പഴയൊരു നമ്പൂതിരിഫലിതമുണ്ടു്. ഇംഗ്ലീഷും മലയാളവും തമ്മില്‍ ഒരു താരതമ്യം. ഇംഗ്ലീഷില്‍ “സി-ഏ-റ്റി” എന്നെഴുതും, “ക്യാറ്റ്” എന്നു വായിക്കും, അര്‍ത്ഥം “പൂച്ച” എന്നും. മലയാളമാകട്ടേ “പൂച്ച” എന്നെഴുതും, “പൂച്ച” എന്നു വായിക്കും, അര്‍ത്ഥവും “പൂച്ച” എന്നു തന്നെ!
കുറച്ചു് ഇംഗ്ലീഷിലെ സ്പെല്ലിംഗിന്റെ പ്രശ്നവും ഏറെ നര്‍മ്മവും കലര്‍ന്ന ഈ കഥയ്ക്കു് ഒരു അനുബന്ധമുണ്ടു്. മലയാളം എഴുതുന്നതു പോലെയാണു എപ്പോഴും വായിക്കുന്നതു് എന്ന അബദ്ധധാരണയാണു് അതു്.
സുരേഷ് (സുറുമ) ഇവിടെ പറയുന്നു:
ഞാന്‍ ധരിച്ചിരിക്കുന്നത് മലയാളം എഴുതുന്നതുപോലെ വായിക്കപ്പെടുന്നതിനാല്‍ (‘ഹ്മ’, ‘ഹ്ന’ എന്നീ അപവാദങ്ങള്‍ ഒഴിവാക്കിയാല്‍) സ്പെല്ലിങ്ങ് എന്ന സംഗതി അപ്രസക്തമാണെന്നാണ്. അക്ഷരമറിയുന്ന, ഉച്ചാരണശുദ്ധി പാലിക്കുന്ന ആര്‍ക്കും മലയാളത്തിന്റെ സ്പെല്ലിങ്ങിനെ ചൊല്ലി വേവലാതിപ്പെടേണ്ട എന്നും.
എഴുതുന്നതു പോലെ വായിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഇല്ലേ? അദ്ധ്യാപകന്/അധ്യാപകന്, പാര്‍വ്വതി/പാര്‍വതി, താത്പര്യം/താല്‍പ്പര്യം/താല്പര്യം, എനിക്കു്/എനിക്ക്, ഗംഗ/ഗങ്ഗ തുടങ്ങി. ഇംഗ്ലീഷിനുള്ളത്രയും തീക്ഷ്ണമല്ലെങ്കിലും മലയാളത്തിലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഉണ്ടു്.
പറയാന്‍ വന്നതു് അതല്ല. മലയാളം എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷയാണു്, അഥവാ ഉച്ചരിക്കുന്നതു പോലെ എഴുതുന്ന ഭാഷയാണു് എന്നതു ശരിയാണോ എന്നതിനെപ്പറ്റിയാണു്. ഹ്മ, ഹ്ന എന്നീ അക്ഷരങ്ങളൊഴികെ എല്ലാറ്റിലും ഇതു ശരിയാണെന്നാണു സുരേഷ് വാദിക്കുന്നതു്.
ഈ കാര്യം എന്റെ എന്താണു് ഈ അറ്റോമിക് ചില്ലു പ്രശ്നം? എന്ന പോസ്റ്റിന്റെ കമന്റുകളിലും ഉണ്ടായി. റാല്‍മിനോവിന്റെ ചോദ്യം:
എ.ആര് റഹ്മാന് എന്നല്ല എ.ആര് റഹ്മാന് എന്നാണു് എപ്പോഴും കാണിക്കേണ്ടതു്. ഗൂഗ്ള്‍ ഒരിക്കലും അതു് കാണിക്കില്ല, രചന ഫോണ്ട് ഉപയോഗിക്കുന്നവരെ.
എന്താണു് റാല്‍മിനോവ് ഉദ്ദേശിച്ചതെന്നു വ്യക്തമായതു പിന്നീടു സുരേഷ് വിശദീകരിച്ചപ്പോഴാണു്.
ആ ‘റഹ്മാന്’ ഉദാഹരണം വളരെ പ്രസക്തമാണു്.’റഹ്മാന്’ എന്നെഴുതിയാല്‍ വായിക്കുന്നതും അങ്ങനെയാണു്.എന്നാല്‍ ‘റഹ്മാന്’ എന്നതില്‍ അങ്ങനെയല്ല.’ഹ്മ’ എന്ന കൂട്ടക്ഷരം ഉച്ചാരണത്തില്‍ ‘മ്ഹ’ എന്നായി മാറും.(ഉദാ: ബ്രഹ്മം.യേശുദാസിന്റെയോ ജയചന്ദ്രന്റെയോ ചില സിനിമാഗാനങ്ങള്‍ ഒന്നു് ഓര്‍ത്തുനോക്കൂ.ഉച്ചാരണത്തില്‍ ഇരുവരും സ്വതേ കണിശക്കാരാണു് ). ‘ഹ്ന’ കാര്യത്തിലും ഇതു തന്നെയാണു് കഥ.ഭാഷയില്‍ നിലനില്‍ക്കുന്ന ചില rare exceptions ആണിവ.
അപ്പോള്‍ അതാണു കാര്യം. ബ്രഹ്മം എന്നതിലെ ഹ്മ, ചിഹ്നം എന്നതിലെ ഹ്ന എന്നിവ സംസ്കൃതത്തില്‍ യഥാക്രമം മ്ഹ, ന്ഹ എന്നാണു് ഉച്ചരിക്കുന്നതു്. (മലയാളികള്‍ യഥാക്രമം ‘മ്മ’ എന്നും ‘ന്ന’ എന്നും. അതിന്റെ കാര്യം വഴിയേ.)
ആദ്യമായി ഒരു ചോദ്യം “ബ്രഹ്മം” എന്നു് അച്ചടിച്ചതു് ഒരു സംസ്കൃതപണ്ഡിതന്‍ എങ്ങനെ വായിക്കും? ബ്ര-ഹ്-മം എന്നോ ബ്ര-മ്-ഹം എന്നോ?
“ബ്രഹ്മം” എന്നതിനെ “ബ്രമ്ഹം” എന്നു വായിക്കുന്നതു് സംസ്കൃതത്തിന്റെ ഒരു രീതിയാണു്. ദേവനാഗരിയില്‍ (ഹിന്ദി, ഉദാഹരണത്തിനു്) ब्रह्म എന്നും रह्मान എന്നും (സാധാരണയായി അവര്‍ രഹമാന്‍-रहमान-എന്നാണു് എഴുതുന്നതു് എന്നു മറ്റൊരു കാര്യം.) എഴുതാന്‍ രണ്ടു ലിപിയില്ല. (സംസ്കൃതത്തില്‍ റഹ്മാന് എന്നെഴുതുമോ എന്നറിയാത്തതിനാലാണു ഹിന്ദിയെ കൂട്ടുപിടിച്ചതു്.) മലയാളത്തില്‍ ഇതെഴുതുമ്പോള്‍ ഹ, മ എന്നിവയെ ചേര്‍ക്കാന്‍ ഹ്മ എന്ന കൂട്ടക്ഷരമോ ഹ്മ എന്ന രൂപമോ ഉപയോഗിക്കാം. അതല്ല, ഹ്മ എന്നു വെച്ചാല്‍ “മ്-ഹ” ആണെന്നും ഹ്മ എന്നു വെച്ചാല്‍ “ഹ്-മ” എന്നാണെന്നുമല്ല അര്‍ത്ഥം. ഈ രണ്ടു വിധത്തിലെഴുതിയാലും സംസ്കൃതപദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ “മ്-ഹ” എന്നു് ഉച്ചരിക്കണം. അത്ര മാത്രം.
എഴുത്തും വായനയും തമ്മില്‍ സംസ്കൃതത്തില്‍ത്തന്നെയുള്ള ചില വ്യത്യാസങ്ങള്‍ മലയാളത്തിലും കടന്നിട്ടുണ്ടു്. ഗ, ജ, ബ, ഡ, ദ, യ, ര, റ, ല, ശ (ചിലപ്പോള്‍) എന്നീ അക്ഷരങ്ങളെ ‘അ’യ്ക്കു പകരം പദാദിയില്‍ ‘എ’ ചേര്‍ത്തു് ഉച്ചരിക്കുന്നതാണു് ഒരുദാഹരണം. ഗണപതി, ബലം, യമന്‍, രവി, ലത എന്നെഴുതിയിട്ടു് ഗെണപതി, ബെലം, യെമന്‍, രെവി, ലെത എന്നാണല്ലോ ഉച്ചരിക്കുന്നതു്. ഉച്ചരിക്കുന്നതു പോലെ എഴുതിയാല്‍ നമ്മള് അക്ഷരത്തെറ്റാണെന്നു പറയുകയും ചെയ്യും.
