും കൊണ്ടു വന്നതു് എന്ന വാദം വേറെ. പല കാലഘട്ടങ്ങളിലെ ശരാശരി ആയുർദൈർഘ്യം നോക്കിയാൽ മാത്രം മതി ആധുനികവൈദ്യത്തിന്റെ സംഭാവന മനസ്സിലാക്കാൻ. രോഗനിർണ്ണയത്തിനു് ഉപാധികൾ ഇല്ലായിരുന്ന കാലത്തു് അജ്ഞാതമായിരുന്ന രോഗങ്ങൾ ശാസ്ത്രം പുരോഗമിച്ചതോടു കൂടി അറിയപ്പെട്ടതാണു്. അല്ലാതെ അവ ഇല്ലാതിരുന്നതല്ല. ആധുനികവൈദ്യത്തിൽ മുഴുവൻ കെമിക്കൽസ് ആണു് (ഞങ്ങളുടേതു് ശുദ്ധവും പ്രകൃതിജന്യവുമാണു്. ആ പിന്നെ!), രോഗത്തെയല്ല രോഗലക്ഷണത്തെയാണു് അവർ ചികിത്സിക്കുന്നതു് എന്നൊക്കെയാണു മനുഷ്യശരീരത്തെപ്പറ്റി ഒരു ഗ്രാഹ്യവുമില്ലാത്ത ഈ മുറിവൈദ്യന്മാർ തട്ടിമൂളിക്കുന്നതു്. എല്ലാ രോഗത്തിനും അവരുടെ കയ്യിൽ ചികിത്സയുമുണ്ടു്. രോഗം മൂർച്ഛിച്ചാൽ ആശുപത്രിയിലേക്കു തള്ളി വിടും. രോഗി മരിച്ചാൽ മോഡേൺ മെഡിസിനെ കുറ്റം പറയുകയും ചെയ്യും.


“സുഭാഷിതം” എന്ന പേരിൽ ഈ ശ്ലോകം പ്രസിദ്ധീകരിക്കുന്നതിനു ലജ്ജയുണ്ടു് – അതിനി തമാശയായി പറഞ്ഞതാണു് എന്നു വാദിച്ചാൽ കൂടി. കാരണം, പന്ത്രണ്ടാം നൂറ്റാണ്ടിലെ കവി പറഞ്ഞ അഭിപ്രായം ഇന്നും മനുഷ്യരുടെ മനസ്സിൽ രൂഢമൂലമായി കിടക്കുന്നതാണു്.

മനുഷ്യന്റെ ആരോഗ്യം നന്നാക്കാൻ വേണ്ടി ലക്ഷക്കണക്കിനു കുഞ്ഞുജീവികളിൽ പരീക്ഷണം നടത്തിയും, സ്വന്തം ജീവൻ പണയപ്പെടുത്തി പല തരം ഗവേഷണങ്ങൾ നടത്തിയും, അവിരാമമായി ജ്ഞാനസമ്പാദനം നടത്തുകയും മുമ്പുണ്ടായിരുന്ന തെറ്റുകൾ യഥാകാലം തിരുത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞർക്കും, അവർ കണ്ടുപിടിച്ച തത്ത്വങ്ങളെ ജനോപകാരത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ചികിത്സാരംഗത്തു ജോലി ചെയ്യുന്ന എല്ലാവർക്കും തല കുനിച്ചു് ഒരു നമസ്കാരം!

സുഭാഷിതം

Comments (6)

Permalink

വിദ്യുച്ഛക്തി

പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല മന്ത്രിയായ എം. എം. മണിയ്ക്ക് “വിദ്യുച്ഛക്തി” എന്നു് എഴുതാൻ അറിയില്ല എന്നു പറഞ്ഞതാണു് മലയാളം സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഒരു ട്രെൻഡിംഗ് വാർത്ത. അതിനോടനുബന്ധിച്ചു് ഞാൻ ഫേസ്ബുക്കിൽ രണ്ടു ചോദ്യങ്ങൾ പോസ്റ്റുകളായി ഇട്ടിരുന്നു.

  1. രമേശ് ചെന്നിത്തലയ്ക്ക് വിദ്യുച്ഛക്തി എന്നതു പിരിച്ചെഴുതി സന്ധിനിയമം പറയാൻ പറ്റുമോ?
  2. വിദ്യുച്ശക്തി എന്നെഴുതിയാൽ തെറ്റാണോ രമേശേ?

എന്നിവയായിരുന്നു ആ ചോദ്യങ്ങൾ.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണു് ഈ പോസ്റ്റിൽ. വ്യാകരണലേഖനങ്ങൾ എഴുതിക്കൊണ്ടാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇപ്പോൾ കുറേക്കാലമായി ഒന്നും എഴുതിയിട്ടില്ല. ഇന്നു് ഒരു വ്യാകരണലേഖനം ആയിക്കോട്ടേ.


സ്കൂളിൽ പഠിച്ചവർക്കൊക്കെ വിദ്യുത് + ശക്തി എന്നാണു് വിദ്യുച്ഛക്തിയുടെ പിരിച്ചെഴുത്തു് എന്നു് ഓർമ്മയുണ്ടാവും. പക്ഷേ എങ്ങനെയാണു ത, ശ എന്നിവ ചേർന്നാൽ ച, ഛ എന്നിവയുടെ കൂട്ടക്ഷരം ആവുന്നതു്?

ഇതു് ആദേശസന്ധിയാണെന്നു ചിലർ പറയുന്നതു കണ്ടു. വിൺ + തലം = വിണ്ടലം എന്നതിലെ ത എന്ന അക്ഷരം ട എന്നക്ഷരം ആകുന്നതു പോലെയുള്ള മാറ്റമാണു് ആദേശസന്ധി. ലോപം, ആഗമം, ആദേശം, ദ്വിത്വം എന്നിവ മലയാളസന്ധികൾക്കായി കേരളപാണിനി എന്നറിയപ്പെടുന്ന ഏ. ആർ. രാജരാജവർമ്മ ഉണ്ടാക്കിയ നാലു വിഭാഗങ്ങളാണു്. ഇതും കൊണ്ടു ചെന്നാൽ സംസ്കൃതസന്ധികൾ വിശദീകരിക്കാൻ പറ്റില്ല. സംസ്കൃതത്തിലെ പല വാക്കുകളും ഉണ്ടാകുന്നതു് പല സന്ധിനിയമങ്ങളും കടന്നിട്ടാണു്. വിദ്യുച്ഛക്തി ഒരു നല്ല ഉദാഹരണമാണു്.

സാക്ഷാൽ പാണിനി അഷ്ടാധ്യായിയിൽ കൊടുത്തിരിക്കുന്ന നിയമങ്ങളനുസരിച്ചാണു് ഇതു താഴെ വിശദീകരിക്കുന്നതു്. അതിനു മുമ്പു് പാണിനിയുടെ സൂത്രങ്ങളെപ്പറ്റി അല്പം പറയേണ്ടിയിരിക്കുന്നു.


ഏറ്റവും കുറച്ചു് അക്ഷരങ്ങൾ കൊണ്ടു് സങ്കീർണ്ണങ്ങളായ വ്യാകരണനിയമങ്ങൾ പറയുന്ന സൂത്രങ്ങളാണു് അഷ്ടാധ്യായിയിൽ ഉള്ളതു്. അവ വ്യാഖ്യാനമില്ലാതെ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണു്. വിദ്യുച്ഛക്തിയുടെ സന്ധിനിയമം രമേശ് ചെന്നിത്തലയ്ക്കു പറഞ്ഞു കൊടുക്കാൻ മാത്രമുള്ള വിശദീകരണമേ താഴെ കൊടുക്കുന്നുള്ളൂ.

