എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷ

വ്യാകരണം (Grammar)

പഴയൊരു നമ്പൂതിരിഫലിതമുണ്ടു്. ഇംഗ്ലീഷും മലയാളവും തമ്മില്‍ ഒരു താരതമ്യം. ഇംഗ്ലീഷില്‍ “സി-ഏ-റ്റി” എന്നെഴുതും, “ക്യാറ്റ്” എന്നു വായിക്കും, അര്‍ത്ഥം “പൂച്ച” എന്നും. മലയാളമാകട്ടേ “പൂച്ച” എന്നെഴുതും, “പൂച്ച” എന്നു വായിക്കും, അര്‍ത്ഥവും “പൂച്ച” എന്നു തന്നെ!

കുറച്ചു് ഇംഗ്ലീഷിലെ സ്പെല്ലിംഗിന്റെ പ്രശ്നവും ഏറെ നര്‍മ്മവും കലര്‍ന്ന ഈ കഥയ്ക്കു് ഒരു അനുബന്ധമുണ്ടു്. മലയാളം എഴുതുന്നതു പോലെയാണു എപ്പോഴും വായിക്കുന്നതു് എന്ന അബദ്ധധാരണയാണു് അതു്.

സുരേഷ് (സുറുമ) ഇവിടെ പറയുന്നു:

ഞാന്‍ ധരിച്ചിരിക്കുന്നത് മലയാളം എഴുതുന്നതുപോലെ വായിക്കപ്പെടുന്നതിനാല്‍ (‘ഹ്മ’, ‘ഹ്ന’ എന്നീ അപവാദങ്ങള്‍ ഒഴിവാക്കിയാല്‍) സ്പെല്ലിങ്ങ് എന്ന സംഗതി അപ്രസക്തമാണെന്നാണ്. അക്ഷരമറിയുന്ന, ഉച്ചാരണശുദ്ധി പാലിക്കുന്ന ആര്‍ക്കും മലയാളത്തിന്റെ സ്പെല്ലിങ്ങിനെ ചൊല്ലി വേവലാതിപ്പെടേണ്ട എന്നും.

എഴുതുന്നതു പോലെ വായിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഇല്ലേ? അദ്ധ്യാപകന്‍/അധ്യാപകന്‍, പാര്‍വ്വതി/പാര്‍വതി, താത്പര്യം/താല്‍പ്പര്യം/താല്‍‌പര്യം, എനിക്കു്/എനിക്ക്, ഗംഗ/ഗങ്ഗ തുടങ്ങി. ഇംഗ്ലീഷിനുള്ളത്രയും തീക്ഷ്ണമല്ലെങ്കിലും മലയാളത്തിലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഉണ്ടു്.

പറയാന്‍ വന്നതു് അതല്ല. മലയാളം എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷയാണു്, അഥവാ ഉച്ചരിക്കുന്നതു പോലെ എഴുതുന്ന ഭാഷയാണു് എന്നതു ശരിയാണോ എന്നതിനെപ്പറ്റിയാണു്. ഹ്മ, ഹ്ന എന്നീ അക്ഷരങ്ങളൊഴികെ എല്ലാറ്റിലും ഇതു ശരിയാണെന്നാണു സുരേഷ് വാ‍ദിക്കുന്നതു്.

ഈ കാര്യം എന്റെ എന്താണു് ഈ അറ്റോമിക് ചില്ലു പ്രശ്നം? എന്ന പോസ്റ്റിന്റെ കമന്റുകളിലും ഉണ്ടായി. റാല്‍മിനോവിന്റെ ചോദ്യം:

എ.ആര്‍ റഹ്മാന്‍ എന്നല്ല എ.ആര്‍ റഹ്‌മാന്‍ എന്നാണു് എപ്പോഴും കാണിക്കേണ്ടതു്. ഗൂഗ്ള്‍ ഒരിക്കലും അതു് കാണിക്കില്ല, രചന ഫോണ്ട് ഉപയോഗിക്കുന്നവരെ.

എന്താണു് റാല്‍മിനോവ് ഉദ്ദേശിച്ചതെന്നു വ്യക്തമായതു പിന്നീടു സുരേഷ് വിശദീകരിച്ചപ്പോഴാണു്.

