“ഒരു പേരിലെന്തിരിക്കുന്നു?” എന്നു ചോദിച്ചതു വിശ്വമഹാകവി ഷേക്സ്പിയറാണു്. ഒരു റോസാപ്പൂവിനെ ഏതു പേരിട്ടു വിളിച്ചാലും അതു തന്നെയല്ലേ എന്നു തുടര്‍ന്നു ചോദിക്കുകയും ചെയ്തു. പേരിലല്ല, പേരു സൂചിപ്പിക്കുന്ന കാതലിലാണു കാര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വിവക്ഷ.
ഇങ്ങിനെയാണെങ്കിലും, പേരില്‍ ഒരുപാടു കാര്യങ്ങളുണ്ടു് എന്നതാണു കാര്യം. ഇ. വി. കൃഷ്ണപിള്ള ഒരിക്കല്‍ പറഞ്ഞു:
ബാലഗംഗാധരതിലകനെ അറസ്റ്റുചെയ്യാന്‍ ഒരു ഡി. വൈ. എസ്. പി. യെങ്കിലും വേണം. കോരുളയെ അറസ്റ്റു ചെയ്യാന്‍ ഒരു കോണ്‍സ്റ്റബിള്‍ പോലും പോകണ്ടാ. ദൂരെ നിന്നു് “കോരുളേ, ഇങ്ങു വാ” എന്നു വിളിച്ചാല്‍ മതി.
പഴയ രാജകുടുംബാംഗങ്ങള്‍ക്കു പേരിടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ആള്‍ക്കു രാമവര്‍മ്മ, രണ്ടാമത്തെ ആള്‍ക്കു കേരളവര്‍മ്മ, മൂന്നാമത്തെ ആള്‍ക്കു ഗോദവര്‍മ്മ. പിന്നെയും ആളുകളുണ്ടെങ്കില്‍ രാജരാജവര്‍മ്മ, ആദിത്യവര്‍മ്മ, മാര്‍ത്താണ്ഡവര്‍മ്മ എന്നിങ്ങനെയും. (ഈ രാജേഷ് വര്‍മ്മ, ബിജു വര്‍മ്മ എന്നൊക്കെ പറയുന്നവര്‍ എത്രാമത്തെ മക്കളാണോ എന്തോ?). പെണ്ണുങ്ങളാണെങ്കില്‍ അംബ, അംബിക, അംബാലിക. വളരെ എളുപ്പം!
അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉണ്ടായിരുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ മകള്‍ക്കു പാഞ്ചാലി/ദ്രൌപദി, മൃകണ്ഡുവിന്റെ മകനു മാര്ക്കണ്ഡേയന്, പൃഥയുടെ മകന് പാര്ത്ഥന് തുടങ്ങി. പാശ്ചാത്യരുടെ ഇടയിലും ജോണിന്റെ മകനു ജോണ്സണ്, എറിക്കിന്റെ മകനു് എറിക്സണ് തുടങ്ങിയ പേരുകളിടുമായിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആണ്മക്കള്ക്കു പൊതുവേ അച്ഛന്റെ അച്ഛന്റെ പേരിടുന്ന രീതിയുണ്ടല്ലോ. തോമസ് ജേക്കബിന്റെ മകന് ജേക്കബ് തോമസ്, അയാളുടെ മകന് വീണ്ടും തോമസ് ജേക്കബ് എന്നിങ്ങനെ.
അടുത്ത കാലത്തായി അച്ഛനമ്മമാരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്തു് കുട്ടിയ്ക്കു പേരുണ്ടാക്കുന്നതും കാണുന്നുണ്ടു്. ഭാസ്കരന്റെയും വസന്തയുടെയും മകള്‍ക്കു “ഭാവ” എന്നു പേരിടുന്നതു പോലെ. ഇതിനെപ്പറ്റി ഇതിനു മുമ്പും ബൂലോഗത്തില്‍ പരാമര്‍ശമുണ്ടായിട്ടുണ്ടു്. സൂവും കുട്ട്യേടത്തിയും നളനും ദേവരാഗവുമൊക്കെ വേലായുധന്റെയും ശ്യാമളയുടെയും മകളുടെയും മാത്യുവിന്റെയും ക്രിസ്റ്റീനയുടെയും മകന്റെയും നാരായണനു യമുന, റീന എന്നു രണ്ടു ഭാര്യമാരില്‍ ഉണ്ടായ മക്കളുടെയും പേരുകളെപ്പറ്റി ഉറക്കെച്ചിന്തിച്ചിരുന്നു.
കുട്ടികള്‍ക്കു പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ ഇടേണ്ടതു് എന്നതിനെപ്പറ്റിയുള്ള തര്‍ക്കത്തിനു് ഇന്നും തീര്‍പ്പായിട്ടില്ല. അര്‍ത്ഥമില്ലെങ്കിലും സിബു, ഷിജു, മിനി തുടങ്ങിയ പേരുകള്‍ക്കു് അര്‍ത്ഥഗാംഭീര്യമുള്ള ദ്രുഹിണന്‍, വിശാലമനസ്കന്, രാജരാജേശ്വരി തുടങ്ങിയ പേരുകളേക്കാള്‍ ഓമനത്തവും സൌകര്യവുമുണ്ടെന്നാനു് എന്റെ അഭിപ്രായം.
അര്‍ത്ഥമുള്ള പേരുകള്‍ മാത്രമേ ഇടാവൂ എന്നു് ശ്രീ നിഷാദ് കൈപ്പള്ളി ചിന്തയില്‍ പ്രസിദ്ധീകരിച്ച ഒരു പേരിലെന്തിരിക്കുന്നു? എന്ന രസകരമായ ലേഖനത്തിലൂടെ വാദിക്കുന്നുണ്ടു്. അതു് ഈയിടെ അദ്ദേഹം ഒരു ബ്ലോഗ്പോസ്റ്റായി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ ഇതിനെപ്പറ്റി നല്ല ഒരു സംവാദം ഉണ്ടായി. അദ്ദേഹത്തിനോടു് പല കാര്യത്തിലും യോജിക്കുന്നുണ്ടെങ്കിലും, ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടു്. അവ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു കമന്റായി ഇട്ടിട്ടുള്ളതുകൊണ്ടു് ഇവിടെ ആവര്‍ത്തിക്കുന്നില്ല.
എന്റെ അന്ത്യനാമം കേട്ടിട്ടു് പല അമേരിക്കക്കാരും ചിരിച്ചിട്ടുണ്ടു്-പ്രത്യേകിച്ചു സ്ത്രീകള്‍. കാരണം ‘Nair’ എന്നതു് അവിടെ പ്രചാരത്തിലുള്ള ഒരു രോമനിര്‍മാര്‍ജ്ജിനിയുടെ പേരാണു്. അതിന്റെ അര്‍ത്ഥം തേടിച്ചെന്നപ്പോള്‍ (ഞാന്‍ കരുതി വല്ല നായരുടെയും കമ്പനിയാണെന്നു്) “No hair” എന്ന അര്‍ത്ഥത്തിലാണു് ആ വാക്കു് ഉപയോഗിച്ചതു് എന്നാണു് അറിയാന്‍ കഴിഞ്ഞതു്. (അപ്പോള്‍ ‘നായര്‍’ എന്നു വെച്ചാല്‍ അമേരിക്കയില്‍ ‘കഷണ്ടിത്തലയന്’ എന്നാണര്‍ത്ഥം എന്നു സാരം.) ‘ഉമേഷ്’ എന്നതു ജാപ്പനീസില്‍ ഏതോ മദ്യത്തിന്റെ പേരാണു്. (ആപ്രിക്കോട്ട് ഇട്ടു വാറ്റുന്ന പട്ടച്ചാരായമാണെന്നു ദാ, ഉത്സവം ഇത്തിരി മുമ്പു പറഞ്ഞു) പോരേ പൂരം! “മര്‍ക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചികദംശനം” എന്നു പറഞ്ഞതുപോലെയായല്ലോ!
പണ്ടു് എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ പേരു് “കാസിം ശരാബി” എന്നായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനാമത്തിനു ഹിന്ദിയില്‍ “കുടിയന്” എന്നാണര്‍ത്ഥം. ഇതുപോലെ അനവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
ഏതായാലും ഒറ്റ നോട്ടത്തില്‍ത്തന്നെ ദുരര്‍ത്ഥം ഉണ്ടാക്കുന്ന പേരുകള്‍ ഒഴിവാക്കേണ്ടവ തന്നെ. ഷാബി മോനും ലൌസി മോളും (ഈ പ്രയോഗത്തിനു് ജെ. ഫിലിപ്പോസ്, തിരുവല്ലയോടു കടപ്പാടു്) പോലെയുള്ള പേരുകള്‍. “പാംസുല” എന്നു പേരുള്ള ഒരാളിനെപ്പറ്റി മന്‍ജിത്ത് ഒരിക്കല്‍ പറഞ്ഞിരുന്നു. പാംസുല എന്ന വാക്കിനു വൃത്തികെട്ടവള്‍ എന്നാണര്‍ത്ഥം. (“പൊടിപിടിച്ചു കിടക്കുന്നവള്‍” എന്ന അര്‍ത്ഥത്തില്‍ ഭൂമി എന്നും അര്‍ത്ഥം പറയാം.) പുംശ്ചലീ ധര്‍ഷിണീ ബന്ധക്യസതീ കുലടേത്വരീ സ്വൈരിണീ പാംസുലാഥ സ്യാത് എന്നു് അമരകോശം.
എല്ലായിടത്തും തങ്ങളുടെ മക്കള്‍ ഒന്നാമരാവണം എന്ന നിര്‍ബന്ധമുള്ളവരാണെന്നു തോന്നുന്നു A-യില്‍ത്തുടങ്ങുന്ന പേരുകള്‍ മാത്രം കുട്ടികള്‍ക്കിടുന്നതു്. ഇപ്പോഴുള്ള ഇന്‍ഡ്യന്‍ കുട്ടികളില്‍ ഭൂരിഭാഗവും A-യില്‍ തുടങ്ങുന്ന പേരുള്ളവരാണെന്നു തോന്നുന്നു. Aabhijaathy ആണു് ഈ ജനുസ്സിലെ വിജയി എന്നു തോന്നുന്നു. ബ്ലോഗേഴ്സില്‍ ആരാണു് ആദ്യം? ആദിത്യനാണോ? മലയാളത്തില്‍ എഴുതിയാല്‍ “അകൃതവ്രണന്‍” ആണെന്നു തോന്നുന്നു. എന്റെ മകനു കൈപ്പള്ളി നിര്‍ദ്ദേശിച്ച “അഗന്” എന്ന പേരും മത്സരത്തിനുണ്ടു്.
കുട്ടികള്‍ക്കു പ്രാസമുള്ള പേരുകള്‍ ഇടുന്നതു പുരാണകാലം തൊട്ടേ ഉണ്ടായിരുന്നു. സനകന്‍, സനന്ദനന്‍, സനാതനന്, സനല്ക്കുമാരന് എന്നു നാലു ഋഷികുമാരന്മാരെപ്പറ്റി കേട്ടിട്ടുണ്ടു്. ദുര്യോധനന്, ദുശ്ശാസനന്,… തുടങ്ങി ദുശ്ശള വരെ നൂറ്റൊന്നു പേരുടെയും കഥ പ്രസിദ്ധമാണല്ലോ. (ഇതില്‍ കുറെപ്പേരുടെ പേരുകള്‍ “ദു”വിലല്ല തുടങ്ങുന്നതെന്നു തോന്നുന്നു.) സൂര്യന്റെ ഇരട്ട പിറന്ന മക്കള്‍ക്കു യമന്‍, യമുന എന്നു പേരിട്ടതും ഇവിടെ സ്മര്‍ത്തവ്യം.
പ്രാസമില്ലെങ്കിലും ചേര്‍ച്ചയുള്ള പേരുകള്‍ ഇടുന്നതും വളരെ സാധാരണയാണു്. മനോജിന്റെ അനുജന് മിക്കവാറും വിനോദോ പ്രമോദോ ആയിരിക്കും. രാജേഷ്, രാജീവ്; രമ്യ, ധന്യ എന്നിവ മറ്റുദാഹരണങ്ങള്‍.
എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒരു പേരാണു് “ബിന്ദു”. ആ പേരുള്ള ഒരു പെണ്‍കുട്ടിയ്ക്കു് ഒരു ചേച്ചിയോ അനിയത്തിയോ ഉണ്ടെങ്കില്‍ ധൈര്യമായി പന്തയം വെച്ചു കൊള്ളൂ-അവളുടെ പേരു് “രേഖ” എന്നായിരിക്കും. ഗണിതശാസ്ത്രത്തിലെ രണ്ടു പദങ്ങളായതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു് എന്തോ? ബിന്ദുവും രേഖയും കഴിഞ്ഞുള്ള കുട്ടിക്കു് “തലം” എന്നു പേരിടുമോ എന്നു് എനിക്കു് ഏറെക്കാലം സംശയമുണ്ടായിരുന്നു. എനിക്കറിയാവുന്ന ഒരു വീട്ടില്‍ അതു “ചിത്ര” ആണു്. ബിന്ദുവിനു ശേഷം രേഖ. രേഖയ്ക്കു ശേഷം ചിത്രം. എന്തൊരു പുരോഗതി!
എന്റെ ഗ്രാമത്തിലെ ഒരു വീട്ടില്‍ ആറ്റുനോറ്റിരുന്നു് ഒരു ആണ്‍കുട്ടിയുണ്ടായപ്പോള്‍ അവനു് അന്നു് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ഗ്ലാമറുണ്ടായിരുന്ന പെണ്‍കൊടി (അവരന്നു പ്രധാനമന്ത്രിയായിട്ടില്ല) തന്റെ മൂത്ത മകനിട്ട പേരു തന്നെ ഇട്ടു-രാജീവ്. വിളിപ്പേരായി “രാജി” എന്നും തീരുമാനിച്ചു.
അപകടം തുടങ്ങിയതു് മൂന്നര വയസ്സില്‍ ഇദ്ദേഹം വീട്ടിലിരുന്നു ബോറടിച്ചിട്ടു് അമ്മയോടൊപ്പം അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ പോയതു മുതല്ക്കാണു്. നാലാം ക്ലാസ്സു വരെയുള്ള സ്കൂളില്‍ സൌകര്യം പോലെ ഒന്നിലും രണ്ടിലും മൂന്നിലും നാലിലും ഇരുന്നു് സ്കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പുള്ള രണ്ടു കൊല്ലം അദ്ദേഹം ലോകവിജ്ഞാനം നേടി. ദോഷം പറയരുതല്ലോ, മലയാളം വായിക്കാനും എഴുതാനും സാമാന്യം നന്നായിത്തന്നെ ഇക്കാലത്തിനിടയില്‍ അഭ്യസിച്ചു.
പഠിക്കാനുള്ളവയെക്കാള്‍ കൂടുതല്‍ പഠിച്ചതു് സഹപാഠികളുടെ കുടുംബപശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ കേരളസാമൂഹികവ്യവസ്ഥയുടെ കാലികപരിണാമങ്ങളെപ്പറ്റിയായിരുന്നു. “പാദം സബ്രഹ്മചാരിഭ്യഃ” എന്നുണ്ടല്ലോ.
പല പല കുടുംബങ്ങളെ കേസ് സ്റ്റഡികളാക്കി വിശകലനം ചെയ്തപ്പോള്‍ ആ കൊച്ചു ഗവേഷകനു് ഒരു കാര്യം വ്യക്തമായി. ഒരു വീട്ടിലെ കുട്ടികള്‍ക്കു പ്രാസമുള്ള പേരുകള്‍ വേണം-പ്രദീപ്, പ്രശാന്ത്, പ്രസീദ, പ്രമോദ് എന്നതു പോലെ. അല്ലെങ്കില്‍ ഇടിവാളിന്റെ അയല്‍ക്കാരായ സെന്നി, ഡെന്നി, റെന്നി, ജെന്നി, ബെന്നി എന്നിവരെപ്പോലെ.
