സംവൃതോകാരത്തെപ്പറ്റി വീണ്ടും

വ്യാകരണം (Grammar)

എന്റെ സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും എന്ന ലേഖനത്തെപ്പറ്റി സിബുവിന്റെ അഭിപ്രായങ്ങളും എന്റെ പ്രതികരണങ്ങളുമാണു്‌ ഈ ലേഖനം.

സിബു എഴുതുന്നു:

  1. സംവൃതോകാരത്തെ സ്വതന്ത്രസ്വരമായി തന്നെ ഇപ്പോള്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ടു്. അ, ഇ, ഉ, എ, ഒ എന്നിവയാണ് മറ്റുള്ളവ; ഐ, ഔ, ഋ എന്നിവ അല്ല. അതുപോലെ തന്നെ സംവൃതോകാരത്തിന് ഉ-നോടുള്ള ചായ്‌വ്‌ തന്നെ അ-യോടും ഇ-യോടും ആരോപിക്കാവുന്നതും ആണ്. മൊത്തത്തില്‍ സംവൃതോകാരത്തിന്റെ ഉ-അസിസ്റ്റന്റ് സ്ഥാനം മാറി സ്വതന്ത്രനായി എന്നര്‍ഥം.

    സിബുവിനോടു യോജിക്കുന്നു. സംവൃതോകാരം സ്വതന്ത്രസ്വരം തന്നെ. ഗുണ്ടര്‍ട്ടു്‌ “അരയുകാരം” എന്നു വിളിച്ചതു്‌ (എന്റെ മലയാളാദ്ധ്യാപികയായിരുന്ന അമ്മയും അങ്ങനെയാണു്‌ അതിനെ പറഞ്ഞിരുന്നതു്‌.) അതൊരു പൂര്‍ണ്ണസ്വരമായതുകൊണ്ടു തെറ്റാണെന്നു ഏ. ആര്‍. പറഞ്ഞിട്ടുണ്ടു്‌. ഉകാരത്തില്‍ നിന്നു മോചനം നേടിയതുകൊണ്ടു്‌ അതിനൊരു പുതിയ പേരു വേണ്ടതാണു്‌. സംവൃത+ഉകാരം എന്നാല്‍ അടഞ്ഞ ഉകാരം എന്നാണല്ലോ അര്‍ത്ഥം.

  2. ഉമേഷ്‌ ഉന്നയിച്ചിരിക്കുന്ന പ്രശ്നം വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി.സംവൃതോകാരത്തിന്റെ 3 ധര്‍മ്മങ്ങളെ പറ്റി പണ്ട്‌ യുണീക്കോഡുകാര്‍ക്കെഴുതിയ ഈ ലേഖനം കൂടി വായിക്കൂ.

    അതു നല്ല നിര്‍ദ്ദേശം തന്നെ. പക്ഷേ, അതു മതിയാകുമോ എന്നൊരു സംശയം. താഴെപ്പറയുന്ന ഘട്ടങ്ങളില്‍:

    • ഹൃദാകാശം = ഹൃത്‌ + ആകാശം എന്നു സന്ധി തിരിച്ചു കാണിക്കുമ്പോള്‍ അതു്‌ ഹൃതു്‌ + ആകാശം ആണെന്നൊരു സംശയം തോന്നില്ലേ? ഇതൊക്കെ സംസ്കൃതമല്ലേ, മലയാളത്തിലെന്തിനിതൊക്കെ എന്നൊരു ചോദ്യം വരാം. പക്ഷേ, ഇതൊക്കെ മലയാളത്തിലും ആവശ്യമല്ലേ? ” ‘പ്രാഗ്ജ്യോതിഷം’ എന്നതിലെ ‘പ്രാഗ്‌’ ഒരു ഉപസര്‍ഗ്ഗമാണു്‌” എന്നു പറയുന്നിടത്തും ഈ പ്രശ്നമില്ലേ?
    • കായ്‌ – കായു്‌, കാര്‍ – കാറു്‌ തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെ വ്യവച്ഛേദിക്കേണ്ട ആവശ്യമുണ്ടു്‌. ഒരു കവിതയിലോ പാട്ടിലോ ആണു്‌ ഇവ വരുന്നതെങ്കില്‍, അര്‍ത്ഥം ഒന്നായാല്‍ക്കൂടി ഒന്നല്ലാതെ മറ്റേ രൂപം എടുക്കേണ്ടി വരും.
    • മറ്റു ഭാഷാപദങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍. ഉദാ: “ക്യാ ബാത്‌ ഹൈ”. ഇതു്‌ “ക്യാ ബാതു്‌ ഹൈ” എന്നു വായിക്കരുതല്ലോ.ഇതിനു്‌ എതിരഭിപ്രായം ഞാന്‍ ഇപ്പോഴേ കാണുന്നു: zero തുടങ്ങിയ വാക്കുകള്‍ എങ്ങനെ മലയാളത്തിലെഴുതും എന്ന പ്രശ്നം. മറ്റു ഭാഷകളിലെ – സംസ്കൃതമുള്‍പ്പെടെ – വാക്കുകള്‍ എഴുതാനല്ല മലയാളലിപികള്‍ എന്ന വാദം. യോജിക്കുന്നു. പക്ഷേ…….ഒരു കാലത്തു നാം അന്യഭാഷാപദങ്ങളില്‍ സംവൃതോകാരം ചേര്‍ത്തുപയോഗിച്ചിരുന്നു. bus – ബസ്സു്‌, record – റിക്കാര്‍ട്ടു്‌ എന്നിങ്ങനെ. പക്ഷേ അടുത്തകാലത്തു്‌ നാം അന്യഭാഷാപദങ്ങളെ അവയുടെ ശരിയായ ഉച്ചാരണത്തില്‍ പറയാനും എഴുതാനുമാണു ശ്രമിക്കുന്നതു്‌. എല്ലാം കഴിയില്ലെങ്കിലും, കഴിയുന്നത്ര കണ്‍ഫ്യൂഷന്‍ കുറയ്ക്കണമല്ലോ.
  3. ചരിത്രത്തില്‍ രണ്ടുകൂട്ടരും ബലാബലം ആണ്. അതുകൊണ്ട്‌ ഏതെങ്കിലും ഒന്ന്‌ വിക്കിക്കാര് സ്റ്റാന്‍ഡേര്‍ഡ് ആയി‍ സ്വീകരിക്കണം എന്ന്‌ എനിക്ക് അഭിപ്രായമില്ല. എല്ലാവര്‍ക്കും പേര്‍സൊനല്‍ ആയി ശരിയെന്ന്‌ തോന്നുന്നത്‌ ഉപയോഗിക്കാം. വിക്കിക്കകത്തും പുറത്തും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്‌ അതാതിന്റെ സമയമെടുത്ത്‌ സ്റ്റാന്‍ഡേര്‍ഡ് ആയി മാറട്ടെ.

    സിബു കൊടുത്ത ലിങ്കിനെപ്പറ്റി:മൂന്നാമത്തേതു്‌ (യാത്രാമൊഴി) പുതിയ ലിപിയിലാണു്‌. അതിവിടെ നോക്കേണ്ട കാര്യമേയില്ല. രണ്ടാമത്തേതില്‍ (കക്കാടിന്റെ കവിത) “റു്‌” എന്നു്‌ അവസാനത്തില്‍ വരുന്നതു്‌ “റ്‌” എന്നെഴുതിയതു്‌ അര്‍ദ്ധാക്ഷരത്തെ കുറിക്കാന്‍ “ര്‍” എന്ന ചില്ലക്ഷരം ഉള്ളതുകൊണ്ടാണു്‌. ചില്ലില്‍ നിന്നു വ്യത്യസ്തമായി “റ്‌” എന്ന അര്‍ദ്ധാക്ഷരത്തിനു്‌ ഉച്ചാരണഭേദമില്ല. അതിനാല്‍ പ്രസാധകന്‍/മുദ്രാലയക്കാര്‍ ഇങ്ങനെ എഴുതിയിരിക്കാം. ഇതു്‌ എല്ലാ ചില്ലിനും ബാധകമാണു്‌ – ണ്‌, ന്‌, ല്‌, ള്‌ എന്നിവയും ണു്‌, നു്‌, ലു്‌, ളു്‌ എന്നിവയെ സൂചിപ്പിക്കാനായിരിക്കും എഴുതുക. (ഇതിനു്‌ ഒരപവാദം ‘ല്‌’ ആണു്‌. ‘ല്‍’ എന്ന ചില്ലു്‌ പലപ്പോഴും തകാരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നതുകൊണ്ടു്‌ (ഉദാ: കശ്ചില്‍), അതല്ല ലകാരം തന്നെയാണു്‌ എന്നു കാണിക്കാന്‍ “ല്‌” എന്നെഴുതാം – പ്രത്യേകിച്ചു സംസ്കൃതം മലയാളലിപിയില്‍ എഴുതുമ്പോള്‍.