ചിലപ്പോള്‍ രണ്ടുമുണ്ടു്. ശരി – ശെരി, പക്ഷേ ശബ്ദം – ശബ്ദം. ശരാശരിയോ?
പദാദിയില്‍ മാത്രമല്ല ഈ ഏകാരോച്ചാരണം. പ്രദക്ഷിണം എന്ന വാക്കു പ്രെദക്ഷിണം എന്നാണുച്ചരിക്കുന്നതു്. അതുപോലെ ഐ എന്ന സ്വരത്തിന്റെ ഉച്ചാരണം “അയ്” എന്നായതുകൊണ്ടു് (യാഥാസ്ഥിതികവൈയാകരണന്മാര്‍ ഇതു സമ്മതിക്കണമെന്നില്ല) അതു് “എയ്” എന്നും ആകും. “ദൈവം” എന്നതു “ദയ്വം” എന്നുച്ചരിക്കാതെ “ദെയ്വം” എന്നുച്ചരിക്കുന്നതു് ഉദാഹരണം. മറ്റു പല വാക്കുകളും രണ്ടു രീതിയിലും ഉച്ചരിച്ചു കേള്‍ക്കാറുണ്ടു്. “ജൈത്രയാത്ര” എന്ന വാക്കു് “ജയ്ത്രയാത്ര” എന്നും “ജെയ്ത്രയാത്ര” എന്നും ഉച്ചരിക്കുന്നവരുണ്ടു്. ത്രൈയംബകം തുടങ്ങി മറ്റു വാക്കുകളുമുണ്ടു്.
ഇതൊരു പ്രശ്നമാകുന്നതു് മറ്റു ഭാഷയിലെ പദങ്ങള്‍ മലയാളത്തില്‍ എഴുതുമ്പോഴാണു്. guide, balloon തുടങ്ങിയ ഇംഗ്ലീഷ് പദങ്ങളെയും ഗൈഡ്, ബലൂണ്‍ എന്നെഴുതി ഗെയ്ഡ്, ബെലൂണ്‍ എന്നു വായിക്കുന്നതു മലയാളിയുടെ ആക്സന്റിന്റെ പ്രശ്നം മാത്രമല്ല, ലിപി വരുത്തിയ പ്രശ്നം കൂടിയാണു്. അതായതു്, ഉച്ചരിക്കുന്നതു പോലെ എഴുതാത്തതിന്റെ പ്രശ്നം.
ഇംഗ്ലീഷ് വാക്കുകള്‍ എഴുതുമ്പോള്‍ ഭാരതീയഭാഷകള്‍ക്കു മാത്രം ബാധകമായ ഇത്തരം അപവാദങ്ങള്‍ ഉപയോഗിക്കരുതെന്നാണു് എന്റെ അഭിപ്രായം. അതായതു് പ്രെസിഡന്റ്, ജെനറല്‍ എന്നു തന്നെ എഴുതണമെന്നു്. ലെറ്റര്‍, റെയില്‍വേ തുടങ്ങിയ ചില വാക്കുകളില്‍ നാം അതു ചെയ്യുന്നുണ്ടുമുണ്ടു്.
നിര്‍ഭാഗ്യവശാല്‍, ഈ അഭിപ്രായമുള്ള ഒരേയൊരാള്‍ എന്റെ അറിവില്‍ ഞാനാണു്. അതുകൊണ്ടു്, എന്റെ ആ അഭിപ്രായമനുസരിച്ചു് എഴുതുന്നതു നല്ലതു പോലെ ആലോചിച്ചിട്ടു മതി 🙂
അല്ലെങ്കില്‍ പ്രസിഡന്റു പോലെ നമ്മള് പ്രയോറിറ്റിയെ ഉച്ചരിക്കും, പ്രെയോരിറ്റി എന്നു്. ലിപിയുടെ പ്രശ്നം കൊണ്ടു് ആക്സന്റില്‍ വരുന്ന വ്യത്യാസം.
അപ്പോള്‍, പറഞ്ഞുവന്നതു്, രവി എന്നെഴുതി രെവി എന്നു വായിക്കുന്നതു പോലെയുള്ള ഒരു ഉച്ചാരണഭേദമാണു് ബ്രഹ്മം എന്നെഴുതി ബ്-ര്‍-എ-മ്-ഹ്-അ-മ് എന്നു വായിക്കുന്നതു്. ചിലവ സാമാന്യനിയമങ്ങള്‍ കൊണ്ടു നാം അറിയും. ചിലവ അപവാദങ്ങളായും. അല്ലാതെ ഹ്മ എന്നെഴുതിയാല്‍ മ്-ഹ എന്നും ഹ്മ എന്നെഴുതിയാല്‍ ഹ്-മ എന്നും വായിക്കണമെന്നല്ല. എഴുതാനോ അച്ചടിക്കാനോ ബുദ്ധിമുട്ടുള്ള വലിയ കൂട്ടക്ഷരങ്ങള്‍ വേര്‍തിരിച്ചു കാണിക്കാനും കൂടിയാണു നാം ചന്ദ്രക്കല ഉപയോഗിക്കുന്നതു്. ഹ്മയും ഹ്മയും ഭാഷാശാസ്ത്രപരമായി ഒന്നു തന്നെ. പിന്നെ എഴുതുന്നവര്‍ക്കു് ഒന്നിനെ അപേക്ഷിച്ചു മറ്റോന്നിനോടു കൂടുതല്‍ ആഭിമുഖ്യമുണ്ടാവാം. അവര്‍ അങ്ങനെ എഴുതുകയോ അച്ചടിക്കുകയോ യൂണിക്കോഡില്‍ ZWNJ ഇട്ടു വേര്‍തിരിച്ചെഴുതുകയോ ചെയ്യും.
എല്ലാവര്ക്കും അവനവന്റേതായ ചില ഇഷ്ടാനിഷ്ടങ്ങളുണ്ടു്. എന്റെ ചെറുപ്പത്തില്‍ സൂര്യന് എന്നതിലെ രണ്ടാമത്തെ അക്ഷരം എഴുതിയിരുന്നതു് യ്യ എന്ന അക്ഷരത്തിനു മുകളില്‍ രേഫത്തിന്റെ കുത്തിട്ടായിരുന്നു. ഭാര്യയും അങ്ങനെ തന്നെ. അതു വിട്ടിട്ടു് ഇങ്ങനെ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ കുറേ ബുദ്ധിമുട്ടായിരുന്നു. അദ്ധ്യാപകന് എന്നതിനെ അധ്യാപകന് എന്നു കണ്ടപ്പോഴും അതു തന്നെ. കൂടുതല്‍ കാണുന്ന സ്പെല്ലിംഗുകളോടു നമുക്കു കൂടുതല്‍ അടുപ്പം തോന്നുന്നു എന്നു മാത്രം. അമേരിക്കയില്‍ എത്തിയതിനു ശേഷം ഇപ്പോള്‍ programme, colour എന്നൊക്കെ കാണുമ്പോള്‍ എന്തോ ഒരു `ഇതു്’ തോന്നുന്നതു പോലെ 🙂
രണ്ടു വ്യത്യസ്ത ഭാഷകളില്‍ നിന്നു മലയാളത്തിനു കിട്ടിയ ബ്രഹ്മം, റഹ്മാന് എന്നവയിലെ ഹ്മകളെ സൂചിപ്പിക്കാന്‍ രണ്ടു തരം എഴുത്തുരീതികള്‍ വേണമെന്നു പറയുന്നതു് പ്രദക്ഷിണം, പ്രയോറിറ്റി എന്നിവയിലെ പ്രകളെ സൂചിപ്പിക്കാന്‍ രണ്ടു രീതി വേണമെന്നു പറയുന്നതു പോലെയാണു്. സീമ, സീറോ എന്നിവയിലെ സീകളെ സൂചിപ്പിക്കാന്‍ രണ്ടു രീതി വേണമെന്നു പറയുന്നതു പോലെയാണു്. മറ്റു ഭാഷകളിലെ വാക്കുകള്‍ നാം കടമെടുക്കുമ്പോള്‍ നമ്മുടെ അക്ഷരമാലയില്‍ കൊള്ളത്തക്കവിധം നാം അതിനെ മാറ്റി എഴുതുന്നു. ഉച്ചരിക്കുമ്പോള്‍ അതിന്റെ ശരിയായ ഉച്ചാരണം അറിയാമെങ്കില്‍ അതുപയോഗിക്കുന്നു. അറിയാത്തവര്‍ ചിലപ്പോള്‍ തെറ്റിച്ചു് ഉച്ചരിച്ചേക്കാം. തമിഴന് സംസ്കൃതം എഴുതുമ്പോഴും ഇംഗ്ലീഷുകാരന് ഫ്രെഞ്ച് എഴുതുമ്പോഴും ഇതു സംഭവിക്കുന്നുണ്ടു്.