മൂത്ത സഹോദരിയായ “ഉഷ”യുടെ പേരിലും “രാജീവ്” എന്ന സ്വന്തം പേരിലും വരമൊഴിയില്‍ എഴുതിയാല്‍ പോലും പൊതുവായ ഒരു അക്ഷരമില്ലെന്നു കണ്ട ആ നാലു വയസ്സുകാരന്റെ ഹൃദയം പ്രക്ഷുബ്ധമായി. മീനാക്ഷിയെപ്പോലെ തന്നെയും തവിടു കൊടുത്തു മീന്‍കാരിയുടെ കയ്യില്‍ നിന്നു വാങ്ങിയതാണോ എന്നവന് സംശയിച്ചു. അവസാനം മാതാപിതാക്കള്‍ക്കു പ്രാസബോധമില്ലാത്തതാണു കാരണം എന്നു് അനുമാനിച്ചു. അതില്‍പ്പിന്നെ ചേച്ചിയുടെ പേരിനോടു പ്രാസമുള്ള ഒരു പേരു കണ്ടു പിടിക്കാനുള്ള ശ്രമമായി.
ഉ, ഷ എന്നീ അക്ഷരങ്ങളുള്ള പേരു വേണം എന്ന ആവശ്യവുമായി മലയാളാദ്ധ്യാപികയായിരുന്ന അമ്മയുടെ അടുത്തെത്തി. ഇതൊരു കുട്ടിക്കളിയായേ അമ്മ എടുത്തുള്ളൂ.
“ഉണ്ണൂണ്ണി എന്നായിക്കോട്ടെടാ…”
“അതില്‍ ഷ ഇല്ല.” വേറേ യാതൊരു കുഴപ്പവുമില്ല ആ പേരിനു്!
“എന്നാല്‍ രമേഷ് ആയ്ക്കോട്ടേ…”
“അതില്‍ ഉ ഇല്ല”
“എന്നാല്‍ ഉഷ എന്നു തന്നെ ഇരിക്കട്ടേ…”
“അതു പെണ്പിള്ളേരുടെ പേരല്ലേ?”
“എന്നാല്‍ അങ്ങനെയൊരു പേരില്ല.”
ഈ കഥ പിന്നീടൊരിക്കല്‍ വക്കാരിയോടു പറഞ്ഞപ്പോള്‍ അദ്ദേഹവും വീട്ടുകാരും ചേര്‍ന്നു് ഉ, ഷ എന്നിവയുള്ള ഒരു പറ്റം പേരുകള്‍ കണ്ടുപിടിച്ചു തന്നിരുന്നു. ഉരഗേഷ്, ഊഷ്മളന്‍, ഉഷ്ണീഷ് എന്നിവ അവയില്‍ ചിലതു മാത്രം.
അക്കാലത്തു വീട്ടില്‍ വരുത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പു് മൂപ്പര് വായിക്കുമായിരുന്നു. നാലു വയസ്സുകാരന് മാതൃഭൂമി മുഴുവന്‍ വായിക്കുമെന്നു ധരിക്കരുതു്. ബാലപംക്തി മാത്രം. അതും മുഴുവനില്ല. ഫോട്ടോകളും അതിനു താഴെയുള്ള പേരുകളും മാത്രം. അങ്ങനെ തെരഞ്ഞപ്പോള്‍ നോക്കി നടന്ന പേരു കിട്ടി-ഉമേഷ്!
നേരേ അമ്മയുടെ അടുത്തു ചെന്നു:
“അമ്മേ, ഉമേഷ് എന്ന വാക്കിനു വല്ല അര്‍ത്ഥവുമുണ്ടോ?”
“ഉണ്ടല്ലോ,” ശുദ്ധഹൃദയയായ അമ്മ പറഞ്ഞു, “ശിവന് എന്നാണു് അതിന്റെ അര്‍ത്ഥം.”
“എന്നാല്‍ എനിക്കു് ആ പേരു മതി.”
“ആയ്ക്കോട്ടേ, സ്കൂളില്‍ ചേര്‍ക്കാറാകട്ടേ…”
ഇതൊരു വെറും കുട്ടിക്കളി മാത്രമായേ ആ അമ്മ കരുതിയുള്ളൂ.
പക്ഷേ അതൊരു കുട്ടിക്കളി ആയിരുന്നില്ല. കയ്യിലുള്ള ഒന്നാം പാഠം, ചിത്രബാലപാഠം, എഞ്ചുവടി തുടങ്ങിയ ഗ്രന്ഥങ്ങളിലെ രാജീവിനെ നിഷ്കരുണം വെട്ടിക്കളഞ്ഞിട്ടു് ഉമേഷിനെ പ്രതിഷ്ഠിച്ചു. വീടിന്റെ ഭിത്തിയില്‍ “ഉമേഷ്” എന്ന പേരു് പെന്‍സില്‍ ഉപയോഗിച്ചു് എഴുതിവെച്ചതു് അടുത്ത കാലം വരെ ഉണ്ടായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൂട്ടുകാരോടു് ഇനി തന്നെ ഉമേഷ് എന്നേ വിളിക്കാവൂ എന്നു നിഷ്കര്‍ഷിച്ചു.
ഇതുപോലെ ഒരു കഥാപാത്രത്തിനെ പിന്നീടു് “സപ്തപദി” എന്ന ബംഗാളി നോവലില്‍ കണ്ടുമുട്ടി. തന്റെ “കാലാചന്ദ്” എന്ന പേരു മാറ്റി “കൃഷ്ണേന്ദു” എന്ന പേരു സ്വീകരിച്ച നായകന്. “ഐ ആം നോട്ട് കാലാചന്ദ്, കോള്‍ മി കൃഷ്ണേന്ദു” എന്നു പറഞ്ഞുനടന്നവന്.
കളി കാര്യമായതു് അഞ്ചര വയസ്സില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ ചെന്നപ്പോഴാണു്. സ്കൂളില്‍ എത്തിയപ്പോഴാണു് തന്റെ പേരു് “രാജീവ്” എന്നാണു് അച്ഛന് എഴുതിക്കൊടുത്തിരിക്കുന്നതു് എന്നു കണ്ടതു്. അതിന്നെ പല്ലും നഖവും സത്യാഗ്രവും നിസ്സഹകരണവും ഉപയോഗിച്ചു് എതിര്‍ത്തു. “ഉമേഷ്” എന്ന പേരിട്ടില്ലെങ്കില്‍ തനിക്കു പഠിക്കണ്ടാ എന്നു പ്രഖ്യാപിച്ചു.
അച്ഛന് രോഷാകുലനായി. “ഇങ്ങനെയുള്ള സന്തതികള്‍ മൂലമാണു കുലം നശിക്കുന്നതു്” എന്നു ദുര്യോധനനെപ്പറ്റി ധൃതരാഷ്ട്രന് പറഞ്ഞ വാക്കുകള്‍ ഉറക്കെ അനുസ്മരിച്ചു. ഉപായം സാമദാനഭേദങ്ങള്‍ കഴിഞ്ഞു ദണ്ഡത്തിലേക്കു കടക്കാന്‍ തുടങ്ങി. അപ്പോഴാണു ഹെഡ്മിസ്ട്രസ്സായിരുന്ന തങ്കമ്മസാറും (വക്കാരിയുടെ തങ്കമ്മസാറുമായി യാതൊരു ബന്ധവുമില്ല.) പ്യൂണ്‍ കം ക്ലര്‍ക്കായിരുന്ന ജോര്‍ജ് സാറും അവന്റെ രക്ഷയ്ക്കെത്തിയതു്. അവരുടെ ഉപദേശപ്രകാരം അച്ഛന് അല്പം അടങ്ങി. എങ്കിലും വളഞ്ഞില്ല. ആദ്യത്തെ ആപ്ലിക്കേഷന്‍ ഫോം വലിച്ചുകീറിക്കളഞ്ഞിട്ടു് പുതിയ ഒരു ഫോമും കുലംകലക്കിയായ മകനുമായി തിരിച്ചു വീട്ടിലെത്തി.
അതിനു ശേഷം നടന്നതു് വീട്ടുകാരും ബന്ധുക്കളും അഭ്യുദയകാംക്ഷികളും സംയുക്തമായി സംഘടിപ്പിച്ച ഒരു മസ്തിഷ്കപ്രക്ഷാളനപ്രക്രിയയായിരുന്നു. പ്രസക്തഭാഗങ്ങള്‍:
- ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ (അപ്പോഴേക്കു നമ്മുടെ പെണ്‍കൊടി പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്നു) മകന്റെ പേരാണു “രാജീവ്”. “ഉമേഷ്’ എന്നു പേരുള്ള ആരെയെങ്കിലും നിനക്കറിയാമോ?
- “ഉമേഷ്” എന്നു് എഴുതിയിരിക്കുന്നതു കാണാന്‍ ഒരു ഭംഗിയുമില്ല. ആ “ഉ” ഒന്നു നോക്കിക്കേ. ഒരു കഷണ്ടിക്കാരനെപ്പോലെ ഇരിക്കുന്നില്ലേ?
- “രാജീവ്” എന്ന പേരു കേട്ടാലൊരു നായരുകുട്ടിയാണെന്നു തോന്നും. “ഉമേഷ്” പോലുള്ള പേരുകള്‍ ഈഴവരും മറ്റുമാണു് ഇടുന്നതു്. ആളുകള്‍ നിന്നെ ഈഴവനായി തെറ്റിദ്ധരിക്കും.
- എങ്ങുമില്ലാത്ത പേരു കേട്ടാല്‍ ആളുകള്‍ ചിരിക്കും.
- ഇതുവരെ നിന്നെ മറ്റേ പേരു വിളിച്ചവര്‍ ഒരിക്കലും മാറ്റിവിളിക്കില്ല.
- “രാജി” പോലെ മനോഹരമായൊരു ചുരുക്കപ്പേരു് ഉമേഷിനില്ല.
- “ഉമേഷ്” എന്ന പേരിനു് അര്‍ത്ഥമില്ല. “ഉമേശന്” എന്നാണു ശരിക്കുള്ള പേരു്. അതു കൊള്ളില്ലല്ലോ. “ഉമേഷ്” എന്നതു ശിവന്റെ പര്യായമൊന്നുമല്ല.
- U-വില്‍ തുടങ്ങുന്നതു കൊണ്ടു് എല്ലാ ക്ലാസ്സിലും അവസാനമാകും. അതു നിന്റെ ഭാവിയെ ബാധിക്കും.
ഇതൊന്നും ആ പിഞ്ചുമനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിനു് (താന്തോന്നിത്തത്തിനു് എന്നും പറയാം) ഒരു പോറലും ഏല്‍പ്പിച്ചില്ല. മാത്രമല്ല, ഓരോ വാദത്തെയും യുക്തിയുക്തമായ എതിര്‍വാദങ്ങളെക്കോണ്ടു ഖണ്ഡിക്കുകയും ചെയ്തു.
അവസാനം എല്ലാവരും വഴങ്ങി. “ഉമേഷ്” എന്ന പേരില്‍ത്തന്നെ അവനെ സ്കൂളില്‍ ചേര്‍ത്തു.
അങ്ങനെയാണു കൂട്ടരേ എനിക്കു് ഈ പേരു കിട്ടിയതു്!
ഇപ്പോഴും എന്റെ വീട്ടിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ ചെന്നാല്‍ “രാജീവ്” എന്നു പറഞ്ഞാലേ എന്നെ അറിയൂ. സ്കൂളില്‍ ടീച്ചര്മാര് മുഴുവനും “രാജീവ്”“ എന്നായിരുന്നു വിളിച്ചിരുന്നതു്. എന്റെ അനന്തരവര്‍ക്കു് ഇന്നും എന്നും ഞാന്‍ “രാജിയമ്മാവന്‍” തന്നെ.
“രാജീവ്” എന്ന പേരു കേട്ടാല്‍ ഞാന്‍ ഇപ്പോഴും തിരിഞ്ഞു നോക്കും. ആ പേരിനോടു് മറ്റേതിനോടില്ലാത്ത ഒരു ആത്മബന്ധം ഇപ്പോഴുമുണ്ടു്. അതുകൊണ്ടു തന്നെ, രാജീവ് എന്ന പേരുള്ളവരോടു ഒരു പ്രത്യേക അടുപ്പം തോന്നാറുണ്ടു്. ബൂലോഗത്തില്‍ പല രാജീവുമാര്‍ ഉണ്ടെങ്കിലും ആരും തന്നെ ആ പേരില്‍ എഴുതാത്തതു് എന്നെ അദ്ഭുതപ്പെടുത്തി. എനിക്കുള്ള പ്രശ്നം തന്നെ ഇവര്‍ക്കും ഉണ്ടായിരിക്കുമോ? അപ്പോഴാണു് രാജീവ് എന്ന പേരില്‍ത്തന്നെ പിന്നീടു കൊച്ചുവര്‍ത്തമാനമായ ഒരു ക്രോണിക് ബാച്ചിലര്‍ എഴുതിത്തുടങ്ങിയതു്. സന്തോഷത്തോടുകൂടി ഞാന്‍ അവിടെ പോയി ഈ കമന്റ് ഇടുകയും ചെയ്തു:
രാജീവ് എന്ന സ്വന്തം പേരില്‍ ബ്ലോഗ് ചെയ്യുനതു കണ്ടിട്ടു സന്തോഷം. അച്ഛനും അമ്മയും “രാജീവ്” എന്ന പേരു കൊടുത്ത മിക്കവരും ആ പേരിനു പകരം വേറേ ഏതെങ്കിലും പേരു് ഉപയോഗിക്കുന്നതായാണു കണ്ടു വരുന്നതു് 🙂
പിന്നീടു മറ്റൊരു രാജീവും സ്വന്തം പേരില്‍ത്തന്നെ ബൂലോഗത്തെത്തിയിട്ടുണ്ടു്.
ഔദ്യോഗികനാമം ഉമേഷായിട്ടും “എന്തൊരു നല്ല പേരു കളഞ്ഞിട്ടാ ഇവനീ കടുംകൈ ചെയ്തതു്…” എന്നൊക്കെ പറഞ്ഞു് ചേച്ചിയും മറ്റു പലരും എന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു. അതോടുകൂടി എനിക്കും ഒരു പേടി. ഈ ഉമേഷ് എന്ന പേരു് അത്ര ചീത്തയാണോ?
ഏതോ ദേവീസഹസ്രനാമത്തിന്റെയോ മറ്റോ വ്യാഖ്യാനത്തില്‍ “ഉമ” എന്നതിന്റെ അര്‍ത്ഥം “ശിവന്റെ ഭാര്യ” എന്നാണെന്നു കണ്ടു് ഞാന്‍ ഞെട്ടി.
“ഉ” എന്നു വെച്ചാല്‍ ശിവനാണു്. (“ഓം” എന്നതിലെ അ, ഉ, മ് എന്നിവ യഥാക്രമം വീഷ്ണു, ശിവന്, ബ്രഹ്മാവു് എന്നിവരാണത്രേ!) “മാ” എന്നു വെച്ചാല്‍ മഹാലക്ഷ്മി. അതായതു ഭാര്യ. അപ്പോള്‍ ഉമ ശിവന്റെ ഭാര്യ.
കാരണം, “ഭവാനീപതി”, “നാരായണീകാന്തന്‍” തുടങ്ങിയ പ്രയോഗങ്ങളെ ഏ. ആറും ഉള്ളൂരും മറ്റും വിമര്‍ശിച്ചിട്ടുള്ളതു ഞാന്‍ വായിച്ചിട്ടുണ്ടു്. “ശിവന്റെ ഭാര്യയുടെ ഭര്‍ത്താവു്” എന്ന അര്‍ത്ഥത്തില്‍ നിന്നു് പാര്‍വ്വതിക്കു രണ്ടു ഭര്‍ത്താക്കന്മാരുണ്ടെന്നും, ഇതു ശിവനല്ലാത്ത വേറേ ഒരുത്തനാണു് എന്നു തോന്നിക്കും എന്നുമാണു് അവരുടെ വാദം. ദൈവമേ, ഞാന്‍ വിപ്ലവം നടത്തി സംഘടിപ്പിച്ച ഈ പേരിനു് ഇങ്ങനെയൊരു ദുരര്‍ത്ഥമോ?
വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തു പഠിക്കുന്ന കാലത്തു് ഞാന്‍ ഇതു കുറേ സുഹൃത്തുക്കളോടു പറഞ്ഞു. അതിലെ അയ്യപ്പന് പിള്ള എന്നു പേരുള്ള ഒരാള്‍ക്കു് അതു വളരെ ഇഷ്ടപ്പെട്ടു. അയ്യപ്പന് അന്നു ചിരിച്ച ചിരിക്കു കണക്കില്ല.
അതിനെനിക്കു വീരോധമില്ല. പക്ഷേ, രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടു കുറേപ്പേര് ഇരിക്കുന്ന ഒരു സദസ്സില്‍ അയ്യപ്പന് “ഈ ഉമേഷ് എന്നതിന്റെ അര്‍ത്ഥമറിയാമോ? പാര്‍വ്വതിയുടെ ജാരന് എന്നാണു്. ഹ ഹ ഹ… ഹി ഹി ഹി…” എന്നു പറഞ്ഞു തലയറഞ്ഞു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കു ദേഷ്യം വന്നു. എം. ടെക്കിനു പഠിക്കുന്ന എന്നെ ബി. ടെക്കിനു പഠിക്കുന്ന ഒരുത്തന് ബി. ടെക്കിനു പഠിക്കുന്നവരുടെ മുന്നില്‍വച്ചു കളിയാക്കുകയോ? അതും ഞാന്‍ തന്നെ പറഞ്ഞുകൊടുത്ത ഒരു ഒരു ഫലിതം ഉപയോഗിച്ചു്? ഞാന്‍ പറഞ്ഞു, “കൂട്ടരേ, നിങ്ങള്‍ക്കു് അയ്യപ്പന് എന്നതിന്റെ അര്‍ത്ഥമറിയാമോ? അഞ്ചു് അപ്പന്മാരുള്ളവന്‍ എന്നാണു്…”
സാധാരണയായി ഇങ്ങനെയൊരു കര്‍മ്മം കഴിഞ്ഞാല്‍ ബലിമൃഗത്തിന്റെ പല്ലു്, നഖം തുടങ്ങിയവ അവശേഷിക്കാറുണ്ടു്. ഈ കേസില്‍ അയ്യപ്പന്റെ ഒരു ഭൌതികാവശിഷ്ടവും അന്നേ ദിവസം കാണാനുണ്ടായിരുന്നില്ല…
അവസാനം രക്ഷിച്ചതു സാക്ഷാല്‍ കാളിദാസനാണു്. കുമാരസംഭവത്തില്‍ ഇങ്ങനെ വായിച്ചു:
താം പാര്‍വ്വതീത്യാഭിജനേന നാമ്നാ
ബന്ധുപ്രിയാം ബന്ധുജനോ ജുഹാവ
ഉമേതി മാത്രാ തപസോ നിഷിദ്ധാ
പശ്ചാദുമാഖ്യാ സുമുഖീ ജഗാമ
ബന്ധു-ജനഃ (ബന്ധുജനങ്ങള്‍) ബന്ധു-പ്രിയാം താം (ബന്ധുപ്രിയയായ അവളെ) പാര്‍വ്വതീ ഇതി അഭി-ജനേന നാമ്നാ (“പാര്‍വ്വതി” എന്ന ജനനത്തിനനുസരിച്ചുള്ള പേരുപയോഗിച്ചു്) ജുഹാവ (വിളിച്ചു). ഉ-മാ ഇതി (“ഓ അരുതേ” എന്നു പറഞ്ഞു്) മാത്രാ തപസഃ നിഷിദ്ധാ പശ്ചാത് (അമ്മ തപസ്സില്‍ നിന്നു വിലക്കിയതിനു ശേഷം) സുമുഖീ (ആ സുന്ദരി) ഉമാ-ആഖ്യാം (“ഉമാ” എന്ന പേരു്) ജഗാമ (സമ്പാദിച്ചു).
(ഉ എന്നതിനു് “ഓ” എന്നു മാത്രമല്ല, “കുഞ്ഞേ” എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നാണു് ഉമാനാമധാരിണിയായ അചിന്ത്യയുടെ അഭിപ്രായം. ഇതിനെച്ചൊല്ലിയുള്ള ഉമോമേശസംവാദം ഇവിടെയും ഇവിടെയും വായിക്കുക.)
അതായതു്, അമ്മയുടെ വിലക്കു വകവെയ്ക്കാതെ ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ തപസ്സു ചെയ്യാന്‍ പോയതുകൊണ്ടു പാര്‍വ്വതിക്കു കിട്ടിയ പേരാണത്രേ ഉമ. അച്ഛനമ്മമാരെ എതിര്‍ത്തു പേരിട്ട എനിക്കു പറ്റിയ ഭാര്യ തന്നെ! എനിക്കു സമാധാനമായി.
പില്ക്കാലത്തു്, അമ്മ ചൂണ്ടിക്കാണിക്കുന്ന ഏതു കോന്തനെയും കെട്ടാന്‍ തയ്യാറായിരുന്ന ഒരു പെണ്ണാണു ഭാര്യയായതു് എന്നു ചരിത്രം. അല്ലാ,അതു കൊണ്ടു കല്യാണം കഴിച്ചു. അല്ലെങ്കില്‍ ഞാനുമിപ്പോള്‍ നടന്നേനേ ക്രോണിക് ബാച്ചിലറായി… 🙂
ഇതു മൂലമാണോ എന്തോ, എനിക്കൊരു അനുജനുണ്ടായപ്പോള്‍ ഉ, ഷ എന്നിവയുള്ള “സുഭാഷ്” എന്ന പേരാണു് അച്ഛനും അമ്മയും അവനിട്ടതു്. സ്കൂളില്‍ ചേര്‍ക്കാറായപ്പോള്‍ അതു് ഉന്മേഷ് എന്നോ ഉല്ലാസ് എന്നോ ആക്കാനുള്ള എന്റെ നിര്‍ദ്ദേശം അവന് പുറംകാലു കൊണ്ടു തൊഴിച്ചു ദൂരെയെറിഞ്ഞു.
ദശാബ്ദങ്ങള്‍ക്കു ശേഷം, എന്റെ ആദ്യത്തെ മകനിടാന്‍ പത്തുപതിനഞ്ചു പേരുകളില്‍ നിന്നു് ഒന്നു തെരഞ്ഞെടുക്കാന്‍ ഞാന്‍ പാടുപെട്ടപ്പോള്‍ എന്റെ അച്ഛന് പറഞ്ഞു,“എന്തെങ്കിലും ഇട്ടാല്‍ മതിയെടാ, അഞ്ചു വയസ്സാകുമ്പോള്‍ അവന് മാറ്റിക്കൊള്ളും. നിന്റെയല്ലേ മോന്!”
താന്‍ ഇട്ട പേരു മാറ്റിയ മകനോടുള്ള അമര്‍ഷവും ദുഃഖവുമൊക്കെ അതിലുണ്ടായിരുന്നു. ഇപ്പോഴാണു് എനിക്കതു മനസ്സിലാകുന്നതു്. ഏതായാലും വിശാഖ് അഞ്ചാം വയസ്സില്‍ പേരു മാറ്റിയില്ല. ഭാഗ്യം!
ഈ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ കുറെക്കാലം മുമ്പു തന്നെ എഴുതി ഡ്രാഫ്റ്റാക്കി വെച്ചിരുന്നു. ഇപ്പോള്‍ ഇതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കാരണം കൈപ്പള്ളിയുടെ പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണു് ഇട്ട
ശരിക്കും പറഞ്ഞാല്‍ പിള്ളേരൊടു ചോദിച്ചിട്ട് അവര്‍ക്കിഷ്ടമുള്ള പേരിടണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. :). എന്റെ പേര് ഇഷ്ടമല്ലാ,പേരു മാറ്റണം എന്നൊക്കെ പറഞ്ഞ് അമ്മേനോട് വഴക്കിടുമ്പോള്‍, എന്റെ മോളെ,നീ ജനിച്ച് വീഴൂമ്പൊ എന്തോരം സ്നേഹത്തോടെ എന്തു മാത്രം ആലോചിച്ചു,എന്തു മാത്രം വാത്സല്യത്തോടെ ആണ് ആ പേര് നിനക്കിട്ടതെന്നൊക്കെ അമ്മ പറഞ്ഞിട്ട് അമ്മേടെ കണ്ണ് നിറയണ കണ്ടപ്പൊ പിന്നെ ഞാന്‍ പേര് മാറ്റണ പരിപാടിയില്‍ നിന്ന് മാറി. അപ്പനും അമ്മയും ഒരുപാട് ഒരു വലിയ സ്വപ്ന സാക്ഷാല്‍ക്കാരം പോലെയാണെന്ന് തോന്നണ് നമുക്കൊക്കെ ഒരോ പേരിടുന്നത്. അതും വെച്ച് ജീവിത കാലം മുഴുവന്‍..ശ്ശൊ!ഇത്രെം വൃത്തികെട്ട പേരാണല്ലോ ഇവരെനിക്കിട്ടത് എന്ന് ചിന്തിക്കുന്നതാണെന്ന് തോന്നണ് നമ്മുടെ ഒക്കെ ആദ്യ rebellion.
എന്ന കമന്റും, വിശ്വം അവിടെത്തന്നെ പറഞ്ഞ
അവനവന്റെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരുടെ ആദ്യത്തെ കടന്നുകയറ്റമാണ് പേരിടീല്‍ എന്നാണെനിക്കു തോന്നാറു്.
എന്ന ചിന്തോദ്ദീപകമായ വാക്യവുമാണു്.
Umesh::ഉമേഷ് | 21-Nov-06 at 3:23 pm | Permalink
കുട്ടികള്‍ക്കു പേരിടുമ്പോഴുള്ള പ്രാസഭ്രമത്തെപ്പറ്റി. കൂട്ടത്തില്‍ ഒരു അഞ്ചുവയസ്സുകാരന്റെ വിപ്ലവത്തിന്റെ കഥയും.
പാര്‍വതി | 21-Nov-06 at 3:44 pm | Permalink
ഉമേഷേട്ടാ…വളരെ നന്നായി, സരളമായും സരസമായും പറഞ്ഞിരിക്കുന്നു, എനിക്കും ഇത്തരം ഒരു കോമ്പ്ലക്സ് ഉണ്ടായിരുന്നു, അല്ല ഉണ്ട് എന്ന് വര്‍ത്തമാനകാലത്തില്‍ തന്നെ പറയണം.
എന്റെ അഭിനന്ദനങ്ങള്‍
-പാര്‍വതി
വല്യമ്മായി | 21-Nov-06 at 3:49 pm | Permalink
ഞാനും എന്റെ പേരിന്റെ അര്‍ത്ഥം ഈയടുത്താണ് കണ്ടു പിടിച്ചത്.
ഇഞ്ചിപ്പെണ്ണ് | 21-Nov-06 at 4:18 pm | Permalink
ഉമേഷേട്ടാ
ഇപ്പൊ ഒരു കാര്യം മനസ്സിലായി. വിശാഖിനു സിന്ധുചേച്ചീടെ തങ്കപ്പെട്ട സ്വഭാവമാണെന്ന്..അച്ഛന്റെ തലതിരിഞ്ഞ സ്വഭാവാമല്ലാന്ന് :).
രണ്ടാമത്തെയാളെങ്കിലും അഞ്ചു വയസ്സില്‍ വിപ്ലവം ഉണ്ടാക്കട്ടേയെന്ന് പ്രതീക്ഷിക്കുന്നു.
എന്നാലും അഞ്ചുവയസ്സിലേ ഹൊ! ഉമേഷേട്ടന് അഞ്ചു വയസ്സിലുണ്ടായിരുന്ന ബുദ്ധി എനിക്ക് പതിനഞ്ചു വയസ്സിലാണുണ്ടായെ 🙂
നല്ല സൂപ്പറായിട്ട് എഴുതിയേക്കണു. ഈ ഗുരുകുലം ഒക്കെ നിറുത്തിവെച്ച് ഉമേഷേട്ടന് ആത്മകഥ എഴുതാന്‍ ഒരു കൈ നോക്കണമെന്ന് ഒരു അഭിപ്രായം. പിന്നെ ആതമകഥയെഴുതാനുള്ള പ്രായവും ആയിക്കാണുമല്ലൊ 😉
ravunni | 21-Nov-06 at 5:02 pm | Permalink
ഝുമ്പാ ലാഹിരിയുടെ “The Namesake” എന്ന് നോവല്‍ ചിലരെങ്കിലും വായിച്ചിട്ടുണ്ടാവുമല്ലോ. അച്ഛന് ഏറെ മോഹിച്ചിട്ട പേര് തന്റെ അസ്തിത്വത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലായി കാണുന്ന ഒരാളുടെ കഥയാണ്. അതിലെ നായകന് പേരു മാറ്റുന്നത് പതിനെട്ടു വയസ്സിലാണ്. മക്കള്‍ക്കു പേരിടുന്ന കാര്യത്തില്‍ അത്രയ്ക്ക് ആലോചിക്കാതിരിക്കുകയായിരിക്കും ഉചിതം.
രാജ് | 21-Nov-06 at 6:03 pm | Permalink
മറ്റൊരു പേരു വിരോധി. എന്റെ പേരില്‍ പ്രസിദ്ധനായൊരു സംഗീത സംവിധായകനുണ്ടു്, അക്കാലത്തു പ്രശസ്തി നേടിയ ഒരു സിനിമ കണ്ടിട്ടായിരുന്നു് എന്റെ അമ്മയ്ക്കു മകനിടേണ്ട പേരിന്റെ ആദ്യഭാഗം കിട്ടിയതു്. ആ സിനിമയുടെ കഥ പലപ്പോഴും പറഞ്ഞുകേള്‍ക്കാം, എന്നിട്ടും എനിക്കു യാതൊരു തോന്നാത്ത ഒന്നായി എന്റെ പേരു മാറിയിരിക്കുന്നു, ഉമേഷിന്റെ പോലെ മാറ്റുവാന്‍ കഴിഞ്ഞില്ല എന്നു മാത്രം.
ഉമേഷിന്റെ ഗദ്യവും, യഥോചിതം പ്രസ്താവിച്ചിരിക്കുന്ന ലിങ്കുകളും രസകരമായൊരു വായനയൊരുക്കി.
പച്ചാളം | 21-Nov-06 at 6:13 pm | Permalink
എനിക്ക് എന്റമ്മ കണ്ടു വച്ചിരുന്ന പേര് മധു എന്നായിരുന്നൂ.
പക്ഷേ ഞാന്‍ ജനിക്കുന്നതിനു ഏകദേശം ഒരു വര്‍ഷം മുന്‍പ് അച്ഛന് തിരുപ്പതി ഭഗവാനെ സ്വപ്നം കാണുകയും, സ്വപ്നത്തില്‍ , അച്ഛനുമമ്മയ്ക്കും ഒരാണ്‍കുഞ്ഞ് ജനിക്കുമെന്നും, അവന് ആ ഭഗവാന്റെ പേരായ – ശ്രീഹരി, ശ്രീനിവാസന് – ഇവയിലേതെങ്കിലും ഇടണമെന്നും പറഞ്ഞത്രേ.
ശ്രീനിവാസ് എന്ന് പേരിട്ടെങ്കിലും അവരു തന്നെ അതു മുറിച്ചു ശ്രീനിയാക്കിത്തന്നു..
(കൊള്ളാലേ?)
അന്നാലും ഉമേഷേട്ടന് അഞ്ചുവയസ്സിലേ ആളു മോശമല്ലായിരുന്നല്ലേ? 🙂
സന്തോഷ് | 21-Nov-06 at 6:24 pm | Permalink
ജോലിസ്ഥലത്തിനടുത്തുണ്ടായിരുന്ന ഹോട്ടലിന്റെ പേരല്ലല്ലോ നിങ്ങള്‍ക്കിട്ടത് എന്ന് സമാധാനിക്കൂ, സുഹൃത്തുക്കളേ!
