തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുന്ന കാര്യം പറഞ്ഞപ്പോഴാണു് ഈ സംഭവം ഓര്‍മ്മ വന്നതു്.
പണ്ടു പണ്ടു്, ടെലിവിഷനും പാട്ടുപെട്ടിയും ഒന്നും വീട്ടിലില്ലായിരുന്ന കാലത്തു്, പാട്ടു കേള്‍ക്കാന്‍ ആകെ ആലംബം റേഡിയോ ആയിരുന്നു. എന്റെ വീട്ടിലെ റേഡിയോ ആലപ്പുഴ സ്റ്റേഷനിലേക്കു സ്ഥിരമായി ട്യൂണ്‍ ചെയ്തു വെച്ചിരുന്നതുകൊണ്ടു് 550 എന്ന സംഖ്യയ്ക്കു മുകളില്‍ വര വീണതായിരുന്നു. എന്റെ ചെറുപ്പത്തില്‍ അതില്‍ നിന്നു് “ആകാശവാണി-തൃശ്ശൂര്‍, ആലപ്പുഴ” എന്നു് ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. പിന്നീടു് തിരുവനന്തപുരവും ആ ലിസ്റ്റില്‍ വന്നു. വല്ലപ്പോഴും കോഴിക്കോടും. ആലപ്പുഴ ഒരു റിലേ സ്റ്റേഷന് മാത്രമാണെങ്കിലും, ഞങ്ങള്‍ക്കതു് അഭിമാനത്തിന്റെ പ്രതീകമായിരുന്നു.
റേഡിയോ സാമാന്യം നന്നായിത്തന്നെ കേട്ടിരുന്നു. ആറു് അമ്പതിന്റെ പ്രാദേശികവാര്‍ത്തകള്‍ തൊട്ടുള്ള വാര്‍ത്തകള്‍ (മലയാളത്തിലുള്ളവ മാത്രം), ഏഴരയ്ക്കോ മറ്റോ ഉള്ള ലളിതസംഗീതപാഠം, ഇടയ്ക്കിടയ്ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ എന്നിവയും, ആഴ്ചയിലൊരിക്കലുള്ള നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളടങ്ങിയ രഞ്ജിനി, ബാലലോകം, രാത്രി എട്ടു മണിക്കുള്ള “കണ്ടതും കേട്ടതും,” രാത്രി ഒമ്പതേകാലിനുള്ള തുടര്‍നാടകം എന്നിവയും വല്ലപ്പോഴും രാത്രി ഒമ്പതരയ്ക്കുള്ള ചലച്ചിത്ര ശബ്ദരേഖ, കൊല്ലത്തില്‍ ഒരിക്കലുള്ള നാടകവാരം, അതില്‍ ഒരു ദിവസമുള്ള ചലച്ചിത്രതാരങ്ങള്‍ പങ്കെടുക്കുന്ന നാടകം എന്നിവയും എന്നിങ്ങനെ ആലപ്പുഴ നിലയത്തിലെ ഒരുമാതിരി പരിപാടികള്‍ മുഴുവന്‍ കേട്ടിരുന്നെങ്കിലും, ഏറ്റവും പ്രിയങ്കരം ചലച്ചിത്രഗാനങ്ങള്‍ തന്നെ. വീട്ടിലുള്ള ഏതു സമയത്തും ചലച്ചിത്രഗാനങ്ങള്‍ റേഡിയോയിലുണ്ടെങ്കില്‍ വെച്ചിരിക്കും-ഏതു പരീക്ഷയുടെ നടുക്കാണെങ്കിലും.
സ്കൂള്‍ കഴിഞ്ഞു് കോളേജില്‍ പോയപ്പോഴും ഈ ശീലം വിട്ടില്ല. ആര്. ഇ. സി. യില്‍ ചലച്ചിത്രഗാനസമയത്തു് എന്നെ കാണണമെങ്കില്‍ സ്വന്തമായി റേഡിയോ ഉണ്ടായിരുന്ന ആരുടെയെങ്കിലും മുറിയില്‍ പോകണം എന്ന സ്ഥിതിയായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണു് ആ അത്യാഹിതം ഉണ്ടായതു്. ചലച്ചിത്രഗാനങ്ങള്‍ക്കിടയില്‍ കല്ലുകടിയായി പരസ്യങ്ങള്‍. നാലു മിനിട്ടു പാട്ടു്. പിന്നെ പത്തു മിനിട്ടു പരസ്യം. ആരോടു പ്രതികരിക്കാന്‍? അന്നു ബ്ലോഗും ഒന്നും ഉണ്ടായിരുന്നില്ലല്ലോ.
ക്രമേണ ഈ പരസ്യങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറി. അവയിലെ ഭംഗിയുള്ള പ്രയോഗങ്ങളും വൈകൃതങ്ങളും ചലച്ചിത്രഗാനങ്ങള്‍ പോലെ തന്നെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ തുടങ്ങി.
പരസ്യങ്ങളില്‍ ഒട്ടു വ്യത്യസ്തത പുലര്‍ത്തിയിരുന്നു പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റേതു്. കവിത തുളുമ്പുന്ന പരസ്യവാക്യങ്ങള്‍. പുളിമൂട്ടിലില്‍ ആരോ കവികളുണ്ടെന്നു് ഞാന്‍ അനുമാനിച്ചു.
അങ്ങനെയിരിക്കേ പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ഒരു പരസ്യം കേട്ടു:
മനസ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടു പോലെ നിങ്ങള്‍ സൂക്ഷിച്ച ആ സ്വപ്നം…
സംഭവമൊക്കെ കൊള്ളാം. പക്ഷേ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടോ? കുറേ ദിവസം ഇതു കേട്ടതിനു ശേഷം സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു പോസ്റ്റ് കാര്‍ഡെടുത്തു് ഇങ്ങനെ എഴുതി:
സുഹൃത്തേ,
താളുകള്‍ക്കിടയില്‍ ആരും മയില്‍പ്പീലിത്തണ്ടു വെയ്ക്കാറില്ല. മയില്‍പ്പീലിയാണു വെയ്ക്കുക. ഇത്തരമൊരു മണ്ടത്തരം ദയവായി മലയാളികളെ മൊത്തം കേള്‍പ്പിക്കാതിരിക്കുക.
ഈ കത്തു് “മാനേജര്‍, പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്, കോട്ടയം” എന്ന വിലാസത്തില്‍ അയച്ചു. തൊടുപുഴയിലാണു ഹെഡ് ഓഫീസ് എന്നു് അറിയില്ലായിരുന്നു. “കോട്ടയം, തൊടുപുഴ” എന്നു പറയുന്നതുകൊണ്ടു് കോട്ടയമാണെന്നു കരുതി.
ഒരു മാസത്തിന്റെ അവസാനത്തോടടുപ്പിച്ചായിരുന്നു ഇതയച്ചതു്. എന്റെ പൂര്‍ണ്ണമായ മേല്‍വിലാസവും എഴുതിയിരുന്നെങ്കിലും, അതിനു മറുപടി എനിക്കു കിട്ടിയില്ല.
ഒരു പരസ്യത്തിന്റെ കോണ്‍ട്രാക്ട് ഒരു മാസത്തേക്കാണു്. അടുത്ത മാസം ആദ്യമേ പിന്നെ മാറ്റാന്‍ പറ്റൂ. അടുത്ത മാസം പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു പരസ്യമായിരുന്നു-“പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്” എന്നു് ഒരു പെമ്പ്രന്നോര് അഞ്ചാറു തവണ “ഗപധപധപ” എന്ന ശ്രുതിയില്‍ പറയുന്ന ഒരു പരസ്യം. ഷോര്‍ട്ട് നോട്ടീസില്‍ കിട്ടിയ പ്രമാദം അവര്‍ മനസ്സിലാക്കിയെന്നും പകരം ഒന്നുണ്ടാക്കാന്‍ കുറഞ്ഞ സമയത്തില്‍ പറ്റിയില്ല എന്നും മനസ്സിലായി.
ഞാന്‍ കാത്തിരുന്നു, അടുത്ത മാസത്തിനു വേണ്ടി.
പ്രതീക്ഷിച്ച പോലെ, അടുത്ത മാസത്തില്‍ അവര്‍ പരസ്യം മാറ്റി:
മനസ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തുണ്ടു പോലെ…
തെറ്റു തിരുത്തി. അതേ സമയം നേരത്തേ കേട്ടിട്ടുള്ളവര്‍ തെറ്റുണ്ടായിരുന്നു എന്നു മനസ്സിലാക്കുകയും ഇല്ല! മിടുക്കന്മാര്!
എന്നിട്ടും ഞാന്‍ പുളിമൂട്ടില്‍ ഏതോ കവിയുണ്ടെന്നു വിശ്വസിച്ചു പോന്നു. കുറേക്കാലം കഴിഞ്ഞപ്പോഴാണു് ഇത്രയും ചലച്ചിത്രഗാനങ്ങള്‍ കേട്ടിട്ടും ഞാന്‍ വിട്ടുപോയ ഒരു ഗാനത്തില്‍ ഓ. എന്‍. വി. എഴുതിയതാണു് ഈ കല്പന എന്നറിഞ്ഞതു്:
മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചു വെച്ചു….
