എന്റെ പിറന്നാളും കലണ്ടറും എന്ന പോസ്റ്റില്‍ സങ്കുചിതമനസ്കന്‍ ഇങ്ങനെ ഒരു കമന്റിട്ടു:
19, 38, 57 എന്നിങ്ങനെ 19ന്റെ ഗുണിതങ്ങള്‍ വരുന്ന പിറന്നാളിന്റെ അന്ന് ഡേറ്റ് ഓഫ് ബര്‍ത്തും നാളും ഒന്നായി വരും എന്ന കാര്യം അറിയാമോ?
പിന്നീടു ദേവനു മറുപടിയായി സങ്കുചിതന് ഇതും പറഞ്ഞു:
അപ്പോള്‍ കഴിഞ്ഞ വര്‍ഷം -38 ആം ജന്മദിനം ജൂണ്‍ 16 നു തന്നെ ആയിരുന്നിരിക്കും.
19, 38, 57 തുടങ്ങിയ 19ന്റെ ഗുണിതങ്ങള്‍ വരുന്ന വര്‍ഷങ്ങളില്‍ ജന്മദിനവും പിറന്നാളും ഒന്നിച്ചു വരുമെന്നു സങ്കുചിതന് പറഞ്ഞതു് ഏറെക്കുറെ ശരിയാണെങ്കിലും, ദേവന്റെ മുപ്പത്തെട്ടാമത്തെ പിറന്നാള്‍ 2007 ജൂണ്‍ 16-നായിരുന്നില്ല. “കിറുകൃത്യം സങ്കൂ” എന്നു ദേവന് പറഞ്ഞതു ശരിയായിരുന്നില്ല്ല. 2007 ജൂലെ 13-നായിരുന്നു. ദേവനെപ്പോലെ ചുരുക്കം ചിലര്‍ക്കു് പിറന്നാളും ജന്മദിനവും ഒരിക്കലും ഒന്നിച്ചു വരില്ല.
ദേവന് തുടര്‍ന്നു ചോദിക്കുന്നു:
ജന്മദിനം കണ്ടുപിടിക്കാനുള്ള എന്തെങ്കിലും സൂത്രം വച്ച് ചെയ്തതാണോ അതോ പരിചയമുള്ള ആരെങ്കിലും ഈ തീയതിയില്‍ ജനിച്ചവരാണോ?
ആ സൂത്രമാണു് ഇവിടെ പറയുന്നതു്.
ഇതില്‍ പറയുന്ന എല്ലാ കണക്കുകളും കേരളത്തിലെ കണക്കനുസരിച്ചുള്ള കാലനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണു്. ഉദാഹരണങ്ങള്‍ ആലുവയ്ക്കു വേണ്ടി ഞാനുണ്ടാക്കിയ കലണ്ടറില്‍ നിന്നും. മറ്റു സ്ഥലങ്ങളില്‍ അല്പം വ്യത്യാസങ്ങള്‍ വന്നേക്കാം.
അതു പോലെ, “ജന്മദിനം” എന്നതുകൊണ്ടു് ഇവിടെ വിവക്ഷിക്കുന്നതു് date of birth ആണു്. ഗ്രിഗോറിയന്‍ കലണ്ടറില്‍ ജനിച്ച മാസവും തീയതിയും എല്ലാ വര്‍ഷവും വരുന്ന തീയതി. “പിറന്നാള്‍” എന്നതു മലയാളം കലണ്ടറനുസരിച്ചു്, ജനിച്ച മലയാളമാസത്തിലെ ജന്മനക്ഷത്രം വരുന്ന ദിവസവും. ജന്മനക്ഷത്രം ഒരു മാസത്തില്‍ രണ്ടു തവണ വന്നാല്‍, രണ്ടാമത്തെ ദിവസമാണു പിറന്നാള്‍.
ജനിച്ച ദിവസം മുതല്‍ 19 വയസ്സു പൂര്‍ത്തിയാക്കുന്നതു വരെ 19 വര്‍ഷങ്ങള്‍ ഉണ്ടല്ലോ. അവയില്‍ അധിവര്‍ഷങ്ങളിലെ ഫെബ്രുവരി 29 നാലോ അഞ്ചോ തവണ വരാം. (ജനിച്ചതു് ഒരു ഫെബ്രുവരി 29 കഴിഞ്ഞു് ഒരു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 4, അല്ലെങ്കില്‍ 5. അതായതു്, 365/1461 = 24.98% ആളുകള്‍ക്കു 4, ബാക്കിയുള്ള 75.02% ആളുകള്‍ക്കു് 5.)
അതായതു്, മുകളില്‍ പറഞ്ഞ 24.98% ആളുകള്‍ ജനിച്ചതിനു ശേഷം 365 x 19 + 4 = 6939 ദിവസത്തിനു ശേഷമാണു് പത്തൊന്‍പതാം ജന്മദിനം ആഘോഷിക്കുന്നതു്. ബാക്കി 75.02% ആളുകള്‍ 6940 ദിവസത്തിനു ശേഷവും.
ഇനി, ചന്ദ്രന് ഭൂമിയ്ക്കു ചുറ്റും ഒരു തവണ കറങ്ങാന്‍ ശരാശരി 27.3217 ദിവസം എടുക്കും. (പ്രപഞ്ചത്തിലെ ഏതെങ്കിലും സ്ഥിരദിശയെ അടിസ്ഥാനമാക്കിയാണു് ഇതു്. സൂര്യനെ അടിസ്ഥാനമാക്കിയാണെങ്കില്‍ ഇതു് 29.5307 ദിവസമാണു്. കൂടുതല്‍ വിവരങ്ങള്‍ താഴെ.) ഈ സമയം കൊണ്ടാണു് അതേ നാള് തന്നെ വീണ്ടും വരുന്നതു്.
19 വര്‍ഷത്തിലുള്ള ദിവസങ്ങളുടെ എണ്ണമായ 6940 ഏകദേശം 27.3217-ന്റെ ഗുണിതമാണു്. 254 x 27.3217 = 6939.7118. അതുകൊണ്ടാണു് ജന്മദിനവും പിറന്നാളും 19 വര്‍ഷത്തില്‍ ഒന്നിയ്ക്കുന്നതു്. എങ്കിലും 24.98% ആളുകള്‍ക്കു് മിക്കവാറും ഒരു ദിവസത്തെ വ്യത്യാസം ഉണ്ടാവും.
6940 – 6939.7118 = 0.2882 ദിവസമാണു് 19 വര്‍ഷം കൊണ്ടു് ഉണ്ടാകുന്നതു്. 38, 57, 76, 95 വര്‍ഷങ്ങളില്‍ ഇതു് യഥാക്രമം 0.5764, 0.8646, 1.1528, 1.441 ദിവസങ്ങളാണു്. അതായതു്, ഇവ തമ്മില്‍ ഒന്നിക്കാനുള്ള സാദ്ധ്യത കുറഞ്ഞുവരുന്നു എന്നര്‍ത്ഥം.
കലണ്ടര്‍ നിര്‍മ്മിച്ച മിക്കവാറും എല്ലാവരും തന്നെ ഈ 19 വര്‍ഷത്തിന്റെ പ്രത്യേകത കണ്ടിരുന്നു. പക്ഷേ മുകളില്‍ പറഞ്ഞതല്ല എന്നു മാത്രം. ഒരു സ്ഥിരദിശയെ അവലംബിച്ചുള്ള വ്യതിയാനം ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടാണു്.
പാശ്ചാത്യര്‍ ശ്രദ്ധിച്ചതു മറ്റൊരു യോജിപ്പാണു്. രണ്ടു കറുത്ത വാവുകള്‍ക്കിടയിലുള്ള സമയം 29.5307 ദിവസമാണു്.
ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതു കൊണ്ടാണു് ഇതു്. ചന്ദ്രന് ഒരു തവണ ചുറ്റി വരുമ്പോഴേയ്ക്കും ഭൂമി കുറേ പോയിട്ടുണ്ടാവും. വര്‍ഷത്തിന്റെ ദൈര്‍ഘ്യം 365.242191 ആയതിനാല്‍ ഇതു കണ്ടുപിടിക്കാന്‍ എളുപ്പമാണു്.
ഇതാണു് ഒരു തിഥിചക്രം. ഈ കാലയളവാണു ചാന്ദ്രമാസം. ഇതിന്റെ അടിസ്ഥാനത്തിലാണു് മാസം എന്ന (30 ദിവസം) ആശയം ഉണ്ടായതു്. ഇസ്ലാമിക് കലണ്ടര്‍ ഇപ്പോഴും 12 ചാന്ദ്രമാസങ്ങളടങ്ങിയ വര്‍ഷമാണു് ഉപയോഗിക്കുന്നതു്. പ്രാചീനഭാരതീയകലണ്ടറുകളിലെയും മാസങ്ങള്‍ ചാന്ദ്രമാസങ്ങളായിരുന്നു.
6940 ദിവസങ്ങള്‍ ഇതിന്റെയും ഒരു ഏകദേശഗുണിതമാണു്. 235 x 29.5307 = 6939.688. ഇതാണു ഭൂരിപക്ഷം കലണ്ടര്‍നിര്‍മ്മാതാക്കളും ശ്രദ്ധിച്ച Metonic cycle. ഇവ രണ്ടും ഒരുപോലെ വന്നതു തികച്ചും യാദൃച്ഛികം.
സത്യം പറഞ്ഞാല്‍ അതു യാദൃച്ഛികമല്ല. ചന്ദ്രന് ഭൂമിക്കു ചുറ്റും ഏകദേശം 12 തവണ ചുറ്റുമ്പോള്‍ ഭൂമി സൂര്യനെ ഏകദേശം ഒരു തവണ ചുറ്റുന്നതുകൊണ്ടു് 12 x 29.5307 = 354.3684 എന്നതും 13 x 27.3217 = 355.1821 എന്നതും വളരെ അടുത്തു വരുന്നതു കൊണ്ടു് നക്ഷത്രചക്രവും തിഥിചക്രവും ഓരോ വര്‍ഷത്തിലും ഏതാണ്ടു് അടുത്തു വരുന്നുണ്ടു്. ഓണം എന്നും പൌര്‍ണ്ണമിയ്ക്കടുത്തു വരുന്നതു പലരും ശ്രദ്ധിച്ചിരിക്കും. അതുപോലെ പിറന്നാളുകളും ഒരു പ്രത്യേക തിഥിയ്കായിരിക്കും എല്ലാ വര്‍ഷവും. 19 വര്‍ഷങ്ങള്‍ കൊണ്ടു് 6939.7118 – 6939.688 = 0.0238 ദിവസത്തിന്റെ വ്യത്യാസമേ നക്ഷത്രചക്രവും തിഥിചക്രവും തമ്മില്‍ ഉണ്ടാകുന്നുള്ളൂ. അതുകൊണ്ടാണു രണ്ടും ശരിയായതു്.
ഇത്രയും പറഞ്ഞതു്, 19 വര്‍ഷത്തിന്റെ Metonic cycle പലയിടത്തും കാണാം. ഉദാഹരണമായി വിക്കിപീഡിയയില്‍. അതു കൊണ്ടാണു് 19 വര്‍ഷത്തിലൊരിക്കല്‍ നാളും ജന്മദിനവും ഒന്നിക്കുന്നതെന്നു ചിലര്‍ ധരിച്ചിട്ടുണ്ടു്. അതു തെറ്റാണു്.
ചന്ദ്രന് ഭൂമിക്കു ചുറ്റും കറങ്ങുന്നതു ന്യൂ ഇയറിന്റെ തലേ രാത്രിയില്‍ മഴനൂലുകള്‍ നടക്കുന്നതുപോലെയാണു്. അത്ര ക്രമത്തിലൊന്നുമല്ല എന്നര്‍ത്ഥം. അത്ര കൃത്യമായി കണക്കുകൂട്ടേണ്ട ആവശ്യം നമുക്കില്ല. ശരാശരി 27.3217 ദിവസം കൊണ്ടാണു് ചന്ദ്രന് ഭൂമിയ്ക്കു ചുറ്റും കറങ്ങുന്നതു്. അതു് ഒരു ക്രമത്തിലാണെന്നു കരുതിയാല്‍ (കല്യാണത്തിനു ശേഷം മഴനൂലുകള്‍ അങ്ങനെയാണെന്നാണു കേള്‍ക്കുന്നതു്) ഒരു നക്ഷത്രത്തിന്റെ ദൈര്‍ഘ്യം 27.3217/27 = 1.01191 ദിവസമാണെന്നു കാണാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു ദിവസത്തില്‍ ശരാശരി 27/27.3217 = 0.988225476 നക്ഷത്രം മാറും. ഇതില്‍ നിന്നു് നമുക്കു് ഓരോ ജന്മദിനത്തിലെയും നക്ഷത്രം കണ്ടുപിടിക്കാമോ എന്നു നോക്കാം.
ആദ്യത്തെ പടി, ഓരോ ജന്മദിനവും എത്ര ദിവസത്തിനു ശേഷമാണു് എന്നറിയണം. ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം ഏകദേശം 365.25 ദിവസം ആണെങ്കിലും അങ്ങനെയല്ലല്ലോ വര്‍ഷത്തിന്റെ കിടപ്പു്. മൂന്നു തവണ 365 ദിവസവും നാലാമത്തെ വര്‍ഷം 366 ദിവസവുമാണു് ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം.
ഇതു പൂര്‍ണ്ണമായി ശരിയല്ല. എങ്കിലും 1901 മുതല്‍ 2099 വരെ ഇതു ശരിയാണു്. ഇതു വായിക്കുന്ന ആരും ഈ കാലയളവിനു വെളിയില്‍ ജന്മദിനം ആഘോഷിക്കാന്‍ സാദ്ധ്യതയില്ലാത്തതു കൊണ്ടു് നമുക്കു് ഇത്രയും ആലോചിച്ചാല്‍ മതി. ഗ്രിഗോറിയന്‍ കലണ്ടറിന്റെ വിശദവിവരങ്ങള്‍ക്കു് എന്റെ ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന പോസ്റ്റു വായിക്കുക.
ഇതു മൂലം ജന്മദിനത്തിനും വ്യത്യാസമുണ്ടാവും. 2006 ജൂണ്‍ 1-നു ജനിച്ച ഒരു കുഞ്ഞു് 365 ദിവസത്തിനു ശേഷം 2007 ജൂണ്‍ 1-നു് ഒന്നാം ജന്മദിനം ആഘോഷിക്കുമ്പോള്‍ (അതു് ഒന്നാമത്തേതോ രണ്ടാമത്തേതോ എന്ന പഴയ പ്രഹേളിക നമുക്കു തത്ക്കാലം മറക്കാം.) 2008-നു രണ്ടാം ജന്മദിനം ആഘോഷിക്കുന്നതു് പിന്നെ 366 ദിവസങ്ങള്‍ക്കു ശേഷമാണു്. (2008-ല്‍ ഫെബ്രുവരിയ്ക്കു് 29 ദിവസങ്ങളുണ്ടു്). കൃത്യമായ അന്തരാളത്തിലല്ല നാം ജന്മദിനം ആഘോഷിക്കുന്നതു് എന്നര്‍ത്ഥം.
ഇതില്‍ നിന്നു് നാലുതരം വര്‍ഷങ്ങള്‍ക്കു് (അധിവര്‍ഷം, അധിവര്‍ഷം+1, അധിവര്‍ഷം+2, അധിവര്‍ഷം+3) നാലു തരത്തിലാണു കണക്കുകൂട്ടേണ്ടതു് എന്നു കാണാം.
