സ്കൂളില്‍ ചേര്‍ക്കാനും മറ്റും അത്യാവശ്യമായ വാക്സിനേഷനുകള്‍ ഒഴികെ ഒന്നും എനിക്കു കിട്ടിയിട്ടില്ല. എനിക്കറിയാവുന്ന പല ആളുകളുടെയും സ്ഥിതി അതാണു്. വാക്സിനേഷനുകള്‍ എടുക്കാഞ്ഞതു കൊണ്ടു് അവര്‍ക്കൊക്കെ രോഗപ്രതിരോധശക്തി കൂടിയിട്ടുണ്ടോ എന്നു് ഒരു പിടിയുമില്ല.
എന്നാല്‍ ഇപ്പോഴുള്ള കുട്ടികള്‍ക്കു് നാം ഡോക്ടര്‍ പറയുന്ന എല്ലാ വാക്സിനേഷനും കൊടുക്കുന്നുണ്ടു്. ഒരു രോഗത്തിന്റെ വലിയ ആഘാതത്തെ ചെറുക്കാന്‍ ആ രോഗം ഉണ്ടാക്കുന്ന അണുവിന്റെ ചെറിയ ഡോസ് കൊടുക്കുന്നതാണല്ലോ വാക്സിനേഷന്. ഇതു കുഞ്ഞുങ്ങള്‍ക്കു നല്ലതാണോ എന്നു ന്യായമായ ആശങ്ക ഉണ്ടാകാം.
മൂത്ത കുട്ടിക്കു് പല വൈകല്യങ്ങളും ഉണ്ടായ ഒരു സുഹൃത്തു് പറഞ്ഞ വിവരങ്ങള്‍ കേട്ടു ഞെട്ടിപ്പോയി. കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്ന MMR, reubella തുടങ്ങിയ വാക്സിനുകളില്‍ ടോക്സിക് പദാര്‍ത്ഥങ്ങള്‍ ഉണ്ടത്രേ! എല്ലാ കുട്ടികള്‍ക്കും അതു നല്ലതല്ല. ചില കുട്ടികളെ അതു വലുതായി ബാധിക്കും. Autism തുടങ്ങിയ രോഗങ്ങള്‍ വരെ ഇതു മൂലം ഉണ്ടാകാം എന്നു പറയുന്നു. മറ്റു പല കുട്ടികള്‍ക്കും അതു ചെറിയ രീതിയില്‍ ബാധിക്കും. അലര്‍ജികള്‍ തുടങ്ങിയവ. കുട്ടികളുടെ മാനസികാരോഗ്യത്തെയും സ്വഭാവത്തെയും ഇവ ബാധിക്കുമത്രേ.
ഇതു് പെണ്കുട്ടികളെക്കാള് കൂടുതല്‍ ആണ്‍കുട്ടികളെയാണു ബാധിക്കുന്നതത്രേ. പെണ്‍കുട്ടികളില്‍ ഉള്ള ഈസ്ട്രോജന് ഹോര്‍മോണ്‍ ഇത്തരം ടോക്സിക് പദാര്‍ത്ഥങ്ങളെ പ്രതിരോധിക്കുമ്പോള്‍ ആണ്കുട്ടികളിലുള്ള പുരുഷഹോര്‍മോണ്‍ അവയെ സ്വീകരിക്കാന്‍ സഹായിക്കുന്നു.
ഒരു വയസ്സിനു കൊടുക്കുന്ന ചില വാക്സിനേഷനുകളിലാണു് ഏറ്റവും പ്രശ്നമുള്ള പദാര്ത്ഥങ്ങളുള്ളതു് എന്നും ഇവര്‍ പറയുന്നു.
ഇതു കേട്ടപ്പോള്‍ ഉണ്ടായ ചില ചിന്തകളും നിരീക്ഷണങ്ങളും. ഇവ വെറും യാദൃച്ഛികമാവാം.
- എനിക്കറിയാവുന്ന ആണ്‍കുട്ടികളില്‍ ഒരു നല്ല ശതമാനത്തിനും Nuts allergy ഉണ്ടു്. പെണ്‍കുട്ടികളിലും ഇതുണ്ടെങ്കിലും കുറവാണു്. എന്റെ തലമുറയിലെ ഒരാള്‍ക്കും ഈ അലര്‍ജി ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല. ഇവര്‍ക്കൊക്കെ ഒരു വയസ്സിനു ശേഷമാണു് ഇതു തുടങ്ങിയതെന്നു മാതാപിതാക്കള്‍ പറയുന്നു. Autism തുടങ്ങിയവയും ഒരു വയസ്സിനു ശേഷമാണു തുടങ്ങുന്നതത്രേ.
- വിശാഖിനു് 9 മാസം പ്രായമുണ്ടായിരുന്നപ്പോള്‍ അവന്റെ അന്നത്തെ ഡോക്ടര്‍ (ഹൈദരാബാദ്) അവനു് MMR കൊടുത്തു. പിന്നീടു കാണിച്ച ഡോക്ടര്‍മാരൊക്കെ അതു തെറ്റായിരുന്നു എന്നു പറഞ്ഞു. (സ്കൂളില്‍ ചേര്‍ക്കാന്‍ നേരം ഒരു വയസ്സിനു ശേഷം രണ്ടു് MMR എടുത്തിരിക്കണം എന്നു പറഞ്ഞതു കൊണ്ടു് ആവശ്യമില്ലാതെ ഒരു ബൂസ്റ്റര്‍ ഷോട്ടും കൂടി എടുക്കേണ്ടി വന്നു.) ഒരു മാസത്തിനുള്ളില്‍ അവനൊരു വലിയ പനി വന്നു. അതു മലേറിയയായിരിക്കും എന്നു പറഞ്ഞു് ഡോക്ടര്‍ അതിന്റെ മരുന്നു കഴിപ്പിച്ചു. (പിന്നെ ചെയ്ത ടെസ്റ്റില്‍ മലേറിയ ഇല്ലെന്നാണു കണ്ടതു്.) ഏതായാലും ആ പനി കൊണ്ടു് ഒന്നില്‍ച്ചില്വാനം കിലോഗ്രാം തൂക്കം കുറഞ്ഞു. അതു് ഇപ്പോഴും അവന് നികത്തിയിട്ടില്ല. ആറര വയസ്സുള്ള അവന്റെ തൂക്കം ഇപ്പോഴും 36 പൌണ്ടാണു് (പതിനാറര കിലോഗ്രാം).
- ജനിച്ച ആദ്യത്തെ നാളുകളില്‍ നല്ല സ്വഭാവമുണ്ടായിരുന്ന വിഘ്നേശിന്റെ സ്വഭാവത്തില്‍ ഒരു പ്രത്യേക വാക്സിനേഷന് എടുത്തതിന്റെ പിറ്റേ ദിവസം മുതല്‍ ഗണ്യമായ വ്യത്യാസം കണ്ടു തുടങ്ങി. നിസ്സഹകരണം, വഴക്കു്, കരച്ചില് തുടങ്ങിയവ. മറ്റു പല മാതാപിതാക്കളും ഇതിനോടു സദൃശമായ കാര്യങ്ങള്‍ വാക്സിനേഷനുമായി ബന്ധപ്പെടുത്തി പറഞ്ഞിട്ടുണ്ടു്.
ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്റെ അറിവു വളരെ കുറവാണു്. അതിനാലാണു് ഈ പോസ്റ്റിടുന്നതു്. ഇതു വായിക്കുന്ന അറിവുള്ളവര്‍ ദയവായി വസ്തുതകള്‍ പങ്കുവെയ്ക്കണം എന്നു് അപേക്ഷിക്കുന്നു.
പട്ടി കടിച്ചാല്‍ വാക്സിനേഷന് എടുക്കണം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കുട്ടികളെ ഈ വാക്സിനേഷനുകള്‍ എല്ലാം എടുപ്പിക്കണോ എന്നാണു ചോദ്യം. പല രോഗങ്ങളും വന്നു് പ്രകൃതിയില്‍ നിന്നു തന്നെ പ്രതിരോധശക്തി കിട്ടുന്നതാണു് വാക്സിനേഷന് എടുക്കുന്നതേക്കാള്‍ നല്ലതു് എന്നാണു് വാക്സിനേഷനു് എതിരേ വാദിക്കുന്നവരുടെ അഭിപ്രായം.
ഇതിനോടു ബന്ധപ്പെട്ട ചില വെബ് സൈറ്റുകള്‍:
ദേവരാഗം, ഡോ. പണിക്കര്‍, വക്കാരി, സന്തോഷ്, അശോക് കര്‍ത്താ, മാവേലി കേരളം തുടങ്ങി ഈ വിഷയത്തില്‍ അറിവുള്ളവരും റിസര്‍ച്ച് ചെയ്തു കണ്ടുപിടിക്കാന്‍ താത്പര്യവുമുള്ള ആളുകളില്‍ നിന്നു പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി ഇതു് പല ചികിത്സാരീതികളെ അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയാനുള്ള വേദിയാക്കരുതു്. ശാസ്ത്രത്തെയും അന്ധമായി വിശ്വസിക്കുന്നതു് അപകടമാണു് എന്ന അഭിപ്രായക്കാരനാണു ഞാന്‍. എങ്കിലും വികാരങ്ങളെക്കാളും വിശ്വാസങ്ങളെക്കാളും വസ്തുതകളെയാണു കണക്കിലെടുക്കേണ്ടതു് എന്നാണു് എന്റെ അഭിപ്രായം.
വിഘ്നേശിനു് ഒരു വയസ്സാകുമ്പോഴുള്ള വാക്സിനേഷന് അടുത്താഴ്ചയാണു്. അതാണു് തിടുക്കത്തില്‍ ഇങ്ങനെയൊരു പോസ്റ്റ്.
Update (January 2015): വിഘ്നേശിനു് അന്നു കൊടുത്തില്ലെങ്കിലും അധികം താമസിയാതെ തന്നെ വാക്സിനേഷൻ കൊടുത്തിരുന്നു. ഓട്ടിസമോ മറ്റു പ്രശ്നങ്ങളോ ഒന്നും ഉണ്ടായില്ല. അവനു് ഇപ്പോൾ എട്ടു വയസ്സ്. മിടുമിടുക്കനായി ഇരിക്കുന്നു.
വാക്സിനേഷൻ എടുക്കണമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഡോ. വെയ്ക്ക്ഫീൽഡിന്റെ പഠനം വ്യാജമായിരുന്നു എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു (ഇതു വായിക്കുക.) കൂടെ ഇതും വായിച്ചോളൂ. സെബിന്റെ ഈ പോസ്റ്റും വായിക്കാൻ മറക്കരുതു്.