എഴുതുന്നതു പോലെ ഉച്ചരിക്കുന്ന കാര്യം പറയുകയാണെങ്കില്‍ രസകരമായ പലതും പറയാനുണ്ടു്.
സുരേഷ് പറയുന്നതു പോലെ ഹ്മ, ഹ്ന എന്നിവയൊഴികെ എല്ലാം എഴുതുന്നതു പോലെ ഉച്ചരിക്കുന്നവരായി ഞാന്‍ മൂന്നു കൂട്ടരേ മാത്രമേ കണ്ടിട്ടുള്ളൂ-അക്ഷരശ്ലോകം ചൊല്ലുന്നവര്‍, കവിത വായിക്കുന്നവര്‍, പ്രസംഗകര്‍. ബാക്കിയുള്ള ബഹുഭൂരിപക്ഷം മലയാളികളും ഉച്ചരിക്കുന്നതു് ഇങ്ങനെയാണു്.
ബ്രഹ്മം – ബ്രമ്മം
ചിഹ്നം – ചിന്നം
നന്ദി – നന്നി
അഞ്ജനം – അഞ്ഞനം
ദണ്ഡം – ദണ്ണം
കട – കഡ
കഥ – കത/കദ
ഇതിനെപ്പറ്റി റാല്‍മിനോവ് എവിടെയോ പറഞ്ഞിട്ടുണ്ടു്.
ഗാനങ്ങളില്‍ മാത്രമല്ല, സംഭാഷണങ്ങളിലും അക്ഷരസ്ഫുടത സൂക്ഷിക്കുന്ന യേശുദാസ് വളരെയധികം ഉപയോഗിക്കുന്ന ഒരു വാക്കാണു് “ദണ്ഡം”. അദ്ദേഹം അതു് “ദണ്ണം” എന്നാണുച്ചരിക്കുന്നതെന്നു പലരും ശ്രദ്ധിച്ചിരിക്കും.
ഇതു് ഉച്ചാരണശുദ്ധിയുടെ പ്രശ്നമാണെന്നാണു പൊതുവേയുള്ള ധാരണ. അതു പൂര്‍ണ്ണമായും ശരിയല്ല എന്നതാണു വസ്തുത. ഇതിന്റെ പിന്നിലുള്ള അനുനാസികാതിപ്രസരത്തെപ്പറ്റി ഭാഷാശാസ്ത്രജ്ഞര്‍ വളരെയധികം പറഞ്ഞിട്ടുണ്ടു്. മലയാളികള്‍ വ്യഞ്ജനങ്ങളില്‍ അനുനാസികത്തെ കലര്‍ത്തും. ഇതു മാങ്കാ മാങ്ങാ ആയിടത്തു മാത്രമല്ല ഉള്ളതു്. ഇതു പോലെ തന്നെ താലവ്യാദേശം മുതലായ മറ്റു കാര്യങ്ങളും.
തച്ചോളി ഒതേനന് എന്ന സിനിമയ്ക്കു വേണ്ടി “അഞ്ജനക്കണ്ണെഴുതി…” എന്ന പാട്ടു് എസ്. ജാനകി “അഞ്ഞനക്കണ്ണെഴുതി…” എന്നു പാടിയതു കേട്ടപ്പോള്‍ മലയാളിയല്ലാത്ത ഗായിക തെറ്റിച്ചു പാടിയതാണെന്നാണു വിചാരിച്ചതു്. പിന്നീടു് അവര്‍ മലയാളികളുടെ തനതായ രീതിയില്‍ത്തന്നെ പാടിയതാണു് എന്നു മനസ്സിലായപ്പോള്‍ ജാനകിയോടുള്ള ബഹുമാനം പതിന്മടങ്ങു കൂടി.
ഒരു വര്‍ഷം മുമ്പേ “ലിപി വരുത്തി വെച്ച വിനകള്‍” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയിരുന്നു. മൂന്നു മാസം മുമ്പു് “തെറ്റുകള്‍ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും” എന്ന ഒരെണ്ണവും. രണ്ടും മടി കൊണ്ടു് ഇടയില്‍ വെച്ചു നിന്നു പോയി. ഇവയില്‍ നിന്നു് എടുത്തതാണു് ഈ പോസ്റ്റിന്റെ ഭൂരിഭാഗവും. ഇതും അറ്റോമിക് ചില്ലുമായി വലിയ ബന്ധമൊന്നുമില്ല. അതിലെ ഒരു ചര്‍ച്ചയില്‍ ഇതും വന്നെന്നു മാത്രം. എങ്കിലും ഇതു് ഈ രൂപത്തിലാക്കാന്‍ പ്രേരണയായ റാല്‍മിനോവിനും സുരേഷിനും നന്ദി.
viswam | 06-Feb-08 at 10:43 pm | Permalink
ഉമേഷ് എഴുതിയതിനെ നൂറുശതമാനം ശരിവെക്കുന്നു.
മനോജ് എമ്പ്രാന്തിരി | 07-Feb-08 at 12:11 am | Permalink
ഉമേഷ് എഴുതു മുഴുവനും പൊട്ടത്തെറ്റാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. 🙂
അനൂപ് തിരുവല്ല | 07-Feb-08 at 1:07 am | Permalink
ഉമേഷ് ജി എഴുതിയത് ശരിയെന്ന് തോന്നുന്നു.
ഹരിത് | 07-Feb-08 at 3:14 am | Permalink
ഗുരു പറഞ്ഞതെല്ലാം കേട്ടോണ്ട് പോയിനെടേ, തെറ്റും ശരിയുമൊക്കെ ഞങ്ങള്‍ തീരുമാനിച്ചോളാം.!!!!!:P
Jayarajan | 07-Feb-08 at 5:56 am | Permalink
ഉച്ചാരണ വൈകല്യമുള്ള അനേകം വാക്കുകള്‍ ഇനിയും ഉണ്ട്. ഇത് പലപ്പോഴും പ്രാദേശികവുമാണ്. (ഓ. ടോ. : അതു ശരി. അപ്പോ പഴയ ഡ്രാഫ്റ്റ് പോസ്റ്റൊക്കെ പൊടി തട്ടിയെടുക്കാന്‍ ചില നല്ല(?) കമന്റിട്ടാല്‍ മതി അല്ലേ?)
പ്രിയ | 07-Feb-08 at 6:20 am | Permalink
ഉമേഷ്ജിയുടെ പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോഴേ മനസില്‍ വന്നത് നന്ദി ആണ്.
ഈ നന്ദിയെ നന്ദിയെന്നു പറഞ്ഞാല്‍ ഒരു വല്ലായ്മയും നന്നിയെന്നു എഴുതിയാല്‍ അതിലും മോശവും. ഇനി ഇതു നേരെ ആക്കാന്‍ എന്താ ചെയ്യുക ?
🙂 നന്ദി ( നന്നി ) ഉമേഷ്ജി.
സെബിന് | 07-Feb-08 at 8:29 am | Permalink
കമന്റ് വായിക്കാന്‍…
vadavosky | 07-Feb-08 at 9:42 am | Permalink
‘ന’ എന്ന അക്ഷരം രണ്ടുരീതിയിലാണ് ഉച്ചരിക്കുന്നത്. ‘ന’ വരുന്നത് ആദ്യമാണോ രണ്ടാമതാണോ എന്നതനുസരിച്ച്. fool എന്നത് ഫൂള്‍ എന്ന് എഴുതിയാല്‍ അത് വായിച്ച് fool എന്നുച്ചരിക്കാന്‍ മലയാളത്തില്‍ തുല്യമായ അക്ഷരമുണ്ടോ. യേശുദാസ് ‘ഗന്ധര്വന്’ എന്ന് വാക്ക് പാടുമ്പോള്‍ ‘ഗന്ധഴ്വന്’ എന്നാക്കുന്നത് എന്തുകൊണ്ടാണ് ?
സന്തോഷ് തോട്ടിങ്ങല്‍ | 07-Feb-08 at 10:06 am | Permalink
ഉമേഷ്: “ഇതും അറ്റോമിക് ചില്ലുമായി വലിയ ബന്ധമൊന്നുമില്ല. ”
അറ്റോമിക് ചില്ലുമായി ഇതിനെ ബന്ധിപ്പിക്കാമോ എന്നൊന്നു നോക്കട്ടെ. 🙂
ഹ്മ യും ഹ്മയും ഭാഷശാസ്ത്രപരമായി ഒന്നാണെന്നു ഉമേഷ്ജി പറയുകയുണ്ടായി. അപ്പോള്‍ താഴെപ്പറയുന്ന വാക്കുകള്‍ ഒന്നാണോ?