ആ ‘റഹ്‌മാന്‍’ ഉദാഹരണം വളരെ പ്രസക്തമാണു്.’റഹ്‌മാന്‍’ എന്നെഴുതിയാല്‍ വായിക്കുന്നതും അങ്ങനെയാണു്.എന്നാല്‍ ‘റഹ്മാന്‍’ എന്നതില്‍ അങ്ങനെയല്ല.’ഹ്മ’ എന്ന കൂട്ടക്ഷരം ഉച്ചാരണത്തില്‍ ‘മ്ഹ’ എന്നായി മാറും.(ഉദാ: ബ്രഹ്മം.യേശുദാസിന്റെയോ ജയചന്ദ്രന്റെയോ ചില സിനിമാഗാനങ്ങള്‍ ഒന്നു് ഓര്‍ത്തുനോക്കൂ.ഉച്ചാരണത്തില്‍ ഇരുവരും സ്വതേ കണിശക്കാരാണു് ). ‘ഹ്ന’ കാര്യത്തിലും ഇതു തന്നെയാണു് കഥ.ഭാഷയില്‍ നിലനില്ക്കുന്ന ചില rare exceptions ആണിവ.

അപ്പോള്‍ അതാണു കാര്യം. ബ്രഹ്മം എന്നതിലെ ഹ്മ, ചിഹ്നം എന്നതിലെ ഹ്ന എന്നിവ സംസ്കൃതത്തില്‍ യഥാക്രമം മ്‌ഹ, ന്ഹ എന്നാണു് ഉച്ചരിക്കുന്നതു്. (മലയാളികള്‍ യഥാക്രമം ‘മ്മ’ എന്നും ‘ന്ന’ എന്നും. അതിന്റെ കാര്യം വഴിയേ.)

ആദ്യമായി ഒരു ചോദ്യം “ബ്രഹ്‌മം” എന്നു് അച്ചടിച്ചതു് ഒരു സംസ്കൃതപണ്ഡിതന്‍ എങ്ങനെ വായിക്കും? ബ്ര-ഹ്‌-മം എന്നോ ബ്ര-മ്‌-ഹം എന്നോ?

“ബ്രഹ്മം” എന്നതിനെ “ബ്രമ്ഹം” എന്നു വായിക്കുന്നതു് സംസ്കൃതത്തിന്റെ ഒരു രീതിയാണു്. ദേവനാഗരിയില്‍ (ഹിന്ദി, ഉദാഹരണത്തിനു്) ब्रह्म എന്നും रह्मान എന്നും (സാധാരണയായി അവര്‍ രഹമാന്‍-रहमान-എന്നാണു് എഴുതുന്നതു് എന്നു മറ്റൊരു കാര്യം.) എഴുതാന്‍ രണ്ടു ലിപിയില്ല. (സംസ്കൃതത്തില്‍ റഹ്മാന്‍ എന്നെഴുതുമോ എന്നറിയാത്തതിനാലാണു ഹിന്ദിയെ കൂട്ടുപിടിച്ചതു്.) മലയാളത്തില്‍ ഇതെഴുതുമ്പോള്‍ ഹ, മ എന്നിവയെ ചേര്‍ക്കാന്‍ ഹ്മ എന്ന കൂട്ടക്ഷരമോ ഹ്‌മ എന്ന രൂപമോ ഉപയോഗിക്കാം. അതല്ല, ഹ്മ എന്നു വെച്ചാല്‍ “മ്‌-ഹ” ആണെന്നും ഹ്‌മ എന്നു വെച്ചാല്‍ “ഹ്-മ” എന്നാണെന്നുമല്ല അര്‍ത്ഥം. ഈ രണ്ടു വിധത്തിലെഴുതിയാലും സംസ്കൃതപദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ “മ്-ഹ” എന്നു് ഉച്ചരിക്കണം. അത്ര മാത്രം.


എഴുത്തും വായനയും തമ്മില്‍ സംസ്കൃതത്തില്‍ത്തന്നെയുള്ള ചില വ്യത്യാസങ്ങള്‍ മലയാളത്തിലും കടന്നിട്ടുണ്ടു്. ഗ, ജ, ബ, ഡ, ദ, യ, ര, റ, ല, ശ (ചിലപ്പോള്‍) എന്നീ അക്ഷരങ്ങളെ ‘അ’യ്ക്കു പകരം പദാദിയില്‍ ‘എ’ ചേര്‍ത്തു് ഉച്ചരിക്കുന്നതാണു് ഒരുദാഹരണം. ഗണപതി, ബലം, യമന്‍, രവി, ലത എന്നെഴുതിയിട്ടു് ഗെണപതി, ബെലം, യെമന്‍, രെവി, ലെത എന്നാണല്ലോ ഉച്ചരിക്കുന്നതു്. ഉച്ചരിക്കുന്നതു പോലെ എഴുതിയാല്‍ നമ്മള്‍ അക്ഷരത്തെറ്റാണെന്നു പറയുകയും ചെയ്യും.

