കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്കര്‍മ്മനാരീ കുലധര്‍മ്മപത്നീ
ആറു വിധത്തിലുള്ള സ്ത്രീ (ഷട്കര്‍മ്മനാരീ) ആണു കുലത്തിലെ ധര്‍മ്മപത്നി എന്നാണു പറയുന്നതു്. ഈ ആറു കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം:
- കാര്യേഷു മന്ത്രീ: കാര്യങ്ങളില്‍ മന്ത്രിയെപ്പോലെയായിരിക്കണം. കാര്യങ്ങളെപ്പറ്റി വേണ്ടതുപോലെ ആലോചിച്ചു് രാജാവിനു നല്ല ഉപദേശം കൊടുക്കുന്ന പഴയ കാലത്തെ മന്ത്രി.
- കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. വേണ്ട കാര്യങ്ങള്‍ അറിഞ്ഞും കണ്ടും ചെയ്യുന്ന കഠിനാദ്ധ്വാനിയായ ദാസി.
- രൂപേഷു ലക്ഷ്മീ: രൂപം ലക്ഷ്മീദേവിയെപ്പോലെയായിരിക്കണം. ഐശ്വര്യമുണ്ടായിരിക്കണം എന്നര്‍ത്ഥം.
- ക്ഷമയാ ധരിത്രീ: ഭൂമിയെപ്പോലെ ക്ഷമയുണ്ടായിരിക്കണം. ചവിട്ടും തുപ്പുമൊക്കെ ഏറ്റിട്ടും എല്ലാവരെയും താങ്ങുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്ന ഭൂമി.
- സ്നേഹേഷു മാതാ: സ്നേഹത്തില്‍ അമ്മയെപ്പോലെയാവണം. നിസ്വാര്‍ത്ഥമായ സ്നേഹം.
- ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെയാവണം. കാമകലകളില്‍ നിഷ്ണാതയായ, പുരുഷനെ
സുഖിപ്പിക്കുക എന്ന കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധ ചെലുത്തുന്ന, പഴയ കാലത്തെ വേശ്യ.
“പൂമുഖവാതിലില്‍ സ്നേഹം വിടര്‍ത്തുന്ന…” എന്ന സിനിമാഗാനത്തിലെ
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ
എന്ന ഭാഗം എവിടെ നിന്നു കിട്ടി എന്നു് ഇപ്പോള്‍ മനസ്സിലായല്ലോ.
ഇപ്പോഴത്തെ ഭൂരിഭാഗം ഭാര്യമാര്‍ക്കും ഈ ലക്ഷണം ബാധകമാണു് എന്നു പറയാം. നോക്കുക:
- കാര്യേഷു മന്ത്രീ: കാര്യങ്ങളില്‍ മന്ത്രിയെപ്പോലെ. കാര്യം കാണാന്‍ ചിരിച്ചും തൊഴുതും കാണിക്കുകയും, പിന്നെ അടുത്ത കാര്യം വരെയും കണ്ട ഭാവം നടിക്കാതിരിക്കുകയും ചെയ്യുന്ന, ഖജനാവു കാലിയാക്കാന്‍ വിരുതേറിയ, ഇന്നത്തെ മന്ത്രി.
- കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. എന്തു ചെയ്താലും പ്രതിഫലം ചോദിക്കും. ഓണത്തിനും വിഷുവിനും വാലന്റൈന്‍ ഡേയ്ക്കുമൊക്കെ സമ്മാനങ്ങളും വേണം.
- രൂപേഷു ലക്ഷ്മീ: രൂപത്തില്‍ ലക്ഷ്മി. ഏതു ലക്ഷ്മി എന്നു ചോദിച്ചാല്‍ മതി. മീന്‍കാരി കുഞ്ഞുലക്ഷ്മിയോ, നൊസ്സിളകിയ ലക്ഷ്മിക്കുട്ടിയമ്മയോ…
- ക്ഷമയാ ധരിത്രീ: ഭൂമിയെപ്പോലെ ക്ഷമ. അതേ, സുനാമിയും ഭൂകമ്പവും അഗ്നിപര്‍വ്വതവും കത്രീനയും റീത്തയുമൊക്കെ തരുന്ന ഭൂമി തന്നെ.
- സ്നേഹേഷു മാതാ: അമ്മയെപ്പോലെ സ്നേഹം. ഈ അമ്മയെപ്പോലെ. ഈ അമ്മയെപ്പോലെയും.
- ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെ. “വേഗം കാര്യം കഴിച്ചിട്ടു് എഴുനേറ്റു പോഡേ…” എന്ന മട്ടു്.
സ്ത്രീവായനക്കാര്‍ തല്ലാന്‍ വരല്ലേ… തമാശയാണേ…
Umesh | 31-May-06 at 5:48 pm | Permalink
സുഭാഷിതം: ഉത്തമഭാര്യ.
വനിതകള്‍ ഇപ്പോള്‍ ഇതു വായിക്കല്ലേ. മുന്‍കൂര്‍ ജാമ്യത്തിന്റെ അപേക്ഷ കൊടുത്തിട്ടേ ഉള്ളൂ….
ഏവൂരാന് | 31-May-06 at 6:00 pm | Permalink
ഒത്തതു തന്നെ.
ഇതൊന്ന് വായിച്ച് പരിഭാഷപ്പെടുത്തി കേള്‍പ്പിച്ചിട്ട് ജീവനുണ്ടെങ്കില്‍…
രാജ് | 31-May-06 at 6:10 pm | Permalink
ഞമ്മക്ക് ആകെ അറിയണ രണ്ടു ശ്ലോകങ്ങളിലൊന്ന്. മറ്റേതു ഉടുരാജമുഖീ മൃഗരാജകടി 😉
kuttyedathi | 31-May-06 at 6:11 pm | Permalink
ഉമേഷ്ജി,
മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നിരുപാധികം തള്ളിക്കളഞ്ഞിരിക്കുന്നു.
ഉത്തമ ഭര്‍ത്താവിനു വേണ്ട ലക്ഷണങ്ങളൊന്നും ആരും പറഞ്ഞിട്ടില്ലേ ആവോ ?
Umesh | 31-May-06 at 6:23 pm | Permalink
“ഉടു” അല്ല പെരിങ്ങോടാ. ഉഡു. നക്ഷത്രമെന്നര്ത്ഥം. “ഉഡുരാജമുഖീ” എന്നു വെച്ചാല്‍ ചന്ദ്രമുഖി എന്നര്‍ത്ഥം.
ശ്ലോകം ഇവിടെ ഉണ്ടു്. ഏവൂരാന്റെ ഈ പോസ്റ്റും വായിക്കുക.
