മധുസൂദനന് നായരുടെ ഒരു കവിതയാണു സീതായനം. കെ. സുരേന്ദ്രന്റെ ഒരു നോവലും (വേദന എന്നര്‍ത്ഥമുള്ള “നോവല്‍” അല്ല) ആ പേരിലുണ്ടു്.
ഇവയുടെ അര്‍ത്ഥം യഥാക്രമം രാമന്റെ അയനം (രാമയുടെ അയനം എന്നു സുകുമാര്‍ അഴീക്കോടു്) എന്നും സീതയുടെ അയനം എന്നും ആയിരിക്കേ (അയനം = യാത്ര), എന്തുകൊണ്ടു് ഒന്നില്‍ “ണ”യും മറ്റേതില്‍ “ന”യും ആയി എന്നു് ആലോചിച്ചിട്ടുണ്ടോ? ഇതേ വ്യത്യാസം ഉത്തരായണം (വടക്കോട്ടുള്ള യാത്ര), ദക്ഷിണായനം (തെക്കോട്ടുള്ള യാത്ര) എന്നിവയ്ക്കും ഉണ്ടു്.
മോഹിനി, കാമിനി, ഭാമിനി തുടങ്ങിയവയ്ക്കു് “ന” ഉള്ളപ്പോള്‍ രോഗിണി, രാഗിണി, വര്‍ഷിണി തുടങ്ങിയവയ്ക്കു് എന്തുകൊണ്ടു് “ണ”?
വികസനത്തിനു് “ന” ഉള്ളപ്പോള്‍ പരീക്ഷണത്തിനെന്തേ “ണ”?
ചുംബനത്തില്‍ “ന” ഉള്ളപ്പോള്‍ ബൃംഹണത്തിനെന്തേ “ണ”?
മാപനത്തില്‍ “ന” ഉള്ളപ്പോള്‍ മുദ്രണത്തിലെന്തേ “ണ”?
ഇതിന്റെയൊക്കെ ഉത്തരം സംസ്കൃതത്തിലെ “ണത്വവിധാനം” എന്ന നിയമത്തിലുണ്ടു്. പാണിനി പറഞ്ഞ നിയമത്തെ കാത്യായനനും മറ്റും പിന്നീടു തിരുത്തി. പിന്നീടുള്ളവര്‍ വീണ്ടും തിരുത്തി. പിന്നെ ഒരുപാടു് അപവാദങ്ങള്‍ (exceptions) കണ്ടുപിടിച്ചു. ഇതെല്ലാം കൂടി എഴുതണമെങ്കില്‍ ഒരുപാടുണ്ടു്. പ്രധാന കാര്യങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
- ഋ, ര, ഷ എന്നിവയ്ക്കു ശേഷം ഒരേ വാക്കില്‍ വരുന്ന “ന”കാരം “ണ” ആയി മാറും.
പാണിനി ര, ഷ എന്നിവയേ പറഞ്ഞുള്ളൂ. (രഷാഭ്യാം നോ ണഃ സമാനപദേ (8-4-1)) കാത്യായനനാണു് ഋവര്‍ണാച്ചേതി വക്തവ്യം എന്നു പറഞ്ഞു് ഋ-വിനെയും ഈ കൂട്ടത്തില്‍ കൂട്ടിയതു്.
- ഇവയ്കിടയില്‍ സ്വരങ്ങള്‍, ഹ, യ, വ, ര, കവര്‍ഗ്ഗം (ക, ഖ, ഗ, ഘ, ങ), പവര്‍ഗ്ഗം (പ, ഫ, ബ, ഭ, മ), അനുസ്വാരം എന്നിവ വന്നാലും ഇതു സംഭവിക്കും. വേറേ അക്ഷരങ്ങള്‍ വന്നാല്‍ “ണ” ആവില്ല. (അട് കുപ്വാങ്നുമ്വ്യവായേऽപി (8-4-2) എന്നു പാണിനി.)
ഇനി മുകളില്‍ പറഞ്ഞ വാക്കുകള്‍ ഓരോന്നായി എടുത്തു നോക്കാം:
- രാമ + അയനം = രാമായനം. “ര”യുടെയും “ന”യുടെയും ഇടയില്‍ മ, യ എന്നിവ മാത്രമുള്ളതുകൊണ്ടു് “ന” “ണ” ആകുന്നു.
