പഠിച്ചതു പാടുന്ന പഠിത്തവും വിഷുവിന്റെ ജ്യോതിശ്ശാസ്ത്രവും

ജ്യോതിശ്ശാസ്ത്രം

കാലം: പതിനാലാം നൂറ്റാണ്ടു്.
സ്ഥലം: യൂറോപ്പിലെ ഒരു സ്കൂൾ.
പശ്ചാത്തലം: അരിസ്റ്റോട്ടിലിനു ശേഷം ലോകത്തിലെ ശാസ്ത്രജ്ഞാനമൊക്കെ നിന്നു പോയി എന്നു യൂറോപ്യന്മാർ വിശ്വസിക്കുന്നു. അതിനിടയിൽ ഇന്ത്യയിൽ ചൈനയിലും അറേബ്യയിലുമൊന്നും ശാസ്ത്രം വളരെ മുന്നോട്ടു പോയതൊന്നും ഇവന്മാർ അറിഞ്ഞിട്ടില്ല. കുറേക്കാലം കഴിഞ്ഞിട്ടേ അറബികൾ അവിടുന്നും ഇവിടുന്നുമൊക്കെ അടിച്ചു മാറ്റിയ അറിവുകളൊക്കെ തടുത്തു കൂട്ടി ഇവർ പുതിയ തിയറികളൊക്കെ ഉണ്ടാക്കി പിന്നീടുള്ള ചരിത്രകാരന്മാരെക്കൊണ്ടു് റോമിലെയും ഗ്രീസിലെയും ശാസ്ത്രം അസ്തമിച്ചതിൽ‌പ്പിന്നെ ലോകം അന്ധകാരത്തിലായിരുന്നെന്നും പിന്നെ പത്തുപതിന്നാലു നൂറ്റാണ്ടു കഴിഞ്ഞിട്ടു യൂറോപ്പിലാണു് അതു് ഉയിർത്തെഴുനേറ്റതെന്നും എഴുതിക്കാൻ പരിപാടിയിടുന്നുള്ളൂ.

അദ്ധ്യാപകൻ: ആണുങ്ങൾക്കു് പെണ്ണുങ്ങളെക്കാൾ കൂടുതൽ പല്ലുകളുണ്ടു്. പറയൂ.
കുട്ടികൾ (ഒരുമിച്ചു്) : ആണുങ്ങൾക്കു് പെണ്ണുങ്ങളെക്കാൾ കൂടുതൽ പല്ലുകളുണ്ടു്.
അദ്ധ്യാപകൻ: ആരാണു് ഇതു പറഞ്ഞതു്?
കുട്ടികൾ: മഹാനായ അരിസ്റ്റോട്ടിൽ.
അദ്ധ്യാപകൻ: ഭാരം കൂടിയ ഒരു വസ്തുവും ഭാരം കുറഞ്ഞ ഒരു വസ്തുവും കൂടി ഒരേ ഉയരത്തിൽ നിന്നു താഴേയ്ക്കിട്ടാൽ ഏതു് ആദ്യം തറയിലെത്തും?
കുട്ടികൾ: ഭാരം കൂടിയ വസ്തു.
അദ്ധ്യാപകൻ: ആരാണു് ഇതു പറഞ്ഞതു്?
കുട്ടികൾ: മഹാനായ അരിസ്റ്റോട്ടിൽ.

കുട്ടികളുടെ പല തലമുറകൾ ഇവ ഉരുവിട്ടു പഠിച്ചു. കേട്ട കുട്ടികളാരും വീട്ടിൽ ചെന്നു് അച്ഛന്റെയും അമ്മയുടെയും പല്ലുകളെണ്ണി നോക്കിയില്ല. ഒരു ഇരുമ്പുകഷണവും തടിക്കഷണവും കൂടി പുരപ്പുറത്തു നിന്നു താഴേയ്ക്കിട്ടു നോക്കിയില്ല. ഒന്നു രണ്ടു ശാസ്ത്രകുതുകികൾ ഒഴികെ. അവസാനം ഗലീലിയോ പിസാ ഗോപുരത്തിനു മുകളിൽ കയറിയപ്പോഴാണു് ലോകത്തിനു രണ്ടാമത്തെ കാര്യം ബോദ്ധ്യമായതു്.

ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ പോലെ ഇതും ഒരു കെട്ടുകഥയാണെന്നു വിക്കിപീഡിയയിൽ കാണുന്നു.

“A biography by Galileo’s pupil Vincenzo Viviani stated that Galileo had dropped balls of the same material, but different masses, from the Leaning Tower of Pisa to demonstrate that their time of descent was independent of their mass.[85] This was contrary to what Aristotle had taught: that heavy objects fall faster than lighter ones, in direct proportion to weight.[86] While this story has been retold in popular accounts, there is no account by Galileo himself of such an experiment, and it is generally accepted by historians that it was at most a thought experiment which did not actually take place. [87]

ചൂണ്ടിക്കാട്ടിയ ബ്രൈറ്റിനു നന്ദി.


ഈ അരിസ്റ്റോട്ടിലിന്റെ ഗുരുവായിരുന്ന പ്ലേറ്റോ, തന്റെ ഗുരുവായിരുന്ന സോക്രട്ടീസിന്റെ ചുവടു പിടിച്ചു് ഇങ്ങനെ പറഞ്ഞു:

“ചിന്തയാണു് ഏറ്റവും പ്രധാനം. മനുഷ്യന്റെ ചിന്തയിൽ നിന്നു് ഉരുത്തിരിയുന്ന ജ്ഞാനമാണു് ഏറ്റവും മഹത്തായതു്. നിരീക്ഷണത്തിനു രണ്ടാം സ്ഥാനമേ ഉള്ളൂ. പരീക്ഷണമാകട്ടേ ഏറ്റവും മോശവും.”

ആധുനികശാസ്ത്രപ്രചാരകർ ഇതിനെ നിഷേധിക്കുന്നു. ചിന്തയ്ക്കൊപ്പമോ കൂടുതലോ ആയി നിരീക്ഷണത്തിനും അതിനൊപ്പമോ കൂടുതലോ ആയി പരീക്ഷണത്തിനും അവർ പ്രാധാന്യം കൊടുക്കുന്നു.

തികച്ചും സൈദ്ധാന്തികമായ ജ്ഞാനശാഖകൾ പലതുമുണ്ടു്. സാഹിത്യമീമാംസ മുതൽ ശുദ്ധഗണിതം വരെ. ഭാരതീയാചാര്യന്മാർ ഇവയെയെല്ലാം “ശാസ്ത്രം” എന്നു വിളിച്ചു. ഈ ശാസ്ത്രങ്ങൾക്കു നിത്യജീവിതത്തിൽ അളക്കാൻ പറ്റുന്ന എന്തെങ്കിലുമായി ബന്ധമുണ്ടാകണമെന്നു നിർബന്ധമില്ല.

അളക്കാനോ വിശകലനം ചെയ്യാനോ പര്യാപ്തമാകുന്ന സന്ദർഭത്തിലാണു് ശാസ്ത്രം സയൻസാകുന്നതു്. സയൻസിനെ പരിഭാഷപ്പെടുത്തിയപ്പോൾ “ശാസ്ത്രം” എന്ന വാക്കുപയോഗിച്ചതു പല പ്രശ്നങ്ങൾക്കും വഴി തെളിച്ചിട്ടുണ്ടു്. സയൻസുമായി പുലബന്ധം പോലുമില്ലാത്ത കോടാങ്കിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, ജ്യോതിഷം, അലങ്കാരശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയവയും ഭാരതീയനിർ‌വ്വചനമനുസരിച്ചു് ശാസ്ത്രങ്ങളാണു്.

