എതിരന്‍ ശിവനടനവും കാടുകയറിയ ചില ശ്ലോകങ്ങളും

അക്ഷരശ്ലോകം, സാഹിത്യം

എതിരവന്‍ കതിരവന്റെ ശിവനടനം-ഏറ്റുമാനൂര്‍ അമ്പലത്തിലെ ചുവര്‍ച്ചിത്രം എന്ന ലേഖനം വളരെ നിലവാരം പുലര്‍ത്തുന്നു. ഏറ്റുമാനൂര്‍ അമ്പലത്തില്‍ പോയാല്‍ ഈ ചിത്രം കാണാന്‍ നന്നേ ബുദ്ധിമുട്ടാണു്. പ്രധാന വാതിലില്‍ക്കൂടി കടന്നാല്‍ വലത്തുവശത്തു് പുറകിലായി ഇതു കാണാം എന്നാണു് എന്റെ ഓര്‍മ്മ.

ഈ ശിവനടനം ഇതേ രീതിയില്‍ രണ്ടു സംസ്കൃതശ്ലോകങ്ങളില്‍ ചിത്രീകൃതമായി കണ്ടിട്ടുണ്ടു്. ഒരെണ്ണം എത്ര ഓര്‍ത്തിട്ടും പുസ്തകങ്ങളില്‍ പരതിയിട്ടും കിട്ടിയില്ല. കിട്ടിയാല്‍ ഇവിടെ ചേര്‍ക്കാം.

മറ്റേ ശ്ലോകം വളരെ പ്രസിദ്ധമാണു്.

വാഗ്ദേവീ ധൃതവല്ലകീ, ശതമഖോ വേണും ദധത്‌, പദ്മജ-
സ്താളോന്നിദ്രകരോ, രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ,
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുര്‍, ദേവാഃ സമന്താത്‌ സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം

അര്‍ത്ഥം:

വാഗ്ദേവീ ധൃതവല്ലകീ : സരസ്വതീദേവി വീണയേന്തി
ശതമഖഃ വേണും ദധത് : ദേവേന്ദ്രന്‍ ഓടക്കുഴലേന്തി
പദ്മജഃ താളോന്നിദ്രകരഃ : ബ്രഹ്മാവു് കൈ കൊണ്ടു താളമിട്ടു
ഭഗവതീ രമാ ഗേയ-പ്രയോഗാന്വിതാ : ലക്ഷ്മീഭഗവതി പാട്ടു പാടി
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുഃ : വിഷ്ണു മൃദംഗം വിദഗ്ദ്ധമായും സാന്ദ്രമായും വായിച്ചു
ദേവാഃ സമന്താത്‌ സ്ഥിതാഃ : ദേവന്മാര്‍ ചുറ്റും നിന്നു്
തം മൃഡാനീപതിം ദേവം അനു : പാര്‍വ്വതിയുടെ ഭര്‍ത്താവായ ആ ശിവനെത്തന്നെ
പ്രദോഷസമയേ : പ്രദോഷസമയത്തു്
സേവന്തേ : സേവിക്കുന്നു

(തം + അനു = തമനു. അല്ലാതെ ഊഞ്ഞാലില്‍ക്കയറുന്ന ലവനല്ല.)


ഇതു് പ്രദോഷവ്രതമെടുക്കുന്നവര്‍ ചൊല്ലുന്ന ധ്യാനശ്ലോകങ്ങളില്‍ ഒന്നാണു്. “മൃഡാനീപതി” എന്ന പ്രയോഗം ശ്രദ്ധേയം. മൃഡന്റെ ഭാര്യ മൃഡാനി. അപ്പോള്‍ “മൃഡന്റെ ഭാര്യയുടെ ഭര്‍ത്താവു്” എന്നൊരു എടങ്ങേടു പിടിച്ച അര്‍ത്ഥം വരും. “ഭവാനീഭുജംഗം” എന്നു സാക്ഷാല്‍ ശങ്കരാചാര്യര്‍ പ്രയോഗിച്ചിട്ടുണ്ടല്ലോ, പിന്നെന്തു്?

