“പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം…”
ഹൈസ്കൂളിലെ മലയാളവ്യാകരണപാഠങ്ങള്‍ മുച്ചൂടും മറന്നു പോയവര്‍ കൂടി ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിന്റെ ഈ ലക്ഷണം ഓര്‍ക്കുന്നുണ്ടാകും. “പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവന്‍ സ്വന്തം തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു പുലികളി കളിക്കുന്നു” എന്നു് ഇതിനൊരു തമാശ നിറഞ്ഞ അര്‍ത്ഥവും.
ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മ, സ, ജ, സ, ത, ത എന്നീ ഗണങ്ങളും ഗുരുവും അടങ്ങുന്ന വര്‍ണ്ണവ്യവസ്ഥ പാലിക്കുന്നതിനോടൊപ്പം, പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി വേണമെന്നാണു് ഇതിന്റെ അർത്ഥം. എന്നു വെച്ചാൽ പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞാൽ ഒരു നിർത്തുണ്ടാവണം. പൂര്‍ണ്ണമായ നിര്‍ത്തു വേണമെന്നു നിര്‍ബന്ധമില്ല. സന്ധി ആയാലും മതി. “നിന/ക്കെന്നോടു” എന്നൊക്കെ ആവാം എന്നര്‍ത്ഥം.
യതിഭംഗം ഒരു വല്ലാത്ത കല്ലുകടിയാണു്. ഉദാഹരണത്തിനു് വി. കെ. ഗോവിന്ദൻ നായരുടെ ഈ പ്രസിദ്ധശ്ലോകം നോക്കുക.
നിന്നാദ്യസ്മിത, മാദ്യചുംബന, മനു- സ്യൂതസ്ഫുരന്മാധുരീ– മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം, പ്രേമാഭിരാമാനനം, കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതം- ബശ്രീസമാശ്ലേഷസ- മ്പന്നാനന്ദമഹോ മനോഹരി! മരി- പ്പിക്കും സ്മരിപ്പിച്ചു നീ! |
|
download MP3 |
ശ്ലോകം വളരെ റൊമാന്റിക്കാണെങ്കിലും യതിഭംഗം നാലിൽ മൂന്നു വരികളിലും മുഴച്ചുനില്‍ക്കുന്നു. അവയില്‍ അനു+സ്യൂതം അവിടെ ഒരു സന്ധിയുള്ളതുകൊണ്ടു കുഴപ്പമില്ല. എങ്കിലും, നിതം-ബശ്രീ, മരി-പ്പിക്കും എന്നിവ ദുശ്ശ്രവമാണു്. അതിനെക്കാൾ ഭീകരമാണു് സമ്പന്നം എന്നതിനെ മുറിച്ചു് സം-പന്നം ആക്കിയതു്. ഇവിടെയും ഒരു സന്ധിയുണ്ടെങ്കിലും, “പന്ന” എന്ന വാക്കിനു് മലയാളത്തിൽ “ചീത്ത” എന്ന അർത്ഥമുള്ളതുകൊണ്ടു് ആ ഒരൊറ്റ യതിഭംഗം ഈ ശ്ലോകത്തിന്റെ ഭംഗിയെല്ലാം കളഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ.
യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീതത്തിനു് ജയദേവന്റെ ഗീതഗോവിന്ദത്തില്‍ നിന്നൊരു പദ്യം കേള്‍ക്കൂ:
പാണൌ മാ കുരു ചൂതസായകമമും; മാ ചാപമാരോപയ; ക്രീഡാനിര്‍ജ്ജിതവിശ്വമൂര്‍ച്ഛിതജനാ- ഘാതേന കിം പൌരുഷം? തസ്യാ ഏവ മൃഗീദൃശോ മനസിജ- പ്രേംഖത്കടാക്ഷാശുഗ- ശ്രേണീജര്‍ജ്ജരിതം മനാഗപി മനോ നാദ്യാപി സന്ധുക്ഷതേ. |
|
download MP3 |
ചങ്ങമ്പുഴ ഇതിനെ മനോഹരമായി യതിഭംഗമില്ലാതെ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.
