തുളസി തന്റെ കര്‍ക്കടകം എന്ന പോസ്റ്റില്‍ താഴെപ്പറയുന്ന ശ്ലോകം ഉദ്ധരിച്ചു.
വഹന്തി വര്‍ഷന്തി നദന്തി ഭാന്തി
ധ്യായന്തി നൃത്യന്തി സമാശ്രയന്തി
നദ്യോ ഘനാ മത്തഗജാ വനാന്താഃ
പ്രിയാവിഹീനാഃ ശിഖിതാഃ പ്ലവംഗാഃ
പലരും ഇതിന്റെ അര്‍ത്ഥം ചോദിച്ചിരുന്നു. അതു വിശദമാക്കാനാണു് ഈ പോസ്റ്റ്.
ഇതു മഴക്കാലത്തിന്റെ വര്‍ണ്ണനയാണു്. വാല്മീകിയുടെ രാമായണത്തിലും കാളിദാസന്റെ ഋതുസംഹാരത്തിലും ഈ ശ്ലോകം കാണുന്നുണ്ടു്.
മലയാളത്തില്‍ അഭംഗിയായിത്തോന്നുന്നതും സംസ്കൃതത്തില്‍ ക്രമം എന്നു വിളിക്കുന്ന അലങ്കാരമായതും ആയ ഒരു രീതിയിലുള്ളതാണു് ഈ ശ്ലോകം. (കാളിദാസന്റെ “പിപീലികാ ദന്തിവരം പ്രസൂതേ” എന്ന സമസ്യയ്ക്കുള്ള പ്രസിദ്ധമായ പൂരണവും ഈ രീതിയിലുള്ളതാണു്). കുറേക്കാര്യങ്ങള്‍ പറഞ്ഞിട്ടു് അവയോടു ബന്ധപ്പെട്ട വേറേ കുറേ കാര്യങ്ങള്‍ അതേ ക്രമത്തില്‍ത്തന്നെ പറയുന്നതാണു് ഈ രീതി.
നദ്യഃ വഹന്തി | : | നദികള്‍ (ജലം) വഹിക്കുന്നു |
ഘനാഃ വര്‍ഷന്തി | : | മേഘങ്ങള്‍ വര്‍ഷിക്കുന്നു |
മത്തഗജാഃ നദന്തി | : | മദയാനകള്‍ ചിന്നം വിളിക്കുന്നു |
വനാന്താഃ ഭാന്തി | : | കാടിന്റെ ഉള്‍ഭാഗങ്ങള്‍ ശോഭിക്കുന്നു |
പ്രിയാവിഹീനാഃ ധ്യായന്തി | : | പ്രിയയോടു വേര്‍പെട്ടവര്‍ ചിന്തിച്ചിരിക്കുന്നു (ദുഃഖിക്കുന്നു) |
ശിഖിതാഃ നൃത്യന്തി | : | മയിലുകള്‍ നൃത്തം ചെയ്യുന്നു |
പ്ലവംഗാഃ സമാശ്രയന്തി | : | കുരങ്ങുകള്‍ (വനത്തെ) ആശ്രയിക്കുന്നു |
പ്ലവംഗത്തിനു തവള എന്നും കുരങ്ങു് എന്നും അര്‍ത്ഥമുണ്ടു്. തവള ആണെന്നു തോന്നുന്നു ഇവിടെ ഒന്നുകൂടി ചേര്‍ച്ച.
മലയാളത്തില്‍ പറഞ്ഞാല്‍ “വഹിക്കുന്നു വര്‍ഷിക്കുന്നു ചിന്നംവിളിക്കുന്നു ശോഭിക്കുന്നു ചിന്തിക്കുന്നു ആടുന്നു ആശ്രയിക്കുന്നു നദികള്‍ മേഘങ്ങള്‍ മദയാനകള്‍ വനാന്തങ്ങള്‍ പ്രിയാവിഹീനര്‍ മയിലുകള്‍ കുരങ്ങുകള്‍” എന്നു പറഞ്ഞാല്‍ അഭംഗിയാണു്. സംസ്കൃതത്തില്‍ ഭംഗിയുമാണു്.
ഇതുപോലെയുള്ള മറ്റൊരു ശ്ലോകം:
വീടീകരാഗ്രാ വിരഹാതുരാ സാ
ചേടീമവാദീദിഹ ചിത്തജന്മാ
പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
ആയാതി നായാതി ന യാതി യാതി
വിരഹാതുരയായ അവള് കയ്യില്‍ (പ്രിയനു കൊടുക്കാന്‍) മുറുക്കാനും പിടിച്ചു കൊണ്ടു് തോഴിയോടു പറഞ്ഞു: “കാമദേവനും പ്രാണേശ്വരനും ജീവിതവും രാത്രിയും വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു”.