വര്‍ഷം | 4k | 4k+1 | 4k+2 | 4k+3 |
1 | 1 x 365 | 1 x 365 | 1x 365 | 1 x 365 + 1 |
2 | 2 x 365 | 2 x 365 | 2 x 365 + 1 | 2 x 365 + 1 |
3 | 3 x 365 | 3 x 365 + 1 | 3 x 365 + 1 | 3 x 365 + 1 |
4 | 4 x 365 + 1 | 4 x 365 + 1 | 4 x 365 + 1 | 4 x 365 + 1 |
5 | 5 x 365 + 1 | 5 x 365 + 1 | 5 x 365 + 1 | 5 x 365 + 2 |
6 | 6 x 365 + 1 | 6 x 365 + 1 | 6 x 365 + 2 | 6 x 365 + 2 |
7 | 7 x 365 + 1 | 7 x 365 + 2 | 7 x 365 + 2 | 7 x 365 + 2 |
8 | 8 x 365 + 2 | 8 x 365 + 2 | 8 x 365 + 2 | 8 x 365 + 2 |
9 | 9 x 365 + 2 | 9 x 365 + 2 | 9 x 365 + 2 | 9 x 365 + 3 |
10 | 10 x 365 + 2 | 10 x 365 + 2 | 10 x 365 + 3 | 10 x 365 + 3 |
… | … | … | … | … |
n |
-നേക്കാള്‍ ചെറിയ ഏറ്റവും വലിയ പൂര്‍ണ്ണസംഖ്യയെയാണു് എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്. ഉദാ:
ചുരുക്കം പറഞ്ഞാല്‍, ഒരു വര്‍ഷം (4k+j) എന്ന രൂപത്തിലാണെങ്കില്‍ (k ഒരു പൂര്‍ണ്ണസംഖ്യ, j=0, 1, 2 or 3), n വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജന്മദിനം
ദിവസങ്ങള്‍ക്കു ശേഷമാണെന്നു കാണാം.
നമുക്കിനി ഒരുദാഹരണം നോക്കാം. 1969 ജൂണ്‍ 16-നു ജനിച്ച ദേവന് 2008 ജൂണ്‍ 16-നു മുപ്പത്തൊമ്പതാം ജന്മദിനം ആഘോഷിക്കുന്നതു് എത്ര ദിവസങ്ങള്‍ക്കു ശേഷമാണു്?
1969 = 4 x 492 + 1 ആയതുകൊണ്ടു് മുകളില്‍ j = 1. അതുപോലെ n = 39. അപ്പോള്‍
ദിവസങ്ങള്‍ക്കു ശേഷമാണു ബഡ്വൈസനെ പൊട്ടിക്കുന്നതു്.
ജന്മദിനം ജനുവരിയിലോ ഫെബ്രുവരിയിലോ ആണെങ്കില്‍ ഇതിനു് അല്പം വ്യത്യാസമുണ്ടു്. അവര്‍ക്കു് ഒരു വര്‍ഷം നേരത്തേ അധിവര്‍ഷം വരും. ഏറ്റവും എളുപ്പമുള്ള വഴി അവരെ തലേ വര്‍ഷത്തിന്റെ ഭാഗമായി കൂട്ടുന്നതാണു്.
ഉദാഹരണമായി, 1972 ജനുവരി 10-നു ജനിച്ച സന്തോഷ് 2008 ജനുവരി 10-നു മുപ്പത്താറാം ജന്മദിനത്തില് പൂര്‍ത്തിയാക്കിയ ദിവസങ്ങള്‍ കാണാന്‍ വേണ്ടി ജനിച്ച വര്‍ഷം തത്ക്കാലത്തേയ്ക്കു് 1971 എന്നു കരുതുക. 1971 = 4 x 492 + 3 ആയതിനാല്‍ j = 3. ഉത്തരം
ദിവസങ്ങള്‍.
അപ്പോള്‍ ഒരു പ്രത്യേകജന്മദിനത്തിനു് എത്ര ദിവസങ്ങള്‍ കഴിഞ്ഞു എന്നു കണക്കുകൂട്ടാന്‍ നമ്മള് പഠിച്ചു. ഇനി, ഒരു ദിവസത്തില്‍ ശരാശരി 27/27.3217 = 0.988225476 നക്ഷത്രം മാറും എന്നും നമ്മള് കണ്ടു. അപ്പോള്‍ അത്ര ദിവസം കൊണ്ടു് എത്ര നാളുകള്‍ കഴിഞ്ഞു എന്നു കണക്കുകൂട്ടാന്‍ ബുദ്ധിമുട്ടില്ല.
ഒരു ഉദാഹരണം ശ്രദ്ധിച്ചാല്‍ എളുപ്പമാകുമെന്നു തോന്നുന്നു. 1965 നവംബര്‍ 22-നു വൃശ്ചികമാസത്തിലെ വിശാഖം നക്ഷത്രത്തില്‍ ജനിച്ച എന്റെ 2008-ലെ നാല്‍പ്പത്തിമൂന്നാം പിറന്നാള്‍ എന്നാണെന്നു നോക്കാം.
2008 നവംബര്‍ 22 വരെ കടന്നു പോയ ദിവസങ്ങള്‍ ആദ്യം കണ്ടുപിടിക്കാം. 1965 = 4 x 491 + 1, j = 1.
ഇത്രയും ദിവസത്തിനിടയില്‍ കടന്നുപോയ നാളുകള്‍ = 15706 x 0.988225476 = 15521.069 = 15521
27 നാളു കഴിഞ്ഞാല്‍ അതേ നാള് വരുന്നതുകൊണ്ടും 15521 = 574 x 27 + 23 ആയതിനാലും ഇതു് 23 ദിവസത്തിന്റെ വ്യത്യാസമാണു്.
അതായതു് 2008 നവംബര്‍ 22-നു 23 ദിവസം മുമ്പു് വിശാഖമാണു്. അതായതു് ഒക്ടോബര്‍ 30-നു്. അതിനു ശേഷം 27 ദിവസം കഴിഞ്ഞു് (അതായതു് നവംബര്‍ 22-നു 4 ദിവസം കഴിഞ്ഞു്) നവംബര്‍ 26-നും വിശാഖമാണു്.
ഒക്ടോബര്‍ 30, നവംബര്‍ 26 എന്നിവയില്‍ വൃശ്ചികമാസത്തില്‍ വരുന്ന നക്ഷത്രം രണ്ടാമത്തേതായതു കൊണ്ടു് പിറന്നാള്‍ നവംബര്‍ 26-നു്.
ഇത്രയും കണക്കുകൂട്ടലിനെ ഒരു ഗണിതവാക്യമായി താഴെച്ചേര്‍ക്കുന്നു.
ഇത്രയുമാണു് പിറന്നാളിനെ അപേക്ഷിച്ചു ജന്മദിനം മുന്നോട്ടു പോയ ദിവസങ്ങളുടെ എണ്ണം.
അപ്പോള്‍ ജന്മദിനത്തില് നിന്നു d ദിവസം കുറച്ചാല്‍ പിറന്നാള്‍ കിട്ടുമോ? കിട്ടണമെന്നില്ല. ആ ദിവസം ജന്മമാസത്തില് ആവണമെന്നില്ല. എങ്കിലും ഏകദേശം 27 ദിവസത്തില്‍ നക്ഷത്രചക്രം ആവര്‍ത്തിക്കുന്നതു കൊണ്ടു് (BD – d), (BD – d – 27), (BD – d + 27), (BD – d + 54) എന്നിവ ജന്മനക്ഷത്രമായിരിക്കും. അതിലൊന്നു് ഏതായാലും ജന്മമാസമായിരിക്കും. ആ ദിവസം തന്നെ പിറന്നാള്‍.