    യൂണിക്കോഡില്‍ ചില്ലിനു പ്രത്യേകം encoding ഇല്ലെങ്കില്‍ ഈ പ്രശ്നം രൂക്ഷതരമാകും. “പാല്‍” എന്നതിനും “പാല്‌” എന്നതിനും ഒരേ encoding ആണെങ്കില്‍ രണ്ടാമത്തേതിനെ “പാലു്‌” എന്നതില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും.

പുതിയ ലിപിയില്‍ ഞാന്‍ പറഞ്ഞതുപോലെ വ്യത്യാസം വരുത്തിക്കാന്‍ കഴിയും എന്നു്‌ എനിക്കു വ്യാമോഹമില്ല. പക്ഷേ പഴയ ലിപിയിലെങ്കിലും (മിക്കവാറും യൂണിക്കോഡ്‌ ഫോണ്ടുകളും പഴയ ലിപിയിലാണല്ലോ) ഇങ്ങനെയെഴുതുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌. വന്നുപോയ തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ടല്ലോ. ഞാന്‍ നിര്‍ദ്ദേശിച്ച രൂപങ്ങള്‍ തെറ്റല്ലല്ലോ. മറ്റേ രൂപങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു തര്‍ക്കമുണ്ടെന്നല്ലേ ഉള്ളൂ? അപ്പോള്‍ തെറ്റല്ലെന്നുറപ്പുള്ള ഒരു രീതി ഉപയോഗിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?

പുതിയ ലിപിയുടെ ഉപയോഗത്തെ സിബുവിന്റെ acceptance തിയറിയുമായി എനിക്കു യോജിപ്പിക്കാന്‍ കഴിയുന്നില്ല. മൂക്കുപൊത്തി വായ്‌ തുറന്നിട്ടു്‌, ഒരു കുഴല്‍ വെച്ചു അണ്ണാക്കിലൊഴിച്ച കഷായം പൂര്‍ണ്ണമനസ്സോടെ accept ചെയ്തു എന്നു പറയുന്നതുപോലെയാണു്‌. 1971-നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും പുതിയ ലിപി പഠിക്കേണ്ട ഗതികേടാണുണ്ടായതു്‌. പുതിയ ലിപി കൊണ്ടുവന്നപ്പോള്‍, അതു്‌ ടൈപ്‌റൈറ്ററിലും അച്ചടിയിലും മാത്രമേ ഉപയോഗിക്കാവൂ എന്നും, കൈയെഴുത്തില്‍ പഴയ ലിപി തന്നെ ഉപയോഗിക്കണമെന്നും ഒരു ഇണ്ടാസുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍? അതുമൂലം വൃത്തികെട്ട കൊടിലുകളും കുനിപ്പുകളും കൊണ്ടു കൈയക്ഷരം വൃത്തികേടായതു മാത്രം മിച്ചം. പലരും കു, കൃ എന്നിവ പുതിയ ലിപിയില്‍ ഒരുപോലെയാണു്‌ എഴുതുന്നതു്‌.

ഇത്തവണ നാട്ടില്‍ച്ചെന്നപ്പോള്‍ മറ്റൊന്നു കേട്ടു. കുട്ടികള്‍ പഴയ ലിപിയിലേ എഴുതാവൂ എന്നു കളക്ടരുടെ ഇണ്ടാസുണ്ടത്രേ. അച്ചടിയില്‍ മാത്രമേ പുതിയ ലിപി പാടുള്ളൂ എന്നു്‌. (പത്തനംതിട്ട ജില്ലയിലാണു സംഭവം) അമ്മമാരെല്ലാം കളക്ടറെ ചീത്തവിളിയാണു്‌. കാരണം അമ്മമാര്‍ക്കൊന്നും (അവരാണല്ലോ ഗൃഹപാഠം ചെയ്യുന്നതു്‌) പഴയ ലിപി എഴുതാന്‍ അറിയില്ല!