കാമദേവന് (കാമവികാരം) വരുന്നു, പ്രാണേശ്വരന് വരുന്നില്ല, ജീവിതം അവസാനിക്കുന്നില്ല, രാത്രി അവസാനിക്കുകയും ചെയ്യുന്നു എന്നു താത്പര്യം. “ആയാതി നായാതി ന യാതി യാതി” എന്ന സമസ്യ കാളിദാസന് പൂരിപ്പിച്ചതാണു് ഇതു്.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഋതുസംഹാരപരിഭാഷയില്‍ നിന്നു്:
ഒലിപ്പു, വര്‍ഷിപ്പു, സമാശ്രയിപ്പൂ
വിളിപ്പു, ചിന്തിപ്പു, നടിപ്പു, വെല്വൂ
കാട്ടാര്, കരിങ്കൊണ്ടല്‍, കുരങ്ങു, കൊമ്പന്,
പ്രിയാവിഹീനന്‍, മയില്‍, കാനനാന്തം.
ഭാന്തി എന്നതിനു് ശോഭിക്കുന്നു എന്നാണു് വെല്വൂ എന്നതിനേക്കാള്‍ ശരി എന്നു തോന്നുന്നു. വഹന്തി എന്നതിനു “കുത്തിയൊഴുകുന്നു/ഒലിക്കുന്നു” എന്ന അര്‍ത്ഥം തന്നെ ഒന്നുകൂടി നല്ലതു്.
[2006/08/04]: വിശ്വത്തിന്റെ കമന്റു കണ്ടതിനു ശേഷം മൊത്തം മാറ്റിയെഴുതി. നന്ദി, വിശ്വം!
Umesh::ഉമേഷ് | 03-Aug-06 at 1:25 pm | Permalink
തുളസി ചൊല്ലിയ ശ്ലോകത്തിന്റെ അര്‍ത്ഥവും സ്വാരസ്യവും.
കുറുമാന് | 03-Aug-06 at 1:40 pm | Permalink
വീക്കെന്റായി വീട്ടില്‍ പോയി വീലാവുന്നതിന്നു മുന്‍പായി തുളസിയുടെ പോസ്റ്റില്‍ ഇട്ടിരുന്ന ശ്ലോകത്തിന്റെ അര്‍ത്ഥം ഉമേഷ്ജി എഴുതിയത് ഞാന്‍ വായിച്ചു മനസ്സിലാക്കി.
വീക്കെന്റില്‍ വീട്ടില്‍ പോയി വീലായിട്ടായിരുന്നെങ്കിലോ?
തുളസൈടെ ശൊകത്തിന്റെ അര്‍ത്തം ഇലന്തൂര്‍ ഗുരുക്കല് എളുതിയത് നാന് വായിചു മന്സിലാക്കാന് പാടുപെറ്റേനെ:)
Su | 03-Aug-06 at 1:50 pm | Permalink
നന്ദി 🙂
Umesh::ഉമേഷ് | 03-Aug-06 at 2:30 pm | Permalink
ഋതുസംഹാരത്തില്‍ വര്ഷവര്ണ്ണനയിലുള്ളതാണിതു്. ആദ്യത്തെ വായനയില്‍ കണ്ടില്ല.
എന്റെ തിരുത്തുകള്‍ ശരിതന്നെ. പ്ലവംഗം കുരങ്ങെന്നാണു വിവക്ഷ എന്നു തോന്നുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പരിഭാഷ ഇതാ:
ഒലിപ്പു, വര്‍ഷിപ്പു, സമാശ്രയിപ്പൂ
വിളിപ്പു, ചിന്തിപ്പു, നടിപ്പു, വെല്വൂ
കാട്ടാര്, കരിങ്കൊണ്ടല്‍, കുരങ്ങു, കൊമ്പന്,
പ്രിയാവിഹീനന്‍, മയില്‍, കാനനാന്തം.
InjiPennu | 03-Aug-06 at 2:44 pm | Permalink
തവളകള്‍ ആശ്രയിക്കുന്നു –> അതെന്താണ് ആശ്രയിക്കുന്നു എന്ന് പറഞ്ഞാല്‍? പിന്നെ കുരങ്ങന് മഴയത്ത് എന്തു കാര്യം? എനിക്ക് മനസ്സിലായില്ല.
Viswam (ViswaPrabha) | 04-Aug-06 at 3:59 am | Permalink
ആനകള്‍, അഥവാ ആനകള്‍ പോലെ, ചിന്നം വിളിക്കുന്നു, ഗര്‍ജ്ജിക്കുന്നു. നദന്തി, നഭന്തിയാവണമെന്നില്ല.