ആ ഗാനം അതിനു ശേഷം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി മാറി.
[2006/08/17] ഈ ഗാനം അചിന്ത്യ, ചേച്ച്യമ്മ, ഉമാചിന്ത്യ എന്നു പല പേരുകളിലും അറിയപ്പെടുന്ന ഉമച്ചേച്ചി അയച്ചുതന്നതു്:
Umesh::ഉമേഷ് | 16-Aug-06 at 1:46 am | Permalink
സ്വന്തം ബ്ലോഗില്‍ “ഉമേഷേട്ടന്-ഒന്നും മനസ്സിലാവാത്ത ബ്ലോഗ്” എന്ന ശീര്‍ഷകത്തില്‍ എന്റെ ബ്ലോഗിലേക്കൊരു ലിങ്കു കൊടുത്തിരിക്കുന്ന ഇഞ്ചിക്കു് ഞാന്‍ ഈ പോസ്റ്റു സമര്‍പ്പിക്കുന്നു. ഒരു പോസ്റ്റെങ്കിലും ഇഞ്ചിക്കു മനസ്സിലാകുമോ എന്നു നോക്കട്ടേ 🙂
ബിന്ദു | 16-Aug-06 at 1:57 am | Permalink
ഉമേഷ്ജിക്കിതും നന്നായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു… 🙂 ഇഞ്ചീ പരസ്യം മാറ്റണം ഇനി.
ഇഞ്ചിപ്പെണ്ണ് | 16-Aug-06 at 2:04 am | Permalink
ഉമേഷേട്ടാ
എന്താന്നറിയില്ല..ഇതു വായിച്ചപ്പൊ എനിക്ക് സങ്കടം വന്നു..റ്റൂ കണ്ണും നിറഞ്ഞു. മഞ്ഞയും ബ്രൌണും നിറമുള്ള റേഡിയോയില്‍ ചെവിവെച്ച് ശ്രദ്ധിച്ചു പാട്ടൊക്കെ കേക്കുന്ന…..എന്നിട്ട് ഒരു പോസ്റ്റ് കാര്‍ഡ് എടുത്ത് എഴുതുന്ന ഒരു പാവം കൊച്ചു ചെക്കനെ എനിക്ക് കാണാണ് പറ്റി….ഇപ്പോ എത്ര വലിയ ചെക്കന് ആയിരിക്കുന്നു…ഉമേഷേട്ടന് ആയിരിക്കുന്നു.
(ഞാന്‍ അത് ആരും കാണൂല്ലാന്നാ വിചാരിച്ചെ…ഞാന്‍ മാറ്റണോ അത്? )
Umesh::ഉമേഷ് | 16-Aug-06 at 2:11 am | Permalink
അതു മാറ്റുകയൊന്നും വേണ്ടാ. അതവിടെ ഉള്ളതുകൊണ്ടല്ലേ ഈ പോസ്റ്റ് എഴുതാന്‍ തോന്നിയതു് 🙂
പിന്നെ ഒരു സത്യം പറയാം. എന്റെ പഴയ പല പോസ്റ്റുകളും എനിക്കു തന്നെ മനസ്സിലാകുന്നില്ല.
റേഡിയോ അതു തന്നെ. മഞ്ഞയും ബ്രൌണും നിറമുള്ള ഫിലിപ്സിന്റെ പെട്ടി. ബാന്‍ഡു മാറ്റാന്‍ വെളുത്ത അഞ്ചു കട്ടകള്‍. അതിലെ രണ്ടാമത്തേതു സ്ഥിരമായി അമര്‍ത്തി വെച്ചിരിക്കും-ആലപ്പുഴ കിട്ടാന്‍. റേഡിയോയ്ക്കുള്ളില്‍ ഒരു പല്ലി താമസിച്ചിരുന്നു. മുന്നിലെ ചില്ലിലൂടെ നോക്കിയാല്‍ കാണാം. രണ്ടിഞ്ചു വീതിയില്‍ അഞ്ചടി നീളത്തില്‍ ഒരു വലയായിരുന്നു ഏരിയല്‍. അതിലേക്ക് റേഡിയോയില്‍ നിന്നൊരു കമ്പി.
Adithyan | 16-Aug-06 at 2:25 am | Permalink
പണ്ടേ ഒരു തിരുത്തല്‍വാദി ആയിരുന്നു അല്ലെ? 🙂
എനിക്കു താങ്കള്‍ തിരുത്തുന്നത് ഇഷ്ടമാണ്. കാരണം മിക്കവാറും ആള്ക്കാര് തിരുത്തുന്നത് സ്വന്തം പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവനെ ഇടിച്ചു താഴത്താനും ഒക്കെയാണ്. പക്ഷെ താങ്കളുടേ തിരുത്തലുകള്‍ ഈ രണ്ടു വിഭാഗത്തിലും പെടില്ല.
wakaari | 16-Aug-06 at 2:56 am | Permalink
കൊള്ളാം. നോവാള്‍ജിയ (കഃട്-ദേവേട്ടന്).
ഞങ്ങളുടെ വീട്ടിലും ഏകദേശം ഇതേ അവസ്ഥയായിരുന്നു. ഞായറാഴ്ച രഞ്ജിനിയും നാടകവാരവും ആറമ്പതിന്റെ വാര്‍ത്തയും ഏഴരയുടെ ദേശീയവാര്‍ത്തയും… പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്ന പ്രതാപന്റെ സ്വരം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഏഴരയുടെ ദേശീയവാര്‍ത്ത വായിക്കുന്ന ആളുടെ പേര് മറന്നുപോയി. പിന്നെ കണ്ടതും കേട്ടതും, കൃഷിപാഠം… ശനിയാഴ്ച ഉച്ചകഴിഞ്ഞോ മറ്റോ ഉള്ള സിലോണ്‍ റേഡിയോ, നെഹ്രു ട്രോഫി വള്ളം കളി… സംസ്കൃതി വാര്‍ത്താ ഹി ശുയന്താ, പ്രവാചക ബലവിയാനന്ദ സാഗര (തിരുത്തിക്കോ:) )
റേഡിയോ കെല്‍ട്രോണിന്റെ പച്ചയും ചാരയും കളറുള്ള, ടാക്സ് വേണ്ടാത്ത കുഞ്ഞ് റേഡിയോ. കൊല്ലങ്ങളോളം ഞങ്ങളെ സേവിച്ചു.
പക്ഷേ ഞാനോര്‍ക്കുന്ന പരസ്യങ്ങള്‍:
“വാട്ടീസ് ദിസ്, എന്താ ലീലാമ്മേ, ഫയലുകളൊന്നും നീങ്ങുന്നില്ലല്ലോ, മൈക്കിള്‍സ് ടീ കുടിച്ചില്ലേ”
“രാധേ അതിമനോഹരമായിരിക്കുന്നു… ഹി…ഹി…ഹി, എന്നെയാണോ ഉദ്ദേശിച്ചത്? നിന്നെയല്ല, നിന്റെ പാചകം”
പിന്നെ അകത്തുകയറി പുറത്തോട്ട് നോക്കിയാല്‍ വലിയ ഒരു തുണിക്കട കാണാമെന്ന അയ്യപ്പാസിന്റെ പരസ്യം…
ഓര്‍മ്മകള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചതിന് ഉമേഷ്ജിക്ക് നന്ദി.
ഇഞ്ചിപ്പെണ്ണ് | 16-Aug-06 at 3:02 am | Permalink
ഞാന്‍ കണ്ടിട്ടുണ്ട് ആ റേഡിയോ..എന്റെ അപ്പാപ്പന് സ്ഥിരം പാട്ട് കേക്കുമായിരുന്നു അതില്‍…
rajeev | 16-Aug-06 at 3:14 am | Permalink
മറ്റുള്ളവരോട് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും അതിലേറെ മറ്റുള്ളവര്‍ ചൂണ്ട്ക്കാണിക്കുന്ന തെറ്റുകള്‍ അംഗീകരിക്കാനും അറിവുണ്ടായാല്‍ മാത്രം പോര, വലിയൊരു മനസ്സുകൂടി വേണം. ഉമേഷ് മാഷുക്കത് ഉണ്ട്. തെറ്റുകള്‍ അംഗീകരിക്കാനും തിരുത്താനും തെറ്റുചൂണ്ടി കാണിക്കുന്നവരെ ബഹുമാനിക്കാനുമുള്ള വിശാലമനസ്സ്.
വിശാലാാ.. | 16-Aug-06 at 3:22 am | Permalink
എന്റെ റേഡിയോ ഓര്‍മ്മയിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയൊരു പോസ്റ്റ്. നന്ദി മാഷെ. വളരെ നന്ദി.
‘എന്ത് ചായക്ക് പാലില്ലെന്നോ?’ ഓര്‍മ്മിച്ചു.
