ഒരു പഴയ രസികന്‍ സംസ്കൃതശ്ലോകം.
കവിതാരസചാതുര്യം
വ്യാഖ്യാതാ വേത്തി നോ കവിഃ
സുതാസുരതസാമര്‍ത്ഥ്യം
ജാമാതാ വേത്തി നോ പിതാ
അര്‍ത്ഥം:
കവിതാ-രസ-ചാതുര്യം | : | കവിതയുടെ രസത്തിനുള്ള മഹത്ത്വം |
വ്യാഖ്യാതാ വേത്തി | : | വ്യാഖ്യാതാവിനറിയാം |
നോ കവിഃ | : | കവിയ്ക്കറിയില്ല |
സുതാ-സുരത-സാമര്‍ത്ഥ്യം | : | മകള്‍ക്കു രതിക്രീഡയിലുള്ള സാമര്‍ത്ഥ്യം |
ജാമാതാ വേത്തി | : | മരുമകനേ അറിയൂ |
നോ പിതാ | : | പിതാവിനറിയില്ല. |
കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു.
ഇതുപോലെ ഒരു തത്ത്വവും അതിനൊരു രസികന്‍ ഉദാഹരണവും കൊടുക്കുന്ന സംസ്കൃതശ്ലോകങ്ങള്‍ ധാരാളമുണ്ടു്. അര്‍ത്ഥാന്തരന്യാസം, ദൃഷ്ടാന്തം എന്ന അലങ്കാരങ്ങളുടെ ചമല്‍ക്കാരവും ഇത്തരം താരതമ്യമാണു്.
അച്ഛന് പൊന്നുപോലെ നോക്കിയ മകളെ ജാമാതാക്കള്‍ കൊണ്ടു പോയി പിഴപ്പിച്ച കഥകളും ധാരാളമുണ്ടു്. കവിതയുടെയും വ്യാഖ്യാതാക്കളുടെയും കാര്യത്തില്‍ അവ അല്പം കൂടുതലുമാണു്. അതൊരു വലിയ പോസ്റ്റിനുള്ള വിഷയമായതിനാല്‍ തത്ക്കാലം അതിനു തുനിയുന്നില്ല.
സന്തോഷ് തോട്ടിങ്ങലിന്റെ ഈ പോസ്റ്റിന്റെ ചര്‍ച്ചയ്ക്കിടയില്‍ വാല്മീകി ഇട്ട ഈ കമന്റാണു് ഇപ്പോള്‍ ഇതു പോസ്റ്റു ചെയ്യാന്‍ പ്രചോദനം.
ഇതിന്റെ പരിഭാഷകള്‍ ഒന്നുമറിയില്ല. ഇതിനെ അവലംബിച്ചു വരമൊഴിയെപ്പറ്റി ഞാന്‍ ഒരിക്കല്‍ എഴുതിയ ശ്ലോകം താഴെ:
വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?
ഇതു് എല്ലാ കണ്ടുപിടിത്തങ്ങള്‍ക്കും ബാധകമാണു്. ടെലഫോണിനെപ്പറ്റി ഗ്രഹാം ബെല്ലിനെക്കാളും ഇലക്ട്രിക് ബള്‍ബിനെപ്പറ്റി എഡിസനെക്കാളും പില്‍ക്കാലത്തുള്ളവര്‍ മനസ്സിലാക്കി. സ്റ്റാള്‍മാനെക്കാള്‍ ഇമാക്സും സന്തോഷ് തോട്ടിങ്ങലിനെക്കാള്‍ മലയാളം സ്പെല്‍ ചെക്കറും ഉപയോഗിക്കുന്നതും അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുന്നതും അതിന്റെ ഉപയോക്താക്കളാണു്.
സന്തോഷ് തോട്ടിങ്ങല്‍ | 11-Jan-08 at 5:23 am | Permalink
ഉമേഷ് എന്റെ ബ്ലോഗില്‍ പറഞ്ഞതു് നോന്നു് വച്ചാ No ന്നാണെന്നാണു്.
പക്ഷേ ഇവിടെ അര്‍ത്ഥം നോക്കുമ്പോള്‍ നോ എന്നു വച്ചാല്‍ ‘അറിയില്ല‘ എന്നല്ലേ?
നോ പിതാ ==പിതാവിനറിയില്ല.
നോ ‘know‘ ആണോ? 🙂
സന്തോഷ് തോട്ടിങ്ങല്‍ | 11-Jan-08 at 5:35 am | Permalink
ഒന്നു കൂടി വായിച്ചപ്പോള്‍ പിടികിട്ടി.
ജാമാതാ വേത്തി നോ പിതാ= മരുമകനറിയാം, ഇല്ല പിതാവിനു്
എന്നല്ലേ.
Umesh:ഉമേഷ് | 11-Jan-08 at 6:38 am | Permalink
സന്തോഷിനു പിടി കിട്ടിയതു ശരിയാണു്. “നോ കവിഃ” എന്നതിനു “not the poet” എന്നര്‍ത്ഥം.