ലോകം ലീലയില്‍ വെന്ന മന്മഥ, കുല- ച്ചെന്‍ നേര്‍ക്കു വന്‍വില്ലു നീ തൂകായ്കസ്ത്രശതങ്ങള്‍, മൂര്‍ച്ഛിതരെയെ- ന്തര്‍ദ്ദിപ്പതില്‍ പൌരുഷം? ഹാ, കഷ്ടം! ഹരിണാക്ഷി തന്‍ കടമിഴി- ക്കോണെയ്ത കൂരമ്പു കൊ- ണ്ടാകെച്ഛാദിതമെന്‍ ഹൃദന്ത, മതിനി- ല്ലാശ്വാസമിന്നല്പവും! |
|
download MP3 |
ജയദേവനും ചങ്ങമ്പുഴയും ശ്ലോകങ്ങള്‍ കൊണ്ടല്ല പ്രസിദ്ധരായതെങ്കിലും, ശ്ലോകത്തിലും അവരുടെ “മധുരകോമളകാന്തപദാവലി” വിളങ്ങിനില്‍ക്കുന്നതു കാണാം.
“സൂര്യാശ്വൈർമസജസ്തതഃ സഗുരവഃ ശാർദ്ദൂലവിക്രീഡിതം” എന്നാണു ശാർദ്ദൂലവിക്രീഡിതത്തിന്റെ സംസ്കൃതത്തിലെ ലക്ഷണം. ഭൂതസംഖ്യ അനുസരിച്ചു് സൂര്യൻ പന്ത്രണ്ടിനെയും അശ്വം ഏഴിനെയും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം അക്ഷരത്തിനു ശേഷവും പിന്നീടു് ഏഴക്ഷരങ്ങൾക്കു ശേഷവും (അതായതു് വരിയുടെ അവസാനത്തിൽ, ശാർദ്ദൂലവിക്രീഡിതത്തിന്റെ ഒരു വരിയിൽ 19 അക്ഷരമാണുള്ളതു്.) നില്‍ക്കണം. എങ്കിലേ ശാര്‍ദ്ദൂലവിക്രീഡിതത്തിനു ഭംഗിയുണ്ടാവൂ.
ഹൈന്ദവപുരാണമനുസരിച്ചു് പന്ത്രണ്ടു സൂര്യന്മാരുണ്ടത്രേ. അഗ്നിപുരാണമനുസരിച്ചു് അവർ വരുണൻ, സൂര്യൻ, സഹസ്രാംശു, ധാതാവു്, തപനൻ, സവിതാവു്, ഗഭസ്തി, രവി, പർജ്ജന്യൻ, ത്വഷ്ടാവു്, മിത്രൻ, വിഷ്ണു എന്നിവരാണെന്നു വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയയിൽ കാണുന്നു.
കാലഗണനത്തിൽ പന്ത്രണ്ടിനു വളരെ പ്രാധാന്യമുണ്ടു്. സൂര്യചലനത്തെ അടിസ്ഥാനമാക്കി വർഷവും ചന്ദ്രചലനത്തെ അടിസ്ഥാനമാക്കി മാസവും കാലഗണനത്തിൽ ഉൾപ്പെടുത്തിയ ജ്യോതിശ്ശാസ്ത്രജ്ഞർ ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചു. പലതരം കലണ്ടറുകൾ ലോകത്തുണ്ടെങ്കിലും വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന കാര്യത്തിൽ മിക്കവാറും കലണ്ടറുകൾക്കു സാദൃശ്യമുണ്ടു്.
മിക്കവാറും എന്നു പറഞ്ഞതു് ചില അപവാദങ്ങളുള്ളതു കൊണ്ടാണു്. പല സൌര-ചാന്ദ്രകലണ്ടറുകളിലും (lunisolar calendars) ചില വർഷങ്ങളിൽ പതിമൂന്നു മാസങ്ങളുണ്ടു്-പതിമൂന്നാമത്തേതായി ഒരു അധിമാസം (leap month) ഉൾപ്പെടെ. ഭാരതത്തിൽ പണ്ടുണ്ടായിരുന്ന പല പഞ്ചാംഗങ്ങളിലും ഇസ്രയേലിൽ ഇപ്പോഴും നിലവിലുള്ള ഹീബ്രു കലണ്ടറിലും അധിവര്‍ഷങ്ങളില്‍ പതിമൂന്നാമതായി ഒരു മാസമുണ്ടു്. എന്നാൽ ചൈനീസ് കലണ്ടറിൽ അധിമാസം വർഷത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ആവാം.
ശരിക്കുള്ള അപവാദം ബഹായി കലണ്ടറാണു്. അതിലെ ഒരു വർഷത്തിൽ 19 മാസങ്ങളുണ്ടു്. ഓരോ മാസത്തിലും 19 ദിവസവും. ഇതു കൂടാതെ പിന്നെ അധിമാസവുമുണ്ടു്. പത്തൊൻപതു് ബഹായിക്കാരുടെ വിശുദ്ധസംഖ്യയാണത്രേ.
