ഉത്തമവിദ്യാര്‍ത്ഥിയുടെ ലക്ഷണം പണ്ടൊരു സംസ്കൃതകവി പറഞ്ഞതു്.
കാകദൃഷ്ടിര്‍, ബകധ്യാനം,
ശ്വാനനിദ്രാ തഥൈവ ച
അല്പാഹാരം, ജീര്‍ണ്ണവസ്ത്രം
ഏതദ് വിദ്യാര്‍ത്ഥിലക്ഷണം
വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട ലക്ഷണങ്ങളാണു പറയുന്നതു്:
- കാകദൃഷ്ടി : കാക്കയുടെ കണ്ണു്. ആകാശത്തുകൂടി പറക്കുമ്പോഴും താഴെയുള്ള ചെറിയ വസ്തുക്കള്‍ പോലും കണ്ടുപിടിക്കുന്ന കണ്ണു്. വിദ്യാര്‍ത്ഥിക്കു് ഈ സൂക്ഷ്മദൃഷ്ടി ഉണ്ടായിരിക്കണം.
- ബകധ്യാനം: കൊക്കിന്റെ ധ്യാനം. മീന്‍ പിടിക്കാന്‍ നില്‍ക്കുന്ന കൊക്കിനെ കണ്ടിട്ടില്ലേ? അനങ്ങാതെ നില്‍ക്കും. എവിടെയെങ്കിലും ഒരു മീന്‍ അനങ്ങിയാല്‍… ഒറ്റക്കൊത്തു്. ഒരിക്കലും പിഴയ്ക്കാത്ത കൊത്തു്. പഠനത്തില്‍ വിദ്യാര്‍ത്ഥിക്കും ഈ ഏകാഗ്രത വേണം.
- ശ്വാനനിദ്ര: പട്ടിയുടെ ഉറക്കം. ഒരു ചെറിയ ശബ്ദം കേട്ടാലും ഉണരുന്ന പട്ടി. വിദ്യാര്‍ത്ഥി പോത്തുപോലെ കിടന്നുറങ്ങരുതു് എന്നര്‍ത്ഥം.
- അല്പാഹാരം: പാതി വയറേ വിദ്യാര്‍ത്ഥി കഴിക്കാവൂ. നിറഞ്ഞ വയറില്‍ പഠിക്കാനാവില്ല.
- ജീര്‍ണ്ണവസ്ത്രം: ആഡംബരവസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥിക്കു പാടില്ല. താന്‍ തന്നെ നനച്ചു വൃത്തിയാക്കിയ, പഴയ വസ്ത്രം ധരിക്കണം.
ഈ നിര്‍വ്വചനം ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കു ശരിയാവും എന്നു തോന്നുന്നു:
- കാകദൃഷ്ടി: ക്ലാസ്സില്‍ കേട്ടെഴുത്തു്, കണക്കു ചെയ്യല്‍ തുടങ്ങിയവ നടക്കുമ്പോഴും, പരീക്ഷാസമയത്തുമാണു് ഈ സ്വഭാവം വെളിവാകുക. ഒരേ സമയത്തു രണ്ടു വശത്തും നോക്കി കോപ്പിയടിക്കുന്ന കാകദൃഷ്ടി.
- ബകധ്യാനം: ഇതു ക്ലാസ്സില്‍ എപ്പോഴുമുണ്ടു്. മുഖത്തേക്കൊന്നു നോക്കുക. കൊക്കു വയലില്‍ ഇരിക്കുന്നതുപോലെയല്ലേ ക്ലാസ്സിലെ ഇരിപ്പു്?
- ശ്വാനനിദ്ര: പിന്‍ബെഞ്ചിലാണു് ഇതു സാധാരണയായി കാണുന്നതു്. ചിലര്‍ ഇരുന്ന ഇരുപ്പില്‍ കണ്ണു തുറന്നു് ഉറങ്ങും. ചിലര്‍ ഡെസ്കില്‍ തല ചായ്ച്ചുവെച്ചു് പട്ടി ഉറങ്ങുന്നതുപോലെ ഉറങ്ങും.
- അല്പാഹാരം: ക്ലാസ്സില്‍ ഇതുമുണ്ടു്. മിഠായി, കടലയ്ക്ക തുടങ്ങി മുറുക്കാനും കഞ്ചാവും വരെ.
- ജീര്‍ണ്ണവസ്ത്രം: ഇതു ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണു കൂടുതല്‍ കാണുക. ജീര്‍ണ്ണവസ്ത്രം തന്നെ. മൂക്കു പൊത്താതെ പലപ്പോഴും ഇവര്‍ക്കടുത്തു നില്‍ക്കാനാവില്ല
ചെറുപ്പകാലത്തിലുടുത്ത കോണോം
നനയ്ക്കുമോ മാനുഷനുള്ള കാലം
എന്നാണല്ലോ അവരുടെ മുദ്രാവാക്യം തന്നെ..
പഴയ സംസ്കൃതകവിയുടെ ആത്മാവു് ഇവരെക്കണ്ടു് അഭിമാനപുളകിതമാകുന്നുണ്ടാവും.
