തുടങ്ങിയിടത്തു് എത്തുന്നവ

കുട്ടികള്‍ക്കുള്ളവ, വിശാഖ്, ശബ്ദം (Audio), സരസശ്ലോകങ്ങള്‍

Mouse-Cookie‍ചില പുസ്തകങ്ങള്‍ എങ്ങനെയാണു പ്രശസ്തമാകുന്നതു് എന്നാലോചിച്ചാല്‍ ഒരു പിടിയും കിട്ടില്ല. പ്രത്യേകിച്ചു കുട്ടികളുടെ പുസ്തകങ്ങള്‍. എന്തെങ്കിലും ഒരു ചെറിയ കഥയോ ആശയമോ ലക്ഷക്കണക്കിനു കുട്ടികളുടെ പ്രിയപ്പെട്ടതാവുന്നതിന്റെ രസതന്ത്രം പലപ്പോഴും ദുരൂഹമാണു്. പലപ്പോഴും യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന കഥകളെക്കാള്‍ അസംബന്ധമാവും കുട്ടികള്‍ക്കു പ്രിയം. അസംബന്ധം മാത്രം എഴുതുന്ന ഡോക്ടര്‍ സ്യൂസ് ദശാബ്ദങ്ങളായി അമേരിക്കയിലെ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണു്.

1980-കളുടെ ആദ്യപകുതിയില്‍ ലോറ ന്യൂമറോഫ് എന്ന എഴുത്തുകാരി കുട്ടികള്‍ക്കു വേണ്ടി ഒരു പുസ്തകമെഴുതി. പല പ്രസാധകര്‍ക്കും അതു് അയച്ചുകൊടുത്തെങ്കിലും ഒന്‍പതു പ്രാവശ്യം അതു തിരസ്കരിക്കപ്പെട്ടു. അവസാനം 1985-ല്‍ ഹാര്‍പ്പര്‍ അതു പ്രസിദ്ധീകരിക്കുമ്പോള്‍ ലക്ഷക്കണക്കിനു കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പുസ്തകശ്രേണിയുടെ തുടക്കമാണു് ആ പുസ്തകം എന്നു് ആരും കരുതിയില്ല.

If you give a mouse a cookie എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരു്. ഒരു ആണ്‍കുട്ടി ഒരു എലിക്കു് ഒരു ബിസ്കറ്റ് കൊടുക്കുന്നിടത്താണു കഥ തുടങ്ങുന്നതു്. സത്യത്തില്‍ അതൊരു കഥയല്ല. ബിസ്കറ്റ് കൊടുത്താല്‍ എന്തു സംഭവിക്കും എന്നു് ആ കുട്ടി ആലോചിച്ചുണ്ടാക്കുന്നതാണു്. ബിസ്കറ്റ് കൊടുത്താന്‍ അതു തൊണ്ടയില്‍ ഇറങ്ങാന്‍ പാല്‍ ചോദിക്കും. പാല്‍ കൊടുത്താല്‍ അതു കുടിക്കാന്‍ സ്ട്രോ ചോദിക്കും. സ്ട്രോ കിട്ടി പാല്‍ കുടിച്ചു കഴിഞ്ഞാല്‍ മുഖം തുടയ്ക്കാന്‍ നാപ്കിന്‍ ചോദിക്കും. മുഖം തുടച്ചു കഴിഞ്ഞാല്‍ പാല്‍ ശരിക്കു പോയോ എന്നു നോക്കാന്‍ കണ്ണാടി ചോദിക്കും. കണ്ണാടിയില്‍ നോക്കുമ്പോള്‍ മുടി വളര്‍ന്നതു കണ്ടു് മുടി വെട്ടാന്‍ കത്രിക ചോദിക്കും. കത്രിക കിട്ടി മുടി വെട്ടിക്കഴിഞ്ഞാല്‍ താഴെ വീണ മുടിയൊക്കെ വൃത്തിയാക്കാന്‍ ചൂലു ചോദിക്കും. വൃത്തിയാക്കല്‍ ചൂലു കൊണ്ടു തുടങ്ങി തറ കഴുകലും വീടു മൊത്തം വൃത്തിയാക്കലുമായി പുരോഗമിച്ചു് അവസാനം അതു ക്ഷീണിച്ചു് ഉറങ്ങണമെന്നു പറഞ്ഞു് ഒരു കിടക്ക ചോദിക്കും. കിടക്കയില്‍ കിടന്നു കഴിഞ്ഞാല്‍ ഒരു കഥ വായിച്ചു കൊടുക്കണം എന്നു പറയും. കഥ കേള്‍ക്കുമ്പോള്‍ പുസ്തകത്തിലെ പടങ്ങള്‍ കാണണം എന്നു പറയും. പടം കാണുമ്പോള്‍ അതു പോലെ ഒരെണ്ണം വരയ്ക്കണം എന്നു പറഞ്ഞു കിടക്കയില്‍ നിന്നു വെളിയിലിറങ്ങി പടം വരയ്ക്കും. പടം തീര്‍ന്നു കഴിയുമ്പോള്‍ അതിനു താഴെ സ്വന്തം പേരെഴുതാന്‍ പേന ചോദിക്കും. പൂര്‍ത്തിയായ ചിത്രം ഫ്രിഡ്ജില്‍ തൂക്കാന്‍ സ്കോച്ച് ടേപ്പ് ചോദിക്കും. പടം തൂക്കിയിരിക്കുന്ന ഫ്രിഡ്ജില്‍ കുറേ നോക്കിനില്‍ക്കുമ്പോള്‍ ദാഹിക്കും. പാലു ചോദിക്കും. പാല്‍ കിട്ടിക്കഴിയുമ്പോള്‍ അതിന്റെ കൂടെ തിന്നാന്‍ ഒരു ബിസ്കറ്റ് ചോദിക്കും!