സൈദ്ധാന്തികശാസ്ത്രങ്ങൾ നിലനിൽക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. അവയിൽ പലതും സംസ്കാരത്തിന്റെ ഭാഗങ്ങളായി കരുതപ്പെടുന്നു. ഉദാഹരണമായി, മനുഷ്യസ്വഭാവങ്ങളും വിധിയും പ്രവചിക്കാൻ ഉപകരിക്കും എന്നു മനുഷ്യർ വിശ്വസിച്ച ജ്യോതിഷം എന്ന ശാസ്ത്രം. അതേ ശാസ്ത്രം തന്നെ സൂര്യന്റെയും ഭൂമിയുടെയും ഗ്രഹങ്ങളുടെയും ചലനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ തന്നപ്പോൾ അതു സയൻസായി. അതിൽ എത്രത്തോളം ശരിയുണ്ടെന്നു നമുക്കു കണ്ടുപിടിക്കാൻ കഴിയും. ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പ്രാചീനഗ്രന്ഥങ്ങളിൽ കൂടിക്കലർന്നു കിടക്കുന്നെങ്കിലും, അവയിലെ സൈദ്ധാന്തികജ്ഞാനവും സയൻസും തമ്മിലുള്ള വ്യത്യാസം ഈ വിധത്തിൽ പ്രകടമാണു്. അതു പോലെ, ഉറക്കം ഉണർന്നെഴുനേൽക്കുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ നോക്കി വേണം എഴുനേൽക്കാൻ എന്ന വിശ്വാസത്തെയും, ഉണർന്നെഴുനേൽക്കുന്നതു് വലത്തോട്ടായിരിക്കണം എന്ന വിശ്വാസത്തെയും തമ്മിൽ ചേർത്തപ്പോൾ, ഉറങ്ങുന്നതു് തെക്കോട്ടോ കിഴക്കോട്ടോ തല വെച്ചായിരിക്കണം എന്ന “ശാസ്ത്രം” ഉണ്ടായതു് രസകരമായ ഒരു നിരീക്ഷണമാണു്.

അതിൽ നിന്നു വ്യത്യസ്തമായി, ഒരു പ്രത്യേകരാഗം പാടുന്നതു് ഒരു രോഗം ഇല്ലാതാക്കുമെന്നോ, ഒരു ഗ്രഹത്തിന്റെ സ്ഥാനം വിധിയെ നിർണ്ണയിക്കുമെന്നോ, വടക്കോട്ടും പടിഞ്ഞാട്ടും തല വെച്ചാൽ ഭൂമിയുടെ കാന്തികപ്രഭാവവും ശരീരത്തിലെ കാന്തവും കൂടി ചേർന്നു് “നെഗറ്റീവ് എനർജി” ഉണ്ടാവും എന്നോ പറയുമ്പോൾ, അതായതു് ഒരു സൈദ്ധാന്തികശാസ്ത്രത്തിനു പ്രായോഗികതലത്തിൽ പ്രസക്തിയുണ്ടെന്നു സമർത്ഥിക്കുമ്പോൾ, അതു വിശകലനം ചെയ്യാനും നാം ബാദ്ധ്യസ്ഥരാണു്.

സയൻസിലേയ്ക്കെത്തുമ്പോൾ പ്ലേറ്റോ പറഞ്ഞതു തെറ്റാണെന്നു മനസ്സിലാകും. മനുഷ്യന്റെ ചിന്തയിൽ നിന്നു മാത്രം ഉണ്ടായ പല സിദ്ധാന്തങ്ങളും തെറ്റാണെന്നു പിന്നീടു നിരീക്ഷണവും പരീക്ഷണവും വഴി തെളിയിച്ചിട്ടുണ്ടു്. നിരീക്ഷണവും പരീക്ഷണവുമാണു് ആധുനികസയൻസിന്റെ ആണിക്കല്ലുകൾ. അപ്പോൾ പ്ലേറ്റോയുടെ വിശകലനം നേരേ തിരിച്ചിടണം എന്നു വരുന്നു.

ആധുനികവീക്ഷണം ഇതാണെങ്കിലും, പഴയ കാലത്തെ ചിന്താഗതി – ഭാരതത്തിലായാലും ഗ്രീസിലായാലും ഈജിപ്തിലായാലും ബാബിലോണിയയിലായാലും ചൈനയിലായാലും – സൈദ്ധാന്തികശാസ്ത്രങ്ങളെ തുണയ്ക്കുന്ന രീതിയെയാണു പിന്തുടർന്നതു്. അവയെ പ്രായോഗികതലത്തിൽ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ അഭാവമാണു് ഒരു കാരണം. സയൻസ് പുരോഗമിച്ചപ്പോൾ ഇവയുടെ വിശകലനം കൂടുതൽ എളുപ്പമാകുകയും നിരീക്ഷണ-പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അവയെ കുറ്റമറ്റതാക്കുവാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. ആധുനികസയൻസ് എന്നു പറയുന്നതു് എങ്ങനെ പ്രാചീനശാസ്ത്രങ്ങളെ ഈ വിധത്തിൽ നന്നാക്കിയതു തന്നെയാണു്. അതിൽ ആ പ്രാചീനശാസ്ത്രങ്ങളുടെ ശേഷിപ്പുകൾ ഉണ്ടാവുകയും ചെയ്യും. ഗ്രഹങ്ങൾക്കു് ഗ്രീക്ക് ദേവന്മാരുടെ (ഭാരതത്തിൽ ഭാരതീയദേവന്മാരുടെയും)പേരുകൾ കൊടുത്തതു് ഒരുദാഹരണം. നഗ്നനേത്രങ്ങൾക്കു ദൃശ്യമല്ലാത്ത ഗ്രഹങ്ങളെ സയൻസ് ടെലിസ്കോപ്പു കൊണ്ടു കണ്ടുപിടിച്ചപ്പോൾ അവയ്ക്കും പഴയ രീതി പിന്തുടർന്നു് ഗ്രീക്ക് ദേവന്മാരുടെ പേരുകൾ കൊടുത്തതു് ഇവിടെ ഓർക്കാം.

എല്ലാക്കാലത്തും സൈദ്ധാന്തികശാസ്ത്രങ്ങൾ പുരോഗമിക്കുന്നുണ്ടു്. ഗണിതശാസ്ത്രം ഏറ്റവും നല്ല ഉദാഹരണം. അതുപോലെ ബിഗ് ബാംഗ് തിയറി, പരിണാമസിദ്ധാന്തം, ആപേക്ഷികതാസിദ്ധാന്തം, ക്വാന്റം മെക്കാനിക്സ് തുടങ്ങിയവയിലെ പലതും സൈദ്ധാന്തികശാസ്ത്രമായി തുടങ്ങി പിന്നെ നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും തിരുത്തിയെഴുതി നന്നാക്കിയ സിദ്ധാന്തങ്ങളാണു്.


നാം നിത്യേന കേൾക്കുന്ന പല സിദ്ധാന്തങ്ങളും നിരീക്ഷണവും പരീക്ഷണവും വഴി വിശകലനം ചെയ്യാൻ വളരെയധികം ശാസ്ത്രജ്ഞാനമൊന്നും ആവശ്യമില്ല. സാമാന്യബുദ്ധി മാത്രം മതി. എങ്കിലും, പറഞ്ഞുകേട്ടതും പാടിപ്പഠിച്ചതും പുസ്തകത്തിൽ കണ്ടതും പരീക്ഷിച്ചു നോക്കാൻ പറ്റുന്നവയാണെങ്കിൽ പോലും അതു ചെയ്യാതെ തലയിൽ കയറ്റുന്നതു് മനുഷ്യന്റെ സ്വഭാവമാണു്. പഴയ ആളുകൾ പറഞ്ഞതു തെറ്റില്ല എന്നൊരു വിശ്വാസവും ശാസ്ത്രപരീക്ഷണങ്ങൾ തങ്ങൾക്കും ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം ഇല്ലാത്തതുമാണു് ഇതിനു കാരണം.