നളന് | 21-Nov-06 at 6:25 pm | Permalink
സ്വന്തം പേരു മാത്രമല്ല ഉമേഷ് അണ്ണാ,രൂപം തൊട്ട് ഭൌതികമായതൊന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അക്ഷരാര്ത്ഥത്തിലില്ല. (പേരെങ്കിലും അടിയിട്ടു വാങ്ങിയത് വലിയ കാര്യം തന്നെ , നമോ!)
സ്വാതന്ത്ര്യമെന്ന വാക്കിന്റെ അര്‍ത്ഥശൂന്യത.
ചുമ്മാതല്ല ആത്മാവില്‍ കടിച്ചുതൂങ്ങുന്നത്..
അയ്യോ പറയാന്‍ മറന്നു. ആയുസ്സൊരുവര്ഷം കൂടി കുറയുന്ന ദിനത്തിന്റെ ആശംസകള്‍!
ഇഞ്ചിപ്പെണ്ണ് | 21-Nov-06 at 6:30 pm | Permalink
ഹഹഹ.സന്തോഷേട്ടാ.അപ്പൊ നമ്മടെ Kobe Bryant നേക്കാളും ഭേദമല്ലേ? പുള്ളിക്കു മെനുവില്‍ ഉണ്ടായിരുന്നു സ്റ്റീക്കിന്റെ പേരല്ലേ അപ്പന് ഇട്ടേ? 🙂
wakaari | 21-Nov-06 at 6:39 pm | Permalink
ഉമേഷ്ജിയേ, വളരെക്കാലത്തിനുശേഷം. തരാനുള്ള അഭിനന്ദനങ്ങളൊക്കെ കൈയ്യോടെ പിടിച്ചോ.
നല്ല ലേഖനം. അന്ന് ഉമേഷ്ജിയെ ഞാനും വീട്ടുകാരും കൂടി സഹായിച്ച വഹയില്‍ കിട്ടിയ പേരുകളില്‍ ഊഷ്മാണ്ടന്, പഉരുഷഉത്തോമന്, ഉഷ്ണന്‍, ഉണ്ണീഷോ
കെ. ഉരങ്ങേഷ് (കൊരങ്ങേഷ് എന്ന് വീട്ടില്‍ വിളിക്കാം), ഉലമേഷ് ഇവയൊക്കെയുണ്ടായിരുന്നു 🙂
കുട്ട്യേടത്തി | 21-Nov-06 at 7:08 pm | Permalink
ഉമേഷ്ജീ, ജന്മദിനാശംസകള്. ‘നാല്‍പ്പതു കഴിഞ്ഞു ഇനി വെടി വച്ചു കൊല്ലൂ,‘ എന്നു പറഞ്ഞത്, ഒരു വര്‍ഷം മുന്പായിരുന്നോ ? അതോ.. ഓര്‍മ്മ പോരാ. എന്തായാലുമിനിയുമൊരായിരം വര്‍ഷം ജീവിയ്ക്കട്ടെ എന്നാശംസിക്കുന്നു 🙂
അഞ്ചാം വയസ്സില്‍ തുടങ്ങിയ വിപ്ലവമാണല്ലേ ? 🙂 നമോ നമ!
വേണു | 21-Nov-06 at 7:23 pm | Permalink
ഉമേഷ്ജീ, ജന്മദിനാശംസകള്.
Viswaprabha വിശ്വപ്ര | 21-Nov-06 at 10:10 pm | Permalink
🙂
Adithyan | 22-Nov-06 at 2:47 am | Permalink
ഓരോ പോസ്റ്റ് വായിക്കുമ്പോഴും തോന്നും ഈ മനുഷ്യന് ഒരു പ്രതിഭാസമാണല്ലോ എന്ന്. അപ്പോ ദാ അടുത്ത പോസ്റ്റുമായി വരും, അടുത്ത ആഡംബരവുമായി…
dO whaT yoU wannA dO
bE whaT yoU wannA bE
ഇത്തിരിവെട്ടം | 22-Nov-06 at 4:35 am | Permalink
ഒത്തിരി ഇഷ്ടമായി.
പിറന്നാളാശംസകള്‍.
ബിക്കു | 22-Nov-06 at 4:51 am | Permalink
മറ്റൊരു പേര് വിരോധി:)
എന്റെ പേര് മാറ്റാന്‍ ഒരു വിപ്ലവം ഞാനും നടത്തി നോക്കിയതാ. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. നടന്നില്ല. ഇപ്പോ വേറെ വഴിയില്ലാത്തത് കൊണ്ടെന്റെ പേരെനിക്ക് ഇഷ്ടമായി.
ഉമാപതിയുടെ ഭാര്യയുടെ ഭര്‍ത്താവിന് ജന്മദിനാശംസകള്.
qw_er_ty
ഏറനാടന്‍ | 22-Nov-06 at 6:41 am | Permalink
പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കുന്നത് ശുദ്ധമണ്ടത്തരം തന്നെ. പേര് സൂക്ഷിച്ച് ഇട്ടില്ലേല്‍ കുട്ടികളുടെ സ്ഥിതി കഷ്ടമാവും. പേര് തിരഞ്ഞെടുക്കാനുള്ള അവകാശം അവരവര്‍ക്ക് നല്‍കണമെന്നാണ് സ്വാഭിമതം. പേരൊന്ന് മാറ്റുവാന്‍ എവിടേയെല്ലാം പോവണം, ആരെയൊക്കെ കാണണം, ഓഛാനിച്ച് നില്‍ക്കണം, പിന്നെ ഗസറ്റിലും അച്ചടിച്ച് പത്രങ്ങളിലും വരുത്തണം! ഹോ! ഒരു പേരിലെന്തിരിക്കുന്നുവല്ലേ?
sugatharaj | 22-Nov-06 at 7:16 am | Permalink
ഉമേഷ്ജീ, പിറന്നാളാശംസകള്‍.
നല്ല ലേഖനം. സരളമായും സരസമായും പറഞ്ഞിരിക്കുന്നു.
അഗ്രജന് | 22-Nov-06 at 7:47 am | Permalink
ഈ കുഞ്ഞി ഫോണ്ട് വായിച്ചെടുക്കല് എന്നേപോലൊരു കണ്ണടക്കാരന് വല്ലാത്ത പാടുതന്നെ 🙂
കൃഷ് | krish | 22-Nov-06 at 8:04 am | Permalink
പേരിലെന്തിരിക്കുന്നു..ഉമേഷിന്റെ ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി പേരില്‍ പലതുമിരിക്കുന്നു എന്ന്.
കുറച്ചുകാലം മുമ്പ് ഞങ്ങളുടെ കോളണിയില്‍ താമസിച്ചിരുന്ന ഒരു ബംഗാളിയുടെ മകന്റെ പേര് Topnil എന്ന്.. ഞങ്ങള്‍ കളിയാക്കി അവനെ Top – Nil ‘തലയില്‍ ഒന്നുമില്ലാത്തവന്’ എന്നു പറയുമായിരുന്നു.
ഉമേഷിന്റെ പേരില്‍ U- കഴിഞ്ഞ് ഒരു n ചേര്‍ത്താല്‍ മതി പേരിന് ഒന്നുകൂടി ഉന്മേഷം കൂടട്ടെ.
ജന്മദിനാശംസകള്.
Manoj Kumar | 22-Nov-06 at 8:07 am | Permalink
നാസര്‍ റിയാസ് എന്നപേരിലൊരു സുഹൃത്തുണ്ടായിരുന്നു, പണ്ടെനിക്ക്. കോളെജില്‍ കാലുകുത്തിയ അന്നുമുതല്‍ പഠനം കഴിഞ്ഞ് പിന്നെയും കുറെക്കാലം അവന്റെ ചുരുക്കപ്പേര് ഒരൊഴിയാ ബാധപോലെ അവനെ പിന്തുടരുകയായിരുന്നു.
(ഇപ്പോഴും അവനെ നേരില്ക്കാണുകയാണെങ്കില് ‘നാറി’ എന്നേ ഞാനവനെ വിളിക്കൂ)
ദില്ബാസുരന് | 22-Nov-06 at 9:01 am | Permalink
ഉമേഷേട്ടാ,
ചെറുപ്പത്തില്‍ എന്റെ പേര് റോക്കി എന്നാക്കിയാല്‍ നന്നായിരുന്നു എന്ന ചിന്ത പുതിയ അയല്‍ക്കാരുടെ നായയുടെ പേരുമായി കണ്ഫ്യൂഷന് വന്ന് വെട്ടിക്കൂട്ട് (കട്:ഗുരുമാന്‍)തിന്നേണ്ടി വന്നാലോ എന്ന പേടി കാരണമാണ് മാറിയത്.
ഓടോ: ഈ ‘തിരുത്തല്‍’പണ്ട് മുതലെയുള്ള ഹോബിയാവണമെന്ന് തോന്നിയിരുന്നുവെങ്കിലും ഇത്രയ്ക്കങ്ങോട്ട് പ്രതീക്ഷിച്ചിരുന്നില്ല. 🙂
സിദ്ധാര്ത്ഥന് | 22-Nov-06 at 9:34 am | Permalink
പ്രാസമുള്ള പേരു് ഇന്നാളു് സിനിമാലക്കാരന് പറഞ്ഞു. അനീഷ്, സുനീഷ്, ഫിനിഷ്.
എനിക്കമ്മയിട്ടപേരാണത്രേ സജിത്. അമ്മേടെ കോളേജില്‍ പഠിച്ചിരുന്ന ഒരു സത്സ്വഭാവിയുടെ പേരാണു പ്രചോദനം. ഇവിടേ പാക്കിസ്ഥാനികളും മറ്റും ആദ്യാക്ഷരം കഴിഞ്ഞൊരു ദീര്ഘമിട്ടതിനെ മുസ്ലിം നാമമാക്കിയവിവരം അമ്മയ്ക്കു വിളിച്ചു പറഞ്ഞപ്പോള്‍ അമ്മ ശഠിച്ചു. “വിളി കേള്‍ക്കരുതു് മോനേ”
പേരുകളെപ്പൊഴും ആ പേരില്‍ നമുക്കു് പരിചയമുള്ള ആളുകളുടെ ഓര്മ്മയാണുളവാക്കുക. അര്‍ഥം കീറാനൊന്നും ആളുകള്‍ ശ്രമിക്കാറില്ലല്ലോ. ശ്രമിച്ചാല്‍ പങ്കജം = താമര നല്ല പേരു്. പക്ഷേ കീറിയാലോ ചെളിയിലുണ്ടായവളാവില്ലേ? സ്ഥിരബുദ്ധിയുള്ള ആരെങ്കിലും ചെയ്യുന്ന കാര്യമാണോ അതു്?
ബെന്യാമിന് ഫ്രാങ്ക്ലിന് എന്നു തന്നെ മകനു പേരിടണമെന്നു് ഒരമ്മ ശഠിച്ചുവത്രേ. ബാല്‍ക്കണിയില്‍ ചെന്നു നിന്നാ പേരു് പത്തു വട്ടം ഉറക്കെ വിളിച്ചുവരാന്‍ പറഞ്ഞു തന്ത. അടുത്ത പതിനേഴുകൊല്ലക്കാലമെങ്കിലും തുടര്‍ച്ചയായി നീയിതു ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അമ്മ ബെന്നി മതി എന്നു പറഞ്ഞുവത്രേ.
പേരിലുള്ള പ്രശ്നം സ്വഭാവം കൊണ്ടു തീര്‍ക്കാന്‍ പറ്റും. തിലകം = പൊട്ടു് തിലകന് = പൊട്ടന് എന്നു വേണമെങ്കില്‍ പറയാം. എന്നാലിതു വല്ലതുമാണോ നമുക്കു മനസില്‍ വരിക. ഗ്രഹനില വരച്ചതിന്റെ മുന്പിലിരുന്നു് കടുത്ത ശബ്ധത്തില്‍ താക്കീതു കൊടുക്കുന്ന ഒരു ഭസ്മധാരിയെയല്ലേ തിലകന് മനസില്‍ കൊണ്ടു വരിക. നിങ്ങളുടെ പേരു് നാളെ ഒരാള്‍ സ്വന്തം കുഞ്ഞിനിടുമാറാക്കാന് യത്നിച്ചാല്‍ സര്‍വം ശുഭം. മറ്റു ഭാഷകളില്‍ അതിന്റെ അര്ഥമാലോചിച്ചു വ്യാകുലമാതാവായാല് അതിനേ നേരം കാണൂ.
കൊരട്ടി: ജപ്പാനില്‍ അപ്പനെ അളിയാ എന്നണു വിളിക്കുന്നതെന്നു ജഗതി പറയുന്ന പടമേതാ?
ഏവൂരാന് | 23-Nov-06 at 1:48 am | Permalink
തകര്‍ത്തു കളഞ്ഞു — അയ്യപ്പനെ ഒതുക്കിയ രീതിയും ഇഷ്ടപ്പെട്ടു.
ഉമേശ ഗുരോ എന്ന വിളിക്കുള്ള ആ ഒരു “ഇത്’ ഉണ്ടാവുമോ “രാജീവ ഗുരോ” എന്നുള്ള വിളിക്ക്?
ഷിജു അലക്സ് | 23-Nov-06 at 2:42 am | Permalink
ഉമേഷേട്ടാ,
ഇനി ഇപ്പോള്‍ രാജീവ് എന്നു വിളിക്കണോ അതോ ഉമേഷ് എന്നു വിളിക്കണോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക.
എന്തായാലും വിശ്വേട്ടന് പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്ക്.
“അവനവന്റെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരുടെ ആദ്യത്തെ കടന്നുകയറ്റമാണ് പേരിടീല്‍ എന്നാണെനിക്കു തോന്നാറ്.“
പക്ഷെ അതിനേയും ഉമേഷേട്ടന് മറി കടന്നല്ലോ. ഭയങ്കരന്‍
അരവിന്ദന് | 23-Nov-06 at 10:17 am | Permalink
ഈ പോസ്റ്റ് കഴിയാതിരുന്നെങ്കില്‍ എന്ന് മനസ്സില്‍ വിചാരിച്ചുപോയി വായിച്ചു വന്നപ്പോള്‍.
എന്തൊരു ഒഴുക്കാണ്..സരസം, സമ്പുഷ്ടം.
ഉഗ്രന്‍ എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും.
ഒന്നാം ക്ലാസ്സില്‍ ചേരുന്നതിന് മുന്‍പ് , ഒരു കൊല്ലം മൊത്തം ഞാന്‍ ചേച്ചിയുടെ കൂടെ നാലാം ക്ലാസ്സില്‍ ഇരുന്നിട്ടുണ്ട്. 🙂
അങ്ങനെയെങ്കിലും അല്പം സാമ്യം ഉണ്ടല്ലോ 🙂
വായിച്ചുകഴിഞ്ഞാല്‍ ഓര്‍ത്ത് രസിക്കാന്‍ ധാരാളമുണ്ട് ഉമേഷ്ജിയുടെ ഓര്മക്കുറിപ്പുകളില്.
സരസമായ, വിജ്ഞാനപ്രദമായ ഈ കുറിപ്പുകള്‍ ഞാന്‍ മനസ്സില്‍ സൂക്ഷിച്ച് വയ്ക്കുന്നുണ്ട്. എവിടെയെങ്കിലുമൊക്കെ കീച്ചാം. (അയ്യപ്പന് ഇവടെ ഒരാളുണ്ടേ!! ടെങ്ങ്ടെടേങ്ങ്!)
ജോര്‍ദാന്‍ (യോര്ദാന് എന്ന് ഫ്രെഞ്ച്/ജെര്മന്കാര്), ജമീലാ എന്നീ പേരുകള്‍ക്ക് പ്രത്യേകിച്ച് അര്ത്ഥപിശകുകള് വല്ലതുമുണ്ടോ?
അല്ല, വെര്‍തെ ചോയ്ച്ചതാ.
🙂
കുറുമാന് | 23-Nov-06 at 10:28 am | Permalink
മൊത്തമായി മനസ്സിരിത്തി വായിക്കാന്‍ പ്രിന്റൌട്ട് എടുത്തു വച്ചിട്ടുണ്ട്. ബാക്കി വായിച്ചതിന്നു ശേഷം
ശ്രീജിത്ത് കെ | 23-Nov-06 at 10:53 am | Permalink
കിടു പോസ്റ്റ്. കലക്കന്‍. എത്ര മനോഹരമായി എഴുതിയിരിക്കുന്നു.
