ശ്രീകൃഷ്ണന്‍ മരത്തില്‍ കയറിയതെന്തിനു്?

നര്‍മ്മം, സരസശ്ലോകങ്ങള്‍

തൂങ്ങുന്ന ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണന്‍ മരത്തില്‍ കയറിയതെന്തിനാണെന്നു് കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം. കാളിന്ദിയില്‍ കുളിച്ചുകൊണ്ടു നിന്ന ഗോപസ്ത്രീകളുടെ തുണികളുമെടുത്തു് മരത്തില്‍ കയറിയിരുന്നതും പിന്നെ അവര്‍ കൈ പൊക്കി തൊഴുതു പ്രാര്‍ത്ഥിക്കുന്നതുവരെ കൊടുക്കാതിരുന്നതുമൊക്കെ പ്രശസ്തമായ കഥയാണു്.

പിന്നീടു് കുറേക്കാലത്തേയ്ക്കു് അദ്ദേഹം മരത്തില്‍ കയറിയതായി ചരിത്രരേഖകളൊന്നുമില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വയോവൃദ്ധനായതിനു ശേഷം ഒരിക്കല്‍ക്കൂടി കയറി – മരിക്കുന്നതിനു തൊട്ടു മുമ്പു്. അങ്ങനെ മയില്‍പ്പീലിയുമൊക്കെ ചൂടി മരത്തിനു മുകളില്‍ കുറുമാനെപ്പോലെ കാലുമാട്ടി ഇരുന്ന ശ്രീകൃഷ്ണനെ ഒരു വേടന്‍ മയിലാണെന്നു തെറ്റിദ്ധരിച്ചു് എയ്ത അമ്പു് പണ്ടു ദുര്‍വ്വാസാവു പറഞ്ഞതനുസരിച്ചു പായസം ദേഹത്താകെ പുരട്ടിയപ്പോള്‍ തെന്നിവീഴുമെന്നു പേടിച്ചാണോ എന്തോ ഒഴിവാക്കിയ കാല്‍‌വെള്ളയില്‍ ചെന്നു തറച്ചു് ശ്രീകൃഷ്ണന്റെ അന്ത്യം സംഭവിച്ചു എന്നാണു പുരാണം.

കാലില്‍ ഒരു അമ്പു കൊണ്ടാല്‍ ഒരാള്‍ മരിക്കുമോ എന്നു ചില നവശാസ്ത്രജ്ഞന്മാര്‍ ചോദിച്ചേക്കാം. അവരോടു് ഗ്രീക്കുകാരന്‍ (അതോ റോമാക്കാരനോ?) അക്കില്ലീസ് മരിച്ചതും കാലില്‍ അമ്പുകൊണ്ടാണെന്നു പറയുക. (കഥയും ഏതാണ്ടു് ഇതുപോലെ തന്നെ. ചെറുപ്പത്തില്‍ അക്കില്ലീസിന്റെ അമ്മ മകനു് ആയുധം കൊണ്ടു മുറിവേല്‍ക്കാതിരിക്കാന്‍ ഒരു വിശുദ്ധവെള്ളത്തില്‍ മുക്കിയെടുത്തപ്പോള്‍ കാലിലെ നെരിയാണിയുടെ ഭാഗത്തു് ഒരു ഇല പറ്റിപ്പിടിച്ചിരുന്നത്രേ. അവിടെയാണു് പാരീസിന്റെ അമ്പേറ്റു് അക്കില്ലീസ് സിദ്ധികൂടിയതു്.) ഗ്രീസ്, യൂറോപ്പ്, പടിഞ്ഞാറു് എന്നൊക്കെ പറഞ്ഞാല്‍ ഏതു ശാസ്ത്രജ്ഞനും അംഗീകരിക്കും, നമ്മുടെ കൃഷ്ണന്റെ കഥ പറഞ്ഞാല്‍ മാത്രം ഒരു സംശയം. ഇതു നല്ല കാര്യം!