ഉത്തമഭര്ത്താവിന്റെ ലക്ഷണമൊന്നും ഓര്മ്മവരുന്നില്ലേടത്ത്യേ. ഉത്തമപുരുഷനു് അവിടെയുമിവിടെയുമൊക്കെ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ടു്. ഉദാഹരണത്തിനു്, കാളിദാസന്റെ രഘുവംശത്തിലെ
സോऽഹമാജന്മശുദ്ധാനാം
ആഫലോദയകര്മ്മണാം
ആസമുദ്രക്ഷിതീശാനാം
ആനാകരഥവര്ത്മനാം
ത്യാഗായ സംഭൃതാര്‍ഥാനാം
സത്യായ മിതഭാഷിണാം
യശസേ വിജിഗീഷൂണാം
പ്രജായൈ ഗൃഹമേഥിനാം
…
എന്നിങ്ങനെയുള്ള ഭാഗം.
ഇതും എഴുതാം. ഒരു modern interpretation കൂടി കണ്ടുപിടിക്കട്ടേ.
ഇപ്പോള്‍ മനസ്സിലായി. കുട്ട്യേടത്തി മജിസ്ട്രേട്ടു തന്നെ… 🙂
വഴിപോക്കന് | 31-May-06 at 7:15 pm | Permalink
കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. എന്തു ചെയ്താലും പ്രതിഫലം ചോദിക്കും. ഓണത്തിനും വിഷുവിനും വാലന്റൈന്‍ ഡേയ്ക്കുമൊക്കെ സമ്മാനങ്ങളും വേണം.
ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെ. “വേഗം കാര്യം കഴിച്ചിട്ടു് എഴുനേറ്റു പോഡേ…” എന്ന മട്ടു്.
അതു കലക്കി!…
സന്തോഷ് | 31-May-06 at 7:20 pm | Permalink
പ്രസാദം വദനത്തിങ്കല്‍
കാരുണ്യം ദര്‍ശനത്തിലും
മാധുര്യം വാക്കിലും
ചേര്‍ന്നുള്ളവനേ പുരുഷോത്തമന്
(ഇത്രയേ ഓര്മയുള്ളൂ) എന്ന് ആരാ പറഞ്ഞത്?
bindu | 31-May-06 at 7:52 pm | Permalink
സന്തോഷ്.. (ജി യൊന്നും വേണ്ടാന്നു ഇന്നലെ പെരിങ്ങ്സ് ഉത്തരവിറക്കി) എഴുതിയതു ഉത്തമ ഭര്‍ത്താവിന്റെ ലക്ഷണം അല്ലല്ലൊ, ഒരു ഉത്തമനായ ഒരു പുരുഷന്റെ ലക്ഷണം അല്ലേ?? അതു കണക്കില്‍ പെടുത്താന്‍ പറ്റില്ല.
ഉമേഷ്..(ജി ഇല്ലാതെ വിളിച്ചിട്ടു എന്തോ പോലെ) കുട്ടികളെ ഓരൊ വയസ്സിലും എങ്ങനെ ട്രീറ്റ് ചെയ്യണം എന്നുള്ള ശ്ലോകങ്ങളും പിറകെ വരുമെന്നു പ്രതീക്ഷിക്കാം അല്ലേ?
Umesh | 31-May-06 at 7:59 pm | Permalink
സന്തോഷ്,
അതു കെ. സി. കേശവപിള്ളയുടേതാണു്. അതും ഉത്തമഭര്ത്താവിന്റെയല്ലല്ലോ ബിന്ദു പറഞ്ഞതുപോലെ.
കെ. സി. കേ. പി. തന്നെ ഈ ശ്ലോകവും എഴുതിയിട്ടുണ്ടു്.
വദനം പ്രസാദസദനം,
സദയം ഹൃദയം, സുധാസമം വാക്യം
കരണം പരോപകരണം,
പറയുന്നിവ പൂരുഷന്റെ പാരമ്യം.
ബിന്ദു,
രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത്
എന്ന ശ്ലോകമല്ലേ?
bindu | 31-May-06 at 8:11 pm | Permalink
അതു തന്നെ, എനിക്കതിന്റെ അര്‍ത്ഥമേ ഓര്മയുണ്ടായിരുന്നുള്ളൂ.
🙂
Su | 01-Jun-06 at 3:16 am | Permalink
ഉം…
നടക്കട്ടെ, നടക്കട്ടെ.
v.m | 01-Jun-06 at 4:29 am | Permalink
ഉമേഷ് മാഷേ,
ഇത് സച്ചിനെ പോലെ ബാറ്റിങ്ങും മഗ്രാത്തിനെ പോലെ ബോളിങ്ങും ജോണ്ടി റോഡ്സിന്റെ പോലെ ഫീല്‍ഡിങ്ങും ചെയ്യുന്നവനാണ് ഉത്തമ ക്രിക്കറ്റര്‍ എന്നു പറയുമ്പോലെയാണ്. നടക്കണ കാര്യം വല്ലതുമാണോ ഇത്?
കാര്യേഷു മന്ത്രിയാണെങ്കില്‍, കര്‍മ്മേഷു ദാസിയാവാന്‍ ഒരു ചാന്‍സും ഞാന്‍ കാണുന്നില്ല.
ഇനി കര്‍മ്മേഷു ദാസിയാണെങ്കില്‍ ഉറപ്പിച്ചോ, കാര്യേഷു ‘മന്ദ‘ ആയിരിക്കും.
ചാണ്ടി മുറുകുമ്പോള്‍ തൊമ്മനഴയും എന്ന് പറഞ്ഞ പോലെ!
atulya | 01-Jun-06 at 4:55 am | Permalink
അഹല്യ ദ്രൌപദീ സീത
താര മണ്ഡോദരി തഥാ
പഞ്ചകന്യ സ്മരേന്‍ നിത്യം
മഹാ പാതക നാശനം
എന്നാ ഉമേഷേ പറയാറു. ഇവര്‍ അഞ്ച് സ്ത്രീകളാണു പോലും ഉത്തമ ഭാര്യാ കര്‍മ്മം ചെയ്തവരു. പിന്നെ അതുല്യയേനേം കൂട്ടിക്കോ. ഇവര്‍ ഐവരേയും മനസ്സില്‍ ധ്യാനിച്ചാല്‍ സ്ത്രീകള്‍ക്ക് ദീര്‍ഘസുമംഗലി ഭവ: എന്നാണു.
Umesh | 01-Jun-06 at 5:53 am | Permalink
അതുല്യേ,
ഇവരില്‍ സീതയും മണ്ഡോദരിയുമൊഴിച്ചു് ബാക്കിയുള്ളവര്‍ സംവരണത്തിലാണോ ലിസ്റ്റില്‍ കയറിയതു്? സാവിത്രിയും ശീലാവതിയുമൊക്കെ ഔട്ട്, അല്ലേ?