Jayarajan | 03-Nov-07 at 2:29 am | Permalink
ഉമേഷ്ജി യുടെ ഒരു പോസ്റ്റ് കണ്ട സന്തോഷത്താല്‍ എന്താണെന്നു വായിച്ചു പോലും നോക്കാതെയാണു കമന്റിയത്. ഇങ്ങനെ ഒരു വിഷയത്തില്‍ അഭിപ്രായം പറയാന്‍ മാത്രം അറിവുമില്ല. തൊട്ടതിനും പിടിച്ചതിനും മരുന്നു കഴിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. പക്ഷേ സൈഡ് എഫെക്റ്റ്സ് ഉണ്ടാകുമോ എന്ന് പേടിച്ച് വാക്സിനേഷന് എടുക്കാതിരിക്കുന്നത് അല്പം ‘റിസ്കി’ അല്ലേ?
Paul | 03-Nov-07 at 5:51 am | Permalink
വാക്സിനുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെന്നത് വാക്സിനേഷന് പ്രചരിപ്പിക്കുന്നവര്‍ തന്നെ സമ്മതിക്കുന്ന വസ്തുതയാണ്. പുതിയ പല വാക്സിനേഷനുകളും മരുന്നു കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള വഴികളാണെന്നത് പരസ്യമായ രഹസ്യവും!
ഇതുകൂടി വായിക്കൂ…
http://www.chintha.com/node/2951
മുരളി മേനോന് | 03-Nov-07 at 6:14 am | Permalink
ഉമേഷ് പറഞ്ഞതുപോലെ പണ്ടൊന്നും (1961ല്‍ ജനിച്ച ആള് എന്ന നിലയില്‍ അന്നൊക്കെ) ഇതുപോലെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നില്ല. കോളറക്കെതിരെയുള്ള ഒരു കുത്തിവെപ്പോ മറ്റോ ഉണ്ടായിരുന്നു. ഒരു പൈസ (ചെമ്പു നാണയം)യുടെ വലിപ്പത്തില്‍ അത് ഇടതു കയ്യിന്റെ മുകള്‍ഭാഗത്ത് ഉണ്ടാവും എല്ലാവരുടേയും. ഇന്നിപ്പോള്‍ ഇത് ഒരു പതിവ് പരിപാടിയായ് മാറിയിരിക്കുന്നു. പോളിയോ ബൂസ്റ്റര്‍ ഡോസ് എടുത്ത് കുഴപ്പത്തിലായവര്‍ നിരവധിയാണെന്ന് ഒരിക്കല്‍ ഒരു റിപ്പോര്‍ട്ട് കണ്ടു. ഇതൊക്കെ ഉപരിപ്ലവമായ് പറഞ്ഞുപോകുന്നതുകൊണ്ട് ഉമേഷിന്റെ ഈ ചോദ്യത്തിനുള്ള ഉത്തരമാവില്ലെന്നറിയാം. പക്ഷെ മെഡിക്കല്‍ രംഗത്തെ ചെറിയ രീതിയില്‍ നടക്കുന്ന തെറ്റായ പ്രവണത് എന്റെ സുഹൃത്ത് ഡോക്ടര്‍ പറഞ്ഞത് കുറച്ച് പ്രസക്തമായതുകൊണ്ട് കുറിക്കട്ടെ, പണ്ടൊക്കെ കൊളോസ്ട്രോള്‍ 250 എന്നതാണു നോര്മ്മലിന്റെ അതിരായി കണക്കായിരുന്നെങ്കില്‍ അതിപ്പോള്‍ 150 ആണത്രെ. മനുഷ്യന്റെ ജീവിതരീതികളാണ് അതങ്ങിനെ ലെവല്‍ താഴ്ത്താന്‍ മെഡിക്കല്‍ സമൂഹം നിര്ബ്ബന്ധിതരായതെന്ന്. പക്ഷെ സത്യം അതൊന്നുമല്ല, അതുകൊണ്ട് 300 കോടിയുടെ ബിസിനസ്സാണു കൂടിയതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി സുഹൃത്ത് പറയുന്നു. സോറി. ഉമേഷിനു ഗുണമുള്ള കാര്യമല്ല ഞാന്‍ പറഞ്ഞത്. പക്ഷെ ഉമേഷിനു ഇതില്‍ വിദഗ്ദമായ് ഉപദേശം തരാന്‍ കഴിവുള്ള ന്യൂട്രല്‍ ആയി (മാനുഷികമായി) ചിന്തിക്കുന്ന അമേരിക്കയിലെ ഒരു ഡോക്ടറുടെ മെയില്‍ ഐഡി ഞാന്‍ തരാം. c_mohan@hotmail.com ഉമേഷ് പണ്ട് മലയാളം ഗസ്റ്റ്ബുക്ക് ഉപയോഗിച്ചീട്ടുള്ള ആളാണെങ്കില്‍ ഇദ്ദേഹത്തെ അറിയും. ഡോ:ചന്ദ്രമോഹന്..you can refer my name to contact him. hope you will get proper advice.
G.manu | 03-Nov-07 at 7:08 am | Permalink
Lets a do a debate on this. experts pls participate
devan | 03-Nov-07 at 9:12 am | Permalink
ഗുരുക്കളേ,
൧. മറ്റേതു ശാസ്ത്രത്തിന്റേയും പോലെ വൈദ്യശാസ്ത്രത്തിന്റെയും നയം ഇന്നുള്ള അറിവുകളെ മാത്രം വിശ്വസിക്കുകയും തിരുത്തിയെഴുതപ്പെടുന്നതുവരെ അതില്‍ മുറുക്കെ പിടിക്കുകയും ആണ്. ശരിയായ രീതി എന്തെന്നു ചോദിച്ചാല്‍ ഉത്തരമില്ല. വിശ്വാസം മാത്രമാണ് ഉള്ളത്. അതിനെ എങ്ങനെ വിശദീകരിക്കണം എന്നെനിക്കറിയില്ല. ആസ്ത്രേലിയയില്‍ നിന്നും ഒരു ജേര്‍ണലിസ്റ്റ് പണ്ട് ഡോക്റ്റര്‍മാര്‍ പ്രസവം എടുക്കുമ്പോള്‍ ശിശു-മാതാവ് മരണനിരക്ക് നഴ്സുമാര്‍ പ്രസവമെടുക്കുന്നതിനെക്കാള് വളരെയേറെ കൂടുതലാണെന്നു നിരീക്ഷിച്ചു. സാധാരണ ഗതിയില്‍ ഒരു ലോജിക്കിനും നിരക്കാത്ത ഇക്കാര്യത്തെ വിശകലം ചെയ്ത് അദ്ദേഹം പരിഹാസ്യനായെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണം- ഡോക്റ്റര്‍മാര്‍ അഴുകിയ ശവങ്ങളും മാരകരോഗികളെയും കൈകാര്യം ചെയ്യുന്നുണ്ടെന്നും അതില്‍ നിന്നും അദൃശ്യമായ എന്തോ വിഷങ്ങള്‍ അവരുടെ കൈകളിലൂടെ പ്രസവിക്കുന്നവളില് എത്തുന്നു എന്നത്- അണുബാധ എന്ന ശരിയും സ്റ്റെറിലൈസേഷന്‍ എന്ന സുരക്ഷയും കണ്ടെത്തുന്നതിലേക്ക് വൈദ്യശാസ്ത്രത്തെ നയിച്ചു. അപ്പോള്‍ അതുവരെ കൈ സ്റ്റെറിലൈസ് ചെയ്യാത്ത കൈയ്യും ഉപകരണങ്ങളും ഉപയോഗിച്ച രീതി ശരിയായ ചികിത്സ ആയിരുന്നോ? തീര്‍ച്ചയായും ശരിയായിരുന്നു. വൈദ്യശാസ്ത്രത്തിന്റെ അപ്പ്രോച്ച് അതാണ്. ഓവറാള്‍ ബേസിസില്‍ ഈ അപ്പ്രോച്ച് ഇഫക്റ്റീവ് ആണെന്നത് ജീവിതരീതി, ആഹാരം എന്നീ കാര്യങ്ങളില്‍ മനുഷ്യന് ഭയങ്കരമായി അധ:പതിച്ചിട്ടും ശരാശരി ജീവിതദൈര്‍ഘ്യം ഇരട്ടിയിലധികമായതിന്റെ കാരണം വൈദ്യശാസ്ത്രമല്ലേ എന്ന് ചിന്തിച്ചാല്‍ മതി.
൨. വാക്സിനുകള്‍ ഒന്നും തന്നെ സുരക്ഷിതമല്ല. വാക്സിനേഷന് എടുക്കാതിരിക്കുന്നതും സുരക്ഷിതമല്ല. ചില തരം വാക്സിനേഷനുകള്‍ തരുന്ന റിസ്ക് അനാവശ്യമാണ്. ഉദാഹരണം കുട്ടികള്‍ക്ക് ബി-ടൈപ്പ് മഞ്ഞപ്പിത്തത്തിനു വാക്സിനേഷന് എടുക്കുന്നത് അസംബന്ധമാണ്. ജനനാല്‍ അല്ലെങ്കില്‍ ശിശുക്കള്‍ക്ക് അത് വരാനുള്ള സാദ്ധ്യത ഇല്ലെന്ന് തന്നെ പറയാം. ഓറല്‍ പോളിയോ വാക്സിനേഷന് തരുന്ന റിസ്ക് അത് തരുന്ന സുരക്ഷയോട് തട്ടിച്ചു നോക്കിയാല്‍ തള്ളിക്കളയേണ്ടിവരുമെന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം. ഐ.പി.വി എന്നാല്‍ താങ്കള്‍ താമസിക്കുന്ന സ്ഥലത്തെ വൈല്‍ഡ് പോളിയോ എത്രമാത്രമുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കാവുന്നതാണ്.
