അയ്യായിരത്തിന്റെ കലാശം

അക്ഷരശ്ലോകം, ആലാപനം (Recital), ശബ്ദം (Audio), ശ്ലോകങ്ങള്‍ (My slokams)

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ 2005 ജനുവരി 6-നു തുടങ്ങിയ ഇ-സദസ്സ് 2008 മാര്‍ച്ച് 13-നു് അയ്യായിരം ശ്ലോകങ്ങള്‍ തികച്ചു. 1162 ദിവസം കൊണ്ടു് 5000 ശ്ലോകങ്ങള്‍. (ശരാശരി ഒരു ദിവസം 4.3 ശ്ലോകങ്ങള്‍). ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന അക്ഷരശ്ലോകസദസ്സാണു് ഇതു്. ഇതില്‍ സംഭരിച്ച ശ്ലോകങ്ങള്‍ ഏറ്റവും വലിയ ശ്ലോകക്കൂട്ടവും ആവാം. (ഇതെഴുതുമ്പോള്‍ ശ്ലോകങ്ങളുടെ എണ്ണം 5200 കഴിഞ്ഞു).

(അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതലായി ഇവിടെ വായിക്കാം.)

ശ്ലോ‍കങ്ങളുടെ എണ്ണം നൂറു്, ആയിരം തുടങ്ങിയവ തികയുമ്പോള്‍ സദസ്സിലുള്ള ആ‍രെങ്കിലും തന്നെ ഒരു ശ്ലോകമെഴുതി അതു് ആഘോഷിക്കാറുണ്ടു്. (ഇങ്ങനെ ഞാനെഴുതിയ ശ്ലോകങ്ങള്‍ അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ എന്ന പോസ്റ്റില്‍ കാണാം.) ഇത്തവണ കുറേക്കൂടി വിപുലമായ രീതിയിലാണു് ആഘോഷിച്ചതു്. താഴെപ്പറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു.

  1. ശ്ലോകങ്ങളുടെ എണ്ണം 4990 ആകുമ്പോള്‍ ശ്ലോകം ചൊല്ലല്‍ നിര്‍ത്തുക. അടുത്ത പത്തു ശ്ലോകങ്ങള്‍ സദസ്യര്‍ എഴുതുന്നതാവണം.
  2. ആ 10 ശ്ലോകങ്ങള്‍ ഇ-സദസ്സിനെപ്പറ്റിയോ അതു് 5000 തികച്ചതിനെപ്പറ്റിയോ ആവണം.
  3. ചെറിയതില്‍ നിന്നു വലുതിലേക്കു പോകുന്ന വൃത്തങ്ങളിലായിരിക്കണം അവ എഴുതുന്നതു്. ഓരോ ശ്ലോകവും താഴെക്കൊടുക്കുന്ന വൃത്തങ്ങളില്‍ ഒന്നിലായിരിക്കണം.
    1. ആര്യ / ഗീതി (മാത്രാവൃത്തം)
    2. രഥോദ്ധത / ശാലിനി (11 അക്ഷരം)
    3. ഉപജാതി (ഇന്ദ്രവജ്ര / ഉപേന്ദ്രവജ്ര / ഇന്ദ്രവംശ / വംശസ്ഥം) (11-12 അക്ഷരം)
    4. ദ്രുതവിളംബിതം / തോടകം / ഭുജംഗപ്രയാതം (12 അക്ഷരം)
    5. വിയോഗിനി / വസന്തമാലിക / പുഷ്പിതാഗ്ര (അര്‍ദ്ധസമവൃത്തം – 10-13 അക്ഷരം)
    6. വസന്തതിലകം / മഞ്ജുഭാഷിണി (13-14 അക്ഷരം)
    7. മാലിനി / പഞ്ചചാമരം / ഹരിണി (15-16 അക്ഷരം)
    8. ശിഖരിണി / പൃഥ്വി / മന്ദാക്രാന്ത (17 അക്ഷരം)
    9. മല്ലിക / ശങ്കരചരിതം / ശാര്‍ദ്ദൂലവിക്രീഡിതം (18-19 അക്ഷരം)
    10. സ്രഗ്ദ്ധര / കുസുമമഞ്ജരി (21 അക്ഷരം)
  4. തീര്‍ച്ചയായും, ശ്ലോകങ്ങള്‍ അക്ഷരശ്ലോകരീതിയിലായിരിക്കണം. അതായതു്, ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരത്തില്‍ വേണം അടുത്ത ശ്ലോകം തുടങ്ങാന്‍.
  5. കഴിയുന്നതും വികടാക്ഷരമൊന്നും കൊടുക്കാതെ നല്ല അക്ഷരങ്ങള്‍ മാത്രം കൊടുക്കുക.

