ആളുകള്‍ ഇച്ഛിക്കുന്നതു്…

സുഭാഷിതം

പല സ്വഭാവമുള്ളവര്‍ ആഗ്രഹിക്കുന്നതു പലതാണു് എന്നര്‍ത്ഥമുള്ള ഒരു സംസ്കൃതശ്ലോകം:

മക്ഷികാഃ വ്രണമിച്ഛന്തി
ധനമിച്ഛന്തി പാര്‍ത്ഥിവാഃ
നീചാഃ കലഹമിച്ഛന്തി
സന്ധിമിച്ഛന്തി പണ്ഡിതാഃ

അര്‍ത്ഥം:

മക്ഷികാഃ വ്രണം ഇച്ഛന്തി : ഈച്ചകള്‍ പുണ്ണിനെ ആഗ്രഹിക്കുന്നു
പാര്‍ത്ഥിവാഃ ധനം ഇച്ഛന്തി : രാജാക്കന്മാര്‍ ധനം ആഗ്രഹിക്കുന്നു
നീചാഃ കലഹം ഇച്ഛന്തി : നീചന്മാര്‍ കലഹം ആഗ്രഹിക്കുന്നു
പണ്ഡിതാഃ സന്ധിം ഇച്ഛന്തി : പണ്ഡിതന്മാര്‍ സമാധാനം ആഗ്രഹിക്കുന്നു

രാജാക്കന്മാര്‍ (ഭരണാധികാരികള്‍) കാശു പിടുങ്ങാന്‍ നടക്കുന്നവരാണെന്നുള്ള അഭിപ്രായം പണ്ടേ ഉണ്ടായിരുന്നു എന്നു വ്യക്തം.


ബൂലോഗത്തും ഈ ശ്ലോകം പ്രസക്തമാണു്. ചിലര്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളെപ്പോലെയുള്ള കൊള്ളരുതായ്മയെല്ലാം ബ്ലോഗിലിടുന്നു. (മലയാളം ബ്ലോഗുകളില്‍ ഇവര്‍ കുറവാണു്-മനോരമയുടെ ബാബുക്കുട്ടന്‍ അവരെ മാത്രമേ കാണുന്നുള്ളൂ എങ്കിലും.) ചിലര്‍ ഇതില്‍ നിന്നു് എങ്ങനെയെങ്കിലും പണമുണ്ടാക്കാമോ എന്നു നോക്കുന്നു-ഗൂഗിള്‍ പരസ്യം കൊടുത്തും സ്വന്തം ഉല്പന്നങ്ങളുടെ പരസ്യം കൊടുത്തും. ചിലര്‍ എവിടെയെങ്കിലും അടിയുണ്ടാക്കാന്‍ വഴിയുണ്ടോ എന്നു നോക്കിനടക്കുന്നു. ചിലര്‍ ഈ കൂട്ടായ്മയ്ക്കു ഭംഗം വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ പരിശ്രമിക്കുന്നു.


ബ്ലോഗെഴുതുന്നതു കൊണ്ടു് പല തരത്തിലുള്ളവര്‍ ആഗ്രഹിക്കുന്നതും പലതാണു്. അതിനെപ്പറ്റി മൂന്നു ശ്ലോകങ്ങള്‍ എഴുതിക്കോട്ടേ:

മഴ കര്‍ക്കടകത്തില്‍പ്പോല്‍
‘കമന്റി’ച്ഛിപ്പതേറെയാള്‍;
‘റേറ്റിംഗു’ കിട്ടി മേലെപ്പോയ്
പേരു കാംക്ഷിപ്പതേറെയാള്‍;

ഏറെപ്പേര്‍ ‘ലിങ്കു’ ചെയ്തിട്ടു
‘ഹിറ്റു’ കൂടാനുമേറെയാള്‍;
പത്രത്തില്‍ വാര്‍ത്ത കിട്ടീടാന്‍
പടം കാണാനുമേറെയാള്‍;

നല്ലവണ്ണം രചിച്ചിട്ടു
നല്ല മര്‍ത്ത്യര്‍ക്കു നിത്യവും
വായിക്കാനുതകീടേണം
എന്നു ചിന്തിച്ചിടും ബുധര്‍.