൩. അമേരിക്കയില്‍ നിര്‍ബന്ധിത വാക്സിനേഷന് ഇല്ലെങ്കില്‍ സ്കൂളുകളും ഡോക്റ്റര്‍മാരും കുട്ടികളെ എടുക്കില്ല എന്ന് വാശിപിടിക്കാറുണ്ട്. എന്നാല്‍ വെര്‍ജീനിയയും മറ്റേതോ (മറന്നു) ഒരു സ്റ്റേറ്റും ഒഴികെ എല്ലായിടത്തും ശാസ്ത്ര/ ഇതര വിശ്വാസപരമായോ ഫിലോസഫിക്കല്‍ ആയോ യോജിക്കാത്ത ആയ ഒന്നാണ് വാക്സിനേഷന് എന്ന് രക്ഷിതാവ് സ്വോണ്‍ അഫിഡവിറ്റ് നല്കിയാല് വാക്സിനേഷനില്‍ നിന്നും കുട്ടിയെ ഒഴിവാക്കണം എന്നാണ് നിയമം (വാക്സിനേഷന് എടുക്കരുത് എന്ന് പറഞ്ഞതല്ലേ, ഭീഷണിക്കു വഴങ്ങി കുട്ടികളെ കുത്തിവയ്ക്കേണ്ടതില്ല എന്നാണ് ) വിശദവിവരങ്ങളും ഫോമും ഇവിടെ കിട്ടും- http://www.vaclib.org/exemption.htm
൪. എം എം ആര് വാക്സിന്- മണ്ണന്‍, മുണ്ടിനീര്, റുബെല്ല എന്നിവ മാരകമായ അസുഖങ്ങളോ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായല്ലാതെ സ്ഥിരമായ കേടുപാടുകള്‍ വരുത്താന്‍ കെല്പ്പുള്ളതോ അല്ല. അതിനാന് വാക്സിന് റിസ്ക് പ്രൊട്ടക്ഷന്‍ ഇല്ലാത്ത റിസ്കുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ വാക്സിനേഷന് അത്യാവശ്യമെന്ന് അഭിപ്രായപ്പെടാന്‍ (എനിക്ക്, വൈദ്യോപദേശകനല്ലാത്ത എനിക്ക്) കഴിയുന്നില്ല. ഓട്ടിസം മറ്റു ഗുരുതര പ്രത്യാഘാതങ്ങള്‍ എന്നിവ ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ കോടതി ഈ വാക്സിന്റെ മേല്‍ ഗവേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഗവേഷണത്തില്‍ വാക്സിന് സുരക്ഷിതമാണെന്നോ അല്ലെന്നോ പറയാന്‍ കഴിയില്ല എന്നാണ് തെളിഞ്ഞത്. ഗവേഷണങ്ങള്‍ പലപ്പോഴും മരുന്നുകമ്പനികള്‍ തീരുമാനിച്ചുറച്ച റിസല്റ്റിലേക്ക് പോകുന്നു എന്ന ആരോപണം വേറേ.
൫. മറ്റു പലതും- ഗുരുതരമായ അസുഖങ്ങള്‍ക്കുള്ള വാക്സിനേഷനുകള്‍ എന്ന നിലയ്ക്ക് വാക്സിനേഷന് റിസ്ക് പ്രൊട്ടക്ഷനിലെക്കാള് താഴെ നില്ക്കുന്നു എന്ന് കുട്ടിയുടെ രക്ഷിതാവിനു തോന്നിയേക്കാം. ഉദാഹരണത്തിനു ടെറ്റനസ്, പോളിയോ, മെനിജ്ജൈറ്റിസ് മുതലായവ . അതിനനുസരിച്ച് വ്യക്തിഗതമായി വാക്സിനേഷനുകള്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. യാതൊന്നിനും വാക്സിനേഷനേ വേണ്ട എന്ന രീതിയിലേക്ക് എത്തിച്ചേരാന്‍ ഒരു രക്ഷിതാവിനും ഇന്നത്തെ ഇമ്മ്യൂണിറ്റി കുറഞ്ഞ മനുഷ്യരുടെ കാലഘട്ടത്തില്‍ എളുപ്പത്തില്‍ കഴിയില്ല.
൬. ഡി പി റ്റി വാക്സിനേഷനു ശേഷം സ്വഭാവത്തിന് വത്യാസമുണ്ടാവുന്നെന്ന് കുറേപ്പേര് പറഞ്ഞു ഞാനും കേട്ടിട്ടുണ്ട് എന്നാല്‍ അതില്‍ ശാസ്ത്രീയമായ പഠനങ്ങളൊന്നും കാണാനില്ലാത്തതുകൊണ്ട് സത്യമില്ല എന്ന് ചിന്തിക്കുകയേ നിവൃത്തിയുള്ളു. എസ് ഐ ഡി (വികസിത രൂപം എഴുതാന്‍ പോലും ഭയം) ഇതുപോലെ വാക്സിനേഷനുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണവും ശാസ്ത്രീയമായ ഒന്നിന്റെയും അടിസ്ഥഅനത്തിലഅണെന്ന് തോന്നുന്നില്ല.
൬. വാക്സിന് റിസ്കുകള്‍ ഇല്ലേയില്ല എന്ന രീതിയില്‍ പീഡിയാട്രീഷ്യന്മാരും വാക്സിന് റിസ്കാണ് ലോകവിപത്തെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അഴിച്ചു വിടുന്ന ആള്‍ട്ടര്‍നേറ്റ് തെറാപ്പിക്കാരും (മുഖ്യമായും ഹോമിയോപ്പാത്തുകള്‍) സത്യത്തെ മനസ്സിലാക്കാന്‍ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങള്‍ നീക്കി. റിക്സില്ല എന്ന രീതി മുഖവിലയ്ക്ക് എടുക്കേണ്ടാത്തതുപോലെ തന്നെ പൊലിപ്പിച്ചു കാട്ടിയ റിക്സുകളും കണ്ട് അമിതഭയം വേണ്ടെന്നാണ് എന്റെ വിശ്വാസം.
എല്ലാ റിക്സും ചര്‍ച്ച ചെയ്യാന്‍ തയ്യാറുള്ള ഒരുപീഡിയാട്രീഷ്യനെ നിങ്ങളുടെ ഏരിയയില്‍ കണ്ട് വാക്സിനുകള്‍ ഏതു വേണമെന്ന് ചര്‍ച്ച ചെയ്യുകയാണ് അഭികാമ്യം . എന്നാല്‍ അത് എളുപ്പമല്ല. ഇതില്‍ ഒന്നെങ്കിലും വേണ്ട എന്ന് ഒരു പീഡിയാട്രീഷ്യനെക്കൊണ്ട് പറയിക്കുന്നത് ദൈവമില്ലെന്ന് ബിഷപ്പിനെക്കൊണ്ട് പറയിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്.
(ധിക്കാരം കാണിച്ച ഡോക്റ്റര്‍മാര്‍ക്ക് പണി കിട്ടിയിട്ടുണ്ട്. ലോകത്തെല്ലായിടത്തും. മോനെക്കൊണ്ട് സിസേറിയന് നടത്തിച്ച ഡോക്റ്ററോട് ക്ഷമിക്കും, പക്ഷേ ഓറല്‍ പോളിയോ നയം പുനപ്പരിശോധിക്കാന്‍ പറഞ്ഞ ഡോക്റ്ററെ ജയില്‍ കേറ്റും. ഏത്?)
സതീഷ് | 03-Nov-07 at 9:28 am | Permalink
ഉമേഷേട്ടാ,
എന്റെ ഒരു ex-Colleague ന്റെ ചേട്ടന് ഇതേ subject-il റിസ്ര്ച്ച് ചെയ്യുന്നുണ്ടായിരുന്നു ലണ്ടനില്‍. അദ്ദേഹത്തിന്റെ ഗൈഡ് പബ്ലിഷ് ചെയ്ത ഒരു റിപ്പോറ്ട്ട് ജേര്‍ണലില്‍ വന്നതിന് ശേഷം വലിയ വിവാദമായതായി കേട്ടറിവുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ Autism വും MMR വാക്സിനും വളരെ Interlinked ആണ്.
ഈ site നോക്കിയോ – http://www.mmrthefacts.nhs.uk/library/autism.php
എന്തായാലും നല്ലൊരു ചര്‍ച്ച ഇവിടെ നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അറിവുള്ളവര്‍ അത് പങ്കുവെക്കട്ടെ.
Aravind | 03-Nov-07 at 10:44 am | Permalink
ദൈവമേ ഇങ്ങനത്തെ പ്രശ്നൊക്കെയുണ്ടോ!
ന്യൂമോകോക്കല്‍ വാക്സിനേഷന് എടുത്തപ്പോള്‍ ഇങ്ങനെ ഒരു വാര്‍ണിഗ് ചില സുഹൃത്തുക്കള്‍ തന്നിരുന്നു..ചില കുട്ടികള്‍ അതിനോട് അലര്‍ജിക് ആണ്, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന്. എന്താ ചെയ്യ..ഗുരുവായൂരപ്പനെ വിളിച്ചിട്ട് കുത്താന്‍ കൊണ്ടു പോകുക തന്നെ…കൊടുക്കാതിരുന്നാല്‍ അതിലും പ്രശ്നല്ലേ?
എം എം ആറിനു പകരം എം എം ആര് വി ഉപയോഗിച്ചാലോ? എന്റൊരു സുഹൃത്ത് ഇപ്പം പറഞ്ഞു രണ്ടോ മൂന്നോ തവണയായി കൊടുത്താല്‍ റിസ്ക് കുറവായിരിക്കും ന്ന്.
ഹോ മനസമാധാനം ന്ന് പറേണതില്ല -എന്തായാലും..നാട്ടിലീ വക പ്രശ്നങ്ങളൊന്നൂല..പിള്ളേര് പയറ് പോലെ നടക്കണൂ..
സന്തോഷ് | 03-Nov-07 at 6:45 pm | Permalink
വലിയ അറിവില്ല, ഉമേഷേ. എന്തൊക്കെയോ സൈറ്റുകളും മറ്റും വായിച്ചു കിട്ടുന്ന അറിവു വച്ച് കാര്യങ്ങള്‍ തീരുമാനിച്ചിരൂന്നു എന്നു മാത്രം.
കുത്തുന്നതിനു തൊട്ടുമുമ്പ് ‘ഇതെടുത്തില്ലെങ്കിലുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്’ എന്ന് ചോദിച്ചിരുന്നത് ഡോക്റ്റര്‍മാര്‍ക്ക് അത്ര രുചിക്കുന്നില്ല എന്നു കണ്ട്, പലപ്പോഴും കുത്താന്‍ പോകുമ്പോള്‍ ഞാന്‍ പോകാറുമില്ലായിരുന്നു.
ദേവന്റെ മറുപടി വളരെ പ്രയോജനപ്രദം.
ഇന്ത്യാഹെറിറ്റേജ് | 07-Nov-07 at 12:45 pm | Permalink
ഉമേഷിന്റെ ചോദ്യം കണ്ടു, MMR ആണ്‍കുട്ടികള്‍ക്ക് എടുക്കേണ്ട ആവശ്യം ഇല്ല. അവര്‍ക്ക് mumps, Measles എന്നിവയുടെ മാത്രം വക്സീനേഷന്‍ എടുത്താല്‍ മതി. കാരണം Rubella ഗര്ഭിണീകളാകുമ്പോള് ഗര്‍ഭത്തിലുള്ള കുട്ടിക്ക് അപകടം ഉണ്ടാക്കും എന്നതിനാലാണ് കൊടുക്കുന്നത്.