ഒരു ശ്ലോകരചനാഭ്യാസമായി വിഭാവനം ചെയ്ത ഈ ആഘോഷം ഒരാഴ്ച കൊണ്ടു തീര്‍ക്കാനായിരുന്നു വിചാരിച്ചതു്. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ 10 ശ്ലോകങ്ങള്‍ ഉണ്ടായി. സദസ്സിലെ പ്രമുഖകവികളായ രാജേഷ് വര്‍മ്മ, മധുരാജ്, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ അറിഞ്ഞു വന്നപ്പോഴേയ്ക്കും പത്തു ശ്ലോകങ്ങളും കഴിഞ്ഞിരുന്നു. (വിശ്വപ്രഭ അറിഞ്ഞെത്തിയെങ്കിലും ജോലിത്തിരക്കു മൂലം ശ്ലോകം എഴുതാന്‍ പറ്റിയില്ല.)

ആ പത്തു ശ്ലോകങ്ങളും താഴെച്ചേര്‍ക്കുന്നു. അതാതു കവികളെക്കൊണ്ടു തന്നെ ചൊല്ലിച്ചു് ഇവിടെ ഇടണമെന്നു കരുതിയതാണു്. അതിനു് ഇനിയും സമയമെടുക്കുന്നതിനാല്‍ ഞാന്‍ തന്നെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നു. (ഇതു വായിക്കുന്ന കവികള്‍ അവരവരുടെ ശ്ലോകങ്ങള്‍ ചൊല്ലി MP3 എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചു തരുക. ഇവിടെ ചേര്‍ക്കാം.)

  1. ഉമേഷ് (വൃത്തം: ഗീതി):

    വയ്യാതായ് ഞാന്‍, നമ്മുടെ
    കയ്യാല്‍ നന്നായ് നനച്ചു പാലിച്ച
    തയ്യിന്നൊരു വന്മരമായ്
    അയ്യായിരമായ് ഫലങ്ങളന്യൂനം!

    download MP3
    മറ്റു പല തിരക്കുകള്‍ മൂലം ഞാന്‍ ഇ-സദസ്സില്‍ പോയിട്ടു് ഒരുപാടു കാലമായി. 3000-ത്തിനു ശേഷം പോയിട്ടില്ല എന്നു തന്നെ പറയാം. ഇ-സദസ്സ് പൂര്‍വ്വാധികം ഭംഗിയായി പോകുന്നതു കണ്ടതിലുള്ള സന്തോഷത്തില്‍ നിന്നാണു് ഈ ശ്ലോകം. ഉള്ളൂരിന്റെ ഉമാകേരളത്തിലെ

    തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
    കയ്യാലണപ്പവനു കാമിതമാകെ നല്‍കാന്‍
    അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കും
    ഇയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

    എന്ന ശ്ലോകത്തോടു കടപ്പാടു്.

  2. ബാലേന്ദു (വൃത്തം: രഥോദ്ധത):

    തീരെയില്ല സമയം പലര്‍ക്കുമെ-
    ന്നാലുമെത്തിയവര്‍ ഈ-സദസ്സിതില്‍
    ചേലിയന്ന രചനാസുമങ്ങളാല്‍
    മാലയിട്ടു, കവിതാംബ തന്‍ ഗളേ.

    download MP3
    ഈ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ കവിയാണു് പ്രശസ്ത ബാലസാഹിത്യകാരനും കവിയും ഭാഗവതപ്രഭാഷകനുമായ കെ. കെ. ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാലേന്ദു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ ശ്ലോകമെഴുത്തു് അദ്ദേഹത്തിനു് ഒരു കുട്ടിക്കളി മാത്രം.
  3. ശ്രീധരന്‍ കര്‍ത്താ (വൃത്തം: ഇന്ദ്രവജ്ര):

    ചൊല്ലാതിരുന്നില്ല സദസ്സിലെന്നും
    എന്നാലുമിന്നെന്നിലുണര്‍ന്നു മോഹം
    അയ്യായിരം കൂടി “റിസൈറ്റു” ചെയ്യാം
    അയ്യാ, യിതത്യാഗ്രഹമെന്റെ ദാഹം.