അതുല്യയെ കൂട്ടണോ എന്നു ശര്മ്മാജിയോടും (നാണപ്പന് ചേട്ടന് എന്നു ദേവരാഗം) അയല്‍ക്കാരോടും ചോദിച്ചിട്ടു തീരുമാനിക്കാം.
ദീര്‍ഘസുമംഗലീ ഭവ (വിസര്‍ജ്ജനം വേണ്ടാ)
atulya | 01-Jun-06 at 6:22 am | Permalink
അതുല്യാ നാണപ്പന്
അര്ജുന് നാണപ്പന്
കൃഷ്ണാ നാണപ്പന് (ശരിയ്കും നാണപ്പന്)…
ദേവനെ ഞാനെന്താ വേണ്ടത്?
അല്ലാ ഉമേഷിന്റെ അവിടെ ഇപ്പോ എന്താ സമയം?
ചഞ്ചാടിയാടി ഉറങ്ങൂ നീ
ചെരിഞ്ഞാടി ആടി ഉറങ്ങു നീ
….
ആടി ആടി കുറുമാന് ആടിയ പോലെ വേണ്ടാട്ടോ.
അനില്‍ | 01-Jun-06 at 7:09 am | Permalink
പുത്ര(വിദ്യാര്‍ത്ഥിലക്ഷണം)-കളത്രങ്ങളുടെ നടപ്പുലക്ഷണങ്ങള്‍ തരക്കേടില്ല 🙂
ആരൊക്കെയോ ആവശ്യപ്പെടുന്നപോലെ ഉത്തമപുരുഷന്റെ ലക്ഷണെമൊന്നെടുത്ത് എത്രയും വേഗം (അനു)ചിതമായ നടപ്പുലക്ഷണങ്ങളും കൊടുത്തിടൂ മാഷേ.
പിതാവും പുത്രനും പരിശുദ്ധാത്മാവും(ഭാര്യേ!) ചേര്‍ന്ന കുറേ കുടുമ്മങ്ങളുള്ള നാടാണേ.
ഓ.ടോ: തീരെച്ചെറിയ പ്രായത്തില്‍ അഛന് പാടിത്തന്നിട്ടുള്ള വരികളില്‍ ഓര്‍മ്മയുള്ള ചില വാക്കുകള്‍ പറയാം. ഉമേഷിനോ ആര്‍ക്കെങ്കിലുമോ അവ മുഴുവനും അറിയാമെങ്കില്‍ പറഞ്ഞുതരണം.
“… മെത്തേടെ താഴത്തു താങ്ങിക്കിടക്കുന്നവനെച്ചുമക്കുന്ന,
വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ,
ചേട്ടനെപ്പേടിച്ചു നാട്ടീന്നു പോയോന്റെ..”
ഇത്രയൊക്കെയേ ഓര്‍മ്മ വരുന്നുള്ളൂ. 🙁
അരവിന്ദന് | 01-Jun-06 at 7:40 am | Permalink
ഉമേഷ്ജീ..
രൂപേഷു ലക്ഷ്മി എന്നത് ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറിലും മറ്റും പോയിട്ട് വരുമ്പോ
രൂപേഷു യക്ഷി എന്നായിട്ടുണ്ട്.
രാജ് | 01-Jun-06 at 7:54 am | Permalink
രൂപേഷു യക്ഷിയായാല് ഇന്ദുമേനോന് എന്താവും?
Umesh | 01-Jun-06 at 12:41 pm | Permalink
അനില്‍ ചോദിച്ച പദ്യം കുഞ്ചന്‍ നമ്പ്യാരുടേതാണു്. ഏതോ തുള്ളലില്‍ നിന്നു്:
താമരസാക്ഷന്റെ മെത്തേടെ താഴത്തു
താങ്ങിക്കിടക്കുന്നവനെച്ചുമക്കുന്ന
വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ
ചേട്ടനെപ്പേടിച്ചു നാട്ടീന്നു പോയോന്റെ
ചാട്ടിന്റെ കൂട്ടിന്റെ കോട്ടം കളഞ്ഞവ-
ന്റുണ്ണിക്കഴുത്തറുത്തോരു പുരുഷനെ-
ന്നുള്ളത്തില്‍ വന്നു വിളങ്ങേണമീശ്വരാ!
ആരെപ്പറ്റിയാണിവിടെപ്പറയുന്നതു് എന്ന puzzle വായനക്കാര്‍ക്കു വിടുന്നു.
നമ്പ്യാര്‍ക്കു് ഇങ്ങനെ ഒരുപാടു പൊടിക്കൈകളുണ്ടു്. വേറൊരു ഉദാഹരണം:
മറ്റതും ഖണ്ഡിച്ചു മറ്റതിന്മേല് വീണു
മറ്റതും മറ്റതും മറ്റതും ഭസ്മമായ്.
Umesh | 01-Jun-06 at 12:51 pm | Permalink
അരവിന്ദാ,
മുമ്പു പറഞ്ഞ സിനിമാഗാനത്തിനു് വി. ഡി. രാജപ്പന്റെ ഒരു പാരഡി കേട്ടിട്ടുണ്ടു്:
പൂമുഖവാതുക്കല്‍ ചൂലുമായ് നില്ക്കുന്ന
പൂതനയാണെന്റെ ഭാര്യ
…
എത്രയൊഴിച്ചാലുമെണ്ണ തികയാത്ത
പാട്ടവിളക്കാണു ഭാര്യ
കാര്യത്തില്‍ … കര്‍മ്മത്തില്‍ ….
രൂപത്തില്‍ യക്ഷിയും ഭാര്യ
വിശാലോ, എനിക്കു സച്ചിനേ മാത്രമേ അറിയൂ. മറ്റു രണ്ടു ശവികള് ക്രിക്കോത്തു കളിക്കുന്നോരായിരിക്കും, അല്ല്ലേ? കപില്‍ ദേവും വിവിയന്‍ റിച്ചാര്‍ഡ്സുമൊക്കെ എല്ലാം ചെയ്യുമായിരുന്നല്ലോ, അല്ലേ.
എല്ലാം കൂടി തികഞ്ഞൊരെണ്ണത്തിനെ കിട്ടിയാല്‍ ജീവിതം പരമബോറായിരിക്കും, അല്ലേ?
അതുല്യേ, ഇപ്പോള്‍ സമയം രാവിലെ 5:48. ഇപ്പോള്‍ ഉണര്‍ന്നതേ ഉള്ളൂ. GMT-യിലാണു് ഈ ബ്ലോഗിലെ സമയം. ഇവിടെ ഏപ്രിലിലെ ആദ്യത്തെ ഞായറാഴ്ച മുതല്‍ ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ച വരെ അതിനു ഏഴു മണിക്കൂര്‍ പുറകില്‍. ബാക്കി സമയം എട്ടു മണിക്കൂറും.