ഓ ടൊ. എല്ലാ തരം വാക്സീനേഷനും ശാസ്ത്രീയമായി നല്കി പരിപാലിച്ച എന്റെ മൂത്ത മകന് വളരെ വിദഗ്ദ്ധന്മാരായ ചികില്സകനമാരുടെ മേല്‍നോട്ടത്തില്‍ തന്നെ മറ്റൊരു കാരണത്താല്‍ ഞങ്ങളെ വിട്ടു പോയി-. അതില്‍ പിന്നെ എന്റെ വ്യക്തിപരമായ അഭിപ്രായം വേറെ ആണ്.
Umesh | 07-Nov-07 at 2:56 pm | Permalink
ജയരാജന്, പോള്‍, മുരളി, മനു, ദേവന്, സതീഷ്, അരവിന്ദ്, സന്തോഷ്, ഡോ. പണിക്കര്‍,
എല്ലാവര്ക്കും നന്ദി. ദേവനു് ഏറെ നന്ദി.
MMR വേണ്ട എന്നൊന്നു പറഞ്ഞുനോക്കട്ടേ. എന്തു പറയുമെന്നു നോക്കാം.
ഇന്ത്യഹെര്ഇറ്റേജ് | 08-Nov-07 at 1:39 am | Permalink
ദേവന് പറഞ്ഞ മണ്ണന്‍ മുണ്ടിനീര് ഇവയെ കുറിച്ചുള്ള അഭിപ്രായത്തിന് ഒരു അനുബന്ധം
വളരെ വിരളമായാണെങ്കിലും ഈ രോഗങ്ങള്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ കടുത്തവയാണ്
SSPE-subacute sclerosing panencephalitis എന്ന തലച്ചോര്‍ സംബന്ധമായ് അസുഖമാണ് മണ്ണന്റെ ദാനം, 11-12 വയസ്സിനു ശേഷം ഉണ്ടായാല്‍ ചിലപ്പോള്‍ testis നശിച്ചുപോയി impotence ആണ് mumps ന്റെ ദാനം . അതുകൊണ്ട് ഇവരണ്ടും പ്രതിരോധിക്കുന്നത് നല്ലതാണ്, പക്ഷെ rubella -vaaccination ആണ്‍കുട്ടികള്‍ക്ക് ആവശ്യം ഇല്ല.
ഇന്ത്യഹെര്ഇറ്റേജ് | 08-Nov-07 at 1:41 am | Permalink
sorry, add sterility also to impotence in the case of mumps
സൂരജ് രാജന് | 15-Sep-08 at 8:37 pm | Permalink
1. പ്രതിരോധ കുത്തിവയ്പ്പ് അവനവന്റെ സുരക്ഷ മാത്രമല്ല ലക്ഷ്യമിടുന്നത്. അന്യന്റെ സുരക്ഷ കൂടിയാണ്. ഒരു വ്യക്തിയിലേക്ക് രോഗാണു സംക്രമിക്കുന്നത് തടയുമ്പോള്‍ നാം ആ സമൂഹത്തിലൂടെയുള്ള അണുവിന്റെ ആകമാന സഞ്ചാരത്തെയാണു തടയുന്നത് എന്ന വിശാല ബോധം കൂടിയുള്‍പ്പെടുന്നു ഇതില്‍.
എന്റെ വീട്ടിലെ ടിന്റു മോന് ചിലപ്പോ കുത്തിവയ്പ്പൊന്നും എടുത്തില്ലേലും അസുഖം വന്നാല്‍ നല്ല ചികിത്സയും ഭക്ഷണവും ഉള്ളതിനാല്‍ രക്ഷപ്പെടും. പക്ഷേ ടിന്റു മോനില്‍ നിന്നും അതേ രോഗാണു പകര്‍ന്ന് കിട്ടുന്ന അയല്പക്കത്തെ ടുട്ടു മോളുടെ അവസ്ഥ അതാവണമെന്നില്ല.
അങ്ങനെ സമയത്ത് പ്രതിരോധകുത്തിവയ്പ്പെടുത്താല്‍ ഒഴിവാക്കാമായിരുന്ന രോഗങ്ങളോ അവയുടെ സങ്കീര്‍ണതകളോ മൂലം ലോകത്ത് 2,42,000 ടിന്റു മോനും ടുട്ടുമോളും മരിക്കുന്നുണ്ട് … 5 വയസ്സ് തികയും മുന്‍പ്….
വാക്സ്സീനുകളും മരുന്നുകളാണു. ഫലം ഉണ്ടെങ്കില്‍ പാര്‍ശ്വഫലവും ഉണ്ടാകുമെന്നതില്‍ സംശയമൊന്നും വേണ്ട. അപ്പോള്‍ തീര്‍ച്ചയായും വാക്സീനുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. എന്നുവച്ച് അത് എടുക്കാതിരിക്കുന്നത് – പ്രത്യേകിച്ച് അതിനു സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ തടസ്സമല്ലാതിരിക്കുമ്പോള്‍ – സാമൂഹിക ദ്രോഹമാണെന്നാണു ഈയുള്ളവന്റെ വക്രബുദ്ധി പറയുന്നത് :))
2. വാക്സീനുകള്‍ക്കെതിരേ ഒരു തരം അനാവശ്യഭയം ഉണ്ടാവുകയോ ഉണ്ടാക്കിയെടുക്കുകയൊ ചെയ്യുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിട്ടുണ്ട് . ചില വാക്സീനുകള്‍, ഉദാ: ഹെപ്പറ്റൈറ്റിസ് – ബി, എം.എം.ആര് , ഡിപിറ്റി തുടങ്ങിയവയിലെ രാസഘടനയില്‍ മെര്‍ക്കുറി പോലുള്ള വിഷാംശം ഉള്ളതിന്റെ പേരില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചിട്ടുണ്ടെന്നത് നേര്.
തൈമെറൊസാല്‍ (thimerosal) അഥവാ തയോമെര്‍സല്‍ എന്ന ഓര്‍ഗാനോമെര്‍ക്യൂറിക് സമ്യുക്തം ഈ വാക്സീനില്‍ അണുബാധ വരാതിരിക്കാനായി പ്രിസര്‍വേറ്റിവ് എന്ന നിലയ്ക്ക് ചേര്‍ക്കാറുണ്ടായിരുന്നു. സാധാരണഗതിയില്‍ ശരീരത്തില്‍ വിഷമയം ആകാന്‍ സാധ്യതയുള്ള മെര്‍ക്കുറി അളവുകള്‍ക്കും വളരെ താഴെയുള്ള അളവിലേ ഇത് എഫ്.ഡി ഏ പോലുള്ള ഏജന്‍സികള്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ജപ്പാനിലെ മിനമതാ അത്യാഹിതം (മെര്‍ക്കുറി കലര്‍ന്ന മത്സ്യം കഴിച്ച് മെര്‍ക്കുറി വിഷബാധയേറ്റ സംഭവം) വാക്സീനുകളിലെ മെര്‍ക്കുറിയുമായി ഏച്ചുകെട്ടി ഭീതിപരത്തിയവരില്‍ പത്രമാധ്യമങ്ങള്‍ മാത്രമല്ല ചില ശിശുരോഗ വിദഗ്ധരും ഉള്‍പ്പെടും 🙂
മെഥില്‍ മെര്‍ക്കുറിയാണു (methyl mercury) മിനമതാ സംഭവത്തിലെ വില്ലനെങ്കില്‍ തൈമെറൊസാലില്‍ അത് എഥില്‍ മെര്‍ക്കുറിയാണു (ethyl). രണ്ടും കടലും കുളവും പോലെ വ്യത്യസ്ഥം. മെഥില്‍ മെര്‍ക്കുറിക്ക് 50ദിവസത്തോളം ശരീരത്തില്‍ ഹാഫ് ലൈഫ്. എഥില്‍ മെര്‍ക്കുറി കഷ്ടിച്ച് 4 ദിവസം കൊണ്ട് ശരീരത്തില്‍ പകുതിയാകുന്നു.
തൈമെറൊസാല്‍ നേരാം വണ്ണം നടത്തിയ ഒരു പഠനത്തിലും ഓട്ടിസത്തിനോ മറ്റ് വിഷബാധാസംബന്‍ധിയായ പ്രശ്നങ്ങള്‍ക്കോ കാരണമായതായി കണ്ടെത്തിയിട്ടില്ല. എങ്കിലും അതിനെതിരായി വന്ന പ്രചാരണങ്ങള്‍ക്ക് ശക്തി കൂടിയപ്പോള്‍ പീഡിയാട്രിക് അക്കാഡമികളും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്റ്റ്രേയ്ഷനും വാക്സീനുകളില്‍ തൈമെറൊസാല്‍ ചേര്‍ക്കുന്നത് 90കളുടെ ഒടുക്കത്തോടെ നിരോധിച്ചു.
ഈ പ്രചാരണങ്ങളുടെ വെളിച്ചത്തില്‍ എലികളിലും മറ്റും നടന്ന ഇടക്കാല പഠനങ്ങള്‍ പരിശോധിച്ച കമ്മറ്റികള്‍ തൈമെറൊസാലിനെതിരെയാണു വിധിച്ചത്. എന്നാല്‍ രീതിശാസ്ത്രപരമായി വ്യക്തതയുള്ള അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ കാണിച്ച 12 പഠനങ്ങള്‍ അപഗ്രഥിച്ചതില്‍ നിന്നും 2004ലെ Immunization Safety Review Committee എത്തിച്ചേര്‍ന്ന നിഗമനം MMR വാക്സീനെയോ തൈമെറൊസാലിനെയോ ഓട്ടിസവുമായി ബന്ധപ്പെടുത്താനുള്ള തെളിവുകള്‍ വളരെ ദുര്‍ബലമാണ് എന്നതായിരുന്നു.
ആര്‍ക്കൈവ്സ് ഒഫ് ജനറല്‍ സൈക്കിയാട്രിയില്‍ (ഈ വര്‍ഷം ജനുവരി) വന്നത് : കാലിഫോണിയ ഡിപ്പാട്ട്മെന്റ് ഒഫ് ഡിവലപ്മെന്റല്‍ സ്റ്റഡീസിന്റെ 1995 ജനു 1 മുതല്‍ 2007 മാര്‍ച്ച് 31 വരെയുള്ള കാലയവില്‍ നടന്ന പഠനം വ്യക്തമാക്കുന്നത് വാക്സീനിലെ തൈമെറൊസാല്‍ തീരെ ഇല്ലാതായ കാലയളവിലും ഓട്ടിസത്തിന്റെ തോത് കുറഞ്ഞിട്ടില്ല, കൂടിയെങ്കിലേ ഉള്ളൂ !!