‘തുള്ളി നീലം എന്ന് ചോദിക്കരുത്… റീഗല്‍ തുള്ളിനീലം എന്ന് ചോദിച്ചുവാങ്ങുക’
കൃഷിപാഠം ഓര്‍ത്തു..’ തണ്ടുതുരപ്പനെ ഓര്‍ത്തു, കീടനാശിനിയെ ഓര്‍ത്തു, ഫാക്ടം ഫോസ് 20:20, പാക്യജനകം (?) ഹെക്റ്ററൊന്നിന്… മിശ്രിതം…
‘തൃശ്ശൂര്‍ നിലയത്തിലേക്ക് എന്നും കത്തെഴുതിയിരുന്ന, ‘നബീസ കുഞ്ഞാപ്പു പന്താവൂരി‘ ഓര്‍ത്തു. ‘നളന് പുല്ലൂരി‘യും.
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം!
Kuttyedathi | 16-Aug-06 at 3:34 am | Permalink
‘എന്തു് ചായക്കു പാലില്ലെന്നോ ? അനിക്സ്പ്രേ ഉണ്ടല്ലോ…’
മഴ മഴ മഴ മഴ…..
കുട കുട കുട കുട….
സെന്റ് ജോറ്ജ് കുടകള്‍…
ഞങള്‍ സൂക്ഷ്മതയോടെ നിറ്മ്മിക്കുന്നു..
നിങള്‍ അഭിമാനത്തോടെ ഉപയോഗിക്കുന്നു…
ഇങനെ എത്ര എത്ര പരസ്യങ്ങള്‍, മനസ്സില്‍ ഇന്നും തങ്ങി നില്ക്കുന്നു. ഉമേഷ്ജി പറഞ്ഞ പോലെ രാവിലെ ആറേ മുക്കാലിന്റെ കോഴിക്കോടു നിലയത്തില്‍ നിന്നുള്ള വാറ്ത്തയും, ഏഴ് ഇരുപത്തഞ്ചിനുള്ള ഡെല്‍ഹി വാറ്ത്തയും, ഉച്ചയ്ക്കു പന്ത്രണ്ടരയുടെയും വൈകിട്ടാറേ കാലിന്റെയുമൊക്കെ വാറ്ത്തകള് ജീവിതത്തിന്റെ ഭാഗമായിരുന്നു.
യേതോ വെവരമില്ലാത്തൊരു കത്തനാരു പള്ളിയില്‍ പ്രസംഗത്തിനിടയില്‍, റേടിയോയും, റ്റി വി യും, പിന്നെ മാ പ്രസിദ്ധീകരണങളുമൊക്കെ പുതിയ തലമുറയെ വഴി തെറ്റിക്കും എന്നു പറഞതു കേട്ട പാതി കേള്‍ക്കാത്ത പാതി, അമ്മ വീട്ടില്‍ വന്നു ‘ഇനിയാരും ഇവിടെ വാറ്ത്ത കേള്‍ക്കാന്‍ എന്നെങാനും പറഞ്ഞാ കുന്തം ഓണ്‍ ചെയ്താല്‍’ എന്നന്ത്യ ശാസനം ഇറക്കുകയും, പിന്നെ ഒളിച്ചു വാറ്ത്ത കേട്ടതു പിടിക്കപ്പെടുകയും, പുളിമരത്തിന്റെ കമ്പൊരെണ്ണം തീരുന്നതു വരെ തല്ലു കിട്ടിയതും…
ബിന്ദു | 16-Aug-06 at 3:39 am | Permalink
ഒരു കാര്യം കൂടി എഴുതാനുണ്ടായിരുന്നു. ഉമേഷ്ജിയുടെ സുഭാഷിതം കാണുമ്പോഴൊക്കെ ഞാന്‍ ഓര്‍ക്കാറുള്ളതു പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളെ സുഭാഷിതം കേള്‍ക്കാന്‍ നിര്‍ബന്ധിക്കാറുള്ള ഞങ്ങളുടെ മലയാളം അദ്ധ്യാപികയെയാണ്. രാവിലെ ആറു മണിക്ക്(അതോ ആറേ കാലിനോ) കേള്‍ക്കുന്ന സുഭാഷിതം കേട്ടു അത് എഴുതി കൊണ്ടു ചെല്ലണമായിരുന്നു.
റേഡിയോയില്‍ പിന്നെ ഇഷ്ടപ്പെട്ടു കേള്‍ക്കാറുള്ളതു ചലച്ചിത്ര ഗാനങ്ങള്‍, വല്ലപ്പോഴും നാടകം. അച്ഛന് വാര്‍ത്ത ഉറക്കെ വയ്ക്കുന്നതു കൊണ്ട് അതും കേള്‍ക്കും. കണ്ണന് ദേവന് തേയിലയുടെ പരസ്യം ഇപ്പോഴാണ് ഓര്‍മ്മ വന്നത്. :)രാജാവിന്റെ മകന് സിനിമയുടെ പരസ്യവും കേള്ക്കാറില്ലായിരുന്നോ? ഓര്‍മ്മകളേ… കൈ വള ചാര്‍ത്തി….
Kuttyedathi | 16-Aug-06 at 3:40 am | Permalink
അച്ഛനുള്ളോരു ഷറ്ട്ടിനും
അമ്മയ്ക്കുള്ളോരു സാരിയ്ക്കും
കുട്ടിയ്ക്കുള്ളോരുടുപ്പിനും
ഉജാല തന്നെയുത്തമം….
വിശാലനോടു കൂട്ടില്ല. ഞാന്‍ റ്റൈപ് ചെയ്തു വന്നപ്പോഴേയ്ക്കും അനിക്സ്പ്രേ അടിച്ചു മാറ്റി ചായ ഉണ്ടാക്കി അല്ലേ ? ഇതിനാണീ ഒരേ വേവ് ലെങ്തെന്നൊക്കെ പറയുകാ. ഞാന്‍ അനിക്സ്പ്രേ മനസ്സിലോറ്ത്തപ്പോ തന്നെ … സെയിം പിഞ്ച്..
വല്യമ്മായി | 16-Aug-06 at 4:03 am | Permalink
റേഡിയൊയെ കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ നാല് മണിക്കുള്ള സിലോണ്‍ റേഡിയോയുടെ ആശംസഗാങ്ങളാണ്.ഓരോ പാട്ടിനും മുമ്പ് പറഞ്ഞിരുന്ന് അണ്ണന്,അക്ക,അപ്പ തുടങ്ങിയ വാക്കുകളും.
പല നാളുകള്‍ക്ക് ശേഷം പരിപാടി റെക്കോര്‍ഡിങ്ങിനുള്ള പ്രതിഫലമായി കിട്ടിയിരുന്ന രാഷ്ട്രപതിയുടെ ചെക്കുകളും.
wakaari | 16-Aug-06 at 4:13 am | Permalink
ശരിയാ… ഒത്തിരി പരസ്യങ്ങള്‍ മറന്നു പോയി. ഓര്‍മ്മിപ്പിച്ച ബിന്ദുവിശാലകുട്ട്യേടത്തികള്ക്ക് നന്ദി.
ക്ഷമ ചോദിക്കാന്‍ ആന്‍സി എന്നോട് തെറ്റൊന്നും ചെയ്തില്ലല്ലോ, മനസ്സില്‍ മസ്സിലു കയറിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ മേക്കോന്നായിരിക്കും എന്ന രാജാവിന്റെ മകന് പരസ്യം…
നര്‍ക്കോട്ടിക്സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ് എന്ന ഇരുപതാം നൂറ്റാണ്ട് പരസ്യം…
റീഗല്‍ തുള്ളി നീലം, സെന്റ് ജോര്‍ജ്ജ് കുടപ്പരസ്യം…
എന്‍ ജെ മല്ലു | 16-Aug-06 at 4:22 am | Permalink
“ഓണക്കാലം, ഓണക്കാലം,
പൂവിളിയുടെ കാലം, ടാന്‍ടെക്സിന്‍ കാലം”
“പുലരി മുതല്‍, സന്ധ്യ വരെ
പുതുമ തരും അംബര്‍
അംബര്‍ ബനിയനും ജട്ടികളും”
വിശാല മനസ്കന് | 16-Aug-06 at 4:23 am | Permalink
കുട്ട്യേടത്തിപ്പെങ്ങളേ.. 🙂
അനിസ്ക്സ്പ്രേ..അനിക്സ്പ്രേ..
പാല് പൊടിയിത് അനിക്സ്പ്രേ..
കല്‍ക്കി എടുക്കാം വേഗം
പൊടിയുടെ ലാലല ഇല്ല ലാല (മറന്നു)
ചായുണ്ടാക്കൂ കാപ്പിയുണ്ടാക്കൂ..
പാലിന് കമ്മി നികത്തിടാം.
അനിക്സ്പ്രേ… സ്കിമ്ഡ് പാല് പൊടി.
പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍.
(ടേങ് ടേങ് ട്ട ഡേങ്ങ്)
‘തൂവെള്ള വസ്ത്രങ്ങള്ക്കിന്നെന്താണിത്ര വെണ്മ വന്നീടുവാനമ്മേ?’