ആരാ ഈ ഇന്ദുമേനോന്?
mullappoo | 01-Jun-06 at 12:51 pm | Permalink
അടുത്തതു ഉത്തമ ഭര്‍ത്താവിന്റെ ആണെങ്കില്‍, ജാമ്യപേക്ഷ ആവശ്യമില്ല
Umesh | 01-Jun-06 at 1:06 pm | Permalink
കുഞ്ചാന്‍ നമ്പ്യാരല്ലേ. കുഞ്ചന്‍ നമ്പ്യാര്‍…
kuttyedathi | 01-Jun-06 at 1:40 pm | Permalink
ഇന്ദുമേനോന് രൂപേഷ് പോളിന്റെ ഭാര്യ ആണുമേഷ്ജി. ‘ലെസ്ബിയന്‍ പശു’ എഴുതിയത് ഇന്ദു മേനോന്.
അനില്‍ | 01-Jun-06 at 1:41 pm | Permalink
🙂
ഇതെങ്ങനെയാ മാഷേ ഇതെല്ലാം ഇത്രപെട്ടെന്നു പറയാന്‍ കിട്ടുന്നത്?
നാളജ് തന്നെ. അല്ലാതെന്താ.
നന്ദി ഒരുപാടുണ്ട്.
കുഞ്ചന്‍ നമ്പ്യാരാക്കി കമന്റ് തിരുത്താന്‍ വേഡ്പ്രെസില് പറ്റില്ലേ?
Umesh | 01-Jun-06 at 2:40 pm | Permalink
ദാ, തിരുത്തി അനിലേ. ഇവിടെ തിരുത്തിയാലും പിന്മൊഴികളില് വരുമല്ലോ. അതുകൊണ്ടാണു് അങ്ങനെയൊരു കമന്റിട്ടതു്.
ചുറ്റി. ഈ രൂപേഷ് പോള്‍ ആരാ?
“ലെസ്ബിയന്‍ പശു” എഴുതിയതു് വിശ്വമല്ലേ? ഓ, അതു് “എത്തിയോപ്പിയന്‍ പശു” ആണു്, അല്ലേ?
മുല്ലപ്പൂവേ, ഉത്തമഭര്ത്താവിന്റെ ലക്ഷണം ഇതുവരെ കിട്ടിയില്ല. പിന്നെ ഞങ്ങള്‍ പുരുഷന്മാര് ഇങ്ങനെയുള്ള തമാശകള്‍ കേട്ടു രോഷാകുലരാകാറില്ല… 🙂
Umesh | 01-Jun-06 at 2:44 pm | Permalink
ഹ ഹ ഹാ…
ഇപ്പോഴാണു പെരിങ്ങോടന്റെ കമന്റിന്റെ തമാശു പിടി കിട്ടിയതു്. “രൂപേഷു യക്ഷീ…”
(പശ്ചാത്തലത്തില്‍ ചോക്കു കേടായ ഒരു ട്യൂബ്ലൈറ്റ് മിന്നിമിന്നിത്തെളിയുന്നു. മന്ദമാരുതന് ആഞ്ഞുവീശുന്നു…)
L.G | 01-Jun-06 at 3:24 pm | Permalink
കാര്യേഷു മരങ്ങോടന് കരണേഷു കള്ളുകുടിക്കുംബോള്
രൂപേഷു പൂടമ്മാവന് ക്ഷമയാ അക്ഷമയന്
സ്നേഹേഷു ഭകഷണത്തോടു ശയനേഷു കൂര്‍ക്കംവലി
ഷട്കര്മ്മനരന് കുലഅധര്മ്മപതി!
(അതെ! ഞങ്ങള്‍ക്കു വേരെ പണീണ്ടു,നിങ്ങളീ ശ്ലോകം ഒക്കെ എഴുതി കളിക്കുംബോള് നിങ്ങള്‍ക്കുള്ള കഞ്ഞീം നിങ്ങടെ പിള്ളേരുടെ കാര്യവും നോക്കണ്ടെ?)
രാജ് | 01-Jun-06 at 7:56 pm | Permalink
ഇന്ദു മേനോനും രൂപേഷ് പോളും മലയാളത്തിലെ അറിയപ്പെടുന്ന യുവകഥാകൃത്തുക്കളാണു് ഉമേഷെ. ഈയിടെയാണു് ഇവര്‍ വിവാഹിതരായതും. ലെസ്ബിയന്‍ പശു പ്രസിദ്ധീകരിച്ചതോടെ ഇന്ദുമേനോന് സാഹിത്യമണ്ഡലങ്ങളില്‍ വിവാദവും വികാരവും വിചാരവും നിറച്ചിരുന്നു.
വഴിപോക്കന് | 02-Jun-06 at 4:56 pm | Permalink
ഉത്തമ ഭര്തൃലക്ഷണത്തിന്റെ സംസ്കൃത ശ്ലോകം, ഒരു പൊട്ടത്തമാശ ബ്ലോഗാനുള്ള ശ്രമങ്ങള്‍: ഉത്തമ ഭര്തൃലക്ഷണം…..
Umesh | 02-Jun-06 at 5:58 pm | Permalink
എല്ജിയേ, ശ്ലോകം കലക്കി. “ശയനേഷു കൂര്‍ക്കം” പ്രത്യേകിച്ചും.
എല്‍ജിയുടെ ആശയം ഞാനൊന്നു പുതുക്കി, വൃത്തവും ശരിയാക്കി. ഇതാ നോക്കൂ:
കാര്യേഷു മണ്ടന്‍ കരണേഷു മന്ദന്‍
രൂപേഷു കാലന് ക്ഷമ വിട്ട ശീലന്‍
സ്നേഹം കുമാര്‍ഗ്ഗം ശയനേഷു കൂര്‍ക്കം
ഷട്കര്മ്മകോന്തന് സമകാലകാന്തന്!
എല്ജിയേ, കൂടുതല്‍ തിരുത്തണമെങ്കില്‍ അറിയിക്കുക. നമുക്കു രണ്ടുപേര്‍ക്കും കൂടി ഇതൊരു മാസ്റ്റര്പീസാക്കാം.
എല്‍ജി മ്പ (mpa) എഴുതുന്നതു് മ്ബ (mba) എന്നാണു് എല്ലായിടത്തും. ശ്രദ്ധിക്കുമല്ലോ.