    download MP3
    ഇ-സദസ്സിലെ ഏറ്റവും സജീവമായ പങ്കാളിത്തം കര്‍ത്തായുടേതായിരുന്നു. രണ്ടാമത്തെ ശ്ലോകം ചൊല്ലിയ കര്‍ത്താ ഒരിക്കലും മുടക്കം വരാതെ ഇപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നു, മറ്റേ അറ്റത്തു് ആളുകള്‍ ഔട്ടായിക്കൊണ്ടിരിക്കുമ്പോഴും ഇങ്ങേ അറ്റത്തു നിന്നു് സ്ഥിരമായി ബാറ്റു ചെയ്യുന്ന ഓപ്പനിംഗ് ബാറ്റ്സ്മാനെപ്പോലെ. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകം ചൊല്ലിയിട്ടില്ലാത്ത, ഇപ്പോഴും കാര്യമായി ശ്ലോകങ്ങളൊന്നും കാണാതെ അറിയാത്ത കര്‍ത്താ മലയാളഭാഷയോടുള്ള അത്യധികമായ സ്നേഹം കൊണ്ടാണു് സദസ്സില്‍ പങ്കെടുക്കുന്നതു്. 5000 ശ്ലോകങ്ങളില്‍ 842 ശ്ലോകങ്ങള്‍ (ഏകദേശം 17%) ചൊല്ലിയ അദ്ദേഹം എന്നും ഏറ്റവും കൂടുതല്‍ ശ്ലോകം ചൊല്ലിയ ആളാണു്. വിനയരാജ് (705), ഉമേഷ് (469), ഋഷി കപ്ലിങ്ങാടു് (412), ബാലേന്ദു (383), ഡോ. പണിക്കര്‍ (358), ജ്യോതിര്‍മയി (287) എന്നിവരാണു് 5 ശതമാനത്തില്‍ കൂടുതല്‍ ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുള്ള മറ്റുള്ളവര്‍. ആകെയുള്ള 191 അംഗങ്ങളില്‍ 40 പേര്‍ സദസ്സില്‍ പങ്കെടുത്തിട്ടുണ്ടു്.

    ഈ കളരിയില്‍ കൂടി ശ്ലോകമെഴുതാനും കര്‍ത്താ പ്രാപ്തി നേടി. അയ്യായിരാമത്തെ ശ്ലോകം കൂടി റിസൈറ്റ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു് ഈ ശ്ലോകത്തില്‍.

  4. ഋഷി കപ്ലിങ്ങാടു് (വൃത്തം: ഭുജംഗപ്രയാതം):

    അബദ്ധങ്ങളുണ്ടെന്നു വന്നാലുമെന്നും
    സുബദ്ധങ്ങളാക്കിത്തരുന്നോരു ബന്ധം
    ഇതില്‍ക്കൂടുതല്‍ ഭാഗ്യമെന്താണു കിട്ടാന്‍
    സദസ്സിന്നൊരയ്യായിരം വന്ദനങ്ങള്‍!

    download MP3
    രാജേഷ് വര്‍മ്മ, ജ്യോതിര്‍മയി, ഋഷി, ഹരിദാസ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങി പലരും ശ്ലോകമെഴുതാന്‍ പഠിച്ച കളരിയായിരുന്നു ഈ ഗ്രൂപ്പ്. വൃത്തമോ അര്‍ത്ഥമോ തെറ്റിയാലും ആരെങ്കിലും സഹായിച്ചു് ശ്ലോകങ്ങള്‍ നന്നാക്കാന്‍ ഇവിടെ കവികള്‍ക്കു കഴിഞ്ഞിരുന്നു. ഈ കാര്യമാണു് ഋഷി ഇവിടെ സൂചിപ്പിക്കുന്നതു്.
  5. ഉമേഷ് (വൃത്തം: പുഷ്പിതാഗ്ര):

    ഇതു സുദിന, മനേകകാവ്യവിദ്യാ-
    ചതുരരൊടൊത്തൊരു നല്ല സദ്യ കൂടാന്‍!
    മധുരവുമെരിവും പുളിപ്പുമെല്ലാം
    വിധിയൊടു ചേര്‍ന്നു വരട്ടെ ഭോജ്യജാലം!