- സീതാ + അയനം = സീതായനം.
- ഉത്തര + അയനം = ഉത്തരായനം, പിന്നീടു് ഉത്തരായണം.
- മോഹിനി, കാമിനി, ഭാമിനി : ഋ, ര, ഷ എന്നിവ ഇല്ലാത്തതുകൊണ്ടു് “ന” മാറുന്നില്ല.
- രോഗിണി, രാഗിണി : “ര” ഉള്ളതുകൊണ്ടും, ഇടയ്ക്കുള്ള അക്ഷരം കവര്‍ഗ്ഗത്തിലെ “ഗ” ആയതുകൊണ്ടും, “ണ”.
- വര്‍ഷിണി : “ഷ” കഴിഞ്ഞുള്ള “ന”, “ണ” ആകുന്നു.
- വികസനത്തില്‍ “ന” തന്നെ. പരീക്ഷണത്തിലെ “ഷ” മൂലം “ണ”.
- ചുംബനത്തില്‍ “ന” മതി. ബൃംഹണത്തില്‍ “ഋ“ വിനു ശേഷം വരുന്നതുകൊണ്ടും ഇടയ്ക്കുള്ള അക്ഷരം “ഹ” ആയതുകൊണ്ടും “ണ” വരുന്നു.
- മാപനത്തില്‍ “ന”. മുദ്രണത്തില്‍ “ര” മൂലം “ണ”.
ദക്ഷിണ + അയനം =ദക്ഷിണായനം. “ഷ”യുടെയും “ന”യുടെയും ഇടയ്ക്കു് ടവര്‍ഗ്ഗത്തില്‍പ്പെട്ട “ണ” വന്നതുകൊണ്ടു് “ന” മാറാതെ നില്ക്കുന്നു. (“ദക്ഷിണം” എന്നതിലെ “ണ” ഈ നിയമം കൊണ്ടു തന്നെ ഉണ്ടായതാണെന്നതു മറ്റൊരു കാര്യം.)
തത്കാലം ഇത്ര മതി. ഇനി ഒരുപാടു നിയമങ്ങളുണ്ടു്. സ്വഭാവം കാണിക്കാന്‍ രണ്ടുദാഹരണങ്ങള്‍ മാത്രം.
- “നായകനില്ലാത്തതു്” എന്നര്‍ത്ഥത്തില്‍ “നിര്‍നായകം” എന്നു പറയുന്നു. ഇതിലെ രേഫത്തിനു ശേഷമിരിക്കുന്ന “ന” “ണ” ആവുന്നില്ല. ഇവിടെ “നിര്” എന്നതു് ഒരു നിപാതം ആയതുകൊണ്ടാണു് ഇങ്ങനെ വരുന്നതു്. എന്നാല്‍ “നിര്‍ണ്ണയിക്കത്തക്കതു്” എന്നര്‍ത്ഥത്തില്‍ “നിര്‍ണായകം” എന്നുപറയുമ്പോള്‍ ആവുകയും ചെയ്യുന്നു.
- സര്‍വനാമം എന്നതു സര്‍വണാമം ആകുന്നില്ല. സര്‍വ, നാമം എന്നിവ ഭിന്നപദങ്ങളായതുകൊണ്ടാണു് ഇങ്ങനെ വരുന്നതു്. ഭിന്നപദങ്ങളായാലും ചേര്‍ന്നുകഴിഞ്ഞ പദം ഒരു സംജ്ഞയാണെങ്കില്‍ “ണ” ആവും. അങ്ങനെയാണു് ശൂര്‍പ്പ + നഖ = ശൂര്‍പ്പണഖ ആകുന്നതു് (മുറം പോലെയുള്ള നഖമുള്ളവള്‍ എന്നര്‍ത്ഥം.) ഇനി രാമായണത്തില്‍ രാമ, അയനം ഇവ ഭിന്നപദങ്ങളല്ലേ എന്നു ചോദിച്ചാല്‍ ആണു്, പക്ഷേ ഇവിടെ അല്ല താനും. അതു വേറൊരു നിയമം. കൂടുതല്‍ കാടുകയറുന്നില്ല….