നന്മ
നന്മ
നന്മ
ഒന്നാണെങ്കില് ഇവ compare ചെയ്യുമ്പോള്‍ ഉത്തരം ശരിയാവണ്ടേ?
compare ചെയ്യുമ്പോള്‍ ZWJ,ZWNJ എന്നിവയൊക്കെ അവഗണിക്കണമെന്നാണെങ്കില്(zero collation weight) ഇപ്പൊ എല്ലാം സമമാണു്.കാരണം ഈ വാക്കുകളെല്ലാം ഒരു ZWJ,ZWNJ എന്നിവകൊണ്ടു് വ്യത്യാസപ്പെട്ടിരിക്കുന്നു. ആണവചില്ലു വന്നാല്‍ ഇവ തുല്യമാകുന്നതെങ്ങനെ?
പിന്നെ അകാരാദിക്രമത്തിലെഴുതുമ്പോള് ഇവ(ആണവചില്ലുപയോഗിച്ചുള്ളവ) ഏതു ക്രമത്തിലെഴുതും?
നന്മ എന്നു തിരഞ്ഞാല്‍ നന്മ എന്നു കിട്ടുന്നതെങ്ങനെ?
(ഇതൊക്കെ ഇന്‍ഡിക് ലിസ്റ്റില്‍ പറഞ്ഞതാണെന്നു് ഉമേഷിനും അതിലെ അംഗങ്ങള്ക്കുമറിയാം. എന്നാലും ഇതു വായിക്കുന്നവരുകൂടി അറിയട്ടേ എന്നുവച്ചു ചോദിക്കുന്നതാണു്)
Moorthy | 07-Feb-08 at 11:13 am | Permalink
ഉമേഷ്ജി ഒരു സംശയമുണ്ട്. ഈ ആശാന് പള്ളിക്കൂടത്തിലൊക്കെ പഠിച്ച് കൃത്യമായ ഉച്ചാരണം പഠിച്ചിട്ടുള്ള പലരും കൃത്യമായി ഉച്ചരിക്കാറില്ലേ? ശരിക്കും ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നത് കേട്ടിരിക്കാന്‍ തന്നെ ഒരു രസമില്ലേ? പുസ്പംന്നും പറയാം പുയ്പംന്നും പറയാം എന്ന മട്ടില്‍ പഠിച്ചുവന്നതുകൊണ്ടല്ലേ നമ്മുടെ ഉച്ചാരണം ഇങ്ങനെ ആയിപ്പോയത്?
suresh | 07-Feb-08 at 2:21 pm | Permalink
ഉമേഷ് പറയുന്നു:
“പറയാന്‍ വന്നതു് അതല്ല. മലയാളം എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷയാണു്, അഥവാ ഉച്ചരിക്കുന്നതു പോലെ എഴുതുന്ന ഭാഷയാണു് എന്നതു ശരിയാണോ എന്നതിനെപ്പറ്റിയാണു്. ഹ്മ, ഹ്ന എന്നീ അക്ഷരങ്ങളൊഴികെ എല്ലാറ്റിലും ഇതു ശരിയാണെന്നാണു സുരേഷ് വാദിക്കുന്നതു്.”
എറിയകൂറും അങ്ങനെയാണു് എന്നാണു് ഉദ്ദേശിച്ചതു്.
ഉമേഷ് പറയുന്നു:
“ഗണപതി, ബലം, യമന്‍, രവി, ലത എന്നെഴുതിയിട്ടു് ഗെണപതി, ബെലം, യെമന്‍, രെവി, ലെത എന്നാണല്ലോ ഉച്ചരിക്കുന്നതു്.”
“ലെറ്റര്‍, റെയില്‍വേ തുടങ്ങിയ ചില വാക്കുകളില്‍ നാം അതു ചെയ്യുന്നുണ്ടുമുണ്ടു്.”
‘എഴുത്തും ഉച്ചാരണവും ചേര്‍ന്നുപോകുന്നില്ല’ എന്നതിനു് കുറച്ചുകൂടി നല്ല ഉദാഹരണങ്ങള്‍ ആവാമായിരുന്നു.മേല്പറഞ്ഞവ തിവ്രപ്രയത്നമായ അകാരത്തിന്റെ ഉച്ചാരണം(മൃദുമധ്യമങ്ങളില്) ദുഷിച്ചതിന്റെ ദൃഷ്ടാന്തങ്ങളാണു്.
ഉമേഷ് പറയുന്നു:
“അദ്ധ്യാപകന്/അധ്യാപകന്, പാര്‍വ്വതി/പാര്‍വതി, താത്പര്യം/താല്‍പ്പര്യം/താല്പര്യം, എനിക്കു്/എനിക്ക്, ഗംഗ/ഗങ്ഗ തുടങ്ങി. ഇംഗ്ലീഷിനുള്ളത്രയും തീക്ഷ്ണമല്ലെങ്കിലും മലയാളത്തിലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഉണ്ടു്.”
അക്ഷരവിന്യാസം ഇവയിലെല്ലാം വ്യത്യസ്തമാണു്.സ്പെല്ലിങ് സങ്കല്പം മലയാളത്തിലും ഇംഗ്ലിഷിലും വ്യത്യസ്തമാണു്.ഇംഗ്ലിഷില്‍ തോന്നിയമാതിരി സ്പെല്ലിങ് അനുവദിക്കുകയില്ല.അങ്ങനെ സംഭവിച്ചാല്‍ അതു് മറ്റൊരു വകഭേദം ആയി ഗണിക്കും.അങ്ങനെയാണു് പലതരം ലൊകാലുകളും അവയ്ക്കെല്ലാം പ്രത്യേക നിഘണ്ടുക്കളും ഉണ്ടാകുന്നതു്.
എന്നാല്‍ “നന്മ” ,”നന്മ”, “നന്മ” അങ്ങനെയല്ല.പ്രദര്ശനരീതിയലുള്ള വ്യത്യാസം മാത്രമാണു് ഇവിടെയുള്ളതു്.ഇവയില്‍ അവസാനത്തേതു് ആണവചില്ലിന്റെ വരവോടെ വേറിട്ടുപോകുന്നു.ഇതു മൂന്നും വ്യത്യസ്ത സ്പെല്ലിങ് ആണു് എന്ന വാദം ഉമേഷിനുണ്ടോ?
ഉമേഷ് പറയുന്നു:
“മലയാളത്തില്‍ ഇതെഴുതുമ്പോള്‍ ഹ, മ എന്നിവയെ ചേര്‍ക്കാന്‍ ഹ്മ എന്ന കൂട്ടക്ഷരമോ ഹ്മ എന്ന രൂപമോ ഉപയോഗിക്കാം.”
‘ഹ്മ’ എന്ന കൂട്ടക്ഷരം ലഭ്യമാണെങ്കില്കൂടി ‘റഹ്മാന്’ എന്നു് അച്ചടിച്ചുകാണാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.ഉമേഷ് ശിപാര്ശചെയ്തുവരുന്ന യൂണിക്കോഡോടെ അതു സാധ്യമായേക്കും.
മാത്രമല്ല, കൂട്ടക്ഷരമായും പിരിച്ചും എഴുതുമ്പോള്‍ വായനയില്‍ ഉണ്ടാകുന്ന subtle ആയ വ്യത്യാസം നഷ്ടപ്പെടുത്തുകയാണു് ‘രണ്ടും ഒരുപോലെ’ എന്ന വാദം ചെയ്യുന്നതു്.
-സുരേഷ്
siji | 07-Feb-08 at 4:28 pm | Permalink
തൃശൂരോട്ടൊന്നു വന്നാമതി എല്ലാ ഉച്ചാരണവും ശരിയായിട്ടു പഠിക്കാം.:) ഉമേഷ് ചേട്ടന് ജി ഒരു ചോദ്യമുണ്ട് കേരളത്തില്‍ ഏതു ജില്ലയിലുള്ളവരാണ് മലയാളം ഏറ്റവും നന്നായി ഉച്ചരിക്കുന്നത്? പാലക്കാട്ടുകാരാണോ?
Ralminov | 07-Feb-08 at 6:45 pm | Permalink
അവന് എന്നെഴുതിയാല്‍ അവന് എന്നു് കാണിക്കാതെ അവന് എന്നു് തന്നെ കാണിക്കണം. അതു്പോലെതന്നെയാണു് റഹ്മാന് എന്നെഴുതിയാല്‍ റഹ്മാന് എന്നു് കാണിക്കാതെ റഹ്മാന് എന്നു് തന്നെ കാണിക്കണമെന്നു് പറയുന്നതു്.
