ആനന്ദിന്റെ മണ്ടത്തരം

ചുഴിഞ്ഞുനോക്കല്‍, ചെസ്സ് (Chess)

ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദും (ഇന്ത്യ) വെസെലിൻ ടൊപാളൊവും (ബൾഗേറിയ) തമ്മിൽ നടക്കുന്ന ലോകചെസ്സ്ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ എട്ടാമത്തെ കളി വളരെ ശ്രദ്ധേയമായിരുന്നു. ആദ്യത്തെ കളി തോറ്റതിനു ശേഷം, പിന്നെയുള്ള ആറു കളികളിലും മികച്ച നിലവാരം പുലർത്തിയ ആനന്ദ് 4:3-നു മുന്നിട്ടു നിൽക്കുകയായിരുന്നു. എട്ടാമത്തെ കളിയിൽ ടൊപോളൊവിനായിരുന്നു മുൻ‌തൂക്കം. എങ്കിലും 51 നീക്കങ്ങൾക്കു ശേഷം ആനന്ദിനു സമനില പിടിക്കാൻ കഴിയും എന്നൊരു സ്ഥിതി വന്നതായി തോന്നി. ഈ കളി ഓരോ നീക്കമായി വീക്ഷിച്ചു കൊണ്ടിരുന്ന രാജേഷ് കെ. പി. ഇട്ട ബസ്സിൽ ഞങ്ങൾ ആ നിലയെപ്പറ്റി ഒരു വിശകലനം നടത്തിയിരുന്നു. സമനിലയാകുമെന്നു ഞങ്ങൾ കരുതിയെങ്കിലും, ആനന്ദ് 56 നീക്കങ്ങളിൽ തോൽ‌വി സമ്മതിക്കുകയായിരുന്നു.

ആ എൻഡ്‌ഗെയിമിനെപ്പറ്റി രാജേഷും ഞാനും കൂടി നടത്തിയ വിശകലനമാണു് ഈ പോസ്റ്റിനു് ആധാരം.


താഴെക്കൊടുത്തിരിക്കുന്ന ബോർഡിൽ കളി കാണാം. ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്ന ഏതു ബ്രൗസറിലും ഇതു കളിച്ചുനോക്കാം.

ഈ കളിയിൽ ടോപാളൊവ് ആനന്ദിനെക്കാൾ വളരെ നന്നായി കളിച്ചു എന്നതിനു യാതൊരു സംശയവുമില്ല. ഇരുപത്തിരണ്ടാം നീക്കത്തിൽ കാലാളിനെ f4-ലേയ്ക്കു തള്ളിയ ആനന്ദിന്റെ ശ്രദ്ധക്കുറവിനെ ശരിക്കും മുതലെടുത്ത ടോപാളൊവ് (അദ്ദേഹത്തിന്റെ 23. Ne4! ഈ കളിയിലെ ഏറ്റവും നല്ല നീക്കമാണെന്നു പറയാം.) അവസാനം ആലംബമറ്റ ആ കാലാളിനെ മുപ്പത്തിമൂന്നാം നീക്കത്തിൽ വെട്ടിയെടുത്തു. ഒരു കാലാളിന്റെ മുൻ‌തൂക്കവും ആനന്ദിന്റെ e6-ലുള്ള കാലാളിന്റെ ദൗർബല്യവും ടോപാളൊവിനു കൂടുതൽ നല്ല സാദ്ധ്യതകൾ കൊടുക്കുന്നുണ്ടെങ്കിലും, വിപരീതകളങ്ങളിലൂടെ സഞ്ചരിക്കുന്ന ആനകൾ മാത്രം (രാജാവും കാലാളുകളും ഒഴികെ) ഉള്ള അന്ത്യഘട്ടം (Opposite colored Bishops’ end game) ആയതിനാൽ സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്.