Umesh | 30-May-06 at 10:04 pm | Permalink
സുഭാഷിതം – വിദ്യാര്‍ത്ഥിലക്ഷണം.
മന്‍ജിത് | 31-May-06 at 2:59 am | Permalink
അല്പാല്പ്പമായി കേട്ടിട്ടുണ്ടെങ്കിലും ലക്ഷണങ്ങളെല്ലാമൊന്നിച്ച് ആദ്യമായാ കേള്‍ക്കുന്നത്. നന്ദി ഉമേഷ് ജീ. കവിയെക്കൂടി പരിചയപ്പെടുത്തിയാല്‍ തരക്കേടില്ലായിരുന്നു.
bindu | 31-May-06 at 3:05 am | Permalink
സുഭാഷിതം എന്നു കണ്ടപ്പോള്‍ റേഡിയോയില്‍ രാവിലെ ഉണ്ടാകാറുള്ള സുഭാഷിതമാണോയെന്നു സംശയിച്ചു.
Umesh | 31-May-06 at 4:01 am | Permalink
ഇതിന്റെ കവിയാരെന്നറിയില്ല മഞ്ജിത്ത്. സംസ്കൃതത്തില്‍ ഇതുപോലെ ഒരുപാടു ശ്ലോകങ്ങളുണ്ടു് അജ്ഞാതകര്ത്തൃകങ്ങളായി.
റേഡിയോയില്‍ വന്നിരുന്ന തരത്തിലുള്ള ശ്ലോകങ്ങളാണു് ഇവിടെയും ഉണ്ടാവുക ബിന്ദൂ. ഒരല്പം വ്യത്യസ്തമായാണു പ്രതിപാദനം എന്നു മാത്രം.
രാജ് | 31-May-06 at 7:30 am | Permalink
സുഭാഷിതം എന്ന കാറ്റഗറി പേരാണു് ഏറ്റവും ബോധിച്ചതു്.
ബെന്നി | 31-May-06 at 8:40 am | Permalink
കാകചേഷ്ട, ബകധ്യാനം, ശ്വാനനിദ്ര തഥൈവ ച.
അല്പാഹാരി, ബ്രഹ്മചാരി, വിദ്യാര്‍ത്ഥി പഞ്ചലക്ഷണം.
എന്നുതുടങ്ങുന്ന മറ്റൊന്നു കൂടിയുണ്ടോ?
vempally | 31-May-06 at 8:48 am | Permalink
ഉമേഷിന്റെ കൂടെക്കൂടിയാ കുറച്ചു കാര്യങ്ങള്‍ പഠിക്കാമെന്നു തോന്നുന്നു.
രാജ് | 31-May-06 at 8:57 am | Permalink
വെമ്പളി കുറച്ചല്ല ഒരുപാടു പഠിക്കാമെന്നാ എന്റെ അനുഭവം.
rageshku@gmail.com | 31-May-06 at 9:18 am | Permalink
ഉമേഷ്ജീയുടെ രണ്ടാമത്തെ നിര്‍വ്വചനം, ഇപ്പോഴത്തെ വിദ്യാര്‍ത്തികള്‍ക്കു ചേരും എന്നു മാത്രമല്ല, ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്‍പു പഠിച്ച വിദ്യാരത്തികള്ക്കും ചേര്‍ന്നിരുന്നു.
ഗുരോ…..ശിഷ്യഗണങ്ങള്‍ക്ക് ഇനിയും അറിവു പകര്‍ന്നാലും.
Umesh | 31-May-06 at 2:23 pm | Permalink
ബെന്നി പറഞ്ഞ ശ്ലോകം ഞാന്‍ കേട്ടിട്ടില്ല. എങ്കിലും അതാണു കൂടുതല്‍ നല്ലതു്. ജീര്ണ്ണവസ്ത്രത്തെക്കാള് ബ്രഹ്മചര്യമാണു കൂടുതല്‍ യോജിക്കുന്നതു്.
ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളുടെ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞാല്‍… ശേഷം ചിന്ത്യം 🙂
“കാകചേഷ്ട” എന്താണാവോ? കാക്കയുടെ ഏതു ചേഷ്ടയാണു വിദ്യാര്‍ത്ഥിക്കു വേണ്ടതു്?
കുറുമാനേ, “ഇപ്പോഴത്തെ“ എന്നതുകൊണ്ടു് ഈ കാലഘട്ടം എന്നാണു് ഉദ്ദേശിച്ചതു്. നമ്മളെല്ലാം അതിലുള്‍പ്പെടും. ബകധ്യാനം, ശ്വാനനിദ്ര, ജീര്‍ണ്ണവസ്ത്രം എന്നിവ എന്റെയും സ്വഭാവങ്ങളായിരുന്നു, എഞ്ചിനീയറിംഗ് കോളേജില്‍.
കാറ്റഗറിയ്ക്കൊരു പേരു കുറെ ആലോചിച്ചിരുന്നു പെരിങ്ങോടാ. തമ്മില്‍ ഭേദമാണു “സുഭാഷിതം”.
cALviN::കാല്വിന് | 08-May-09 at 8:34 pm | Permalink
വിദ്യാര്‍ത്ഥി ഗാഢനിദ്ര പൂകുന്നതില് എന്താണു കുഴപ്പം?