ആധുനികവിദ്യാഭ്യാസം നിരീക്ഷണപരീക്ഷണങ്ങൾക്കു നല്ല പ്രാധാന്യം കൊടുക്കുന്നുണ്ടു്. “നമുക്കു കണ്ടുപിടിക്കാം” എന്നു ശീർഷകമുള്ള ചില പരീക്ഷണങ്ങൾ മുമ്പു പുസ്തകങ്ങളിലുണ്ടായിരുന്നു. അമേരിക്കയിലെ സർക്കാർ സ്കൂളുകളിൽ ചെറിയ പ്രോജക്ടുകൾ വഴി പഠിക്കുന്ന രീതി വളരെ നല്ലതായി എനിക്കു തോന്നിയിട്ടുണ്ടു്. നമ്മുടെ നാട്ടിലും ഇപ്പോൾ പ്രോജക്ടുകൾ വഴിയാണു പഠനം നടക്കുന്നതു് എന്നറിയുന്നു. വളരെ നല്ലതു്. (ഇതിനെ എതിർക്കുന്ന ഒരു ഭൂരിപക്ഷം ഉണ്ടെന്നും കേൾക്കുന്നു. അദ്ധ്യാപകരുടെ ഇടയിൽത്തന്നെ. വ്യക്തമായ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ യാന്ത്രികമായി ഉത്തരക്കടലാസു നോക്കുന്ന പഴയ രീതിയെക്കാൾ വിശകലനം ചെയ്യേണ്ട പുതിയ രീതി കൂടുതൽ ബുദ്ധിമുട്ടായതാവും കാരണം.) പുസ്തകത്തിലെ വിവരങ്ങളെ ചോദ്യം ചെയ്യാനും പരീക്ഷിച്ചു മനസ്സിലാക്കാനും പ്രോത്സാഹനം കൊടുക്കുന്നതാവണം ശാസ്ത്രപഠനം.

ഇങ്ങനെയാണെങ്കിലും പണ്ടു കേട്ടിട്ടുള്ള അബദ്ധങ്ങൾ തന്നെ പിന്നെയും പിന്നെയും പാടുന്ന സമ്പ്രദായത്തിനും ഇപ്പോൾ കുറവൊന്നുമില്ല. തെറ്റാണെന്നു പലരും ചൂണ്ടിക്കാണിച്ചതും തെറ്റാണെന്നു് എളുപ്പത്തിൽ ബോദ്ധ്യമാകുന്നതുമായ കാര്യങ്ങൾ പിന്നെയും പിന്നെയും പ്രസിദ്ധീകരണങ്ങളും ദൃശ്യമാദ്ധ്യമങ്ങളും വിളിച്ചുകൂവുന്നതു കാണുമ്പോൾ നമ്മുടെ ശാസ്ത്രബോധം എവിടെയെത്തി നിൽക്കുന്നു എന്നു സംശയമുണ്ടാവും.

ഇതൊക്കെ ഇപ്പോൾ പറയാൻ എന്താണു കാരണമെന്നല്ലേ. പറയാം. ഇക്കഴിഞ്ഞ വിഷുദിനത്തോടനുബന്ധിച്ചു് നമ്മുടെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച വിഷു-നൊസ്റ്റാൽജിയ-പുരാണ-ശാസ്ത്രീയ-ജ്യോതിശ്ശാസ്ത്ര-ലേഖനങ്ങളിൽ നിന്നു് ചില ഉദ്ധരണികളാണു താഴെ.


  1. ദാറ്റ്സ് മലയാളം: കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു

    സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്ന ദിവസം കൂടിയാണ് വിഷു. അതിനാല്‍ വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം സമമായിരിക്കും. തുലാം മാസത്തിലും സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്നുണ്ട്. അന്ന് തുലാ വിഷു എന്നറിയപ്പെടുന്നു. തുലാവിഷുവിന് ആഘോഷങ്ങളൊന്നുമില്ല.

  2. മനോരമ ഓൺ‌ലൈനിൽ ഒന്നല്ല, രണ്ടിടത്തുണ്ടു്:
    1. വിഷു: ഐതിഹ്യങ്ങള്‍ ഉറങ്ങുന്ന ക്ഷേത്രങ്ങളിലൂടെ
      സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരെ കിഴക്കുദിക്കുന്ന ദിവസമാണ് വിഷു. മേടവിഷു ദിവസം ദിനരാത്രങ്ങള്‍ തുല്യമായിരിക്കും. വിഷു സംബന്ധമായി ധാരാളം ഐതിഹ്യങ്ങളും കഥകളും നിലവിലുണ്ട്. ഓരോ ക്ഷേത്രത്തിനും വിഷുവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ടാവും. ചില ഐതിഹ്യങ്ങള്‍ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുമ്പോള്‍ ചിലവ ഉപകഥകള്‍മാത്രമാണ്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മേടസംക്രമം വേദകാലത്തും പരമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും വിഷു സംബന്ധമായ ഇത്തരം സൂചനകള്‍ കാണുന്നു. ശ്രീരാമന്‍ രാവണനെ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് അതില്‍ പ്രധാനപ്പെട്ട ഒരു പരാമര്‍ശം.
    2. വിഷു: മേടസംക്രമപ്പുലരി (നിഷ കെ.നായര്‍)

      മേടസംക്രമം കഴിഞ്ഞുവരുന്ന പുലരിയാണു വിഷുപ്പുലരി. സൂര്യന്‍ മീനരാശിയില്‍നിന്ന് മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസം. രാവും പകലും തുല്യമായിരിക്കും വര്‍ഷത്തിലെ ഒരേയൊരു ദിവസമാണിത്. ഉത്തരായനത്തില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരേ മുകളില്‍ എത്തുന്ന ദിവസമാണ് ജ്യോതിശാസ്ത്രത്തില്‍ ‘വൈഷവം’ എന്നറിയപ്പെടുന്ന വിഷു.

  3. അപ്പോൾ വെബ് ദുനിയാ മോശമാകുമോ? അവിടെയുമുണ്ടു് രണ്ടിടത്തു്.
    1. വിഷു സമഭാവനയുടെ ദിനം

      ശകവര്‍ഷത്തിന്‍റെയും, തമിഴ് വര്‍ഷത്തിന്‍റെയും, പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്.

    2. വിഷുവും സൂര്യനും

      ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. “വിഷു’ എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

  4. ബ്ലോഗുകളുടെ കാര്യമാണെങ്കിൽ പറയണ്ടാ. സാമ്പിളിനു് ഒരെണ്ണം:

    ബൂലോകം ഓൺ‌ലൈൻ ബ്ലോഗ്: വിഷു എന്ത്? എന്തിനു? എങ്ങനെ? (നീലകണ്ഠൻ)

    പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും, മേടം ഒന്നിനും. ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത്.


എല്ലാവർക്കും മനസ്സിലായല്ലോ. ഇനി എല്ലാവരും ഒരുമിച്ചു് ഒന്നു പറഞ്ഞേ:

“പകലും രാത്രിയും ഒരേ ദൈർഘ്യത്തിൽ വരുന്ന ദിവസമാണു് വിഷു. മേടം 1-നു് (ഏപ്രിൽ 14-നോ 15-നോ) ആണു് ഇതു വരുന്നതു്. അന്നു സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരേ മുകളിലായിരിക്കും.”

അതു തന്നെ. ഇനി എല്ലാവരും ഒന്നു കൂടി പറഞ്ഞേ.

“പകലും രാത്രിയും ഒരേ ദൈർഘ്യത്തിൽ വരുന്ന ദിവസമാണു് വിഷു. മേടം 1-നു് (ഏപ്രിൽ 14-നോ 15-നോ) ആണു് ഇതു വരുന്നതു്. അന്നു സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരേ മുകളിലായിരിക്കും.”

