മധുരാജിന്റെ കയ്പയ്ക്കക്കൊണ്ടാട്ടം എന്ന ശ്ലോകം വായിച്ചു. നല്ല ശ്ലോകം. മധുരാജിന്റെ ശ്രീകൃഷ്ണസ്തുതികള്‍ വളരെ മനോഹരങ്ങളാണു്.
എനിക്കു ശ്ലോകത്തെക്കാള്‍ ഇഷ്ടപ്പെട്ടതു് അതിന്റെ ടിപ്പണിയാണു്. കയ്പയ്ക്കയെയും കവിതയെയും താരതമ്യപ്പെടുത്തിക്കൊണ്ടു് ഒരു ശ്ലോകമാക്കേണ്ട ആശയത്തെയാണു മധുരാജ് ടിപ്പണി ആക്കിയതു്. അതിനെ ശ്ലോകമാക്കിയതാണു താഴെ.
ഒരു വരിയില്‍ ഇരുപത്തൊന്നക്ഷരമുള്ള സ്രഗ്ദ്ധരയില്‍ ആണു് എഴുതിയതെങ്കിലും, മധുരാജിന്റെ ടിപ്പണിയില്‍ പറഞ്ഞിരിക്കുന്ന ആശയം മൊത്തം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. അല്പസ്വല്പം മാറ്റിയിട്ടുമുണ്ടു്. കുറേക്കാലമായി ശ്ലോകം എഴുതാത്തതിന്റെ കുഴപ്പം കാണുന്നുണ്ടു്. ശ്ലോകം ആകെ ക്ലിഷ്ടമാണു്. ദൂരാന്വയവും യതിഭംഗവുമുണ്ടു്. എങ്കിലും ശ്ലോകമല്ലേ, ഇവിടെ കിടക്കട്ടേ!
ആകെക്കയ്പാണു, ദുര്‍വാസന കഠിനവു, മെന്നാലുമാക്കര്‍മ്മസാക്ഷി-
യ്ക്കാകും നന്നാക്കിയേറ്റം രുചിയരുളിടുവാന്‍, വൃത്തമൊപ്പിച്ചു വെച്ചാല്‍
ഏകും കയ്പയ്ക്ക പോലാം കവിത രസമറിഞ്ഞോര്‍ക്കു സന്തുഷ്ടി, തപ്ത-
സ്നേഹത്തില്‍ കൃഷ്ണഭാവം വഴിയുമതിനു ലാവണ്യവും ചേര്‍ത്തിടേണം!
കവിത കയ്പയ്ക്ക പോലെയാണത്രേ!
- ആകെ കയ്പ്പാണു്.
- വാസന (കവിതാവാസന എന്നും മണം എന്നും) എല്ലാവര്ക്കും ഇഷ്ടമാകണമെന്നുമില്ല.
- എങ്കിലും കര്‍മ്മസാക്ഷിയ്ക്കു് (കര്‍മ്മസാക്ഷിയ്ക്കു് കാലം എന്നര്‍ത്ഥമുണ്ടു്. കാലം ചെല്ലുമ്പോള്‍ കവിത നന്നാകും എന്നു പറയാം. കയ്പയ്ക്കയുടെ കാര്യത്തില്‍ കര്‍മ്മസാക്ഷിയ്ക്കു സൂര്യന് എന്നര്‍ത്ഥം.) അതിനെ നന്നാക്കാന്‍ കഴിയും. (വെയിലത്തു വെച്ചുണക്കിയാല്‍ കയ്പയ്ക്ക നന്നാവുമല്ലോ.)
- വൃത്തം (കവിതയില്‍ പദ്യം വാര്‍ക്കുന്ന തോതു്. കയ്പയ്ക്കയ്ക്കു് വൃത്താകൃതി.) ഒപ്പിച്ചാണു് ഉണ്ടാക്കുന്നതെങ്കില്‍ നല്ല ഭംഗിയുണ്ടാവും. രസം (കവിതയിലെ രസം എന്നും രുചി എന്നും.) ആസ്വദിക്കുന്നവര്‍ക്കു സന്തോഷമുണ്ടാകും.
- തപ്തസ്നേഹത്തില്‍ (ദുഃഖം കലര്‍ന്ന പ്രേമത്തില്‍ എന്നും ചൂടുള്ള എണ്ണയില്‍ എന്നും) കൃഷ്ണഭാവം (ശ്രീകൃഷ്ണന്റെ ഭാവം എന്നും കറുത്ത നിറം എന്നും) വരുന്ന അതില്‍ ലാവണ്യം (സൌന്ദര്യം, ഉപ്പു്) നന്നായി ചേര്‍ക്കണം.