ചുവന്ന പെന്‍സിലും കൂര്‍പ്പിച്ചു് അങ്ങുമിങ്ങും പലായനം ചെയ്യുന്ന ദേവനെപ്പോലെയുള്ള ഓഡിറ്റര്‍മാര്‍ക്കു് ഫോര്‍മുല ശരിയാവില്ല, പട്ടിക തന്നെ വേണം. ഇതാ പട്ടിക. ഈ പട്ടികയില്‍ -31 മുതല്‍ +31 വരെയുള്ള എല്ലാ (രണ്ടെണ്ണമോ മൂന്നെണ്ണമോ) മൂല്യങ്ങളും കൊടുത്തിട്ടുണ്ടു്. ഇവയിലൊന്നു പിറന്നാളായിരിക്കും. പൂജ്യത്തിനോടു വളരെ അടുത്തുള്ളവയെ കട്ടിയുള്ള അക്ഷരത്തില്‍ കാണിച്ചിട്ടുണ്ടു്.
|
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇതില്‍ വ്യത്യാസം പൂജ്യത്തിനോടു വളരെ അടുത്തു വരുന്നവ കട്ടിയുള്ള അക്ഷരത്തില്‍ കാണിച്ചിരിക്കുന്നു. ആ വര്‍ഷങ്ങളിലാണു് ജന്മദിനവും പിറന്നാളും ഒന്നിക്കാന്‍ സാദ്ധ്യതയുള്ളതു്. 19-ന്റെ ഗുണിതങ്ങളില്‍ കട്ടിയക്ഷരമാണുള്ളതെന്നതു ശ്രദ്ധിക്കുക.
ഇനി, ചില സാമാന്യ ചോദ്യങ്ങള്‍:
- ഒരിക്കലും (പത്തൊന്‍പതാം പിറന്നാളിനു പോലും) ജന്മദിനവും പിറന്നാളും ഒന്നിച്ചു വരാത്ത ആരെങ്കിലുമുണ്ടോ?
ഉണ്ടു്. ചില നക്ഷത്രങ്ങള്‍ ഒരു മാസത്തില്‍ രണ്ടെണ്ണം ഉണ്ടാവും. ഒന്നു് മാസത്തിന്റെ ആദിയിലും മറ്റൊന്നു് അവസാനത്തിലും. ഇവയില്‍ ആദ്യത്തെ നാളില്‍ ജനിച്ചവര്‍ക്കു് ഒരിക്കലും ജന്മദിനവും പിറന്നാളും ഒന്നിച്ചു വരില്ല. 19 തുടങ്ങിയ വര്‍ഷങ്ങളില്‍ അവരുടെ ജന്മദിനത്തിനു തന്നെ നാള് വരുന്നുണ്ടു്. എങ്കിലും, ഒരു മാസത്തില്‍ നാള് രണ്ടു തവണ വരുന്നുണ്ടെങ്കില്‍ അവസാനത്തേതാണു പിറന്നാളായി എടുക്കുന്നതു്. അതുകൊണ്ടാണു് ഇതു്.
- 19, 38 തുടങ്ങിയ ജന്മദിനങ്ങളില് പിറന്നാള്‍ വരാത്തവരുണ്ടോ?
ഉണ്ടു്. നാളിന്റെയും ദിവസത്തിന്റെയും ഒരറ്റത്തു ജനിച്ചവര്‍. ഉദാഹരണമായി, അര്‍ദ്ധരാത്രി കഴിഞ്ഞു് അഞ്ചു നിമിഷത്തിനകം ഒരു നക്ഷത്രം തീരുകയാണെങ്കില്‍ അതിനിടയില്‍ ജനിക്കുന്ന കുട്ടിയുടെ പത്തൊന്‍പതാം പിറന്നാള്‍ വരുന്നതു് ജന്മദിനത്തിന്റെ തലേന്നായിരിക്കും.
അതു പോലെ, സൂര്യോദയത്തിനു ശേഷം അല്പം കഴിഞ്ഞു് ഒരു നാള് തുടങ്ങുകയാണെങ്കില്‍ അന്നത്തെ നക്ഷത്രം കലണ്ടറില്‍ തലേതായിരിക്കും. അങ്ങനെയും ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ടാവാം.
മുകളില്‍ പറഞ്ഞ രണ്ടു കാര്യവും കൂടി ഒന്നിച്ചു വന്നാല്‍ കലണ്ടറില്‍ കാണുന്നതില്‍ നിന്നു രണ്ടു ദിവസം വരെ വ്യത്യാസമുണ്ടാകാം. ഇതു് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കണക്കുകൂട്ടലുകള്‍ക്കും ബാധകമാണു്.
- 19, 38 തുടങ്ങിയവയല്ലാതെ വേറെ ഏതെങ്കിലും ജന്മദിനങ്ങളില് പിറന്നാള്‍ ഉണ്ടാവാമോ?
ഉണ്ടാവാം. പട്ടികയില്‍ 0 എന്നു വരുന്ന വര്‍ഷങ്ങളിലാണല്ലോ അവ ഒന്നാകുന്നതു്. നക്ഷത്രങ്ങളും ദിവസങ്ങളും ഒന്നിച്ചു തുടങ്ങുകയും കഴിയുകയും ചെയ്യാത്തതുകൊണ്ടു് -1, 1 എന്നിവ വരുന്ന വര്‍ഷങ്ങളിലും ഇതു സംഭവിച്ചേക്കാം. പട്ടിക നോക്കിയാല്‍ 8, 11, 27, 30, 46, 49, 65, 84, 87 എന്നീ വര്‍ഷങ്ങളില്‍ (ഞാന്‍ അവ കട്ടിയുള്ള അക്കങ്ങളില്‍ കൊടുത്തിട്ടുണ്ടു്) ഒരു ദിവസത്തെ വ്യത്യാസമേ ഉള്ളൂ എന്നു കാണാം. നാളിന്റെയോ ദിവസത്തിന്റെയോ ഒരറ്റത്തു ജനിച്ചവര്‍ക്കു് വ്യത്യാസം പൂജ്യം ദിവസമായേക്കാം.
ആകെ ചിന്താക്കുഴപ്പമായെങ്കില്‍ ചില ഉദാഹരണങ്ങള്‍:
- എന്റെ പേരു് സന്തോഷ്. തുലാമാസത്തിലെ ഭരണി നാളില്‍ ജനിച്ച എന്റെ മകന് അച്ചുവിന്റെ 2007-ലെ പിറന്നാള്‍ ഒക്ടോബര്‍ 27-നായിരുന്നു. 2008-ല്‍ അതു് എന്നാണു്?
2007 = 501 x 4 + 3 ആയതിനാല്‍ j = 3.
n = 1, j = 3 എന്നിവയ്ക്കു യോജിച്ച ദിനവ്യത്യാസം പട്ടികയോ ഫോര്‍മുലയോ ഉപയോഗിച്ചു കണ്ടുപിടിച്ചാല്‍ -10, 17 എന്നു കാണാം. അതായതു് ഒക്ടോബര്‍ 7 അല്ലെങ്കില്‍ നവംബര്‍ 13. തുലാമാസമായതിനാല്‍ പിറന്നാള്‍ നവംബര്‍ 13-നു്.
- ചോദ്യം: എന്റെ പേരു് ദേവന്. ഞാന്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തൊമ്പത് ജൂണ്‍ പതിനാറിനു ജനിച്ചു. മിഥുനത്തിലെ തിരുവാതിര. എന്റെ മുപ്പത്തെട്ടാം പിറന്നാള്‍ ജന്മദിനത്തിനു തന്നെ ആയിരുന്നു എന്നു സങ്കുചിതന് പറയുന്നു. ശരിയാണോ? എന്റെ മുപ്പത്തൊന്പതാം പിറന്നാളിനു ബഡ്വൈസര് പൊട്ടിച്ചൊഴിച്ച പാലടപ്രഥമന്‍ കഴിച്ചാല്‍ കൊള്ളാമെന്നുണ്ടു്. (ആലുവായ്ക്കു വടക്കല്ലാത്തതിനാല്‍ മൊളകൂഷ്യം വേണ്ട.) ഈ കരിദിനം എന്നാണു്?