വാല്‍ക്കഷണം:
കുറെക്കാലം മുമ്പു് ബ്ലോഗന് എന്നതിന്റെ സ്ത്രീലിംഗം എന്താകണമെന്നു് ഒരു സംവാദമുണ്ടായിരുന്നു – ബ്ലോഗിനിയോ ബ്ലോഗിണിയോ? “ബ്ലോഗിനി” ആണെന്നു മനസ്സിലായില്ലേ? എങ്കിലും മലയാളരീതിയില്‍ “ബ്ലോഗത്തി” എന്നു പറയാനാണു് എനിക്കിഷ്ടം 🙂
Umesh | 20-May-06 at 3:38 pm | Permalink
രാമായണം, സീതായനം, ഉത്തരായണം, ദക്ഷിണായനം, മോഹിനി, രോഗിണി,…
കുറെക്കാലത്തിനു ശേഷം ഒരു വ്യാകരണലേഖനം.
രാജ് | 20-May-06 at 5:36 pm | Permalink
Exceptions ആണു വ്യാകരണത്തെ സുന്ദരമാക്കുന്നതു് 😉 പക്ഷെ exceptions നും ഒരു പാറ്റേണ്‍ നിര്‍വചിക്കുവാന്‍ കഴിയുമ്പോള്‍ ഭാഷയാണു കൂടുതല്‍ സുന്ദരമാകുന്നതു് 🙂 നിപാതവും ഭിന്നനാമങ്ങളെയും കുറിച്ചുള്ള നിയമങ്ങള്‍ കേരളപാണിനീയത്തില്‍ കാണുമോ? ഉമേഷിനെ കൊണ്ടു് എല്ലാം വിശദീകരിപ്പിക്കുന്നതിലും കഷ്ടമില്ലേ 😉
venu | 20-May-06 at 7:45 pm | Permalink
തത്കാലം ഇത്ര മതി. ഇനി ഒരുപാടു നിയമങ്ങളുണ്ടു്.
പ്രകൃതി …അതിന്റേതായ നിയമങ്ങളിലൂടെ നീങ്ങുന്നു.
സ്വന്തം നിയമങ്ങളെ പ്രകൃതി ഒരിക്കലും ലംഘിക്കുന്നില്ല എന്നു് ഡാവിഞ്ചി പറഞ്ഞിരിക്കുന്ന പോലെ …..വ്യാകരണങ്ങളുടെ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന താംഗള്ക്കു്. .. നമോവാകം.
prapra | 21-May-06 at 2:21 am | Permalink
കണ്ഫ്യൂഷന് ഒഴിവാക്കാന്‍ ദേശിയുടെ സ്ത്രീലിംഗം ആയി ഞാന്‍ ഉപയോഗിച്ചിരുന്ന “ദേശിനി” എന്ന പ്രയോഗം ശരിയായിരുന്നു എന്ന് ഇപ്പോള്‍ പഠിച്ചു.
സിദ്ധാര്ത്ഥന് | 21-May-06 at 1:39 pm | Permalink
‘കൃസ്ത്യാനി’യും ‘നസ്രാണി’യും എങ്ങനെ അങ്ങനെയായി എന്നു് ഒരിക്കല്‍ നാട്ടിലെ പലചരക്കു പീടികയില്‍ നില്ക്കുമ്പോള് അവിടെ ഒരു മാഷു് പറയുന്നതു കേട്ടിരുന്നു. അന്നതൊക്കെ മനസ്സിലാകാനുള്ള പ്രായമില്ലായിരുന്നെങ്കിലും ആ മാഷോടു് വളരെ ബഹുമാനം തോന്നിയിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ ആ സംഭവം പ്രേരിപ്പിക്കുകയും ചെയ്തിരുന്നു പിന്നീടു്.
ഉമേഷിന്റെ ഈ ബ്ലോഗ്ഗും ചോദ്യങ്ങള്‍ ചോദിക്കാനും ശരി മനസ്സിലാക്കാനും ധാരാളം പേരെ പ്രേരിപ്പിക്കട്ടെ.