‘…ചന്ദ്രനെ പ്പോലെ.. നോക്കമ്മേ എന്തൊരു ചന്തം’
ചുക്ക് ക്വിന്റലിന്- നെടുമങ്ങാട് 1025 രൂപ 50 പൈസ, തൃശ്ശൂര്‍ 1010 രുപ, പുല്‍തൈലം ക്വിന്റലിന്…
ഇത്രേമോര്ത്തപ്പോള് എനിക്ക്, ചെറിയ സന്തോഷം ഒരു കിലോ കിട്ടി. വലിയ സന്തോഷം രണ്ട് കിലോ കിട്ടി. പെരിയ സങ്കടം മൂന്ന് കിലോയും കിട്ടി.
വിശാല മനസ്കന് | 16-Aug-06 at 4:25 am | Permalink
ക്ഷമ ചോദിക്കാന്‍ ആന്‍സി എന്നോട് തെറ്റൊന്നും ചെയ്തില്ലല്ലോ, മനസ്സില്‍ മസ്സിലു കയറിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ മേക്കോന്നായിരിക്കും എന്ന രാജാവിന്റെ മകന് പരസ്യം…
നര്‍ക്കോട്ടിക്സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ് എന്ന ഇരുപതാം നൂറ്റാണ്ട് പരസ്യം…
വക്കാരീ…………… ഞാന്‍ എഴുതാതെ വിട്ടതാ ഇത്..സത്യം സത്യം സത്യം.
ഷിജു അലക്സ് | 16-Aug-06 at 4:26 am | Permalink
സിലോണ്‍ റേഡിയോയെ കുറിച്ച് വായിച്ചപ്പോഴാ ഓര്‍ത്തത്. എന്നും വൈകുന്നേരം 3 മുതല്‍ 5വരെ മലയാളം പരിപാടി അതില്‍ ഉണ്ടായിരുന്നു. മംഗളം നേരുന്നു ഞാന്‍ മനസ്വിനി…, ആശംശകള് നൂറുനൂറാശംസകള്‍… തുടങ്ങിയ ഗാനങ്ങള്‍ കാക്കതൊള്ളായിരം പ്രാവശ്യം എങ്കിലും സിലോണ്‍ റേഡിയോയിലൂടെ കേട്ടുകാണും. ഇപ്പോള്‍ ആ ഗാനങ്ങള്‍ mp3 ആയി കൈയ്യില്‍ ഉണ്ടെങ്കിലും പണ്ട് സിലോണ്‍ റേഡിയോയിലൂടെ കേട്ടപ്പോള്‍ കിട്ടിയ സുഖം കിട്ടുന്നില്ല.
വിശാല മനസ്കന് | 16-Aug-06 at 4:26 am | Permalink
‘ആന്‍സിക്ക് എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞുപോകാം‘ എന്നുകൂടെ പറയാമായിരുന്നൂ…
ബിന്ദു | 16-Aug-06 at 4:30 am | Permalink
വിശാലാ.. പൊടിയുടെ “സൂചന ഇല്ല ലേശം”… ചായയുണ്ടാക്കൂ.. കാപ്പിയുണ്ടാക്കൂ.. പാലിന് കമ്മി നികത്തിടൂ…:)
wakaari | 16-Aug-06 at 4:37 am | Permalink
ഹ… ഹ… വിശാലാ, ചുക്ക് ക്വിന്റലിന്- നെടുമങ്ങാട് 1025 രൂപ 50 പൈസ, തൃശ്ശൂര്‍ 1010 രുപ, പുല്‍തൈലം ക്വിന്റലിന്… ഹോ, അത് തകര്‍ത്തു.
ഷിജു സിലോണ്‍ റേഡിയോയുടെ കാര്യം പറഞ്ഞപ്പോള്‍ അതില്‍ നിന്നും പാട്ട് കേള്‍ക്കുന്നതൊക്കെ ഓര്‍മ്മ വന്നു. ചിലപ്പോള്‍ ഒച്ച് കുറഞ്ഞ്, പിന്നെ കൂടി… മംഗളം നേരുന്നു ഞാന്‍ ഒക്കെ അങ്ങിനെ എത്ര തവണ കേട്ടിരിക്കുന്നു!
ചാക്കോച്ചി | 16-Aug-06 at 4:55 am | Permalink
“ഓഫീസിലാണോ കുമാരി വായന?”
ഒരു സംശയം: പണ്ട് കണ്ടതും കേട്ടതും നടത്തിയിരുന്നത് ഏഷ്യാനെറ്റിലെ “ഗുഡ്നയ്റ്റ്”
ശ്രീകണ്ഠ്ന്‍ നായര്‍ ആയിരുന്നോ?
വല്യമ്മായി | 16-Aug-06 at 5:15 am | Permalink
ബിന്ദൂ,
പൊടി പോലുമില്ല കണ്ട് പിടിക്കാന്‍ എന്നല്ലേ
മന്‍ജിത് | 16-Aug-06 at 5:26 am | Permalink
കിളിപാടും കാവുകള്‍
അലഞൊറിയും പാടങ്ങള്‍
അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിപോല്‍…
തിരുവല്ല എന്ന പട്ടിക്കാടിനെപ്പറ്റി ഇങ്ങനെയൊക്കെ പരസ്യമെഴുതിയ കവിയെ സമ്മതിക്കേണ്ടേ? 🙂
ചാക്കോച്ചീ, സാധ്യതയുണ്ട്. ആകാശവാണിയുടെ ശമ്പളമ്പറ്റിക്കൊണ്ടായിരുന്നു അതിയാന് അടുത്ത കാലം വരെ ഗുഷ് നെറ്റ് പറഞ്ഞിരുന്നത്. പ്രസാര്‍ഭാരതി നയം മാറ്റിയപ്പോള്‍ ജീവിതം മുഴുവന്‍ ഗുഷ് നൈറ്റ് പറഞ്ഞു കളിക്കാന്‍ ഏഷ്യാനെറ്റി ഇന്‍വെസ്റ്റ് ചെയ്തു.
സന്തോഷ് | 16-Aug-06 at 6:05 am | Permalink
ആറ് നാല്പത്തഞ്ചിന് വെണ്മണി വിഷ്ണു വാര്‍ത്തയുമായി വരും. ഏഴ് ഇരുപത്തഞ്ചിന്റെ ദേശീയ വാര്‍ത്ത വായിക്കാന്‍ ശങ്കരനാരായണനും ശ്രീകുമാറും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. ഇതില്‍ നിന്നും വാര്‍ത്തകള്‍ ചൂടോടെ അടിച്ചുമാറ്റി സ്കൂള്‍ അസംബ്ലിയില്‍ വായിച്ചിരുന്നു. ‘തൊട്ടടുത്ത എതിരാളി’ വായിക്കുന്ന വാര്‍ത്തകള്‍ തലേന്നത്തേതായിരിക്കും: പത്രത്തില്‍ നോക്കി എഴുതുന്നത്.
എനിക്കും പാപ്പാന് പറഞ്ഞ മാതിരിയുള്ള പരസ്യങ്ങളാണ് ഓര്മ വരുന്നത്:)
കണ്ണൂസ് | 16-Aug-06 at 6:28 am | Permalink
വക്കാരീ, ഡല്‍ഹി വാര്‍ത്ത വായിച്ചിരുന്നവരില്‍ പ്രമുഖര്‍ ഗോപനും ശങ്കരനാരായണനും ആയിരുന്നു.
സിനിമാ പരസ്യത്തില്‍ ഇവിടെ കണ്ടതില്‍ കൂടാതെ ഓര്മയുള്ളത് പഞ്ചാഗ്നിയുടേത് ആണ്.
എന്നെപ്പറ്റി എന്തറിയാം, ഒന്നുമറിയില്ലല്ലോ
എല്ലാം അറിയാം. പേരു റഷീദ്, ജാതി പുരുഷന്, മതം മനുഷ്യന്. 🙂
തുള്ളി നീലം ഹോയ് റീഗല്‍ തുള്ളി നീലം ഹോയ് എന്ന് പരസ്യം കൊടുത്ത് കൊടുത്ത് ആ പാവം മനുഷ്യന് ആത്മഹത്യ ചെയ്തുവെന്ന് തോന്നുന്നു.
ഞങ്ങള്‍ പാലക്കാട്ടുകാര്‍ക്ക് മലയാളം കൂടാതെ കോയമ്പത്തൂര്‍, ട്രിച്ചി തമിഴ് സ്റ്റേഷനുകളും പഥ്യമായിരുന്നു. മെല്ലിശൈ പാടല്കള്, പാമാലൈ, ഉങ്കള് വിരുപ്പം അങ്ങിനെ എന്തൊക്കെ പരിപാടികള്‍!!