അമൃത്സര്‍ എന്നെഴുതുന്നതു് അമൃത്സര്‍ എന്നു് കാണിക്കുന്നതു് ശരിയോ?
കൊയ്രാള കൊയ്രാളയാകുന്നതും.
ജോയ്നറുകളെ ഗൂഗ്ള്‍ കളയുന്നതു് അവരുടെ വിവരക്കേടു്. അതു് തിരുത്തിക്കുകയാണു് വേണ്ടതു്. അതിനു് പകരം ഗൂഗ്ള്‍ കോംപ്ലയന്റാകാന് വേണ്ടി നാമിനി റഹുമാന്‍ , അമൃതുസര്, കൊയിരാള എന്നൊക്കെ എഴുതിത്തുടങ്ങണോ ?
Ralminov | 07-Feb-08 at 7:15 pm | Permalink
Flickr ബ്ലോക്ക് ചെയ്യപ്പെടാത്ത സ്ഥലങ്ങളില്‍ യാഹൂവിന്റെ സേര്‍ച്ച് റിസല്‍ട്ട് കാണാന്‍ ഇതാ ഇവിടെ നോക്കുക.
http://www.flickr.com/photos/ralminov/2248417895/
ലിങ്ക് കൊടുക്കാന്‍ ശ്രമിച്ചില്ല.
സിബു | 07-Feb-08 at 7:27 pm | Permalink
ഏതുലിപിയിലും A, B എന്നീ അക്ഷരങ്ങളോ ചിഹ്നങ്ങളോ തമ്മില്‍ സ്പെല്ലിംഗ് വ്യത്യാസമാണോ സ്റ്റൈല്‍ വ്യത്യാസമാണോ എന്നു കണ്ടുപിടിക്കാന്‍ എന്റെ വഴി ഇതാണ്:
ഏതെങ്കിലും ഒരു വാക്കില്‍ A മാറ്റി B വച്ചാല്‍ അര്ഥവ്യത്യാസമോ വായിക്കാന്‍ പറ്റാതാവലോ സംഭവിച്ചാല്‍ അവതമ്മില്‍ സ്പെല്ലിംഗ് വ്യത്യാസമുണ്ട്. ഇത് എല്ലാവാക്കുകളിലും സംഭവിക്കണമെന്നില്ല. ഉദാഹരണത്തിന്, ന്, ന് എന്നിവയെടുക്കുക. നന്മ എന്നവാക്കില്‍ ന് എന്നതിനെ ന് ആക്കിയാല്‍ അര്ഥവ്യത്യാസമുണ്ടാവുന്നില്ലെങ്കിലും അവന് എന്ന വാക്കില്‍ അതുസംഭവിക്കുന്നതിനാല് ന്, ന് എന്നിവ തമ്മില്‍ സ്പെല്ലിംഗ് വ്യത്യാസമുണ്ട്.
ഇംഗ്ലീഷില്‍ grey, gray എന്നിവതമ്മില്‍ അര്ഥവ്യത്യാസമില്ലെങ്കിലും set, sat എന്നിവതമ്മില്‍ അര്ഥവ്യത്യാസമുള്ളതുകൊണ്ട് e, a എന്നിവ വ്യത്യസ്ത സ്പെല്ലിംഗുകളാവുന്നതുപോലെ. അവ സ്റ്റൈല്‍ വ്യത്യാസങ്ങളല്ല.
മലയാളത്തില്‍ സ്റ്റൈല്‍ വ്യത്യാസങ്ങള്ക്കുദാഹരണമാണ് പഴയലിപിയിലും പുതിയലിപിയിലും ഉകാരമിടുന്നത്. ഉകാരം പരസ്പരം മാറ്റിയാല്‍ ഒരിക്കലും അര്ഥവ്യത്യാസമുണ്ടാവില്ല.
Ralminov | 07-Feb-08 at 10:51 pm | Permalink
ഇംഗ്ലീഷില്‍ grey, gray എന്നിവതമ്മില്‍ അര്ഥവ്യത്യാസമില്ലെങ്കിലും ഉണ്ടെങ്കിലും അവ വ്യത്യസ്ത സ്പെല്ലിങ്ങുകള്‍ തന്നെയാണു്. set എന്ന വാക്കിനു് എത്ര അര്‍ത്ഥങ്ങള്‍ കൊടുക്കാന്‍ പറ്റിയാലും അതൊരു സ്പെല്ലിങ് തന്നെയാണു്.
ന് എന്നെഴുതിയാല്‍ എന്തിനു് ന് എന്നാക്കണം. സദ്വാരം സ്പെയ്സോ ഹൈഫനോ ഇട്ടു് പരിഹരിക്കാമെങ്കില്‍ അവന് എന്നതു് അവനു് എന്നു് വ്യക്തത വരുത്തി പരിഹരിക്കാം.
ഉകാരങ്ങള്‍ സ്റ്റൈല്‍ ആണെങ്കില്‍ ആ ഗണത്തിലേക്കു് ജോയ്നറുകളെ ചേര്‍ക്കാനാവില്ല. അവ കളഞ്ഞാല്‍ വാക്കുകള്‍ വായിക്കാന്‍ പറ്റാതാകുന്നു. ത്വക്രോഗം എന്നു് കാണുന്നതു് ത്വക്രോഗം എന്നാണു് എഴുതിയ ആള് ഉദ്ദേശിച്ചതു് എന്നുള്ള ഡിസ്ക്ലൈമര്‍ എവിടെ ഇടും ?
Umesh:ഉമേഷ് | 07-Feb-08 at 11:04 pm | Permalink
റാല്‍മിനോവ് അവസാനം പറഞ്ഞ കാര്യത്തെപ്പറ്റി ഒരു തിരുത്തു്:
ത്വക് + രോഗം = ത്വഗ്രോഗം ആകും സന്ധിയില്‍. അതിനെ ത്വഗ്രോഗം എന്നെഴുതിയാലും വായിക്കാന്‍ ബുദ്ധിമുട്ടില്ല. സംസ്കൃത-മലയാളപദങ്ങളില്‍ ഇത്തരം സന്ധികള്‍ വരുന്നതു മറ്റേ വിധത്തിലും എഴുതാറുണ്ടു്. “സദ്വാരം” പോലെ “സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍ന്നു്…” (വള്ളത്തോള്‍) എന്നൊക്കെ കണ്ടിട്ടുണ്ടു്. പഴയ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കു് അതൊരു പ്രശ്നമാണു്.
റാല്‍മിനോവ് പറയുന്ന പല കാര്യങ്ങളോടും എനിക്കു യോജിപ്പുണ്ടു്. പ്രത്യേകിച്ചു് ക്ര തുടങ്ങിയവയെ ര എന്നല്ലാതെ റ എന്നുച്ചരിക്കുന്നതു കൊണ്ടുള്ള പ്രശ്നങ്ങളെ.
റാല്‍മിനോവ് ഒരിക്കല്‍ ര(റ), യ, വ, ല എന്നിവയുടെ ചിഹ്നങ്ങള്‍ക്കു പ്രത്യേകം കോഡ് പോയിന്റുകള്‍ കൊടുക്കുകയാണു് നല്ല ഒരു സൊലൂഷന് പറഞ്ഞിരുന്നു. ഞാനും ആലോചിച്ചിട്ടുള്ളതാണു് അതു്. നമ്മുടെ വായനയ്ക്കുള്ള അലോസരങ്ങള്‍ മിക്കവാറും അവയിലാണു് – താഴ്വാരം, ദേശ്രാഗം, ബാങ്ക്ലോണ്‍ തുടങ്ങിയവയില്‍.
Umesh:ഉമേഷ് | 07-Feb-08 at 11:05 pm | Permalink
“പഴയ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കു് അതൊരു പ്രശ്നമാണു്” എന്നല്ല “പ്രശ്നമല്ല” എന്നാണു് ഉദ്ദേശിച്ചതു് കഴിഞ്ഞ കമന്റില്‍.
Ralminov | 07-Feb-08 at 11:21 pm | Permalink
…അല്ലെങ്കില്‍ നോണ്ജോയ്നിങ്ങ് ചന്ദ്രക്കല എന്ന ചില്ല് സൈന്‍… ചില്ലിന്റെയും മറ്റു് പുലിവാലുകളുടെയും പ്രശ്നങ്ങള്‍ ഒറ്റയടിക്കു് പരിഹരിക്കാമെന്നു് കരുതി ! പിന്നീടു് കാര്യം മനസ്സിലായി. ഇതു് ഗവണ്മന്റ് കാര്യമാണു്. വഴിപോക്കര്ക്കു് അഭിപ്രായം പറയാന്‍ മാത്രമേ ഒക്കൂ എന്നു്.