Umesh | 02-Jun-06 at 6:01 pm | Permalink
വഴിപോക്കോ,
കൊള്ളാം. അല്പം കൂടി ഒന്നു മിനുക്കാമോ? എല്ജിയുടേതും വഴിപോക്കന്റേതും പിന്നെ ബാക്കി ആര്‍ക്കെങ്കിലും എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ചേര്‍ത്തു് ഞാന്‍ സുഭാഷിതത്തില്ത്തന്നെ ഒരു പോസ്റ്റായിട്ടിടാം.
“കൊക്കഹ” കലക്കി. ഇങ്ങനെയായിരുന്നു ഞാന്‍ ഹൈസ്കൂളില്‍ ഹിന്ദിപ്പരീക്ഷയ്ക്കു് ഉത്തരമെഴുതിയിരുന്നതു് 🙂
വഴിപോക്കന് | 02-Jun-06 at 6:44 pm | Permalink
എന്റെ ശ്ലോകം ശരിയാവില്ല എന്നു ആദ്യമെ അറിയാമായിരുന്നു.. വൃത്തം ഇല്ല എന്നു മാത്രമല്ല, ഒരു shapeഉം ഇല്ല. 🙂 ..ഞാന്‍ മിനുക്കിയാലും ഇനി മിനുങ്ങാന്‍ സാധ്യത കുറവാണ് ..LG യുടെ ശ്ലോകം ഉത്തമ ഭര്തൃലക്ഷണം അല്ലല്ലൊ.. അല്ലെങ്കിലും ഉത്തമ ഭര്തൃലക്ഷണം സ്ത്രീകളല്ലേ നിര്‍വചിക്കേണ്ടത്?.. ഗുരുകുലത്തിന്റെ അടുത്ത project ഒരു പുതിയ ഉത്തമ ഭര്തൃലക്ഷണം സംസ്കൃത ശ്ലോകം ആണ്. സ്ത്രീകളില്‍ നിന്നും requirements ക്ഷണിക്കുന്നു എന്നു പരസ്യം ചെയ്യാം
L.G | 02-Jun-06 at 7:07 pm | Permalink
അതു ശരി! അപ്പൊ ഞാന്‍ സ്ത്രീയല്ലാ എന്നു എന്തു അര്‍ത്ഥത്തില്‍ ആണു അങ്ങുന്നു പറയുന്നതു? വഴിപോക്കര്‍ക്കു എന്തു പറയാന്നായോ? ആഹാ!:)
പിന്നെ ‘ഉത്തമ’ ഭര്‍തൃ ലക്ഷണം ഗുണങ്ങള്ളുള്ളതാണു എന്നു ആരു പറയുന്നു?
ഉമേഷേട്ടാ, മണ്ടനും മരങ്ങോടനും തമ്മില്‍ ഒത്തിരി വിത്യാസം ഇല്ല്ലെ? മണ്ടന്‍ പാവം ആണു. ഈ മരങ്ങോടന്മാര് വേറെ…!
പിന്നെ എന്നോടു വൃത്തം എന്നോക്കെ പറഞ്ഞാല്‍ ഞാന്‍ വട്ടത്തില്‍ കറങ്ങുകയേ ഉള്ളൂ..അതുകൊണ്ടു ഉമേഷേട്ടാന് എന്തു വേണമെങ്കിലും ചെയ്തോളൂ..
Umesh | 02-Jun-06 at 7:24 pm | Permalink
പെണ്ണുങ്ങളോടു ചോദിച്ചാല്‍ ഇതായിരിക്കും ഉത്തമഭര്ത്തൃലക്ഷണം:
കാര്യത്തില്‍ ഷാരൂഖ്, കരണത്തില്‍ ഷാരൂഖ്,
രൂപത്തില്‍ ഷാരൂഖ്, ക്ഷമയിങ്കല്‍ ഷാരൂഖ്,
സ്നേഹത്തില്‍ ഷാരൂഖ്, ശയനത്തില്‍ ഷാരൂഖ്,
ഷട്കര്മ്മഷാരൂഖ് – കുലധര്മ്മകാന്തന്!
ഈ പെണ്ണുങ്ങള് ഒന്നടങ്കം ഷാരൂഖ് ഖാന് പങ്കകള്‍ ആണല്ലോ…
വഴിപോക്കന് | 02-Jun-06 at 7:26 pm | Permalink
L.Gയെ സോറി. 🙂 profile ഇപ്പൊഴാണ് നോക്കിയത്.
ശ്ലോകം കലക്കി… പ്രത്യേകിച്ച് “രൂപേഷു പൂടമ്മാവന്”. മലയാളി പുരുഷന്മാരുടെ അഭിമാന ചിഹ്നമാണല്ലൊ നെഞ്ചിലെ പൂടയും മുഖത്തെ മീശയും. ഉത്തമം എന്നു പറഞ്ഞല് തന്നെ “ബെസ്റ്റ്” എന്നല്ലേ? അപ്പോള്‍ ഗുണങ്ങള്‍ വേണം. ചുമ്മാ ഉത്തമനാകുമൊ?
Umesh | 02-Jun-06 at 7:29 pm | Permalink
അതു പറഞ്ഞപ്പോഴാ ഓര്‍ത്തതു്…
കഷണ്ടിയും, കഞ്ഞി പിഴിഞ്ഞ മുണ്ടും,
വെടിക്കലാ, കുമ്പ, പുറത്തു രോമം
എന്നു തുടങ്ങുന്ന ഒരു ശ്ലോകമുണ്ടു് – ഉത്തമപുരുഷലക്ഷണമായി. ആര്‍ക്കെങ്കിലും ബാക്കി അറിയാമോ?
L.G | 02-Jun-06 at 7:31 pm | Permalink
എന്റെ പൊന്നു ചേട്ടാ,
‘ഉത്തമ ഗുണങ്ങള്‍‘ എന്നു നിങ്ങള്‍ ആണുങ്ങള് വിചാരിക്കുന്നതാണു ഇതൊക്കെ.അല്ലെ? അതു ഉത്തമമല്ലാ എന്നു നിങ്ങള്‍ക്കു തോന്നിയതു ഇപോഴെങ്കിലും നന്നായി..