മുകളിൽ പറഞ്ഞതു് ഒന്നുകൂടി വിശദമാക്കാം. ഈ നില നോക്കുക.

d6, e5 എന്നീ കറുത്ത കളങ്ങൾ കറുപ്പിന്റെ രാജാവും ആനയും കൂടി നിയന്ത്രിച്ചിരിക്കുന്നു. വെളുപ്പിനു രണ്ടു കാലാൾ കൂടുതലുണ്ടെങ്കിലും ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. രാജാവു കൊണ്ടു മാത്രം കാലാളുകളെ മുന്നോട്ടു നീക്കാനോ കറുത്ത രാജാവിനെയോ ആനയെയോ ആ കളങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്നു തടുക്കാനോ സാദ്ധ്യമല്ല. e5-ലുള്ള പിടി വിടാതെ ആനയെ അങ്ങോട്ടുമിങ്ങോട്ടും (a1-h8 ഡയഗണലിലോ b8-h2 ഡയഗണലിലോ) നീക്കിക്കളിച്ചാൽ കറുപ്പിനു സമനില പിടിക്കാം.

വിപരീതനിറങ്ങളുള്ള കളങ്ങളിൽ സഞ്ചരിക്കുന്ന ആനകളുള്ള എല്ലാ അന്ത്യഘട്ടങ്ങളും സമനിലയിൽ നീങ്ങും എന്നല്ല ഇതിനർത്ഥം. പക്ഷേ അവയ്ക്കു സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്. ചില കളങ്ങളെ മുൻ‌തൂക്കമുള്ള ആളെക്കാൾ നന്നായി മറ്റേ ആൾക്കു നിയന്ത്രിക്കാൻ പറ്റുന്നതാണു കാരണം.


ഈ കളിയിൽ വെളുപ്പിന്റെ അൻ‌പത്തിമൂന്നാം നീക്കത്തിനു ശേഷമുള്ള സ്ഥിതി ഒന്നു പരിശോധിക്കാം.

ഒരു കാലാൾ കൂടുതലുണ്ടെങ്കിലും വെളുപ്പിനു് (ടൊപാളോവ്) ഒന്നും ചെയ്യാൻ കഴിയില്ല. കറുപ്പിന്റെ കാലാളുകളെല്ലാം വെളുത്ത കളങ്ങളിലായതു കൊണ്ടു് വെളുത്ത ആനയ്ക്കു് അവയെ ഒന്നും ചെയ്യാൻ പറ്റില്ല. വെളുപ്പിനു ജയിക്കണമെങ്കിൽ ഒന്നുകിൽ ഇനിയും കാലാളുകളെ വെട്ടിയെടുക്കണം. അല്ലെങ്കിൽ രാജാവു് c7, e7, e6 എന്നിവിടങ്ങളിലെവിടെയെങ്കിലും എത്തി കാലാളിനെ d7-ലേയ്ക്കു കളിച്ചു് കറുപ്പിന്റെ ആനയെ നേടണം. പക്ഷേ ഇതൊന്നും നടക്കില്ല.

മന്ത്രിയുടെ വശത്തേയ്ക്കു രാജാവു പോയാൽ കറുത്ത രാജാവിനും അങ്ങോട്ടു പോകാൻ പറ്റും. (53… Bc6 54. Ke3 Kf7 55. Kd4 Ke8 56. Kc5 Kd7 57. Kb6 Bd5; ഇവിടെ 55. f4 Bd7 56. g3 Bc6 57. g4 Bd7 58. Kd4 Ke8 59. Kc5 Bc6 60. Kb6 Kd7) മറ്റേ വശത്തേയ്ക്കു പോകാനും നിവൃത്തിയില്ല. കാലാളുകളെ നീക്കി ഫയലിൽ ഒരു പാസ്ഡ് പോൺ ഉണ്ടാക്കാൻ പറ്റുമെങ്കിലും ഫയലുകൾ വളരെ അടുത്തായതിനാൽ കറുത്ത രാജാവിനും ആനയ്ക്കും കൂടി അവയെ തടുക്കാൻ സാധിക്കും.

a4-e8 ഡയഗണലിൽ ആനയെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതിനു പകരം 53… Kf7 കളിക്കേണ്ട യാതൊരു കാര്യവും ആനന്ദിനില്ലായിരുന്നു. പക്ഷേ, ആനന്ദിന്റെ ശവക്കുഴി തോണ്ടിയതു് ആ നീക്കമല്ല. 54. Kg5-നു ശേഷം 54… Bc6?? കളിച്ചതാണു്. ഇനിയിപ്പോൾ h7-ലെ കാലാളിനെ ആനയ്ക്കു പിന്തുണയ്ക്കാൻ കഴിയില്ല. 54… Ke8 55. Kh6 Bd3 ഫലപ്രദമായ പ്രതിരോധം കാഴ്ചവെയ്ക്കുന്നു. 54…Bd3 55. Bf6 Ke8 കളിച്ചാലും മതി.