കൂട്ടത്തില്‍ പറയട്ടെ, MMR വാക്സീനും ഓട്ടിസവുമായുള്ള ബന്ധം സ്ഥാപിക്കാന്‍ ‘ശ്രമിച്ച’ ചില പഠനങ്ങള്‍ പില്ക്കാലത്ത് വിവാദമായിട്ടുണ്ട്. ഉദാ: 1998ലെ പ്രശസ്തമായ ആന്‍ഡ്രൂ വേയ്ക്ഫീല്‍ഡ് പഠനത്തില്‍ ഉള്‍പ്പെട്ട പല ഓട്ടിസ്റ്റിക് കുട്ടികളുടെയും രക്ഷിതാക്കള്‍ വാക്സീന് മൂലമാണു ഓട്ടിസം വരുന്നതെന്ന് നഷ്ടപരിഹാരം തേടി നിയമവഴിക്ക് പോയവരായിരുന്നു. 2006 മേയ്-ജൂണ്‍ കാലത്ത് ചില പത്രങ്ങള്‍ കൊണ്ടാടിയ റിപ്പോട്ടാണു MMR കുത്തിവയ്പ്പിനെ ഒട്ടിസവുമായി ബന്ധപ്പെടുത്തിയ ഡോ: സ്റ്റീവന്‍ വാക്കറുടെ ഒരു പോസ്റ്റര്‍ അവതരണം (International Meeting for Autism Researchല്‍ അവതരിപ്പിച്ചത്) . കാള പെറ്റതും കയറിനായി ഓടിയ മാധ്യമങ്ങള്‍ ഒടുവില്‍ മീസിത്സ് ബാധയാണോ തന്റെ പഠനത്തിലെ രോഗികളില്‍ ഓട്ടിസത്തിന് കാരണമായത് എന്ന് നോക്കിയിട്ടില്ലെന്നും അതിനു സാധ്യതയുണ്ടെന്നും അതിനാല്‍ വാക്സീനാണു ഓട്ടിസത്തിനു കാരണമെന്ന് പറയാനാകില്ലെന്നും ഡോ:വാക്കര്‍ കൈകഴുകിയതോടെ പിടി വിട്ടു.
3. റൂബെല്ല (ജര്‍മ്മന്‍ മീസിത്സ്) വൈറല്‍ അണുബാധ താരതമ്യേന പ്രശ്നരഹിതമാണെങ്കിലും ചില പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. റൂബെല വരുന്ന ഗര്‍ഭിണികളില്‍ – വിശേഷിച്ച് ആദ്യ 6 മാസം – 80% കുഞ്ഞുങ്ങളിലും പ്രസവാനന്തരം അന്ധത, ബാധിര്യം, ഹൃദയത്തില്‍ തുള എന്നിങ്ങനെയുള്ള ഏതെങ്കിലും പ്രശ്നം ഒറ്റയ്ക്കോ ഒരുമിച്ചോ കാണാം . ഗര്‍ഭിണികളില്‍ അതിനാല്‍ തന്നെ ഈ അസുഖത്തിനു വലിയ പ്രാധാന്യമുണ്ട്.
പുരുഷനിലും സ്ത്രീയിലും കുട്ടികളിലൂം വ്യത്യാസമില്ലാതെ വരുന്ന റൂബെല്ല 6000 രോഗികളില്‍ 1 എന്ന നിരക്കില്‍ തലച്ചോറിനെ ബാധിക്കാം. (post infectious encephalopathy). ഇത് വരുന്നവരില്‍ 20% പേര് മരിക്കാന്‍ സാധ്യത. കുട്ടികളില്‍ നിന്ന് ഗര്‍ഭിണികളിലേക്കുള്ള സംക്രമണ സാധ്യത വലുതാണെന്നുകൂടിയിരിക്കെ റൂബെല വാക്സീനെ തള്ളിക്കളയുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണു ഈയുള്ളവന്റെ വിനീതമായ അഭിപ്രായം.
അത് പെണ് കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും വേണം താനും. (ആദ്യം പറഞ്ഞ സാമൂഹിക സുരക്ഷാ തത്വം തന്നെ ഇവിടെയും)
റൂബെല വാക്സീന് പ്രചാരത്തിലാകുന്നത് 1970ക്കളുടെ തുടക്കത്തില്‍. വളരെ ശുഷ്കാന്തിയോടെ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം നടപ്പാക്കിയ ഫിന്‍ലന്റ് ബ്രിട്ടന് അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ക്രമമായി റൂബെല കേയ്സുകള്‍ കുറഞ്ഞുവന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. (1975 കാലഘട്ടത്തില്‍ വര്‍ഷം തോറും ഏതാണ്ട് 750 ഗര്‍ഭസ്ഥ റൂബെല അബോര്‍ഷനുകളും 50 പ്രസവാനന്തര വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ബ്രിട്ടനില്‍ 2001 ആകുമ്പോള്‍ അത് 7 റൂബെല്ലക്കുഞ്ഞുങ്ങള്‍ എന്ന തൊതിലേക്ക് ജനനം കുറഞ്ഞു. ഫിന്‍ലന്റും അമേരിക്കയും ഏതാണ്ട് 0 നിരക്കെത്തിക്കഴിഞ്ഞു).
റൂബെല്ല വാക്സീനെതിരേയുള്ള മറ്റൊരു പ്രചരണം ത്രോമ്പോസൈറ്റോപീനിയ (ITP) എന്ന ഒരു രക്തസ്രാവ രോഗം ഉണ്ടാകുന്നു എന്നതാണു. ഭാഗികമായി ഇത് ശരിയാണു താനും. റൂബെല എടുക്കുന്ന 40,000 കുത്തിവയ്പ്പുകളില്‍ ഒരാള്‍ക്ക് ഈ രോഗം വാക്സീനിന്റെ പാര്‍ശ്വഫലമായി വരാം (സ്വീഡിഷ് കണക്ക്) . അമേരിക്കന്‍ കണക്കനുസരിച്ച് ഇത് 10 ലക്ഷം കുത്തിവയ്പ്പില്‍ 1 എന്ന തോതാണ് . എന്നാല്‍ റൂബെല്ല എന്ന രോഗം വന്നാലും ഇതേ അമിതരക്തസ്രാവ അവസ്ഥ ഉണ്ടാകാം. കുത്തിവയ്പ്പെടുക്കാതെ റൂബെല്ല വരുന്നവരില്‍ അതിന്റെ തോത് വച്ചു നോക്കുമ്പോള്‍ വാക്സീനിന്റെ പാര്‍ശ്വഫലത്തോത് അവഗണിക്കാവുന്നതത്രെ.
4. മീസിത്സ് (മണ്ണന്‍) അണുബാധ മൂക്ക് തൊണ്ട ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഒരു ‘ജലദോഷ’ ത്തിനപ്പുറം പോകുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഇവനൊന്ന് ‘അറിഞ്ഞ് വിളയാടിയാല് ‘ ശ്വാസകോശത്തില്‍ സ്ഥിരമായ നാശനഷ്ടമുണ്ടാക്കാമെന്ന് മാത്രമല്ല ഭാവിയിലേക്കുള്ള സ്ഥിരമായ (പ്രത്യേകിച്ച് കുട്ടി ഒരു പുകവലിക്കാരനൊക്കെ ആകുമെങ്കില്‍ ) നെഞ്ചുരോഗ ഫിക്സഡ് ഡിപ്പോസിറ്റ് കൂടിയാകും ഇത് :))
മൊത്തം രോഗികളില്‍ 5 % പേര്‍ക്ക് ബ്രോങ്കോ ന്യുമോണിയയായോ ബ്രോങ്കിയോളൈറ്റിസോ ആയി ഇത് മാറാമെന്ന് കണക്ക്.
SSPE പോലുള്ള തലച്ചോര്‍ കോശനാശ രോഗങ്ങള്‍ ഇന്ഫക്ഷന് വന്ന് 5 മുതല്‍ 15 വര്‍ഷത്തിനു ശേഷമേ കാണാറുള്ളൂ. അതും അത്യപൂര്‍വ്വം : 1ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ .
കളി അവിടെയല്ല… മണ്ണന്റെ അണുബാധത്തോത് (ഇന്‍ഫക്റ്റിവിറ്റിക്ക് എന്തരാണോ മലയാളം..ആ പോട്ട് പുല്ല്) വളരെ വലുതാണു. രോഗി നാലാളുടെ ഇടയിലിരുന്ന് ഒറ്റ തുമ്മല്‍ തുമ്മിയാല്‍ ചുറ്റുമിരിക്കുന്ന നാലാള്‍ക്കും വൈറസ് ബാധയുണ്ടാകും. ഏതാണ്ട് 100 % ഇന്‍ഫക്റ്റിവിറ്റി !!
മണ്ണനും (measles) മുണ്ടി നീരും (mumps) ഒറ്റയ്ക്കൊറ്റയ്ക്ക് നോക്കിയാല്‍ താരതമ്യേന പ്രശ്നകാരികളല്ലാത്ത രോഗങ്ങളാണ്. എന്നാല്‍ പോഷകാഹാരക്കുറവും മറ്റും ഉള്‍പ്പടെയുള്ള സാമൂഹികപരിപ്രേക്ഷ്യത്തില്‍ കണ്ടാല്‍ ഭീകരന്മാരുമാണു.2006 ലെ കണക്കനുസരിച്ച് വര്‍ഷം തോറും 2,42, 000 ലക്ഷം കുട്ടികള്‍ (5 വയസ്സില്‍ താഴെയുള്ളവരാണു ഭൂരിഭാഗവും) മണ്ണന്‍ വന്ന് ശ്വാസകോശാണുബാധയാല്‍ ലോകത്ത് മരിയ്ക്കുന്നു. ഇതില്‍ 95 ശതമാനത്തോളം പേര് നമ്മുടേതു പോലുള്ള വികസ്വര നാടുകളിലാണ്.
പ്രതിരോധക്കുത്തിവയ്പ്പിന്റെ ആവശ്യകതയെക്കുറിച്ച് ഇനിയെന്ത് പറയാന്‍ ?
4. മുണ്ടി നീര് അഥവാ parotitis epidemica യുടെ പ്രധാന ലക്ഷണം ചെവിക്ക് മുന്നില്‍ കവിളിലായി ഉള്ള തുപ്പല് ഗ്രന്ഥികളുടെ വീക്കമാണു.
