പഞ്ചപിതാക്കളും പഞ്ചമാതാക്കളും

സുഭാഷിതം

മാതാപിതാക്കളെപ്പോലെ കരുതേണ്ട ആളുകളെപ്പറ്റി പ്രറ്സ്താവിക്കുന്ന ശ്ലോകങ്ങള്‍:

ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയച്ഛതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ പിതരഃ സ്മൃതാഃ

അര്‍ത്ഥം:

ജനിതാ ച : ജനിപ്പിച്ചവനും
ഉപനേതാ ച : ഉപനയനം ചെയ്യിച്ചവനും
യഃ തു വിദ്യാം പ്രയച്ഛതി : വിദ്യ പകര്‍ന്നു തരുന്നവനും
അന്നദാതാ : ഭക്ഷണം തരുന്നവനും (തീറ്റിപ്പോറ്റുന്നവനും)
ഭയത്രാതാ : ഭയത്തില്‍ നിന്നു രക്ഷിക്കുന്നവനും
ഏതേ പഞ്ച : ഈ അഞ്ചു പേര്‍
പിതരഃ സ്മൃതാഃ : പിതാക്കന്മാരാണു്

ഗുരുപത്നീ രാജപത്നീ
ജ്യേഷ്ഠപത്നീ തഥൈവ ച
പത്നീമാതാ സ്വമാതാ ച
പഞ്ചൈതേ മാതരഃ സ്മൃതാഃ

അര്‍ത്ഥം:

ഗുരുപത്നീ : ഗുരുവിന്റെ ഭാര്യ
രാജപത്നീ : രാജാവിന്റെ ഭാര്യ
ജ്യേഷ്ഠപത്നീ : ജ്യേഷ്ഠന്റെ ഭാര്യ
തഥാ ഏവ ച : അതുപോലെ
പത്നീമാതാ : ഭാര്യയുടെ അമ്മ
സ്വമാതാ ച : സ്വന്തം മാതാവു്
ഏതേ പഞ്ച : ഈ അഞ്ചു പേര്‍
മാതരഃ സ്മൃതാഃ : മാതാക്കളായി കരുതപ്പെടേണ്ടവരാണു്.

ചില വ്യത്യാസങ്ങളോടെ ഇന്നത്തെ കാലത്തും ഇവ ഉപയോഗിക്കാം

  1. “ഉപനയനം ചെയ്യിച്ചവന്‍” എന്ന വിഭാഗത്തില്‍ എഴുത്തിനിരുത്തിയവന്‍, തലതൊട്ടപ്പന്‍, സ്കൂളില്‍ ചേര്‍ത്തവന്‍, ജോലി തന്നവന്‍ എന്നിവരെക്കൂടി ചേര്‍ക്കാം.
  2. “അന്നദാതാ” എന്ന വിഭാഗത്തില്‍ മേലുദ്യോഗസ്ഥനെക്കൂടി ചേര്‍ക്കാം.
  3. “ഭയത്രാതാ” എന്ന വിഭാഗത്തില്‍പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്തു പ്രസിഡണ്ടു്, പഞ്ചായത്തു മെമ്പര്‍, സ്ഥലം എസ്. ഐ. തുടങ്ങിയ പദവിയില്‍ ഇരിക്കുന്ന പുരുഷന്മാരെ ഉള്‍പ്പെടുത്താം.
  4. ഗുരുപത്നിയ്ക്കു് ഇപ്പോള്‍ വലിയ പ്രാധാന്യമില്ല. ആ സ്ഥാനത്തു് അദ്ധ്യാപികയെ ചേര്‍ക്കാം.
  5. രാജപത്നിയുടെ സ്ഥാനത്തു് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്തു പ്രസിഡണ്ടു്, പഞ്ചായത്തു മെമ്പര്‍ തുടങ്ങിയ പദവിയില്‍ ഇരിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്താം.
  6. സ്ത്രീകള്‍ക്കു് പത്നീമാതാവിന്റെ സ്ഥാനത്തു ഭര്‍ത്താവിന്റെ അമ്മയെ ഉള്‍പ്പെടുത്താം.