കിട്ടിയ അവസരം ടോപാളോവ് ശരിക്കു വിനിയോഗിച്ചു. 55. Kh6 Kg8 56. g4 എന്നിവയ്ക്കു ശേഷം ആനന്ദിനു നിവൃത്തിയില്ല. 56… Be8 57. g5 Bd7 58. Bg7! Be8 59. f4! Bd7 60. g6 hxg6 61. Kxg6 എന്നിവ കഴിഞ്ഞാൽ Kf6, Bh6, Kxe6/Ke7, d7 എന്നിവയെ പ്രതിരോധിക്കാൻ ആനന്ദിനു് ഒന്നും ചെയ്യാൻ കഴിയില്ല. വെളുപ്പിന്റെ രാജാവും ആനയും കൂടി കറുപ്പിന്റെ രാജാവിനെ കൂച്ചുവിലങ്ങിട്ടിരിക്കുകയാണു്, d7 സം‌രക്ഷിക്കാൻ പോകുന്നതിൽ നിന്നു്. ആനന്ദ് ഇവിടെ തോൽ‌വി സമ്മതിച്ചു. (കളി മുകളിലുള്ള ബോർഡിൽ കളിച്ചു നോക്കാം.)


എന്തുകൊണ്ടു് ഇങ്ങനെയൊരു അബദ്ധം ആനന്ദിനു സംഭവിച്ചു?

ടൈം പ്രെഷർ തന്നെയാവും കാരണം. രണ്ടാമത്തെ ടൈം ലിമിറ്റ് 60-ആമത്തെ നീക്കത്തിലാണു്. ആ ഏഴു നീക്കങ്ങൾ നീക്കാൻ ആനന്ദിനു വളരെക്കുറച്ചു സമയമേ ഉണ്ടായിരുന്നിരിക്കുകയുള്ളൂ. 18. a5 ഈ കളിയിലെ ഒരു പുതിയ നീക്കമായിരുന്നു. ആനന്ദ് അടുത്ത നീക്കത്തിനു 15 മിനിറ്റെടുത്തു. പിന്നെയും കുറച്ചു നീക്കങ്ങൾ ടോപാളോവിന്റെ മുൻ‌കൂട്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നിരിക്കണം.

ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനായിരുന്നു ആനന്ദ് ഒരിക്കൽ. ടൈം പ്രെഷർ അദ്ദേഹത്തിനു വരാറേയില്ലായിരുന്നു. പ്രായമായതാണോ, അതോ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഓപ്പണിംഗ് പ്രിപ്പറേഷനുകൾ (മുമ്പു് ഇതു ഫലപ്രദമായി ഉപയോഗിച്ച ഒരാളാണു് ആനന്ദ്.) കളികളുടെ ഗതി നിയന്ത്രിക്കുന്നതോ?

കളി ഇപ്പോൾ 4-4 എന്നു സമനിലയിലാണു്. ഇനി 4 കളികൾ കൂടിയുണ്ടു്. അവയിൽ ജയങ്ങളിൽ കൂടുതൽ തോൽ‌വികൾ ഉണ്ടായില്ലെങ്കിൽ പണ്ടായിരുന്നെങ്കിൽ നിലവിലുള്ള ചാമ്പ്യനായ ആനന്ദിനു കിരീടം നിലനിർത്താമായിരുന്നു. ഇപ്പോൾ ടൈ-ബ്രേക്കർ കളികൾ കളിക്കേണ്ടി വരും.

കാത്തിരുന്നു കാണുക തന്നെ.