നഭതേ (ഏ.വ.,ആ.പ)എന്നു കണ്ടിട്ടുണ്ട് = പൊട്ടിപ്പിളരുക, ഉത്സര്ജ്ജിക്കുക, വലിച്ചുകീറുക
പ്ലവംഗാ: / പ്ലവംഗമാ: = പ്ലാക്ഷം, ഇത്തി, ചുവന്ന ആല്, Ficus Infectoria? (പ്ലാശല്ല! പൂവരശുമല്ല)
അത്തി, ഇത്തി, അരയാല്‍, പേരാല്‍ ഇവയാണു നാല്പാമരം. പൂജ, വൈദ്യം ഇവയ്ക്കൊക്കെ അവശ്യം. നാല്പ്പാമരങ്ങള് നാലും ബ്രാഹ്മണമരങ്ങളാണെന്നു പറയുന്നു അമ്മ! നാലു പാഴ്മരങ്ങളാണോ എന്നാണെന്റെ സംശയം!
മഴയത്ത് നന്നായി കുട ചൂടിത്തരുന്ന, ഒട്ടും ചോരാത്ത വണ്ണം പന്തലിച്ച് ഇലകളുള്ളതാണ് ഇത്തി.
വിശേഷപ്പെട്ട അര്‍ത്ഥങ്ങളാവാം.
രസകരമായി, വളരെ സ്വതന്ത്രമായി , വികടമായി, അന്വയിച്ചാല്‍,ഇപ്പോള്‍ പല അര്‍ഥങ്ങള്‍ ഉണ്ടായിക്കൂടേ?
ചില loose examles:
മേഘം നദിയെ, വിരഹി ധ്യാനത്തിനെ-ദിവാസ്വപ്നത്തിനെ,
മത്തക്കൊമ്പനെപ്പോലെ ഗര്‍ജ്ജിക്കുന്ന,ഉള്‍ക്കാട്ടില്‍ പോലും Candy വിതറുന്ന,
മഴപെയ്യുമ്പോള്‍ വിരഹിയായി നൃത്തം ചെയ്യുന്ന ,മയിലുകള്‍ ഇട്ടിമരത്തിനടിയില്….
ഇനി പിന്നെ…
Umesh::ഉമേഷ് | 04-Aug-06 at 5:11 am | Permalink
നന്ദി, വിശ്വം. നഭന്തി അല്ല, നദന്തി തന്നെ. ചിന്നം വിളിക്കുന്നു എന്നര്‍ത്ഥം.
എന്‍. ബി. എസ്. പ്രസിദ്ധീകരിച്ച കാളിദാസകൃതികള്‍ എന്റെ കയ്യിലുണ്ടു്. എല്ലാ കൃതികളും ഓരോ പദ്യതര്ജ്ജമയോടുകൂടി. വ്യാഖ്യാനമൊന്നുമില്ല. അതില്‍ നോക്കിയാണു ശ്ലോകം തിരുത്തിയതു്. അപ്പോഴും കണ്ണു പിടിച്ചില്ല. നഭന്തി അല്ല നദന്തി ആണെന്നു മനസ്സിലായില്ല. ഇനി സന്തോഷിന്റെ നക്ഷത്രത്തെ നോക്കുന്ന പ്രശ്നമില്ല 🙂
വിശ്വം പിന്നെ ശരിക്കു കാടുകയറി. നോസ്റ്റര്ദാമസിന്റ്റെ പദ്യത്തെ എറിക്ക ചേതം (എനിക്കാ ചേതം?) വ്യാഖ്യാനിച്ചതുപോലെയുണ്ടല്ലോ എന്റമ്മച്ചിയേ? എങ്ങനൊക്കെ അന്വയിച്ചാലും അങ്ങനൊന്നും വരുന്നില്ലല്ല്ലോ വിശ്വം. കാളിദാസന്റെ പുറത്തു തന്നെ വേണോ നമ്മുടെ ഈ അഭ്യാസം.
പോസ്റ്റില്‍ നദന്തി എന്നു് ഉടനേ തിരുത്താം. തുളസിയും തിരുത്തുമല്ലോ.
വിശ്വപ്രഭ Viswaprab | 04-Aug-06 at 5:14 am | Permalink
അന്യോന്യം സമ്മതിച്ച പോലെ, സുഗ്രീവനു രാജ്യത്തേയും സഖിയേയും നേടിക്കൊടുത്ത് പട്ടാഭിഷേകവും നടത്തി രാമന്.
കുറച്ചുകാലം തന്റെ പുതിയ സുഖവാസസൌകര്യങ്ങള് അനുഭവിക്കാനും വിട്ടു സുഗ്രീവനെ.