എന്റെ അനിയന്റെ പേര് ശ്രീനിത്ത് എന്നാണ്. പ്രാസത്തിനു വേണ്ടിയാണ് ഭൂമിയിലെങ്ങും ഇല്ലാത്ത ഈ പേര് അച്ചനുമമ്മയും കണ്ടു പിടിച്ചത്. അവനെ പറഞ്ഞ് മനസ്സുമാറ്റി പത്താം ക്ലാസ്സുവരെ എസ്.എസ്.എല്‍.സി ബുക്കില്‍ വേറെ അര്‍ത്ഥമുള്ള പേരിടണം എന്ന് സമ്മതിപ്പിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചതാ. അവന് എന്റെ വാക്കുകള്‍ അന്ന് കേട്ടില്ല. ഇന്നും കേള്‍ക്കാറില്ല എന്നത് വേറെക്കാര്യം. അത്കൊണ്ട് ഒരു ഗുണം ഉണ്ടായി. അവന് സ്വന്തം പേരില്‍ ഇന്റെര്‍നെറ്റില്‍ ഏത് സൈറ്റിലും പോയി റജിസ്റ്റര്‍ ചെയ്യാം. എനിക്കെന്റെ പേരുമാത്രമായി അത് ചെയ്യാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു 2000 ഞാന്‍ സ്ഥിരമായി ചേര്‍ക്കുന്നു.
വേറൊന്ന്: നിഷ്കളങ്കമായ ഒരു ഫലിതം പറഞ്ഞതിന് അയ്യപ്പന് അഞ്ച് അപ്പനുണ്ടെന്ന് പറഞ്ഞ് അപമാനിച്ചത് എനിക്കെന്തോ ഇഷ്ടമായില്ല. ഒന്നിലധികം അച്ചനുണ്ടെന്ന് പറയുന്നത് ഒരു മനുഷ്യനും രസിക്കില്ല. പാവം അയ്യപ്പന്. ഉമേഷേട്ടന് അന്നും മൂക്കത്താണ് ശുണ്ഠി, അല്ലേ?
Siju | 23-Nov-06 at 2:13 pm | Permalink
എന്റെ പേരും പണ്ടെനിക്കിഷ്ടമല്ലായിരുന്നു
അതിനു കാരണം, ഈ സിനിമകളിലെ നായകന്മാര്ക്കൊക്കെ നല്ല കിടിലന്‍ പേരുകളാ.. ഡിസ്ട്രിക്റ്റ് കളക്റ്റര്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്സ്, പോലീസ് കമ്മീഷണര്‍ ഭരത്ചന്ദ്രന് IPS. ഇങ്ങനത്തെ പേരുകള്‍ക്കിടയില്‍ എന്റെ പേരിനു ഒരു ഗുമ്മു പോര എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് ഞാന്‍ സിവില്‍ സര്‍വീസിനു പോകാതിരുന്നത്; സത്യമായിട്ടും.
ഇതിന്റെ പേരില്‍ ഞാന്‍ വീട്ടില്‍ കുറെ തല്ലുപിടിച്ചിട്ടുമുണ്ട്. പക്ഷെ, എന്തൊ പേരു മാറ്റാന്‍ അന്നു തോന്നിയില്ല. കുറച്ചു വലുതായപ്പോള്‍ ഈ പേരു തന്നെയാ നല്ലതെന്നു തോന്നി.
ഇതാവുമ്പോ ഏതു ജാതിയാണെന്ന് ഏതു മതമാണെന്ന് ഒരു പിടിയും കിട്ടില്ല. ജാതിയറിയാന് വേണ്ടി ശ്രമിക്കുന്നവരെ ഞാന്‍ അതു വെച്ച് പലപ്പോഴും കളിപ്പിച്ചിട്ടുണ്ട്.
Umesh::ഉമേഷ് | 23-Nov-06 at 4:47 pm | Permalink
പ്രാസനാമവിപ്ലവം ഇഷ്ടപ്പെടുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
സ്വന്തം പേരു് ഇഷ്ടമില്ലാഞ്ഞിട്ടും മാറ്റാന്‍ പറ്റാഞ്ഞ എല്ലാവര്ക്കും അനുശോചനങ്ങള്‍. അടുത്ത ജന്മത്തില് ഇനി ശ്രമിക്കാം.
ഇഞ്ചിപ്പെണ്ണിന്റെയും ബിക്കുവിന്റെയും പേരുകള്‍ അല്പം ഭീകരമാണെന്നു സമ്മതിക്കുന്നു. എങ്കിലും പാര്‍വ്വതിയുടെ പേരു്-ലിഡിയ-മനോഹരമല്ലേ? അല്ലെങ്കില്‍ത്തന്നെ, മനോഹാരിതയല്ലല്ലോ ഇവിടെ പ്രശ്നം. രാജീവ് എന്നതു് എത്ര മനോഹരമായ പേരാണു്!
“രെഹ്ന” എന്നതിന്റെ അര്ത്ഥമെന്താണു വല്യമ്മായീ?
രാവുണ്ണീ, നന്ദി. “The Namesake” വായിച്ചിട്ടില്ല.
“രാജ്” എന്നൊരു സംഗീതസംവിധായകനോ? മലയാളത്തിലോ? കേട്ടിട്ടില്ലല്ലോ. എ. ബി. രാജ് എന്നൊരു സംവിധായകനെ കേട്ടിട്ടുണ്ടു്.
പച്ചാളമേ, ആ സ്വരൂപം പടത്തില്‍ കണ്ടപ്പോഴേ എനിക്കു തോന്നിയതാണു്, മഹാവിഷ്ണുവിന്റെ തനിസ്വരൂപമാണെന്നു്. ജയിലില്‍ വെച്ചായിരുന്നോ ജനനം?
സന്തോഷിന്റെ പേരാണോ അതോ അനിയന് ഉല്ലാസിന്റെ പേരാണോ ഹോട്ടലില്‍ നിന്നു കിട്ടിയതു്? “പാരമൌണ്ട്” എന്നിട്ടില്ലല്ലോ, ഭാഗ്യം! പാരയുടെ ഒരു മൌണ്ട് ആയ സന്തോഷിനു പറ്റിയ പേരായിരുന്നു…
നളന് പറഞ്ഞതു് ആലോചനാമൃതം. ഒരു കാര്യം പറയാന്‍ വിട്ടുപോയി. നവംബര്‍ 22 നളന്റെയും ജന്മദിനമാണു്. ആശംസകള്‍!
വക്കാരിയേ, ഇതെഴുതിയപ്പോള്‍ വക്കാരിയുടെ ഇ-മെയില്‍ കയ്യിലില്ല്ലായിരുന്നു. ഓര്‍മ്മയില്‍ നിന്നെഴുതിയതാണു്. തിരിച്ചുവന്നതില്‍ സന്തോഷം. വക്കാരി വായിക്കാനില്ലെങ്കില്‍ എന്തിനു ബ്ലോഗെഴുതുന്നു എന്നു തോന്നിയിട്ടുണ്ടു്. “പ്രിയേഷു സൌഭാഗ്യഫലാ ഹി ചാരുതാ” എന്നാണല്ലോ കാളിദാസന് പറഞ്ഞിരിക്കുന്നതു്. (കാളിദാസന്റെ ഭാര്യയാണോ കാളദാസി എന്നു വക്കാരി ചോദിക്കാനൊരുങ്ങുന്നതു ഞാന്‍ കാണുന്നു.)
സിദ്ധാര്‍ത്ഥാ, പങ്കജം തുടങ്ങിയ വാക്കുകളെപ്പറ്റിയുള്ള നിരീക്ഷണം ശരി. അര്‍ത്ഥം നോക്കിയാല്‍ ഒരു ഗതിയും കിട്ടില്ല.
ശ്രീജിത്ത്,
അപ്പനു പറഞ്ഞതിനു് അയ്യപ്പനു യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നവര്‍ക്കു് ഇതൊന്നും ഒരു പ്രശ്നമല്ല. എന്റെ ചേച്ചിയുടെ കല്യാണം കൂടിയിട്ടു തിരികെ വന്നപ്പോള്‍ ഒരു സുഹൃത്തു ചോദിച്ചതാണു്-“ഡാ, നിന്റെ ചേച്ചി പെറ്റോ?”
അയ്യപ്പന്റെ ജാള്യം അങ്ങനെയൊരു ഉത്തരം കിട്ടി ചമ്മിയതു മാത്രമാണു്.
ആ സംഭവത്തിനു് ഏതാനും ദിവസം മുമ്പു് അയ്യപ്പന് എന്ന സങ്കല്പത്തെപ്പറ്റി ചില സുഹൃത്തുക്കളോടു സംവദിച്ചിരുന്നു. ക്രിസ്തു, ബുദ്ധന് എന്നിവരുടെ കഥകളില്‍ നിന്നാണു് അയ്യപ്പസങ്കല്പം ഉണ്ടായതു് എന്ന വാദത്തെപ്പറ്റി. അപ്പോള്‍ ഞാന്‍ തമാശയ്ക്കൂ് “അഞ്ചപ്പം കൊണ്ടു് അയ്യായിരത്തെ പോഷിപ്പിച്ചവന് എന്ന അര്‍ത്ഥമാണോ അയ്യപ്പനു്” എന്നു പറഞ്ഞിരുന്നു. അയ്യപ്പന് അതു പറഞ്ഞപ്പോള്‍ അതു പറയാനാണു് തുടങ്ങിയതു്. “അഞ്ചു് അപ്പ്…” എന്നു വരെ പറഞ്ഞപ്പോള്‍ ഇന്‍സ്റ്റന്റായി വന്നതാണു മറ്റേതു്.
ശുണ്ഠി അന്നും ഇന്നും മൂക്കത്തു തന്നെ.
കുട്ട്യേടത്തീ, വേണൂ, വിശ്വം, ആദിത്യന്, ഇത്തിരി, ബിക്കു, ഏറനാടന്‍, സുഗതരാജ് (ഇതെന്താ പാര്‍വ്വതിയുടെ കമന്റുകോപ്പിയടിച്ചോ?), കൃഷ്, മനോജ്, അസുരന്, ഏവൂരാന്, ഷിജു, സിജു, അരവിന്ദന്, കുറുമാന്,
നന്ദി. അഭിപ്രായം പറഞ്ഞതിനും ജന്മദിനാശംസകള്‍ക്കും.
(വേണ്ടിടത്തൊക്കെ, :), 🙂 തുടങ്ങിയവ ചേര്‍ക്കാന്‍ അപേക്ഷ.)
ഇഞ്ചിപ്പെണ്ണ് | 23-Nov-06 at 5:04 pm | Permalink
അതിനു ഉമേഷേട്ടന് എന്റെ ശരിക്കുള്ള പേരു അറിയോ ? അതു ശരി!
(വേണ്ട..ഇനി അറിയാമെന്ന് വിവരം കാണിക്കണ്ട) 😉
qw_er_ty
kaaliyambi | 23-Nov-06 at 5:09 pm | Permalink
ബിക്കു നല്ലതും അര്‍ത്ഥമുള്ളതുമായ പേരുതന്നെ ബിക്കുമാഷേ..
ബുദ്ധഭിക്ഷുക്കളെ ബുദ്ധന്റെ കാലം മുതലേ ഭിക്കു എന്നാണ് വിളിയ്ക്കുന്നത്..ഭിക്ഷുവിന്റെ പാലി വേഴ്ഷനായിരിയ്ക്കും.
സത്യാന്വേഷി എന്നൊരു അര്‍ത്ഥവും പറയുന്നു..
ആ പേരില്‍ ഞാനൊരു ബ്ലോഗെഴുതുന്നുണ്ട്
🙂
വല്യമ്മായി | 23-Nov-06 at 5:09 pm | Permalink
സ്വര്‍ഗത്തിലെ സുഗന്ധമുള്ള ഒരു ചെടിയാണ് റെയ്ഹാന,ആപേര് ലോപിച്ചാണ് രെഹാനയും എഹനയുമായത്.പത്താം ക്ളാസ്സിലെ ടീച്ചര്മാര് അത് രെഹ്ന ആക്കിയതാ.പൊതുവെ പറഞ്ഞാല്‍ സുഗന്ധമുള്ളവള്‍ എന്നര്‍ത്ഥം
ഞാന്‍ വിശാലമനസ്കന് | 23-Nov-06 at 5:32 pm | Permalink
ലെഖനം തകര്‍ത്തിരിക്കുന്നു ഉമേഷ് ജി. ഗംഭീരം.
അറിയാത്ത പലതുമറിഞ്ഞു. ഹവ്വെവര്‍, അയ്യപ്പനെ പറഞ്ഞത് എനിക്ക് സഹിച്ചില്ല. കാരണം, എന്റെ അച്ഛാച്ചന്റെ പേര് അതാണെന്നതുകൊണ്ടുമാത്രമല്ല, ആരെപ്പറഞ്ഞാലും അതക്രമം കാറ്റഗറിയില്‍ പെട്ടതുകൊണ്ട്.
കേരളത്തിലെ എവിടെ ചാരായ വാറ്റ് പോലീസ് പിടിച്ചാലും അതിലൊരുത്തന് ‘ആക്റ്റീവ്’ എന്നര്‍ത്ഥം വരുന്ന എന്റെ പേരുകാരനായിരിക്കും.
എനിക്ക് എന്റെ പേര് ആക്റ്റീവ് കുമാര്‍ എന്നിട്ടത് ഞാന്‍ തന്നെയാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഒന്നാം ക്ലാസില്‍ ചേര്‍ത്താന്‍ ചെന്നപ്പോള്‍ എന്റെ പേര് ചോദിച്ച സിസ്റ്ററിനോട് അമ്മ പേര് പറഞ്ഞപ്പോള്‍, ‘കുമാര്‍’ കൂടെ പറഞ്ഞുവെന്നും അങ്ങിനെയാണ് കുമാര്‍ എന്റെ കൂടെ കൂടിയതെന്നും അവര്‍ പറയുന്നു.
പിന്നെ ബ്ലോഗില്‍ വന്ന് ‘കുമാര്‍’ എന്ന് പേരില്‍ ഒരു പുലിയെ പരിചയപ്പെട്ടതുവഴിയും ‘എസ്.കുമാര്‍’ എന്ന മറ്റൊരു പുലിയെ പരിചയപ്പെട്ടതുവഴിയും കുമാറ് ഒരെണ്ണം നമുക്കും കൂടെ ഉള്ളത് അഭിമാനമായി തോന്നുന്നു.
എങ്കിലും അവര്‍ക്ക് കുറച്ചും കുടി നല്ല ഒരു പേര് കണ്ടെത്തായിരുന്നു!
പിന്നെ ഉല്പലാക്ഷന് ആയിരുന്നുഡോ ഇതിലും നല്ലത് എന്ന് എന്റെ പേര് കേട്ട് ഉമേഷ് ജി പറഞ്ഞത് ഞാന്‍ മറന്നിട്ടുമില്ല!
Umesh::ഉമേഷ് | 23-Nov-06 at 5:50 pm | Permalink
ഇഞ്ചിപ്പെണ്ണു്, ബിരിയാണിക്കുട്ടി എന്നീ പേരുകളെപ്പറ്റിയാണു ഞാന്‍ പരഞ്ഞതു്, ഇഞ്ചീ. മക്കളോടു സ്നേഹമുള്ള അപ്പന്മാരാരെങ്കിലും ഇമ്മാതിരി പേരിടുമോ?
പാര്‍വ്വതി ആദ്യം കുറെക്കാലം ലിഡിയ എന്ന പേരിലായിരുന്നല്ലോ എഴുതിയിരുന്നതു്. അതില്‍ നിന്നു് ഊഹിച്ചതാണു്.