സമ്പദ്രംഗം എന്നു് കണ്ടതു് എന്താണെന്നു് തിരിയാന്‍ കുറച്ചു് പാടുപെടേണ്ടി വന്നു.
സന്ധിയും സമാസവുമല്ല ഉമേഷ് എന്റെ പ്രശ്നം . നമ്മള് എഴുതുന്നതു് അതേപോലെ കാണാന്‍ പറ്റണം. അതു് തെറ്റായാല്‍ പോലും.
ഇനി ചില്ലിന്റെ മുകളിലും ചന്ദ്രക്കല വരാന്‍ പോകുന്നു. ന്റമ്മോ എന്നെഴുതാന്‍ ന് ് റ എന്നാണത്രെ പുതിയ പരിഷ്കാരം. എനിക്കുറപ്പില്ല കേട്ടോ. ലിസ്റ്റില്‍ പഴയ പോലെ ആക്റ്റീവല്ല. കാരണം ബാക്റ്റീരിയ.
Umesh:ഉമേഷ് | 07-Feb-08 at 11:37 pm | Permalink
ഒരുപാടു പേര് വിരാമ = ചന്ദ്രക്കല എന്നു വിചാരിക്കുന്നുണ്ടു്. റാല്‍മിനോവും ആ കൂട്ടത്തിലാണോ? കാക്ക എന്നതു റാല്‍മിനോവ് കാക്ക എന്നു മാത്രമേ കാണുകയുള്ളോ?
സമ്പദ്രംഗം എന്നതില്‍ എന്താണു പ്രശ്നം?
ആപ്ലിക്കേഷനുകള്‍ ജോയിനറുകള്‍ കളയാതെ നാം എഴുതുന്നതു് അതേ പോലെ കാണിക്കണം എന്നും അവയിലെ ബഗ്ഗുകള്‍ ഫിക്സു ചെയ്യണം എന്നും തന്നെയാണു് എന്റെ അഭിപ്രായം. ജോയിനറുകള്‍ ഉപയോഗിച്ചു രണ്ടു കാര്യങ്ങളെ വ്യത്യസ്തമാക്കുമ്പോള്‍ അവ കാഴ്ചയിലേ വ്യത്യസ്തമാകാന്‍ പാടുള്ളൂ, ജോയിനറുകള്‍ ഇല്ലെങ്കിലും വാക്കു മാറരുതു് എന്നേ ഞാന്‍ പറഞ്ഞുള്ളൂ.
suresh | 08-Feb-08 at 1:19 am | Permalink
സിബു:
“ഉദാഹരണത്തിന്, ന്, ന് എന്നിവയെടുക്കുക. നന്മ എന്നവാക്കില്‍ ന് എന്നതിനെ ന് ആക്കിയാല്‍ അര്ഥവ്യത്യാസമുണ്ടാവുന്നില്ലെങ്കിലും അവന് എന്ന വാക്കില്‍ അതുസംഭവിക്കുന്നതിനാല് ന്, ന് എന്നിവ തമ്മില്‍ സ്പെല്ലിംഗ് വ്യത്യാസമുണ്ട്.”
അതായതു് ‘ന്'(ആണവം) പ്രശ്നക്കാരനാണെന്നു് സിബു തത്ത്വത്തില്‍ സമ്മതിച്ചിരിക്കുന്നു.അതു് പദമധ്യത്തിലും പദാന്ത്യത്തിലും രണ്ടുരീതിയില്‍ പ്രവര്ത്തിക്കുന്നുവെന്നു്.
ZWJ കളയുമ്പോഴും ഇതേപ്രശ്നം മറ്റൊരു രീതില്‍ പ്രതിഫലിക്കുകയാണു് ചെയ്യുന്നതു്.പദമധ്യത്തില്‍ അതു് കളയമ്പോള് ഉണ്ടാകുന്ന പ്രശ്നം പദാന്ത്യത്തില്‍ ഗൌരവതരമാകുന്നു,പദമധ്യത്തിലേതിനെ അപേക്ഷിച്ചു്.
ഇതുകൊണ്ടൊക്കെയാണു് മലയാളഭാഷയില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ചു് insight ഉണ്ടാക്കിയ വ്യക്തികളുടെ ഇടപെടല്‍ അത്യാവശ്യമാണു് എന്നു പറയുന്നതു്.പെട്ടെന്നു് ധാരാളം പുസ്കകങ്ങള്‍ പരതി information സ്വരൂപിക്കുന്നതുകൊണ്ടു മാത്രം insight ഉണ്ടാകണമെന്നില്ല.ആ രംഗത്തു് നിരന്തരം പ്രവര്ക്കുന്നവര്ക്കു് ഇത്തരം പ്രശ്നങ്ങളെ ശരിയായി വിലയിരുത്താനും പരിഹാരം കാണാനും കഴിയും.
-സുരേഷ്
Umesh:ഉമേഷ് | 08-Feb-08 at 1:49 am | Permalink
സിബുവിന്റെ വാക്യം എനിക്കു മനസ്സിലായതു് ഇങ്ങനെ:
1. നന്മ എന്നതു നന്മ എന്നതും തമ്മില്‍ അര്‍ത്ഥവ്യത്യാസമില്ല.
2. എങ്കിലും അവന് എന്നതും അവന് എന്നതും തമ്മില്‍ അര്‍ത്ഥവ്യത്യാസം ഉണ്ടു്.
3. അതിനാല്‍ ന്, ന് എന്നതിനെ ഇക്വിവലന്റ് ആയി കണക്കാക്കാന്‍ പറ്റില്ല. സ്പെല്ലിംഗ് വ്യത്യാസമായേ കണക്കാക്കാന്‍ പറ്റൂ.
അതില്‍ നിന്നു് ആണവചില്ലു പ്രശ്നക്കാരനാനെന്നു് അര്‍ത്ഥം മനസ്സിലാക്കിയ സുരേഷിന്റെ വ്യാഖ്യാനപാടവം അപാരം!
പിന്നെ, സുരേഷ് എഴുതിയ അവസാനഖണ്ഡിക ഇവിടെ പ്രസക്തമാണോ? ഇമ്മാതിരി ഡയലോഗുകള്‍ നമ്മള് ഇന്‍ഡിക് ലിസ്റ്റില്‍ കുറേ കണ്ടതാണല്ലോ. ഇതു നമ്മളെ എവിടെയങ്കിലും എത്തിച്ചോ?
മലയാളത്തെ സംബന്ധിച്ചു് അഭിപ്രായം എഴുതാന്‍ എന്താണു മിനിമം ക്വാളിഫിക്കേഷന്‍ സുരേഷിന്റെ അഭിപ്രായത്തില്‍? കുറേ റാന്‍ഡം ചോയിസുകള്‍ താഴെ.
1) മലയാളിയായി ജനിച്ചു് ദിവസവും അതു സംസാരിക്കുകയും മലയാളം പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്ന ആള്.
2) ഭാഷാശാസ്ത്രത്തില്‍ അവഗാഹമുള്ള ആള്.
3) 15 വയസ്സിനു മുമ്പു “കേരളപാണിനീയം” മുഴുവന്‍ നന്നായി വായിച്ചിട്ടുള്ള ആള്.
4) “കേരളപാണിനീയം” തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കുകയും വ്യാകരണം അത്യാവശ്യം അറിയുകയും ചെയ്യുന്ന ആള്.
5) മലയാളം നന്നായി എഴുതുന്ന ആള്.
6) മലയാളത്തില്‍ എം. ഏ. പാസ്സായ ആള്.
7) മലയാളത്തില്‍ ഡോക്ടറേറ്റ് ഉള്ള ആള്.
8) യൂണിക്കോഡിനെപ്പറ്റി സാമാന്യജ്ഞാനമുള്ള ആള്.
9) യൂണിക്കോഡ്, മലയാളം എന്നിവ ഉള്‍പ്പെടുന്ന സോഫ്റ്റ്വെയര് എഴുതിയിട്ടുള്ള ആള്.
10) നാലു തവണ ടെക്നിക്കല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ പിന്നെ വ്യക്തിപരമായ വിമര്‍ശനം മലയാളത്തില്‍ നന്നായി എഴുതാന്‍ കഴിയുന്ന ആള്.