ചിലപ്പോള്‍ രണ്ടുമുണ്ടു്. ശരി – ശെരി, പക്ഷേ ശബ്ദം – ശബ്ദം. ശരാശരിയോ?

പദാദിയില്‍ മാത്രമല്ല ഈ ഏകാരോച്ചാരണം. പ്രദക്ഷിണം എന്ന വാക്കു പ്രെദക്ഷിണം എന്നാണുച്ചരിക്കുന്നതു്. അതുപോലെ ഐ എന്ന സ്വരത്തിന്റെ ഉച്ചാരണം “അയ്” എന്നായതുകൊണ്ടു് (യാഥാസ്ഥിതികവൈയാകരണന്മാര്‍ ഇതു സമ്മതിക്കണമെന്നില്ല) അതു് “എയ്” എന്നും ആകും. “ദൈവം” എന്നതു “ദയ്‌വം” എന്നുച്ചരിക്കാതെ “ദെയ്‌വം” എന്നുച്ചരിക്കുന്നതു് ഉദാഹരണം. മറ്റു പല വാക്കുകളും രണ്ടു രീതിയിലും ഉച്ചരിച്ചു കേള്‍ക്കാറുണ്ടു്. “ജൈത്രയാത്ര” എന്ന വാക്കു് “ജയ്‌ത്രയാത്ര” എന്നും “ജെയ്‌ത്രയാത്ര” എന്നും ഉച്ചരിക്കുന്നവരുണ്ടു്. ത്രൈയംബകം തുടങ്ങി മറ്റു വാക്കുകളുമുണ്ടു്.

ഇതൊരു പ്രശ്നമാകുന്നതു് മറ്റു ഭാഷയിലെ പദങ്ങള്‍ മലയാളത്തില്‍ എഴുതുമ്പോഴാണു്. guide, balloon തുടങ്ങിയ ഇംഗ്ലീഷ് പദങ്ങളെയും ഗൈഡ്, ബലൂണ്‍ എന്നെഴുതി ഗെയ്ഡ്, ബെലൂണ്‍ എന്നു വായിക്കുന്നതു മലയാളിയുടെ ആക്സന്റിന്റെ പ്രശ്നം മാത്രമല്ല, ലിപി വരുത്തിയ പ്രശ്നം കൂടിയാണു്. അതായതു്, ഉച്ചരിക്കുന്നതു പോലെ എഴുതാത്തതിന്റെ പ്രശ്നം.

ഇംഗ്ലീഷ് വാക്കുകള്‍ എഴുതുമ്പോള്‍ ഭാരതീയഭാഷകള്‍ക്കു മാത്രം ബാധകമായ ഇത്തരം അപവാദങ്ങള്‍ ഉപയോഗിക്കരുതെന്നാണു് എന്റെ അഭിപ്രായം. അതായതു് പ്രെസിഡന്റ്, ജെനറല്‍ എന്നു തന്നെ എഴുതണമെന്നു്. ലെറ്റര്‍, റെയില്‍‌വേ തുടങ്ങിയ ചില വാക്കുകളില്‍ നാം അതു ചെയ്യുന്നുണ്ടുമുണ്ടു്.

നിര്‍ഭാഗ്യവശാല്‍, ഈ അഭിപ്രായമുള്ള ഒരേയൊരാള്‍ എന്റെ അറിവില്‍ ഞാനാണു്. അതുകൊണ്ടു്, എന്റെ ആ അഭിപ്രായമനുസരിച്ചു് എഴുതുന്നതു നല്ലതു പോലെ ആലോചിച്ചിട്ടു മതി 🙂

അല്ലെങ്കില്‍ പ്രസിഡന്റു പോലെ നമ്മള്‍ പ്രയോറിറ്റിയെ ഉച്ചരിക്കും, പ്രെയോരിറ്റി എന്നു്. ലിപിയുടെ പ്രശ്നം കൊണ്ടു് ആക്സന്റില്‍ വരുന്ന വ്യത്യാസം.