ആദ്യമായി, അക്ഷരക്കൂട്ടത്തെ സൂചിപ്പിക്കാനായി പാണിനി ഉപയോഗിച്ച ചുരുക്കരൂപം നോക്കാം. പരമശിവൻ ഉടുക്കു കൊട്ടി പാണിനിയ്ക്കു പറഞ്ഞുകൊടുത്തു എന്നു് ഐതിഹ്യങ്ങൾ പറയുന്ന മാഹേശ്വരസൂത്രങ്ങൾ:

അ ഇ ഉ ണ്
ഋ ഌ ക്
ഏ ഓ ങ്
ഐ ഔ ച്
ഹ യ വ ര ട്
ണ്
ഞ മ ങ ണ ന മ്‌
ഝ ഭ ഞ്
ഘ ഢ ധ ഷ്
ജ ബ ഗ ഡ ദ ശ്
ഖ ഫ ഛ ഠ ഥ ച ട ത വ്
ക പ യ്
ശ ഷ സ ര്‌
ല്‌

ഇവിടെ, ഇടത്തു വശത്തു കൊടുത്തിരിക്കുന്നതു് അക്ഷരങ്ങളുടെ ഗ്രൂപ്പുകളും വലത്തുവശത്തു് ആ ഗ്രൂപ്പിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന അനുബന്ധവുമാണു്. ഒരു പറ്റം അക്ഷരങ്ങളെ കാണിക്കാൻ തുടങ്ങുന്ന അക്ഷരത്തെയും തീരുന്ന ഗ്രൂപ്പിന്റെ അനുബന്ധത്തെയും ചേർത്തു പറയുന്നു. ഇങ്ങനെ ചേർത്തു പറയുന്നതിനെ പ്രത്യാഹാരങ്ങൾ എന്നാണു വിളിക്കുന്നതു്.

ഉദാഹരണം:

  1. അച്: അ ഇ ഉ ഋ ഌ ഏ ഓ ഐ ഔ (സ്വരങ്ങൾ)
  2. ഹല്: ഹ യ വ ര ല ഞ മ ങ ണ ന ഝ ഭ ഘ ഢ ധ ജ ബ ഗ ഡ ദ ഖ ഫ ഛ ഠ ഥ ച ട ത ക പ ശ ഷ സ(വ്യഞ്ജനങ്ങൾ)
  3. ഇക്: ഇ ഉ ഋ ഌ

ഇവിടെ ഒരു ചെറിയ ചിന്താക്കുഴപ്പം ഉള്ളതു് “ണ്” രണ്ടു സ്ഥലത്തു് ഉണ്ടെന്നതാണു്. “അണ്” എന്നു വെച്ചാൽ “അ ഇ ഉ” ആകാം. അതു പോലെ “അ ഇ ഉ ഋ ഌ ഏ ഓ ഐ ഔ ഹ യ വ ര ല” എന്നതും ആകാം. ഇതു് ഒരു പ്രശ്നം തന്നെയാണു്. പാണിനി രണ്ടർത്ഥത്തിലും ഇതു് ഉപയോഗിച്ചിട്ടുമുണ്ടു്.

അതു പോലെ, “ഹല്” എന്നു പറഞ്ഞാൽ വ്യഞ്ജനങ്ങളെല്ലാം ആവാം; ഹ എന്ന അക്ഷരം മാത്രവും ആകാം. ഇതിൽ പക്ഷേ പാണിനീയത്തിൽ ചിന്താക്കുഴപ്പമുണ്ടാകാൻ വഴിയില്ല. ഒരക്ഷരത്തിനെ സൂചിപ്പിക്കാൻ പാണിനി പ്രത്യാഹാരങ്ങൾ ഉപയോഗിച്ചിട്ടില്ല. ഹ എന്ന അക്ഷരത്തെ സൂചിപ്പിക്കാൻ “ഹ” എന്നേ പറയൂ. “ഹല്” എന്നു പറയില്ല.

അതുപോലെ, ഒരു വർഗ്ഗത്തെ സൂചിപ്പിക്കാൻ “ഉ” എന്നു ചേർക്കും. ഉദാഹരണമായി, “കു” എന്നു വെച്ചാൽ കവർഗ്ഗം. അതായതു്, “ക ഖ ഗ ഘ ങ” എന്നീ അക്ഷരങ്ങൾ. “ചു” എന്നു വെച്ചാൽ “ച ഛ ജ ഝ ഞ” എന്നീ അക്ഷരങ്ങൾ.

പിന്നെ വ്യഞ്ജനങ്ങളെ നമ്മൾ അ ചേർത്തു വിളിക്കുന്നെങ്കിലും (അബുഗിഡ എന്ന വിഭാഗത്തിൽ പെടുന്ന ഭാഷയായതു കൊണ്ടാണു് ഇങ്ങനെ ചെയ്യുന്നതു്) യഥാർത്ഥത്തിൽ അവ സ്വരമില്ലാത്ത ശുദ്ധവ്യഞ്ജനങ്ങളാണു്. ഉദാഹരണമായി “ശ” എന്നു പറഞ്ഞാൽ “ശ്” എന്നാണു വിവക്ഷ. ഇതു വ്യക്തമാക്കാൻ ഇതിനെ “ശകാരം” എന്നും പറയാറുണ്ടു്. (ശകാരമില്ലാതെ എന്തു പഠിത്തം?)

സ്വരം കലരാത്ത വ്യഞ്ജനത്തെ സൂചിപ്പിക്കാൻ കകാരം, പകാരം എന്നൊക്കെ പറയുമെങ്കിലും ഇതിൽ പെടാത്ത ഒരാൾ ഉണ്ടു് – ര. ര് എന്നതിനെ രകാരം എന്നു പറയില്ല. രേഫം എന്നാണു പറയുക. എന്തൊക്കെ നിയമങ്ങളാണു ഭഗവാനേ!

ഇത്രയൊക്കെ അറിഞ്ഞാൽ നമുക്കു് പാണിനീയസൂത്രങ്ങളെ മനസ്സിലാക്കാം.


വിദ്യുത് + ശക്തി എന്നതിനെ സന്ധി ചേർക്കാൻ താഴെക്കൊടുത്തിരിക്കുന്ന സൂത്രം ഉപയോഗിക്കുന്നു.

(അഷ്ടാധ്യായി 8-4-40) സ്തോഃ ശ്ചുനാ ശ്ചുഃ

ഇതിന്റെ വാച്യാർത്ഥം “സ്തുവിനു് ശ്ചു കൊണ്ടു് ശ്ചു” എന്നു പറയാം. അതായതു്, “ശ്ചു” പുറകിൽ വന്നാൽ “സ്തു” എന്നതു് “ശ്ചു” ആകും എന്നർത്ഥം. “സ്തു” എന്നു വെച്ചാൽ “സ” യും “തു”വും. അതായതു്, “സ ത ഥ ദ ധ ന” എന്നിവ. അതു പോലെ “ശ്ചു” എന്നതു് “ശ ച ഛ ജ ഝ ഞ” എന്നിവ.

അപ്പോൾ മുകളിൽ പറഞ്ഞ സൂത്രം ഇങ്ങനെ വിശദീകരിക്കാം.

ശ, ച, ഛ, ജ, ഝ, ഞ എന്നീ അക്ഷരങ്ങളിൽ ഒരെണ്ണം പുറകിൽ വന്നാൽ സ, ത, ഥ, ദ, ധ, ന എന്നിവ യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവയാകും. അതായതു്, സ→ശ, ത→ച, ഥ→ഛ, ദ→ജ, ധ→ഝ, ന→ഞ എന്നിങ്ങനെ.

ഉദാഹരണമായി,

  1. ശരത് + ചന്ദ്രഃ = ശരച്ചന്ദ്രഃ. സത് + ചിത് + ആനന്ദഃ = സച്ചിദാനന്ദഃ.
  2. മനസ് + ശാസ്ത്രം = മനശ്ശാസ്ത്രം, തപസ് + ശക്തിഃ = തപശ്ശക്തിഃ, ശിരസ് + ഛേദം = ശിരച്ഛേദം.
  3. യജ് + നഃ = യജ്ഞഃ

ഇതനുസരിച്ചു്, വിദ്യുത് + ശക്തി = വിദ്യുച്‌ശക്തി ആകും.


ഇനി വിദ്യുച് + ശക്തി എന്നതു് വിദ്യുച്ഛക്തി ആകുന്നതു് താഴെക്കൊടുത്തിരിക്കുന്ന നിയമം വഴിയാണു്.

(അഷ്ടാധ്യായി 8-4-63) ശശ്ഛോऽടി

പദം ഛേദിച്ചാൽ, “ശഃ ഛഃ അടി” എന്നു വരും. ഇതെന്തു കുന്തം?