ഉമേഷ് (ഉമേശന്‍) എന്ന പേരിനു് ഇങ്ങനെയൊരു അപകടം ഉണ്ടായേക്കാം എന്നതിനെപ്പറ്റി ഞാനൊരിക്കല്‍ ഇവിടെ പറഞ്ഞിരുന്നു. അയ്യപ്പന്‍ എന്ന സുഹൃത്തിന്റെ കഥയും. വായിക്കാത്തവര്‍ വായിക്കുക. വായിച്ചവര്‍ വീണ്ടും വായിക്കുക.

പരസ്യം കഴിഞ്ഞു. രുക്കാവട് കേ ലിയേ ഖേദ് ഹൈ.


ഈ ശ്ലോകം ഒരിക്കല്‍ ഇന്റര്‍നെറ്റ് അക്ഷരശ്ലോകസദസ്സില്‍ (ഇ-സദസ്സ്) രാജേഷ് വര്‍മ്മ ചൊല്ലി. ഇതിനൊരു പരിഭാഷ പെട്ടെന്നു തല്ലിക്കൂട്ടി മറ്റാരെങ്കിലും “വ”യ്ക്കു ശ്ലോകം ചൊല്ലുന്നതിനു മുമ്പു് ഞാന്‍ ചൊല്ലി. ഇ-സദസ്സിലെ ആദ്യത്തെ നിമിഷകവനമായിരുന്നു അതു്.

വീണാവാദിനിയായി വാണി, മഘവാവോടക്കുഴല്‍ക്കാരനായ്‌,
വാണീപന്‍ കരതാളമിട്ടു, രമയോ ഗാനങ്ങളോതീടിനാള്‍,
ഗോവിന്ദന്‍ സുമൃദങ്ഗവാദകനു, മീ മട്ടില്‍ പ്രദോഷത്തിലാ
ദേവന്മാര്‍ പരമേശനെത്തൊഴുതിടാനൊന്നിച്ചു നില്‍പ്പായഹോ!

പെട്ടെന്നു തല്ലിക്കൂട്ടിയതിനാല്‍ തര്‍ജ്ജമ നന്നായിട്ടില്ല. രാജേഷും ഇതിനൊരു പരിഭാഷ തയ്യാറാക്കിയിരുന്നു. അടുപ്പിച്ചു രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ക്കു തന്നെ ചൊല്ലാന്‍ പറ്റാത്തതിനാല്‍ ചൊല്ലിയില്ലെന്നേ ഉള്ളൂ. ഇതാണു് ആ ശ്ലോകം.

വീണാപാണിനിയായി വാണി, മുരളീഗാനത്തിനാലിന്ദ്രനും,
താളം കൊട്ടി വിരിഞ്ചനും, മധുരമാം ഗീതത്തിനാല്‍ പൂമകള്‍,
മന്ദ്രം സാന്ദ്രമൃദംഗമോടു ഹരിയും, ചൂഴുന്ന വാനോര്‍കളും,
സേവിക്കുന്നു പ്രദോഷവേളയിലിതാ കാര്‍ത്ത്യായനീകാന്തനെ.


നിമിഷപരിഭാഷാകവനങ്ങള്‍ ഇ-സദസ്സില്‍ വേറെയും ഉണ്ടായിട്ടുണ്ടു്. ഒരിക്കല്‍ ജ്യോതിര്‍മയി (വാഗ്‌ജ്യോതി ബ്ലോഗെഴുതുന്ന ജ്യോതിട്ടീച്ചര്‍ തന്നെ)

തമംഗരാ‍ഗം ദദതീം ച കുബ്ജാം
അനംഗബാണാഃ രുരുധുഃ കഥം താം?
കിമംഗ, വാസം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം?

എന്ന ശ്ലോകം എഴുതി അയച്ചപ്പോള്‍ അതിനു പിന്നാലെ ഞാന്‍

കൂനിക്കു, ഗന്ധമിയലും കുറി കൂട്ടവേ, നീ
സൂനാസ്ത്രസായകവിമര്‍ദ്ദിതമാക്കി ചിത്തം;
ഞാനിന്നു വാസമഖിലം തവ നല്‍കിയാലും
നീ നല്‍കിടുന്നതു വിരാഗതയോ മുരാരേ?