ഉത്തരം: കുട്ടീ, നിര്‍ത്തി നിര്‍ത്തി ഓരോ ചോദ്യമായി ചോദിക്കൂ. 1969 = 4 x 492 + 1 ആയതിനാല്‍ j = 1.
- ഗണിതവാക്യമോ പട്ടികയോ ഉപയോഗിച്ചാല്‍ j = 1, n = 38 എന്നതിനു നേരേ -27, 0, 27 എന്നു കാണാം. 2007 ജൂണ്‍ 16 തിരുവാതിര തന്നെ. എങ്കിലും അതിനു ശേഷം 27 ദിവസം കഴിഞ്ഞുള്ള ജൂലൈ 13-ഉം തിരുവാതിര തന്നെ. അതും മിഥുനമാസമായതു കൊണ്ടു് അതാണു പിറന്നാള്‍.
മുകളില്‍ ഒന്നാമതു പറഞ്ഞിരിക്കുന്ന സ്ഥിതിയാണു ദേവന്റേതു്. അദ്ദേഹത്തിനു് ഒരിക്കലും ജന്മദിനവും പിറന്നാളും ഒരേ ദിവസം വരുകില്ല. മലയാളമാസത്തിലെ ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളില്‍ ജനിക്കുന്നവര്‍ക്കെല്ലാം ഇതാണു സ്ഥിതി.
- ഗണിതവാക്യമോ പട്ടികയോ ഉപയോഗിച്ചാല്‍ j = 1, n = 39 എന്നതിനു നേരേ -10, 17 എന്നു കാണാം. 2008 ജൂണ്‍ 16-നു 10 ദിവസം മുമ്പുള്ള ജൂണ്‍ 6, 17 ദിവസം കഴിഞ്ഞുള്ള ജൂലൈ 3 എന്നിവ തിരുവാതിര തന്നെ. ജനനം മിഥുനത്തിലായതിനാല്‍ പിറന്നാള്‍ ജൂലൈ 3-നു്. അമേരിക്കയ്ക്കു വന്നാല്‍ പിറ്റേ ദിവസം വെടിക്കെട്ടും കാണാം.
- ഗണിതവാക്യമോ പട്ടികയോ ഉപയോഗിച്ചാല്‍ j = 1, n = 38 എന്നതിനു നേരേ -27, 0, 27 എന്നു കാണാം. 2007 ജൂണ്‍ 16 തിരുവാതിര തന്നെ. എങ്കിലും അതിനു ശേഷം 27 ദിവസം കഴിഞ്ഞുള്ള ജൂലൈ 13-ഉം തിരുവാതിര തന്നെ. അതും മിഥുനമാസമായതു കൊണ്ടു് അതാണു പിറന്നാള്‍.
- ചോദ്യം: എന്റെ പേരു പെരിങ്ങോടന്. 1981 മെയ് 11-നു മേടമാസത്തിലെ മകം നക്ഷത്രത്തില്‍ ജനനം. 2007-ലെ എന്റെ പിറന്നാളിനു ഞാന്‍ “ഖകമേ…” എന്നൊരു വിശിഷ്ടകൃതി രചിക്കുകയുണ്ടായി. (പ്രസിദ്ധീകരിച്ചതു് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണു്.) 2057-ലെ എന്റെ പിറന്നാളിനു് ഈ കൃതിയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ എന്റെ ആരാധകര്‍ തീരുമാനിച്ചിരിക്കുന്നു. അതിനുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങി. ഒരു പ്രശ്നമേയുള്ളൂ. അതു് ഏതു തീയതിയാണു് എന്നറിയിക്കണം. സഹായിക്കാമോ?
ഉത്തരം: 2057-ല്‍ പെരിങ്ങോടനു് 76 വയസ്സു തികയും. 76 എന്നതു 19-ന്റെ ഗുണിതമായതു കൊണ്ടു മിക്കവാറും പിറന്നാള്‍ മെയ് 11-നു തന്നെ ആയിരിക്കും. എങ്കിലും ഒന്നു കണക്കുകൂട്ടി നോക്കാം.
1981 = 4 x 495 + 1 ആയതു കൊണ്ടു് j = 1. n = 76, j = 1 എന്നിവയ്ക്കു പട്ടികയില്‍ നിന്നോ ഗണിതവാക്യത്തില്‍ നിന്നോ -27, 0, 27 എന്നു കാണാം.
അതായതു്, 2057 മെയ് 11-നും 27 ദിവസം കഴിഞ്ഞു ജൂണ്‍ 7-നും മകം ആയിരിക്കും എന്നു്. അതില്‍ മേടമാസത്തില്‍ ഉള്ള മകം മെയ് 11 തന്നെ ആയതുകൊണ്ടു് അന്നാണു പെരിങ്ങോടന്റെ പെരിങ്ങോടന്റെ പിറന്നാളും “ഖകമേ…” സുവര്‍ണ്ണജൂബിലിയും.
അതു പറയാന്‍ വരട്ടേ. കലണ്ടറില്‍ നോക്കിയാല്‍ 2057 മെയ് 11 മകമല്ല പൂയമാണെന്നു കാണാം. മെയ് 13-നാണു മകം.
മുകളില്‍ കൊടുത്ത രണ്ടാമത്തെ സ്ഥിതിയാണു് ഇതു്. പെരിങ്ങോടന് ജനിച്ച 1981 മെയ് 11-നു രാവിലെ 10:18 വരെ ആയില്യമായിരുന്നു. അതിനു ശേഷം പിറ്റേന്നു രാവിലെ 11:44 വരെയാണു മകം. പെരിങ്ങോടന്റെ ജനനത്തീയതിയില്‍ സൂര്യോദയത്തിനുള്ള നാള് (ഇതു തന്നെയാണു സാധാരണ കലണ്ടറിലും കാണുക) ആയില്യമാണു്.
ഇനി 2057-ല്‍ മെയ് 12-നു രാവിലെ 8:23-നു മകം തുടങ്ങും. സൂര്യോദയത്തിനു മകം തുടങ്ങാഞ്ഞതു കൊണ്ടു പിറ്റേന്നേ മകമായി കണക്കാക്കൂ എന്നു മാത്രം.
ഈ രണ്ടു വ്യത്യാസങ്ങളും കൂടി ഒന്നിച്ചു ചേര്‍ന്നപ്പോള്‍ രണ്ടു ദിവസത്തെ വ്യത്യാസമുണ്ടായി എന്നു മാത്രം.
- ചോദ്യം: ഞാന്‍ ശനിയന്‍. ഇവന് ശ്രീജിത്ത്. ഞങ്ങള്‍ രണ്ടുപേരും 1979-ലാണു ജനിച്ചതു്. ഞാന്‍ ജനുവരി 14-നു്. (രാവിലെ ജനിച്ചതു കൊണ്ടു് ധനുമാസത്തിലെ പൂയം.) ഇവന് ജൂലൈ 15-നു് (ഉച്ചയ്ക്കു ശേഷം ജനിച്ചതു കൊണ്ടു് മിഥുനമാസത്തിലെ രേവതി.). ഞങ്ങള്‍ ഞങ്ങളുടെ ഷഷ്ടിപൂര്‍ത്തി വിപുലമായി 2039-ല്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. ഏതൊക്കെ തീയതിയിലാണു് അവ എന്നു പറയാമോ?