ഇവിടെയാണു പാണിനിയുടെ സൂത്രങ്ങളുടെ മറ്റൊരു കൊനഷ്ട്. ഒരു സൂത്രത്തിൽ മുഴുവൻ പറയില്ല. അതിനു മുമ്പുള്ള സൂത്രത്തിൽ പറഞ്ഞിട്ടുള്ളതു് ആവർത്തിക്കുന്ന പ്രശ്നമില്ല. വായിക്കുന്നവൻ അതു കൂടി ചേർത്തു വായിക്കണം.

ഇതിനു മുമ്പുള്ള സൂത്രം ഇതാണു്.

(അഷ്ടാധ്യായി 8-4-62) ഝയോ ഹോऽന്യതരസ്യാം

അപ്പോൾ “ഝയഃ ഹഃ അന്യതരസ്യാം, ശഃ ഛഃ അടി” എന്നു വരുന്നു. എല്ലാം കൂടി ചേർത്തു വായിച്ചാൽ താഴെപ്പറയുന്ന അർത്ഥം കിട്ടും.

  1. ഝയഃ ഹഃ അന്യതരസ്യാം പരസവർണ്ണം: ഝയ്-ക്കു ശേഷം വരുന്ന “ഹ”യ്ക്കു് വേണമെങ്കിൽ അതാതിന്റെ പരസവർണ്ണം (ഘോഷം) ആദേശം. (ഇതിലെ “പരസവർണ്ണം” അതിന്റെയും മുമ്പിലുള്ള “അനുസ്വാരസ്യ യയി പരസവർണ്ണഃ” എന്ന സൂത്രത്തിൽ നിന്നു് അനുവർത്തിക്കുന്നതാണു്.)
  2. ഝയഃ ശഃ ഛഃ അടി അന്യതരസ്യാം: ഝയ്-ക്കു ശേഷം വരുന്ന “ശ”യ്ക്കു്ം, പിന്നിൽ “അട്” വന്നാൽ വേണമെങ്കിൽ “ഛ” ആദേശം.

വിദുച്ഛക്തിയെ കീറിമുറിയ്ക്കാൻ നമുക്കു് രണ്ടാമത്തെ നിയമം മാത്രം എടുത്താൽ മതി.

ഇനി എന്താണ് ഈ ഝയ്, അട് എന്നൊക്കെ പറഞ്ഞാൽ? മുകളിൽ കൊടുത്തിരിക്കുന്ന പാണിനീസൂത്രങ്ങൾ തന്നെ സഹായം:

  1. ഝയ് = ഝ, ഭ, ഘ ഢ ധ, ജ, ബ, ഗ, ഡ, ദ, ഖ, ഫ, ഛ, ഠ, ഥ, ച ട ത, ക, പ (എന്നു വെച്ചാൽ എല്ലാ ഖര-അതിഖര-മൃദു-ഘോഷ-അക്ഷരങ്ങൾ)
  2. അട് = അ, ഇ, ഉ, ഋ, ഌ, ഏ, ഓ, ഹ, യ, വ, ര (സ്വരങ്ങളും മദ്ധ്യമങ്ങളും)

അപ്പോൾ, വിദ്യുച് + ശ് + അക്തി എന്നതു സന്ധി ചേരുമ്പോൾ “ഝയ്”-ൽ ഒന്നായ “ച്”-യ്ക്കു ശേഷം വരുന്ന “ശ്”-നു് പുറകിൽ “അട്”-ൽ ഒന്നായ “അ” വന്നതിനാൽ വേണമെങ്കിൽ “ഛ” ആദേശം ചെയ്യാം. എന്നു വെച്ചാൽ “ശ്” വേണമെങ്കിൽ “ഛ്” ആകാമെന്നു്. നിർബന്ധമില്ല.

എന്നു വെച്ചാൽ, വിദുച് + ശക്തി സന്ധി ചേരുമ്പോൾ വിദ്യുച്ശക്തിയോ വിദ്യുച്ഛക്തിയോ ആകാം എന്നർത്ഥം. ഇതു രണ്ടും ശരിയാണു്.

വിദ്യുച്ഛക്തി മാത്രമല്ല, ആപച്ഛങ്ക, മഹച്ഛക്തി എന്നിവ ആപച്ശക്തി, മഹച്ശക്തി എന്നും പറയാം. “ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്” എന്നെഴുതിയ വള്ളത്തോൾ ചലത് + ശ്രോണി എന്നാണുദ്ദേശിച്ചതെങ്കിൽ (ചല + ശ്രോണി എന്നാവുമോ? ഛേ ഛേ!) അതു ചലച്ഛ്രോണിയോ ചലച്ശ്രോണിയോ ആവണം എന്നും മനസ്സിലായല്ലോ?

ഇപ്പോൾ ചെന്നിത്തലയോടു ചോദിച്ച രണ്ടു ചോദ്യത്തിനും ഉത്തരം കിട്ടിയല്ലോ?


ഇങ്ങനെയുള്ള മൊശടൻ വ്യാകരണം പറഞ്ഞിട്ടു് മുകളിൽ “സ്മരണകൾ” എന്നു കൊടുത്തതെന്തിനാ? ഛേ, പണ്ടു വിശാലൻ പറഞ്ഞതു പോലെ സൈക്കിളിൽ ഡബിളു കയറിപ്പോകുമ്പോൾ പൂടയുള്ള ഒരു മനുഷ്യൻ മൂത്രമൊഴിച്ചു കൊണ്ടിരുന്നതിന്റെ മുകളിൽ കയറിയതും അയാൾ തെറി വിളിച്ചതും പോലെയുള്ള അതിമനോഹരമായ കഥ പ്രതീക്ഷിച്ചു വന്നതെല്ലാം വെറുതെയായെന്നോ?

അയ്യോ, പോകല്ലേ, പോകല്ലേ. ദാ കഥ വരുന്നുണ്ടു്.

എന്റെ അമ്മ ഹൈസ്കൂളിൽ മലയാളാദ്ധ്യാപികയായിരുന്നു എന്നു മുമ്പു പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ടല്ലോ. വളരെക്കാലം അമ്മയ്ക്കു വേണ്ടി എല്ലാ ക്ലാസ്സിലെയും മലയാളം ഫസ്റ്റ് പേപ്പർ ഉത്തരക്കടലാസിന്റെ സിംഹഭാഗവും നോക്കിയിരുന്നതു് ഞാനായിരുന്നു. പദ്യം ഓർമ്മയിൽ നിന്നെഴുതുക, വാക്യത്തിൽ പ്രയോഗിക്കുക, അവസാനത്തിലുള്ള എസ്സേ എന്നിവയൊഴികെയുള്ള സകലമാന ചോദ്യങ്ങളും – ഒബ്ജക്റ്റീവ് ടൈപ്പ് മാത്രമല്ല, വ്യാകരണം, വൃത്തം, അലങ്കാരം, ചേർത്തെഴുതൽ, പിരിച്ചെഴുതൽ, “അവൻ അവിടെ വെച്ച് അങ്ങനെ പറഞ്ഞു”: എവൻ, എവിടെ വെച്ചു്, എങ്ങനെ? ഇജ്ജാതി ചോദ്യങ്ങൾ മുതലായവ – ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നതു്.

അവസാനം മാർക്കു കൂട്ടിയിടുന്നതും അമ്മയായിരുന്നു. അത്യാവശ്യം ലോഗരിതവും കാൽക്കുലസ്സുമൊക്കെ സ്കൂളിൽ പഠിക്കുമ്പോഴേ അറിയാമായിരുന്നെങ്കിലും മാർക്കു കൂട്ടിയിട്ടാൽ എപ്പോഴും എനിക്കു തെറ്റുമായിരുന്നു. n തവണ കൂട്ടിയാൽ n വ്യത്യസ്ത ഉത്തരങ്ങൾ കിട്ടുന്നതും എന്റെ സങ്കലനപ്രക്രിയയുടെ ഒരു സ്വഭാവമായിരുന്നു.

ഞാൻ നോക്കുന്ന ചോദ്യങ്ങൾ ചിലതൊക്കെ അമ്മ പിന്നെ ഒന്നു കൂടി നോക്കുമായിരുന്നു. രണ്ടു തരം കുട്ടികളുടെ പേപ്പറുകളാണു് ഇങ്ങനെ നോക്കുക. ഒന്നു്, നല്ല മാർക്കു കിട്ടുന്ന കുട്ടികളുടേതു്. എന്റെ അശ്രദ്ധ മൂലം റാങ്കു തെറ്റാൻ പാടില്ല. മാത്രമല്ല, നോക്കിയതു തെറ്റിയാൽ മിടുക്കരായ കുട്ടികൾ വിശദീകരണം ചോദിച്ചു കൊണ്ടു് സ്റ്റാഫ് റൂമിൽ വരും. രണ്ടു്, തീരെ മൊണ്ണകളുടെ പേപ്പറുകൾ. ഇവർക്കെങ്ങനെ ഇത്രയും മാർക്കു കിട്ടി എന്ന കൗതൂഹലം മൂലമാണു് അവരുടേതു നോക്കുന്നതു്.