ഈ കഥയിലെ എലി കുട്ടി തന്നെയാണു്. കുട്ടികള്‍ ഓരോ കാര്യവും ചെയ്യുമ്പോഴും ശ്രദ്ധ മാറി മറ്റു പലതിലേക്കു പോകുന്നതും, അച്ഛനമ്മമാര്‍ അവരുടെ പിറകേ അവര്‍ ചോദിക്കുന്ന ഓരോ സാധനവുമായി എത്തുന്നതും, ഉറക്കാന്‍ കൂട്ടാക്കാതെ അവര്‍ ചാടിയെഴുനേല്‍ക്കുന്നതും ഒക്കെ സാധാരണസംഭവങ്ങളാണു്. തങ്ങളുടെ ജീവിതത്തോടു് ഇത്ര സാദൃശ്യമുള്ളതുകൊണ്ടാവാം ഈ പുസ്തകം ഇത്ര പ്രിയപ്പെട്ടതായതു്.

ഇതിന്റെ മറ്റൊരു പ്രത്യേകത ബിസ്കറ്റില്‍ (കുക്കി) തുടങ്ങി ബിസ്കറ്റില്‍ അവസാനിക്കുന്നതാണു്. ഈ പ്രക്രിയ അനന്തമായി തുടരുന്നു എന്നൊരു പ്രതീതി അതുണ്ടാക്കുന്നു. അവസാനത്തിലെ ഈ നര്‍മ്മവും പുസ്തകത്തെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ടാവും. ഫെലീസിയ ബോണ്ടിന്റെ വരയും അതിനെ വളരെ ഹൃദ്യമാക്കി.

ഏതായാലും, ഈ പുസ്തകം വിജയിച്ചതോടെ, അതു പോലെ ഒരു പറ്റം പുസ്തകങ്ങള്‍ ലോറയും ഫെലീസിയയും ചേര്‍ന്നു് ഉണ്ടാക്കി. If you give a moose a muffin, If you give a pig a pancake, If you give a pig a party എന്നിങ്ങനെ. ഈ സിരീസിലെ ഏറ്റവും അവസാനത്തെ പുസ്തകം 2008 ഒക്ടോബറില്‍ ഇറങ്ങിയ If you give a cat a cupcake ആണു്.

അവസാനം ലോറ ഒരു ആത്മകഥ എഴുതിയപ്പോള്‍ അതിനു കൊടുത്ത പേരു് If you give an author a pencil എന്നാണു്. പെന്‍സിലില്‍ തുടങ്ങി പെന്‍സിലില്‍ തീരുന്നതാണോ എന്നറിയില്ല 🙂

ഇതുപോലെ തുടങ്ങിയടത്തു് അവസാനിക്കുന്ന ഏതെങ്കിലും കഥയോ പാട്ടോ മലയാളത്തിലോ ഭാരതീയപുരാണങ്ങളിലോ മറ്റോ ഉണ്ടോ എന്നു് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നതു മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതാണു്. പക്ഷേ അതു് ഇത്തരത്തിലുള്ള ഒരു കഥയല്ല. മൂഷികസ്ത്രീയ്ക്കു വരനെ അന്വേഷിച്ചു നടക്കുന്ന മുനി തുടങ്ങുന്നതു സൂര്യനിലാണു്, മൂഷികനിലല്ല.