മുണ്ടിനീര് , 10,000 പേരില്‍ ഒരാളെ മാത്രം കൊല്ലുന്ന താരതമ്യേന നിര്‍ദ്ദോഷിയായ രോഗമാകുന്നു. എന്നാല്‍ മുണ്ടി നീര് വരുന്ന 30 % രോഗികളില്‍ അത് തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് ആയി മാറാറുണ്ട്.
കൌമാരമെത്താത്ത (ഏതാണ്ട് 12 വയസ്സില്‍ താഴെയുള്ള) ആണ് കുട്ടികളില്‍ ഇത് വൃഷണത്തെ ഒട്ടും തന്നെ ബാധിക്കാറില്ല. പ്യൂബര്‍ട്ടി എത്തിയ കുട്ടികളില്‍ 20 – 40% പേര്‍ക്ക് മുണ്ടി നീര് ‘അണ്ടിനീര്‍ ‘ (വൃഷണത്തില്‍ നീരുകെട്ടും എന്ന്) ആകുകയും ചെയ്യും !
എന്നാല്‍ ഇങ്ങനെ വൃഷണവീക്കം വരുന്നവര്‍ സ്ഥിരമായ ഷണ്ഡത്വം അപൂര്‍വ്വമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.(5% സ്ത്രീകളില്‍ അണ്ഡാശയവീക്കവും കാണാം – വെറുമൊരു വയറ് വേദന വന്നങ്ങ് പൊയ്ക്കോളും. )
അപൂര്‍വ്വമായ കോമ്പ്ലിക്കേയ്ഷനുകള്‍ പറഞ്ഞാല്‍ പേടിയാകും. ഹൃദയത്തെ വരെ ബാധിക്കാം. 1000ത്തില്‍ 3 പേര്‍ക്ക് കേള്‍വിയും പോകാം.
നിലവിലുള്ള വാക്സീനുകളായ ലെനിന് ഗ്രാഡ് – 3 (വോ തന്ന തന്ന ,റഷ്യാക്കാരന്റെ തന്ന :), റൂബിനി, യുറേബ് ഏ എം – 9 എന്നിങ്ങനെയുള്ള വാക്സീനുകളെ അപേക്ഷിച്ച് ഇഫക്റ്റ് കുറവാണേലും അമേരിക്കയില്‍ ലൈസന്‍സ് ചെയ്തിട്ടുള്ള Jeryl–Lynn വാക്സീന് സൈഡ് ഇഫക്റ്റുകള്‍ വളരെ കുറവാണു. അമേരിക്കയില്‍ ഇത് 2 ഡോസ് നല്‍കാനാണു വ്യവസ്ഥ.
5. ഈ മൂന്ന് വാക്സീനുകളും ചേര്‍ന്നതാണ് എം.എം.ആര് . അത് കുട്ടിക്ക് 12 മാസം പ്രായമാകുമ്പോഴാണു നല്‍കേണ്ടത്. 9-ആം മാസം എം.എം.ആര് ആണോ കൊടുത്തത് ? അതോ മീസിത്സ് മാത്രമോ ?
നാട്ടില്‍ അനുവര്‍ത്തിച്ചു പോരുന്ന Universal Immunisation Programme അനുസരിച്ച് 6 മാസത്തില്‍ മീസില്‍സ് വാക്സീന് ഗവണ്മെന്റ് ഫ്രീയായി കൊടുക്കുന്നു. MMR ആണെങ്കില്‍ അത് 15 മാസമാകുമ്പോഴാണു ഇന്ത്യയില്‍ കൊടുക്കുക. ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രീഷ്യന്‍സ് MMR ബൂസ്റ്റര്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. ഒരു ഡോസേ നാട്ടില്‍ ഉള്ളൂ.
അമേരിക്കയില്‍ 12 – 15 മാസത്തിനിടയിലും . അമേരിക്കയില്‍ സ്കൂള്‍ പ്രവേശനത്തിനു മുന്‍പ് 4-5 വയസ്സാകുമ്പോള്‍ ഒരു ബൂസ്റ്റര്‍ ഡോസ് MMR കൂടി കൊടുക്കും.
ഗര്‍ഭസ്ഥമായിരിക്കുമ്പോള്‍ മറുപിള്ള (പ്ലാസെന്റ) വഴി കുട്ടിയിലെത്തുന്ന രക്തത്തില്‍ അമ്മയുടെ ഉള്ളിലെ ആന്റീബോഡികള്‍ – അമ്മയ്ക്ക് ഈ കുത്തിവയ്പ്പുകള്‍ മുന്‍പ് എടുത്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ ഇവ രോഗമായി വന്നിട്ടുണ്ടെങ്കിലോ – ഉണ്ടാകും. പ്രസവാനന്തരം ഏതാണ്ട് 6 – 9 മാസം വരെ ഇത് നിലനില്ക്കും.പിന്നെ ക്രമേണ അവ നശിക്കും. അതുകൊണ്ടാണ്6 മാസം വരെയെങ്കിലും കാത്തിരിക്കാന്‍ നാം പറയുന്നത്. അതിനു മുന്നേ കൊടുക്കുമ്പോള്‍ വാക്സീനെ കുഞ്ഞിന്റെ ശരീരത്തിലെ മാതൃജന്യ ആന്റീബോഡികള്‍ ന്യൂട്രലൈസ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് തിയറി :))
എം.എം ആര് 9 മാസം കൊടുക്കാന്‍ വകുപ്പില്ലാത്തതാണ്. എന്നാലും Don’t worry … പ്രശ്നമൊന്നുമില്ല.
പീഡിയാട്രീഷ്യന്മാരുടെ കമ്മറ്റി അംഗീകരിച്ച Catch Up Schedule അനുസരിച്ച് 5 വയസ്സ് കഴിഞ്ഞിട്ടും ആദ്യ MMR ഡോസ് എടുത്തിട്ടില്ല എങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആദ്യ ഡോസ് എടുക്കുക. എന്നിട്ട് കുറഞ്ഞത് 4 ആഴ്ച കഴിയുമ്പോള്‍ അടുത്ത MMR ഡോസ് എടുക്കാവുന്നതാണ്. പ്രായം 5 വയസ്സില്‍ താഴെയാണെങ്കില്‍ നേരത്തേ പറഞ്ഞ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ പോകാം: ആദ്യഡോസ് എത്രയും പെട്ടന്ന്. പിന്നെ സ്കൂളില്‍ ചേര്‍ക്കാറാവുമ്പോള്‍ ബൂസ്റ്റര്‍ ഡോസും.
6. പ്രതിരോധക്കുത്തിവയ്പ്പുകളെ കണ്ണുമടച്ച് എതിര്‍ക്കുകയും സ്പാം മെയിലുകള്‍ പടച്ചു വിടുകയും ചെയ്യുന്നവര്‍ ഈ കുത്തിവയ്പ്പുകള്‍ പ്രചാരത്തിലാവുന്നതിനു മുന്‍പും പിന്‍പും അതാത് രോഗങ്ങള്‍ വരുന്നതിന്റെ തോതും ആ രോഗങ്ങള്‍ മൂലം ഉണ്ടായ മരണങ്ങളുടെ നിരക്കുമൊക്കെ ഒന്ന് മനസ്സിരുത്തി പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
എപ്പോഴൊക്കെ നിലവിലുണ്ടായിരുന്ന പ്രതിരോധകുത്തിവയ്പ്പ് തീവ്രപരിപാടികള്‍ ആലസ്യത്തിലേക്ക് പോയിട്ടുണ്ടോ അപ്പോഴൊക്കെ അത് തടയേണ്ട രോഗങ്ങളുടെ തോതും കൂടിയിട്ടുണ്ട്. ഇംഗ്ലന്റ് വെയില്‍സ് സ്വീഡന് ജപ്പാന് തുടങ്ങിയ സ്ഥലങ്ങളില്‍ 1979 – 81കാലത്ത് വില്ലന്‍ ചുമയ്ക്കെതിരേയുള്ള പ്രതിരോധനടപടികള്‍ തടസ്സപ്പെട്ടപ്പോള്‍ വില്ലന്‍ ചുമയുടേ റേറ്റും കൂടിയിട്ടുണ്ട്.
വാക്സീനുകള്‍ക്കെതിരെ ഡയലോഗ് വിടുന്ന 750 വെബ്സൈറ്റുകളെ ഉള്‍പ്പെടുത്തി നടന്ന പിറ്റ്സ്ബെര്‍ഗ് യൂണിവേഴ്സിറ്റിയുടെ പഠനം കാണിക്കുന്ന കണക്കുകള്‍ രസകരമാണു :
* അത്തരം വെബ്സൈറ്റുകളില്‍ 91% വും വാക്സീന് ഓട്ടിസം, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്റ്രോം തുടങ്ങിയ അപൂര്‍വ രോഗങ്ങള്‍ക്ക്/അവസ്ഥകള്‍ക്ക് വഴിവയ്ക്കും എന്ന് പ്രചരിപ്പിക്കുന്നു .
* 83% വെബ് സൈറ്റുകള്‍ വാക്സീനുകളില്‍ മെര്‍ക്കുറി പോലുള്ള ‘വിഷം’ ഉണ്ടെന്നോ അല്ലെങ്കില്‍ ചില ബാച്ച് വാക്സീനുകള്‍ മൊത്തം contaminated ആണെന്നോ വാദിക്കുന്നു.
* 62% വെബ്സൈറ്റുകള്‍ പറയുന്നത് ഡോക്ടര്‍മാര്‍ മന:പൂര്‍വം കുത്തിവയ്പ്പിന്റെ സൈഡ് ഇഫക്റ്റ് പുറത്ത് പറയാത്തതാണെന്ന്.
* വാക്സീനുകള്‍ക്കെതിരേ കുരയ്ക്കുന്ന 67% വെബ്സൈറ്റുകള്‍ പ്രകൃതിചികിത്സ, ഹോമിയോ, കൈറോ പ്രാക്റ്റിക് രീതികള്‍ , ഹെര്‍ബല്‍ ഔഷധവും ഹോളിസ്റ്റിക് ഉഗാണ്ടന്‍ തിയറികളും മറ്റും നിര്‍ദ്ദേശിക്കുന്നവയാണെന്നത് യാദൃശ്ചികമല്ല :)) 16% Website കള്‍ ഈ വക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവയുമായിരുന്നു !