ഈ കഥ നൂറ്റാണ്ടുകളായി പറഞ്ഞുകേള്‍ക്കുന്നതാണെങ്കിലും ഇതില്‍ ചില പാകപ്പിഴകളുണ്ടെന്നാണു് അടുത്ത കാലത്തു നടന്ന ചില ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചുകള്‍ സൂചിപ്പിക്കുന്നതു്.

അടുത്ത കാലത്തു ഗുജറാത്തില്‍ നടന്ന ബോംബു ഭീഷണിയെപ്പറ്റി അന്വേഷിക്കാന്‍ പല മരത്തിലും കയറിയവരില്‍ ഒരു പുലയി ഒരു മരക്കൊമ്പില്‍ അരിവാളു കൊണ്ടു വെട്ടിയത്രേ. വെട്ടിയ ഭാഗത്തു നിന്നു രക്തം കുടുകുടാ ഒഴുകുന്നതു കണ്ടപ്പോള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചിട്ടുള്ളതുകൊണ്ടു് ദൈവസാന്നിദ്ധ്യമാണെന്നു മനസ്സിലാക്കിയ പുലയി ഉടനടി ആര്‍ക്കിയോളജിസ്റ്റുകളെ വരുത്തുകയായിരുന്നു. അവരുടെ ഗവേഷണഫലമായി മരത്തില്‍ കയര്‍ ചുറ്റിക്കിടന്ന പാടുകള്‍ കാണുകയും അതു കലിയുഗം തുടങ്ങുന്നതിനു തൊട്ടുമുമ്പു് ശ്രീകൃഷ്ണന്‍ മരിച്ച ദിവസം തന്നെ ഉണ്ടായ പാടാണെന്നു കണ്ടുപിടിക്കുകയും ചെയ്തു.

“അല്ലാ, ഇമ്മാതിരി സംഭവമാണോ ആര്‍ക്കിയോളജി?” എന്നു ചോദിക്കുന്നവര്‍ മൂക്കില്‍ നിന്നു വിരല്‍ ദയവായി മാറ്റുക. നമ്മള്‍ നാസയെ വരെ കൂട്ടുപിടിച്ചു രാമസേതു തെളിയിക്കുന്നവരാകുന്നു. കാളയെ കുതിര ആക്കുന്നവരാകുന്നു. ഇനി പടിഞ്ഞാറു നിന്നു് ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നോഹയുടെ പെട്ടകവും പഴയ ശിവലിംഗവും ആര്‍തര്‍ രാജാവിന്റെ ചഷകവും മായന്മാരുടെ പളുങ്കുതലയോടുമൊക്കെ അന്വേഷിച്ചു പോകുന്ന ഇന്‍ഡ്യാനാ ജോണ്‍സ് മുതല്‍ ഇമ്മാതിരി കാര്യങ്ങള്‍ ആര്‍ക്കിയോളജി എന്ന പേരില്‍ കാണിക്കുന്ന ഡിസ്കവറി/ഹിസ്റ്ററി ചാനലുകള്‍ വരെ ഉദാഹരിക്കാം.

അതായതു്, ശ്രീകൃഷ്ണന്‍ മരിച്ച ദിവസം ആ മരത്തില്‍ ഒരു കയര്‍ കെട്ടിയിരുന്നു എന്നു്! ആരു കെട്ടി?

ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതു് കൃഷ്ണന്‍ തന്നെയാണു് അതു കെട്ടിയതെന്നാണു്. കെട്ടിന്റെ പാടില്‍ നിന്നു് ഒറ്റക്കൈ കൊണ്ടു കെട്ടിയതാണെന്നു് ഉറപ്പാണു്. ഒരു കയ്യില്‍ ഓടക്കുഴല്‍ എപ്പോഴും കൊണ്ടു നടക്കാറുള്ള കൃഷ്ണന്‍ മാത്രമേ ഒറ്റക്കൈ കൊണ്ടു കയര്‍ കെട്ടൂ എന്നതു തര്‍ക്കമില്ലാത്ത സംഗതിയാണു്.