ലോകത്തുള്ള പല ജ്യൌതിഷികളും അവരുടെ ഫലപ്രഖ്യാപനത്തില്‍ അജഗജാന്തരമുണ്ടെങ്കിലും രാശികളുടെ കാര്യത്തില്‍ പന്ത്രണ്ടു് എന്ന എണ്ണം സൂക്ഷിച്ചിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ വന്നപ്പോള്‍ സൂര്യപഥത്തില്‍ (ecliptic) മാത്രമുള്ള ഈ പന്ത്രണ്ടു രാശികള്‍ പോരാതെ വന്നപ്പോള്‍ മറ്റു പല രാശികളും (constellations) ഉണ്ടാക്കി. എങ്കിലും ഇപ്പോഴും നക്ഷത്രബംഗ്ലാവുകളില്‍ ഏറീസ്, ടോറസ് തുടങ്ങിയ രാശികളുടെ പടം വരച്ചു കാണിക്കുന്നതു് ആളുകള്‍ക്കു് ജ്യോതിഷത്തോടുള്ള അമിതമായ താത്പര്യം കൊണ്ടാവണം.
ഓരോ രാശിയില്‍പ്പെട്ട ഓരോ പെണ്ണിനെ വീതം മൊത്തം പന്ത്രണ്ടു പെണ്ണുങ്ങളെ കണ്ടിട്ടു് അവസാനം സൂത്രധാരന്റെ മകളുമായി മുങ്ങിയ ഒരു മിസ്റ്റര്‍ യോഗിയുടെ (വൈ. ഐ. പട്ടേല്‍) കഥ ഒരിക്കല്‍ ദൂരദര്‍ശന്‍ കാണിച്ചിരുന്നു.
പറയി പെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടു മക്കളും (മേഴത്തോള്‍ അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, വായില്ലാക്കുന്നിലപ്പന്‍, വടുതല നായര്‍, കാരയ്ക്കല്‍ മാതാ, ഉപ്പുകൂറ്റന്‍, പാണനാര്‍, നാറാണത്തു ഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പാക്കനാര്) പന്ത്രണ്ടു ജാതിയായിരുന്നു എന്നു മാത്രമല്ല, ജ്യോതിഷപ്രകാരം പന്ത്രണ്ടു രാശിയിലാണു ജനിച്ചതെന്നും പറയപ്പെടുന്നു. (പതിനൊന്നു മാസം ഇടവിട്ടു് മൊത്തം പതിനൊന്നു വര്‍ഷം കൊണ്ടാവണം വരരുചിയുടെ ഭാര്യ ഇവര്‍ക്കു ജന്മം നല്‍കിയതു് 🙂 ) അതാണല്ലോ
പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ, നിന്റെ
മക്കളിൽ ഞാനാണു ഭ്രാന്തൻ!
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ
മക്കളിൽ ഞാനാണനാഥൻ!
എന്നു മധുസൂദനന്‍ നായര്‍ പാടിയതു്.
ശാര്‍ദ്ദൂലവിക്രീഡിതത്തിണു് എല്ലാ രസത്തെയും പ്രകടിപ്പിക്കാന്‍ അസാമാന്യപാടവമുണ്ടെങ്കിലും ശൃംഗാരം അവയില്‍ മികച്ചുനില്‍ക്കുന്നു. കാളിദാസന്റെ ശാര്‍ദ്ദൂലവിക്രീതങ്ങള്‍ മനോഹരമാണു്.
ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍- ത്തട്ടുന്ന മട്ടൂന്നിയും, മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം ശ്യാമാലതാശാഖ പോല്‍, പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നില- ത്തര്‍പ്പിച്ച നോട്ടത്തൊടേ സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം നൃത്തത്തിലും നന്നഹോ! |
|
download MP3 |
എന്ന മാളവികയുടെ നില്പായാലും (മാളവികാഗ്നിമിത്രം – ഏ. ആറിന്റെ പരിഭാഷ),
ക്ഷാമക്ഷാമകപോലമാനന, മുരഃ കാഠിന്യമുക്തസ്തനം, മദ്ധ്യഃ ക്ലാന്തതരഃ, പ്രകാമവിനതാ- വംസൌ, ഛവിഃ പാണ്ഡുരാ ശോച്യാ ച പ്രിയദര്‍ശനാപി മദന- ക്ലിഷ്ടേയമാലക്ഷ്യതേ പത്രാണാമിവ ശോഷണേന മരുതാ സ്പൃഷ്ടാ ലതാ മാധവീ |
|
download MP3 |
എന്ന ശകുന്തളയുടെ വിരഹാതുരമായ കിടപ്പായാലും പന്ത്രണ്ടില്‍ നില്‍ക്കുന്ന ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ചാരുത ഒന്നു വേറെ തന്നെയാണു്.
