ദക്ഷിണഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു അക്ഷരസംഖ്യാരീതിയായിരുന്നു പരല്‍പ്പേരു്. ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.
ഓരോ അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 0 |
ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ |
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന |
പ | ഫ | ബ | ഭ | മ | |||||
യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ, റ |
അ മുതല്‍ ഔ വരെയുള്ള സ്വരങ്ങള്‍ തനിയേ നിന്നാല്‍ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങള്‍ക്കു സ്വരത്തോടു ചേര്‍ന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേര്‍ന്നാലും ഒരേ വിലയാണു്. അര്‍ദ്ധാക്ഷരങ്ങള്‍ക്കും ചില്ലുകള്‍ക്കും അനുസ്വാരത്തിനും വിസര്‍ഗ്ഗത്തിനും വിലയില്ല. അതിനാല്‍ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ.
വാക്കുകളെ സംഖ്യകളാക്കുമ്പോള്‍ പ്രതിലോമമായി ഉപയോഗിക്കണം. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങള്‍ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി.
മ = 5
ഇ = 0
ക്ഷ = ഷ = 6
ശ്രീ = ര = 2
മ്യോ = യ = 1
വാക്കുകള്‍ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.
സ്വച്ഛന്ദം = 824 (വ = 4, ഛ = 2, ദ = 8 )
ചണ്ഡാംശു = 636 (ച = 6, ഡ = 3, ച = 6)
ഗണിതശാസ്ത്രത്തില്‍ മാത്രമല്ല, മറ്റു പല മണ്ഡലങ്ങളിലും പരല്‍പ്പേരിന്റെ ഉപയോഗം കാണാം. ചില ഉദാഹരണങ്ങള്‍:
- കര്‍ണ്ണാടകസംഗീതത്തില്‍ 72 മേളകര്‍ത്താരാഗങ്ങള്‍ക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്. ഉദാഹരണമായി,
- ധീരശങ്കരാഭരണം : ധീര = 29, 29-)ം രാഗം
- കനകാംഗി : കന = 01 = 1, 1-)ം രാഗം
- ഖരഹരപ്രിയ : ഖര = 22, 22-)ം രാഗം
- സാഹിത്യകൃതികളില്‍ കലിദിനസംഖ്യയും മറ്റും മുദ്രാരൂപേണ സൂചിപ്പിച്ചിരുന്നു. മേല്‍പ്പത്തൂരിന്റെ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൌഖ്യം എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീര്‍ന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.
- നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരല്‍പ്പേരു വഴി സാധിച്ചിരുന്നു. ഉദാഹരണമായി, ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഇതാ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വക ഒരുശ്ലോകം:
- വിനോദത്തിനു്: കൊച്ചുനമ്പൂതിരിയുടെ ഈ ശ്ലോകം നോക്കൂ:
ഇല്ലാ പാലെന്നു ഗോപാലന്‍ – ആംഗ്ലമാസദിനം ക്രമാല്‍
ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലര്‍ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലന്‍ = 31 എന്നിങ്ങനെ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ ദിവസങ്ങള്‍ കിട്ടും.
ന്നന്‍പത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും
സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചില്‍ സ്മരിച്ചീടിലി-
ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചില്‍ സുഖിക്കാമെടോ!
81 = വ്യാജം, 17 = സത്യം, 51 = കൃഷ്ണ, 33 = ലീല, 705 = മനസ്സു്, 51 = കാമം, 65 = മോക്ഷം എന്നു വിശദീകരിച്ചെങ്കിലേ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ.
അമേരിക്കയില്‍ (മറ്റു രാജ്യങ്ങളിലും) ടെലിഫോണ്‍ നമ്പരുകള്‍ ഓര്‍ക്കാന്‍ ഇതുപോലെയൊരു സംവിധാനമുണ്ടു്. 2 = ABC, 3 = DEF, 4 = GHI, 5 = JKL, 6 = MNO, 7 = PQRS, 8 = TUV, 9=WXYZ എന്നിങ്ങനെ. ഉദാഹരണമായി, 1-800-FLOWERS = 1-800-356-9377. ഫോണില്‍ ഈ അക്ഷരങ്ങള്‍ ഉള്ളതുകൊണ്ടു് ഡയല്‍ ചെയ്യാനും എളുപ്പം. പക്ഷേ, 0, 1 എന്നീ അക്കങ്ങള്‍ക്കു അക്ഷരമില്ലാത്തതും, 9 പോലെയുള്ള അക്കങ്ങള്‍ക്കു “വികടാക്ഷരങ്ങള്‍” മാത്രമുള്ളതും ഇതുപയോഗിച്ചു് അര്‍ത്ഥമുള്ള വാക്കുകള്‍ ഉണ്ടാക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു. പരല്‍പ്പേരു് ഇതിനെ അപേക്ഷിച്ചു വളരെ മികച്ചതാണു്. ഒരു സംഖ്യയ്ക്കു പറ്റിയ അര്‍ത്ഥമുള്ള ഒരു വാക്കുണ്ടാക്കാന്‍ വളരെ ശ്രമിക്കേണ്ട കാര്യമില്ല.