    download MP3
    സ്തോത്രങ്ങള്‍ തൊട്ടു യുക്തിവാദം വരെയും, ദുര്‍ഗ്രഹങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ തൊട്ടു പാരഡിശ്ലോകങ്ങള്‍ വരെയും നിറഞ്ഞ ഒരു രസികന്‍ സദ്യ തന്നെയായിരുന്നു ഇതു്.
  6. ഹരിദാസ് മംഗലപ്പള്ളി (വൃത്തം: വസന്തതിലകം):

    മാളത്തില്‍ നിന്നു പുറമേക്കു വരുന്നു ഞാനീ
    മേളത്തിലേക്കു, ചെറു പൂങ്കുഴലൂതുവാനായ്‌
    ശ്ലോകാങ്കണത്തിലിത, വേദിയൊരുക്കി നില്‍പൂ
    കേളിക്കു വന്നിടുക കാവ്യകലാംഗനേ നീ!

    download MP3
    കുറേക്കാലമായി ഹരിദാസും ശ്ലോകസദസ്സില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 5000 തികയ്ക്കുന്നതു കേട്ടു് ഓടി വന്നതാണു്. അതിനെയാണു “മാളത്തില്‍ നിന്നു പുറമേയ്ക്കു വരുന്നു ഞാന്‍” എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
  7. ശ്രീധരന്‍ കര്‍ത്താ (വൃത്തം: മാലിനി):

    ശ്രമമൊടു വിളവെല്ലാം കൊയ്തു കൂട്ടീട്ടുമെന്നും
    പുതുപുതു തളിര്‍ വാച്ചീടുന്നൊരീപ്പാടമേതോ?
    തുനിയണമിനിയും നാം ശ്ലോകമാം കറ്റ കൊയ്യാന്‍
    പരിചൊടൊരരിവാള്‍ തീര്‍ത്തേകുവാന്‍ കൊല്ലനെങ്ങോ?

    download MP3
    നല്ല ശ്ലോകം. ശ്ലോകങ്ങളുടെ എണ്ണം രണ്ടായിരമായിടുമ്പോഴേയ്ക്കു് അവയുടെ സ്റ്റോക്കു തീരും എന്നാണു് ആദ്യം കരുതിയിരുന്നതു്. ഇപ്പോള്‍ ഇതാ 5000 കവിഞ്ഞിട്ടും ദിവസവും അക്ഷരശ്ലോകരീതിയില്‍ എട്ടുപത്തു ശ്ലോകങ്ങള്‍ സദസ്സിലേയ്ക്കു വരുന്നു. കൊയ്യും തോറും കൂടുതല്‍ വിള മുളയ്ക്കുന്ന പാടമായാണു് കവി ഇതിനെ ഉപമിക്കുന്നതു്. ഇവയെ ശരിക്കു ക്രോഡീകരിക്കുവാന്‍ തന്നെ നമുക്കു കഴിയുന്നില്ല. വായിക്കുന്ന കാര്യം പോകട്ടേ. ആസ്വാദനക്ഷമതയാണു് ഇവിടെ അരിവാള്‍.

    “മാലിനി” സ്വന്തം മകളുടെ പേരായതു കൊണ്ടു് കര്‍ത്തായ്ക്കു മാലിനിവൃത്തത്തോടു പ്രത്യേകം മമതയുമുണ്ടു്.

  8. ഉമേഷ് (വൃത്തം: ശിഖരിണി):

    തുടക്കം രണ്ടാളാ, ണിതു പൊഴുതില്‍ നൂറ്റെണ്‍പതു ജനം;
    മുടക്കം വന്നീലാ – ഉടനെ വരുമയ്യായിരമിതാ.
    കടുക്കും താത്‌പര്യം സഹൃദയരിലെന്നെന്നുമരുളീ-
    ട്ടൊടുക്കം വിട്ടെന്നും തുടരു കവിതക്കൂട്ടുകളി നീ!

    download MP3
    ഈ ഗ്രൂപ്പു തുടങ്ങുമ്പോള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ-രാജേഷ് വര്‍മ്മയും ഞാനും. ഇപ്പോള്‍ 191 പേരുണ്ടു്. ഒരിക്കലും മുടങ്ങാതെ നടന്ന ഗ്രൂപ്പില്‍ ഇതു വരെ 10702 ഈമെയിലുകള്‍ വഴി ആളുകള്‍ ശ്ലോകങ്ങള്‍ ചൊല്ലുകയും സാഹിത്യചര്‍ച്ചകള്‍ നടത്തുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇ-സദസ്സ് എന്ന സംരംഭവും വളരെ വിജയമായിരുന്നു. ഇതു് ഇനിയും തുടര്‍ന്നു പോകട്ടേ എന്നാണു് ആഗ്രഹം.
  9. ബാലേന്ദു (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം):

