വികലസന്ധികള്‍

വ്യാകരണം (Grammar)

നമശ്ശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ…

എത്ര തവണ ചൂണ്ടിക്കാണിച്ചാലും, പല ആളുകളും “പാര്‍വ്വതേശ” എന്നേ പാടൂ! രാധികേശന്‍, മാനസേശന്‍, രമേശന്‍, ഉമേശന്‍ തുടങ്ങിയവയെപ്പോലെ. പക്ഷേ, വാക്കുകള്‍ കൂട്ടിയോജിപ്പിക്കുന്നതിനു്‌ (വ്യാകരണത്തില്‍ ഇതിനു സന്ധി എന്നു പറയുന്നു) എല്ലാ ഭാഷകളിലും പല നിയമങ്ങളും പാലിച്ചേ പറ്റൂ. ഇവിടെ

രാധികാ + ഈശന്‍ = രാധികേശന്‍
മാനസ + ഈശന്‍ = മാനസേശന്‍
രമാ + ഈശന്‍ = രമേശന്‍
ഉമാ + ഈശന്‍ = ഉമേശന്‍

എന്നിങ്ങനെയാണു്‌ സന്ധി ചെയ്യേണ്ടതു്‌.സംസ്കൃതത്തില്‍ അ+ഇ, അ+ഈ, ആ+ഇ, ആ+ഈ എന്നിവ ചേര്‍ന്നാല്‍ “ഏ” ആയിത്തീരുന്നതുകൊണ്ടാണു്‌ ([അചി ഏക പൂര്‍വപരയോഃ ആദേശഃ] ആദ്‌ഗുണഃ എന്നു പാണിനി.) ഇങ്ങനെ സംഭവിക്കുന്നതു്‌.

എങ്കിലും, പാര്‍വ്വതീ + ഈശന്‍ = പാര്‍വ്വതീശന്‍ എന്നേ ആകൂ. കാരണം ഇ+ഇ = ഈ എന്നേ സന്ധി ചെയ്യൂ. (അകഃ സവര്‍ണേ ദീര്‍ഘഃ എന്നു പാണിനി.)

ഇത്തരം തെറ്റുകള്‍ മറ്റു പലയിടത്തും കാണാം. സര്‍ക്കാര്‍ വിജ്ഞാപനങ്ങളിലും പത്രങ്ങളിലും ഇതു പോലെയുള്ള വികലപ്രയോഗങ്ങള്‍ സാധാരണയാണു്‌. ചില ഉദാഹരണങ്ങള്‍:

  1. പദ്ധതി + ഇതരം എന്നതു്‌ പദ്ധതീതരം എന്നേ സംസ്കൃതത്തില്‍ സന്ധിചെയ്യാവൂ. മലയാളരീതിയില്‍ വേണമെങ്കില്‍ പദ്ധതിയിതരം എന്നും ആവാം. (സന്ധാവചോര്‍ മദ്ധ്യേ യഃ എന്നു ലീലാതിലകം. വര്‍ജിപ്പൂ സ്വരസംയോഗം യ വ ചേര്‍ത്തു യഥാവലേ; പൂര്‍വ്വം താലവ്യമാണെങ്കില്‍ യകാരമതിലേയ്ക്കണം… എന്നു കേരളപാണിനീയം.) എങ്കിലും “പദ്ധതിയേതരം” എന്ന വാക്കു്‌ മലയാളത്തില്‍ എങ്ങെങ്ങനെയോ അടുത്ത കാലത്തു കടന്നുകൂടിയിട്ടുണ്ടു്‌. മതേതരം (മത + ഇതരം) തുടങ്ങിയവയെപ്പോലെ ഏതോ നിരക്ഷരകുക്ഷി ഉപയോഗിച്ചതാവാം.
  2. ഫിലിം + ഉത്സവം. ആദ്യത്തെ വാക്കിനെ ഇംഗ്ലീഷില്‍ നിന്നു കടമെടുത്ത മലയാളവാക്കായി പരിഗണിച്ചാല്‍ ഫിലിമുത്സവം എന്നേ പറയൂ. പക്ഷേ ഫിലിമോത്സവം എന്നാണു പത്രങ്ങളില്‍ കാണുക. ചിത്രോത്സവം (ചിത്ര + ഉത്സവം), താരോത്സവം (താര + ഉത്സവം) തുടങ്ങിയവയെപ്പോലെ.
  3. മനോരാജ്യം പോലെ മനോസാക്ഷി (മനഃസാക്ഷി എന്നോ മനസ്സാക്ഷി എന്നോ ശരിയായ രൂപം.), അഹോരാത്രം പോലെ അഹോവൃത്തി (അഹര്‍വൃത്തി എന്നു ശരിയായ രൂപം.), വ്യാവസായികം (വൈയവസായികം എന്നു ശരിയായ രൂപം.) തുടങ്ങിയവ പണ്ടുമുതലേ പ്രസിദ്ധമായ വികലസന്ധികളാണു്‌.