ഏകാദശവര്‍ഷാണി ദാസവത്

ചിത്രങ്ങള്‍ (Photos), വൈയക്തികം (Personal)

2006 ഓഗസ്റ്റ് 31 ഞങ്ങള്‍ക്കു് വളരെ പ്രാധാന്യമുള്ള ഒരു ദിവസമായിരുന്നു.

ഞങ്ങളുടെ വിവാഹജീവിതം പത്തു വര്‍ഷം തികയ്ക്കുന്ന ദിവസം.

മോഹന്‍ ലാലിന്റെ ക്ലീഷേ പോലെ, ബൂലോഗരില്ലാതെ എന്താഘോഷം? ഒരു പോസ്റ്റിടാമെന്നു കരുതി. വിവാഹവാര്‍ഷികത്തിനെടുത്ത ഒരു അടിപൊളി ഫോട്ടോയുമൊക്കെയായി.

പോസ്റ്റിനൊരു ടൈറ്റില്‍ വേണം. തലപുകഞ്ഞാലോചിച്ചു് ഒരെണ്ണം കിട്ടി. ദശവര്‍ഷാണി ദാസവത് (പത്തുകൊല്ലം വേലക്കാരനെപ്പോലെ). ഇതു് ഇട്ടിട്ടു തന്നെ ബാക്കി കാര്യം!

ഒരു ചെറിയ പ്രശ്നം. ഈ സംസ്കൃതം പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാകുമോ? ഇതൊരു പഴയ സംസ്കൃതശ്ലോകത്തിലെ വരികളാണെന്നു് ആര്‍ക്കെങ്കിലും തോന്നുമോ? അതു പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുന്നതു കമ്പ്ലീറ്റ് കുളമാക്കലല്ലേ?

അതിനു വഴി കിട്ടി. വാര്‍ഷികദിനത്തിനു രണ്ടു ദിവസം മുമ്പു് (2006 ഓഗസ്റ്റ് 29-ാ‍ം തീയതി) ബുദ്ധിമുട്ടി സുഭാഷിതത്തില്‍ പുത്രനും മിത്രവും എന്ന ശ്ലോകവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചു. ശ്ലോകം വായിക്കാനും അര്‍ത്ഥം മനസ്സിലാക്കാനും “ദശവര്‍ഷാണി ദാസവത്” എന്നു കാണുമ്പോള്‍ “അതാണല്ലോ ഇതു്” എന്നു വര്‍ണ്യത്തിലാശങ്ക കൈവരിക്കാനും രണ്ടു ദിവസം ധാരാളം മതിയല്ലോ എന്നു കരുതി.

എന്നിട്ടെന്തുണ്ടായി?

ഒന്നുമുണ്ടായില്ല. കുഛ് നഹീം ഹുവാ!

വീട്ടില്‍ പല തിരക്കുണ്ടായിരുന്നതു കൊണ്ടു പത്താം വിവാഹവാര്‍ഷികത്തിനു് ആഘോഷമുണ്ടായിരുന്നില്ല. കാര്യമായി എങ്ങും പോയി ഭക്ഷണം കഴിച്ചുപോലുമില്ല. നല്ല വസ്ത്രം ധരിച്ചിട്ടുവേണ്ടേ ഫോട്ടോ എടുക്കാന്‍?

പത്താം വാര്‍ഷികം ആഘോഷിക്കാഞ്ഞതില്‍ കൂടുതല്‍ സങ്കടം നല്ല ഒരു ടൈറ്റില്‍ നഷ്ടപ്പെട്ടതിലായിരുന്നു.

എന്നാല്‍ അതിനെപ്പറ്റി പതിനൊന്നാം വാര്‍ഷികമായ ഈ 31-ാ‍ം തീയതി ഒരു പോസ്റ്റിടാമെന്നു കരുതി. ഇക്കൊല്ലവും ആഘോഷമൊക്കെ തഥൈവ. ഫോട്ടോ എടുക്കാന്‍ നമ്മുടെ ഫോട്ടോപിടുത്തപ്പുലി സിബു അധികം ദൂരെയല്ലാതെ ഉണ്ടു്. പക്ഷേ ഇതൊക്കെ ഒന്നു സെറ്റപ്പാക്കാന്‍ സമയം കിട്ടണ്ടേ?

ഇക്കുറിയും ആഘോഷവും ഭക്ഷണവും ഫോട്ടോ പിടിത്തവും നടന്നില്ല.

എന്നാല്‍ ഇനി പന്ത്രണ്ടാം വാര്‍ഷികത്തിനിട്ടാലോ?

അതു വേണ്ട. അന്നത്തേയ്ക്കു വല്ല “വ്യാഴവട്ടസ്മരണങ്ങള്‍” എന്നോ മറ്റോ വേറേ ഒരു ടൈറ്റില്‍ കിട്ടില്ല എന്നാരറിഞ്ഞു? അതു മാത്രമല്ല, ഇന്നത്തെ പോക്കു കണ്ടാല്‍ ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല.

മഹാഭാരതത്തില്‍ കര്‍ണ്ണന്‍ കൃഷ്ണനോടു പറയുന്ന ഒരു ശ്ലോകവും ഓര്‍മ്മ വന്നു:

ക്ഷണം ചിത്തം, ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധര്‍മ്മസ്യ ത്വരിതാ ഗതിഃ

നമ്മുടെ മനസ്സു പെട്ടെന്നു മാറും, നമ്മുടെ പണം പെട്ടെന്നു പോകും, നമ്മുടെ ജീവിതവും ക്ഷണികമാണു്. യമനു കരുണയില്ല. ധര്‍മ്മന്റെ (ധര്‍മ്മത്തിന്റെ) പോക്കു് വളരെ വേഗത്തിലാണു്.

അതിനാല്‍ ചെയ്യണമെന്നു തോന്നുന്ന കര്‍മ്മം ഉടനേ തന്നെ ചെയ്യണമെന്നു താത്പര്യം. (ഈ സംഗതി കൃഷ്ണന്‍ കുറെക്കഴിഞ്ഞു കര്‍ണ്ണന്റെ അനിയനോടു പറഞ്ഞു എന്നതു മറ്റൊരു കാര്യം.)

അപ്പോ ദാ ഈ പോസ്റ്റിടുന്നു. താഴെ കൊടുക്കുന്ന ഫോട്ടോയും വിവാഹവാര്‍ഷികവുമായി ബന്ധമില്ല. ഇവിടെ നടന്ന ഒരു ഓണപ്പരിപാടിക്കു് ആരോ എടുത്തതാണു്.


ഈ പോസ്റ്റിന്റെ മറ്റു ചില ശീര്‍ഷകങ്ങള്‍:

  1. ഏകാദശവര്‍ഷാണി ദാസവത് അഥവാ ഒരു ടൈറ്റിലിന്റെ കഥ
  2. ഒരു ടൈറ്റിലിന്റെ കഥ
  3. ദീര്‍ഘസൂത്രം (procrastination എന്നും നെടും‌മംഗല്യം എന്നും അര്‍ത്ഥമുള്ള ദീര്‍ഘസൂത്രം എന്ന വാക്കു് ഈ കമന്റിലൂടെ പറഞ്ഞു തന്ന രാജേഷ് വര്‍മ്മയാണു്.)