* 76% വെബ്സൈറ്റുകള്‍ ഗൂഢാലോചന സിദ്ധാന്തക്കാരാണ്. വാക്സീന്റെ ഫലപ്രാപ്തി, സുരക്ഷിതത്വം എന്നിവയെപ്പറ്റി വൈദ്യശാസ്ത്രം മറച്ചുവയ്ക്കുന്നു ; അല്ലെങ്കില്‍ കണക്കുകള്‍ ഒക്കെ തെറ്റാണ് എന്നിങ്ങനെ . ജൂതകൂട്ടക്കൊല നടന്നിട്ടേയില്ല എന്ന് ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോലെ… :))
ദേവേട്ടന്റെ കമന്റില്‍ ലിങ്കിയ ആ വാക്സീന് ലിബറേയ്ഷന്‍ അണ്ണന്മാരെ (http://www.vaclib.org/index.htm) ഏതെങ്കിലും മൂന്നാം ലോക ചേരിയില്‍ ഒരു പത്തു ദിവസം താമസിപ്പിക്കാമെങ്കില്‍ ‘കടി’ മാറിക്കൊള്ളും :))
Off Topic :
കമന്റ് ഇത്രയും നീണ്ട് പോയതില്‍ ക്ഷമിക്കണം ഉമേഷ് ജീ.
വാക്സീനുകളെ കുറിച്ചും പ്രതിരോധശേഷിയെപ്പറ്റി പൊതുവായും പോസ്റ്റായി ഇടാന്‍ കരുതിയിരുന്ന ചില സംഗതികളിലേക്ക് കൂടി ഇത്തിരി കാടുകയറി.
ഈ കമന്റ് ഏതായാലും മെഡിസിന്@ബൂലോകത്തില്‍ ഒരു പോസ്റ്റായി ഇടുന്നു. വിശദമായി പിന്നെ എഴുതാം :))
സൂരജ് രാജന് | 15-Sep-08 at 10:48 pm | Permalink
മുകളിലത്തെ കമന്റില്‍ ചേര്‍ക്കാന്‍ വിട്ടു പോയ ഒരു പോയിന്റ് നമ്പര്‍ 7ആയി താഴെ കൊടുക്കുന്നു. കോപ്പി പേസ്റ്റിയപ്പൊ വിട്ടുപോയതാണ് 🙂
ഹെപ്പറ്റൈറ്റിസ് – ബി വാക്സീന് ദേവേട്ടന് പറഞ്ഞപോലെ കുട്ടികള്‍ക്ക് അനാവശ്യമാണെന്നൊക്കെ തോന്നാം. ചില ആഗോള കണക്കുകള്‍ മറ്റൊന്നാണു പറയുക: ലോകത്തിന്റെ മുക്കാല്‍ ജനസംഖ്യയും ഹെപ്പറ്റൈറ്റിസ്-ബി ബാധയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്.
HIVയെക്കാള്‍ 100 ഇരട്ടി വേഗത്തിലാണു ഹെപ്പറ്റൈറ്റിസ് ബി ബാധയുണ്ടാകുക എന്നോര്‍ക്കുക. എച് ഐ വി ബാധയേക്കാള്‍ നാം ഭയക്കേണ്ടത് ഹെപ്പറ്റൈറ്റിസ്-ബി യെ ആണ് എന്ന് സാരം.
സംഗതി രക്തത്തിലൂടെയോ ലൈംഗികവേഴ്ചയിലൂടെയോ പ്രസവവേളയിലെ സ്രവങ്ങളിലൂടെയോ ഒക്കെയാണു ശരീരത്തില്‍ ഈ വൈറസ് പ്രവേശിക്കുന്നതെങ്കിലും കുട്ടികളിലേക്ക് ഇത് സംക്രമിക്കാന്‍ ചില വഴികളുണ്ട് : കുത്തിവയ്പ്പുകള്‍ വഴി, ബ്ലഡ് ട്രാന്സ്ഫ്യൂഷന് വഴി , ഓപ്പറേഷന് ഉപകരണങ്ങള്‍ വഴി, രക്തസംബന്ധിയായ രോഗങ്ങള്‍ (വിശേഷിച്ച് സിക്കിള്‍ സെല്‍ അനീമിയ, തലാസ്സീമിയ തുടങ്ങിയവ വികസ്വര രാജ്യങ്ങളില്‍ കൂടുതലാണ്) വരുന്നവരില്‍ , മുറിവുകളില്‍ നിന്ന് മുറിവുകളിലേക്ക്, പച്ചകുത്തിലൂടെ, നിര്‍ബന്ധത്താലുള്ള ലൈംഗിക വേഴ്ച വഴി (ബാലികാ ബാല പീഡനത്തില്‍ നാം ഒട്ടും മോശമല്ലല്ലോ).
ഹെപ് – ബി ബാധിക്കുന്ന 20 – 30% ആളുകളെ ഇത് രോഗവാഹക അവസ്ഥയില്‍ ആക്കുന്നു. സനാതന രോഗിയാകുന്നവരില്‍ 50 – 75 % ആളുകളും കരളില്‍ ക്യാന്‍സര്‍ വന്നാണു മരിക്കുക. ശേഷിച്ചവര്‍ മറ്റു കരള്‍ രോഗം വന്നും.
Hep-Bയുടെ high endemicity areas എന്നുപറയുന്ന ഇടങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയും വരും. കിഴക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങളും സബ് സഹാറന്‍ ആഫ്രിക്കയുമൊക്കെ ഈ ഗ്രൂപ്പിലാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ നടന്ന ചിതറിയ ആന്റിജന്‍ അസേ പഠനങ്ങളില്‍ 0.1% മുതല്‍ 11.4% വരെ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ്-ബി അണുബാധ ഉണ്ടായിട്ടുള്ളതായി കാണുന്നു. ഇതില്‍ ലോകാരോഗ്യസംഘടന ഉറപ്പിച്ച ” 5% ” എന്ന നിരക്ക് എടുത്ത് കണക്കുകൂട്ടുമ്പോള്‍ പോലും ഹെപ്പറ്റൈറ്റിസ് – ബി ബാധിച്ചവരുടെ ആഗോളസംഖ്യയുടെ 15% വരും !!
ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രിസ്ക് മുന്നോട്ടു വച്ച “വിപുലീകൃത പ്രതിരോധ കുത്തിവയ്പ്പ് യജ്ഞ’ത്തിന്റെ പ്രധാന പരിപാടികളിലൊന്ന് ഹെപ്പറ്റൈറ്റിസ്-ബി ബാധ പിടിച്ചു നിര്‍ത്തുകയെന്നതാണ്. ഹെപ്പറ്റൈറ്റിസ്-ബി വാക്സീനാകട്ടെ വളരെ വളരെ സുരക്ഷിതവുമാണ്. (ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമായി പേറ്റന്റ് എടുത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് ഇത് നാട്ടില്‍ നല്‍കുന്നുണ്ട്.)
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ, എത്രയും നേരത്തേ ഈ വാക്സീന് കൊടുത്താല്‍ അത്രയും നേരത്തെ ഇത് വരുന്നതിനെതിരേ തടയിടാം. നാളെ അവനില്‍ നിന്നോ അവളില്‍ നിന്നോ – ലൈംഗികമായോ രക്തസംബന്ധമായോ – അത് മറ്റാര്‍ക്കും കിട്ടില്ല എന്നുറപ്പ് വരുത്താം.
Umesh::ഉമേഷ് | 15-Sep-08 at 11:09 pm | Permalink
സൂരജ്,
വിവരങ്ങള്‍ക്കും ഇത്രയും എഴുതാനെടുത്ത സമയത്തിനും വളരെ നന്ദി.
അനൂപ് തിരുവല്ല | 16-Sep-08 at 2:16 am | Permalink
നല്ലൊരു ചര്‍ച്ചയ്ക്ക് നന്ദി.
vrajesh | 16-Sep-08 at 9:39 am | Permalink
ഹെപറ്റൈറ്റിസ്-ബി നാം പ്രതീക്ഷിക്കുന്നതിലും ഏറെ പകരുന്നതായി കാണപ്പെടുന്നു.ശരീര സ്രവങ്ങളിലൂടെ മാത്രം പകരുന്ന ഇത് കുട്ടികളില്‍ നിന്നും കുട്ടികളിലേക്ക് എളുപ്പത്തില്‍ പകരുന്നത് എങ്ങിനെയെന്ന് വല്ല പഠനങ്ങളും നടന്നിട്ടുണ്ടോ എന്നറിയാന്‍ താല്പര്യമുണ്ട്.ഡോ.സൂരജ് സഹായിക്കുമെന്നു കരുതുന്നു.
പാര്ത്ഥന് | 16-Sep-08 at 11:47 am | Permalink
ഇന്ന് ശാസ്ത്രത്തിന്റെ ദുരുപയോഗം കൊണ്ട് പ്രകൃതി വിഷമയമായിരിക്കുന്നു. അതുകൊണ്ട് പ്രകൃതിയില്‍ നിന്നുള്ള പ്രധിരോധശക്തി ശരീരത്തിനു കിട്ടാനുള്ള സാധ്യത തീരെ ഇല്ല എന്നു തന്നെ പറയാം. വിഷമയമായ അന്തരീക്ഷം, വിഷമയമായ ഭക്ഷണം, കൃത്രിമാമായ ജീവിതരീതികള്‍, എല്ലാം കൂടി ശരീരം വിഷമയമാണ്. അതുകൊണ്ട് ഒന്നു പിടിച്ചു നില്ക്കണമെങ്കില് വിഷം തന്നെ ശരണം. അല്ലെങ്കില്‍ നമ്മള് പ്രകൃതിയോട് മല്ലിടേണ്ടിവരും. വാക്സിനേഷന്റെ കൂടെയാണെങ്കില്‍ പ്രകൃതിയോട് ഇണങ്ങിക്കഴിയാം.
ഉമേഷ്:Umesh | 16-Sep-08 at 12:42 pm | Permalink
അതു കറക്റ്റ്, പാര്‍ത്ഥാ. പണ്ടൊക്കെ ഭദ്രകാളി കുരിപ്പെറിഞ്ഞു മനുഷ്യര്‍ ചത്തപ്പോള്‍ കുറേ ഭേദമുണ്ടായിരുന്നു. എന്തായാലും ദൈവകാര്യത്തിനല്ലേ ചാവുന്നതു്?