ഇതില്‍ ഏതൊക്കെ വേണമെന്നു ദയവായി അറിയിക്കുക. ഇവിടെ എഴുതുന്നവരില്‍ ആരൊക്കെ യോഗ്യരാനെന്നു മനസ്സിലാക്കാമല്ലോ. അതനുസരിച്ചു് എനിക്കു് ഇവിടെ കമന്റുകള്‍ മോഡറേറ്റ് ചെയ്യാം.
വേണമെങ്കില്‍ കൂടുതല്‍ ക്രൈറ്റീരിയകള് ചേര്‍ത്തുകൊള്ളൂ 🙂
സിബു | 08-Feb-08 at 2:36 am | Permalink
റാല്മിനോവേ…
എന്നാലും zwj എന്നൊരു കുന്ത്രാണ്ടം ഇട്ട് ചില്ലുണ്ടാക്കിയേടത്തോളം വരുമോ ചില്ലിന്റെ കൂടെ വിരാമ ചേരുന്നത്.
സന്തോഷ് തോട്ടിങ്ങല്‍ | 08-Feb-08 at 3:56 am | Permalink
ഉമേഷ്: അതില്‍ നിന്നു് ആണവചില്ലു പ്രശ്നക്കാരനാനെന്നു് അര്‍ത്ഥം മനസ്സിലാക്കിയ സുരേഷിന്റെ വ്യാഖ്യാനപാടവം അപാരം!
പദമധ്യത്തിലെയും പദാന്ത്യത്തിലെയും ന്, ന് എന്നതിനെപ്പറ്റി സുരേഷ് പറഞ്ഞതു് ചേര്‍ത്തുവായിക്കൂ ഉമേഷ്ജീ…
ZWJ കളയുന്നതു് പദാന്ത്യത്തില്‍ ഗൗരവകരമാകാനുള്ള കാരണം സംവൃതോകാരം ഉകാരമില്ലാതെ എഴുതുന്നതുകൊണ്ടാണെന്നു് ഞാന്‍ പറഞ്ഞാല്‍ ഉമേഷ്ജി അതു് അംഗീകരിക്കുമോ?
Benny | 08-Feb-08 at 5:43 am | Permalink
“ഏതൊക്കെ വേണമെന്നു ദയവായി അറിയിക്കുക. ഇവിടെ എഴുതുന്നവരില്‍ ആരൊക്കെ യോഗ്യരാനെന്നു മനസ്സിലാക്കാമല്ലോ. അതനുസരിച്ചു് എനിക്കു് ഇവിടെ കമന്റുകള്‍ മോഡറേറ്റ് ചെയ്യാം” – ഉമേഷിനിത് എന്തുപറ്റി?
suresh | 08-Feb-08 at 1:22 pm | Permalink
ഉമേഷ്:
“കാക്ക എന്നതു റാല്‍മിനോവ് കാക്ക എന്നു മാത്രമേ കാണുകയുള്ളോ?”
ഇതിന്റ Unicode version.’ന്’ എന്നതു് ഉമേഷ് ന + ് + ZWJ എന്നുമാത്രമേ കാണുകയുള്ളൂ.ആസ്കി മൈന്‍ഡ്സെറ്റില്‍ നിന്നു് മോചനം ഇല്ലാത്തതാണു് ZWJ-നെയും മറ്റും അംഗീകരിക്കാന്‍ മടി കാണിക്കുന്നതിന്റെ കാരണം.
suresh | 08-Feb-08 at 1:55 pm | Permalink
‘ന്’ എന്നതു് പദമധ്യത്തില്‍ ഒരു വിധത്തിലും പദാന്ത്യത്തില്‍ മറ്റൊരു വിധത്തിലും അര്‍ത്ഥം ഉണ്ടാക്കുന്നു എന്നു പറയുക.അതേ സമയം ‘ന്'(ആണവം) രണ്ടിടത്തും പ്രശ്നമുണ്ടാക്കുന്നില്ല എന്നും പറയുക.വിചിത്രം തന്നെ! യഥാര്‍ത്ഥത്തില്‍ രണ്ടാമത്തെ കാര്യത്തില്‍ അതു് യൂണിക്കോഡ് സ്ട്രിങ്ങിലെ വ്യത്യാസമായി പ്രത്യക്ഷപ്പെടുകയാണു് ചെയ്യുന്നതു്.അതു് അവഗണിക്കാം പോലും!
ഭാഷയിലുള്ള പ്രശ്നങ്ങളെ യൂണിക്കോഡിനു് കൈകാര്യം ചെയ്യാനാവില്ല.അതു ഒരിടത്തു് പരിഹരിക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരിടത്തു് മറ്റൊരുരീതിയില്‍ പ്രത്യക്ഷപ്പെടും.അതുകൊണ്ടാണു് ഭാഷാശാസ്ത്രജ്ഞന്മാരുടെ ഇടപെടല്‍ വേണം എന്നു പറഞ്ഞതു്.അതിനിത്ര കോലാഹലം കൂട്ടണോ?
സിബു | 08-Feb-08 at 3:51 pm | Permalink
പിന്നേയും പിന്നേയും എന്റെ വായിലേക്ക് വാക്കുകള്‍ തിരുകാതെ സുരേഷേ… “അതായതു് ‘ന്’(ആണവം) പ്രശ്നക്കാരനാണെന്നു് സിബു തത്ത്വത്തില്‍ സമ്മതിച്ചിരിക്കുന്നു.“ അതുപോലെ, “’ന്’ എന്നതു് പദമധ്യത്തില്‍ ഒരു വിധത്തിലും പദാന്ത്യത്തില്‍ മറ്റൊരു വിധത്തിലും അര്‍ത്ഥം ഉണ്ടാക്കുന്നു എന്നു പറയുക.അതേ സമയം ‘ന്'(ആണവം) രണ്ടിടത്തും പ്രശ്നമുണ്ടാക്കുന്നില്ല എന്നും പറയുക.“ ഒരാള്‍ പറഞ്ഞതായി പറയുമ്പോള്‍ ദയവായി ക്വോട്ട് ചെയ്യുക.
അതുപോലെതന്നെ, സുരേഷിന്റെ ഒരു ലോജിക്കും ഇല്ലാത്ത കണ്ക്ലൂഷന്സ്: “.ആസ്കി മൈന്‍ഡ്സെറ്റില്‍ നിന്നു് മോചനം ഇല്ലാത്തതാണു് ZWJ-നെയും മറ്റും അംഗീകരിക്കാന്‍ മടി കാണിക്കുന്നതിന്റെ കാരണം.“
ഇന്സൈറ്റുള്ളവര് കടന്നുവരട്ടേ. അവരുടെ ഇന്‍സൈറ്റ് ഇവിടെ അവതരിപ്പിക്കട്ടേ. സന്തോഷമേ ഉള്ളൂ.. എന്നാല്‍ ആരുടേയും വാക്കുകള്‍ വേദവാക്യങ്ങളായി ആരും സ്വീകരിക്കാന്‍ പോകുന്നില്ല എന്നോര്‍ക്കുക. ന്യായാന്യായങ്ങളോടെ ആര്‍ക്കും വാദങ്ങള്‍ സമര്‍പ്പിക്കാം. അത് ഏ.ആര്.ആര്. ആയിക്കോട്ടേ; ഇന്‍സൈറ്റ് ഇല്ലാത്ത ഈ ഞാനായിക്കോട്ടേ.
suresh | 09-Feb-08 at 2:22 am | Permalink
സീബൂ,ഉമേഷ്
‘ന്’ എന്നതു് സംവൃതമായി ഉച്ചരിക്കുന്നതിനു് കാരണമാവുന്നതു് ‘അതു ചില്ലാണു്’ എന്നു പറയുന്ന information,അതായതു് appended ZWJ, നഷ്ടപ്പെടുമ്പോഴാണു്.’ന്’ എന്നതിന്റെ സ്റ്റൈല്‍ അവിടെ ‘ന്’ എന്നുതന്നെ ആയിമാറേണ്ടതുണ്ടു്.’ററ’ എന്നതിന്റെ സ്റ്റൈല്‍ ‘റ്റ’ ആയി സ്വീകരിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പ്രശ്നം, രണ്ടു തരത്തില്‍ വ്യാഖ്യാനിക്കവുന്ന അക്ഷരവിന്യാസം രണ്ടുതരം ഉച്ചാരണം ഉണ്ടാക്കുന്ന അവസ്ഥ, മാറിക്കിട്ടി.ഈ രീതിയിലാണു് ആദ്യം പറഞ്ഞ പ്രശ്നം പരിഹരിക്കേണ്ടതു്.അല്ലാതെ gray/grey എന്നരീതിയില്‍ നന്മ/നന്മ -യെ വ്യാഖ്യാനിക്കുന്ന വിഡ്ഢിത്തം ഇംഗ്ലിഷ് മാത്രം അറിയുന്നവരുടെ അംഗീകാരം നേടിയെടുത്തേക്കാം.സ്പെല്ലിങ്ങിലും ഉച്ചാരണത്തിലും ഉള്ള താരതമ്യം ഒരു കാരണവശാലും മലയാളവും ഇംഗ്ലീഷും തമ്മില്‍ സാധ്യമല്ല.ലീനമായിരിക്കുന്ന അക്ഷരങ്ങള്‍ മാറാതെ മലയാളത്തില്‍ ഒരു വാക്കു് മറ്റൊന്നായി മാറുന്നില്ല.അത്തരം വാക്കുകള്‍ക്കെല്ലാം ഒരേ യൂണിക്കോഡ് ശ്രേണിതന്നെയായിരിക്കണം.മേല്പറഞ്ഞതിനു് തൃപ്തികരമായ മറുപടി താങ്കള്‍ നല്‍കുന്നതുവരെ ഈ ത്രെഡില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ ഇനി ആ ഗ്രഹിക്കുന്നില്ല.