അങ്ങനെയിരിക്കേ, അമ്മയ്ക്കു നല്ല പരിചയമുള്ള ഒരു മൊണ്ണയ്ക്കു് അമ്പതിൽ ഒമ്പതു മാർക്കു് എങ്ങനെ കിട്ടി എന്നു പിടികിട്ടാതെ ഓരോ ചോദ്യമായി നോക്കുമ്പോഴാണു് അമ്മ ഒരു കാഴ്ച കണ്ടതു്.

വിദ്യുത് + ശക്തി എന്നതു ചേർത്തെഴുതാനുള്ള ചോദ്യത്തിന്റെ ഉത്തരമായി വിദ്യുച്ശക്തി എന്നെഴുതിയതിനു ഞാൻ ഫുൾ മാർക്കു കൊടുത്തിരിക്കുന്നു!

“ഡാ,” അമ്മ വിളിച്ചു, “നിന്നെ പേപ്പർ നോക്കാൻ ഏൽപ്പിച്ചപ്പോൾ നിനക്ക് മിനിമം വിവരമുണ്ടെന്നാണു വിചാരിച്ചതു്. വിദ്യുച്ഛക്തി ആണു ശരി എന്നു മൂന്നാം ക്ലാസ്സിലെ കുട്ടിയ്ക്കു പോലും അറിയാമല്ലോടാ…”

“വിദ്യുച്ഛക്തി ശരിയാണു്” എന്നു ഞാൻ.

“പിന്നെ നീ വിദ്യുച്ശക്തിയ്ക്കു മാർക്കു കൊടുത്തതോ?”

“അതു് ഝയഃ ശഃ ഛഃ അടി അന്യതരസ്യാം എന്ന നിയമമനുസരിച്ചു് ശ ഛ ആകുന്നതു വികല്പേന ആയതു കൊണ്ടു്. ആകണമെന്നു നിർബന്ധമില്ല. അതുകൊണ്ടു വിദ്യുച്ശക്തിയും ശരിയാണു്.”

അന്യതരസ്യാം അടി കൊണ്ടതു പോലെ അമ്മ ഒരു നിമിഷം സ്തബ്ദ്ധയായി നിന്നു. “നീ എന്താടാ പിച്ചും പേയും പറയുകയാണോ?”

ഞാൻ അലമാരയിൽ നിന്നു് ഫാദർ ജോൺ കുന്നപ്പള്ളി എഴുതിയ “പ്രക്രിയാഭാഷ്യം” എന്ന പുസ്തകം എടുത്തു കൊണ്ടു വന്നു. അമ്മ സാധനം ഇതു വരെ കണ്ടിട്ടില്ല. ഞാൻ സ്കൂൾ ലൈബ്രറിയുടെ ചാർജുള്ള രാമകൃഷ്ണൻ സാറിനെ മണിയടിച്ചു് അവിടെ നിന്നു പൊക്കിയതാണു്. സംസ്കൃതവ്യാകരണത്തെപ്പറ്റി മലയാളത്തിൽ ഉണ്ടായിട്ടുള്ള രണ്ടു നല്ല പുസ്തകങ്ങളിൽ ഒന്നാണു സാധനം. (മറ്റേതു് ഐ. സി. ചാക്കോയുടെ “പാണിനീയപ്രദ്യോതം”.) “സ്തോഃ ശ്ചുനാ ശ്ചുഃ”വും “ശശ്ഛോऽടി”യും ഒക്കെ കാണിച്ചു കൊടുത്തു.

“എടാ, ഈ കൊച്ചിന്റെ മൊത്തം മാർക്കു കണ്ടോ? നീ ഇതിനു കൊടുത്ത ഒന്നും കൂട്ടി ഒമ്പതു മാർക്കു്! അക്ഷരമെല്ലാം നേരേ ചൊവ്വേ എഴുതാൻ അവൾക്കു് അറിയില്ല. അവളാ ഇനി ഈ സുനാ ഒക്കെ വെച്ചു് ഉത്തരം എഴുതുന്നതു്. ചുമ്മാ തോന്നിയതു് എഴുതിയതായിരിക്കും…”

“ഈ ഉത്തരം എഴുതിയ പിള്ളേരൊക്കെ അതു മനസ്സിലാക്കിയിട്ടാണോ എഴുതിയതു് എന്നു നോക്കിയിട്ടാണോ മാർക്കു കൊടുക്കുന്നതു്? ഉത്തരം ശരിയായാൽ മാർക്കു കൊടുക്കില്ലേ?”

“അതിനു് ഉത്തരം ശരിയല്ലല്ലോ. വിദ്യുച്ഛക്തി അല്ലേ ശരി?”

“വിദ്യുച്ശക്തിയും ശരിയാണല്ലോ. ദേ തെളിവു്…”

“എടാ, സകലമാന മലയാളപുസ്തകത്തിലും വിദ്യുച്ഛക്തി എന്നേ ഉള്ളൂ. വിദ്യുച്ശക്തി എന്നു് എവിടെയെങ്കിലും കാണിച്ചു തരാമോ? പുസ്തകത്തിലോ പത്രത്തിലോ മറ്റോ…”

“പാഠപുസ്തകങ്ങളിലും പത്രങ്ങളിലും ഇല്ലാത്തതു കൊണ്ടു് ഒന്നും തെറ്റാകുന്നില്ല. ഉള്ളതു കൊണ്ടു ശരിയാകുകയുമില്ല. യാദൃശ്ചികം എന്നു തെറ്റായല്ലേ സകലമാന പത്രങ്ങളിലും അച്ചടിച്ചു വരുന്നതു്?”

“എന്തായായാലും വിദ്യിച്ശക്തി എന്ന ഉത്തരത്തിനു് എനിക്കു മാർക്കു കൊടുക്കാൻ പറ്റില്ല,” അമ്മ ചുമന്ന മഷി നിറച്ച പേന കയ്യിലെടുത്തു.

“അതിനു മാർക്കു കൊടുത്തില്ലെങ്കിൽ ഇനി ഞാൻ ഒരു ഉത്തരക്കടലാസും നോക്കാനും പോകുന്നില്ല,” എന്നു ഞാൻ. വാശിയെങ്കിൽ വാശി.

“എടാ, ഇതിനു മാർക്കു കൊടുത്താൽ എസ്സെസ്സെൽസീ പരീക്ഷയ്ക്കും ഇവൾ ഇതെഴുതും. അതു നോക്കുന്നവരൊന്നും മാർക്കു കൊടുക്കുകില്ല.”

“ശരിയായ ഉത്തരത്തിനു മാർക്കു കൊടുക്കുന്നില്ലെങ്കിൽ ഈ എസ്സെസ്സെൽസീ പരീക്ഷയ്ക്കു വിശ്വാസ്യത ഇല്ലെന്നു പറയേണ്ടി വരും.”

“ഇങ്ങനെ ഓരോ കുരുത്തക്കേടു ചെയ്യുന്നതു കൊണ്ടാ നിനക്കു പരീക്ഷയ്ക്കൊക്കെ മാർക്കു പോകുന്നതു്…”

ഞാൻ ഒന്നാം ക്ലാസ്സിൽ വെച്ചു് കൊമ്പില്ലാത്ത ഒരു മൃഗത്തിന്റെ പേരെഴുതാൻ പരീക്ഷയ്ക്കു ചോദിച്ചപ്പോൾ “പിടിയാന” എന്നെഴുതിയിട്ടു് “ഇതിനു മാർക്കു കൊടുക്കണോ വേണ്ടയോ?” എന്നു് ടീച്ചർമാരെക്കൊണ്ടു ഡിബേറ്റ് നടത്തിച്ചതും, ഹൈസ്കൂളിൽ വെച്ചു് “പതിവ്രത, പതിവൃത എന്നിവയിൽ ഏതാണു ശരി?” എന്നു ചോദിച്ചപ്പോൾ “രണ്ടും ശരിയാണു്. ആദ്യത്തേതു പാതിവ്രത്യമുള്ളവൾ, രണ്ടാമത്തേതു് പതിയാലോ പതിമാരാലോ ആവൃതയായവൾ” എന്നെഴുതി മൊട്ട വാങ്ങിയതും ഉൾപ്പെടെയുള്ള അനേകം കുരുത്തക്കേടുകളെയാണു് ആണു് അമ്മ ഭംഗ്യന്തരേണ സൂചിപ്പിച്ചതു്.