രാമനും ലക്ഷ്മണനും മാത്രമാവുന്നു ഇനി കുറെ നാളത്തേക്ക്…
മഴക്കാലം വരികയായി…
വര്‍ഷക്കാലം ശാന്തമായി ചെലവഴിക്കാന്‍ അവര്‍ പ്രശ്രവണപര്വ്വതത്തിലേക്കു യാത്രയായി.
അപ്പോള്‍ രാമന് ലക്ഷ്മണനു ചുറ്റുമുള്ള വനത്തെ കാണിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു……
പ്രകൃതിയുടെ സംഗീതാത്മകതയും വാചാലതയും ഹൃദ്യോത്തമമായി വിവരിച്ചിരിക്കുന്നു വാല്മീകി രാമായണം കിഷ്കിണ്ഡാകാണ്ഡത്തില്!
വര്ഷഋതുസംഹാരത്തെപ്പോലെ അത്ര തന്നെ കാവ്യാത്മകമായ ഈ ഭാഗം ഇരുപത്തിയെട്ടാം സര്‍ഗ്ഗത്തിലാണ്.
അതിലെ 27-ആമത്തെ ശ്ലോകമാണ് “വഹന്തി…”
വെറുതെയല്ല, കാളിദാസനെ വാത്മീകിയുടെ ‘സാക്ഷാല്‍ ശിഷ്യന്‘ എന്നു പറയുന്നത്.
“വഹന്തി വര്‍ഷന്തി നദന്തി ഭാന്തി
ധ്യായന്തി നൃത്യന്തി സമാശ്വസന്തി
നദ്യോ ഘനാ മത്തഗജാ വനാന്തഃ
പ്രിയാവിഹീനാഃ ശിഖിനാഃ പ്ലവംഗാഃ”
നദികള്‍ കവിഞ്ഞൊഴുകുന്നു, മദയാനകള്‍ ചിന്നം വിളിച്ചലയുന്നു, (മിന്നലിന്റെ ശോഭകൊണ്ട്), കാടിന്റെ അകം പോലും തിളങ്ങുന്നു, വിരഹകാമുകന്മാര് ദിവാസ്വപ്നങ്ങളില്‍ മുഴുകുന്നു, മയിലുകള്‍ നൃത്തം വെക്കുന്നു, സമൃദ്ധമായി ഫലമൂലാദികള്‍ ഉള്ളതിനാല്‍ കുരങ്ങുകള്‍ അവിടെയും ഇവിടെയും ചാടി നടക്കാതെ ഒരിടത്തുതന്നെ ഒന്നിച്ചുവസിക്കുവാന് തീരുമാനിക്കുന്നു…
Su | 04-Aug-06 at 5:17 am | Permalink
ഒരു തീരുമാനം ആയോ ?
Umesh::ഉമേഷ് | 04-Aug-06 at 2:12 pm | Permalink
വിശ്വം പറഞ്ഞതു ശരിയാണു്. ഇതു വാല്മീകിരാമായണത്തിലുമുണ്ടു്. അപ്പോള്‍ മിക്കവാറും ഋതുസംഹാരത്തിലേതു പ്രക്ഷിപ്തമായിരിക്കും. കാളിദാസന് കട്ടെടുക്കാന്‍ വഴിയില്ല. പിന്നീടുള്ളവര്‍ ചേര്‍ത്തതായിരിക്കും.
ഇങ്ങനെ പല ശ്ലോകങ്ങളുമുണ്ടു്. ഉദാഹരണമായി, ഭര്‍ത്തൃഹരിയുടെ നീതിശതകത്തിലുള്ള “ഭവന്തി നമ്രാസ്തരവഃ..” എന്ന ശ്ലോകം ശാകുന്തളത്തിലും കാണുന്നുണ്ടു്.
രാമായണം മൂലം ഇന്റര്‍നെറ്റില്‍ പലയിടത്തുമുണ്ടു്. വിക്കിസോഴ്സ് ഉള്‍പ്പെടെ.
വളരെ നന്ദി, വിശ്വം. പോസ്റ്റ് ഞാന്‍ മാറ്റിയെഴുതാം.
Umesh::ഉമേഷ് | 04-Aug-06 at 2:21 pm | Permalink
വിശ്വം പറഞ്ഞതുപോലെ ഈ ശ്ലോകം വാല്മീകിരാമായണത്തിലുമുണ്ടു്. അതിന്റെ വെളിച്ചത്തില്‍ പോസ്റ്റ് ഞാന്‍ മാറ്റിയെഴുതി.
നന്ദി, വിശ്വം!