നന്ദി.
-സുരേഷ്
സിബു | 09-Feb-08 at 5:18 pm | Permalink
സുരേഷേ, എഴുതിയത് മനസ്സിലാക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ചു. ലോജിക് ക്ലിയറയല്ല. മലയാളം വാക്കുകള്‍ ഏതാണ്ട് എപ്പോഴും എഴുതിയതുപോലെയാണ് വായിക്കുക എന്ന സ്വഭാവം കൊണ്ട് എന്താണ് യുണീക്കോഡില് സ്ഥാപിക്കാന്‍ കഴിയുക എന്ന്` മനസ്സിലാവുന്നേ ഇല്ല.
ഒരു വാക്കിന്റെ മൂന്നു പ്രധാന അവസ്ഥകളാണ്: എഴുത്ത്, ഉച്ചാരണം, അര്‍ഥം എന്നിവ. ഇവയെ ഒരു ത്രികോണത്തിന്റെ മൂന്നു മൂലകളിലായി സങ്കല്പ്പിക്കാം. അതിന്റെ ഭുജങ്ങള്‍ അവര്‍ തമ്മിലുള്ള ബന്ധത്തേയും. ഇതില്‍ എഴുത്തും ഉച്ചാരണവും എത്രമാത്രം അടുത്തിരുന്നാലും അകന്നിരുന്നാലും യുണിക്കോഡിനെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമല്ല. മലയാളികള്‍ മുഴുവന്‍ ഊമകളായിപോയാല് പോലും മലയാളം വാക്കുകള്‍ക്ക് എഴുത്തുണ്ട്, അവയ്ക്ക് അര്‍ഥമുണ്ട്. അങ്ങനെ, എഴുത്ത്-അര്‍ഥം അച്ചുതണ്ടില്‍, ഇംഗ്ലീഷും മലയാളവും ബാക്കിലിപികളും പല സമാനസ്വഭാവങ്ങളും കാണിക്കുന്നു. അതിലൊന്നാണ് ഞാന്‍ നേരത്തെ പറഞ്ഞ സ്റ്റൈലും സ്പെല്ലിംഗും തമ്മിലുള്ള വ്യത്യാസം. ‘ന്’ എന്നതും ‘ന്’ എന്നതും തമ്മില്‍ സ്പെല്ലിംഗ് വ്യത്യാസമാണ് എന്നു ഞാനും, സ്റ്റൈല്‍ വ്യത്യാസമാണ് എന്നു സുരേഷും പറയുന്നു. ഇതില്‍ ഒരു ചേര്ച്ചയുണ്ടാവാത്തിടത്തോളം ചര്‍ച്ചയ്ക്ക് എന്തെങ്കിലും പുരോഗതിയുണ്ടാവും എന്നെനിക്കും തോന്നുന്നില്ല 🙁
Viswam | 11-Feb-08 at 9:27 pm | Permalink
ഈ ചര്‍ച്ചയോടൊപ്പം വായിക്കേണ്ട വളരെ പ്രൌഢമായ ഒരു ലേഖനം (മാവേലിനാട് എബി 2006 നവമ്പറില്‍ എഴുതിയത്):
http://vishvajitham.blogspot.com/2006/11/blog-post.html
പ്രസ്തുതലേഖനത്തിലെ ശരിതെറ്റുകളെക്കുറിച്ച് എന്റെ അഭിപ്രായം വിളമ്പുന്നില്ല. വായനക്കാര്‍ തന്നെ അവരുടെ യഥാശക്തി അപഗ്രഥനത്തിനുശേഷം തീരുമാനിക്കട്ടെ.
Viswam | 11-Feb-08 at 10:17 pm | Permalink
ചിന്ത.കോമിന്റെ തര്‍ജ്ജനി മാസികയില്‍ ഡിസംബര്‍ 2007-ല്‍ പി. സോമനാഥനും നല്ലൊരു ലേഖനം എഴുതിയിട്ടുണ്ട് ഈ വിഷയത്തെപ്പറ്റി.
http://chintha.com/node/3003
P.C.Madhuraj | 12-Feb-08 at 5:34 pm | Permalink
Thank you Viswam for a ‘re-orientation’.
I think Ebi’s suggestion to use phonetic notations to correctly(?) represent words of other languages is a better idea.
(may be that I am ignorant of other, more serious problems)
I get some crazy idea: the problem is because of computer not being able to distinguish things that we (pronounciation-trained human beings) do.Let us use the potentials of computer fonts- All non-malayalam words that demand a different pronounciation may be written in italics-!(Umesh;pl deletete this if it dilutes or disorients the discussion)
സിബു | 12-Feb-08 at 6:12 pm | Permalink
ഉച്ചാരണത്തില്‍ ഘടകാക്ഷരങ്ങളുടെ പൊതുവെയുള്ള ഉച്ചാരണനിയമങ്ങള്‍ പാലിക്കാത്ത വാക്കുകള്‍ നമ്മള് ധാരാളം കണ്ടിട്ടുണ്ട്. ഉദാ: രവി, ബ്രഹ്മം. see/sea പോലെ എഴുത്തില്‍ മാത്രം (ഉച്ചാരണത്തിലല്ല) അര്‍ഥവ്യത്യാസമുണ്ടാക്കുന്ന ജോടി ആദ്യമായാണ് മലയാളത്തില്‍ കാണുന്നത്. അതാണ്: സദ്വാരം/സദ്വാരം.
മധുരാജ്,
മലയാളത്തിന് ഒരു ഫൊണറ്റിക് ലിപിയുണ്ടാക്കേണ്ട സമയം അതിക്രമിച്ചു എന്നുതന്നെയാണ് എന്റെ അഭിപ്രായം. അതിനര്‍ത്ഥം പൊതുമാധ്യമങ്ങളില്‍ അതുപയോഗിക്കണമെന്നല്ല. മറിച്ച് ഭാഷാശാസ്ത്രപരമായ പ്രസിദ്ധീകരണങ്ങളില്‍ വ്യക്തതയ്ക്കുവേണ്ടി അതുപയോഗിക്കണം. ലിപി എബി ചെയ്തതുപോലെ മലയാളലിപിയുമായി കഴിയാവുന്നത്ര ചേര്ന്നുനില്ക്കുന്നതുമാവണം.
ആര്യന് | 07-Jan-10 at 9:51 am | Permalink
I. Am. Screwed.
“ഹ്മ”, “ഹ്ന” എന്നീ അക്ഷരങ്ങള്‍ തല തിരിച്ചാണ് ഉച്ചരിക്കുന്നത് എന്ന് എനിക്ക് അറിയുകയേ ഇല്ലായിരുന്നു. മലയാള ഭാഷയില്‍ എനിക്ക് നല്ല പിടിപാടുണ്ട് എന്നുണ്ടായിരുന്ന തെറ്റിദ്ധാരണ ദാ, കിടക്കുന്നു തവിടുപൊടി. എങ്കിലും… ആരും ഇത് പഠിപ്പിച്ചിട്ടില്ലല്ലോ. അതെന്തേ?
ജയ്ദീപ് | 04-Dec-12 at 10:39 am | Permalink
ഗ, ജ, ബ, ഡ, ദ, യ, ര, റ, ല, ശ എന്നീ അക്ഷരങ്ങൾ മാത്രമല്ലല്ലോ. ‘വ’-യും അങ്ങനെ ഉച്ചരിക്കാറില്ലേ? വയ്ക്കുക – വെയ്ക്കുക, വച്ചു – വെച്ചു. എഴുതുമ്പോഴും ഈ രണ്ടു രൂപങ്ങളും ഉപയോഗിക്കാറുണ്ട്. രണ്ടും ശരിയാണോ?