ആധുനികകവിത്രയത്തില്‍ വള്ളത്തോളിന്റെ ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു പ്രത്യേക ഭംഗിയുണ്ടു്. വിലാസലതികയിലും സാഹിത്യമഞ്ജരിയിലും ഇവ ധാരാളം കാണാം. യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഉത്തമോദാഹരണങ്ങളാണു് അവ.
വിലാസലതികയിലെ ഈ ശ്ലോകം കേള്‍ക്കൂ:
സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍, ന്നഴകെഴും |
|
download MP3 |
അല്ലെങ്കില്‍ സാഹിത്യമഞ്ജരിയിലെ ഈ ശ്ലോകം:
കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ- ത്തീക്കട്ടയോ, പായലാല്‍ പൂരിച്ചുള്ള ചെളിക്കുളത്തിലുളവാം പൊന്‍താമരപ്പുഷ്പമോ, മാരിക്കാറണിചൂഴുമിന്ദുകലയോ പോലേ മനോജ്ഞാംഗിയാ- ളാരിക്കാണ്മൊരിരുണ്ട കൊച്ചുപുരതന്‍ കോലായില്‍ നില്‍ക്കുന്നവള്‍? |
|
download MP3 |
അപ്പോള്‍ പറഞ്ഞുവന്നതു്,
ഇന്നു്, 2008 ഓഗസ്റ്റ് 31-നു്, എന്റെയും സിന്ധുവിന്റെയും വിവാഹജീവിതം പന്ത്രണ്ടിലെത്തി നില്‍ക്കുന്നു. നല്ല ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പോലെ. യതിഭംഗമില്ലാതെ, പ്രസാദാത്മകമായി. നില്‍ക്കേണ്ടിടത്തു നിന്നും, ഒഴുകേണ്ടിടത്തു് ഒഴുകിയും, തിരിയേണ്ടിടത്തു തിരിഞ്ഞും.
പത്തു വര്‍ഷത്തില്‍ എഴുതാന്‍ കഴിയാത്ത പോസ്റ്റിനെപ്പറ്റി പതിനൊന്നു വര്‍ഷം തികഞ്ഞപ്പോള്‍ എഴുതിയിരുന്നു. അന്നു് ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ “ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല” എന്നെഴുതിയെങ്കിലും ഇന്നും ബൂലോഗം ഉണ്ടു്, ഞാന്‍ എഴുതുന്നുമുണ്ടു്.
പിന്നെ കാണിക്കാന്‍ ഒരു ലൈസന്‍സ് പ്ലേറ്റു പോലും ഇല്ലാത്ത ഞാന്‍ എന്തു ചെയ്യും, ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പറ്റി എഴുതി മനുഷ്യരെ ബോറടിപ്പിക്കുകയല്ലാതെ?
ഉണ്ടാപ്രി | 01-Sep-08 at 8:13 am | Permalink
എല്ലാവിധ ആശംസകളും ഗുരോ.
മാരീചന് | 01-Sep-08 at 8:18 am | Permalink
ജീവപര്യന്തമായിരുന്നെങ്കില് ഇപ്പോ മോചനം കിട്ടിയേനെയെന്ന റാഫി മെക്കാര്‍ട്ടിന്‍ തമാശ ഓര്‍ക്കുന്നു. വിവാഹ വാര്‍ഷികത്തിന് ശാര്‍ദ്ദൂലവിക്രീഡിത വിശേഷങ്ങള്‍ തന്നെയാണ് ബെസ്റ്റ്. സ്വന്തം പീഢാനുഭവങ്ങള്‍ ഒട്ടും ചോരാതെ വായനക്കാരിലേയ്ക്ക് പകരാന്‍ ഇതിലും നല്ല വഴിയില്ല…
ജീവപര്യന്തം തന്നെ. Marriage is not a word… It is a sentence! എന്ന ആപ്തവാക്യവും ഓര്‍മ്മ വരുന്നു.