സംസ്കൃതം പഠിപ്പിക്കുകയല്ല എന്റെ പോസ്റ്റുകളുടെ ഉദ്ദേശ്യം. അതുകൊണ്ടു പരിഭാഷ മിക്കപ്പോഴും പദാനുപദമല്ല. വലത്തുവശത്തുള്ള മലയാളഭാഗം ചേര്‍ത്തു വായിച്ചാലും അര്‍ത്ഥബോധം വരത്തക്ക വിധമാണു സാധാരണ ഞാന്‍ എഴുതാറുള്ളതു്. ഉദാഹരണമായി ഇവിടെത്തന്നെ “വ്യാഖ്യാതാ വേത്തി” എന്നതിന്റെ പദാനുപദപരിഭാഷ “വ്യാഖ്യാതാവു് അറിയുന്നു” എന്നാണു്. “വ്യാഖ്യാതാവിനു് അറിയാം” എന്ന മലയാളരീതിയില്‍ അര്‍ത്ഥം എഴുതാനാണു് എനിക്കിഷ്ടം.
പദാനുപദപരിഭാഷകള് മലയാളശൈലിയ്ക്കു പല തരക്കേടുകളും ഉണ്ടാക്കി എന്ന പക്ഷക്കാരനാണു ഞാന്‍. കൃത്രിമമായ കര്‍മ്മണിപ്രയോഗം ഒരുദാഹരണം മാത്രം.
നന്ദി.
വെള്ളെഴുത്ത് | 11-Jan-08 at 12:06 pm | Permalink
പണ്ട് കോളേജില്‍ കേട്ട ശ്ലോകമാണ്. ഇവിടെ മറ്റൊന്നുകൂടിയുണ്ട്. അത് ആ ‘ജാമാതാ’പ്രയോഗമാണ്. ജാ’യെ(മകളെ) മാതാവാക്കുന്നവന് എന്നാണ് നിരുപദ്രവകരമെന്നു തോന്നുന്ന ആ പദത്തിന്റെ നിരുക്തം.. ആലോചിച്ചാല്‍ രസമാണ്. അച്ഛന്റേതാണ് മകളെങ്കിലും അവളില്‍ ‘ഒന്ന്”(ജീവത്തായ ഒന്ന്..) ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് മരുമകനാണ്..പഴയ ആളുകള്‍ ധ്വനി കൊണ്ടുവരുന്ന രീതി രസകരം തന്നെ
Umesh:ഉമേഷ് | 11-Jan-08 at 7:05 pm | Permalink
ജാമാതാവിനു വെള്ളെഴുത്തു പറഞ്ഞ അര്‍ത്ഥം ആദ്യമായി കേള്‍ക്കുകയാണു്. ജാ എന്നതിനു് അമ്മ എന്ന അര്ത്ഥമുണ്ടെന്നറിയാം. മകള്‍ എന്ന അര്‍ത്ഥം കേട്ടിട്ടില്ല.
ഏതായാലും രസം തന്നെ. “മരുമകന്” എന്നതിനും ഇങ്ങനെ അര്‍ത്ഥമുണ്ടാവുമോ? മരുഭൂമിയില്‍ മകനെ ഉണ്ടാക്കുന്നവന്? 🙂
നന്ദി.
roby kurian | 11-Jan-08 at 7:12 pm | Permalink
ഗുരുകുലത്തില്‍ എന്റെ ആദ്യ കമന്റ്..
ഇഷ്ടപ്പെട്ടു…സംസ്കൃതം ചുക്കിനും ചുണ്ണാമ്പിനും പിടിയില്ലാത്തതിനാല്‍ അത് വരുന്ന എഴുത്തുകളൊക്കെ ഒഴിവാക്കുകയായിരുന്നു പതിവ്..ഇതു രസിച്ചു…
നന്ദി
പ്രിയ ഉണ്ണികൃഷ്ണന് | 12-Jan-08 at 3:01 am | Permalink
കുറെ മുന്‍പാണ് സംസ്കൃതശ്ലോകങ്ങള്‍ വായിച്ചത്. ഇപ്പൊ അത് വീണ്ടും തുടരാനായി.നന്ദി.
ഭാവുകങ്ങള്‍
വെള്ളെഴുത്ത് | 12-Jan-08 at 1:35 pm | Permalink
നിരുക്തകോശം ഇങ്ങനെ…
1. ജാ അപത്യം തദ് നിര്‍മാതാ ജാമാതാ (യാ)
= സന്തതിയെ ഉത്പാദിപ്പിക്കുന്നവന് (മാതുലപുത്രിയില് സന്തതിയെ ഉത്പാദിപ്പിക്കുന്നവര്‍) ജാമാതാവ്
2. ജാമിഃ മീയതേ അനേന ഇതി ജാമാതാ
= പുത്രി (ജാമി)ഇവനാല്‍ അളക്കപ്പെടുന്നതുകൊണ്ട് ജാമാതാവ്
3.ജാമാതൃ ജായാം മിമീതേ ഇതി (യാ)
= ജായയെ (ഭാര്യയെ) അളക്കുന്നതിനാല്‍..