ഉദാഹരണങ്ങള്‍ ഇവിടെ നിര്‍ത്തുന്നു. ധാരാളം ഉദാഹരണങ്ങള്‍ ഇനി വരുന്ന ലേഖനങ്ങളില്‍ ഉണ്ടാവും.
February 10th, 2006 at 2:15 am
പരല്‍പ്പേരു പരിപാടി കൊള്ളാമല്ലോ..
ആദ്യമായാണു കേള്‍ക്കുന്നത്….
അമേരിക്കക്കാരന്റെ സൂത്രം എല്ലായിടത്തും വിലപ്പോവില്ലല്ലോ..
February 10th, 2006 at 4:11 am
1. കൊല്ലവര്‍ഷത്തോടു ‘ശരജം‘ (528 തിരിച്ചിട്ട് 825) കൂട്ടിയാല്‍ ക്രിസ്ത്വബ്ദം കിട്ടും.
ഉദാ: 1181 + ശരജം = 2006.
2. ഒരു കാര്യം കൂടി: സാധാരണ ‘റ’യ്ക്ക് പൂജ്യം ആണെങ്കിലും കൂട്ടക്ഷരത്തില്‍ അന്ത്യമായിവരുന്ന ‘റ’യ്ക്ക് ‘ര‘യുടെ വില (അതായത് 2) കണക്കാക്കണം.
February 10th, 2006 at 6:34 am
നന്ദി വിശ്വം.
കൊല്ലത്തില്‍ “തരളാംഗ“ (3926) ത്തെ-
ക്കൂട്ടിയാല്‍ കലിവര്‍ഷമാം;
കൊല്ലത്തില്‍ “ശരജം” (825) കൂട്ടി-
ക്കൃസ്തുവര്‍ഷം ചമയ്ക്കണം
എന്നു പൂര്‍ണ്ണശ്ലോകം. കലണ്ടറുകളെപ്പറ്റിയും കലിദിനസംഖ്യയെപ്പറ്റിയും പിന്നീടെഴുതുന്നുണ്ടു്. അപ്പോള്‍ ഇതു സൂചിപ്പിക്കാമെന്നു കരുതി. പരല്‍പ്പേരിനെപ്പറ്റി ഒരു ആമുഖമെന്നേ ഉദ്ദേശിച്ചുള്ളൂ.
കൂട്ടക്ഷരത്തിന്റെ അവസാനം നാം “റ്” എന്നുച്ചരിക്കുന്നതു രേഫമായിട്ടാണല്ലോ കണക്കാക്കുന്നതു് എന്നു കരുതിയാണു് അതു് പ്രത്യേകം പറയാഞ്ഞതു്. ചൂണ്ടീക്കാട്ടിയതിനു നന്ദി.
“എണ്‍പത്തൊന്നതു…” എന്ന ശ്ലോകം വിശ്വം അക്ഷരശ്ലോകസദസ്സില്‍ ചൊല്ലിയതു് അടിച്ചുമാറ്റിയതാണു്. ക്ഷമിക്കുമല്ലോ
February 10th, 2006 at 7:17 am
ഉമേഷ് മാഷേ,
നന്നായീ, ഇതൊക്കെ അറിവുള്ളവരുടെ പക്കലില്‍ നിന്നും വരുമ്പോള്‍ പഠിക്കാന്‍ ഉത്സാഹം കൂടും.
പിന്‍ സീറ്റിലിരുന്നോളാം..
February 10th, 2006 at 9:15 am
വിശദീകരണം ആദ്യമേ കൊടുത്തുവല്ലേ, ഇതുകാണാതെ ഇതിനുശേഷം വന്ന പോസ്റ്റില്‍ ഞാനൊരു അഭിപ്രായമെഴുതിയിട്ടുണ്ടു്. അതു കണക്കില്‍ പെടുത്തേണ്ടാ.