ഉത്തരം: ശനിയന്‍ ജനുവരിയില്‍ ജനിച്ചതു കൊണ്ടു മുന്‍പുള്ള വര്‍ഷം നോക്കണം. 1978 = 4 x 494 + 2, j = 2. ശ്രീജിത്ത് ജൂണിലായതിനാല്‍ j = 3.
n = 60, എന്നതിനു പട്ടിക ഉപയോഗിച്ചാല്‍ j എത്രയായാലും -30, -3, 24 എന്നു കാണാം. അതായതു് മൂന്നു ദിവസം മുമ്പും 24 ദിവസത്തിനു ശേഷവും. 2039-ല്‍ അതേ മാസത്തില്‍ വരാന്‍ രണ്ടു പേര്‍ക്കും ജന്മദിനത്തിന്റെ മൂന്നു ദിവസം മുമ്പായിരിക്കും ഷഷ്ടിപൂര്‍ത്തി. ശനിയനു ജനുവരി 11-നു്; ശ്രീജിത്തിനു ജൂലൈ 12-നു്.
പിന്നെ, കാര്യമൊക്കെ കൊള്ളാം, ശ്രീജിത്തിന്റെ കൂടെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതു കുളമായിട്ടേ ഉള്ളൂ എന്നു മറക്കേണ്ട!
ചുരുക്കത്തില്‍,
- സാധാരണയായി, 19-ന്റെ ഗുണിതങ്ങളായുള്ള ജന്മദിനങ്ങളില്‍ത്തന്നെ പിറന്നാളും വരും.
- 19-ന്റെ ഗുണിതമല്ലാത്ത ചില ജന്മദിനങ്ങളിലും ഇതു സംഭവിച്ചേക്കാം. എണ്ണത്തില്‍ കുറവാണെന്നു മാത്രം.
- 19-ന്റെ ഗുണിതത്തിലും ചിലര്‍ക്കു് ഉണ്ടാകണമെന്നില്ല. അതിന്റെ തലേന്നോ പിറ്റേന്നോ ആവാം.
- ചില ആളുകള്‍ക്കു് ഒരിക്കലും ഇവ രണ്ടും ഒരിക്കലും ഒന്നിച്ചു വരില്ല. ആ മാസത്തിലെ പിന്നീടുള്ള നാളിനാവും പിറന്നാള്‍.
- മിക്കവാറും എല്ലാ ആളുകള്‍ക്കും ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന സൂത്രവാക്യമോ പട്ടികയോ ഉപയോഗിച്ചു് ഓരോ വര്‍ഷവും ജന്മദിനവും പിറന്നാളും തമ്മിലുള്ള വ്യത്യാസം എത്ര ദിവസമാണെന്നു കണ്ടുപിടിക്കാം. ഇതു തന്നെ നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിശേഷദിവസങ്ങള്‍ക്കും ഉപയോഗിക്കാം.
ഈ പോസ്റ്റ് ഇന്നലെ (ജനുവരി 14) ജന്മദിനം ആഘോഷിച്ച ശനിയനു സമര്‍പ്പിക്കുന്നു. ഇന്നലെ പോസ്റ്റു ചെയ്യണമെന്നു കരുതിയതാണു്. പറ്റിയില്ല.
എല്ലാവരോടും ഒരു അഭ്യര്‍ത്ഥന:
നിങ്ങള്‍ക്കറിയാവുന്ന തീയതികളും നക്ഷത്രങ്ങളും ഉപയോഗിച്ചു് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്നു ദയവായി ടെസ്റ്റു ചെയ്യുക. രണ്ടു ദിവസത്തില്‍ കൂടുതല്‍ വ്യത്യാസമുണ്ടെങ്കില്‍ ദയവായി ഒരു കമന്റു വഴിയോ ഈമെയില്‍ വഴിയോ എന്നെ അറിയിക്കുക.
മുന്‍കൂറായി എല്ലാവര്ക്കും നന്ദി.
ജ്യോതിര്‍മയി | 15-Jan-08 at 11:04 am | Permalink
ഒക്കെ കണക്കാ…:)
ഒരാളുടെ ജന്മദിനം കണ്ടാല്‍ അയാളുടെ മകന്റെ ജന്മദിനം കൂടി പറഞ്ഞുകൊടുക്കാന്‍ പറ്റുമോ? ഉദാഹരണത്തിന്, ദേവന്മാഷിന്റെ പിറന്നാളുകണ്ടാല് ദേവദത്തന്റെ ജന്മദിനം എന്നാണെന്നു കണ്ടുപിടിക്കാന്‍ സൂത്രമുണ്ടോ 🙂
(പട്ടികയായാലും മതി 🙂
അപ്പൊ ശനിയന്‍ ‘ആ‘ പേരു വരാന്‍ കാരണം മനസ്സിലായി. ബിലേറ്റഡ് ഹാപ്പി ബര്ത്ഡേ ശനിയന്‍…:)
……………
ലേഖനത്തിനുപിന്നിലെ തപസ്യയ്ക്കു മുന്നില്‍ കൈകൂപ്പിപ്പോകുന്നു! 🙂
രജീഷ് | 15-Jan-08 at 11:46 am | Permalink
പിന്നേം സ്കോര്‍ ചെയ്ത് !
3-ല്‍,
s’/നണ്ടു ദിവസത്തെ/രണ്ട് ദിവസത്തെ/’
mullappoo | 15-Jan-08 at 11:59 am | Permalink
ithu kollam.
odichu vaayana kazhinju.
ini nirthi nirthi vaayikkanam
ദേവന് | 15-Jan-08 at 9:23 pm | Permalink
ഗുരുക്കളേ,
പറഞ്ഞു തന്നതിനു നന്ദി. ഞാന്‍ ഇതുവരെ കഴിഞ്ഞ വര്‍ഷത്തെ എന്റെ പിറന്നാള്‍ ജൂണ്‍ പതിനാറിനായിരുന്നെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ പതിനാറിനു ഞാന്‍ ദുബായില്‍ നിന്നും കുമരകത്തേക്ക് പോകുകയും http://devaragam.blogspot.com/2007/11/blog-post.html#c8537027812940029977 ഉരഗ വിമോചനസമരത്തില്‍ പങ്കാളിയാകുകയും ചെയ്ത് രാത്രിയോടെ ഭാര്യാഗൃഹം പൂകിയപ്പോള്‍ വാമഭാഗം
“ഇന്ന് പിറന്നാളാണെന്നു പോലും ഓര്‍ക്കാതെ കള്ളും കുടിച്ച് പാമ്പുപിടിക്കാന്‍ പോയി.” എന്ന് കുറ്റപ്പെടുത്തുകയും തൂശനില പരിപ്പ് പപ്പടം പച്ചടി സാമ്പാര്‍ തുടങ്ങിയവ ഒരുക്കിയിരുന്നെന്നും എന്റെ നോ ഷോ മൂലം ഇലയടക്കം എല്ലാം പശു തിന്നെന്നും പറയുകയുണ്ടായി. പെമ്പ്രന്നോര്‍ക്ക് തെറ്റിയതാണോ അതോ ന്യായമായും എനിക്കു കിട്ടേണ്ട കുറ്റപ്പെടുത്തലിലും മേലേ പറയാനായി ഒരുക്കിയ കെണിയായിരുന്നോ എന്തോ, ഇപ്പോള്‍ വരെ ഞാന്‍ ജൂണ്‍ പതിനാറിനായിരുന്നു 2007ലെ ജന്മദിനം എന്നു ധരിച്ചു വശംപെശകായി ഇരിക്കുകയായിരുന്നു.
ഗുരുക്കളുടെ അര്‍പ്പണബോധത്തെ നമിച്ച്. രണ്ടായിരത്തെട്ടില്‍ എപ്പോള്‍ അഡ്വൈസര്‍ (ബീ സൈലന്റ് എന്ന് ജ്യോതിട്ടീച്ചര്‍ പറയുന്നു) പൊട്ടിക്കണം എന്നും പറഞ്ഞു തന്നതിനു പെരുത്തു നന്ദി. ഒരു പഞ്ചാംഗ നമസ്കാരം.