ആർക്കെങ്കിലും സംശയമുണ്ടോ? ഇല്ല.

ആരുടെയെങ്കിലും വീട്ടിൽ മലയാളം കലണ്ടറുണ്ടോ? അതില്ലാത്ത വീടില്ല.

മലയാളം പത്രമുണ്ടോ? എന്തൊരു ചോദ്യമാണിതു്?

ഏപ്രിലിലെ കലണ്ടറെടുക്കൂ. അല്ലെങ്കിൽ ഏപ്രിൽ 14-ലെ പത്രമെടുക്കൂ. മിക്കവാറും ഉദയാസ്തമയങ്ങൾ ഉണ്ടാവും. ഏപ്രിൽ 14-ന്റെ (ഇക്കൊല്ലത്തെ മേടം 1) ഉദയാസ്തമയങ്ങൾ നോക്കൂ. കലണ്ടറിൽ 14 ഇല്ലെങ്കിൽ അതിനടുത്ത (ഉദാ: 15) നോക്കിയാലും മതി.

ഉദാഹരണമായി, തൃശൂരിൽ (അക്ഷാംശമനുസരിച്ചു് കേരളത്തിന്റെ കൃത്യം മദ്ധ്യത്തിൽ കിടക്കുന്നതു കൊണ്ടാണു് തൃശ്ശൂർ എടുത്തതു്. ഏതു സ്ഥലവുമെടുക്കാം.) ഉദയം രാവിലെ 6:18-നു്. അസ്തമയം വൈകിട്ടു് 6:32-നു്. അതായതു് പകലിന്റെ ദൈർഘ്യം 12 മണിക്കൂർ 14 മിനിട്ടു്. രാത്രിയുടെ ദൈർഘ്യം 11 മണിക്കൂർ 46 മിനിട്ടു്. തമ്മിൽ ഏകദേശം അര മണിക്കൂറിന്റെ വ്യത്യാസം.

ഇനി, മാർച്ച് 21-ന്റെ ഉദയാസ്തമയം നോക്കൂ. ഉദയം രാവിലെ 6:32-നു്. അസ്തമയം വൈകിട്ടു് 6:32-നു്. പകലിന്റെ ദൈർഘ്യം 12 മണിക്കൂർ. രാത്രിയുടെ ദൈർഘ്യം 12 മണിക്കൂർ.

സംശയം തീർന്നില്ലെങ്കിൽ കഴിഞ്ഞ കൊല്ലങ്ങളിലെ കലണ്ടറുകളോ പഞ്ചാംഗങ്ങളോ അൽമനാക്കുകളോ അസ്ട്രോണമിക്കൽ ടേബിളുകളോ നോക്കുക. പകലും രാത്രിയും തുല്യമാകുന്നതു് മാർച്ച് 20-നും 23-നും ഇടയ്ക്കാണു്, ഏപ്രിൽ 14-നു് (മേടം 1) അല്ല എന്നു കാണാൻ കഴിയും.

ഒരിക്കൽ കൂടി പറയാം: രാത്രിയും പകലും തുല്യമാകുന്നതും സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു നേരേ മുകളിലാകുന്നതും മാർച്ച് 20-നും 23-നും ഇടയ്ക്കാണു്. മേടം 1 വരുന്ന ഏപ്രിൽ 14/15-നു് അല്ല. വിഷു മാർച്ച് 21-നു് ആഘോഷിക്കണം എന്നു് അഭിപ്രായമില്ല. പാരമ്പര്യരീതി തുടർന്നുകൊള്ളട്ടേ. പക്ഷേ, ആ ദിവസമാണു് മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും സംഭവിക്കുന്നതു് എന്നു പറയരുതു്.


വിശദവിവരങ്ങൾക്കു്‌ ഷിജു അലക്സിന്റെ വിഷുവങ്ങൾ എന്ന പോസ്റ്റു കാണുക. അതുപോലെ മലയാളം വിക്കിപീഡിയയിലെ വിഷുവം, അയനാന്തങ്ങൾ എന്നീ ലേഖനങ്ങളും, ഇംഗ്ലീഷ് വിക്കിപീഡിയയിലെ Equinox, Solstice എന്നീ ലേഖനങ്ങളും. പ്രസക്തവിവരങ്ങൾ താഴെച്ചേർക്കുന്നു:

ഇതു് ആദ്യം എഴുതിയപ്പോൾ വന്ന ചില പിശകുകൾ ഇപ്പോൾ തിരുത്തിയിട്ടുണ്ടു്. ചൂണ്ടിക്കാണിച്ച ഇന്ദുലേഖയ്ക്കും സിബുവിനും വളരെ നന്ദി.
  1. ഭൂമിയുടെ അച്ചുതണ്ടു് (ഭൂമി സ്വയം ചുറ്റുന്നതിന്റെ അടിസ്ഥാനമായ സാങ്കൽ‌പ്പികരേഖ എന്നേ വിവക്ഷയുള്ളൂ. അങ്ങനെയൊരു ‘തണ്ടു്’ ഇല്ല.) ഭൂമിയുടെ ഭ്രമണപഥം ഉൾപ്പെടുന്ന തലത്തിനു കൃത്യം ലംബമല്ല. ഏകദേശം 24 ഡിഗ്രി ചരിഞ്ഞാണു്. അതിനാൽ ആറു മാസം (ഏകദേശം മാർച്ച് 21 മുതൽ സെപ്റ്റംബർ 23 വരെ) ഉത്തരാർദ്ധഗോളം സൂര്യന്റെ നേർക്കു തിരിഞ്ഞിരിക്കുന്നു. അതിനു ശേഷം ആറു മാസത്തേയ്ക്കു് (ഏകദേശം സെപ്റ്റംബർ 23 മുതൽ മാർച്ച് 21 വരെ) ഭൂമിയുടെ ദക്ഷിണാർദ്ധഗോളം സൂര്യന്റെ നേർക്കു തിരിഞ്ഞിരിക്കുന്നു.
  2. ഏകദേശം മാർച്ച് 21-നു് സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരേ മുകളിൽ വരുന്നു. അതിനെ മഹാവിഷുവം (vernal equinox) എന്നു പറയുന്നു. ഈ സമയത്തു് ആർട്ടിക് വൃത്തത്തിനും (ഏകദേശം അറുപത്താറര ഡിഗ്രി വടക്കു്) അന്റാർട്ടിക് വൃത്തത്തിനും (ഏകദേശം അറുപത്താറര ഡിഗ്രി തെക്കു്) ഇടയിലുള്ളവർക്കു് പകലിനും രാത്രിയ്ക്കും ഒരേ വലിപ്പമായിരിക്കും. ആർട്ടിക് വൃത്തത്തിനു വടക്കുള്ളവർക്കു് ഈ സമയത്തു് രാത്രി കഴിഞ്ഞു് പകൽ തുടങ്ങും. അടുത്ത ആറു മാസത്തേയ്ക്കു് അവർക്കിനി പകലായിരിക്കും. അതു പോലെ അന്റാർട്ടിക് വൃത്തത്തിനു തെക്കുള്ളവർക്കു് ഈ സമയത്തു് പകൽ കഴിഞ്ഞു രാത്രി തുടങ്ങും. അവർക്കു് ഇനി ആറു മാസത്തേക്കു രാത്രിയായിരിക്കും. ഈ സമയത്തു് ഉത്തരധ്രുവത്തിൽ രാത്രി കഴിഞ്ഞു പകൽ തുടങ്ങും. അതു പോലെ ദക്ഷിണധ്രുവത്തിൽ പകൽ കഴിഞ്ഞു രാത്രി തുടങ്ങും.
  3. സൂര്യരശ്മി ക്രമേണ ഭൂമദ്ധ്യരേഖ മുതൽ ഉത്തരായണരേഖ വരെ (23.5 ഡിഗ്രി വടക്കു്)യുള്ള പ്രദേശങ്ങൾക്കു മുകളിൽ ലംബമായി പതിക്കാൻ തുടങ്ങുന്നു. ഇതു് ഏകദേശം ജൂൺ 21 വരെ തുടരുന്നു.
  4. ഏകദേശം ജൂൺ 21-നു് സൂര്യൻ ഉത്തരായണരേഖയുടെ മുകളിൽ എത്തുന്നു. ഇതിനെ ഉത്തരായണാന്തം (Northern Solstice) എന്നു വിളിക്കുന്നു. ഈ ദിവസത്തിൽ ഉത്തരാർദ്ധഗോളത്തിൽ (ഭൂമദ്ധ്യരേഖ മുതൽ ആർട്ടിക് വൃത്തം വരെ) ഏറ്റവും വലിയ പകലും ഏറ്റവും ചെറിയ രാത്രിയും ആയിരിക്കും. അതുപോലെ ദക്ഷിണാർദ്ധഗോളത്തിൽ (ഭൂമദ്ധ്യരേഖ മുതൽ അന്റാർട്ടിക് വൃത്തം വരെ) ഏറ്റവും വലിയ രാത്രിയും ഏറ്റവും ചെറിയ പകലും ആയിരിക്കും.
  5. സൂര്യരശ്മികൾ തിരിച്ചു് ഉത്തരായണരേഖയിൽ നിന്നു് ഭൂമദ്ധ്യരേഖ വരെയുള്ള അക്ഷാംശങ്ങളിൽ ക്രമേണ ലംബമായി പതിക്കുന്നു.
  6. ഏകദേശം സെപ്റ്റംബർ 23-നു് അവ വീണ്ടും ഭൂമദ്ധ്യരേഖയ്ക്കു മുകളിൽ എത്തുന്നു. അതിനെ അപരവിഷുവം (autumnal equinox) എന്നു വിളിക്കുന്നു. ഈ സമയത്തു് ആർട്ടിക് വൃത്തത്തിനും (ഏകദേശം അറുപത്താറര ഡിഗ്രി വടക്കു്) അന്റാർട്ടിക് വൃത്തത്തിനും (ഏകദേശം അറുപത്താറര ഡിഗ്രി തെക്കു്) ഇടയിലുള്ളവർക്കു് പകലിനും രാത്രിയ്ക്കും ഒരേ വലിപ്പമായിരിക്കും. ആർട്ടിക് വൃത്തത്തിനു വടക്കുള്ളവർക്കു് ഈ സമയത്തു് ഈ സമയത്തു് പകൽ കഴിഞ്ഞു രാത്രി തുടങ്ങും. അവർക്കു് ഇനി ആറു മാസത്തേക്കു രാത്രിയായിരിക്കും. അതു പോലെ അന്റാർട്ടിക് വൃത്തത്തിനു തെക്കുള്ളവർക്കു് രാത്രി കഴിഞ്ഞു് പകൽ തുടങ്ങും. അടുത്ത ആറു മാസത്തേയ്ക്കു് അവർക്കിനി പകലായിരിക്കും. ഈ സമയത്തു് ഉത്തരധ്രുവത്തിൽ പകൽ കഴിഞ്ഞു രാത്രി തുടങ്ങും. അതു പോലെ ദക്ഷിണധ്രുവത്തിൽ രാത്രി കഴിഞ്ഞു പകൽ തുടങ്ങും.
  7. സൂര്യരശ്മി ക്രമേണ ഭൂമദ്ധ്യരേഖ മുതൽ ദക്ഷിണായന രേഖ വരെ (23.5 ഡിഗ്രി തെക്കു്)യുള്ള പ്രദേശങ്ങൾക്കു മുകളിൽ ലംബമായി പതിക്കാൻ തുടങ്ങുന്നു. ഇതു് ഏകദേശം ഡിസംബർ 23 വരെ തുടരുന്നു.
  8. ഏകദേശം ഡിസംബർ 23-നു് സൂര്യൻ ദക്ഷിണായനരേഖയുടെ മുകളിൽ എത്തുന്നു. ഇതിനെ ദക്ഷിണായനാന്തം (Southern Solstice) എന്നു വിളിക്കുന്നു. ഈ ദിവസത്തിൽ ദക്ഷിണാർദ്ധഗോളത്തിൽ (ഭൂമദ്ധ്യരേഖ മുതൽ അന്റാർട്ടിക് വൃത്തം വരെ) ഏറ്റവും വലിയ പകലും ഏറ്റവും ചെറിയ രാത്രിയും ആയിരിക്കും. അതുപോലെ ഉത്തരാർദ്ധഗോളത്തിൽ (ഭൂമദ്ധ്യരേഖ മുതൽ ആർട്ടിക് വൃത്തം വരെ) ഏറ്റവും വലിയ രാത്രിയും ഏറ്റവും ചെറിയ പകലും ആയിരിക്കും.
  9. സൂര്യരശ്മികൾ തിരിച്ചു് ദക്ഷിണായനരേഖയിൽ നിന്നു് ഭൂമദ്ധ്യരേഖ വരെയുള്ള അക്ഷാംശങ്ങളിൽ ക്രമേണ ലംബമായി പതിക്കുന്നു. ഏകദേശം മാർച്ച് 21-നു് അവ വീണ്ടും ഭൂമദ്ധ്യരേഖയ്ക്കു മുകളിൽ എത്തുന്നു.
എന്തിനാണു് ഒന്നിനെ ഉത്തരായണം എന്നു ണ ചേർത്തും മറ്റേതിനെ ദക്ഷിണായനം എന്നു ന ചേർത്തും പറയുന്നതു് എന്നു് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ: അതൊരു സംസ്കൃതവ്യാകരണനിയമം മൂലമാണു്. രാമായണവും സീതായനവും എന്ന പോസ്റ്റ് വായിക്കുക.

ഈ മാർച്ച് 21, ജൂൺ 21 എന്നൊക്കെ പറഞ്ഞതിനു ചെറിയ വ്യത്യാസമുണ്ടാവാം. 365.2425 ദിവസം ദൈഘ്യമുള്ള സൗരവർഷത്തെ 365 ദിവസങ്ങളുള്ള സാധാരണവർഷങ്ങളും പുട്ടിനിടയിൽ തേങ്ങാപ്പീര പോലെ അവയ്ക്കിടയിൽ 366 ദിവസങ്ങളുള്ള അധിവർഷങ്ങളും അടുക്കിയിരിക്കുന്നതു കൊണ്ടാണു് ഈ ചെറിയ വ്യത്യാസം. (ഈ അടുക്കൽ തന്നെ ക്രമമല്ല. 400 കൊല്ലത്തിൽ 97 അധിവർഷങ്ങൾ ക്രമമായി വിന്യസിക്കേണ്ടതു് 5 9 13 17 21 25 29 33 38 42 46 50 54 58 62 66 71 75 79 83 87 91 95 99 104 108 112 116 120 124 128 132 137 141 145 149 153 157 161 165 170 174 178 182 186 190 194 198 203 207 211 215 219 223 227 231 236 240 244 248 252 256 260 264 269 273 277 281 285 289 293 297 302 306 310 314 318 322 326 330 335 339 343 347 351 355 359 363 368 372 376 380 384 388 392 396 എന്നീ വർഷങ്ങളിലാണു്. അങ്ങനെ ചെയ്യാതെ പഴയ ജൂലിയൻ കലണ്ടറിനെ പിൻ‌പറ്റി നാലു കൊല്ലത്തിലൊരിക്കൽ അധിവർഷവും പിന്നെ അതിനെ ശരിയാക്കാൻ 100 കൊല്ലത്തിലൊരിക്കൽ സാധാരണവർഷവും പിന്നെ 400 കൊല്ലത്തിലൊരിക്കൽ അധിവർഷവും എന്നിങ്ങനെയുള്ള ക്രമമില്ലായ്മയും ഈ വ്യത്യാസത്തിനു ചെറിയ ഒരു കാരണമായിട്ടുണ്ടു്.) 2010-ലെ വിഷുവങ്ങളും അയനാന്തങ്ങളും താഴെച്ചേർക്കുന്നു. എല്ലാം ഇന്ത്യൻ സ്റ്റാന്റേർഡ് സമയത്തിൽ.