കെട്ടിയ കയര്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ എന്തിനു കെട്ടി എന്നു് ഇതു വരെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഭൂരിഭാഗം ഗവേഷകരുടെയും അഭിപ്രായം ശ്രീകൃഷ്ണന്‍ ആത്മഹത്യ ചെയ്യാന്‍ കെട്ടിയതാണു് എന്നാണു്. വളരെക്കാലമായി മരത്തില്‍ കയറാതിരുന്ന കൃഷ്ണന്‍ അന്നു കയറിയതും കയര്‍ കെട്ടിയതും മറ്റൊന്നിനല്ല എന്നാണു നിഗമനം.

എല്ലാവര്‍ക്കും പ്രിയങ്കരനും പെണ്ണുങ്ങളുടെ കാമുകനും ജീവിച്ചിരുന്നപ്പോള്‍ തന്നെ ദൈവമായി അംഗീകരിക്കപ്പെട്ടവനും ത്രികാലജ്ഞാനിയും ഗീത പോലെയുള്ള കൃതികളുടെ കര്‍ത്താവും ദ്വാരക പോലെയുള്ള മനോഹരമായ പട്ടണങ്ങളുടെ അധിപതിയും പാണ്ഡവരെപ്പോലെ പ്രബലരായ രാജാക്കന്മാരുടെ ബന്ധുവും ആയ കൃഷ്ണന്‍ എന്തിനിങ്ങനെ ഒരു കടും‌കൈ ചെയ്യാന്‍ തുനിഞ്ഞു?

ഇവിടെ ഒരു കാര്യം ഓര്‍ക്കണം. കൃഷ്ണനെപ്പറ്റിയുള്ള മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ പണ്ടു്. സംഭവം നടക്കുന്ന കാലത്തു് മൂപ്പര്‍ പടുവൃദ്ധനാണു്. മഹാഭാരതകാലത്തെപ്പറ്റിയുള്ള ഈ ഗവേഷണം അനുസരിച്ചു് യുദ്ധമൊക്കെക്കഴിഞ്ഞു രാജാവാകുമ്പോള്‍ യുധിഷ്ഠിരനു വയസ്സു തൊണ്ണൂറ്റൊന്നു്. യുധിഷ്ഠിരനേക്കാള്‍ ഒരു വയസ്സു് ഇളപ്പമുള്ള ഭീമനെക്കാള്‍ ഇളയവനും രണ്ടു വയസ്സു് ഇളയവനായ അര്‍ജ്ജുനനെക്കാള്‍ മൂത്തവനും ആകയാല്‍ കൃഷ്ണന്റെ പ്രായം ഏകദേശം എണ്‍പത്തൊന്‍പതു്. പിന്നെയും മുപ്പത്താറു കൊല്ലം കഴിഞ്ഞാണു കൃഷ്ണന്‍ മരിക്കുന്നതു്. അപ്പോള്‍ വയസ്സു 125. മുന്‍പേ പറഞ്ഞ നല്ല കാലമൊക്കെ കഴിഞ്ഞു എന്നര്‍ത്ഥം.

മാത്രമല്ല, കുടുംബത്തില്‍ പ്രാരബ്ധവും ദുഃഖങ്ങളും വേണ്ടുവോളം ഉണ്ടു താനും.


പണ്ടു് ഇന്ദ്രനെ കാണാന്‍ പോയപ്പോള്‍ ഒരു പൂവു കിട്ടി. അതു വേണമെന്നു പറഞ്ഞു രണ്ടു ഭാര്യമാര്‍ – രുക്മിണിയും സത്യഭാമയും – പൊരിഞ്ഞ അടി. അതു ശരിയാക്കാന്‍ ഇന്ദ്രലോകത്തു പോയി വഴക്കുണ്ടാക്കി പരിജാതവൃക്ഷത്തെ മൂടോടെ പറിച്ചു കൊണ്ടുവരേണ്ടി വന്നു. ഇതു രണ്ടു ഭാര്യമാരുടെ കാര്യമാണു്. ഇങ്ങനെ പതിനാറായിരത്തെട്ടു് എണ്ണമാണു ഭാര്യമാര്‍. ഒരു ദിവസമുണ്ടാകുന്ന പ്രശ്നങ്ങള്‍ പറയേണ്ട കാര്യമുണ്ടോ?