അപ്പോള്‍, പറഞ്ഞുവന്നതു്, രവി എന്നെഴുതി രെവി എന്നു വായിക്കുന്നതു പോലെയുള്ള ഒരു ഉച്ചാരണഭേദമാണു് ബ്രഹ്മം എന്നെഴുതി ബ്‌-ര്‌-എ-മ്-ഹ്-അ-മ്‌ എന്നു വായിക്കുന്നതു്. ചിലവ സാമാന്യനിയമങ്ങള്‍ കൊണ്ടു നാം അറിയും. ചിലവ അപവാദങ്ങളായും. അല്ലാതെ ഹ്മ എന്നെഴുതിയാല്‍ മ്‌-ഹ എന്നും ഹ്‌മ എന്നെഴുതിയാല്‍ ഹ്‌-മ എന്നും വായിക്കണമെന്നല്ല. എഴുതാനോ അച്ചടിക്കാനോ ബുദ്ധിമുട്ടുള്ള വലിയ കൂട്ടക്ഷരങ്ങള്‍ വേര്‍തിരിച്ചു കാണിക്കാനും കൂടിയാണു നാം ചന്ദ്രക്കല ഉപയോഗിക്കുന്നതു്. ഹ്മയും ഹ്‌മയും ഭാഷാശാസ്ത്രപരമായി ഒന്നു തന്നെ. പിന്നെ എഴുതുന്നവര്‍ക്കു് ഒന്നിനെ അപേക്ഷിച്ചു മറ്റോന്നിനോടു കൂടുതല്‍ ആഭിമുഖ്യമുണ്ടാവാം. അവര്‍ അങ്ങനെ എഴുതുകയോ അച്ചടിക്കുകയോ യൂണിക്കോഡില്‍ ZWNJ ഇട്ടു വേര്‍തിരിച്ചെഴുതുകയോ ചെയ്യും.

എല്ലാവര്‍ക്കും അവനവന്റേതായ ചില ഇഷ്ടാനിഷ്ടങ്ങളുണ്ടു്. എന്റെ ചെറുപ്പത്തില്‍ സൂര്യന്‍ എന്നതിലെ രണ്ടാമത്തെ അക്ഷരം എഴുതിയിരുന്നതു് യ്യ എന്ന അക്ഷരത്തിനു മുകളില്‍ രേഫത്തിന്റെ കുത്തിട്ടായിരുന്നു. ഭാര്യയും അങ്ങനെ തന്നെ. അതു വിട്ടിട്ടു് ഇങ്ങനെ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ കുറേ ബുദ്ധിമുട്ടായിരുന്നു. അദ്ധ്യാപകന്‍ എന്നതിനെ അധ്യാപകന്‍ എന്നു കണ്ടപ്പോഴും അതു തന്നെ. കൂടുതല്‍ കാണുന്ന സ്പെല്ലിംഗുകളോടു നമുക്കു കൂടുതല്‍ അടുപ്പം തോന്നുന്നു എന്നു മാത്രം. അമേരിക്കയില്‍ എത്തിയതിനു ശേഷം ഇപ്പോള്‍ programme, colour എന്നൊക്കെ കാണുമ്പോള്‍ എന്തോ ഒരു `ഇതു്’ തോന്നുന്നതു പോലെ 🙂

രണ്ടു വ്യത്യസ്ത ഭാ‍ഷകളില്‍ നിന്നു മലയാളത്തിനു കിട്ടിയ ബ്രഹ്മം, റഹ്മാന്‍ എന്നവയിലെ ഹ്മകളെ സൂചിപ്പിക്കാന്‍ രണ്ടു തരം എഴുത്തുരീതികള്‍ വേണമെന്നു പറയുന്നതു് പ്രദക്ഷിണം, പ്രയോറിറ്റി എന്നിവയിലെ പ്രകളെ സൂചിപ്പിക്കാന്‍ രണ്ടു രീതി വേണമെന്നു പറയുന്നതു പോലെയാണു്. സീമ, സീറോ എന്നിവയിലെ സീകളെ സൂചിപ്പിക്കാന്‍ രണ്ടു രീതി വേണമെന്നു പറയുന്നതു പോലെയാണു്. മറ്റു ഭാഷകളിലെ വാക്കുകള്‍ നാം കടമെടുക്കുമ്പോള്‍ നമ്മുടെ അക്ഷരമാലയില്‍ കൊള്ളത്തക്കവിധം നാം അതിനെ മാറ്റി എഴുതുന്നു. ഉച്ചരിക്കുമ്പോള്‍ അതിന്റെ ശരിയായ ഉച്ചാരണം അറിയാമെങ്കില്‍ അതുപയോഗിക്കുന്നു. അറിയാത്തവര്‍ ചിലപ്പോള്‍ തെറ്റിച്ചു് ഉച്ചരിച്ചേക്കാം. തമിഴന്‍ സംസ്കൃതം എഴുതുമ്പോഴും ഇംഗ്ലീഷുകാരന്‍ ഫ്രെഞ്ച് എഴുതുമ്പോഴും ഇതു സംഭവിക്കുന്നുണ്ടു്.


എഴുതുന്നതു പോലെ ഉച്ചരിക്കുന്ന കാര്യം പറയുകയാണെങ്കില്‍ രസകരമായ പലതും പറയാനുണ്ടു്.