സിബു | 21-May-06 at 3:19 pm | Permalink
ഒരു വേള പ്രകൃതിക്കൊരു നിയമമുണ്ടാവാം. അല്ലെങ്കില്‍ അനിശ്ചിതത്വവും പ്രകൃതിയുടെ വികൃതിയാവാം. എന്തായിരുന്നാലും, താന്‍ പറഞ്ഞതാണ് പ്രകൃതിയുടെ നിയമമെന്ന് ആരും (പാണിനിയും ഐന്‍സ്റ്റീനും അവരുടെ അനുയായികളും അടക്കം) വാശിപിടിക്കാതിരുന്നാല്‍ മതി.
പ്രകൃതി ഒരു പരിധിയില്‍ അപ്പുറം പ്രസിഷന്‍ ഒരിക്കലും മനുഷ്യന്റെ ലോജിക് സിസ്റ്റത്തിന് വെളിപ്പെടുത്തുന്നില്ല എന്നാണ് എന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ എല്ലാ നിയമത്തിനും എക്സപ്ഷന്‍സ് ഉണ്ട്.
സിബു | 21-May-06 at 3:26 pm | Permalink
ഒരു നിവൃത്തിയുള്ളിടത്തോളം ഭാഷയിലെ ലിംഗവ്യത്യാസം ഒഴിവാക്കിയവരാണ് മലയാളികള്‍. അതുതന്നെ പോരെ നമുക്കീ ബ്ലോഗ് ഐഡിയില്‍ നിന്നും ആള് ആണാണോ, പെണ്ണാണോ, വയസനാണോ, പയ്യനാണോ എന്നൊരിക്കലും പറയാന്‍ വയ്യാത്ത(ആവശ്യമില്ലാത്തതും ആയ) ഈകാലത്ത് എന്തിനാണ് ബ്ലോഗന് ബ്ലോഗത്തി ലിംഗവ്യത്യാസം? ഡ്രൈവര്‍ പോലെ ബ്ലോഗര്‍ പോരേ? (വി.കെ.എന്‍. ലോബി ഇടയുമോ? 🙂
Umesh | 22-May-06 at 5:26 am | Permalink
പെരിങ്ങോടരേ,
ഇതു കേരളപാണിനീയത്തില്‍ കാണുകയില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഏ. ആര്. രാജരാജവര്‍മ്മ എഴുതിയ മലയാളവ്യാകരണമാണു് കേരളപാണിനീയം. ഞാന്‍ ഇവിടെ പറഞ്ഞിരിക്കുന്നതു് ക്രിസ്തുവിനു മുമ്പു് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന സാക്ഷാല്‍ പാണിനിയുടെയും അദ്ദേഹം എഴുതിയ അഷ്ടാധ്യായി അഥവാ പാണിനീയം എന്ന സംസ്കൃതവ്യാകരണപുസ്തകത്തിന്റെയും കാര്യമാണു്.
മലയാളത്തില്‍ ഇവ പ്രതിപാദിക്കുന്ന ഏറ്റവും നല്ല പുസ്തകം ഐ. സി. ചാക്കോയുടെ പാണിനീയപ്രദ്യോതം ആണു്. നിര്‍ഭാഗ്യവശാല്‍ അതു ലൈബ്രറികളില്‍ പോലും ലഭ്യമല്ല ഇപ്പോള്‍. ഫാദര്‍ ജോണ്‍ കുന്നപ്പള്ളിയുടെ പ്രക്രിയാഭാഷ്യം ആണു് മറ്റൊരു നല്ല പുസ്തകം.
Umesh | 22-May-06 at 6:06 pm | Permalink
സിബു പറഞ്ഞ ആദ്യത്തെ കമന്റിനു്:
ശരിയാണു്. മിക്കവാറും എല്ലാ നിയമങ്ങള്‍ക്കു പിന്നിലും പ്രകൃതിയുണ്ടു്. പിന്നീടു പ്രകൃതി തന്നെ അവയ്ക്കു് അപവാദങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ടാണല്ലോ പാണിനി സംസ്കൃതവ്യാകരണത്തിന്റെ അവസാനവാക്കല്ലാത്തതു്. കാത്യായനനും, മേല്‍പ്പത്തൂരും മറ്റു പലരും പാണിനിയുടെ നിയമങ്ങള്‍ക്കു തിരുത്തുകള്‍ കൊടുത്തിട്ടുണ്ടു്.