പിന്നെ, ഒരു ചേട്ടനുണ്ടു്. ബലരാമന്‍. ഫുള്‍ടൈം വെള്ളമടിച്ചു പാമ്പാണു്. അനന്തന്‍ എന്ന പാമ്പിന്റെ അവതാരമാണു പോലും. (പുള്ളിയുടെ സ്ഥിരം വെള്ളമടി മൂലം പുള്ളി പാമ്പിന്റെ അവതാരമാണെന്നു പറയുന്നു എന്നും, അല്ല പാമ്പിന്റെ അവതാരമായ പുള്ളിയുടെ വെള്ളമടി മൂലം വെള്ളമടിച്ചു പൂസാകുന്നവരെ പാമ്പു് എന്നു വിളിച്ചു പോന്നു എന്നും രണ്ടു മതമുണ്ടു്.) ഇടയ്ക്കു കലപ്പയെടുത്തു കിളയ്ക്കാന്‍ പോകുമെങ്കിലും കുടുംബത്തിനു യാതൊരു ഗുണവുമില്ല.

പിന്നെയുള്ളതു് ഒരു പെങ്ങളാണു്. സുഭദ്ര. താനും കൂടി കൂട്ടുനിന്നു് അവള്‍ ഒരുത്തന്റെ കൂടെ ഒളിച്ചോടി. വലിയ വില്ലാളിവീരനാണെന്നൊക്കെയായിരുന്നു കേള്‍വി. എന്തായാലും അധികകാലം കഴിയുന്നതിനു മുമ്പേ അവന്റെ ചേട്ടന്‍ അവനെയും സ്വന്തം ഭാര്യയെയുമൊക്കെ പണയം വെച്ചു ചൂതുകളിച്ചിട്ടു് പന്ത്രണ്ടു കൊല്ലം വനത്തിലും പിന്നെ ഒരു കൊല്ലം ഒളിവിലും ആയിരുന്നു. (ഇടയ്ക്കു കുറച്ചുകാലം ഷണ്ഡനായിരുന്നു എന്നും കേട്ടു. ശിവ ശിവ!) മനഃസമാധാനം ഇല്ലാതാവാന്‍ വേറേ എന്തെങ്കിലും വേണോ?

അതൊക്കെ പോകട്ടേ. അവരൊക്കെ ഇപ്പോള്‍ നല്ല നിലയിലാണു്. അവളുടെ മകന്‍ മരിച്ചു പോയെങ്കിലും മകന്റെ മകന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. വലിയ കുഴപ്പമില്ലാതെ പോകുന്നു. സ്വന്തം വീട്ടിലെ കാര്യമാണു കഷ്ടം. ഈയിടെ ഒരു പെണ്ണുകേസിന്റെ പുറകേ പോകേണ്ടി വന്നു. ചെറുമകന്‍ അനിരുദ്ധനാണു പണി പറ്റിച്ചതു്. അവനു പ്രേമിക്കാന്‍ ഒരു അസുരന്റെ മകളെയേ കണ്ടുള്ളൂ. ഉഷ. അവള്‍ വലിയ ആര്‍ട്ടിസ്റ്റാണെന്നോ, ഇവനെ സ്വപ്നം കണ്ടെന്നോ, ഇവന്റെ പടം വരച്ചെന്നോ, വര മൂത്തു മുഴുത്ത പ്രേമമായെന്നോ ഒക്കെ കേട്ടു. എന്തായാലും അവളുടെ തന്ത ബാണാസുരന്‍ അവനെ പിടിച്ചുകെട്ടി ഒരു തടവറയിലിട്ടു പൂട്ടി. അവനെ ഒന്നു് ഇറക്കിക്കൊണ്ടു വരാന്‍ പെട്ട പാടു്! എല്ലാം സഹിക്കാം, അതിനു വേണ്ടി ആ പരമശിവനെക്കൂടി കൂട്ടിനു കൂട്ടേണ്ടി വന്നു. ചെറുമകനെ പെണ്ണുകേസില്‍ നിന്നു് ഇറക്കാന്‍ അപ്പൂപ്പന്‍ പോയി യുദ്ധം ചെയ്യുന്നതു് വേറേ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഏതായാലും, നെടുമുടി വേണു ഒരുപാടു സിനിമകളില്‍ പറയുന്നതു പോലെ, മടുത്തു. ഏതായാലും ഇത്രയും കാലം ജീവിച്ചു. ഒരുപാടു കളികള്‍ കളിച്ചു. ഇനി വയ്യ. ദ്വാരകയിലും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. ഇനി അതും കൂടി കാണുന്നതിനു മുമ്പേ കണ്ണടഞ്ഞാല്‍ മതി. ഏതാണ്ടു് ഈ സമയത്തു തീരുമെന്നാണു പണ്ടു ഗാന്ധാരിയമ്മ ശപിച്ചതു്. ഞാനായിട്ടു് അതു ഫലിപ്പിച്ചില്ല എന്നു വേണ്ടാ. ഇന്നു തന്നെ ഏതെങ്കിലും മരത്തില്‍ കയറി തൂങ്ങാം…