ജ്യോതിര്‍മയി | 01-Sep-08 at 10:04 am | Permalink
പുലികളായാല്‍ ദാ ഇങ്ങനെത്തന്നെ വേണം. പുലിക്കളി ഓണത്തിനേ പറ്റൂ എന്നാ ചില തൃശൂര്‍ക്കാരുടെ വിചാരം. ജീവപര്യന്തം നീട്ടിക്കിട്ടാന്‍ പ്രാര്‍ഥനയും എല്ലാവിധ ആശംസകളും…
വൃത്തവിചാരത്തിനും ശ്ലോകങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രത്യേകം നന്ദി 🙂
ഗുരുകുലത്തിനു കിട്ടുന്ന അയ്യായിരാമത്തെ കമന്റാണിതു്. (ഡിലീറ്റു ചെയ്ത കമന്റുകളെ ഒഴിച്ചുനിര്‍ത്തിയാല്‍.) അയ്യായിരാമത്തെ കമന്റെഴുതിയ ആള്‍ക്കു സ്വര്‍ണ്ണമഴ കൊടുക്കാമെന്നാണു കരുതിയതു്. എന്തു ചെയ്യാന്‍, കാശില്ലാതെ പോയി 🙂
പാഞ്ചാലി :: Panchali | 01-Sep-08 at 11:40 am | Permalink
വിവാഹ വാര്‍ഷിക മംഗളങ്ങള്‍ !
പന്ത്രണ്ടാം വിവാഹ വാര്‍ഷികത്തിനു പരമ്പരാഗത സമ്മാനം സില്‍ക്കും ലിനനും. മോഡേണ്‍ സമ്മാനം പേള്‍. മറക്കണ്ട!
പിന്നെ “സന്തോഷിന്റെ നമ്പര്‍ പ്ലേറ്റ് ” ഒരു തവണ വിവാഹ വാര്‍ഷികം മറന്നപ്പോള്‍ കിട്ടിയ ചിരവ കൊണ്ടുള്ള അടിയുടെ ബാക്കിപത്രമല്ലേ എന്ന് സന്ദേഹമുള്ളതിനാല്‍
സങ്കടപ്പെടേണ്ട!
-:))
ഒരു കുരുക്ഷേത്രയുദ്ധം ഉണ്ടാക്കിയതു പോരേ പാഞ്ചാലീ? ഇനി ഒരു കുടുംബകലഹവും ഉണ്ടാക്കണോ? സില്‍ക്ക്, ലിനന്‍, പേള്‍, ഒവ്വ ഒവ്വേ!
Babu Kalyanam | 01-Sep-08 at 12:06 pm | Permalink
ആശംസകള്‍!!!
12 മാസം എന്നൊക്കെ പറഞ്ഞതു കൊണ്ടു ഒരു സംശയം ചോദിച്ചോട്ടെ: ആഴ്ചയില്‍ ഏഴ് ദിവസം ആണല്ലോ എല്ലാ കലണ്ടറിലും!!! ഇതെങ്ങിനെ ഒരു പോലെ വന്നു? 6 ദിവസം കൊണ്ടു സൃഷ്ടി നടത്തി ഏഴാം ദിവസം വിശ്രമിച്ചു എന്ന് ബൈബിള്‍ പറയുന്നതു ആണോ കാരണം?
indiaheritage | 01-Sep-08 at 1:38 pm | Permalink
ഒരു ദിവസം വൈകി എന്നതുകൊണ്ട് മംഗളാശംസകള്‍ കേടൊന്നും വന്നു പോകില്ലല്ലൊ
ആശംസകള്‍
അതുല്യ | 01-Sep-08 at 2:40 pm | Permalink
ഇത് പോലെ അമ്പത് ആവുമ്പോഴും പോസ്റ്റ് ഇടുമാറാവട്ടേ ഉമേഷ്ജീ. എല്ലാ പ്രാര്‍ഥനകളും.
Anil | 01-Sep-08 at 5:26 pm | Permalink
ആശംസകള്‍!
റീലൊക്കേഷനുകള് നിറഞ്ഞ പലപല വ്യാഴവട്ടങ്ങള്‍ ഉണ്ടാകുമാറാകട്ടേ:)
—
വരരുചീസിന്റെ കാല്ക്കുലേഷനാണു ബെസ്റ്റ് കാല്ക്കുലേഷന്.
jayarajan | 01-Sep-08 at 10:38 pm | Permalink
ആശംസകള്‍ ഉമേഷ്ജീ! ഇനിയും ഒരുപാട് വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുമാറാകട്ടെ!