Vernal Equinox Mar 20 2010 11:02 PM
Summer Solstice Jun 21 2010 04:58 PM
Autumnal Equinox Sep 22 2010 08:39 AM
Winter Solstice Dec 21 2010 04:08 AM

ഈ സമയങ്ങൾക്കടുത്തുള്ള ദിവസങ്ങളിലായിരിക്കും വിഷുവങ്ങളുടെയും അയനാന്തങ്ങളുടെയും പ്രത്യേകതകൾ കാണുക. മേടം, കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളുടെ ആദിയിൽ അല്ല.

ഭൂമദ്ധ്യരേഖയിലുള്ളവർക്കു് എന്നും പകലും രാത്രിയും ഒരേ ദൈർഘ്യമായിരിക്കും. (12 മണിക്കൂർ വീതം.) ആർട്ടിക് വൃത്തത്തിനു വടക്കുള്ളവർക്കും അന്റാർട്ടിക് വൃത്തത്തിനു തെക്കുള്ളവർക്കും അങ്ങനെ തന്നെ. (ആറു മാസം വീതം നീളമുള്ള പകലും രാത്രിയും.) ഇവയ്ക്കിടയിലുള്ളവർക്കു് അക്ഷാംശം കൂടുന്തോറും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം കൂടിയും കുറഞ്ഞും ഇരിക്കും.

താരതമ്യത്തിനായി മൂന്നു സ്ഥലങ്ങളിലെ (ഭൂമദ്ധ്യരേഖയിൽ, ഉത്തരാർദ്ധഗോളത്തിൽ, ദക്ഷിണാർദ്ധഗോളത്തിൽ) ഈ നാലു ദിവസങ്ങളിലെ ദിനമാനം പരിശോധിക്കാം.

  1. ഇൻഡോനേഷ്യയിലുള്ള ബോർണിയോ. 0 ഡിഗ്രി അക്ഷാംശം. 114 ഡിഗ്രി കിഴക്കേ രേഖാംശം. 120 ഡിഗ്രി കിഴക്കേ രേഖാംശത്തിലെ സ്റ്റാൻഡേർഡ് സമയം (GMT +08).
  2. സിയാറ്റിൽ, അമേരിക്ക. 47:37 വടക്കേ അക്ഷാംശം 122:30 പടിഞ്ഞാറേ രേഖാംശം. 120 ഡിഗ്രി പടിഞ്ഞാറേ രേഖാംശത്തിലെ സമയം (GMT -08).
  3. Waimate, ന്യൂ സീലാൻഡ്, തെക്കേ അക്ഷാംശം 44:44, കിഴക്കേ രേഖാംശം 171:02. 180 ഡിഗ്രിയിലെ സമയം (GMT +12).

(ഡേ ലൈറ്റ് സേവിംഗ്സ് കൊണ്ടുണ്ടാകുന്ന സമയമാറ്റം ഇവിടെ പരിഗണിച്ചിട്ടില്ല. സ്റ്റാൻഡേർഡ് സമയമാണു കൊടുത്തിട്ടുള്ളതു്.)

സ്ഥലം / തീയതി Borneo Seattle Waimate
Mar 21 ഉദയം 06:31A 06:17A 07:43A
അസ്തമയം 06:31P 06:17P 07:42P
പകൽ (h:m) 12:00 12:00 11:59
രാത്രി (h:m) 12:00 12:00 12:01
June 21 ഉദയം 06:25A 04:17A 08:19A
അസ്തമയം 06:25P 08:04P 04:56P
പകൽ (h:m) 12:00 15:47 08:37
രാത്രി (h:m) 12:00 08:13 15:23
Sep 23 ഉദയം 06:17A 06:02A 06:29
അസ്തമയം 06:16P 06:00P 06:28P
പകൽ (h:m) 11:59 11:58 11:59
രാത്രി (h:m) 12:01 12:02 12:01
Dec 23 ഉദയം 06:22A 08:01A 04:52A
അസ്തമയം 06:23P 04:15P 08:16P
പകൽ (h:m) 12:01 08:14 15:21
രാത്രി (h:m) 11:59 15:46 08:39

വിഷുവങ്ങളുടെ സമയത്തു് (മാർച്ച് 21, സെപ്റ്റംബർ 23) മൂന്നു സ്ഥലങ്ങളിലും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമാണെന്നും, ഭൂമദ്ധ്യരേഖയിലുള്ള ബോർണിയോയിൽ എല്ലാ സമയത്തും പകലും രാത്രിയും തുല്യമാണെന്നും, അയനാന്തങ്ങളിൽ പകലും രാത്രിയും തമ്മിലുള്ള വ്യത്യാസം അങ്ങേയറ്റമാകുമെന്നും ഇതിൽ നിന്നു മനസ്സിലാക്കാം.


എന്തുകൊണ്ടു് വിഷുവങ്ങൾ ഇപ്പോൾ മേടം ഒന്നിനും തുലാം ഒന്നിനും സംഭവിക്കുന്നില്ല? എന്തുകൊണ്ടു് അവ ഗ്രിഗോറിയൻ കലണ്ടറിലെ ഏതാണ്ടു് അടുത്ത ദിവസങ്ങളിൽ സംഭവിക്കുന്നു?

ഗ്രിഗോറിയൻ കലണ്ടർ ഭൂമിയെ അപേക്ഷിച്ചു് സൂര്യനുള്ള സ്ഥാനത്തെ അടിസ്ഥാനമാക്കിയതാണു്. രണ്ടു വിഷുവങ്ങൾക്കിടയിലുള്ള സമയത്തെയാണു് അവിടെ ഒരു വർഷമായി കണക്കാക്കുന്നതു്. ജ്യോതിശ്ശാസ്ത്രത്തിനു വേണ്ടി കണക്കുകൂട്ടുമ്പോൾ മഹാവിഷുവത്തെ അവർ രാശിചക്രം തുടങ്ങുന്ന (0 ഡിഗ്രി) ആയി കണക്കുകൂട്ടുന്നു. അതിനാൽ വിഷുവങ്ങളും അയനാന്തങ്ങളും ഏകദേശം ഒരേ ദിവസങ്ങളിൽ എല്ലാക്കൊല്ലവും വരുന്നു.

നമ്മുടെ കൊല്ലവർഷക്കലണ്ടറും ഭാരതീയജ്യോതിശ്ശാസ്ത്രവും അടിസ്ഥാനമാക്കിയതു് സ്ഥിരമായി നിൽക്കുന്നു എന്നു് അവർ കരുതിയ നക്ഷത്രങ്ങളെയാണു്. ഉദാഹരണമായി, രേവതിക്കും അശ്വതിക്കും ഇടയിലുള്ള ബിന്ദു പൂജ്യം ഡിഗ്രി ആയി. അല്ലെങ്കിൽ ചിത്തിര നക്ഷത്രത്തിന്റെ ദിശ 180 ഡിഗ്രി ആയി. ഇതു സ്റ്റാൻഡേർഡൈസ് ചെയ്തതു് ക്രി. പി. അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നു കാണാം. (ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ തുടങ്ങിയവരുടെ കാലം.) അന്നു് മഹാവിഷുവത്തിനു് സൂര്യൻ രേവതിക്കും അശ്വതിക്കും ഇടയിലായിരുന്നു. അന്നു തന്നെയായിരുന്നു (കൊല്ലവർഷം ഉണ്ടായിരുന്നെങ്കിൽ) മേടം 1.