തൃശ്ശൂര്‍ സ്റ്റേഷനില്‍ ഞായറാഴ്ച കാത്തിരിക്കുമായിരുന്ന കുറേ പ്രോഗ്രാംസ് ഉണ്ടായിരുന്നു. 7.05 ന് നാടക ഗാനങ്ങള്‍, 12.40ന് ഉള്ള കൌതുക വാര്‍ത്തകള്‍, 2.10 ന് ഹിന്ദി പാട്ടുകള്‍ (വിവിധ് ഭാരതിയില്‍ പോലും കേള്‍ക്കാത്ത ഭുപീന്ദറിന്റേയും ജഗ്ജിത്തിന്റേയും ഒക്കെ പാട്ടു കേള്‍പ്പിക്കുമായിരുന്നു തൃശ്ശൂര്‍ സ്റ്റേഷന്. ആരായിരുന്നാവോ അറ്റിനു പുറകില്‍?). 2.45ന് തിരുവനന്തപുരത്തു നിന്ന് റിലേ ചെയ്തിരുന്ന ബോബി നായരുടെ സണ്‍ഡേ സെലക്ഷന്‍സ് അങ്ങിനെയൊക്കെ.
സന്തോഷ് | 16-Aug-06 at 6:37 am | Permalink
സണ്‍ഡേ സിലക്ഷന്‍സ് വല്ലപ്പോഴും അവതരിപ്പിച്ചിരുന്ന രാജീവ് നായര്‍ എന്റെ സുഹൃത്തായിരുന്നു (അദ്ദേഹം അനിലിന്റെയും സുഹൃത്താണെന്ന് അനില്‍ [തോന്ന്യാക്ഷരങ്ങള്‍] പറഞ്ഞിട്ടുണ്ട്). ഇംഗ്ലീഷ് പരിപാടികളോട് വലിയ താല്പര്യമില്ലായിരുന്നെങ്കിലും രാജീവ് അവതരിപ്പിക്കുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ കൂടിയിരുന്ന് കേള്‍ക്കാറുണ്ടായിരുന്നു.
കൈത്തിരി | 16-Aug-06 at 6:54 am | Permalink
“അനൌചിത്യങ്ങള് അലോസരപ്പെടുത്താതിരുന്നാല്‍ അനൌചിത്യങ്ങള് ഒരു പതിവാകുകയും അതിനൊരു പൊതു സമ്മതി ലഭിക്കുകയും ചെയ്യും”… തള്ളേ, നില്ല്, തല്ലല്ല്, ഞാന്‍ പറഞ്ഞതല്ല, അത്രേമൊക്കെ പറയാനറിയാരുന്നേല് ഞാന്‍ ഒരു സംഭവമായേനെം… ആരൊ വിവരം കൂടിയവര്‍ പറഞ്ഞതാണ്.. പ്രതികരിക്കു…
പല്ലി | 16-Aug-06 at 6:58 am | Permalink
ഞങ്ങള്‍ക്കും ഉണ്ടയിരുന്നു ഒരു വലിയ റേഡിയൊ.ഒരു മുറി മുഴുവന്‍ നീളത്തില്‍ നെറ്റിന്റെ ഏരിയലുമായി.
എന്റെ ചെറുപ്പത്തിലും എനിക്കും റേഡീയൊ വീക്നെസ് ആയിരുന്നു,അതിലെ വയലും വീടൂം,പിന്നെ കണ്ടതും കേട്ടതും.
സിദ്ധാര്ത്ഥന് | 16-Aug-06 at 7:04 am | Permalink
നൊവാള്‍ജിയ നൊവാള്‍ജിയ
റേഡിയോ (അതും ഫിലിപ്സ്)പരിപാടികളാണു് കാലത്തെ എന്റെ സമയ സൂചിക. ബാലലോകത്തിനു മുന്‍പു് കുളിക്കാന്‍ കയറിയില്ലെങ്കില്‍ ബബിത കിട്ടില്ല. തമിഴ് ചലചിത്രഗാനം കേള്‍ക്കാന്‍ അമ്മ സ്റ്റേഷന് മാറ്റും, കോയമ്പത്തൂര്ക്കു്. അതിനുമുന്പിറങ്ങുകയും വേണം. മിക്കവാറും ഇറങ്ങുമ്പോഴേക്കും ഒരു തമിഴ്പാട്ടു കഴിഞ്ഞിട്ടുണ്ടാവും. പിന്നവിടുന്നൊരോട്ടമാണു് ബസ് സ്റ്റോപ്പു വരെ. സ്റ്റോപ്പില്‍ ഞാനും ബബിതയും ഒന്നിച്ചാണെത്തുക. പിന്നെയുമോടണം ബസ് നിറുത്തുന്ന സ്ഥലമെത്താന്‍.
റേഡിയോ പരസ്യം കൊണ്ടേറ്റവുമധികം പ്രചരണം നേടിയതനിക്സ്പ്രേയും ഉജാലയുമാണെന്നു തോന്നുന്നു.
ഉജാല അക്ഷരശ്ലോക മത്സരം
“ഉജാല ചേര്‍ത്ത വെള്ളത്തില്‍ വെള്ള തുണികള്‍ മുക്കിയാല്‍
ഉള്ളം തെളിയുമാറുള്ള വെള്ളി പ്രഭലഭിച്ചിടും”
“സമ്മാനം,
ഉണ്ണിക്കുള്ളോരുടുപ്പിനും
അച്ഛനുള്ളോരു ഷര്‍ട്ടിനും
അമ്മയ്ക്കുള്ളോരു സാരിക്കും
ഉജാല തന്നെയുത്തമം – എന്ന ശ്ലോകം ചൊല്ലിയ ഉണ്ണിക്കു്”
അതു പോലെ,
‘നീങ്കള് കേട്ടു കൊണ്ടിരുപ്പതു് ഇളങ്കൈ ഒരുവണക്കുക്കൂട്ടുത്താവണം ആസ്യ സേവൈ’?? ശ്രീലങ്ക വരെ എനിക്കറിയാം, ശേഷമെന്താണീ പറയുന്നതെന്നൊരു ചോദ്യം പണ്ടേയുണ്ടായിരുന്നതാണു് പുലികള്ക്കാര്ക്കെങ്കിലുമറിയുമെങ്കില് പറയണേ.
അരവിന്ദന് | 16-Aug-06 at 8:31 am | Permalink
ഉമേഷ്ജീ വളരെ നല്ല പോസ്റ്റ്!! ഒരു
കൈയ്യില്‍ ഫിലിപ്സിന്റെ റേഡിയോയും മറുകൈയ്യില്‍ ഊരിഊരിപ്പോകുന്ന നിക്കറും താങ്ങി നടന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു.
തവനൂരില്‍ താമസിച്ചിരുന്ന മഠത്തിന്റെ(ഇല്ലം-വാടകക്ക്) ഗോവേണിയില്‍ ഇങ്ങനെ നടന്നിറങ്ങി, താഴോട്ടുരുണ്ട് വീണതിന് കണക്കില്ല..എത്ര വീഴ്ച വീണിട്ടും ആ റേഡിയോ പിന്നേയും പാടി. ഫിലിപ്സ്!
ബൂലോഗരെല്ലാം എന്നാ ചതിയാ ചെയ്തേ..എനിക്കെഴുതാന്‍ പരസ്യമൊന്നും ബാക്കി വച്ചില്ല!!
Su | 16-Aug-06 at 10:00 am | Permalink
ഇപ്പോഴും റേഡിയോ വെച്ച് കേള്‍ക്കാറുണ്ട് ഞങ്ങള്‍. 🙂
Anonimouse | 16-Aug-06 at 10:07 am | Permalink
വിദ്യാഭ്യാസപരിപാടി, അധ്യാപഹയര്ക്കുവേണ്ടി- ഈ വകയൊന്നും ആരും കേള്‍ക്കാറില്ലായിരുന്നു എന്നു തോന്നുന്നല്ലോ. ഇവയേക്കുറിച്ച് വീക്കേയെന് ഒരു രസികന്‍ കഥയെഴുതിയിട്ടുണ്ട്…
രാജ് നായര്‍ | 16-Aug-06 at 10:18 am | Permalink
അരവിന്ദനെ ഞാനിവിടെ പ്രതീക്ഷിച്ചില്ല. ആകാശവാണിയും ദൂരദര്‍ശനും എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും നല്ല സിനിമയും, സാഹിത്യവും, സംഗീതവും നിഷേധിക്കപ്പെട്ടവരാണു നവോദയക്കാര് എന്നാണു ഞാനിതുവരെ ധരിച്ചു പോന്നിരുന്നതു്.
റേഡിയോയില്‍ ശബ്ദരേഖയായിരുന്നെന്നു തോന്നു കുട്ടിക്കാലത്തെ ഫാവറിറ്റ്. നാടകങ്ങളും ചലച്ചിത്രഗാനങ്ങളും പ്രിയപ്പെട്ടവ. എപ്പോഴും ഒരു റേഡിയോ കൈയില്പ്പിടിച്ചു് ‘അതു ട്യൂണ്‍ ചെയ്തു നാശമാക്കി’ കുന്നിന്‍പുറത്തു ചെന്നിരിക്കാറുള്ള അമ്പാട്ടെ കുട്ടമാമ്മയെയാണു റേഡിയോ എന്നുകേട്ടാല്‍ ആദ്യം ഓര്‍മ്മ വരിക (പടക്കം എന്ന കഥ).
