ഒരു വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അനുപാതമായ പൈയുടെ വില ഓര്‍ക്കാന്‍ പാശ്ചാത്യര്‍ പല വേലകളും ഉപയോഗിക്കാറുണ്ടു്. ഇതിനെക്കാളും മനോഹരവും ഉപയോഗപ്രദവുമായ പല വിദ്യകളും പരല്‍പ്പേര്‍ ഉപയോഗിച്ചു് ഭാരതീയഗണിതശാസ്ത്രജ്ഞന്മാര്‍ ആവിഷ്കരിച്ചിട്ടുണ്ടു്. അവയില്‍ ചിലതു ചുവടെച്ചേര്‍ക്കുന്നു.
ഇവയ്ക്കു് ഗണിതചരിത്രത്തില്‍ വലിയ പ്രാധാന്യമില്ല. അതാതു കാലത്തു് അറിവുണ്ടായിരുന്ന മൂല്യങ്ങള്‍ പദ്യത്തിലാക്കി എന്നു മാത്രം.
- കരണപദ്ധതി (15-ാം ശതകം):
അനൂനനൂന്നാനനനുന്നനിത്യൈ-
സ്സമാഹതാശ്ചക്രകലാവിഭക്താഃ
ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈര്‍-
വ്യാസസ്തദര്‍ദ്ധം ത്രിഭമൌര്‍വിക സ്യാത്അതായതു്, അനൂനനൂന്നാനനനുന്നനിത്യം (10000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല (31415926536) ആയിരിക്കും എന്നു്. എത്ര മനോഹരമായ വാക്കുകളാണുപയോഗിച്ചിരിക്കുന്നതെന്നു നോക്കൂ.
- കടത്തനാട്ടു ശങ്കരവര്‍മ്മ സദ്രത്നമാലയില്‍:
ഏവം ചാത്ര പരാര്‍ദ്ധവിസ്തൃതിമഹാവൃത്തസ്യ നാഹോക്ഷരൈഃ
സ്യാദ്ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗിഃഅതായതു്, പരാര്‍ദ്ധം (1017) വ്യാസമുള്ള വൃത്തത്തിന്റെ പരിധി 314159265358979324 (ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗിഃ) ആണെന്നര്‍ത്ഥം. ഈ പദ്യഭാഗത്തിനു മറ്റൊരു വാച്യാര്‍ത്ഥമുണ്ടെന്നതു മറ്റൊരു കാര്യം.
- ഏറ്റവും ഭംഗിയുള്ളതു് അജ്ഞാതകര്‍ത്തൃകമായ ഈ കുഞ്ഞുശ്ലോകമാണു്. ഒരു ശ്രീകൃഷ്ണസ്തുതിയായ ഈ ശ്ലോകത്തില്‍ പൈയുടെ വില പതിനാറു അക്കങ്ങള്‍ക്കു ശരിയായി (15 ദശാംശസ്ഥാനങ്ങള്‍ക്കു ശരിയായി) ഇടത്തുനിന്നു വലത്തോട്ടു തന്നെ വായിക്കത്തക്കവിധം കൊടുത്തിരിക്കുന്നു.
ഗോപീഭാഗ്യമധുവ്രാതശൃംഗീശോദധിസന്ധിഗ
ഖലജീവിതഖാതാവഗലഹാലാരസന്ധര
ഇതു് 31415926 53589793 23846264 33832795 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു. ഇതിന്റെ അവസാനത്തെ അക്കത്തില്‍ മാത്രം തെറ്റുണ്ടു്. ഒരു പക്ഷേ, എന്റെ ഓര്‍മ്മയിലുള്ള ശ്ലോകം തെറ്റായിരിക്കാം.
February 10th, 2006 at 2:19 am
ഇതിപ്പൊ നാക്കു വടിച്ചാലെ കണക്കു വഴങ്ങൂ എന്ന സ്ഥിതിയാരുന്നല്ലോ മാഷേ….
February 10th, 2006 at 9:10 am
ഒരു വിശദീകരണം കൂടി കൊടുക്കണം മാഷെ, ഈ ശ്ലോകം വായിച്ചു് ഇതിലെവിടെ അക്കം എന്നാലോചിക്കുകയാണു്. ഏകം, ദശം, ശതം, അയുതം എന്നിവ വിട്ടു നമുക്കാകട്ടെ വേറെ സംഖ്യകളില്ല. വേര്‍ഡ്പ്രസ്സിന്റെ തീം മലയാളത്തിനു പറ്റിയതല്ലെന്നു തോന്നുന്നു, വായിക്കാന്‍ ഭയങ്കര കഷ്ടം. എന്റെ ഒരു ടെസ്റ്റ് ബ്ലോഗില്‍ ഈ വായിക്കാന്‍ എളുപ്പത്തിനായി ഞാന്‍ ക്ലാസിക്ക് തീം ഉപയോഗിക്കുകയാണുണ്ടായത്. http://peringodan.wordpress.com/
February 10th, 2006 at 6:57 pm
പെരിങ്ങോടരേ,
പല തീമും നോക്കിയിട്ടു് ഒന്നും പിടിച്ചില്ല. ദാ, പിന്നെയും മാറ്റിയിട്ടുണ്ടു്. നോക്കുക.
പരല്‍പ്പേരു ലേഖനത്തിലേക്കു് ഒരു കണ്ണി ചേര്‍ത്തിട്ടുണ്ടു്. വേര്‍ഡ്പ്രെസ്സില്‍ ഞാനോരു ശിശുവാണു്. പഠിച്ചുവരട്ടേ.