എന്നാലും ഉമേഷേട്ടാ ഒരു സംസ്കൃത ശ്ലോകത്തിനു പാരഡി എഴുതിയ എന്നെ മണ്ടീ എന്നു വിളിച്ചല്ലേ!! ഇനി മിണ്ടുന്ന പ്രശ്നമില്ലാ!
kuttyedathi | 02-Jun-06 at 7:40 pm | Permalink
എന്നാലും ‘രൂപേഷു പൂടമ്മാന്’ (ഇന്ദു മേനോന് കേള്‍ക്കണ്ട. എനിക്കെങ്ങനെ അറിയാം എന്നു ചോദിച്ചേക്കും ) എന്നെല്ജി പറഞ്ഞിട്ടു കൂടി, ആ നെഞ്ചത്തെങ്ങും തിയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കാളിരിക്കണ പോലെ പോലും നാലു പൂടയില്ലാത്ത ഷാരൂഖ് ഖാനാണു പെണ്ണുങ്ങളുടെ പ്രിയങ്കരന്‍ എന്നു പറഞ്ഞു കളഞ്ഞല്ലോ …. അക്രമമായി പ്പോയി… കടുത്ത പ്രതിഷേധം അറിയിക്കുന്നു.
paappaan | 02-Jun-06 at 7:45 pm | Permalink
(ജയന്റെ ഒച്ചയില്‍)
ഒരു വെടിക്കല കൂടി കിട്ടിയിരുന്നെങ്കില്‍…
എനിക്ക് ഉത്തമപുരുഷനാവാമായിരുന്നൂ…
[ഉമേഷേ, ഇതു പത്താംക്ലാസ്സ് മലയാളപുസ്തകത്തിലെയല്ലേ. അതിലും ഇത്രയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണോര്‍മ്മ]
എല്‍ജീ, എല്ജീടെ ശ്ലോകം എനിക്കു വളരെ ഇഷ്ടപ്പെട്ടു. “കരണേഷു കള്ളുകുടി” ഉള്‍പ്പെടെ…
Umesh | 02-Jun-06 at 7:52 pm | Permalink
പത്താം ക്ലാസ്സിലെ മലയാളം പുസ്തകത്തില്‍ ഗദ്യമേ ഉണ്ടായിരുന്നുള്ളൂ, ശ്ലോകം ഉണ്ടായിരുന്നില്ല.
പാഠത്തിന്റെ പേരു് ഇപ്പോള്‍ കിട്ടി – “പരമാര്‍ത്ഥം”. “ഭാഗ്യവന്തം പ്രസൂയേഥാഃ”യും അതിലെയാണു്.
എഴുതിയതു് വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍. ഇ. കെ. നായനാരുടെ ആരെങ്കിലും ആണോ എന്തോ?
paappaan | 02-Jun-06 at 7:56 pm | Permalink
“ആപദി കിം കരണീയം?
സ്മരണീയം ചരണയുഗളമംബായാ”യും അതിലെ.
ഇവിടെ വേറെ ആരൊക്കെയുണ്ടാവും ആ പുസ്തകം പഠിച്ചവരായി? എന്റെ ബാച്ചുകഴിഞ്ഞ് 1-2 വര്‍ഷത്തിനകം സിലബസും പുസ്തകങ്ങളും മുഴുവനും മാറിയിരുന്നു.
യാത്രാമൊഴി | 03-Jun-06 at 1:33 am | Permalink
പാപ്പാനേ, ഞാനും പഠിച്ചിട്ടുണ്ട് ആ പുസ്തകം.
“ഭാഗ്യവന്തം പ്രസൂയേഥാ
മാ ശൂരം മാ ച പണ്ഠിതം“ എന്നും
“കോന്വസ്മിന് സാമ്പ്രതം ലോകേ
ഗുണവാന്‍ കശ്ച വീര്യവാന്‍
മഹര്‍ഷേ ത്വം സമര്‍ത്ഥോസി
ഞാതുമേവം ഇതം നരം“
“മുനേ വ്യക്ഷാമ്യഹം ബുദ്ധ്വാ
തൈരുക്തശ്രയതാം നര:
ഇക്ഷാക്വവംശപ്രഭവോ
രാമോ നാമ ജനൈശ്രുത:“
ഇതും ആ പുസ്തകത്തില്‍ തന്നെ ഉള്ളതാണെന്നാണു എന്റെ ഓര്‍മ്മ.
ഓര്‍മ്മയില്‍ നിന്നെഴുതുന്നതു കൊണ്ട് ചിലപ്പോള്‍ തെറ്റു കാണും. ഒരു പക്ഷെ മാഷക്ക് തിരുത്താന്‍ കഴിഞ്ഞേക്കും.
എന്തായാലും ഉത്തമഭാര്യാ ലക്ഷണവും, അതിനെ തുടര്‍ന്നുള്ള ശ്ലോകങ്ങളും കൊള്ളാം..
പെരിങ്ങോടാ,
ഇന്ദു മേനോന് കൊച്ചു പാവാടയും, ബ്ലൌസുമൊക്കെ ഇട്ട് പാടവരമ്പത്തു കൂടി പാറി പറക്കുന്ന പടവുമായി വന്ന കലാകൌമുദി കണ്ടിരുന്നു. എല്ലാം എഴുത്ത് കച്ചവടത്തിന്റെ ഭാഗം. കച്ചവട സാദ്ധ്യതയുള്ള സൌന്ദര്യവും എഴുത്തും ഒന്നിച്ചു വരുന്ന “പെണ്” എഴുത്തുകാര്‍ പൊതുവെ വിരളമായതു കൊണ്ട് ഇരകാത്ത് കിടക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ അതങ്ങ് ആഘോഷിക്കുന്നു. അങ്ങനെ വേണ്ടെന്ന് പറയാന്‍ നമ്മളാര് അല്ലേ?
Umesh | 03-Jun-06 at 1:52 am | Permalink
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ആ പുസ്തകം നിലവില്‍ വന്നതു്. ഞാന്‍ പത്താം ക്ലാസ്സു പാസ്സായിട്ടും ഒരുപാടു കൊല്ലം അതുണ്ടായിരുന്നു.
തഴച്ചു വളര്‍ന്നൊറ്റയ്ക്കു നിലകൊള്ളും മരത്തിനെ
മിഴിച്ചു നോക്കുന്നു ഞാന്‍; ഈ വൃക്ഷമുത്തച്ഛന്‍
എന്‍ പിതാക്കളുടെ കാലത്തിതുപോലെ നിലകൊണ്ടാന്‍,
എന്റെ കാലം കഴിഞ്ഞാലുമിതേ നില താന്‍!
എന്ന പുഷ്കിന് കവിതയാണു് ആ പുസ്തകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നതു്.
അമ്മ മലയാളാദ്ധ്യാപികയായിരുന്നത്തുകൊണ്ടു് ഞാന്‍ പത്താം ക്ലാസ്സിലെത്തിയപ്പോഴേക്കും ആ പുസ്തകം മിക്കവാറും കാണാപ്പാഠമായിരുന്നു. ഒരുപാടു കാലം അമ്മയ്ക്കു വേണ്ടി കുട്ടികളുടെ ഉത്തരക്കടലാസ്സു നോക്കിക്കൊടുക്കുമായിരുന്നു.