വിശാല മനസ്കന് | 16-Aug-06 at 10:29 am | Permalink
ശ്രീ.രാമചന്ദ്രന്, ഏഷ്യാനെറ്റ് റേഡിയോയില്‍ കാലത്ത് 6:10 നുള്ള വേയ്ക്ക്പ്പ് ന്യൂസ് ഇടക്ക് വായിക്കാറുണ്ട്. (ഞാന്‍ വെളുപ്പിന് അഞ്ചേ മുക്കാലിന് വീട്ടില്‍ നിന്നും പുറപ്പെടുമെന്ന് പറയാറുള്ളത് ഉള്ളതാണെന്ന് തെളിയിക്കാന്‍ പറഞ്ഞതല്ല)
‘വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്’ എന്ന് കേള്‍ക്കാന്‍ തന്നെ ഒരു പ്രത്യേക സുഖമാണ്!
kvenunair | 16-Aug-06 at 10:30 am | Permalink
ഉമേഷ്ജി മനോഹരമായ തപാല്‍ ,(post)
മറന്നു പോയി എന്നു കരുതിയ പല ഓര്‍മ്മകളും വീണ്ടുമീ ചക്കര മാവിന് ചുവട്ടില്‍ ,കണ്ണുപൊത്തിക്കളിക്കാന്‍ വന്നിരിക്കുന്നു.
വേണു.
അരവിന്ദന് | 16-Aug-06 at 10:42 am | Permalink
അയ്യോ പെരിങ്ങ്സേ ഞാന്‍ 95-ല്‍ നവോദയേന്ന് എറങ്ങിയതാ..
അപ്പോ 80കളിലെ പാട്ട് മിസ്സായിട്ടില്ല.
അഞ്ചാം ക്ലാസ്സുവരെ റേഡിയോ ആയിരുന്നു ശരണം.
89ല്‍ നവോദയയില്‍ പോയി ടിവിയൊക്കെ കാണാന്‍ തുടങ്ങി അങ്ങ് പുരോഗമിച്ചു പോയില്യോ!
രാജ് നായര്‍ | 16-Aug-06 at 11:12 am | Permalink
ഉമേഷ്ജി അരവിന്ദനോടു ഞാനൊരു സാമൂഹ്യപ്രശ്നം ചര്‍ച്ച ചെയ്യട്ടെ ഓഫാക്കുന്നു, ക്ഷമിക്കുക.
അരവിന്ദാ, ഞാന്‍ ഋത്വിക് ഘട്ടക്കിന്റെ ഒരു ചലച്ചിത്രം ആദ്യമായി കാണുന്നതു കഴിഞ്ഞ കൊല്ലത്തിലാണു് (അരവിന്ദന്, ഗുരുദത്ത്, ജോണ്‍ എന്നിങ്ങനെ മിക്കവരുടേയും ഇതേ അവസ്ഥ). എം.ടി, മുകുന്ദന്, സി.രാധാകൃഷ്ണന് എന്നിവരെ ഒഴികെ മറ്റൊരു നോവലിസ്റ്റിനെ വായിക്കുന്നതു നവോദയ വിട്ടിട്ടാണു്. പങ്കജിനെയും, ജഗ്ജീത്തിനേയും ഭുപേന്ദ്രനേയുമെല്ലാം കേള്‍ക്കുന്നതും നവോദയവിട്ടു തന്നെ. വല്ലപ്പോഴും നാടകങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പാഠഭാഗത്തിലുള്ള ഷേക്സ്പിയര് അരങ്ങു തകര്‍ത്തു. ആ ഏഴുവര്‍ഷക്കാലം സിനിമ, സാഹിത്യം, സംഗീതം, കല എന്നിവ ജീവിതത്തില്‍ നിന്നൊഴിവായിരുന്നു; ഞായറാഴ്ച വൈകുന്നേരത്തെ ചലച്ചിത്രത്തില്‍ ഒതുക്കപ്പെട്ടിരുന്നു ഞങ്ങളുടെ കലാലോകം.
അഞ്ചാംക്ലാസുവരേയ്ക്കും എനിക്കു താല്പര്യമുണ്ടായിരുന്ന ഏകവിഷയം ക്വിസ്സ് പ്രോഗ്രാമുകള്‍ ആയിരുന്നു (മിക്ക മത്സരങ്ങളിലും പ്രൈസുവാങ്ങുകയും ചെയ്തിരുന്നൂട്ടോ – ഇതുപോലും കയ്യാലപ്പുറത്തെ തേങ്ങ പോലായി നവോദയയില്‍), കലാസ്വാദനങ്ങള്ക്കുള്ള ബുദ്ധിയൊന്നും അന്നു വളര്ന്നിട്ടില്ലായിരുന്നെന്നു തോന്നുന്നു 😉
pradeepanakoodu | 16-Aug-06 at 12:09 pm | Permalink
ആകാശവാണിയിലൂടെ കേട്ട ചില ശബ്ദങ്ങള്‍ എനിക്ക് ഏറെ പ്രീയപ്പെട്ടതായിരുന്നു. സതീഷ് ചന്ദ്രന്, ടി. പി രാധാമണി, രാമചന്ദ്രന്. സതീഷ് ചന്ദ്രന്റെ ഫുട്ബോള്‍ കമന്ററി ഒന്നു കേള്‍ക്കേണ്ടത് തന്നെയാണ്. പന്ത് ഇപ്പോള്‍ പാപ്പച്ചന്റെ കാലിലാണുള്ളത്. ഇടവലം വെട്ടിത്തിരിഞ്ഞ് പാപ്പച്ചനതാ കുതിക്കുകയാണ്….ഹോ, വര്‍ഷങ്ങള്‍ക്ക് ശേഷം സതീഷ് ചന്ദ്രന്റെ ക്ലാസിലിരിക്കാന്‍ ഭാഗ്യമുണ്ടായപ്പോള്‍ ഞാന്‍ ഒന്നു സ്തംഭിച്ചു. ഈ മനുഷ്യന്റെതായിരുന്നോ സുന്ദരമായ ആ സ്വരം എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. റേഡിയോ നാടകങ്ങളിലേയും കുട്ടികള്‍ക്കായുള്ള പരിപാടിയിലെയും സ്ഥിരം ശബ്ദമായിരുന്നു ടി.പി രാധാമണിയുടേത്. സാക്ഷിയുടെ വേഷത്തില്‍ രാമചന്ദ്രന്റെ ശബ്ദം കൈരളി ടി.വിയില്‍ കേള്‍ക്കാനുണ്ട്.
(ഉമേഷ്ജിയെ, ഒരു ഡൌട്ട്, ആ അച്ഛനും മകനും സ്കിറ്റ് ഉമേഷ്ജിക്ക് കോപ്പി റൈറ്റ് ഉള്ളത് തന്നെയോ. ഞാനത് കഴിഞ്ഞ ദിവസം ഒരു മിമിക്സ് സിഡിയില്‍ കണ്ടു. നടന് ജയറാമും മകന് കാളിദാസനും ചേര്‍ന്നാണ് അവതരിപ്പിച്ചിരിക്കുന്നത്.)
കുമാര്‍. | 16-Aug-06 at 12:40 pm | Permalink
റേഡിയോ ജിംഗിളുകള്‍ ഇനി കേരളം വാഴും വീണ്ടും. 9 ഓളം എഫ് എം ചാനലുകള്‍ ഈ വര്‍ഷം വരുന്നു. അതില്‍ മനോരമ, മാതൃഭൂമി, റേഡിയോ മിര്‍ച്ചിയുടെ മലയാളം, മുരശ്ശൊലി മാരന്റെ മലയാളം റേഡിയോ, അനില്‍ അംമ്പാനിയുടേ ആഡ് ലാബ്സിന്റെ റേഡിയോ എന്നിങ്ങനെ ഒരുപാട് രാജാക്കന്മാരും. ശബ്ദ കോലാഹലമായിരിക്കും കേരളത്തില്‍ ഇനി.
അപ്പോള്‍ ഇതിലും വലിയ പരസ്യങ്ങള്‍ക്കായി കാതോര്‍ക്കാം.
ikkaas | 16-Aug-06 at 1:05 pm | Permalink
‘മോളേ ആയിഷാ, ബാപ്പാന്റെ അലക്കിയ മുണ്ടിങ്ങെടുത്തേ..’
ഇതാ ബാപ്പാ
‘ഇതു ഞമ്മടെ കുഞ്ഞാമ്മതിന്റെ പുതിയ മുണ്ടല്ലേടീ?’
അല്ല ബാപ്പാ, ഇതെസ്സെന് സൂപ്പര്വൈറ്റില് മുക്കിയതാണ്.’