രണ്ടു കാര്യങ്ങളാണു് അന്നത്തേതിൽ നിന്നു മാറിയതു്.

ഒന്നു്, ഭൂമിയെ അപേക്ഷിച്ചു സൂര്യന്റെ ഗതി നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ മാറാൻ തുടങ്ങി. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ മഹാവിഷുവത്തിനു് (സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു മുകളിൽ വരുമ്പോൾ) സൂര്യൻ രേവതിയുടെയും അശ്വതിയുടെയും ഇടയ്ക്കു് അല്ലാതായി. പക്ഷേ, നമ്മൾ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കാലനിർൺനയം നടത്തിയതു കൊണ്ടു് വിഷുവം ക്രമേണ പുറകോട്ടു പോയി. ഇപ്പോൾ 24 ഡിഗ്രിയാണു് വ്യത്യാസം. എന്നു വെച്ചാൽ 24 x 365.2425 / 360 = 24.35 ദിവസത്തിന്റെ വ്യത്യാസമുണ്ടാവും. ഈ വ്യത്യാസമാണു് മഹാവിഷുവവും (മാർച്ച് 21) നമ്മുടെ വിഷുവും (ഏപ്രിൽ 14) തമ്മിലുള്ള വ്യത്യാസം. ഈ വ്യത്യാസത്തെ “അയനാംശം” എന്നു വിളിക്കുന്നു. സൂര്യന്റെ അയനത്തെ കണക്കിലെടുക്കുന്ന പാശ്ചാത്യരീതിയെ സായനരീതി (സ-അയന-രീതി. പ്രകാശവേഗത കണ്ടുപിടിച്ചു എന്നു ഡോ. ഗോപാലകൃഷ്ണനും സുഭാഷ് കാക്കും പറഞ്ഞ സായണനുമായി ബന്ധമില്ല.) എന്നും കണക്കിലെടുക്കാത്ത ഭാരതീയരീതിയെ നിരയയനരീതി (നിർ-അയന-രീതി) എന്നും പറയുന്നു.

(ഇതിനെപ്പറ്റി വിശദമായി മനസ്സിലാക്കാൻ ഷിജു അലക്സിന്റെ വിഷുവങ്ങളുടെ പുരസ്സരണം എന്ന പോസ്റ്റോ അതേ പേരിലുള്ള വിക്കി ലേഖനമോ വായിക്കുക. വായിച്ചിട്ടു തല കറങ്ങുന്നുണ്ടെങ്കിൽ ആദ്യം പോയി വെള്ളെഴുത്തിന്റെ ഒരു പോസ്റ്റു പോയി വായിച്ചിട്ടു് തിരികെ വന്നു് ഇതു വായിക്കുക. എല്ലാം ശരിയാകും 🙂 )

രണ്ടു്, നക്ഷത്രങ്ങളുടെ സ്ഥാനം മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ചു മാറി. മുകളിൽ പറഞ്ഞ കണക്കു് ചിത്തിര നക്ഷത്രം 180 ഡിഗ്രിയിൽ എന്ന നിർ‌വ്വചനത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. ഈ നിർ‌വ്വചനമാണു് നമ്മുടെ കലണ്ടറുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്നതു്. ഇന്ത്യൻ സർക്കാർ കലണ്ടറിനു വേണ്ടി ലാഹിരി നിർദ്ദേശിച്ച രീതിയാണതു്. എന്തു കണക്കെടുത്താലും ജ്യോതിഷപ്രവചനങ്ങൾ ശരിയാകാത്തതിനാലാവണം, പല ജ്യോത്സ്യന്മാരും മറ്റു പല നിർ‌വ്വചനങ്ങളുമായി വന്നിട്ടുണ്ടു്. അവർ മറ്റു പല നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കി കണക്കുകൂട്ടുന്നു. ഉദാഹരണമായി, 2000 ജനുവരി 1-ന്റെ അയനാംശങ്ങൾ താഴെച്ചേർക്കുന്നു.

ലാഹിരി: 23:51:41
ബി. വി. രാമൻ: 22:24:11
കൃഷ്ണമൂർത്തി: 23:45:06
ഫഗൻ/ബ്രാഡ്ലി: 24:44:11
ഉഷ/ശശി: 20:03:26
ദേവദത്ത: 23:28:34

തങ്ങൾ പറയുന്നതാണു ശരി, അങ്ങനെ കണക്കുകൂട്ടിയാലേ ജ്യോതിഷപ്രവചനങ്ങൾ ശരിയാവൂ എന്നു പറഞ്ഞു് ജ്യോത്സ്യന്മാർ കുറെക്കാലമായി കടിപിടി കൂട്ടുന്നു. ഫലമോ, സ്റ്റാൻഡേർഡ് ആയ ഒരു ഭാരതീയഗണനരീതി ഇപ്പോഴുമില്ല.


എല്ലാവരും തെറ്റാണു പറഞ്ഞതെന്നു വിവക്ഷയില്ല. ശരിയായി പറഞ്ഞവരുമുണ്ടു്.

  1. മലയാളം വിക്കിപ്പീഡിയയിൽ വിഷുവിനെപ്പറ്റിയുള്ള പേജിൽ ഇങ്ങനെ പറയുന്നു.

    വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേട വിഷുവും തുലാ വിഷുവും ഉണ്ട്. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. ക്രി.വ. 825 ഇൽ പകലിന്റേയും രാത്രിയുടേയും ദൈർഘ്യം ഒന്നായ ദിവസം ഏപ്രിൽ 15 നായിരുന്നു. അന്നാണ്‌ പുതുവർഷമായി പുതിയ കൊല്ലവർഷത്തിൽ (പഞ്ചാംഗം) രേഖപ്പെടുത്തിയത്. അതായത് സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം. എന്നാൽ ഇന്ന് വിഷുവങ്ങളിൽ പ്രധാനയായ മഹാവിഷു 16 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ ചരിവാണ്‌ ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.

    ഈ വിവരങ്ങൾ മിക്കവാറും ശരിയാണെങ്കിലും ഹൈലൈറ്റു ചെയ്തിരിക്കുന്ന ഭാഗങ്ങൾ തെറ്റാണു്. ക്രിസ്തുവർഷം 825-ൽ വിഷുവം ഏപ്രിൽ 15-നായിരുന്നില്ല. (ജൂലിയൻ കലണ്ടറാണോ അതോ ഗ്രിഗോറിയൻ കലണ്ടർ പുറകോട്ടു കണക്കുകൂട്ടിയതാണോ ഉദ്ദേശിച്ചതു് എന്നറിയില്ല. രണ്ടായാലും തെറ്റു തന്നെ.) അന്നു കേരളത്തിലുള്ളവർക്കു് ഈ കലണ്ടറിനെപ്പറ്റി അറിയാനും വഴിയില്ല. മഹാവിഷുവം ഇന്നു പതിനാറു ദിവസം പിന്നിലല്ല, ഏകദേശം 24 ദിവസം പിന്നിലാണു്.

  2. മാത്ത്സ് ബ്ലോഗുകാരുടെ വിഷുദിനാശംസകളിൽ ഇങ്ങനെ പറയുന്നു:

    ഇനി ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് വിഷു. വിഷുവം (Equinoxes) ആണ് വിഷുവായി മാറിയത്. രാത്രിയും പകലും തുല്യമായി വരുന്നതിനെയാണ് വിഷുവം എന്ന് പറയുന്നത്. വര്‍ഷത്തില്‍ രണ്ട് വിഷുവങ്ങളാണ് ഉള്ളത്. ഈ ദിവസം ഭൂമദ്ധ്യരേഖയില്‍ സൂര്യകിരണങ്ങള്‍ ലംബമായി പതിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമാണ് ഇതുണ്ടാകുന്നത്. വസന്തവിഷുവമായ (vernal equinox) മാര്‍ച്ച് 21 നും ശരത് വിഷുവമായ (Autumnal equinox) സെപ്റ്റംബര്‍ 23 നും. പക്ഷെ സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിനത്തോടനുബന്ധിച്ചാണ് വിഷുദിനത്തിന്‍റെ ആഘോഷങ്ങള്‍.