“ഭാഗ്യവന്തം…” അതിലെ തന്നെയാണു്. “കോന്വസ്മിന്…”, “മുനേ വക്ഷ്യാമ്യഹം…” എന്നിവ അതിലെയല്ല. അവ ഒമ്പതാം ക്ലാസ്സില്‍ പഠിക്കാനുണ്ടായിരുന്ന ഒരു പാഠത്തില്‍ (സുകുമാര്‍ അഴീക്കോടു് എഴുതിയതു്) നിന്നായിരുന്നു.
“കോന്വസ്മിന് സാമ്പ്രതം ലോകേ
ഗുണവാന്‍ കശ്ച വീര്യവാന്‍
മഹര്‍ഷേ ത്വം സമര്‍ത്ഥോസി
ജ്ഞാതുമേവം വിധം നരം”
“മുനേ വക്ഷ്യാമ്യഹം ബുദ്ധ്വാ
തൈരുക്തശ്രയതാം നരഃ
ഇക്ഷാകുവംശപ്രഭവോ
രാമോ നാമ ജനൈഃ ശ്രുതഃ”
എന്നാണു് എന്റെ ഓര്‍മ്മ.
പാപ്പാന് | 03-Jun-06 at 3:21 am | Permalink
ഉമേഷ് പറഞ്ഞതു കാര്യം. ആ 2 ശ്ലോകങ്ങള്‍ ഞാന്‍ പഠിച്ചവര്‍ഷം സിലബസില്‍ ഇല്ലായിരുന്നു എന്നു തോന്നണു. കാര്യം ഒരു പരിചയവും കിട്ടുന്നില്ല.
ഓട്ടോ: യാത്രാമൊഴീ, തുരുപ്പുഗുലാന്‍ കണ്ടോ കഴിഞ്ഞ തിങ്കളാഴ്ച്ക?
യാത്രാമൊഴി | 03-Jun-06 at 3:22 am | Permalink
ഉമേഷ്ജി,
തെറ്റു തിരുത്തി തന്നതിനു നന്ദി. പത്തിലായിരുന്നെന്നാണു ഞാന്‍ ഓര്‍ത്തത്.
Umesh | 03-Jun-06 at 6:15 am | Permalink
അപ്പോ ഇന്ദുമേനോന് കഥയെഴുതുന്ന ആളാണു് അല്ലേ. ഇയാളാണോ പണ്ടു “ചന്തുലേഖ” എന്നൊരു കഥ എഴുതിയതു്? സ്കൂളില്‍ അങ്ങനെ എന്തോ ഒന്നു്…. പഠിച്ചതു…. പോലെ…. ഒരു അംനീഷ്യ….
യാത്രാമൊഴി | 03-Jun-06 at 2:42 pm | Permalink
ഓട്ടോ മറു: പാപ്പാനേ, ഗുലാന് കാണാനൊത്തില്ല. ലോങ്ങ് വീക്കെന്‍ഡില്‍ വാഷിംഗ്ടണ്‍ ഡി.സി ഒക്കെ ഒന്നു കറങ്ങി തിരിച്ചു വന്ന ക്ഷീണത്തില്‍ ഉറങ്ങിപ്പോയി..
സിബു | 17-Jun-06 at 4:29 am | Permalink
ഇപ്പോഴാണ് ഇതെല്ലാം വായിച്ചെത്തിയത്.. ഉമേഷേ.. സമ്മതിച്ചിരിക്കുന്നു. ഞാനും ദീപയും കൂടി കമന്റെല്ലാം വായിച്ച് തലകുത്തിനിന്നു ചിരിച്ചു.
Rajesh R Varma | 19-Jun-06 at 9:38 pm | Permalink
ഭര്തൃലക്ഷണം:
പത്രം വായിച്ചിരിക്കും, മഹിയിലെയഖിലത്തിന്റെയും തത്വമോതും,
മുത്താഴത്തിന്നു മുമ്പായിരുപതിലധികം ധൂമപാനം നടത്തും,
നിത്യം സന്ധ്യയ്ക്കു മോന്തും, പ്രിയയുടെ മുതുകില്‍ ഖണ്ഡകാവ്യം രചിക്കും,
മര്ത്യന്നിച്ചൊന്നതെല്ലാം തികയുകിലവനേ ഭര്തൃജോലിയ്ക്കു യോഗ്യന്‍!
🙂
സന്തോഷ് | 19-Jun-06 at 10:03 pm | Permalink
രാജേഷ്, ഭര്തൃലക്ഷണം നന്നായി! ദാ, മറ്റൊരു ഉത്തമ ഭര്‍ത്താവ് ഇവിടെയുണ്ട്.
dilbaasuran | 18-Jul-06 at 7:00 am | Permalink
കമന്റാനുള്ള പ്രായമോ അറിവോ ഇല്ല.പ്രിന്റ് എടുത്തിട്ടുണ്ട്. ഉപകാരത്തില്‍ വന്നാലോ..
Kunjanna | 06-Oct-06 at 1:26 pm | Permalink
ഉത്തമ ഭര്‍ത്താവിന്റെ ലക്ഷണം ആരും എഴുതാത്തത് ‘ഉത്തമഭര്‍ത്താവ്’ എന്ന പദം ഈ ആന്ഗലേയത്തിലെ “ഓക്സിമറോണ്‍” എന്നു പറയുന്ന സംഗതി ആയതു കൊന്ടാ!
ചേര്ക്കുന്നതേ ചേര്‍ക്കാവൂ എന്ന് അറിയില്ലേ!
ഐരാവതത്തിനെക്കാളും അപൂര്‍വമായ സംഗതികള്‍ക്കൊക്കെ ആരു ലക്ഷണം ചൊല്ലാനാ മാഷേ!
Vadakkoodan | 06-Mar-09 at 8:48 am | Permalink
വര്‍ഷങ്ങള്‍ പഴക്കമുള്ള പോസ്റ്റാണെന്നറിയാം: പക്ഷേ “താമരസാക്ഷന്റെ..” അര്‍ത്ഥം അറിയാന്‍ ഒരു മോഹം. ഗൂഗിള്‍ ചെയ്തപ്പോള്‍ സംഗതി കല്യാണസൌഗന്ധികം ആണെന്ന് മനസിലായി. അര്‍ത്ഥം എവിടേയും കണ്ടില്ല. സ്വയം ചിന്തിച്ച് നോക്കിയിട്ട് അവിടേം ഇവിടെ കുറച്ച് ഊഹങ്ങള്‍ മാത്രമേ കിട്ടിയുള്ളൂ, ഒന്ന് സഹായിക്കാമോ?
താമരസാക്ഷന്റെ (വിഷ്ണു?) മെത്തേടെ താഴത്തു
താങ്ങിക്കിടക്കുന്നവനെ (അനന്തന്?) ച്ചുമക്കുന്ന
വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ (ഗണപതിയുടെ കൊമ്പൊടിച്ച പരശുരാമന്?)