അല്ലാ, ഇഞ്ചിയ്ക്കു് അപ്പനിട്ട പേരു് ഇനി ഇഞ്ചിപ്പെണ്ണു് എന്നല്ല എന്നു വരുമോ? R. കറിയാ 🙂
ഇഞ്ചിപ്പെണ്ണ് | 23-Nov-06 at 5:58 pm | Permalink
ഉമേഷേട്ടാ
എന്തിനെനിക്ക് ഇഞ്ചിപ്പെണ്ണ് എന്ന പേരിട്ടു എന്നു ചോദിച്ചപ്പോള്‍ അപ്പന് പറഞ്ഞതിതാണ്. ഒരു കുടിയേറ്റ കര്‍ഷകനായ എന്റെ അപ്പന് ആ കൊല്ലം നല്ല മല ഇഞ്ചി വിളവെടുപ്പായിരുന്നത്രെ. ;).
അതോണ്ട് ഞാന്‍ അധികം തര്‍ക്കിക്കാന്‍ നിന്നില്ല. ആ പേര് സ്വീകരിച്ചു. അല്ലാണ്ട് പേരിലു ‘ മ’ വേണം ‘ണ്ട’ വേണം ‘ന്’ വേണം എന്നൊക്കെ പറയാന്‍ ഞാന്‍ ആരു? 🙂
kaaliyambi | 23-Nov-06 at 6:11 pm | Permalink
അപ്പം ഇഞ്ചിപ്പെണ്ണ് ശരിയ്ക്കുമുള്ള പേരാണോ ഇഞ്ചി
യേച്ചിയേ..
സത്യമായും പറയുകയാ.ഒട്ടും കളിയാക്കലില്ല..മനോഹരമായ പേര്..
എന്റെ മനസ്സിലുള്ള ഒരു സുന്ദരമായ പേര് പൊന്നി..
ഉമേശേട്ടന് ജന്മദിനാശംസകള്..നേരിട്ടു കാണുമ്പോ തരാന്‍ വച്ചിരുന്നതാ..
ഇഞ്ചിപ്പെണ്ണ് | 23-Nov-06 at 6:24 pm | Permalink
പിന്നെയല്ലാണ്ട് അമ്പിക്കുട്ടി. ശരിക്കുമുള്ള പേരല്ലാണ്ട് പല പല പേരിടാന്‍ ഞാന്‍ ആരു മധു എസ് വീ ആണൊ? 🙂 ( ഹിഹിഹി..)
(താങ്ക്യൂ ഫോര്‍ ദ പേര് കോമ്പ്ലിമെന്റ്സ്..അപ്പനോട് പറഞ്ഞേക്കാം.
എന്റെ അനിയത്തിയുടെ പേരു മഞ്ഞള്‍ കുമാരി..അത് ഇഷ്ടായൊ? ആ കൊല്ലം മഞ്ഞള്‍ ആയിരുന്നു വിളവെടുപ്പ്)
kaaliyambi | 23-Nov-06 at 6:42 pm | Permalink
വേണ്ടാ വേണ്ടാ..
അപ്പനെ കളിയാക്കുന്നത് ശരിയല്ല.
എന്റെ അനിയത്തിയ്ക്കിട്ട പേര് മീനു..മീനാക്ഷി എന്നുദ്ദേശമെങ്കിലും മധുവിനൊരു പ്രാസമിരുന്നോട്ടേ എന്നുവച്ചാണ് മീനുവിട്ടത്.അതില്‍ എനിയ്ക്കുമൊരു പങ്കില്ലാതെയില്ല..തീരുമാനങ്ങളെടുക്കുന്ന വലിയ പതിനൊന്നു വയസ്സുകാരനായിരുന്നേ അന്നു ഞാന്‍.
പിന്നെ അവള് പത്തിലെഴുതും മുന്‍പ് അതൊന്നു മാറ്റിയ്ക്ക്ക്കാന്.ശരിയ്ക്കും മീനാക്ഷിയാക്കാന് ഞാനും അനിയന് മിധുവും ആഞ്ഞൊന്ന് പറഞ്ഞു നോക്കി..ങേ ഹേ..കുലുക്കമില്ല..മീനു തന്നെ മതിയെന്ന്..അതെങ്കി അത്..
മിധു എന്താണോ എന്തോ..മധുവിന്റനിയന് അത്രതന്നെ..
ബിന്ദു | 23-Nov-06 at 6:50 pm | Permalink
എന്റെ ഈശ്വരാ..ചക്ക കൂടുതല്‍ ഉണ്ടാവാത്തതു ഭാഗ്യം.;))
ഇഞ്ചിപ്പെണ്ണ് | 23-Nov-06 at 6:55 pm | Permalink
ഹഹഹഹ…. ഉണ്ടായാല്‍ എന്താ ബിന്ദൂട്ടിയേ..ചക്കി എന്ന് പേരിടൂല്ലേ അപ്പൊ? 😉
ജേക്കബ് | 23-Nov-06 at 8:12 pm | Permalink
അപ്പൊ ഉമേഷ് എന്നു വെച്ചാ ഉമയുടെ ആട് എന്നല്ലേ?? 😉
സപ്തവര്‍ണ്ണങ്ങള്‍ | 24-Nov-06 at 1:11 am | Permalink
ഇഞ്ചി,
വീട്ടില്‍ പന്നി/പോത്ത്/കോഴി/പട്ടി കൃഷി ഇല്ലായിരുന്നോ? 😉
ഇഞ്ചിപ്പെണ്ണ് | 24-Nov-06 at 1:34 am | Permalink
സോറി സപ്തന് ചേട്ടാ
ഞങ്ങടെ പുകാകൂ കുടുമ്പ ചരിത്രം പരിശോധിച്ചാല്‍ അമ്മവീട് ബംഗാളി ബ്രാമിണ്സും അപ്പന് വീട് കാശ്മീരി ബ്രാമിണ്സും. അതോണ്ട് മീനും മട്ടനും കഴിക്കും. പക്ഷെ നോണ്‍ വെജ് ഐറ്റംസ് കൃഷി ചെയ്യത്തില്ല്ലാ. 😉
Umesh::ഉമേഷ് | 24-Nov-06 at 2:06 pm | Permalink
പെരുമാറ്റത്തെപ്പറ്റിയുള്ള-അല്ല-പേരുമാറ്റത്തെപ്പറ്റിയുള്ള “പേരും പ്രാസവും വിപ്ലവവും” എന്ന പോസ്റ്റിന്റെ പേരു് “ഒരു പേരിന്റെ കഥ” എന്നു മാറ്റിയിരിക്കുന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.
എല്ലാം പെട്ടെന്നായിരുന്നു. ഗസറ്റില്‍ അറിയിപ്പിടാനും മറ്റും തരമായില്ല. മാപ്രാണം-അല്ല-മാപ്പാക്കണം.
ബിന്ദു | 24-Nov-06 at 2:52 pm | Permalink
അവനവന്റെ പേരിഷ്ടമുള്ളവര് ചുരുക്കമാണല്ലേ?:) ഞാനും എന്തിനീ പേരിട്ടു എനിക്ക് എന്നെന്റെ അച്ഛനോട് ചോദിച്ചിട്ടുണ്ട്. ആ സമയത്തെ ഒരു ഫാഷന്‍ ആയിരുന്നു എന്നു തോന്നുന്നു, എല്ലാ ക്ലാസ്സിലും കുറഞ്ഞതൊരു മൂന്നു പേരെങ്കിലും ഉണ്ടായിരുന്നു ബിന്ദുമാരായി. ബിന്ദുവിനു അനിയത്തിമാരായി സിന്ധുവൊ ഇന്ദുവോ ഒക്കെയാണ് ഞാന്‍ കണ്ടിരിക്കുന്നത്.ഭാഗ്യം എനിക്കനിയത്തി ഇല്ല.:)
എന്റെ ഈ സങ്കടം മാറിയത് ആയിടയ്ക്ക് പൂമ്പാറ്റയില്‍ വന്ന ഒരു കഥ വായിച്ചതിനുശേഷം ആയിരുന്നു. ദാസന് എന്നു പേരുള്ള ഒരാള്‍ ഗുരുകുലത്തില്‍ എല്ലാ ജോലികളും ചെയ്യേണ്ടി വരികയും അതു തന്റെ പേരിങ്ങനെ ആയതുകൊണ്ടാണെന്നു കരുതി ഗുരുവിനോട് പേരു മാറ്റണം എന്നു പറയുകയും ചെയ്തു. ഒരു ദൂരയാത്ര നടത്തിയിട്ട് വരാന്‍ ആണ് ഗുരു അയാളെ ഉപദേശിച്ചത്. ആ വഴി അയാള്‍ ചിരംജീവിയുടെ മൃതദേഹവും, സുശീല എന്ന ചീത്ത സ്ത്രീയേയും ഒക്കെ കണ്ടു. അതില്‍ നിന്നു പേരില്‍ കാര്യമില്ല എന്നു മനസ്സിലാക്കി തിരിച്ചു വന്നു എന്നാണ് കഥയുടെ അന്ത്യം. 🙂
ഏതായാലും ഉമേഷ്ജിയുടേ അച്ഛന് പറഞ്ഞ വാചകം എനിക്കു രസിച്ചു. :)പൈതൃകം സിനിമ കണ്ടിട്ടുണ്ടോ?
Umesh::ഉമേഷ് | 24-Nov-06 at 3:19 pm | Permalink
“പൈതൃകം” കണ്ടിട്ടുണ്ടു ബിന്ദൂ. “നിന്റെ മകനെ നിന്നെപ്പോലെ വളര്‍ത്തണമെന്നോ? ഞാനതു ചെയ്തില്ലല്ലോ” എന്നോ മറ്റോ അല്ലേ? നരേന്ദ്രപ്രസാദ് സുരേഷ് ഗോപിയോടു്.
ബിന്ദുവിനു് അനിയത്തി ഉണ്ടായിരുന്നെങ്കില്‍ പേരു് ഇന്ദു, സിന്ധു എന്നോ മറ്റോ ആണെന്നോ? ചെലപ്പഴേ ഒള്ളൂ! ഞാന്‍ ബെറ്റു വെയ്കാം, അവര്‍ “രേഖ” എന്നേ ഇടൂ 🙂
jyothirmayi | 28-Nov-06 at 12:26 pm | Permalink
ഉമേഷ്ജീ രസമുള്ളൊരു വായന.
ആദ്യം വിഘ്നേശിന്(ഭാവിയില്‍ വാഗീശ് എന്നു പേരുമാറ്റില്ലെന്നാരുകണ്ടു?) ഒരു ചക്കരയുമ്മ. പിന്നെ വിശാഖിന് ഏട്ടനായവക അഭിനന്ദനങ്ങള്‍. സിന്ധുച്ചേച്ചിയോട് സുഖാന്വേഷണം- ഇതൊക്കെ പാര്‍സല്‍.
ഇനി വിഘ്നേശിനോടൊരു സ്വകാര്യം- വിക്കീ വിക്കീ ന്നൊക്കെ ആളോള് വിളിച്ചാല്‍ വിളികേള്‍ക്കണ്ട ട്ടോ. അവര്‍ ചിലപ്പോള്‍ ‘വിഘ്നാ’, ‘വിഘ്നൂ’ എന്നൊക്കെ വിളിയ്ക്കും. ഇതിന്റെയൊക്കെ വല്ല കാര്യോമുണ്ടോ കുട്ടന്? അന്ചുവയസ്സൊന്നും ആവണമെന്നില്ല പേര് വേണേല്‍ വാഗീശ് എന്നാക്കിക്കോളൂ ട്ടോ. അച്ഛന്റെ നിബന്ധനകള്‍ തെറ്റുകേം ഇല്ല. ചീത്തപ്പേരുകേള്ക്കാണ്ടേം ഇരിയ്ക്കാം എന്താ? :-))
ഉമേഷ്ജീയേ, 40കൊല്ലം മുന്‍പത്തെ നവമ്പര്‍22ന് സൂര്യനും(വൃശ്ചികമായിരിയ്ക്കും)ചന്ദ്രനും(നക്ഷത്രം)ഉണ്ടായിരുന്ന അതേ നിലയില്‍ ഇക്കൊല്ലം ചന്ദ്രന് വരുന്നതെന്നാണ്? പായസമുണ്ണാന്‍ വല്ലവഴീണ്ടോന്നാലോചിയ്ക്കുകയാണേ. അതോ
“വയസ്സു കൂട്ടുവാന്‍ വേണ്ടി
വന്നെത്തും ജന്മതാരകം
വൈരിയാണെന്നു തോന്നിത്തുടങ്ങിയോ?
🙂
ജ്യോതി
jyothirmayi | 28-Nov-06 at 12:28 pm | Permalink
“അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉണ്ടായിരുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ മകള്‍ക്കു പാഞ്ചാലി/ദ്രൌപദി, മൃകണ്ഡുവിന്റെ മകനു മാര്ക്കണ്ഡേയന്, പൃഥയുടെ മകന് പാര്ത്ഥന് തുടങ്ങി…”
പാഞ്ചാലിയും ദ്രൌപദിയും(ദ്രുപദനന്ദിനിയും) ആയ അവളുടെ പേര് കൃഷ്ണ എന്നായിരുന്നു.
അതായത് ദ്രൌപദിയെന്നും പാഞ്ചാലി എന്നും നാമകരണം നടത്തപ്പെട്ട പേരുകളല്ല. “ഹേ ദ്രുപദപുത്രീ” എന്നു വിളിക്കുന്നതുപോലെയാണ്, ദ്രൌപദീ എന്നു വിളിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കെങ്കിലും ആ പേരിടുന്നുവെങ്കില് അവളുടെ അച്ഛന്റെ പേര്` ദ്രുപദന് എന്നു കരുതേണ്ട. കാരണം പ്രസിദ്ധയായ ഒരു ദ്രൌപദിയില്‍ ദ്രൌപദീശബ്ദത്തിന്റെ അര്‍ഥം രൂഢമായിക്കഴിഞ്ഞിരിക്കുന്നു.
കുന്തിയുടെ പുത്രന് എന്ന അര്‍ഥമാണ് കൌന്തേയന്‍ എന്ന പദത്തിന്. അര്‍ജ്ജുനനേയോ യുധിഷ്ഠിരനേയോ ഒക്കെ കൌന്തേയാ എന്നു വിളിയ്ക്കാം.
പങ്കജം എന്നതിന്റെ യൌഗികാര്ഥം പങ്കത്തില്‍ നിന്നു ജനിച്ചത്(ചളിയിലുണ്ടായത്) എന്നാണ്. ആ നിലയ്ക്ക് പുഴുവിനേയും ആമ്പലിനേയും ഒക്കെ അങ്ങനെ വിളിയ്ക്കാമായിരിയ്ക്കാം. എന്നാല്‍ “താമര” എന്ന അര്‍ഥത്തില്‍ ‘പങ്കജ’ ശബ്ദത്തിന് അര്‍ഥം രൂഢമായി.
“O my Lord, the all pervading one, please bless me” എന്നു പ്രാര്‍ഥിച്ചാല്‍ so called secular പ്രാര്‍ഥനയായി. അതു തന്നെ വാക്കോടുവാക്ക് സംസ്കൃതമാക്കിയാല് “പാഹി മാം കൃപയാ വിഷ്ണോ” എന്നാവും. ഇതു നിങ്ങളില്‍ച്ചിലര്‍ക്ക് വര്‍ഗ്ഗീയമെന്നു തോന്നും.
“വിഷ്ണു” എന്ന പദത്തിന്റെ അര്‍ഥം എല്ലാടവും വ്യാപിച്ചവന്‍, എങ്ങും നിറഞ്ഞവന് എന്നാണ്. ശംഖചക്രഗദാധാരിയായ ഒരു രൂപത്തില്‍ സാമാന്യേന അര്‍ഥം രൂഢമാണെങ്കിലും രൂപത്തിലൊതുക്കാതെ അതിനും അപ്പുറത്തേക്കു ചിന്തിയ്ക്കാന്‍ ഇത്തരം നാമങ്ങള്‍ ഉപാസകരെയെങ്കിലും പ്രേരിപ്പിയ്ക്കേണ്ടതാണ്. ഗണപതിയോടുള്ള പ്രസിദ്ധമായ ഒരു പ്രാര്ഥനാശ്ലോകത്തില് വിഷ്ണു എന്നാണദ്ദേഹത്തെ വിളിയ്ക്കുന്നത്.
