പ്രോത്സാഹനം

സുഭാഷിതം

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തില്‍ നിന്നൊരു ശ്ലോകം:

ആപരിതോഷാദ് വിദുഷാം
ന സാധു മന്യേ പ്രയോഗവിജ്ഞാനം
ബലവദപി ശിക്ഷിതാനാം
ആത്മന്യപ്രത്യയം ചേതഃ

അര്‍ത്ഥം:

പ്രയോഗവിജ്ഞാനം : പ്രയോഗിക്കുന്ന വിജ്ഞാനം
വിദുഷാം ആപരിതോഷാത് : വിദ്വാന്മാരുടെ അഭിനന്ദനം കിട്ടുന്നതു വരെ
സാധു ന മന്യേ : വിലയുള്ളതായി കരുതപ്പെടുന്നില്ല
ബലവത് ശിക്ഷിതാനാം അപി : നല്ലതുപോലെ പഠിച്ചവര്‍ക്കു പോലും
ചേതഃ ആത്മനി അപ്രത്യയം : മനസ്സു് ആത്മവിശ്വാസമില്ലാത്തതാണു്.

ബ്ലോഗെഴുത്തുകാര്‍ കമന്റു കാംക്ഷിക്കുന്നതു് ഇതുകൊണ്ടാണോ എന്നറിയില്ല. സീനിയര്‍ ബ്ലോഗര്‍മാര്‍ പുതിയ എഴുത്തുകാരെ തിരിഞ്ഞു നോക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നില്ല എന്ന മുറവിളിയും കേള്‍ക്കാറുണ്ടു്. (എന്താണു് ഈ സീനിയര്‍/ജൂനിയര്‍/സബ് ജൂനിയര്‍ ബ്ലോഗര്‍‌മാരെന്നു് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല.)

ആവാന്‍ വഴിയില്ല. ആണെങ്കില്‍ കുറേ പോസ്റ്റുകള്‍ എഴുതിക്കഴിയുമ്പോള്‍ ആത്മവിശ്വാസം കിട്ടുകയും കമന്റുകള്‍ക്കു വേണ്ടിയുള്ള മുറവിളി നിര്‍ത്തുകയും ചെയ്യേണ്ടതാണു്. ഇതിനു പറ്റിയ പദ്യം പൂന്താനത്തിന്റെ ജ്ഞാനപ്പാന അല്പം മാറ്റിയാല്‍ കിട്ടും.

എത്രയുണ്ടു കമന്റുകളെങ്കിലും
തൃപ്തിയായിടാ ബ്ലോഗര്‍ക്കൊരു കാലം;
പത്തു കിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം കമന്റ് പോസ്റ്റിനുണ്ടാകിലും
അയുതമാകുകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ വലയുന്നു ബ്ലോഗര്‍മാര്‍

സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലര്‍;
ബ്ലോഗകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍.

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.

സത്തുക്കള്‍ ചെന്നിരന്നാലുമാക്കമ-
ന്റല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍
ചത്തുപോം നേരം ബ്ലോഗര്‍ പ്രൊഫൈല്‍ പോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും.

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട ബ്ലോഗിന്നു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ബ്ലോഗ്.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ബ്ലോഗ്.
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ബ്ലോഗ്.

കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,
ഇത്‌ഥമോരോന്നു ബ്ലോഗിയിരുന്നീടീല്‍
ഹിറ്റു കിട്ടാതെയായിടും ദൈവമേ!

കൂടിയല്ല നാം ബ്ലോഗുന്ന നേരത്തും
കൂടിയല്ല കമന്റുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

🙂


ആര്യ എന്ന മാത്രാവൃത്തത്തിലുള്ള ഈ ശ്ലോകത്തിനു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ അനുഷ്ടുപ്പിലുള്ള പരിഭാഷ:

വിജ്ഞന്മാരഭിനന്ദിച്ചേ
വിജ്ഞാനം സാധുവായ് വരൂ;
നല്ല ശിക്ഷ കഴിച്ചോര്‍ക്കും
ഇല്ല വിശ്വാസമാത്മനി.