ചേട്ടനെപ്പേടിച്ചു (ചേട്ടന് – വാമനനോ മറ്റ് മുന്‍ അവതാരങ്ങളിലാരെങ്കിലുമോ ആണോ?) നാട്ടീന്നു പോയോന്റെ
ചാട്ടിന്റെ കൂട്ടിന്റെ കോട്ടം കളഞ്ഞവ- (ഒരു പിടിയുമില്ല)
ന്റുണ്ണിക്കഴുത്തറുത്തോരു പുരുഷനെ- (ഇത് ശ്രീരാമന് അല്ലേ?)
ന്നുള്ളത്തില്‍ വന്നു വിളങ്ങേണമീശ്വരാ!
അത് പോലെ തന്നെ ഉഡുരാജമുഖി യുടെ അവസാനത്തെ രണ്ട് വരിയുടെ അര്‍ത്ഥം കൂടെ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. (യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി? ) – എന്‍ട്രന്‍സിന് കറക്കിക്കുത്തിയപോലെ ഒരു വൈല്‍ഡ് ഗസ്സടിക്കുകയാണെങ്കില് – അത്തരത്തിലുള്ള ഒരു യുവതിയുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നവന് പിന്നെന്ത് ജപം, എന്ത് തപം, എന്ത് സമാധി? തെറ്റാണെന്ന് 90 ശതമാനം ഉറപ്പുണ്ട്.. എന്നാലും ഗാസടിക്കാനുള്ള ത്വര പിടിച്ച് നിര്‍ത്താന്‍ പറ്റുന്നില്ല – മൈനസ് മാര്ക്കൊന്നുമില്ലല്ലോ..
ആര്യന് | 19-May-09 at 2:19 pm | Permalink
1. താമരസാക്ഷന്റെ മെത്തേടെ താഴത്തു
താങ്ങിക്കിടക്കുന്നവനെ = വിഷ്ണുവിന്റെ മെത്ത താങ്ങി കിടക്കുന്ന അനന്തന്
2. കിടക്കുന്നവനെച്ചുമക്കുന്ന
വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ = അനന്തനെ കഴുത്തില്‍ ധരിച്ചു പണ്ട് ശിവന്. ശിവന്റെ മകന് കൊമ്പന്, ഗണപതി. ഒരു കൊമ്പ് ഓടിച്ചവന് പരശുരാമന്.
3. ചേട്ടനെപ്പേടിച്ചു നാട്ടീന്നു പോയോന്റെ = വാമനന് നാട്ടില്‍ നിന്ന് ഓടിച്ച ബലി
4. ചാട്ടിന്റെ കൂട്ടിന്റെ കോട്ടം കളഞ്ഞവന് = **നമിച്ചു!**
(ചാട് = ചക്രം?
ചാടിന് എന്ത് കൂട്? എന്തോന്നാ ആശാനെ ഇത്. മര്യാദക്ക് ഉത്തരം പോസ്റ്റ് ചെയ്.)
Umesh:ഉമേഷ് | 19-May-09 at 2:33 pm | Permalink
ദ്രാവിഡനല്ലാത്തവനേ,
ഗണപതി വരെ ശരിയാണു്, അനന്തനെ ശിവൻ കഴുത്തിൽ ധരിച്ച കഥ എനിക്കറിയില്ലെങ്കിലും. (പാമ്പു് എന്നേ ഞാൻ മനസ്സിലാക്കിയിട്ടുള്ളൂ.)
ഗണപതിയുടെ കൊമ്പൊടിച്ചതു പരശുരാമനാണെന്നും സുബ്രഹ്മണ്യനാണെന്നും രണ്ടു കഥയുണ്ടു്. ഇവിടെ സുബ്രഹ്മണ്യൻ എന്നെടുക്കണം. സുബ്രഹ്മണ്യന്റെ ചേട്ടൻ വീണ്ടും ഗണപതി. ഗണപതിയെ പേടിച്ചു് ഓടിയവൻ കുബേരൻ. കുബേരന്റെ ചാട്ടു് പുഷ്പകവിമാനം. അതിന്റെ കോട്ടം കളഞ്ഞവൻ രാവണൻ. അയാളുടെ ഉണ്ണി ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിനെ കൊന്നവൻ ശ്രീരാമൻ.
ദാ, അപ്പോൾ അതാണു കാര്യം.
ഒരു സംശയം: വാമനൻ പരശുരാമന്റെ ചേട്ടൻ ആകുന്നതു് ഏതു വഴിക്കാണു്? 🙂
ആര്യന് | 20-May-09 at 10:34 am | Permalink
“ദ്രാവിഡനല്ലാത്തവനേ” എന വിളി ങ്ങട് ബോധിച്ചു. നോം അടിമുടി 100% ഒറിജിനല്‍ ദ്രാവിഡന് തന്നെ…
“ഒരു സംശയം: വാമനൻ പരശുരാമന്റെ ചേട്ടൻ ആകുന്നതു് ഏതു വഴിക്കാണു്?”
വാമനന് പരശു രാമന്റെ മുന്‍പ് വന്ന അവതാരം ആണല്ലോ, അങ്ങനെ കരുതി ഞാന്‍… (ഒടുക്കത്തെ ബുദ്ധി!)
സുബ്രഹ്മണ്യന്റെ കഥ കേള്‍ക്കുന്നത് ആദ്യം.
പുഷ്പകത്തിന്റെ എന്ത് കോട്ടം ആണ് രാവണന് തീര്‍ത്തത്? അതും അറിയില്ല.
BTW, ഇന്ദ്രജിത്തിനെ ലക്ഷ്മണന് അല്ലേ തീര്‍ത്തത്?അവന് ഞാനല്ലേ ഒരു ലക്ഷത്തിന്റെ ക്വൊട്ടേഷന്‍ കൊടുത്തത്. ലപ്പോ ലവന് എന്നെ പറ്റിച്ചതാ?
cALviN::കാല്വിന് | 21-Jan-10 at 8:32 pm | Permalink
ഇച്ചിരി വൈകിയ കമന്റാണെങ്കിലും ആര്യൻ ചോയ്ച്ച പോലെ ഈ ഇന്ദ്രജിത്തിനെ കൊന്നവൻ എങ്ങനെ രാമനാകും? ആൻസർ ആൻസർ!
Manoj | 28-Sep-11 at 4:31 am | Permalink
i like it
Manoj | 28-Sep-11 at 4:52 am | Permalink
good blog
കവി ഉമയനല്ലൂര്‍ | 09-Feb-17 at 8:50 am | Permalink
“യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ”
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
aby abraham | 18-Nov-18 at 3:27 pm | Permalink
good