പണ്ടു് ഇന്നത്തേതിലും ആളുകള്‍ക്കു് ആയുസ്സുണ്ടായിരുന്നെന്നും മരണനിരക്കു കുറവാണെന്നും സയന്‍സിന്റെ വരവു കൊണ്ടു് അതൊക്കെ പോയി എന്നുമാണോ പറഞ്ഞുവരുന്നതു്?
suraj rajan | 16-Sep-08 at 1:18 pm | Permalink
സി.കെ ബാബു മാഷ് എഴുതിയ “ഗോവസൂരിപ്രയോഗത്തിന്റെ ഉദ്ഭവം” എന്ന ലേഖനത്തിന്റെ മൂട്ടില് ഈയുള്ളവന് ഒരു ‘ഭാരതവൈജ്ഞാനിക സംഭാവന’യെക്കുറിച്ച് എഴുതിയിരുന്നു:
അത് താഴെ റീ പേസ്റ്റുന്നു:
സൂരജ് :: suraj said…
ഒരു മഹാരോഗത്തെ കീഴടക്കിയതിലെ മനുഷ്യ പ്രയത്നത്തിന്റെ മാഹാത്മ്യത്തെ ബാബു മാഷ് അതി മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
ഒരല്‍പ്പം ഇന്ത്യന്‍ ചരിത്രം ഇതോടൊപ്പം ചേര്‍ത്തോട്ടെ:
യൂറോപ്യന്‍ രീതിയിലുള്ള വസൂരി അച്ചുകുത്ത് വരുന്നതിനു മുന്‍പേതന്നെ ബംഗ്ലാ/ ബനാറസ്/ വൃന്ദാവന്‍ ബ്രാഹ്മണരുടെ വാക്സിനേഷന് പ്രചാരത്തിലുണ്ടായിരുന്നു എന്നതിനു രേഖകളുണ്ട് . ഈ പരിപാടി 150 വര്‍ഷത്തോളം മുന്‍പേ ബംഗ്ലാക്കാരുടെയിടയില്‍ പ്രചരിച്ചിരുന്നതാണെന്ന് 1731ല്‍ റൊബര്‍ട്ട് കോള്‍ട്ട് ഡോ: ഒളിവര്‍ കോള്‍ട്ടിന് എഴുതിയ കത്തില്‍ പറയുന്നു.
ഭാമനിയന്‍ രേഖകള്‍പ്രകാരം ചമ്പാനീര്‍ ഭാഗത്തെ ധന്വന്തരി എന്ന വൈദ്യന് ഈ വാക്സിനേഷന്റെ ഉസ്താദായിരുന്നതായി പറയപ്പെടുന്നു. (ദുനുന്ദുരി എന്ന പേര് ധന്വന്തരി ആണെന്ന് Dharampal പറയുന്നത് വിശ്വസിക്കാം – വൈദ്യദേവന്‍ ധന്വന്തരിയാണോ ഇങ്ങേര് ? ആവോ! ).
പക്ഷെ, ഈ അച്ചുകുത്തു ചരിത്രവും അന്നത്തെയോ ഇന്നത്തെയോ വ്യവസ്ഥാപിത ആയുര്‍വേദവുമായി യാതൊരു ബന്ധവുമുണ്ടെന്നു പറയാനാവില്ല. ആ കാലഘട്ടത്തിലെയോ പിന്നിടോ ഉള്ള അയുര്‍വേദ പാഠങ്ങളിലൊന്നും വാക്സിനേഷന്റെ പ്രാഥമിക വിവരണം പോലുമില്ല. ആയുര്‍വേദത്തിന്റെ പരമ്പരാഗത രീതികള്‍ വിട്ട് മറ്റു രീതിയില്‍ ചികിത്സകള്‍ നടത്തേണ്ടീവന്ന ജനവിഭാഗങ്ങളുടെ സംഭാവനയാകാം ഈ പ്രാചിന ഇന്‍ഡ്യന്‍ അച്ചുകുത്ത് .
റൊബര്‍ട്ട് കോള്‍ട്ടിന്റെ കുറിപ്പില്‍ പറയുന്നതിനനുസരിച്ച് കൂര്‍ത്ത സൂചി ഉപയോഗിച്ച് മുറിവുണ്ടാക്കിയാണ് വസൂരിത്തൈലം പുരട്ടിയിരുന്നത്. നെറ്റിയിലും അച്ചുകുത്തിയിരുന്നു. ചില അവസരത്തില്‍ ഈ വസൂരിപ്പഴുപ്പ് അച്ചുകുത്തുന്നതിനു പകരം ചോറിനൊപ്പം കഴിക്കാനും (ഓറല്‍ പോളിയോ, ഓറല്‍ ടൈഫോയിഡ് വാക്സീനുകള്‍ പോലെ ??) കൊടുത്തിരുന്നു. ഇങ്ങനെ കഴിക്കുന്ന പഴുപ്പ്-മരുന്ന് കുത്തിവയ്പ്പിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നു അവര്‍ കരുതിയിരുന്നു.
അല്‍ ബറൂണി യുടെ 1030 ലെ വിവരണമാണ് വസൂരി (മസൂരിക)യുടെ ആദ്യത്തെ അവെയ്ലബിള് അക്കൌണ്ട് – “ലങ്കാദ്വീപില്‍ നിന്നും വീശുന്ന ദുഷിച്ചകാറ്റില്‍ വരുന്ന മസുരികാവിത്തുകളെപ്പറ്റി”. തങ്കഭസ്മം മരുന്നായി ഉപയോഗിച്ചിരുന്നതിനെപ്പറ്റി വരെ എഴുതിയ അല്‍ ബറൂണി ‘ശീതള’ ദേവിയെക്കുറിച്ച് എഴുതിയില്ല. ശീതളാ ദേവിയാണ് വസൂരിയുടെ മാതാവ് എന്ന വിശ്വാസം പിന്നീടു വന്നതാവാം. പിന്നീട് 15-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മാധവനിദാനത്തിന്റെ (മാധവകരന്റെ ആയുര്‍വേദ ടെക്സ്റ്റ്)എഡിഷനിലും 16-ആം നൂറ്റാണ്ടില്‍ ഭാവപ്രകാശത്തിലും ‘ശീതളാ’ദേവിയും വസൂരിയും വരുന്നുണ്ട് – കുരുക്കളുടെ ഡീറ്റെയില്‍ഡ് വിവരണവുമൊക്കെയായി. (അവിടേയും രോഗാണു തിയറിയോ വാക്സിനോ ഇല്ല.)
കേരളത്തില്‍ ഒടുവില്‍ ബ്രിട്ടീഷ് സഹായത്തോടെ 1800 കളുടെ തുടക്കത്തില്‍ അച്ചുകുത്ത് ആരംഭിച്ചപ്പോള്‍ അവര്‍ണ്ണ ജാതികളിലായി അകറ്റി നിര്‍ത്തപ്പെട്ടവരും മതംമാറ്റത്തിലൂടെ പുതിയ സ്വാതന്ത്ര്യങ്ങള്‍ കൈവരിച്ചവരുമൊക്കെയാണ് അഹമഹമികയാ വന്ന് ഇഞ്ചക്ഷന് സ്വീകരിച്ചത്. നല്ലൊരു പങ്ക് ബ്രാഹ്മണര്‍ തങ്ങളുടെ ബ്രാഹ്മണ്യം പോകുമോയെന്നു ഭയന്ന് ഈ അച്ചുകുത്ത് സ്വീകരിച്ചില്ല എന്ന് ചരിത്രം.
*****
അപ്പോ പാര്ത്ഥന് ജീ, അദ്ദാണു കളി…
സര്‍വ്വം വിഷമയമാണെന്നോ അതുകൊണ്ട് “വാക്സീന്” എന്ന ‘വിഷത്തെ’ ശരണം പ്രാപിക്കണമെന്നോ ഒന്നും നമ്മുടെ വൈജ്ഞാനികര്‍ കരുതിയിരുന്നില്ല പണ്ട്. Experimentation-നു തീര്‍ച്ചയായും വൈദ്യത്തില്‍ സ്ഥാനമുണ്ട് എന്ന് അവര്‍ക്കറിയുകയും ചെയ്യുമായിരുന്നു. ഇപ്പോ ചില അണ്ണന്മാര് പറഞ്ഞു നടക്കുമ്പോലെ “അബ്സല്യൂട്ട് ട്രൂത്തും” “മാറ്റമില്ലാത്ത ശാസ്ത്രവും” തേങ്ങാക്കൊലയുമൊന്നുമായിരുന്നില്ല അവരുടെ സയന്‍സ്.
മുട്ടന്‍ ഓഫ്:
മാംസാഹാരം മനുഷ്യ മനസ്സിനെ മൃഗതുല്യമാക്കുമെന്ന് പണിക്കര്‍ സാറ് ത്തട്ടി വിടുന്നത് കണ്ടു ഒരിടത്ത്.. നല്ല കോമഡി… ഏതാണ്ട് 64 തരം മാംസാഹാരങ്ങളെ പറ്റി -അവയുടെ പ്രാചീന വര്ഗ്ഗീകരണമുള്പ്പടെ – സുശ്രുത സംഹിതയില്‍ പറയുന്നുണ്ട്…!!:D ഫയങ്കര വ്യാഖ്യാന സയന്റിസ്റ്റുകളു തന്നെന്റമ്മോ നാടു മുഴുവന്‍ !! ]
ജോസഫ് ആന്റണി | 30-Sep-08 at 7:53 am | Permalink
‘കേരളത്തില്‍ ഒടുവില്‍ ബ്രിട്ടീഷ് സഹായത്തോടെ 1800 കളുടെ തുടക്കത്തില്‍ അച്ചുകുത്ത് ആരംഭിച്ചപ്പോള്‍ അവര്‍ണ്ണ ജാതികളിലായി അകറ്റി നിര്‍ത്തപ്പെട്ടവരും മതംമാറ്റത്തിലൂടെ പുതിയ സ്വാതന്ത്ര്യങ്ങള്‍ കൈവരിച്ചവരുമൊക്കെയാണ് അഹമഹമികയാ വന്ന് ഇഞ്ചക്ഷന് സ്വീകരിച്ചത്. നല്ലൊരു പങ്ക് ബ്രാഹ്മണര്‍ തങ്ങളുടെ ബ്രാഹ്മണ്യം പോകുമോയെന്നു ഭയന്ന് ഈ അച്ചുകുത്ത് സ്വീകരിച്ചില്ല എന്ന് ചരിത്രം’..
സൂരജ്,
ഈ വിവരം വളരെ അര്‍ഥവത്താണ്. പള്‍സ്പോളിയോ മുസ്ലീമുകളെ വന്ധ്യംകരിക്കാന്‍ അമേരിക്ക നടത്തുന്ന ഗൂഢാലോചനയാണെന്നു പറഞ്ഞ് നൈജീരിയയിലും മറ്റും മതപണ്ഡിതര്‍ അതിനെതിരെ വിലക്ക് പ്രഖ്യാപിച്ച വാര്‍ത്തകള്‍ കണ്ടിരുന്നു….കേരളത്തിനും അത്തരമൊരു ‘അഭിമാനകരമായ’ പാരമ്പര്യമുണ്ടെന്ന് താങ്കളുടെ ഈ വാചകങ്ങള്‍ സൂചിപ്പിക്കുന്നു.