“പരീക്ഷയുടെ മാർക്കല്ല പ്രധാനം, വിജ്ഞാനസമ്പാദനമാണു് എന്നു് അമ്മ തന്നെയല്ലേ പറയാറുള്ളതു്?”


അവസാനം അമ്മ ആ ചോദ്യത്തിനു മാർക്കു കൊടുത്തു. അങ്ങനെ എന്റെ വാശി മൂലം ഒരു മാർക്കു കൂടുതൽ കിട്ടിയ ഏതോ ഒരു കുട്ടി ഇലന്തൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ എവിടെയോ ഉണ്ടു്. ഗതി പിടിച്ചോ എന്തോ?

ആ കുട്ടിയോടു ഞാനും കടപ്പെട്ടിരിക്കുന്നു. പത്തുമുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം കേരളത്തിലെ ഒരു മന്ത്രിയും പ്രതിപക്ഷനേതാവും ഒരു പ്രതിസന്ധിയിൽ പെട്ടപ്പോൾ അവരെ സഹായിക്കാൻ എനിക്കു് ഇതൊക്കെ ഇപ്പോഴും ഓർമ്മയുള്ളതു് അവൾ മൂലമാണല്ലോ!

വ്യാകരണം (Grammar)
സ്മരണകള്‍

Comments (9)

Permalink

ഉഡുരാജമുഖീ….

ഞാൻ ബ്ലോഗിൽ സംസ്കൃതം എഴുതാൻ തുടങ്ങിയ കാലം മുതൽക്കേ പലരും പരാമർശിക്കുന്ന ഒരു ശ്ലോകമാണ് ഉഡുരാജമുഖീ എന്നു തുടങ്ങുന്നത്. പണ്ടു മറ്റൊരു ശ്ലോകം വിസ്തരിച്ച എന്റെ ബ്ലോഗ്‌പോസ്റ്റിൽ വന്നു പെരിങ്ങോടൻ ഇതിനെപ്പറ്റി പറഞ്ഞിരുന്നു. ഏവൂരാനെയും ഇത് വലച്ചിട്ടുണ്ട്. ഇന്നലെ ഇതാ ഫ്രാൻസിസ് സിമി നസ്രേത്ത് ഫേസ്ബുക്കിൽ ഈ ശ്ലോകവും അർത്ഥവും ഇപ്പോൾത്തന്നെ കിട്ടിയേ കഴിയൂ എന്നു വിളിച്ചുകൂവുന്നു.

മറ്റു പല ശ്ലോകങ്ങളും ഞാൻ ഇവിടെ എഴുതി അർത്ഥം വിവരിച്ചിട്ടുണ്ടെങ്കിലും ഇത് ഉൾക്കൊള്ളിച്ചിട്ടില്ല. അത് ഇപ്പോൾ ചെയ്യാം എന്നു കരുതുന്നു.

ശ്ലോകം:

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപഃ? ക്വ തപഃ? ക്വ സമാധിവിധിഃ?

അര്‍ത്ഥം:

ഉഡു-രാജ-മുഖീ : നക്ഷത്രങ്ങളുടെ നാഥനായ ചന്ദ്രനെപ്പോലെയുള്ള മുഖം ഉള്ളവളും
മൃഗ-രാജ-കടീ : മൃഗങ്ങളുടെ രാജാവായ സിംഹത്തിന്റേതു പോലെയുള്ള കടിപ്രദേശം (അരക്കെട്ട്) ഉള്ളവളും
ഗജ-രാജ-വിരാജിത-മന്ദ-ഗതീ : ആനകളുടെ രാജാവായി വാഴുന്നവൻ നടക്കുന്നതു പോലെയുള്ള കുഴഞ്ഞ നടപ്പ് ഉള്ളവളും
സാ യുവതീ : (ആയ) ഒരു യുവതി
യദി ഹൃദയേ വസതി : ഹൃദയത്തിൽ താമസിക്കുന്നു എങ്കിൽ
ക്വ ജപഃ? : ജപം എവിടെക്കിടക്കുന്നു?
ക്വ തപഃ? : തപസ്സ് എവിടെക്കിടക്കുന്നു?
ക്വ സമാധി-വിധിഃ? : സമാധിവിധി എവിടെക്കിടക്കുന്നു?

ആരാണ് ഈ ശ്ലോകം എഴുതിയതെന്ന് അറിയില്ല. മുനിയോ സന്ന്യാസിയോ മറ്റോ ആകാൻ ശ്രമിക്കുന്ന ഒരുവൻ എഴുതുന്ന മട്ടിലുള്ള ഒരു ശ്ലോകമാണ് ഇത്. ഒരു പെണ്ണു മനസ്സിൽ കടന്നു കൂടിയാൽ പിന്നെ ഈപ്പറഞ്ഞ കാര്യമൊന്നും നടക്കില്ല എന്നു സാരം.

ഈ ശ്ലോകത്തിനു പല പാഠഭേദങ്ങളും ഉണ്ട്. മൂന്നാം വരിയിൽ “ഹൃദയേ വസതി” എന്നതിനു പകരം “നികടേ വസതി” എന്നാണ് ഒന്ന്. “അടുത്ത് ഇരിക്കുന്നെങ്കിൽ” എന്നർത്ഥം. മനസ്സിൽ ഒന്നും കയറണ്ട, അടുത്തിരുന്നാലും മതിയത്രേ! നാലാം വരിയിൽ “ക്വ സമാധിരതിഃ” എന്നും കണ്ടിട്ടുണ്ട്. “സമാധിയിലുള്ള ആഗ്രഹം എവിടെ?” എന്നർത്ഥം.


തോടകം എന്ന വൃത്തമാണ് ഇതെഴുതാൻ ഉപയോഗിച്ചിരിക്കുന്നത്. “സഗണം കില നാലിഹ തോടകമാം” എന്നു ലക്ഷണം. “തരരാ തരരാ തരരാ തരരാ” എന്നു പറഞ്ഞാൽ തോടകമാകും. എം എസ് സുബ്ബലക്ഷ്മി പാടി നമ്മൾ ധാരാളം കേട്ടിട്ടുള്ള വേങ്കടേശ്വരസുപ്രഭാതത്തിൽ വസന്തതിലകവൃത്തത്തിലുള്ള സുപ്രഭാതം കഴിഞ്ഞാൽ കേൾക്കുന്ന “കമലാകുചചൂചുകകുങ്കുമതോ-നിയതാരുണിതാരുണനീലതനോ” എന്ന സ്തോത്രവും (അർത്ഥം പറയുന്നില്ല. സ്തോത്രമാണെങ്കിലും അല്പം അശ്ലീലമാണ്.) അതിന്റെ പാരഡിയായി പിള്ളേർ പാടി നടക്കുന്ന “അതിരാവിലെ കുട്ടനു…” തുടങ്ങിയ പല പാട്ടുകളുടെയും വൃത്തം ഇതു തന്നെ. മേൽപ്പത്തൂരിന്റെ നാരായണീയത്തിൽ കാളിയമർദ്ദനം വർണ്ണിക്കുന്ന “അഥ ദിക്ഷു വിദുക്ഷു പരിക്ഷുഭിത…” എന്നും മറ്റുമുള്ള ശ്ലോകങ്ങളാണ് ഈ വൃത്തത്തിൽ ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മനോഹരമായവ.

ഈയിടെ പുലിമുരുകനിലെ “മുരുകാ മുരുകാ പുലിമുരുകാ…” എന്ന പാട്ട് ഉഡുരാജമുഖിയുടെ കോപ്പിയടിയാണെന്നു പറഞ്ഞ് ഏതോ വിവരദോഷികൾ രംഗത്തിറങ്ങിയിരുന്നു. ഇവർക്കൊന്നും തോടകവൃത്തത്തെപ്പറ്റി ഒരു പിടിയും ഇല്ലെന്നു തോന്നുന്നു. രണ്ടും ഒരേ വൃത്തമാണെന്നതു മാത്രമാണ് തമ്മിലുള്ള സാമ്യം.


