നന്ദി…

പലവക (General)

1992-ല്‍ മുംബൈലേക്കു തീവണ്ടി കയറിയതോടെ ആനുകാലികങ്ങള്‍ വായിക്കുന്നതു നിന്നു. അമേരിക്കയിലെത്തിയപ്പോള്‍ പറയുകയും വേണ്ടാ. അതു കഴിഞ്ഞു്‌ ഇപ്പോഴാണു്‌ ഒന്നു്‌ ഉഷാറായതു്‌. ക്ഷുരകനെയും രാത്രിഞ്ചരനെയും പെരിങ്ങോടനെയും വിശ്വത്തെയും സൂര്യഗായത്രിയെയും സുനിലിനെയും ഏവൂരാനെയുമെല്ലാം മുഴുവന്‍ ആര്‍ത്തിയോടെ വായിക്കുന്നു. നിത്യവും മൊത്തം വായിക്കാന്‍ പറ്റാത്തതു പോളിനെയാണു്‌. അതു്‌ ആഴ്ചയിലൊരിക്കല്‍ സമയം കിട്ടുമ്പോള്‍.

എഴുതുന്ന എല്ലാവര്‍ക്കും നന്ദി. ഇവയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്ന മനോജിനു നന്ദി. അഞ്ജലീപിതാവായ കെവിനു നന്ദി. വരമൊഴി എന്ന വരം ദാനം ചെയ്ത സിബുവിനു നന്ദി. അഭിപ്രായങ്ങള്‍ എഴുതുകയും തിരുത്തിത്തരികയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. തിരക്കുകള്‍ക്കിടയിലും മലയാളം വായിക്കാന്‍ സമയം കണ്ടെത്തുന്ന എല്ലാവര്‍ക്കും ഒരുപാടു നന്ദി.

ഒരു ആഗ്രഹം കൂടിയുണ്ടു്‌. വീട്ടില്‍ എനിക്കു്‌ ഒരു linux machine ആണുള്ളതു്‌. ആപ്പീസിലും അതുതന്നെ. (പിന്നെ ഒരു solaris-ഉം.) ഇവറ്റകളില്‍ ഇതൊന്നും വായിക്കാന്‍ പറ്റുന്നില്ല. ആരെങ്കിലും വല്ല എക്സെല്‍ ഷീറ്റോ പ്രോജക്റ്റ്‌ ഫയലോ മറ്റോ അയച്ചാല്‍ വായിക്കാന്‍ വേണ്ടി ആപ്പീസില്‍ ഒരു ജാലകയന്ത്രം തന്നിട്ടുണ്ടു്‌-പണ്ടു ജാംബവാന്‍ കണ്ണുകാണാതായപ്പോള്‍ സന്തതിപരമ്പരകള്‍ക്കു കൊടുത്തതു്‌ ഇവിടത്തെ ഒരു മാനേജര്‍ക്കു കിട്ടിയതാണു്‌. അതാണു്‌ ഇപ്പോള്‍ ശരണം. യൂണിക്കോഡും വരമൊഴിയുമെല്ലാം അതിലാണു്‌. വൈകുന്നേരം വീട്ടിലിരുന്നു ബ്ലോഗുകള്‍ വായിക്കുമ്പോള്‍ കുറേ കൊടിലുകളും ചോദ്യചിഹ്നങ്ങളുമൊക്കെ കാണുമ്പോള്‍ അവ വായിക്കുവാന്‍ ഒരു രാത്രി കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം. മലയാളം ലിനക്സിലും വായിക്കാന്‍ സംവിധാനം ദയവുചെയ്തു്‌ ആരെങ്കിലും ഉണ്ടാക്കണേ! അവര്‍ക്കു്‌ അഡ്വാന്‍സായി ഒരുപാടു നന്ദി.