ഗണപതിയേയും ശിവനേയും നിങ്ങള്‍ ഈശ്വരനായിക്കാണുന്ന ആരേയും ആ പേരുകൊണ്ട് സൂചിപ്പിയ്ക്കാം എന്നര്‍ഥം. ഇനി സംസ്കൃതം വര്‍ഗ്ഗീയമാണോ? enkil ithu patillaayiriykkaam.
Umesh::ഉമേഷ് | 04-Dec-06 at 4:25 pm | Permalink
പേരിന്റെ കഥ വായിച്ചു കമന്റിട്ടവര്‍ക്കും പ്രാസംഗികമായി മറ്റു പല കാര്യങ്ങളെപ്പറ്റിയും ക്രിയാത്മകമായി സംവദിച്ചവര്ക്കും നന്ദി.
ആദ്യത്തെ നന്ദിപ്രകടനത്തില്‍ അഗ്രജനെ വിട്ടുപോയി. മനഃപൂര്‍വ്വമാണു ചെറിയ ഫോണ്ട് വെച്ചിരിക്കുന്നതു്. വലിയ ശ്ലോകങ്ങളുടെ ഒരു പാദം ഒരുവരിയില്‍ നില്ക്കാന് വേണ്ടി. ബ്രൌസറില്‍ ഫോണ്ടു വലുതാക്കിയാല്‍ എല്ലാ അക്ഷരങ്ങളും വലുതാകുന്ന വിധത്തിലാണു ക്രമീകരണം. പ്രിന്റു ചെയ്യുമ്പോള്‍ സാമാന്യം വലിപ്പമുള്ള ഫോണ്ടു കിട്ടത്തക്കവിധത്തില്‍ ക്രമീകരിച്ചിട്ടുണ്ടു്.
ഏവൂരാനേ,
എന്റെ പേര് “രാജീവ്” എന്നായിരുന്നെങ്ക്കില് ഞാന്‍ ബ്ലോഗെഴുതുമ്പോള്‍ വല്ല “ജഡ്ജി” എന്നോ “വാദി” എന്നോ മറ്റോ അല്ലേ ഉപയോഗിക്കൂ? ജഡ്ജിഗുരു, ഗുരുവാദി തുടങ്ങിയവ അത്ര കുഴപ്പമില്ലല്ലോ 🙂
(അല്ലാ, സാക്ഷി ഇതു വായിച്ചില്ലേ? 🙂 )
ഷിജുവേ, നാന് പഞ്ചപാവം. പയങ്കരന്‍ അല്ലൈ.
ആവശ്യമില്ലാതെ അതു് അയ്യപ്പന് എന്ന പേരുള്ള ഒരു നിരൂപദ്രവിയുടെ മുകളില്‍ കാച്ചല്ലേ അരവിന്ദാ. അരവിന്ദന് എന്ന പേരിനു് ഇതിനെക്കാള്‍ ഗുണ്ടു് അര്‍ത്ഥമുള്ള ഒരു സാധനം ഞാന്‍ അയ്യപ്പനു് അയച്ചുകൊടുക്കുമേ… (ദാ, ഒരെണ്ണം എനിക്കു് ഇപ്പൊഴേ തോന്നുന്നുണ്ടു്. ശുട്ടിടുവേന്‍…:) )
വായിച്ചോ കുറുമാനേ? ജ്ജ് യൂറോപ്പില്‍ ചെയ്ത വിക്രിയകളൊക്കെ നോക്കുമ്പോള്‍ ഞങ്ങളൊക്കെ വെറും അശു!
“അക്കേഷ്യനില്ക്കുന്നതില് സിജു ജോസഫ്” എന്നതിനു് എന്താ ഒരു ഗുമ്മു കുറവു്?
അപ്പോള്‍ സുഗന്ധിയാണു വല്യമ്മായി, അല്ലേ? ചുമ്മാതല്ല്ല തറവാടി വീണുപോയതു് 🙂
ശ്രീജിത്ത്/വിശാലന്,
അയ്യപ്പനെ പറഞ്ഞതു നിങ്ങള്‍ക്കു സങ്കടമായെന്നു കണ്ടു. ഞാന്‍ എന്റെ അടുത്ത മുറിയില്‍ താമസിച്ചിരുന്ന അയ്യപ്പനെ മാത്രമാണു പറഞ്ഞതു്. അവന് ഇങ്ങോട്ടു പറഞ്ഞതും അതിന്റെ കൂടെയുള്ള ചിരിയും നിങ്ങള്‍ കേട്ടിരുന്നെങ്കില്‍ പൊക്കിളിനു താഴെ രണ്ടിഞ്ചു സ്കെയില്‍ കൊണ്ടളന്നിട്ടു് അവിടം നോക്കി ഒരു തൊഴി കൊടുത്തേനേ നിങ്ങള്‍. ഞാന്‍ അതു ചെയ്തില്ല്ലല്ലോ. ഇങ്ങോട്ടു കിട്ടുന്നതു് എനിക്കു പറ്റുന്നതുപോലെ തിരിച്ചു കൊടുക്കുക എന്നതാണു് എന്റെ പണ്ടു തൊട്ടേയുള്ള ഒരു ലൈന്‍. യേതു്?
ജേക്കബ്,
ഉമേഷ് ഉമയുടെ ആടാവില്ല. ഉമാ+മേഷം = ഉമാമേഷം ആവാം. “സുമേഷ്” എന്നതിനു് കാമദേവന് (സുമ+ഈശന്) എന്ന അര്‍ത്ഥം കൂടാതെ “നല്ല ആടു്” (സു+മേഷം) എന്ന അര്‍ത്ഥവും പറയാം. രാജേഷ് വര്‍മ്മയുടെ ഒരു കഥയിലെ നായകനായ ആടിന്റെ പേരാണു സുമേഷ്.
കാളിയമ്പി, ബിന്ദു, സപ്തന്,
നന്ദി.
ഞാന്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്കും, കമന്റിടാതെ വായിച്ചവര്‍ക്കും, വായിക്കാന്‍ ശ്രമിച്ചു പകുതിക്കു വെച്ചു ബോറടിച്ചു സ്ഥലം വിട്ടവര്‍ക്കും നന്ദി.
ജ്യോതിയ്ക്കു പ്രത്യേകം നന്ദി അടുത്ത കമന്റില്‍.
Rajesh R Varma | 14-Dec-06 at 4:22 am | Permalink
ഉമേഷേ, നന്നായി. ഈ നീണ്ട പോസ്റ്റു വായിക്കാന്‍ ഇപ്പോഴാ സമയം കിട്ടിയത്.
പാംസുല കൊള്ളാം. അവളുടെ സഹോദരിമാര്‍ക്കോ മക്കള്‍ക്കോ ഒക്കെയിടാന്‍ പ്രാസപ്പേരുകള് തയ്യാര്‍: പങ്കില, പൃഥുല, രജസ്വല. ഓമനപ്പേരുകളായി പങ്കി, പ്രീതി, രജി എന്നൊക്കെ വിളിക്കുകയും ചെയ്യാം.
പ്രാസം ഒപ്പിച്ച് ഷൈന്‍, ഫൈന്‍ എന്നു പേരുള്ള സഹോദരന്മാരെ എനിക്കറിയാം. (ഹിന്ദി നടന്) അജിത് ഫലിതങ്ങളില്‍ പീറ്റര്‍, റിപ്പീറ്റര്‍ എന്നൊക്കെ കേട്ട പേരുകള്‍ ഓര്‍മ്മവന്നു.
സുഭാഷ്ചന്ദ്രബോസ്, ബാലഗംഗാധരതിലകന്‍, ക്രൂഷ്ചേവ്, സത്യജിത് റായ് എന്നീ മഹാന്മാരെ പരിചയപ്പെടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ജീവിച്ചിരിക്കുന്ന സ്മാരകങ്ങള്‍!
ഒരു പേരുമാറ്റത്തിന്റെ കഥ: പച്ചക്കറിക്കച്ചവടക്കാരനായിരുന്ന കുട്ടായി മുതലാളിയായപ്പോള്‍ പേരു പോരാതെ തോന്നി. ഗസറ്റില്‍ പരസ്യം കൊടുത്തു പേരുമാറ്റി: മദനമോഹനസുന്ദരന്. ആളുകള്‍ പഴയശീലത്തിനു പിന്നെയും വിളിച്ചു ‘മദനമോഹനസുന്ദരക്കുട്ടായി’!
Umesh::ഉമേഷ് | 15-Dec-06 at 4:13 pm | Permalink
“ജ്യോതിയ്ക്കു പ്രത്യേകം നന്ദി അടുത്ത കമന്റില്‍” എന്നു പറഞ്ഞിട്ടു 11 ദിവസം കഴിഞ്ഞു. ദാ ഇതുവരെ പറ്റിയില്ല.
“വാഗീശ്” നേരത്തെ കത്തിയില്ല. ചോദിക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ജ്യോതിയെയും ഉള്‍പ്പെടുത്താമായിരുന്നു. പോയ ബുദ്ധി വക്കാരി പിടിച്ചാല്‍ കിട്ടുമോ?
“വിക്കി” അല്ല ചെല്ലപ്പേരു് ഇപ്പോള്‍-“കിച്ചു” ആണു്. അതു ജ്യോതിക്കു് ഇഷ്ടമുള്ള പേരാണല്ലോ 🙂
വിശാഖിനു പേരു തെരഞ്ഞു നടന്ന കാലത്തു് “ഗൌതം” (സാക്ഷാല്‍ ബുദ്ധന്) എന്നൊരു പേരു് ആലോചിച്ചിരുന്നു. “ഗൌരവ്” എന്നൊരു കുട്ടിയെ ആളുകള്‍ “ഗുരവ്” എന്നു വിളിക്കുന്നതു കണ്ടപ്പോള്‍ അതു വേണ്ടെന്നു വെച്ചു 🙂
[“വിഘ്നാ” എന്നു വിളിച്ചേക്കും എന്നു വായിച്ചപ്പോള്‍ ഓര്മ്മവന്നതാണതു്. നേരത്തെ ഓര്‍ത്തിരുന്നെങ്കില്‍ പോസ്റ്റില്‍ത്തന്നെ കാച്ചിയേനേ :)]
ദ്രൌപദി തുടങ്ങിയ പേരുകളുടെ കാര്യം പറഞ്ഞതിനോടു യോജിക്കുന്നു. ആ വനിതയെ ഒരുത്തരും കൃഷ്ണയെന്നല്ലാതെ ദ്രൌപദി എന്നോ പാഞ്ചാലി എന്നോ വിളിച്ചിരിക്കാനിടയില്ല. വ്യാസന് മഹാഭാരതം എഴുതിയപ്പോള്‍ വൃത്തമൊപ്പിക്കാന് കൊടുത്ത പേരാവണം അതു്. എന്നെപ്പറ്റി ആരെങ്കിലും ഇനി ഇതിഹാസം (“മണ്ടത്തരങ്ങളുടെ ഇതിഹാസം”) എഴുതുമ്പോള്‍ “നരേന്ദ്രപുത്രന്”, “പൊന്നമ്മാസുതന്”, “ആദിത്യശത്രു”, “ഇഞ്ചീമിത്രം”, “ജ്യോതീശിഷ്യന്”, “ശ്രീജിത്ത്ഗുരു” എന്നൊക്കെയാവും പറയുക 🙂
എങ്കിലും, പേരു് എന്നതു് ഒരാളിനെ വിളിക്കാനുള്ള ഒരു പദം ആണല്ലോ. അച്ഛനമ്മമാര്‍ ഇട്ടതായാലും ജീവചരിത്രം എഴുതിയ ആള് വിളിച്ചതായാലും കൂട്ടുകാര്‍ ഇരട്ടപ്പേരായി വിളിച്ചതായാലും. അങ്ങനെ ഉണ്ടാക്കുന്ന പേരുകളില്‍ അച്ഛനമ്മമാരുടെ പേരുകളെ അടിസ്ഥാനമാക്കിയുള്ള പേരുകളും ഉണ്ടായിരുന്നു എന്നേ ഞാന്‍ പറഞ്ഞതിനു് അര്‍ത്ഥമുള്ളൂ. അങ്ങനെയുള്ള പല പേരുകളും പിന്നീടു രൂഢമൂലമാവുകയും ചെയ്തു. കൈപ്പള്ളിയുടെ ലേഖനത്തില്‍ മകന്റെ പേരിനെ അടിസ്ഥാനമാക്കി അച്ഛന്റെ പേരു തീരുമാനിക്കുന്നതിനെപ്പറ്റിയും പറയുന്നുണ്ടു്.
വിഷ്ണുവിന്റെ അര്ത്ഥത്തെപ്പറ്റി പറഞ്ഞതു് ആലോചനാമൃതം. പക്ഷേ, “നീയല്ലാതെ വേറേ ഈശ്വരനില്ല” എന്നു സ്തോത്രങ്ങളിലും , “യേശുവിലൂടല്ലാതെ മോക്ഷമില്ല” എന്നു ബൈബിളിലും പറയുന്നതില്‍ ഈ സാര്‍വ്വജനീനത ഉദ്ദേശിച്ചിട്ടുണ്ടോ? എനിക്കു സംശയമാണു്.
ഉദാഹരണമായി,
അകണ്ഠേ കളങ്കാദനംഗേ ഭുജംഗാ-
ദപാണൌ കപാലാദഫാലേ ന ലാക്ഷാത്
അമൌലൌ ശശാങ്കാദവാമേ കളത്രാ-
ദഹം ദേവമന്യം ന മന്യേ ന മന്യേ
എന്നു ശങ്കരാചാര്യര്‍ പറയുമ്പോള്‍ അവിടെ ശിവനെ മാത്രമല്ലേ ഉദ്ദേശിക്കുന്നതു്, അദ്വൈതമല്ലല്ലോ?
ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി, ജ്യോതീ.
രാജേഷിനും നന്ദി. “പാംസുല”യ്ക്കു ചേരുന്ന പേരു് എനിക്കു് ഇഷ്ടപ്പെട്ടതു “പുംശ്ചലി” ആണു്. അര്‍ത്ഥവും യോജിക്കും. നല്ല ശബ്ദഭംഗി. എങ്ങും ഇല്ലാത്ത പേരും. പിന്നെന്തു വേണം?
എന്റെ കൂടെയുമുണ്ടായിരുന്നു ഒരു ഭഗത്സിംഗ്. തനി മലയാളി.
വല്യമ്മായി | 15-Dec-06 at 4:21 pm | Permalink
ആജുവിന്റെ വിളിപ്പേര് ഉണ്ണിക്കുട്ടന് എന്നായിരുന്നു,പിന്നീട് പച്ചാനയാണ് ആജുബി എന്ന് വിളിക്കാന്‍ തുടങ്ങിയത്,അത് ലോപിച്ച് ആജു ആയി.ഇഞ്ഞാമ എന്ന് എല്ലാവരും വിളിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു എന്റെ അനിയത്തി.വലുതായപ്പോള്‍ അത് അവള്‍ക്ക് തന്നെ പാരയായി
jyothi | 15-Dec-06 at 5:53 pm | Permalink
“അകണ്ഠേ കളങ്കാത്…”
ശിവന്റെ രൂപത്തിനു മുന്നിലായാലും കൃഷ്ണന്റെ രൂപത്തിനുമുന്നിലായാലും, ആല്‍മരത്തിന്റെ മുന്നിലായാലും വാല്ക്കണ്ണാടിയുടെമുന്നിലായാലും ആനയുടെ മുന്നിലായാലും, പന്നിയുടെ മുന്നിലായാലും, ഇതേപോലെ സ്തുതിയ്ക്കാന്‍ സാധിയ്ക്കും ശങ്കരാചാര്യരെപ്പോലെയുള്ളവര്ക്ക്.