കവിയും സഹൃദയനുമായ പി. സി. മധുരാജ് ഇതിനു ബദലായി ഒരു ശ്ലോകമെഴുതി. ജപത്തിനെയും തപസ്സിനെയും സമാധിയെയും ഒക്കെ അപഹസിക്കുന്ന ശ്ലോകത്തോടു പ്രതിഷേധിച്ചാണ് ഇതെഴുതിയതെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഉഡുരാജമുഖിയ്ക്കു ശേഷം അക്ഷരശ്ലോകസദസ്സിൽ ചൊല്ലാൻ പറ്റുന്ന വിധത്തിൽ “യ” എന്ന അക്ഷരത്തിലാണ് ഈ ശ്ലോകം എഴുതിയത്.

യദി ഹൃത്‌കമലേ മധുപാനരതോ
വരദോ മുരളീധരഭൃംഗവരഃ
സുമഗന്ധസുഭക്തിരസേ സരസഃ
ക്വ സഖേ തരുണീകബരീവിപിനം?

അര്‍ത്ഥം:

സഖേ : അല്ലയോ സുഹൃത്തേ,
സുമ-ഗന്ധ-സു-ഭക്തി-രസേ ഹൃത്-കമലേ : പൂവിന്റെ മണവും ഭക്തിരസവും നിറഞ്ഞ (എന്റെ) ഹൃദയമാകുന്ന താമരയിൽ
മധു-പാന-രതഃ : തേൻ കുടിക്കാൻ ഇഷ്ടമുള്ളവനും
വരദഃ സരസഃ : വരം തരുന്നവനും സരസനും (ആയ)
മുരളീ-ധര-ഭൃംഗ-വരഃ : മുരളീധരൻ എന്ന ശ്രേഷ്ഠനായ വണ്ട്
യദി : ഉണ്ട് എങ്കിൽ
തരുണീ-കബരീ-വിപിനം ക്വ? : പെണ്ണിന്റെ തലമുടിയാകുന്ന കാട്് എനിക്കെന്തിനാണ്?

ഒരു ശ്ലോകത്തിൽ വാച്യമായും വ്യംഗ്യമായും പല കാര്യങ്ങളും ചേർക്കുന്നത് മധുരാജിന്റെ സ്വഭാവമാണ്. ഈ ശ്ലോകം അതിന് ഒരു അപവാദമല്ല. സുന്ദരികളുടെ തലമുടി വണ്ടുകളെപ്പോലെയാണെന്നാണ് കവിസങ്കേതം. (അളിവേണീ എന്ന വിളി ഓർക്കുക.) ശ്രീകൃഷ്ണനോടുള്ള ഭക്തി മനസ്സിൽ നിറഞ്ഞിരുന്നാൽ ഒരു ഉഡുരാജമുഖിക്കും തന്നെ ഇളക്കാൻ പറ്റില്ല എന്ന് ആ ശ്ലോകത്തിന്റെ ചുവടുപിടിച്ച് എഴുതിയതിനാൽ വ്യംഗ്യം.


മധുരാജിന്റെ ഈ ശ്ലോകത്തെ സന്തോഷ് ഒരിക്കൽ “പരിഭാഷായന്ത്രം” എന്നു വിശേഷിച്ച രാജേഷ് വർമ്മ അതേ വൃത്തത്തിൽ തന്നെ ഇങ്ങനെ പരിഭാഷപ്പെടുത്തി.

ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്‌?


ഇങ്ങനെയൊക്കെയാണെങ്കിലും പലർക്കും വേണ്ടത് ഈ ശ്ലോകങ്ങളൊന്നുമല്ല. ജോയ് ആലുക്കാസിന്റെ ഒരു പരസ്യത്തിൽ അല്പവസ്ത്രധാരിണികളായ ചില സുന്ദരികൾ നൃത്തമാടിപ്പാടിയ ഉഡുരാജമുഖിയെയാണ്. വീഡിയോ ഇവിടെ ഉണ്ട്. മതിയാവോളം കാണാം.

ഇതിന്റെ അർത്ഥമാണ് പലർക്കും വേണ്ടത്. ഇത് എന്തു പടപ്പാണെന്നു വലിയ പിടിയില്ല. മൊത്തം സംസ്കൃതമല്ല. കുറച്ചൊക്കെ മലയാളമുണ്ട്. ഇതെഴുതിയത് ബാലചന്ദ്രൻ ചുള്ളിക്കാടാണെന്ന് m3db പറയുന്നു. ഉള്ളതാണോ എന്തോ?

പദാനുപദതർജ്ജമയ്ക്കൊന്നും ഒരുമ്പെടുന്നില്ല. ഏകദേശാർത്ഥം താഴെച്ചേർക്കുന്നു.

നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
നിഖില നിത്യാനന്ദ മന്ദാകിനി

തുല്യം പറയാൻ ഒന്നുമില്ലാത്ത ബ്രഹ്മാണ്ഡത്തെപ്പോലെ മോഹിപ്പിക്കുവളും, എന്നും മൊത്തത്തിൽ ആനന്ദത്തിന്റെ ഗംഗാനദിയും…

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ

… ചന്ദ്രനൊപ്പം മുഖമുള്ളവളും, സിംഹത്തിന്റെ അരക്കെട്ടുള്ളവളും, ഗജരാജനെപ്പോലെ നടക്കുന്നവളും…

ഘനസാരസുഗന്ധി വിലാസിനി നീ
കനകാംഗി വികാരസമുദ്രസുതേ

… കടുത്ത മണമുള്ളവളും വിലാസിനിയും ആണു നീ, അല്ലയോ സ്വർണ്ണവർണ്ണമുള്ള അവയവങ്ങളോടുകൂടി വികാരത്തിന്റെ കടലിൽ നിന്ന് ഉണ്ടായവളേ…

നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം

കണ്ണുകളിൽ കറുത്ത കാന്തങ്ങൾ (അഞ്ജനം പോലെ ഭംഗിയുള്ള കണം എന്നും ആവാം), ചുണ്ടിൽ കാമദേവന്റെ തേൻതുള്ളിയുടെ രസം,…

പ്രണയോജ്വലകാവ്യകലാവതി നീ
സുരലോകവിഹാരിണി ചാരുലതേ

ഉജ്വലമായ പ്രണയകാവ്യത്തിന്റെ കലാകാരിയാണു നീ, ദേവലോകത്തിൽ (ആരോ പറഞ്ഞതു പോലെ സുര കിട്ടുന്ന ലോകത്ത്, അതായത് ബാറിൽ, എന്നും ആവാം) വിഹരിക്കുന്ന ചാരുലതയാണു നീ.

ഗണരഞ്ജിത കാഞ്ചന കാന്തിമയം
സ്തനകുംഭതരംഗിത സഞ്ചലനം

നാട്ടുകാരുടെ മുഴുവൻ ഹാലിളക്കുന്ന സ്വർണ്ണാഭരണങ്ങളാൽ നേടിയ സൗന്ദര്യവും, കുടം പോലെയുള്ള മുലകൾ കുലുക്കിയുള്ള നടപ്പും,…

മണിമേഖലപൂണ്ട നിതംബതടം
നവപത്മദലാഭ പുണര്‍ന്ന പദം

… രത്നങ്ങൾ കൊണ്ടുണ്ടാക്കിയ അരഞ്ഞാണം ചുറ്റിക്കിടക്കുന്ന നിതംബവും പുതിയ താമരപ്പൂവു പോലെയുള്ള കാലടികളും… (ഉള്ള)

നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
നിഖില നിത്യാനന്ദ മന്ദാകിനി

തുല്യം പറയാൻ ഒന്നുമില്ലാത്ത ബ്രഹ്മാണ്ഡത്തെപ്പോലെ മോഹിപ്പിക്കുവളും, എന്നും മൊത്തത്തിൽ ആനന്ദത്തിന്റെ ഗംഗാനദിയും (ആയവളേ…)

എന്നു വേണമെങ്കിൽ അർത്ഥം പറയാമെന്നു തോന്നുന്നു.