സുരേഷ് പറയുന്നതു പോലെ ഹ്മ, ഹ്ന എന്നിവയൊഴികെ എല്ലാം എഴുതുന്നതു പോലെ ഉച്ചരിക്കുന്നവരായി ഞാന്‍ മൂന്നു കൂട്ടരേ മാത്രമേ കണ്ടിട്ടുള്ളൂ-അക്ഷരശ്ലോകം ചൊല്ലുന്നവര്‍, കവിത വായിക്കുന്നവര്‍, പ്രസംഗകര്‍. ബാക്കിയുള്ള ബഹുഭൂരിപക്ഷം മലയാളികളും ഉച്ചരിക്കുന്നതു് ഇങ്ങനെയാണു്.

ബ്രഹ്മം – ബ്രമ്മം
ചിഹ്നം – ചിന്നം
നന്ദി – നന്നി
അഞ്ജനം – അഞ്ഞനം
ദണ്ഡം – ദണ്ണം
കട – കഡ
കഥ – കത/കദ

ഇതിനെപ്പറ്റി റാല്‍മിനോവ് എവിടെയോ പറഞ്ഞിട്ടുണ്ടു്.

ഗാനങ്ങളില്‍ മാത്രമല്ല, സംഭാഷണങ്ങളിലും അക്ഷരസ്ഫുടത സൂക്ഷിക്കുന്ന യേശുദാസ് വളരെയധികം ഉപയോഗിക്കുന്ന ഒരു വാക്കാണു് “ദണ്ഡം”. അദ്ദേഹം അതു് “ദണ്ണം” എന്നാണുച്ചരിക്കുന്നതെന്നു പലരും ശ്രദ്ധിച്ചിരിക്കും.

ഇതു് ഉച്ചാരണശുദ്ധിയുടെ പ്രശ്നമാണെന്നാണു പൊതുവേയുള്ള ധാരണ. അതു പൂര്‍ണ്ണമായും ശരിയല്ല എന്നതാണു വസ്തുത. ഇതിന്റെ പിന്നിലുള്ള അനുനാസികാതിപ്രസരത്തെപ്പറ്റി ഭാഷാശാസ്ത്രജ്ഞര്‍ വളരെയധികം പറഞ്ഞിട്ടുണ്ടു്. മലയാളികള്‍ വ്യഞ്ജനങ്ങളില്‍ അനുനാസികത്തെ കലര്‍ത്തും. ഇതു മാങ്കാ മാങ്ങാ ആയിടത്തു മാത്രമല്ല ഉള്ളതു്. ഇതു പോലെ തന്നെ താലവ്യാദേശം മുതലായ മറ്റു കാര്യങ്ങളും.

തച്ചോളി ഒതേനന്‍ എന്ന സിനിമയ്ക്കു വേണ്ടി “അഞ്ജനക്കണ്ണെഴുതി…” എന്ന പാട്ടു് എസ്. ജാനകി “അഞ്ഞനക്കണ്ണെഴുതി…” എന്നു പാടിയതു കേട്ടപ്പോള്‍ മലയാളിയല്ലാത്ത ഗായിക തെറ്റിച്ചു പാടിയതാണെന്നാണു വിചാരിച്ചതു്. പിന്നീടു് അവര്‍ മലയാളികളുടെ തനതായ രീതിയില്‍ത്തന്നെ പാടിയതാണു് എന്നു മനസ്സിലായപ്പോള്‍ ജാനകിയോടുള്ള ബഹുമാനം പതിന്മടങ്ങു കൂടി.


ഒരു വര്‍ഷം മുമ്പേ “ലിപി വരുത്തി വെച്ച വിനകള്‍” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയിരുന്നു. മൂന്നു മാസം മുമ്പു് “തെറ്റുകള്‍ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും” എന്ന ഒരെണ്ണവും. രണ്ടും മടി കൊണ്ടു് ഇടയില്‍ വെച്ചു നിന്നു പോയി. ഇവയില്‍ നിന്നു് എടുത്തതാണു് ഈ പോസ്റ്റിന്റെ ഭൂരിഭാഗവും. ഇതും അറ്റോമിക് ചില്ലുമായി വലിയ ബന്ധമൊന്നുമില്ല. അതിലെ ഒരു ചര്‍ച്ചയില്‍ ഇതും വന്നെന്നു മാത്രം. എങ്കിലും ഇതു് ഈ രൂപത്തിലാക്കാന്‍ പ്രേരണയായ റാല്‍‌മിനോവിനും സുരേഷിനും നന്ദി.