സു | 02-Sep-08 at 1:06 am | Permalink
ആശംസകൾ. 🙂 ശാർദ്ദൂലവിക്രീഡിതങ്ങൾ സിന്ധുവിനെ സോപ്പിടാൻ എഴുതിയതാല്ലേ?
സൂവിനു കാര്യം മനസ്സിലായി, അല്ലേ? സിന്ധു പോലും ഞാന്‍ പറഞ്ഞുകൊടുത്തപ്പോഴാണു മനസ്സിലാക്കിയതു്. ശ്ലോകത്തില്‍ കഴിച്ചാലുള്ള ഓരോ കുഴപ്പമേ!
തമനു | 02-Sep-08 at 11:22 am | Permalink
പാവം സിന്ധുച്ചേച്ചി (12 പ്രാവശ്യം) 😀
അമ്പതാം വാര്‍ഷികത്തിനും ഞാന്‍ കമന്റിടും.
സന്തോഷ് | 02-Sep-08 at 2:23 pm | Permalink
ആശംസകള്‍, ഉമേഷേ!
നമ്പര്‍ പ്ലേയ്റ്റ് ഇല്ലെങ്കിലും നല്ല നമ്പരാണല്ലോ.:)
വിവാഹവാര്‍ഷികം, പിറന്നാള്‍ എന്നിവ ഒരിക്കല്‍ മാത്രമേ മാറക്കുകയുള്ളൂ എന്നു് ഞാന്‍ ഉറപ്പുതരുന്നു.
സൂരജ് രാജൻ | 02-Sep-08 at 6:07 pm | Permalink
ഈ ലൈസൻസ് പ്ലേറ്റൊക്കെ തന്നെ ധാരാളമല്ലേ 😉
ആശംസ ഇത്തിരി പഴകീട്ടാണേലും എടുക്കുമല്ലോ ല്ലേ.
Moorthy | 03-Sep-08 at 6:14 pm | Permalink
ആശംസകള്‍..
ജ്യോതിര്‍മയി | 04-Sep-08 at 5:13 pm | Permalink
എന്റെ കമന്റിനുള്ള മറുപടി കണ്ടു.
അപ്പൊ പോന്നോട്ടെ സ്വര്‍ണ്ണമഴ.കൊടുക്കാന്‍ കരുതിയതു കൊടുത്തില്ലെങ്കില്‍ അടുത്തജന്മത്തിലും കൂടി ഊണുകഴിക്കുമ്പോള്‍ കല്ലുകടിക്കും ന്നാ പറയുക പതിവു്.
ശ്ലോകത്തില്ക്കഴിച്ചാലും കുഴപ്പമില്ല 🙂
വെള്ളെഴുത്ത് | 13-Sep-08 at 6:52 pm | Permalink
അങ്ങനെയൊരു ഗുണമുണ്ടായല്ലോ! യതിഭംഗം യതിഭംഗം എന്നൊക്കെ സ്കൂളുതൊട്ടു കേട്ടു തുടങ്ങിയതാണ്. വിദ്വാന്മാരുപലരുമുണ്ടായിരുന്നു പഠിപ്പിക്കാന്‍.. എന്താഫലം? കവിത ചൊല്ലല്‍ തോന്നിയ മട്ടിലായിരുന്നു. അപ്പോള്‍ ശാര്‍ദ്ദൂലവിക്രീഡിതം എന്നതൊക്കെ ഉമ്പാക്കിക്ക് പകരം പറഞ്ഞ് കുഞ്ഞുകുട്ടികളെ പേടിപ്പിക്കാന്‍ കൊള്ളാമായിരുന്നു. ‘നടുവയര്‍ നട്ടെല്ലില്‍ തട്ടണം മാലിനിയ്ക്ക്’ എന്ന പാരഡി വൃത്തപഠനത്തിന്റെ ദാരിദ്ര്യത്തെ കൂടി അര്ത്ഥമാക്കുന്നെന്നു പറഞ്ഞാല്‍ ശരിയാവും. അപ്പോള്‍ പറഞ്ഞു വന്നത്.. ഇങ്ങനെയാണു ശാര്‍ദ്ദൂലവിക്രീഡിതം എന്നു മനസ്സിലാക്കുന്നതു ഈ വയസ്സാം കാലത്താണ്… ഇപ്പോഴാണ്..ആശംസകള്‍