ഇനിയുമാരെങ്കിലും ഈ ഉഡുരാജമുഖിയെ ചോദിച്ചാൽ, ദാ ഈ ലിങ്കു കൊടുത്തോളൂ…

സരസശ്ലോകങ്ങള്‍

Comments (5)

Permalink

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ രാത്രി…

ഇതുപോലൊരു രാത്രിയിലാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…

ഓന്തിനും ദിനോസറിനുമൊക്കെ ശേഷമാണെങ്കിലും വളരെക്കാലം മുമ്പാണ്. കാളിദാസൻ മുതൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വഴി കുമാരനാശാൻ വരെയുള്ളവർ എഴുതിയ ശ്ലോകങ്ങളിലൊക്കെ ആറാടി, ഇതാണു കവിതയുടെ പാരമ്യം എന്നു കരുതി, വേണമെങ്കിൽ ഏതു സംസ്കൃതവൃത്തത്തിൽ വേണമെങ്കിലും പത്തു ശ്ലോകം തട്ടിക്കൂട്ടാൻ കഴിയും എന്ന സ്ഥിതിയിലെത്തി, നാലഞ്ചു സമസ്യാപൂരണങ്ങൾ ഭാഷാപോഷിണിയിലും മറ്റും പ്രസിദ്ധീകരിച്ച്, അങ്ങനെ സ്വയം ഒരു ഭാവിമഹാകവിപ്പട്ടം ചാർത്തി ജീവിക്കുന്ന കാലം.

കോളേജിലെ യുവജനോത്സവത്തിലോ സാഹിത്യക്ലബ്ബിന്റെ മത്സരത്തിലോ മറ്റോ കവിതാരചനയ്ക്കു ചേർന്നു. കുറേ കവികൾ മത്സരത്തിനുണ്ടായിരുന്നു.

കവിതയുടെ വിഷയം തന്നു: രാത്രി.

“ഇതെന്തൊരു ഊ…ഷ്മളമായ വിഷയമാഡേയ്…” എന്നു ചോദിച്ചു കൊണ്ട് പല കവികളും ഇറങ്ങിപ്പോയി. ഞങ്ങൾ കുറേപ്പേർ മാത്രം ശേഷിച്ചു.

എനിക്ക് വിഷയം ക്ഷ പിടിച്ചു. രാത്രിയെ വർണ്ണിച്ച് ഒരു ഖണ്ഡകാവ്യം എഴുതിയാലോ? അല്ലെങ്കിൽ അതു വേണ്ട, ഒരു കഥ പറഞ്ഞുകളയാം. പ്രണയബദ്ധരായ യുവതീയുവാക്കൾ. യുവതി വലിയ കുടുംബത്തിലേത്. യുവാവ് പാവപ്പെട്ടവൻ. അന്നത്തെ നാട്ടുനടപ്പനുസരിച്ച് കവിയോ ചിത്രകാരനോ പാട്ടുകാരനോ ഓടക്കുഴലൂതുന്നവനോ ആട്ടിടയനോ മറ്റോ ആവാം. അവരുടെ പ്രണയം നടക്കുന്ന ഒരു രാത്രിയെ വർണ്ണിച്ചു കളയാം.

പിന്നീട് അവരുടെ പ്രണയം അവളുടെ തന്ത കണ്ടുപിടിച്ചു കഴിഞ്ഞ് അവനെ തുറുങ്കിലടയ്ക്കുന്നു. (“ഏതു കോത്താഴത്തിലാണെഡേയ് ഈ കഥ നടക്കുന്നത്?” എന്നു ചോദിക്കരുത്. അക്ബർ ചക്രവർത്തിയുടെ കാലത്താണെന്നു വിചാരിച്ചോളൂ.) പിറ്റേന്നു നേരം വെളുക്കുമ്പോൾ അവനെ കൊല്ലാൻ പോവുകയാണ്. അതിന്റെ തലേ രാത്രിയെയാണ് (കാളരാത്രി എന്നും പറയും) ഞാൻ ഇനി വർണ്ണിക്കാൻ പോകുന്നത്.

സംഭവം എറിക്കും. വായിക്കുന്ന സാർ അദ്ഭുതസ്തബ്ദ്ധനാകും. പി. ഡബ്ലിയൂ ഡീയിൽ നിന്ന് അവാർഡ് മേടിച്ചു തരും.

ആദ്യഭാഗം പുഷ്പിതാഗ്രയിൽ കാച്ചി. മണിപ്രവാളം. ദ്വിതീയാക്ഷരപ്രാസം. അനുപ്രാസം. സ്വഭാവോക്തി. വൈദർഭിരീതി. അംഗിയായ രസം ശൃംഗാരം.

മുഴുമതി വെളിവായ് വിളങ്ങി നിൽക്കും
പൊഴുതു മനോഹരി, നിൻ മടിത്തടത്തിൽ
അഴകെഴുമൊരു രാവിൽ ഞാൻ പ്രമോദേ
മുഴുകി രസിച്ചു കിടന്നതോർമ്മയുണ്ടോ?

മൂന്നാമത്തെ വരിയിൽ ഞാൻ പ്രമോദിനെ വിളിക്കുകയാണ് എന്നു കരുതരുത്. പ്രമോദേ = പ്രമോദത്തിൽ. അകാരാന്തം നപുംസകലിംഗം സപ്തമ്യേകവചനം. സംഭവം സംസ്കൃതമാണ്. ഞാൻ ഒരു മണിപ്രവാളകവിയായിപ്പോയതു കൊണ്ട് ഇങ്ങനെ സംസ്കൃതമൊക്കെ പ്രയോഗിക്കാം. ലീലാതിലകമാണ് നമ്മുടെ പീനൽ കോഡ്.

തെളിമയൊടുഡുവൃന്ദമൊത്തു വാനിൽ
കുളുർമതി മന്ദഹസിച്ചു നിന്നിരുന്നു;
ചലമിഴി, യവിടന്നു പക്ഷികൾ തൻ
കളകളനാദമുയർന്നു കേട്ടിരുന്നു.

“പിന്നേയ്, രാത്രിയിലല്ലേ പക്ഷികൾ കളകളനാദം പൊഴിക്കുന്നത്? നിനക്കു രാത്രി എന്താണെന്നറിയുമോഡേയ്? പക്ഷി എന്താണെന്നു തെരിയുമോഡേയ്? ഒരു കപി വന്നിരിക്കുന്നു…” എന്നായിരിക്കും ഇതു വായിച്ച സാർ മനസ്സിൽ പറഞ്ഞത്. മൂങ്ങയെന്താ പക്ഷിയല്ലേ സാർ? അതെന്താ മൂങ്ങയ്ക്ക് കളകളനാദം പൊഴിച്ചു ചിലച്ചാൽ?

ഇതു പിന്നീടു വായിച്ച എന്റെ സുഹൃത്ത് വിനോദ് ശങ്കർ (ഞങ്ങൾ ചങ്കരൻ എന്നു വിളിച്ചിരുന്നു. കുറേക്കാലം “കുണ്ടൻ മാക്രി” എന്ന പേരിൽ ഫേസ്ബുക്കിൽ സജീവമായിരുന്നു. ഇപ്പോൾ ഏതോ ബ്രഹ്മാണ്ഡകമ്പനിയുടെ ജെനറൽ മാനേജരോ മറ്റോ ആണ്.) ചോദിച്ചു: “അവൾക്കെന്താടാ വല്ല കണ്ണിൽ സൂക്കേടുമായിരുന്നോ, കണ്ണിലൊക്കെ ചലം വരാൻ?”

“ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്…” എന്നു വള്ളത്തോൾ പ്രയോഗിച്ചിട്ടുണ്ട്.

ഇളകുന്ന ചന്തിയുള്ളവൾ എന്ന അർത്ഥം വരാൻ ചലത് + ശ്രോണി = ചലച്ഛ്രോണി എന്നു വരണം. വിദ്യുത് + ശക്തി = വിദ്യുച്ഛക്തി ആകുന്നതു പോലെ. അത് ഇതിനെക്കാൾ വൃത്തികേടായതു കൊണ്ടാവും വള്ളത്തോൾ ചലശ്രോണി മതി എന്നു തീരുമാനിച്ചത്.