ഋ, ര, ഷ എന്നിവയില്‍ നാക്കിന്റെ സ്ഥാനവും, “ണ” അന്നു പറയുമ്പോള്‍ നാക്കു പുറകോട്ടു പോകുന്നതും, “ന” എന്നു പറയുമ്പോള്‍ മുന്നോട്ടു പോകുന്നതും ഒക്കെക്കൂടി നോക്കുമ്പോള്‍ പ്രകൃതിക്കു് അനുസൃതമാണോ ഈ നിയമം എന്നു തോന്നിപ്പോകും. അതു മനസ്സിലാക്കാന്‍ മറ്റു ഭാഷകളും നോക്കണം. minute എന്നതിനെ “മിനിട്ട്” എന്നോ “മൈന്യൂട്ട്” എന്നോ ഉച്ചരിക്കുമ്പോള്‍ “carnival” എന്നതിനെ “കാര്‍ണിവല്‍” എന്നുച്ചരിക്കുന്നതും ഒരു പക്ഷേ ഇതുകൊണ്ടാവാം. ആരെങ്കിലും ഈ മേഖലയില്‍ ഗവേഷണം നടത്തിയിട്ടുണ്ടോ എന്തോ…
സംസ്കൃതവ്യാകരണനിയമങ്ങള്‍ മലയാളത്തില്‍ അടിച്ചേല്‍പ്പിക്കുക എന്നതല്ല എന്റെ ലക്ഷ്യം. മലയാളത്തില്‍ കടന്നുകൂടിയിട്ടുള്ള പല സംസ്കൃതവാക്കുകളുടെയും പല രൂപങ്ങള്‍ എന്തുകൊണ്ടു ശരിയാകുന്നു എന്നും മറ്റു ചിലവ എന്തുകൊണ്ടാവുന്നില്ല എന്നതിനു് കാരണങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമം മാത്രമാണു്. പള്ളിക്കൂടത്തില്‍ ശരിയേതു്, തെറ്റേതു് എന്നേ പറഞ്ഞുതന്നിരുന്നുള്ളൂ. എന്തുകൊണ്ടു് എന്നു പറഞ്ഞുതന്നിട്ടില്ല.
സിബു പറഞ്ഞതുപോലെ കാലക്രമേണ ഈ പല നിയമങ്ങളും മാറ്റിയെഴുതേണ്ടി വരും.
Umesh | 22-May-06 at 6:16 pm | Permalink
സിബു പറഞ്ഞ രണ്ടാമത്തെ കമന്റിനു്:
ഞാന്‍ ഈ നാട്ടുകാരനെല്ലേ… ഞാന്‍ ബ്ലോഗുവായനയില്‍ മന്ദഗതിയായിരുന്ന കാലത്തു്, “ബ്ലോഗിനി” എന്ന വാക്കു് ആരോ (വിശ്വമാണെന്നു തോന്നുന്നു) പ്രയോഗിക്കുകയും, അതാണോ അതോ “ബ്ലോഗിണി” ആണോ ശരി എന്നു് ആരോ ചോദിക്കുകയും ചെയ്തതായി ഒരോര്‍മ്മ. അതിനെപ്പറ്റി ഒന്നു പറയാം എന്നു വെച്ചെന്നേ ഉള്ളൂ. ബ്ലോഗര്‍ക്കു ലിംഗദാനശസ്ത്രക്രിയ നടത്തണമെന്നു് എനിക്കു തീരെ ആഗ്രഹമില്ല 🙂
ബ്ലോഗത്തിയെപ്പറ്റി പറഞ്ഞതു്, നമുക്കു് മലയാളരൂപങ്ങളുണ്ടെങ്കില്, അവയാണു് സംസ്കൃതരൂപങ്ങളെക്കാള് നല്ലതു് എന്ന അഭിപ്രായക്കാരനാണു ഞാന്‍. “പ്രദക്ഷിണ”ത്തെക്കാള്‍ “വലത്തുവെയ്പ്പി”നെ ഇഷ്ടപ്പെടുന്ന ആളാണു ഞാന്‍. രണ്ടു വാക്കുകള്‍ മലയാളത്തില്‍ എഴുതേണ്ടി വരുന്നിടത്തു് ഒരു സംസ്കൃതസമസ്തപദം ചിലപ്പോള്‍ കൂടുതല്‍ ഭംഗിയാകും എന്നു മറക്കുന്നില്ല.