വൃത്തം ഒത്തു. കര്‍മ്മസാക്ഷിയുടെ അനുഗ്രഹവും ലാവണ്യവും ഒക്കെ എത്രയുണ്ടെന്നു നിശ്ചയമില്ല 🙂
Babukalyanam | 17-Oct-08 at 8:24 am | Permalink
:-))
ഓടോ:
കയ്പയ്ക്ക കൊണ്ടാട്ടത്തില്‍ തന്നെ “അടിക്കുറിപ്പ് വട്ടത്തിലാക്കൂ” എന്ന് ഞാനൊരു കമന്റ് ഇട്ടിരുന്നു.
കണ്ടിരുന്നു. അതൊരു പ്രചോദനവും ആയിരുന്നു.
അരുണ്ചുള്ളിക്കല് | 17-Oct-08 at 10:39 am | Permalink
അപാരകാവ്യ സംസാരെ കവിരേവ പ്രജാപതി.
രാജന് അങ്ങു വട്ടത്തില്‍ മുറിച്ച് ഉപ്പും ചേര്‍ത്ത് എണ്ണയില്‍ പൊള്ളിച്ചു വെച്ചോളൂ.. മൂക്കുപൊത്തിയിട്ടാണേലും ഭേഷ് ഭേഷ് …
മാരീചന് | 17-Oct-08 at 11:30 am | Permalink
പ്രജാപതി സിനിമയില്‍ രേവതിയുണ്ടോ… ഇല്ലെന്നാണ് തോന്നുന്നത്..
മാരീചന് | 17-Oct-08 at 11:30 am | Permalink
കാവ്യാ മാധവനും ഇല്ല
പിന്നാരാ ഉള്ളതു്? അപാരയും സംസാരയുമോ? 🙂
ചെറിയനാടന്‍ | 17-Oct-08 at 4:47 pm | Permalink
ആ പാരയെന്നാകും ചുള്ളി ഉദ്ദേശിച്ചത്!
അരുണ്ചുള്ളിക്കല് | 18-Oct-08 at 1:09 am | Permalink
ചെറിയ നാടന്‍ പാര 😉
ഹഹഹ… അതു കലക്കി!
അയല്ക്കാരന് | 18-Oct-08 at 3:03 am | Permalink
കര്‍മ്മസാക്ഷി എന്ന വാക്കിന് ഈശ്വരന് എന്നൊരര്ത്ഥമുണ്ടോ ഒന്നൊരാശങ്ക. ദൈവം കര്‍മ്മം ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമല്ലേ? സാക്ഷിപ്പണി സൂര്യന്റേതുതന്നെയല്ലേ?
അയല്ക്കാരന് പറഞ്ഞതു ശരിയാണു്. കര്‍മ്മസാക്ഷിയ്ക്കു് ഈശ്വരന് എന്ന അര്‍ത്ഥമില്ല. സൂര്യന്, ചന്ദ്രന്, യമന്‍, കാലം, പഞ്ചഭൂതങ്ങള്‍ എന്നിവയാണു കര്‍മ്മസാക്ഷികള്‍. “സൂര്യഃ സോമോ യമഃ കാലോ മഹാഭൂതാനി പഞ്ച ച”.
അര്‍ത്ഥം മാറ്റിയെഴുതി. ഈശ്വരനു പകരം കവിതയെ നന്നാക്കുന്ന പണി കാലത്തിനു കൊടുത്തു.
എങ്കിലും എല്ലാ കര്‍മ്മവും കാണുന്നവന് എന്ന അര്‍ത്ഥത്തില്‍ ഈശ്വരന് എന്നു പറഞ്ഞതില്‍ തെറ്റില്ലെന്നു തന്നെയാണു് ഇപ്പോഴും എനിക്കു തോന്നുന്നതു്. ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ?
നന്ദി, അയല്‍ക്കാരാ.
ചെറിയനാടന്‍ | 18-Oct-08 at 10:04 am | Permalink
ശിവനേ….
എന്റെ വകയും ഒന്നുകിടക്കട്ടെ
കയ്പ്പെന്നാകിലുമാശയം തിളതിളച്ചേറുന്നൊരെണ്ണയ്ക്കതും
പൊയ്പ്പോകും; പദമുപ്പുചേർത്തു പതിയെത്തീയിട്ടിളക്കീടണം
പാത്രം ഭാവനയാകണം, കരിപിടിക്കൊല്ലാ; മൊരിച്ചീടിലോ
അത്രയ്ക്കിഷ്ടമതേറ്റുമെന്നുമെവനും; ആപാദമാസ്വാദ്യമാം!