“എസ്സെന്‍ സൂപ്പര്‍വൈറ്റ്”
ഇതൊക്കെ കേട്ടിരുന്ന മര്‍ഫി കമ്പനിയുടെ ആ റേഡിയോ ഇപ്പോഴും വര്‍ക്കിംഗ് കണ്ടീഷനില്‍ എന്റെ കസ്റ്റഡിയിലുണ്ട്. സീമെന്‍സിന്റെ 11 ബാന്‍ഡുള്ള ജെര്‍മ്മന്‍ മേഡ് റേഡിയോ യാത്രകളില്‍ മാത്രമേ ബാപ്പ ഉപയോഗിച്ചിരുന്നുള്ളൂ. 4 1/2 വര്‍ഷം മുന്‍പ് മരിക്കുന്നതുവരെ വീട്ടിലുള്ളപ്പോള്‍ വാര്‍ത്ത കേള്‍ക്കുന്നത് ആ പഴയ മര്‍ഫിയില്‍ തന്നെയായിരുന്നു. അത് കേടുവരുമ്പോള് നന്നാക്കാനായി പൊതിഞ്ഞുകെട്ടി ബസ്സില്‍ കയട്ടിഎറണാകുളം ജെട്ടിക്കടുത്ത് ഒരു കുടുസ്സുമുറിയില്‍ റേഡിയോ റിപ്പയര്‍ നടത്തുന്ന സ്റ്റീഫനെന്ന വയസ്സന്റെ കടയില്‍ കൊണ്ടുപോകുന്നതും ബാപ്പ തന്നെയായിരുന്നു. ഓണാക്കി കുറച്ചുനേരം കഴിഞ്ഞ് നീളത്തിലൊരു പച്ച ലൈറ്റ് കത്തും, എന്നിട്ടേ ഒച്ച വരൂ. ഞാനിപ്പോഴും ഇടയ്ക്കൊക്കെ അത് ഓണാക്കി വണ്ട് മൂളുന്നതുപോലുള്ള ശബ്ദത്തിനിടയിലൂടെ പരിപാടികള്‍ കേട്ടുനില്ക്കും. അപ്പോള്‍ എന്തോ ഓര്‍ത്ത് ഉമ്മ കരയും.
Umesh::ഉമേഷ് | 16-Aug-06 at 1:10 pm | Permalink
അരവിന്ദന്റെ ആദ്യത്തെ കമന്റ് ഡിലീറ്റു ചെയ്തു. പെരിങ്ങോടന്റെ കമന്റ് തെറ്റു തിരുത്തി.
കമന്റിടാന്‍ ബ്ലോഗര്‍ പോലെ ഒരു authorization system വെച്ചിട്ടില്ലാത്തതുകൊണ്ടു് കമന്റുകള്‍ ഡിലീറ്റ്/എഡിറ്റ് ചെയ്യാന്‍ അനുവാദം തരാന്‍ നിവൃത്തിയില്ല. തിരുത്തുകള്‍ പിന്നെയൊരു കമന്റില്‍ എഴുതിയാല്‍ ആദ്യത്തെ കമന്റ് ഞാന്‍ ഡിലീറ്റു ചെയ്യാം.
കമന്റ് പ്രിവ്യൂവിനു പറ്റിയ പ്ലഗിന് നോക്കിക്കൊണ്ടിരിക്കുകയാണു്. റിച്ച് എഡിറ്റിംഗിനും.
അരവിന്ദന് | 16-Aug-06 at 1:20 pm | Permalink
പെരിങ്ങ്സ് എന്റെ കാര്യം നേരെ തിരിച്ചും.
നവോദയയിലെത്തുന്നുതിനു മുന്‍പേ തന്നെ, അമര്‍ചിത്രകഥയും പൈക്കോ ക്ലാസ്സിക്കുകളും ധാരാളം വായിക്കുമായിരുന്നുവെങ്കിലും, എനിഡ് ബ്ലൈറ്റണില് തുടങ്ങി മെല്ലെ പൊങ്ങിപൊങ്ങി നല്ല ലോകസാഹിത്യകൃതികളൊക്കെ വായിച്ചത് നവോദയയിലെ ആറ് കൊല്ലത്തിനിടക്കാണ്. ചവറുകളും വായിച്ചു. പക്ഷേ വായന ശീലമായത് അവിടെ നിന്ന് തന്നെ. പാട്ടുകള്‍ കാര്യമായി കേട്ടത് പിന്നീടാണ്. സിനിമയോടുള്ള സീരിയസ്സ് സമീപനവും പില്ക്കാലത്ത് വന്നത് തന്നെ. നവോദയയില്‍ അതിനു പറ്റിയ സാഹചര്യമില്ലല്ലോ..പക്ഷേ വായനയും കലാപരിപാടികളും…ശരിക്കും ഡിവലപ്പ് ചെയ്തത് അവിടെനിന്നാണ്. കലാരംഗത്ത് ഞാന്‍ ആ ആറുകൊല്ലമേ വിലസിയിരുന്നുള്ളൂ..പുറത്തിറങ്ങിയിട്ടൊരിക്കലും എന്തോ ഒരൊറ്റ നാടകം പോലും എഴുതിയവതരിപ്പിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല(നവോദയയില്‍ എന്റെ സ്വന്തം ട്രൂപ്പ് ഉണ്ടായിരുന്നു. നാടകം, മിമിക്സ് അങ്ങനെ അലറചില്ലറകള് എല്ലാം, പിന്നെ കൊയറില്‍ ഉണ്ടായിരുന്നു, അത്യാവിശ്യം ഡ്രമ്മും അടിക്കും). എന്തോ അതിനു ശേഷം സ്വാശ്രയകോളേജിലെ ആ ഒരു നാടന്‍ ടച്ചില്ലായ്മ എന്റെ മനസ്സ് മടുപ്പിച്ചു കളഞ്ഞു. പക്ഷേ മറ്റ് കോളേജിലെ പിള്ളേരുടെ പരിപാടികള്‍ കണ്ട് അസൂയപ്പെട്ടിട്ടുമുണ്ട്..ഇവന്മാരുടെ കൂടെ കൂടാന്‍ പറ്റിയില്ലല്ലോ എന്ന്.
പിന്നെ എന്റെ വായനയുടെ മുഖ്യശ്രോതസ്സ് മാതൃഭൂമി തന്നെ. പേരന്റ്സ്ഡേയ്ക്ക് അമ്മ എല്ലാ ലക്കങ്ങളും കൊണ്ടുവന്നു തരുമായിരുന്നു.
പിന്നെ എവിടെയോ വായന കൈവിട്ടു…സിനിമാപ്രാന്ത് കയറി. പിന്നെ വീണ്ടും ഡല്‍ഹിയില്‍ ജോലി ചെയ്തപ്പോളാണ് വായനയുടെ കടിഞ്ഞാണഴിച്ചത്. 100 രൂപക്ക് ഏതുമെടുക്കാമെന്ന നിലയില്‍ ഫുട്പാത്തിലെ കച്ചവടക്കാരില്‍ നിന്ന് ഒരുപാട് വാങ്ങി വായിച്ചു.
സൌത്ത് ആഫ്രിക്കയിലേക്ക് ഫ്ലൈറ്റ് പിടിക്കും നേരം ലഗേജ് ഓവര്വയ്റ്റ്….കളയാന്‍ പുസ്തകങ്ങള്‍ മാത്രം…
എന്റെ കൈയ്യിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം(ഏതാണ്ട് 30 എണ്ണം) അവിടെക്കണ്ട എയര്ഹോസ്റ്റസ്സുമാര്ക്ക് വീതിച്ചു കൊടുത്തു.
ഇന്നും ഞാന്‍ അതോര്‍ത്ത് കരയുന്നു.
Umesh::ഉമേഷ് | 16-Aug-06 at 1:36 pm | Permalink
പ്രദീപ്,
സിഡിയിലെ ഡയലോഗുകളും അതു തന്നെയാണോ? എന്നാല്‍ എന്റെ സ്ക്ര്രിപ്റ്റ് പൊക്കിയതാണു്; അല്ലെങ്കില്‍ തിരിച്ചും.
പല മിമിക്രി പരിപാടികളില്‍ നിന്നു് ആശയം ഉള്‍ക്കൊണ്ടാണു് ഞാന്‍ അതെഴുതിയതു്-ദൂരെയായതിനാല്‍ മകനു യാതൊരു പരിപാടിയും ഇല്ലാഞ്ഞതിനാല്‍. ഓപ്പോസിറ്റ് പറയുന്നതും മാര്‍ക്കോണിയുടെ അച്ഛന്റെ കാര്യവും കാലിനു കീഴില്‍ക്കൂടി പോകുന്നതും ഒക്കെ ഞാന്‍ അടിച്ചു മാറ്റിയതാണു്. “അതല്ലേ നീയും നിന്റെ അമ്മയും ഇത്രയും കാലം ചെയ്തുകൊണ്ടിരിക്കുന്നതു്” തുടങ്ങി പല ഡയലോഗുകളും ഒറിജിനലാണു്.
കൂമന് | 16-Aug-06 at 2:21 pm | Permalink
ഉമേഷേ, ജാനകി മനോഹരമായി പാടിയ ആ പാട്ട് എന്റെയും ഇഷ്ടഗാനങ്ങളിലൊന്നാണ്. ഒറിജിനല്‍ ഇല്ലെങ്കിലും ദലീമ വലിയ മോശമൊന്നുമില്ലാതെ പാടിയ ഒന്നുണ്ട് കൈയില്‍ . ഒരാഴ്ച മുമ്പും കേട്ടിരുന്നു ആ ഗാനം. ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി.