എന്റെ ജന്മദിനങ്ങള് ശകലം വിശാലമായി എഴുതുന്നുണ്ട്, ഇപ്പം ഉറക്കം തൂങ്ങിപ്പോയി
Umesh:ഉമേഷ് | 15-Jan-08 at 11:07 pm | Permalink
ശനിയന്റെ ജന്മദിനത്തിനു തന്നെ പ്രസിദ്ധീകരിക്കണമെന്നു കരുതി ധൃതി പിടിച്ചെഴുതിയെങ്കിലും തീര്‍ന്നപ്പോള്‍ വെളുപ്പിനു രണ്ടരയായി. ഒരുപാടു് അക്ഷരത്തെറ്റുകളുണ്ടായി. കുറെയൊക്കെ തിരുത്തിയിട്ടുണ്ടു്.
കമന്റിലൂടെ ചൂണ്ടിക്കാട്ടിയ രജീഷിനും ഇ-മെയിലിലൂടെ പറഞ്ഞു തന്ന സൂവിനും നന്ദി.
സങ്കുചിതന് | 17-Jan-08 at 12:23 pm | Permalink
നന്രി, ഉമേഷ് ഭയ്യ, ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു വച്ച് സമാധാനത്തോടെ ഇതൊന്നും പഠിക്കട്ടെ (വായിക്കട്ടെ)
ശനിയന്‍ | 17-Jan-08 at 1:22 pm | Permalink
ഹാവൂ! ജന്മം സഫലമായി! ഗുരുകുലത്തില്‍ ഒരെണ്ണം എന്റെ തലയ്ക്കടിച്ചേ!!
നന്തിന്ദി!:-)
P.C.Madhuraj | 18-Jan-08 at 5:33 pm | Permalink
Umesh,
i)Usually panchangam is given with ONappaTa.Thank you for bringing ONam (Happiness) by giving panchangam. kaikUppi vAngngaTTe.
ii) 24.98%and 75.02% people or birthdays?! (aaLO naaLO?)
iii) Onam comes regularly on pournami? I think saka months were named after the star on which pournami happens- in the beginning although it now shifts one or two thithis now sometimes-haven’t you noticed?
Next year Onam (thiru) is on dvaadaSi- in the Bhaadrapada month (not in ShraavaNa). Fullmoon is on uththarabhaadrapadam- I see it from your panchangam
namaskaarapURvam
Madhuraj
Jayarajan | 19-Jan-08 at 7:04 am | Permalink
ഒരു അറിയിപ്പ്: ഇനി മുതല്‍ ആരും ഉമേഷേട്ടന് കേള്‍ക്കേ ജന്മദിന സംബന്ധിയായ അറിവുകള്‍ വെളിപ്പെടുത്താന്‍ പാടില്ല (സങ്കുചിതമനസ്കന്‍ കേള്‍ക്കുന്നുണ്ടോ ആവോ?) ഹോ! വായിച്ച് തല പെരുത്തു. ഉമേഷ്ജീ, നമിച്ചു.
Remesh | 04-Mar-08 at 9:19 am | Permalink
Hi
I was looking for the 2007 panchangam for Dallas. But from your blow I am getting only the 2005 Panchangam. Could you upload or send me by mail?
Thanks
Remesh
Umesh:ഉമേഷ് | 21-Mar-08 at 11:59 pm | Permalink
രമേഷ്,
എന്തോ കാരണത്താല്‍ രമേഷിന്റെ കമന്റു കാണാന്‍ വൈകിപ്പോയി. 2007-ലെ ഡാളസ് കലണ്ടറിനു മാത്രമല്ല, പല കലണ്ടറുകള്‍ക്കും പിശകുണ്ടായിരുന്നു. അവയും, കൂടാതെയുണ്ടായിരുന്ന്ന ചില അല്ലറ ചില്ലറ പ്രശ്നങ്ങളും തിരുത്തി എല്ലാ കലണ്ടറും വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ദയവായി ശ്രദ്ധിക്കുക.
roby.kurian | 03-Apr-08 at 10:33 pm | Permalink
365/1461 = 24.98% ആളുകള്‍ക്കു 4, ബാക്കിയുള്ള 75.02% ആളുകള്‍ക്കു് 5
എന്നതാണോ
365/1461 = 24.98% ദിവസങ്ങളില്‍ ജനിച്ച ആളുകള്‍ക്കു 4, ബാക്കിയുള്ള 75.02% ദിവസങ്ങളില്‍ ജനിച്ച ആളുകള്‍ക്കു് 5
എന്നതാണോ ശരി?
നല്ല പോസ്റ്റ്..തല പെരുത്തു..
roby.kurian | 04-Apr-08 at 7:27 pm | Permalink
പിന്നെ ഉമേഷ്ജി,
എനിക്കെന്റെ നാളേതാണെന്നു പോലും അറിയില്ല കേട്ടോ..മാത്രമല്ല എന്റെ കുട്ടിയുടെ നാളും അറിയില്ല:)
Name | 07-Nov-08 at 1:46 pm | Permalink
http://www.supersoftweb.com/Panchangam.htm
jayakumar. | 07-May-13 at 12:58 pm | Permalink
NAME : JAYAKUMAR
DATE OF BIRTH : 14.05.1970
PLACE OF BIRTH COIMBATORE
BIRTH TIME: 7.14 AM
I AM TRYING ABBROAD IS THIS POSIBLE.
OTHER WISE I AM TRYING FOR JOB IN INDIA.
WHAT IS THE POSITION AT THE TIME IN 2013.
THANKING YOU,
JAYAKUMAR.
Umesh:ഉമേഷ് | 07-May-13 at 2:17 pm | Permalink
എന്നാലും എന്റെ ജയകുമാറേ,
എന്റെ പോസ്റ്റുകളൊക്കെ വായിച്ചിട്ട് ഞാൻ ഒരു ജ്യോത്സ്യനാണെന്നു തോന്നിയല്ലോ. ഇതിലും ഭേദം എന്നെയങ്ങു കൊല്ലുന്നതായിരുന്നു…
Radhakrishna Kurup | 08-May-13 at 6:45 am | Permalink
നക്ഷത്രത്തിൻടെയും തിഥിയുടെയുമൊക്കെ കാറ്യം പറ്യുന്ന ഭ്ലോഗിൽ ഒർ സംശയം ചോദിച്ചവനെ കളിയാക്കുന്നത് ശരിയല്ല. ജ്യോതിശാസ്ത്രം അറിയില്ലെങ്ഗിൽ അത് പറയുക. അല്പജ്ഞാനികളാൺ മറ്റുള്ളവരെ പറിഹസിക്കുന്നത്.
ജയകുമാരിൻ മറുപടി
താംഗളുടെ നക്സത്രം മകം (രണ്ടാം പാദം). എടവലഗ്നം. ശുക്രൻ സ്വസ്ഥാനത്ത്. രവി ഉച്ചത്തിൽ. ശനി നീചത്തിൽ. ലഗ്നത്തിൽ കുജനും ശുക്രനും. നാലിലെ ചന്ദ്രനു ദ്റുഷ്ടി. കേതു നാലിൽ, രാഹു പത്തിൽ. ആദിത്യനും ബുധനും ശനിയും പന്ത്രണ്ടിൽ.