    കെഞ്ചും നെഞ്ചു ഗൃഹാതുരത്വകിടില-
          ത്താലേറെ നീറീടവേ-
    യഞ്ചാറാളുകളൊത്തു; നെറ്റിലുളവായ്‌
          ശബ്ദാര്‍ത്ഥവിക്രീഡിതം
    അഞ്ചായായിരമിത്രവേഗമിതുപോല്‍
          മുന്നോട്ടു പോയാല്‍ നമു-
    ക്കഞ്ചാണ്ടിന്നിട കൊണ്ടു കോര്‍ത്തുകഴിയാ-
          മുള്ളത്ര നന്മുത്തുകള്‍.

    download MP3
    “അമ്പത്തൊന്നക്ഷരാദി…” ശ്ലോകം ജ്യോതി നേരത്തേ അയച്ചിട്ടു് അതു് അയ്യായിരാമത്തെ ശ്ലോകമായി പരിഗണിക്കാമോ എന്നു് ജ്യോതി ചോദിച്ചു. “അതു പറ്റില്ല, തൊട്ടു മുമ്പുള്ള ആള്‍ തരുന്ന അക്ഷരത്തില്‍ ചൊല്ലണം” എന്നു ഞാന്‍. അപ്പോള്‍ “ഏതക്ഷരം തന്നാലും ഞാന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ജ്യോതിക്കു് അ കൊടുത്തോളാം” എന്നു ബാലേന്ദു പറഞ്ഞു. അങ്ങനെ എഴുതിയ ശ്ലോകമാണിതു്.
  10. ജ്യോതിര്‍മയി (വൃത്തം: സ്രഗ്ദ്ധര);

    അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ,
          കമ്പിതക്കോളിളക്ക-
    ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമ-
          ഞ്ചായിരം സൂര്യദീപം
    വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍-
          ജ്ജാലകം തള്ളിനോക്കീ-
    ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാ-
          ശ്ലോകവാരാശി കാണ്‍കേ!

    (ഉമേഷ്)  
    download MP3
     
    (ജ്യോതി)  
    download MP3
  11. ശ്ലോകപ്പെരുമഴ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ അയ്യായിരം മഴത്തുള്ളികളില്‍ അയ്യായിരം സൂര്യഗോളം പ്രതിബിംബിച്ചു കണ്ടു് ആനന്ദിച്ചും അമ്പരന്നും നില്‍ക്കുന്ന കുട്ടിയായാണു് ജ്യോതി തന്നെ കാണുന്നതു്. ഈ ശ്ലോകത്തെപ്പറ്റി ജ്യോതി ഇവിടെ എഴുതിയിട്ടുണ്ടു്.

    ഇതിനു ശേഷം ഹരിദാസ് മുന്‍‌കൈയെടുത്തു് ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ലൈവ് അക്ഷരശ്ലോകവും നടന്നു. സ്കൈപ്പില്‍ക്കൂടി അഞ്ചു പേര്‍-ബാംഗ്ലൂരില്‍ നിന്നു ബാലേന്ദുവും ജ്യോതിയും, ഒഹായോയില് (അമേരിക്ക)‍ നിന്നു ഹരിദാസ്, ഓറിഗണില്‍ (അമേരിക്ക) നിന്നു രാജേഷ് വര്‍മ്മ, കാലിഫോര്‍ണിയയില്‍ (അമേരിക്ക) നിന്നു ഞാന്‍-രണ്ടു മണിക്കൂറിലധികം ശ്ലോകം ചൊല്ലി. അതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.


    അന്യം നിന്നു പോയെന്നു പലരും എഴുതിത്തള്ളിയ ഈ കല ഇപ്പോഴും നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടു്. അതു പോലെ, ഇപ്പോഴും ശ്ലോകമെഴുതാന്‍ കഴിയുന്നവര്‍ ഉണ്ടെന്നുള്ളതും.

    ശ്ലോകങ്ങള്‍ ക്രോഡീകരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആദ്യത്തെ 2646 ശ്ലോകങ്ങളേ ഉള്ളൂ. താമസിയാതെ 5000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിക്കും.