ആ കഥയുടെ ഗുണപാഠങ്ങള്‍ മറ്റു പല വഴിക്കുമാണു പോകുന്നതു്. ആരും ആരെക്കാള്‍ മികച്ചതല്ല എന്നൊരു ഗുണപാഠം. ഒരു ചെറിയ എലി പോലും സൂര്യന്‍, മേഘം, കാറ്റു്, പര്‍വ്വതം എന്നിവയെക്കാള്‍ മികച്ച ആളാവാന്‍ പറ്റും എന്നൊരു ഗുണപാഠം. മഹത്ത്വം നോക്കുന്നവന്റെ കണ്ണുകളിലാണു് എന്നു മറ്റൊരു ഗുണപാഠം.

ഈ വക ഗുണപാഠങ്ങളോടൊപ്പം തന്നെ ഒരു സാമൂഹികസന്ദേശം കൂടി ആ കഥ നല്‍കുന്നുണ്ടു്. തനിക്കു പറ്റിയ ആളെ കല്യാണം കഴിച്ചാല്‍ മതി, വലിയ കൊമ്പത്തെ ആളെ നോക്കരുതു് എന്നു്. എന്തായാലും പെണ്ണെലിയ്ക്കു് അവസാനം ആണെലി തന്നെയാണു് ഏറ്റവും നല്ലതു് എന്നു്. ചുഴിഞ്ഞാലോചിക്കുന്നവര്‍ക്കു് ഇതു മിശ്രവിവാഹത്തിനെതിരായ ഒരു പ്രതിലോമകഥയാനെന്നു വാദിക്കാം.

അതെന്തെങ്കിലുമാകട്ടേ. തുടങ്ങിയ ഇടത്തു തന്നെ അവസാനിക്കുന്ന കഥയ്ക്കു് ഈ ഉദാഹരണം പോരാ.


തുടങ്ങിയ സ്ഥലത്തു തിരി‍ച്ചെത്തുന്ന ഒരു കുട്ടിപ്പാട്ടാണു പിന്നെ ഓര്‍മ്മ വന്നതു്. ഒരു അസംബന്ധപ്പാട്ടു തന്നെ.

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

കോഴി കൊത്ത്യാലു് – എന്റെ
മാല പൊട്ടൂലോ…

മാല പൊട്ട്യാലു് – എന്റെ
വീട്ടിലറിയൂലോ…

വീട്ടിലറിഞ്ഞാലു് – എന്നെ
അമ്മ തല്ലൂലോ…

(ചൊല്ലിയതു്: വിശാഖ്)
download MP3
അമ്മ തല്ല്യാലു് – എന്നെ
അച്ഛന്‍ കൊല്ലൂലോ…

അച്ഛന്‍ കൊന്നാലു് – എന്നെ
വലിച്ചെറിയൂലോ…

വലിച്ചെറിഞ്ഞാലു് – എന്നെ
ചിതലരിക്കൂലോ…

ചിതലരിച്ചാലോ – എന്നെ
കോഴി കൊത്തൂലോ…

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

 

മാല പൊട്ടിയാല്‍ അച്ഛന്‍ കൊല്ലുമെന്നുള്ള ഭീകരമായ സന്ദേശം നല്‍കുന്ന ഈ പാട്ടു് കളിയായിട്ടു പോലും കുട്ടികളുടെ മുമ്പില്‍ പാടരുതു് എന്നു് എനിക്കു കര്‍ശനമായ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടു്. മാത്രമല്ല, മരിച്ചു കഴിഞ്ഞാല്‍ ശവത്തിനു സംഭവിക്കുന്ന പരിണാമം ഹൊറര്‍ സിനിമകളില്‍ കാണുന്നതുപോലെ വിവരിക്കുന്നതു പിഞ്ചുമനസ്സുകളെ ചഞ്ചലമാക്കും എന്നും. എന്തായാലും അത്ര ചഞ്ചലമല്ലാത്തെ പിഞ്ചുമനസ്സുകളൊക്കെ അവസാനം കോഴി കൊത്തുന്നതിലേയ്ക്കു തിരിച്ചെത്തുന്ന ഈ പാട്ടു് വളരെ സന്തോഷത്തോടെ പാടി നടക്കുന്നതു കണ്ടിട്ടുണ്ടു്. കോഴി കൊത്തുന്നതില്‍ത്തന്നെ തിരിച്ചെത്തുന്നതാണു് മിക്കവരും ഇതിഷ്ടപ്പെടാന്‍ കാരണം.