…എന്നിങ്ങനെ വിചാരിച്ചു് ഒരു മരത്തില്‍ കയറി കയറ് കെട്ടി തൂങ്ങാന്‍ വിചാരിച്ചപ്പോഴാണു് ആന്റിക്ലൈമാക്സ് സംഭവിച്ചതു്. ഇളകുന്ന മയില്‍പ്പീലിയും മറ്റും കണ്ടു് ഒരു വേടന്‍ മയിലാണെന്നു തെറ്റിദ്ധരിച്ചു് അമ്പെയ്തു. അമ്പു കൊണ്ടപ്പോള്‍ ബാലന്‍സു തെറ്റി മരത്തില്‍ നിന്നു താഴെ വീണ ആഘാതത്തിലാണു മരണം സംഭവിച്ചതു്. ഓടി വന്ന വേടനോടു് “ഇതു നിന്റെ കുഴപ്പമല്ല, അല്ലെങ്കിലും ഞാന്‍ മരിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞതു കേട്ടു് അവന്‍ അന്തം വിട്ടു നിന്നു. അവനറിയുമോ കാര്യങ്ങളുടെ കിടപ്പു്!


വി. കെ. ഗോവിന്ദന്‍ നായരുടെ താഴെക്കൊടുക്കുന്ന പ്രസിദ്ധശ്ലോകം വായിച്ചപ്പോള്‍ ചിന്ത കാടു കയറിയതാണു് മുകളില്‍ കൊടുത്തതു്. കൃഷ്ണന്‍ ആത്മഹത്യ ചെയ്യാനായിരിക്കും മരത്തില്‍ കയറിയതു് എന്നു് ആദ്യം പറഞ്ഞതു് വി. കെ. ജി. ആയിരുന്നു.

ചൂടും പൂവിനു ശണ്ഠകൂടുമിരുപേര്‍ദ്ദാരങ്ങള്‍, കള്ളും കുടി-
ച്ചാടും ജ്യേഷ്ഠ, നുഴന്നു കാട്ടിലലയും ബന്ധുക്കളും തോഴരും,
കൂടും പെണ്‍കൊതിയാല്‍ പരന്റെ തടവില്‍ പാര്‍ത്തോരു പൌത്രന്‍ – ഹരേ!
വേടന്‍ തന്‍ കണ ശാഖിയില്‍ തവ ശവം തൂങ്ങാതെ രക്ഷിച്ചതോ?

“ചൂടുന്ന പൂവിനു ശണ്ഠ കൂടുന്ന രണ്ടു ഭാര്യമാര്‍, കള്ളും കുടിച്ചു് ആടുന്ന ജ്യേഷ്ഠന്‍, കാട്ടില്‍ ബുദ്ധിമുട്ടി അലയുന്ന ബന്ധുക്കളും തോഴരും, പെണ്‍‌കൊതി മൂത്തു് വേറൊരുത്തന്റെ തടവില്‍ പെട്ട ചെറുമകന്‍ – കൃഷ്ണാ, വേടന്റെ അമ്പു് നിന്റെ ശവം മരത്തില്‍ തൂങ്ങാതെ രക്ഷിച്ചു എന്നു വരുമോ?” എന്നര്‍ത്ഥം.