ജായെ മകളെന്നു വച്ച് അര്‍ത്ഥം വ്യാഖ്യാനിച്ചത് സംസ്കൃതം അദ്ധ്യാപകനാണ്..ഈ മൂന്നിനെക്കാളും ശരിയെന്നു സരസം ആ വിഗ്രഹത്തിനാണ്..! 2-ലെ അളക്കുകയ്ക്ക് വേറെ അര്‍ത്ഥം കല്പ്പിക്കാന് കഴിയുന്നതുപോലെ..
Umesh:ഉമേഷ് | 12-Jan-08 at 3:58 pm | Permalink
വെള്ളെഴുത്തിനു വളരെ നന്ദി.
വളരെ രസകരം. ആരുടെ വ്യാഖ്യാനമാണിതു്? മാതുലപുത്രിയില്ത്തന്നെ സന്തതിയെ ഉത്പാദിപ്പിക്കണമെന്നു വ്യാഖ്യാനിച്ച് വെച്ചിരിക്കുന്നതു കണ്ടില്ലേ? വ്യാഖ്യാതാവു് ഒരു നായരാകാന്‍ നല്ല സാദ്ധ്യത കാണുന്നു 🙂
ബ്രായ്കറ്റുകളില് ഉള്ളതു “യാ” എന്നാണോ “യഃ” എന്നാണോ? “യാ” എന്നതു സ്ത്രീലിംഗമല്ലേ?
ഭാര്യയെ അളക്കുന്നവന് (മൂന്നാമത്തെ അര്‍ത്ഥം) എന്നതാണു ഞാന്‍ കേട്ടിട്ടുള്ളതു്. അതെങ്ങനെ മരുമകനാവും എന്നു മനസ്സിലായിട്ടുമില്ല.
അതോ ഇതും വെള്ളെഴുത്തിന്റെ ഒരു തമാശ ആണോ? 🙂
(എന്റെ പഴയ ഒരു തമാശ ഇവിടെ.)
വെള്ളെഴുത്ത് | 12-Jan-08 at 5:07 pm | Permalink
മൊത്തത്തില്‍ ഞാന്‍ ടൈപ്പു ചെയ്തു തെറ്റിച്ചു..
യാ എന്നത് യാസ്കനാണ്… ഒന്നും മൂന്നും യാസ്കമുനി വകയാണ് .. സംസ്കൃത നിരുക്തകോശത്തില് എന്‍ കെ രാജഗോപാല്‍ (ഭാഷാഇന്സ്റ്റിറ്റ്യൂട്ട് വക പ്രസിദ്ധീകരണം) ‘ജാമാതാ= മരുമകന് (ഇവന് മാതുലന്റെ പുത്രിയില്‍ സന്തതിയെ ഉത്പാദിപ്പിക്കുന്നു)‘ എന്നാണ് കുറിച്ചു വച്ചിരിക്കുന്നത്.. ആളു നായരു തന്നെ യാവണം !മൂന്നാമത്തെ വ്യാഖ്യാനത്തിനു താഴെ വിശദീകരണം ഇങ്ങനെയാണ് : (ഇവന് ഭാര്യയുടെ (സ്വന്തം ഭാര്യയുടെ/മാതുലന്റെ ഭാര്യയുടെ? )ഗുണങ്ങളെ അളന്നു പരിശോധിക്കുന്നു) ബ്രായ്ക്കറ്റുള്പ്പടെ എന്റെയല്ല. (തമാശയല്ല)
‘’ഈ മൂന്നിനെക്കാളും ശരിയെന്നു സരസം ആ വിഗ്രഹത്തിനാണ്..! ‘’ ഈ വരി തെറ്റി. ഈ മൂന്നിനെക്കാളും സരസം സംസ്കൃതസാറിന്റേതാണെന്നു തോന്നുന്നു എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.
Moorthy | 12-Jan-08 at 5:35 pm | Permalink
പദം പദം മുറിച്ചു നാം
പാടി പാടി പോക നാം…
എന്നോ മറ്റോ ഒരു കവി പാടിയിട്ടില്ലേ? ഇല്ലേല് പാടിക്കാം. അത് ഇങ്ങനെ പദം മുറിച്ച് അര്‍ത്ഥം ഉണ്ടാക്കുന്നതിനെക്കുറിച്ചു കൂടിയാണോ? 🙂 എന്തായാലും രസമുണ്ട്.. പഴയ സ്റ്റോക്ക്(if any) ഒന്നും ഓര്‍മ്മ വരുന്നുമില്ല.
Rajesh R Varma | 13-Jan-08 at 5:04 pm | Permalink
കവിത ആണല്ലെന്നാരു പറഞ്ഞു?