    ഇതു ശരിയാണെങ്കിലും, വസന്തവിഷുവത്തിനും വിഷുവിനും തമ്മിൽ 24 ദിവസത്തിൽക്കൂടുതൽ വ്യത്യാസമുണ്ടെന്നും, എന്തുകൊണ്ടു് ഈ വ്യത്യാസം ഉണ്ടായി എന്നതിനെപ്പറ്റിയും മാത്ത്സ് ബ്ലോഗുകാർ എഴുതേണ്ടിയിരുന്നു എന്നാണു് എന്റെ അഭിപ്രായം. അതിനു പകരം, അതിനു പുറകിലുള്ള ഐതിഹ്യങ്ങളെ വിസ്തരിക്കാനാണു് (അതു മോശമാണെന്നല്ല) ആ പോസ്റ്റിന്റെ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നതു്.

  3. രണ്ടു പ്രാവശ്യം തെറ്റെഴുതിയെങ്കിലും, മനോരമയിൽ തലയ്ക്കു വെളിവുള്ളവർ ഉണ്ടെന്നു തെളിയിച്ചു വിഷു മാർച്ച് 21-നോ? എന്ന ലേഖനം.

    വിഷു മാര്‍ച്ച് 21-നാണെന്നു പറഞ്ഞാല്‍ മലയാളികള്‍ ആരും അംഗീകരിക്കില്ല. എന്നാല്‍, ഒരു തരത്തില്‍ അതു ശരിയാണ്. വിഷു എന്ന വാക്കു വന്നത് `വിഷുവം’ എന്ന വാക്കില്‍ നിന്നാണ്. വിഷുവമാണെങ്കില്‍ രാത്രിയും പകലും തുല്യമായി വരുന്ന ദിവസമാണ്. അതാണെങ്കില്‍ മാര്‍ച്ച് 21-നും. (സെപ്റ്റംബര്‍ 23-നും ഇതുപോലെ രാത്രിയും പകലും തുല്യമായി വരും.)

    സൂര്യന്‍ ഭൂമിയുടെ നേരേ മുകളില്‍, അതായതു മധ്യരേഖയ്ക്കു മുകളില്‍ വരുന്ന ദിവസമാണു യഥാര്‍ഥത്തില്‍ വിഷു. ആ വാക്കിന്റെ അര്‍ഥം തന്നെ അതാണു സൂചിപ്പിക്കുന്നത്.
    “സമരാത്രിന്ദിവേ കാലേ വിഷുവദ്വിഷുവഞ്ച തല്‍…” എന്നു കാരണവന്‍മാര്‍ പറയും- അതായത്, രാത്രിയും
    പകലും തുല്യമായി വരുന്ന ദിവസത്തെ വിഷുവത്ത് എന്നും വിഷുവം എന്നും പറയുന്നു എന്നര്‍ഥം. വിഷുവം എന്നും വിഷുവത്ത് എന്നുമൊക്കെയുണ്ടായിരുന്നത് പറഞ്ഞുപറഞ്ഞ് വിഷു ആയി. ഭൂമിദേവിയുടെ അപ്പുറത്തും ഇപ്പുറത്തും ചാഞ്ഞും ചരിഞ്ഞും കടന്നു പോകുന്ന സൂര്യദേവന്‍ എന്നത്തെക്കാളും പ്രസന്നനായി നേരെ മുകളിലൂടെ കടന്നുപോകുന്ന ദിവസം. അതു വര്‍ഷത്തില്‍ രണ്ടു ദിവസം വരും- മേടവിഷുവിനും തുലാവിഷുവിനും. എങ്കിലും മേടവിഷു തന്നെ മലയാളിക്കു വിഷു.

    പണ്ടു മേടസംക്രമദിവസമായ വിഷുവിനു തന്നെയായിരുന്നു രാത്രിയും പകലും തുല്യമായ വിഷുവം. പക്ഷേ, കാലത്തിന്റെ നീക്കുപോക്കുകള്‍ക്കിടയില്‍ പെട്ട് വിഷുവിനും കാലം തെറ്റി. ഇപ്പോള്‍, മേടം ഒന്നിനു മുമ്പു തന്നെ വിഷുവം
    കടന്നുപോകുന്നു. മാര്‍ച്ച് 21, സെപ്റ്റംബര്‍ 23 എന്നീ ദിവസങ്ങളിലാണു സൂര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളില്‍ എത്തുന്നത്. ഈ വിഷുവം കഴിഞ്ഞുവരുന്ന സംക്രമം വിഷുസംക്രമം ആയി ഇപ്പോള്‍ ആചരിക്കുന്നു. പിറ്റേന്നു വിഷുവും. അങ്ങനെയാണു വിഷുവം മാര്‍ച്ച് 21-ന് ആണെങ്കിലും വിഷു ഏപ്രില്‍ 14-നും 15-നുമൊക്കെ ആയത്. ഏതായാലും, മാര്‍ച്ച് 21 ജ്യോതിഷത്തിന്റെ കണക്കുകളില്‍ ഏറെ പ്രാധാന്യമുള്ള ദിവസമാണ്.

    ഇതു് ഏറെക്കുറെ ശരിയാണെങ്കിലും ഇതിലും തെറ്റുകളുണ്ടു്. വിഷുവം കഴിഞ്ഞു വരുന്ന സംക്രമത്തെയല്ല വിഷുവായി ആഘോഷിക്കുന്നതു്. തെറ്റായ കണക്കിലൂടെയുള്ള വിഷുവത്തെത്തന്നെയാണു്. കുറേക്കാലം കൂടി കഴിയുമ്പോൾ വിഷുവം കുംഭത്തിലാകും. ഭാരതീയജ്യോതിഷത്തിൽ മാർച്ച് 21-നു യാതൊരു സ്ഥാനവുമില്ല. ഏപ്രിൽ 14/15-നു സംഭവിക്കുന്ന മേടസംക്രാന്തിയ്ക്കേ പ്രാധാന്യമുള്ളൂ.

    എന്തൊക്കെയോ ശരിയാക്കി, പക്ഷേ എല്ലാം ശരിയാക്കാൻ മനോരമയ്ക്കും ഒരല്പം മടിയുണ്ടെന്നു സാരം.


ഇതു ഞാൻ പല തവണ പലരോടു പറഞ്ഞു മടുത്തു. എന്റെ ബ്ലോഗിലും ഞാൻ ഇതു പലപ്പോഴും പറഞ്ഞിട്ടുണ്ടു്. ഞാൻ മാത്രമല്ല, പലരും പലയിടത്തും പല തവണ പറഞ്ഞ കാര്യമാണു്. എന്നിട്ടും വിഷു വരുമ്പോൾ എന്നും ഈ അബദ്ധം സകല പ്രസിദ്ധീകരണങ്ങളും (ടെലിവിഷൻ ചാനലുകളും ഉണ്ടാവും. ഞാൻ അവ കാണാറില്ല.) വീണ്ടും വീണ്ടും വിളിച്ചു പറയുന്നതു കാണുമ്പോൾ ഒരിക്കൽക്കൂടി എഴുതാതിരിക്കാനാവുന്നില്ല. ഇനി ഇതു് എവിടെയെങ്കിലും കേട്ടാൽ ചൂണ്ടിക്കാണിക്കാൻ ഒരു പോസ്റ്റായല്ലോ!