കൃഷ്ണനായാലും കൃസ്തുവായാലും വെറും ഒരു ദേവത എന്ന നിലയും കടന്ന് സര്വ്വാന്തര്യാമിയായ, വിശ്വം നിറഞ്ഞു നില്ക്കുന്ന… സത്ത എന്ന നിലയ്ക്ക് മനസ്സിലാക്കുന്ന നാള് എന്നെങ്കിലും വരുമായിരിയ്ക്കും:)
ഇപ്പോള്‍ ബ്ലോഗില്‍ ഉമേഷ് എന്നു കേട്ടാല്‍ ഉമേഷ്ജീ എന്നേ കരുതൂ. പക്ഷേ ആ വാക്കിന്റെ അര്‍ഥം ശിവന് എന്നല്ലേ. അതുപോലെ ഇപ്പോള്‍ വിഷ്ണു എന്നാല്‍ ശംഖചക്രാദിധരന് എന്നേ നാം കരുതുന്നുള്ളൂ. വാക്കിന്റെ അര്‍ഥം “the all pervading one എന്നാണ്. ശിവസഹസ്രനാമത്തില്‍ വിഷ്ണുവിന്റെ പര്യായപദങ്ങള്‍ കാണാമല്ലോ. പിന്നെ വിഷ്ണുസഹസ്രനാമത്തില്‍ ശിവപദത്തിന്റെ പര്യായപദങ്ങളും കാണാം.
കിണര്‍ കുഴിച്ചു വെള്ളം കാണണമെങ്കില്‍ പലപല കുഴികള്‍ കുഴിയ്ക്കാതെ, ഒരൊറ്റ കുഴി വലുതാക്കിക്കൊണ്ടിരിയ്ക്കണം എന്നതു ശരി.(പാക്കനാര്‍ ഓര്മ്മിപ്പിച്ചിരുന്നില്ലേ). അതിന്റെ കൂടെ കൂട്ടിവായിയ്ക്കേണ്ട ഒന്നുകൂടിയുണ്ട്. ഓരോ കുഴിയും നമ്മള് ശ്രമിയ്ക്കാന്‍ തയ്യാറാണെങ്കില്‍ വെള്ളം തരാന്‍ കെല്‍പ്പുള്ളതാണ് എന്ന്.
ഈ വാചകങ്ങളില്ക്കൂടിയും ഒന്നു കടന്നു പോവു-
1. വിഷ്ണുഃ സച്ചിദാനന്ദരൂപഃ
2. ചിദാനന്ദരൂപഃ ശിവോऽഹം ശിവോഹം
3.ആത്മജ്യോതിഃ ശിവോऽസ്മ്യഹം
സ്വന്തം ഉള്ളിന്റെ ഉള്ളില്‍ (പുറമേയുള്ള ഇളക്കങ്ങളില്‍ ഉലയാതെ) എന്നും മാറാതെ നില്ക്കുന്ന ചൈതന്യം- അത് ആനന്ദസ്വരൂപമാണത്രേ. അതുതന്നെ വിഷ്ണു, അതുതന്നെ ശിവന്, അതുതന്നെ, പരിശുദ്ധാത്മാവ്…
(ഞാന്‍ നിര്‍ത്താം:))
wakaari | 15-Dec-06 at 11:29 pm | Permalink
വളരെ നല്ല വിശദീകരണം, ജ്യോതിടീച്ചറേ. നന്ദി.
Umesh::ഉമേഷ് | 16-Dec-06 at 12:02 am | Permalink
ജ്യോതി പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷേ അതല്ലല്ലോ ഞാന്‍ ചോദിച്ചതു്. ഞാന്‍ ഉദ്ധരിച്ച ശ്ലോകത്തിന്റെ അര്‍ത്ഥം ഇങ്ങനെയല്ലേ?
“കഴുത്തില്‍ കളങ്കവും, ദേഹത്തു പാമ്പും, കയ്യില്‍ തലയോട്ടിയും, നെറ്റിയില്‍ ചാരവും, തലയില്‍ ചന്ദ്രനും ഇടത്തുവശത്തു ഭാര്യയുമില്ലാതെ വരുന്ന ഒരുത്തനെ അമ്മച്ച്യാണേ ഞാന്‍ ദൈവമെന്നു വിളിക്കില്ല…”
അമേരിക്കയില്‍ ഒരുത്തനു ഗ്രീന്‍കാര്‍ഡു കൊടുക്കാന്‍ വേണ്ടി കസ്റ്റമൈസ് ചെയ്തെഴുതുന്ന ജോബ് ഡിസ്ക്രിപ്ഷന്‍ പോലെ ഇത്ര ക്ലിയറായി ശിവനല്ലാത്തവന് എന്റെ ദൈവമല്ല എന്നു പറഞ്ഞിരിക്കുന്നതു് എങ്ങനെ ശിവന്റെ ഉദാത്തമായ അര്‍ത്ഥങ്ങള്‍ കൊണ്ടു സാര്വ്വജനീനമാകും?
wakaari | 16-Dec-06 at 12:07 am | Permalink
പദാനുപദ തര്‍ജ്ജമയുടെ പ്രശ്നമാണോ ഉമേഷ്ജീ?
ബ്രാഹ്മണന് എന്നപോലത്തെ എന്ത് വാക്ക് സംസ്കൃത ശ്ലോകങ്ങളില്‍ കണ്ടാലും ഉടന്‍ തന്നെ കുടവയറും പൂണൂലുമൊക്കെയിട്ട് വയറും തിരുമ്മിയിരിക്കുന്ന നമ്പൂരിയെ ഓര്‍മ്മ വരുന്നതുപോലെ 🙂
Viswaprabha വിശ്വം | 16-Dec-06 at 12:14 am | Permalink
ഉമേഷ് വിഡ്ഢിക്കൂഷ്മാണ്ഡത്തിന്റെ കഥ കേട്ടിട്ടില്ലേ?
Umesh::ഉമേഷ് | 16-Dec-06 at 12:17 am | Permalink
അല്ലല്ലോ വക്കാരീ.
ദേ, വിശ്വം വക്കാരിയെ എന്തോ വിളിക്കുന്നു 🙂 ഛെ, ഛെ,
അതും ഇതും തമ്മില്‍ എന്താണു ബന്ധം വിശ്വം?
wakaari | 16-Dec-06 at 12:17 am | Permalink
ഇദയം നല്ലെണ്ണയുടെ പരസ്യം ഓര്‍മ്മ വരുന്നു 🙂
wakaari | 16-Dec-06 at 12:19 am | Permalink
വിഡ്ഢിക്കൂഷ്മാണ്ഡത്തില് വക്കാരിയുടെ ഒരക്ഷരം പോലുമില്ല. പക്ഷേ ഉമേഷിലെ “ഷ” യുണ്ട് 🙂
(ങാ…ഹാ)
wakaari | 16-Dec-06 at 12:21 am | Permalink
സ്വാറി, ഉമേ”ഷ്” ലെ “ഷ്” , പിന്നെ “മ” കൂടി(ട്ടി)യുമുണ്ട് 🙂
യാത്രാമൊഴി | 16-Dec-06 at 3:08 am | Permalink
ഉമേഷ്ജി,
രസികന്‍ എഴുത്ത്.
കുറച്ച് നാള് മുന്‍പ് ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു, “ആളുകളെ പിടിച്ചു നിര്‍ത്തി പാട്ടുചോദിക്കല്“ പരിപാടിയില്‍ അവതാരകന് ഒരു കുസൃതിചോദ്യം ചോദിച്ചു,
“നിങ്ങള്‍ക്ക് സ്വന്തമായതും, എന്നാല്‍ മറ്റുള്ളവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായത് എന്താണ്?
അതിന്റെ ഉത്തരമായി പറഞ്ഞത് “പേര്” എന്നായിരുന്നു.
ഓര്‍ത്തുനോക്കിയപ്പോള്‍ ശരി തന്നെ. മറ്റുള്ളവരല്ലേ നമ്മുടെ പേര് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.
ആ നിലയ്ക്ക് പേരിടുമ്പോള്‍ മറ്റുള്ളവരുടെ സൌകര്യമല്ലേ കൂടുതല്‍ നോക്കേണ്ടത്?
അച്ഛന്റെയും അമ്മയുടെയും പേരുകള്‍ മിക്സിയിലിട്ട് അരച്ചെടുത്ത് കിട്ടുന്ന പേരുകള്‍ കുഞ്ഞുങ്ങള്ക്കിടുന്ന കാര്യം വായിച്ചപ്പോളാണ് ഞങ്ങള്‍ക്ക് കിട്ടിയ ഒരു നിര്‍ദേശം ഓര്‍മ്മ വന്നത്. എന്റെ പേരിന്റെ ആദ്യത്തെ അക്ഷരവും, ഭാര്യയുടെ പേരിലെ ചില അക്ഷരങ്ങളും ചേര്‍ത്ത് “സുനാമി” എന്ന പേരാണു ഞങ്ങളുടെ മകള്‍ക്കിടാന്‍, അവളുടെ സ്വന്തം അമ്മാവന് പറഞ്ഞത്!
എന്‍ ജെ മല്ലൂ | 16-Dec-06 at 4:30 am | Permalink
ഉമേഷേ, പതിവുപോലെ ഉഗ്രന്‍. പ്രത്യേകിച്ചും രാജീവ് ഉമേശനായ കഥ.
(ഇതിനുമുമ്പ് ഞാനെവിടെയെങ്കിലും പറഞ്ഞതാണോ എന്നറിയില്ല) എന്റെ കൂടെ പ്രീഡിഗ്രിയ്ക്കുപഠിച്ച ഒരു ദേഹത്തിന്റെ പേര് ‘ടെന്‍സണ്‍’ എന്നായിരുന്നു. ഒരു മഹാകുടുംബത്തിലെ പത്താമത്തെ സന്തതിയായതിനാല്‍ ലഭിച്ച പേര്.
എന്റെ അമ്മയുടെ സഹപ്രവര്‍ത്തകയായിരുന്ന ഒരു ടീച്ചറിനെ എല്ലാവരും ‘ഷാമ്പുസ്സാറ്’, ‘ശാമ്പുസ്സാറ്’ എന്നൊക്കെയാണുവിളിച്ചിരുന്നത്. അവരുടെ യഥാര്‍ത്ഥനാമം ശാംഭവതി എന്നാണെന്ന് എനിക്കുമനസ്സിലായത് വളരെവളരെ പിന്നീടാണ്.
പിന്നെ, എനിക്കേറ്റവും ഇഷ്ടമല്ലാത്ത പേരുകളിലൊന്ന് എന്റെ പേരുതന്നെയാണ്. അതേപേരുള്ള മറ്റേ ബ്ലോഗ്ഗര്‍ക്കും എന്റെ വക എംപതിയോ, സിംപതിയോ ഒക്കെ ഇതാ 🙂
ബിക്കുവിന്റെ പേര് വളരെനന്നായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത്.
ഇടിവാള്‍ | 16-Dec-06 at 5:07 am | Permalink
ഉഗ്രന്‍ പോസ്റ്റ്.. പേരുമാറ്റം ശരിക്കു രസിച്ചു. രാജീവ് തന്നെയായിരുന്നൂട്ടോ ഭേദം 😉
അയ്യയ്യോ, ആ “അയ്യപ്പന് പിള്ള” യുടെ ഡെഫനിഷന്‍ വായിച്ച് പൊട്ടിച്ചിരിച്ചു! കലക്കന്‍!
അഗ്രജന് | 16-Dec-06 at 6:02 am | Permalink
ഈ പോസ്റ്റ് ഞാന്‍ ഇപ്പഴാ ശരിക്കും വായിച്ചത് (വീണ്ടും ഇങ്ങോട്ട് തിരിച്ചു വിട്ടതിന് കവിവാളിന് നന്ദി). രസകരമായ പോസ്റ്റ്, പേരുമാറ്റം ഉഷാറായി ഉമേഷ്ജീ. 4 – 5 വയസ്സില്‍ കാണിച്ച ആ ‘വാശി’ നന്നായി… അല്ലെങ്കിലിപ്പോള്‍ രാജീവ്ജീ എന്ന് രണ്ട് ജീ ഇട്ട് വിളിക്കേണ്ടി വരുമായിരുന്നു :).
പണ്ടായിരുന്നേല്‍ ഞാന്‍ രാജീവ് എന്ന് പറയാനാവുമായിരുന്നു ഇഷ്ടപ്പെടുക, കാരണം കുറേ കാലം ‘ഷ’ ‘ശ’ പറയുമ്പോള്‍ പല്ലിനിടയിലൂടെ ‘കാറ്റ്’ പോവുമായിരുന്നു, അത് കേട്ട് കൂട്ടുകാര്‍ കളിയാക്കിയിരുന്നു 🙂
jyothi | 16-Dec-06 at 6:07 am | Permalink
“കഴുത്തില്‍ കളങ്കവും, ദേഹത്തു പാമ്പും, കയ്യില്‍ തലയോട്ടിയും, നെറ്റിയില്‍ ചാരവും, തലയില്‍ ചന്ദ്രനും ഇടത്തുവശത്തു ഭാര്യയുമില്ലാതെ വരുന്ന ഒരുത്തനെ അമ്മച്ച്യാണേ ഞാന്‍ ദൈവമെന്നു വിളിക്കില്ല…”
രൂപത്തിനല്ല ഇവിടെ പ്രസക്തി എന്നത് ഇപ്പോള്‍ ഒന്നുകൂടി വ്യക്തമാവുന്നു.
example:
ഇളം നീലഷര്‍ട്ടും കടും നീലപ്പാന്റും
പ്രസാദം തുളുമ്പുന്ന നേത്രങ്ങള്‍ രണ്ടും
…….
…….
ഇങ്ങനെയുള്ള ആളാണ് എന്റെ “ഇഷ്ടന്” 🙂 എന്നു ഞാന്‍ പറയുന്നു.
അത് ആ വേഷവിധാനമായതുകൊണ്ട് ഞാന്‍ ഇഷ്ടപ്പെട്ടതല്ല. ഞാന്‍ ഇഷ്ടപ്പെടുന്നവന്റെ വേഷം പറഞ്ഞു എന്നേ ഉള്ളൂ. ഇനി വേറൊരാല്‍ ഈ വേഷത്തില്‍ വന്നാല്‍ എന്റെ ഇഷ്ടനാവാന് പറ്റുകയുമില്ല. എന്നുവെച്ച് മറ്റുള്ളവര്‍ ശരിയല്ല എന്ന് അതിനര്‍ഥമില്ല.
കുറേ പേര് പല പല വേഷത്തിലുള്ളവര്‍ നിരന്നു നില്ക്കുമ്പോള് എനിയ്ക്കു പറയാം, ഇന്ന ഇന്ന ചിഹ്നങ്ങളോടുകൂടിയ ആളാണ് എന്റെ ആള്. ഇതൊന്നും ഇല്ലാത്തയാളെ ഞാന്‍ തിരയുന്നില്ല, എന്ന്. ഇപ്പോഴും രൂപത്തിനല്ല പ്രസക്തി. അത് അടയാളത്തിനുവേണ്ടി പറഞ്ഞെന്നുമാത്രം. കുറേ കാലം കഴിഞ്ഞാല്‍ മുഖപ്രസാദം കുറഞ്ഞാലും മറ്റൊരു വേഷം ധരിച്ചാലും എനിയ്ക്കെന്റെ ഇഷ്ടന് തന്നെ ഇഷ്ടന്.
ബോബ്സ് | 16-Dec-06 at 6:56 am | Permalink
നന്നായിരിക്കുന്നു.. ആ പോരാട്ടവീര്യം ഇപ്പോളുമുണ്ടല്ലോ? പിന്നെ പേരിടാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്കു തന്നെയല്ലെ? സ്വയം ഉണ്ടായതല്ലല്ലോ? അപ്പോ ഉരുവാക്കിയവര്ക്കും അല്പം അവകാശങ്ങള്‍ വേണ്ടേ?
kannus | 16-Dec-06 at 12:09 pm | Permalink
Umeshe, Praseed ennathinte artthamentha? ChodikkunnavarOT njaan ” be happy” ennaane parayaare. Shariyaanoo?
binukj | 21-Jun-13 at 10:18 am | Permalink
പേരുവരുത്തൂമ്പുകിലോർക്കിൽ
പേർത്തും പേർത്തും ചിരിക്കാ-
മാളിനിളക്കമില്ലെന്നാകിലും
പേരിനാൽ പൂകുന്നു പെരുമ
radhakrishnan ee | 21-Jun-16 at 1:45 am | Permalink
എനക്കൊന്നും തിരീന്നില്ലപ്പ….. എന്റെ കുട്ടിക്ക് പേരിടറായി