February 14th, 2006 at 9:52 pm
കോളംബം തരളംഗാഢ്യം
ഗോത്രഗായകവര്‍ദ്ധിതം
കുലൈരാപ്തഫലം ത്വേക-
യുക്തം ശുദ്ധകലിര്‍ ഭവേത്.
കലിദിനം = kol + 3926; * 11323; / 31; + 1
ഇതില്‍നിന്നും ആഴ്ചദിവസം കണ്ടുപിടിക്കുന്ന വിദ്യ ഉമേഷ് പറയട്ടെ.
February 14th, 2006 at 10:11 pm
ഇതു ഞാന്‍ കണ്ടിട്ടില്ല വിശ്വം. തരളാംഗം (3926) കലിവര്‍ഷവും കൊല്ലവര്‍ഷവും തമ്മിലുള്ള വ്യത്യാസമാണെന്നറിയാം. പിന്നീടുള്ളതു് ആദ്യം മനസ്സിലായില്ല. പിന്നെ 11323 / 31 = 365.25806…. ആണെന്നു മനസ്സിലായപ്പോള്‍ എല്ലാം ക്ലിയറായി.
കോളംബം എന്നു വച്ചാല്‍ കൊല്ലവര്‍ഷം. (”കൊല്ലാബ്ദം” എന്നായിരിക്കുമോ?) അതിനോടു് 3926 കൂട്ടിയാല്‍ കലിവര്‍ഷം കിട്ടും. അതിനെ 11323 (ഗോത്രനായക) കൊണ്ടു ഗുണിച്ചു് 31 (കുലം) കൊണ്ടു ഹരിച്ചാല്‍, അതായതു് 365.25806… കൊണ്ടു ഗുണിച്ചാല്‍ കലിവര്‍ഷം തുടങ്ങിയതു തൊട്ടുള്ള ദിവസങ്ങളുടെ എണ്ണം കിട്ടും.
കണ്ടിട്ടു് കൊല്ലവര്‍ഷം തുടങ്ങുന്ന ദിവസത്തെ (ചിങ്ങം 1) കലിദിനം കണ്ടുപിടിക്കുന്നതുപോലെയുണ്ടു്. പക്ഷേ ആകാന്‍ വഴിയില്ല. കാരണം, കലിവര്‍ഷം തുടങ്ങിയതു് ഒരു ഫെബ്രുവരിയിലാണു്, ഓഗസ്റ്റിലല്ല.
വിശ്വം തന്നെ പറയട്ടെ.
February 15th, 2006 at 4:43 am
ചിങ്ങത്തിലല്ല, മേടത്തിലാണ്.
അതായത് ആ കൊല്ലം മേടം ഒന്നിനുള്ള കലിദിനം ആണു സിദ്ധമാവുക.
എന്നിട്ട് ആവശ്യമുള്ള തീയതിയിലേക്കുള്ള ദിവസങ്ങള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യണം. അപ്പോള്‍ ആ തീയതിയിലെ കലിദിനമാവും.
കലിദിനം ഓരോ ദിവസത്തിനും Corresponding ആയതിനാല്‍, ഏഴിന്റെ ശിഷ്ടസംഖ്യാക്രമം ഓര്‍ത്തിരുന്നാല്‍, ആഴ്ച്ച കണ്ടുപിടിക്കാന്‍ വിഷമം വരില്ല.
ഉദാ: കൊല്ലം 1173 മിഥുനം 32 (1998 ജൂലൈ 16) (ഹരിശ്രീയുടെ ജന്മദിനം)
a) 1173മേടം 1 നു കലിദിനം
((1173+3926)*11323/31)+1 = 1862451.871:=1862452
b) Till മിഥുനം 32,
മേടം(31)+ഇടവം(31)+മിഥുനം (31); i.e. +93
മിഥുനം 32 നു കലിദിനം = 1862545
MOD(1862545,7) = 6 = വ്യാഴം
( ശിഷ്ടം 0 വന്നാല്‍ വെള്ളി. 1=ശനി, 2=ഞായര്‍, ഇങ്ങനെ 6=വ്യാഴം വരെ.)
വേണമെങ്കില്‍ മേടത്തില്‍നിന്നും പിന്നോട്ടുപോയി ചിങ്ങം വരെയും കാണാവുന്നതാണ്. അത്രയും ദിവസങ്ങള്‍ കുറയ്ക്കണമെന്നു മാത്രം.
ആഴ്ചശ്ലോകം ഓര്‍മ്മവരുന്നില്ല. പതിവനുസരിച്ച് ഒന്നുരണ്ടാഴ്ച്ചക്കുള്ളില്‍ സ്വപ്നത്തില്‍ ഓര്‍മ്മ വന്നോളും.