ചെറിയനാടാ,
ശ്ലോകം കൊള്ളാം. പക്ഷേ ഇതു കയ്പയ്ക്കയുടെ ഭാഗം മാത്രമേ ആയുള്ളല്ലോ? സ്നേഹം, താപം, ലാവണ്യം, വാസന, കര്‍മ്മസാക്ഷി തുടങ്ങിയ ശ്ലേഷപദങ്ങള് ചേര്‍ക്കാനാണു ഞാന്‍ ബുദ്ധിമുട്ടിയതു്.
ചെറിയനാടന്‍ | 19-Oct-08 at 5:56 am | Permalink
ശിവ! ശിവ! കവിതാരീതി വൈഷമ്യമത്രേ..!!!
പിടിച്ചാൽ കിട്ടാത്ത വാക്കുകൾ നമ്മൾ പണ്ടേ വിട്ടതാ…!! 😉
അരുണ്ചുള്ളിക്കല് | 23-Oct-08 at 9:17 am | Permalink
ഛന്ദസ്സും ചമത്കാരവും ഏഴയലത്തുകൂടി പോകാത്തതു കൊണ്ട് ഈ പരിപാടിക്കില്ല. എന്തെങ്കിലും ചമച്ചോണ്ടു വന്നാല്‍ ചുമട്ടുകൂലിക്കിതിരിക്കട്ടെ എന്ന കമ്മെന്റ് കിട്ടാനും മതി.
എന്തായാലും ഉമേഷണ്ണന്റെയും മറ്റും ബ്ളോഗ് വായിച്ചു തൊടങ്ങിയതില്‍ പിന്നെ ഭാഷയില്‍ വലിയ കുളാണ്ടര്‍ ആണെന്ന അഹങ്കാരം ഒണ്ടായിരുന്നത് പോയിക്കിട്ടി 🙁 അഹങ്കാരഭംഗത്തിനു അണ്ണനും സില്‍ബന്ധികളും ഉത്തരം പറഞ്ഞേ ഒക്കൂ.
ജ്യോതിര്‍മയി | 24-Oct-08 at 5:09 pm | Permalink
കര്മ്മസാക്ഷിയെപ്പറ്റി-
കര്‍മ്മം ചെയ്യുന്നവനും ചെയ്യിക്കുന്നവനും ആണ് ഈശ്വരനെങ്കില്‍, ഇവിടെ അനോണിക്കമന്റിട്ടതും ഇടീച്ചതും ഈശ്വരനാണെന്നു വരില്ലേ? അതു ഞാന്‍ സമ്മതിക്കില്ല!
‘ഞാന്‍’ ‘ഞാന്‍’ എന്നു സാധാരണക്കാരായ നമ്മളൊക്കെകരുതുന്ന ‘അഹം’ബോധമുണ്ടല്ലോ, ആ ഈഗോ ആണ് മനസ്സിലെ വാസനയ്ക്കനുസരിച്ചു കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇത്തരം ‘അഹം-കാരി’കളെസംബന്ധിച്ച്, ഈശ്വരനു ഇതിലൊന്നും ഒരു പങ്കുമില്ല. അദ്ദേഹം സാക്ഷിയായി നില്ക്കുന്നേ ഉള്ളൂ. ഓരോരുത്തരും അവരവരുടെ മനസ്സില്‍ നിറഞ്ഞിരിക്കുന്ന ‘വാസനാബല’ ത്തിന്റെ തള്ളല്‍ കൊണ്ടാണു ഓരോന്നു ചെയ്തുപോകുന്നത്.
സിബു | 26-Oct-08 at 3:02 am | Permalink
അങ്ങനെയെങ്കിൽ ഈശ്വരനും എനിക്കും ഇടയിലുള്ള ആ വര ഏതാണ് ജ്യോതി?
അയല്ക്കാരന് | 27-Oct-08 at 1:39 am | Permalink
സിബു ചോദിച്ചതുതന്നെ ഞാനും ചോദിക്കുന്നു ജ്യോതിയോട്. നമ്മളുടെ മനസ്സുകളില്‍ നിറഞ്ഞിരിക്കുന്ന വാസനകള്‍ ഈശ്വരദത്തങ്ങളല്ലെ…..
ബാബു കല്യാണം | 28-Oct-08 at 3:39 pm | Permalink
ശങ്കരാടിയുടെ dialog ഓര്മ വരുന്നു.
‘ഇതാണാ രേഖ!!!!’