ചലിക്കുന്ന ശ്രോണിയുള്ളവൾ എന്ന അർത്ഥത്തിൽ വള്ളത്തോളിന് ചലശ്രോണി എന്നു പ്രയോഗിക്കാമെങ്കിൽ ചലിക്കുന്ന മിഴികളുള്ളവൾ എന്ന അർത്ഥത്തിൽ (ബഹുവ്രീഹിസമാസം) എനിക്കു ചലമിഴി എന്നും പ്രയോഗിക്കാം. വള്ളത്തോളിന്റെ ചലമുള്ള ചന്തിയെക്കാൾ വൃത്തികേടു കുറവാണല്ലോ എന്റെ ചലമുള്ള കണ്ണ്? നീ പോടാ മോനേ ചങ്കരാ…

ഇജ്ജാതി ഒരു ഡസൻ പുഷ്പിതാഗ്രകളിൽ പ്രണയരാത്രിയെ വർണ്ണിച്ചതിനു ശേഷം കാളരാത്രിയെ വർണ്ണിക്കാനുള്ള ശ്രമമായി. അപ്പോൾ ഒരു സംശയം: വായിക്കുന്നവന് ഇവ തമ്മിലുള്ള കണക്ഷൻ മനസ്സിലാവുമോ? ഇതിനിടയിലുള്ള കഥ ഒരു ശാർദ്ദൂലവിക്രീഡിതശ്ലോകത്തിൽ സംഗ്രഹിച്ചു. ആട്ടക്കഥകളിൽ രണ്ടു പദങ്ങൾക്കിടയിലുള്ള കഥ “ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്…” എന്നിങ്ങനെ ശ്ലോകത്തിൽ കഴിക്കാറില്ലേ ഉണ്ണായി വാര്യരും മറ്റും? അതു പോലെ. “പിന്നേതോ ദുരിതം പിടിച്ച നിശയിൽ…” എന്നോ മറ്റോ ആയിരുന്നു അക്രമം. ശ്ലോകം ഓർമ്മയില്ല. ഓർമ്മയില്ലാത്തതു നന്നായി. ഉദ്ധരിച്ചാൽ പെറ്റ തള്ള കൂടി സഹിക്കില്ല.

ഇനിയാണു കാളരാത്രി. കാളരാത്രിയെ വർണ്ണിക്കാൻ പറ്റിയ രണ്ടു വൃത്തമേ ഉള്ളൂ. ശിഖരിണി എന്ന സംസ്കൃതവൃത്തവും അന്നനട എന്ന ഭാഷാവൃത്തവും. അന്നനട തന്നെ സ്വീകരിച്ചു. വൃത്തത്തിന്റെ സെലക്‌ഷനു തന്നെ ഒരു പത്തു മാർക്കു കൂടുതൽ വീഴാൻ ചാൻസുണ്ട്.

അകലെയായ് കാട്ടുകഴുകന്മാർ ജഡം
ചികയും ശബ്ദമിങ്ങുയർന്നു കേൾക്കുന്നു…

നിങ്ങളുടെയൊക്കെ മുജ്ജന്മസുകൃതം മൂലം ഇത്രയുമേ എനിക്ക് ഓർമ്മയുള്ളൂ. മൊത്തം ഓർത്തിരുന്നെങ്കിൽ കാളരാത്രിയുടെ കരാളത നിങ്ങളെ കാർന്നു തിന്നേനേ. അടുത്ത ഹാലോവിൻ ദിനത്തിൽ നാട്ടുകാരെ പേടിപ്പിക്കാൻ ഹോണ്ടഡ് ഹൗസുകളിൽ ഈ കവിത ഉറക്കെ വെച്ചേനേ.

ഇങ്ങനെ മൂന്നു വൃത്തങ്ങളിലായി ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ഖണ്ഡകാവ്യം എഴുതിത്തീർത്തിട്ട് ഞാൻ മുറി വിട്ടിറങ്ങി. വൃത്തവും അലങ്കാരവും ഒന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്ത മറ്റു കവിമ്മന്യന്മാരോടുള്ള പുച്ഛം കടിച്ചമർത്തിക്കൊണ്ട്.

റിസൽറ്റു വന്നപ്പോൾ എനിക്കു സമ്മാനമൊന്നുമില്ല. ഹെന്ത്! ഇതിലും നന്നായി കവിതയെഴുതുന്നവർ ഇവിടെയുണ്ടെന്നോ?

ഒന്നാം സ്ഥാനം നാട്ടുകാർ “കവി കുട്ടമത്ത്” എന്നു വിളിക്കുന്ന ഉപേന്ദ്രനാണ്. (രണ്ടു മൂന്നു കൊല്ലം മുമ്പ് ഇദ്ദേഹത്തിന് ഞാൻ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. ഇതു വരെ ആക്സപ്റ്റ് ചെയ്തിട്ടില്ല.) ഞാൻ ഉപേന്ദ്രന്റെ മുറിയിൽ പോയി തല ചൊറിഞ്ഞു നിന്നു.

“ങും, എന്താ?”

“കവിതാരചനയ്ക്ക് ഫസ്റ്റ് കിട്ടിയെന്നറിഞ്ഞു. അഭിനന്ദനങ്ങൾ!”

ഉപേന്ദ്രൻ തറയിൽ നിന്ന് ഏകദേശം അരയടി പൊങ്ങി വായുവിൽ തങ്ങി നിന്നു. “ഏയ്, അതൊന്നും ഇല്ല. എഴുതി വന്നപ്പോൾ ആശയങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നു…”

“ആ കവിത ഒന്നു വായിക്കാൻ തരാമോ?” വല്ല സ്രഗ്ദ്ധരയിലോ മത്തേഭത്തിലോ മറ്റോ ആയിരിക്കാം പഹയൻ എഴുതിയത്. ഷോഡശപ്രാസവും ശ്ലേഷവും ഒക്കെ ഉണ്ടായിരുന്നിരിക്കും.

ഉപേന്ദ്രൻ വിജൃംഭിച്ചു പൊട്ടിത്തെറിക്കുമെന്ന പരുവമായി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. സ്വപ്നമാണോ എന്നറിയാൻ കയ്യിലിരുന്ന് എരിയുന്ന സിഗരറ്റു കൊണ്ട് കയ്യിൽ കുത്തി നോക്കി.

എന്നിട്ടു മേശവലിപ്പു തുറന്ന് കവിത എടുത്ത് എനിക്കു നീട്ടി.

കവിത വാങ്ങി ഞാൻ വായിച്ചു.

ഇതു പോലെയൊരു രാത്രിയിലാണ്
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…

ഇതേതു വൃത്തം?

ഓ, മനസ്സിലായി. കടമ്മനിട്ട “വേട്ടക്കാരവരുടെ കൈകൾ വെട്ടും ഞാൻ കൽമഴുവോങ്ങി…” എന്നെഴുതിയ താളം തന്നെയാണ് “ഇതു പോലെയൊരു രാത്രിയിലാണ്…” എന്ന വരിക്ക്. പക്ഷേ അടുത്ത വരി ശരിയാവുന്നില്ലല്ലോ….

ഞാൻ കവിത മുഴുവൻ വായിച്ചു. ഇതിനു വൃത്തവും താളവും അലങ്കാരവും ഒന്നുമില്ലല്ലോ…

ഇതു പോലെയൊരു രാത്രിയിലാണ്
എന്റെ പെങ്ങൾ വ്യഭിചാരിണിയായത്…

ഹോ! ഇതിനി വല്ല ലേഖനമോ ആത്മകഥയോ മറ്റോ ആണോ? ഇങ്ങനെയൊക്കെ കവിതയെഴുതുന്നവർ ഉണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാലും മൂന്നു കിടിലൻ വൃത്തങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തോടെ എഴുതിയ ഒരു ഗംഭീരകവിതയെ പിന്തള്ളി ഇതിനു സമ്മാനം കിട്ടിയെന്നോ? ഹൂ ഈസ് ദ ജഡ്ജ്? ഞാൻ രോഷം കൊണ്ടു വിറച്ചു.

എന്തായാലും ആ ജഡ്ജിനോടു മലയാളഭാഷ ആജീവനാന്തം കടപ്പെട്ടിരിക്കുന്നു. ഞാൻ ഇതോടെ കവിതാരചന നിർത്തി!


ഇവിടെ ഇപ്പോൾ ഓഗസ്റ്റ് 14 രാത്രി. ഇതു പോലെയൊരു രാത്രിയിലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്….

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

കവിതകള്‍ (My poems)
നര്‍മ്മം
നൊസ്റ്റാൽ‌ജിയ
സ്മരണകള്‍

Comments (3)

Permalink