പിന്നെ, ഇംഗ്ലീഷ് വാക്കായ “ബ്ലോഗ്” എടുത്തു മലയാളത്തില്‍ പ്രയോഗിക്കുമ്പോള്‍ അതിനു സംസ്കൃതവ്യാകരണനിയമം നോക്കണം എന്നു പറയുന്നതും മൌഢ്യമാണു്.
വാല്‍ക്കഷണത്തിന്റെ അവസാനത്തിലെ ഹസിതമുഖം (smiley face) കണ്ടില്ലായിരുന്നോ സിബൂ?
Umesh | 22-May-06 at 6:23 pm | Permalink
ഒന്നുകൂടി കമന്റുകളൊക്കെ വായിച്ചപ്പോള്‍, വേണുവിന്റെ കമന്റിന്റെ മറുപടിയാണു് സിബുവിന്റെ ആദ്യത്തെ കമന്റെന്നു തോന്നുന്നു. വേണുവിനും സിബുവിനും നന്ദി.
പ്രാപ്രാ, സിദ്ധാര്ത്ഥന്, പുതിയ ഉദാഹരണങ്ങള്‍ കൊള്ളാം. ക്രിസ്ത്യാനി/നസ്രാണി ഇവയെപ്പറ്റി ആലോചിച്ചിരുന്നില്ല. പക്ഷേ, അവ ഈ വഴിയിലാണോ എന്നൊരു സംശയം. “ക്രിസ്തു” എന്ന വാക്കില്‍നിന്നു് “ക്രിസ്ത്യാനി” എന്ന വാക്കുണ്ടാകാന്‍ വഴി കാണുന്നില്ല. Christian എന്ന വാക്കിന്റെ തദ്ഭവമാവാം ക്രിസ്ത്യാനി. അതുപോലെ nazren-ല്‍ നിന്നു നസ്രാണിയും. മുമ്പു പറഞ്ഞ പ്രകൃതിനിയമം തന്നെ ഒന്നിനെ “ന” ആയും മറ്റേതിനെ “ണ” ആയും മാറ്റിയതാവണം. സംസ്കൃതവ്യാകരണം ഇതില്‍ കടന്നുകൂടിയതാവണമെന്നില്ല.
venu | 19-Jul-06 at 8:03 pm | Permalink
പ്രകൃതി ഒരു പരിധിയില്‍ അപ്പുറം പ്രസിഷന്‍ ഒരിക്കലും മനുഷ്യന്റെ ലോജിക് സിസ്റ്റത്തിന് വെളിപ്പെടുത്തുന്നില്ല എന്നാണ് എന്ന നിരീക്ഷണം ശരിയാണോ.പ്രക്രുതി ഒന്നും ഒരിക്കലും ഒളിക്കുന്നില്ലാ എന്നനെന്റെയ് എളിയ നിരീക്ഷനം.ഒരു തുറന്ന പുസ്തകമല്ലെ പ്രക്രുതി.
വേണു.
Ajith Nair | 04-Jun-13 at 3:27 pm | Permalink
ഏറെ നാളായി ഭാഷയെക്കുറിച്ചുള്ള പോസ്റ്റുകൾ ഗുരുകുലത്തിൽ കണ്ടിട്ട്. കൈക്കുമ്പിളിലെ വെള്ളത്തിലേക്ക് ഒരു തുള്ളി കൂടി. നന്ദി ഉമേഷ്. (പിന്നെ ഗൂഗിൾ പ്ലസ്സിൽ കണ്ട നാടകം/നാട്ടകം പ്രശ്നത്തിന്: “നാടിന്നകം” എന്നോ “നാടു(ട്ടു?)ള്ളം” എന്നോ മറ്റോ പറഞ്ഞാൽ പോരെ? “നാട്ടകം” രണ്ട് അർത്ഥങ്ങൾ ദ്യോതിപ്പിക്കുമെങ്കിലും സാങ്കേതികമായി ശരിയാണെന്ന് തോന്നുന്നു. തെറ്റുണ്ടെങ്കിൽ തിരുത്തുമല്ലോ.)