എന്ന പരിഭാഷ അയച്ചു. കവയിത്രി ഉദ്ദേശിച്ച അര്‍ത്ഥമൊന്നുമല്ല ഞാന്‍ മനസ്സിലാക്കിയതെന്നു പിന്നീടാണു മനസ്സിലായതു്. അതിനെപ്പറ്റി വിശദമായി ജ്യോതിയുടെ ബ്ലോഗിലെ കുബ്ജാമാധവം എന്ന പോസ്റ്റില്‍ വായിക്കാം.


രാജേഷ് വര്‍മ്മയ്ക്കും പറ്റി ഈ അബദ്ധം. ജ്യോതി എഴുതിയ

പ്രവാളപ്രഭാ മഞ്ജു ഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാൿ
ഭവേത്‌ സർവദാ നിത്യകാമപ്രദാത്രീ

എന്ന ശ്ലോകത്തെ രാജേഷ്

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പമ്പിളിയ്ക്കും
കുളിര്‍ക്കും തണുപ്പൊത്തുലാവുന്ന നിന്‍ മെയ്‌
വിളങ്ങേണമുള്ളില്‍ മൊഴിച്ചേലു നാവില്‍-
ക്കളിയ്ക്കേണമെന്തും കൊടുക്കുന്ന തായേ.

എന്നു ഭുജംഗപ്രയാതത്തില്‍ത്തന്നെ പരിഭാഷപ്പെടുത്തി. (ഇതു് അക്ഷരശ്ലോകക്രമത്തിലായിരുന്നില്ല.) “ആ ശ്ലോകത്തിന്റെ അര്‍ത്ഥം അങ്ങനെയൊന്നുമല്ല” എന്നു ജ്യോതി. അതുകൊണ്ടു രാജേഷ് അതിനെ ഇങ്ങനെ മാറ്റി.

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പുള്ളു കാണാന്‍
മുളയ്ക്കുന്നൊരാക്കം പെരുക്കുന്ന ചന്തം,
വളര്‍തിങ്കളെപ്പോല്‍ത്തണു,പ്പെന്നിതെല്ലാം
വിളങ്ങും മൊഴിച്ചേലു നാവില്‍ക്കളിയ്ക്ക.

ഈ കഥ രാജേഷ് ആശ കൊണ്ടു്… എന്ന പോസ്റ്റില്‍ എഴുതിയിട്ടുണ്ടു്.


“പരിഭാഷായന്ത്രം” എന്നു പില്‍ക്കാലത്തു സന്തോഷ് വിശേഷിപ്പിച്ച രാജേഷിന്റെ മറ്റൊരു തര്‍ജ്ജമ.

മൂലശ്ലോകം എഴുതിയതു് ജ്യോതിയുടെ ഏട്ടന്‍ പി. സി. മധുരാജ് ആണു്.

യദി ഹൃത്കമലേ മധുപാനരതോ
വരദോ മുരളീധര ഭൃങ്ഗവരഃ
സുമഗന്ധ സുഭക്തിരസേ സരസഃ
ക്വ സഖേ തരുണീ കബരീ വിപിനം?

പ്രസിദ്ധമായ

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

എന്ന സരസശ്ലോകത്തിനു പിന്നാലെ ചൊല്ലാന്‍ വേണ്ടി മധുരാജ് എഴുതിയ ശ്ലോകമാണിതു്. രാജേഷിന്റെ തോടകവൃത്തത്തില്‍ത്തന്നെയുള്ള മലയാളപരിഭാഷ:

ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്‌?

അക്ഷരശ്ലോകസദസ്സിലെ അനുഗൃഹീതകവിയായ ബാലേന്ദുവും ഇതുപോലെ പല നിമിഷപരിഭാഷകളും ചെയ്തിട്ടുണ്ടു്. ഒന്നും ഓര്‍മ്മ കിട്ടുന്നില്ല. കിട്ടുന്നതിനനുസരിച്ചു് ഇവിടെച്ചേര്‍ക്കാം.


ഇന്റര്‍നെറ്റിലെ അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം. ഈ ശ്ലോകങ്ങളെല്ലാം അവിടെയുണ്ടു്.