പന്ത്രണ്ടിൽ ചരരാശിയായ മേടം ആയതിനാൽ തീർച്ഛയായും വിദേശയാത്ര ഉണ്ടാവും. ഇതിനകം ഉണ്ടായിരിക്കാൻ സാധ്യത കാണുന്നു. അതു പോലെ നാലാം ഭാവമായ ചിങ്ങരാശിയുടെ അധിപനായ ആദിത്യൻ പന്ത്രണ്ടിലുള്ളതിനാൽ നിശ്ചയമായും വിദേശയാത്ര ഉണ്ടാവും. പന്ത്രണ്ടിലെ ശനിയാൺ പ്രധാന തടസ്ഥം. വിദേശത്ത് പല തവണ യാത്ര ചെയ്യാൻ പറ്റിയെങ്ഗിലും സ്തിരമാകാൻ പറ്റിയില്ല. ഇനിയും വിദേശത്ത് പോകും. വളരെ തവണ വിദേശത്ത് പോകാൻ അവസരം കിട്ടുന്ന തരം ഝാതകം ആൺ.
ഉച്ചത്തിൽ പന്ത്രണ്ടിൽ നിൽക്കുന്ന ആദിത്യന്റെ ദശയിലാൺ വിദേശവാസം ഉണ്ടാവാൻ സാധ്യത. 1994 മുതൽക്കു 2000 വരെയാൺ ആദിത്യദശ. അന്ൻ വിദേശത്ത് പോയി 2000-നു ശേഷം തിരിച്ച് പോരേണ്ടി വന്നു. 2000-നു ശേഷം ചന്ദ്രദശയാൺ. ചന്ദ്രൻ കേതുവിന്റെ കൂടെയതിനാൽ ആൺ ഇങ്ങനെ പറ്റിയത്.
ഇപ്പോൾ ചൊവ്വാദശയിൽ ശനിയുടെ അപഹാരമാൺ. കഷ്ടപ്പാട് അല്പം കൂടുതലായിരിക്കും. 2013 ജൂലായ് മാസം 14 കഴിഞ്ഞാൽ ഒരു കൊല്ലം അല്പം ഭേധമുണ്ടാവും. അതു കഴിഞ്ഞ് രോഗബാധിതനാകാൻ സാധ്യത. അപ്പോൾ ആരോഗ്യം ശ്രദ്ധിക്കുക. പണിയായുധങ്ഗൾ, ഇരുചക്രവാഖനം ഇവ ഒഴിവാക്കുക.
2017 ജനുവരിയ്ക്കും 2019 സപ്തംബറിനു ഇടയ്ക്ക് ജോലിസംബന്ധമായി വിദേശത്ത് പോകും. പിന്നെ 2027 ജൂലായിക്കു ശേഷം ഒരു കൊല്ലവും വിദേശത്തു പോകും. എങ്ഗിലും സ്തിരമാവില്ല. 2035 വരെ സ്തിരമായ വിദേശവാസം പ്രതീക്ഷിക്കണ്ട. 2035-നു ശേഷം പുത്രബലത്താൽ സൗഭാഗ്യം കാണുന്നു. അന്നു വിദേശവാസവും ഉന്റാകും.
നല്ല ഉദ്യോഗവും വരുമാനവും ഉണ്ടാവും. എങ്ഗിലും അധികം സംബാദിക്കാൻ പറ്റില്ല. ധനത്തിൻ മുട്ടുണ്ടാവില്ല എങ്ഗിലും കാര്യമായി ധനം കയ്യിൽ നിൽക്കില്ല. സഹായിക്കുന്ന പലരും പറ്റിക്കും.
കൂടുതൽ വിവരങ്ഗൾ അറിയാൻ ഈമമൈൽ അഡ്രസ് ഇവിടെ ഒരു കമണ്ട് ഇടു. ഞാൻ പേർസണൽ മൈൽ അയയ്ക്കാം.
Resmi | 08-May-13 at 8:35 am | Permalink
ജയകുമാറിന് 1188 ഇടവമാസം മുതല്‍ നല്ല കാലമാണ്. കഠിനമായ മത്സരം തന്നെ നേരിടേണ്ടി വരുമെങ്കിലും ജോലിക്കുള്ള പരിശ്രമങ്ങളില്‍ വിജയം കൈവരിയ്ക്കും. അവസരങ്ങള്‍ വിട്ടുകളയരുത്. കാരണമില്ലാതെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെന്നു വരും, അന്ധവിശ്വാസങ്ങളില്‍ പെട്ടുപോവാതെ സൂക്ഷിക്കുക.
അനോണി ആന്റണി | 08-May-13 at 9:06 am | Permalink
കമന്ററുടെ കാര്യം തീരുമാനമായ സ്ഥിതിക്ക്
ഞാന്‍ വെറുതേ ബ്ലോഗ് ഓണറുടെ ഗ്രഹനിലയും ഉപഗ്രഹനിലയും (ഇല്ലേല് ചന്ദ്രന് മിസ്സാകും) മൊത്തത്തില്‍ ക്ഷീരപഥനിലയും ഒന്നു നോക്കി.
ഉമേഷിനിപ്പോള് മൂന്നില്‍ ബുധനും നാലില്‍ ആദിത്യനും അഞ്ചില്‍ കൈപ്പര്‍ ബെല്‍റ്റും ആണ്. അതിനാല്‍ കമ്പ്യൂട്ടര്‍ സംബന്ധമായ എന്തില്‍ നിന്നെങ്കിലും അരിക്കാശ് ലഭിക്കും. വ്യാഴത്തിന്റെയും ജൂപ്പിറ്ററിന്റെയും ഇടയിലെ സെന്റാറുകള് ഇപ്പോള്‍ വ്യാഴത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ താങ്കള്‍ വിദേശത്തായിരിക്കും ഇപ്പോള്‍. ചൊവ്വയില്‍ നിന്ന് സെറസ്സും കുജനില്‍ നിന്ന് മാക്കേമാക്കേയും ദൂരത്തായിരിക്കുന്നതിനാല് ബ്ലോഗില്‍ സ്പാമും പ്ലസ്സില്‍ അനോണിയും ഫെയിസ്ബുക്കില് ട്രോളും ഉപദ്രവങ്ങള്‍ ചെയ്തേക്കാം. മഹാസ്പാമര ഉച്ചാടനയന്ത്രം ധരിക്കുന്നത് നല്ലതായിരിക്കും.
ക്ഷീരപഥനിലയില് ആദിത്യന്റെ ഗലാക്റ്റിക് സ്ഥാനം മൂന്നില്‍ നിന്നു നാലിലേക്ക് സഞ്ചരിക്കുകയാണ്. ഇതിനാല്‍ സഞ്ചാര സ്വാതന്ത്ര്യമുണ്ടാവുകയും നെഞ്ചില്‍ എരിപൊരി സഞ്ചാരം, വന്‍ കുടലില്‍ വായുസഞ്ചാരം, സ്വഭാവത്തില്‍ അപഥ സഞ്ചാരം എന്നിവയുണ്ടാകാതെ സൂക്ഷിക്കുക. എല്ലാ ദിവസവും രാവിലേ എഴുന്നേറ്റ് ഗാലക്സി സെന്ററിലേക്ക് തിരിഞ്ഞു നിന്ന് സൂപ്പര്‍ മറിയോ ഗാലക്സി, ആംഗ്രി ബേര്‍ഡ്സ് സ്പേസ് എന്നിവ കളിക്കുന്നത് വളരെ ഗുണം ചെയ്യും.
അനീല്‍ | 08-May-13 at 12:33 pm | Permalink
ആഹ ഇപ്പോഴല്ലേ ഈ ബ്ലോഗിന് ശാപമോക്ഷം ഉണ്ടായുള്ളൂ.
ഓണ്‍ലൈന്‍ ജാതക പ്രവചനം നടക്കുന്ന ആദ്യ സ്വകാര്യ ബ്ലോഗ്! !!
രാം | 18-Dec-18 at 6:03 am | Permalink
20-9-1975
ജനനസമയം 12.20.
വല്ല രക്ഷയും ഉണ്ടോ അറിവുകൾക്കായി