ആകാശവാണി പരസ്യ വാണിയാകുന്നതിനും മുന്‍പുള്ള ഓര്‍മ്മകളാണ് കൂടുതല്‍ പച്ച പിടിച്ചു നില്‍ക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ മേയ് മാസത്തിലുള്ള നാടകോത്സവം ഓര്‍ക്കുന്നുണ്ടാകുമല്ലോ. അതിനായി ഞാനും അമ്മയും കാത്തിരിക്കാറുണ്ടായിരുന്നു. . തിക്കൊടിയന്റെ നാടകങ്ങളായിരുന്നു എനിക്കേറ്റവും ഇഷ്ടം. ഉത്സവത്തിന്റെ അവസാന നാളില്‍ ഒരു മണിക്കൂര്‍ നീളുന്ന ഒന്നാകും സാധാരണ. കാലമൊക്കെ മാറി. “Video killed the radio star“. വീട്ടിലെ വലിയ വാല്‍വ് റേഡിയോ കണ്ണുകളൊക്കെ താഴ്ത്തി ഷെല്‍ഫിലിരിക്കുന്നു.
ആനക്കൂടന്‍ | 16-Aug-06 at 3:08 pm | Permalink
ഉമേഷ്ജി, സിഡിയിലെ ഡയലോഗില്‍ മാര്‍ക്കോണിയുടെ അച്ഛന്റെ കാര്യവും കാലിനു കീഴില്‍ക്കൂടി പോകുന്നതായ രംഗവും ഉണ്ട്. ഡയലോഗ് മുഴുവന്‍ ഓര്‍മ്മയില്ല. ഏതോ ഗള്‍ഫ് പരിപാടിയുടെ സിഡിയാണ്.
Achinthya | 16-Aug-06 at 5:34 pm | Permalink
“എന്തിനു നാണം പറയൂ നിന്റെ കിഞ്ചനനാദം കേള്‍ക്കട്ടേ…മറ്റൊരു കുഞ്ഞിനെ വേണ്ടാ , ഈ മൂത്തുക്കുടത്തെ വളര്‍ത്തേണ്ടെ…” ഇതാണ് എനിക്കോര്‍മ്മ വരണ പരസ്യം കോളേജ് കാലത്തെ. പിനെ പാപ്പാന് പറഞ്ഞ പുലരി മുതല്‍…
ആകാശവാണിയോടന്നും ഇന്നും ഭയങ്കര കൂറുണ്ട്. പാട്ടുകള്‍ ഹിന്ദീം മലയ്ആളോം കേല്ക്കാന് പഠിപ്പിച്ച് തന്നത് ആകാശവാണിയാ.രാത്രീല് ചേച്ചി ചീത്ത പറയുമായിരുന്നു. ആ റേഡിയോവില്‍ പോഓലീസ് സ്റ്റേഷനും കൂടി അടച്ചാലേ ഈ കുട്ടി ഉറങ്ങൂന്നും പറഞ്ഞ്.നല്ല നല്ല്ല ഹിന്ദി പാട്ടുകള്‍ സിതാരോം കീ മെഹഫില്‍ എന്ന പരിപാടീല് 11 മണിക്ക്.എന്ന്റ്റമ്മോ.ഉമേഷിനു നന്ദി.
കൂമാ, അതു ജാനകി പാടീത് എന്റേല്ണ്ട് . വേണെങ്കി മേല്വ്വിലാസം തന്ന അയച്ചു തരാം
സ്നേഹം(കണ്ട്വോ എന്തു ഡീസന്റ് കമെന്റ്റ് എന്ന്ന്നിട്ടെന്നെ ചൊറിയാന്‍ വന്നൂന്ന് പറന്ഞ്ഞില്ല്യേ?)
Umesh::ഉമേഷ് | 16-Aug-06 at 5:51 pm | Permalink
ഉമേച്ചീ,
ചൊറിയാന്‍ വരുന്നതു ഞാനല്ലേ, ഉമേച്ചിയല്ലല്ലോ. (ആ ആദിയും ഇഞ്ചിയും കേള്‍ക്കണ്ടാ. ആരു് ആരെ ചൊറിഞ്ഞു എന്നതിനെപ്പറ്റി അമ്പതു കമന്റ് ഓഫടിച്ചുകളയും അവര്‍ :-))
എനിക്കും ഒന്നയച്ചുതരുമോ. എന്റെ അഡ്രസ്സ് അറിയാമല്ലോ.
(ബിരിയാണിക്കുട്ടി പറഞ്ഞതുപോലെ ഞാന്‍ ഇതു പോസ്റ്റു ചെയ്യാനുള്ള ബട്ടനില്‍ ക്ലിക്കു ചെയ്താല്‍ ഉടനേ എന്റെ ഇ-മെയില്‍ ഇന്‍ബോക്സില്‍ “ടക്” എന്നൊരു ശബ്ദം കേള്‍ക്കുമോ-ഉമേച്ചിയുടെ മെയിലുമായി :-))
കൂമന് | 16-Aug-06 at 6:12 pm | Permalink
അപ്പോള്‍ ഇതാണ് ഉമേച്ചി 😀
വളരെ നന്ദി, ദയവായി അയച്ചു തരൂ. sudhirkk അറ്റ് ജീമെയില്.കോമിലേക്ക്
Njaan Vacationer | 16-Aug-06 at 7:13 pm | Permalink
ഉവ്വ. ആകാശനാണീനെ പറഞ്ഞതും അചിന്. പറന്നെത്തി!
അതേ ഏടത്തീ, അല്ലേല്‍ അനിയത്തീ, അതും അല്ലേല്‍ വെറും തീ.
“ഏറ്റുമാനൂര്‍ അമ്പലതിന് പരിസരത്ത് പണ്ട് പാര്‍ത്തിരുന്നു പാവം ഒരു തിരുമേനി….. നായ്ക്കള്‍ നന്ദികെട്ട മക്കളേക്കാള്‍ എത്ര ഭേദം”
“ഏഴാമത്താങ്ങള കണ്‍തുറന്നു
ഏഴുനാളായപ്പോള് അമ്മ പോയി”
(വിശദീകരണം വേണ്ടെന്നറിയാം, ന്നാലും) ആകാശവാണി ഗാ. സംഘത്തിന്റെ പഴയ പ്രൊപഗാന്ഡൈസ്റ്റ് പാട്ടുകള്‍ ആണേ. കൈവശം ഉണ്ടോ? ഉണ്ടേല്‍ താ.
ഇഞ്ചിപ്പെണ്ണ് | 16-Aug-06 at 7:23 pm | Permalink
ഉമേഷേട്ടാ
ഒരു പ്രതികാര നടപടി 🙂
qw_er_ty
Umesh::ഉമേഷ് | 17-Aug-06 at 5:01 am | Permalink
“മനസ്സിന്റെ താളുകള്‍ക്കിടയില്‍…” എന്ന പാട്ടു് ഉമച്ചേച്ചി അയച്ചുതന്നു. ഒരുപാടു കാലത്തിനു ശേഷം അതു് ഒന്നുകൂടി കേള്‍ക്കാന്‍ പറ്റി. നിങ്ങള്‍ക്കെല്ലാവര്‍ക്കും കേള്‍ക്കാന്‍ അതു പോസ്റ്റിന്റെ അവസാനത്തില്‍ ഇട്ടിട്ടുണ്ടു്.
wakaari | 17-Aug-06 at 5:08 am | Permalink
പണ്ട് സിലോണ്‍ റേഡിയോ കേള്‍ക്കുന്നതുപോലെ കേട്ടുകൊണ്ടിരിക്കുന്നു. ഒച്ച വളരെ കുറവ്. സാറോ മറ്റോ പോയാല്‍ ഉള്ള ഒച്ചയും കൂടി കുറച്ച് വെക്കും 🙂
ഉമേഷ്ജിക്കും ഉമേച്ചിക്കും നന്ദി നന്ദി.
Achinthya | 17-Aug-06 at 12:08 pm | Permalink
ഈ വെക്കേഷനര് എന്താ സംഭവം ന്ന് ഉമേഷ് പറഞ്ഞപ്പഴാ മനസ്സിലായേ.ക്ഷമിക്കൂ ഇതിരി. പാട്ടുകള്‍ വരും.
Pramod | 18-Aug-06 at 3:07 pm | Permalink
ഈ കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍, ഒരു സായാഹ്നം മ്യൂസിയത്തായിരുന്നു. അവിടെ ഇപ്പൊഴും റേഡിയോ സംപ്രേക്ഷണം ഉണ്ട്. ഇപ്പൊഴും അത് കേള്‍ക്കാന്‍ വേണ്ടി മാത്രം വരുന്ന ഇഷ്ടം പോലെ ആള്‍കാരുണ്ട്. “ബലദേവാനന്ദ സാഗരാ:“ ഇപ്പൊഴും എന്റെ കാതില്‍ മുഴങ്ങുന്നു…ഒന്നും മനസ്സിലാവാതെ കേള്‍ക്കുന്ന ഒരു സംഭവമാരുന്നു. 🙂
അനിൽ | 04-Sep-19 at 4:00 pm | Permalink
പല കാരണങ്ങൾ കൊണ്ടും ഈ പോസ്റ്റ് ഫ്രെയിം ചെയ്തു വയ്ക്കേണ്ടതാണ്.