ഒന്നുകൂടി ആലോചിച്ചപ്പോള്‍ തുടങ്ങിയിടത്തു തിരിച്ചെത്തുന്ന ഒരു ശ്ലോകം കിട്ടി.

എന്താണെന്നറിയില്ല, ഈയിടെയായി എന്തു പറഞ്ഞാലും ഞാന്‍ ശ്ലോകത്തിലെത്തും. ഇതൊരു മാനസികരോഗമാണോ ഡോക്ടര്‍? 🙂

ത്രിപുരദഹനം നടത്തിയ ശിവനെപ്പറ്റിയാണു ശ്ലോകം. ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നിവിടങ്ങളില്‍ മൂന്നു പുരങ്ങള്‍. വിമാനം പോലെ സഞ്ചരിക്കുന്നവയാണു്. ഓരോന്നിലും ഓരോരുത്തന്‍. ആയിരം കൊല്ലം കൂടുമ്പോള്‍ ഇവ മൂന്നും ഒന്നിക്കും. അപ്പോള്‍ ഒരൊറ്റ അമ്പു കൊണ്ടു് അവയെ ഒന്നിച്ചു നശിപ്പിക്കണം. എന്നാലേ അവര്‍ മരിക്കൂ. ബ്രഹ്മാവു കൊടുത്ത വരമാണു്.

ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ ദേവന്മാര്‍ അവരെ കൊല്ലുന്ന ജോലി ലോകത്തെ ഏറ്റവും വലിയ വില്ലാളിയായ ശിവനെയാണു് ഏല്‍പ്പിച്ചതു്. ഈ കര്‍മ്മത്തിനു സാധാരണ ആയുധങ്ങളൊന്നും പോരാത്തതുകൊണ്ടു് സ്പെഷ്യല്‍ വെപ്പണ്‍സ് ആക്റ്റ് കൊണ്ടുവന്നു. മഹാമേരുവാണു വില്ലായതു്. (ഇതിന്റെ മുകളിലാണു ദേവന്മാരുടെ താമസം. അതായതു് വില്ലിന്റെ മുകളില്‍ ദേവന്മാര്‍ മുഴുവനും ഉണ്ടു്.) വാസുകി എന്ന സര്‍പ്പമാണു വില്ലിന്റെ ഞാണ്‍. (പാവം വാസുകി! പാലാഴി കടഞ്ഞാലും ത്രിപുരന്മാരെ കൊന്നാലും വലിക്കുന്നതു വാസുകിയെത്തന്നെ!) മഹാവിഷ്ണുവാണു് അമ്പു്. അമ്പിന്റെ തലയ്ക്കു് അഗ്നി. കൊണ്ടാല്‍ കൊള്ളുന്നതു കത്തിപ്പോകും. അമ്പിന്റെ കടയ്ക്കല്‍ വായു. അമ്പു സ്പീഡില്‍ പറക്കും.

ഇനിയും കുറേ സംഭവങ്ങള്‍ കൂടി ഇതിനോടനുബന്ധിച്ചുണ്ടു്. എല്ലാം ഇവിടെ പറയുന്നില്ല. വില്ലായതു് മഹാമേരുവല്ല, മന്ദരപര്‍വ്വതമാണു് എന്നൊരു മതവുമുണ്ടു്. അതും പോകട്ടേ…

ഇങ്ങനെയുള്ള സെറ്റപ്പിലാണു ശിവന്‍ ത്രിപുരദഹനത്തിനൊരുങ്ങിയതു്. പ്ലാന്‍ ചെയ്തതു പോലെ ഒരൊറ്റ അമ്പു കൊണ്ടു് ത്രിപുരന്മാരുടെ കഥ കഴിച്ചു.

ഇനി ശ്ലോകം.

കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും തൊടുകുറി, കുറിയില്‍-
    ച്ചേര്‍ത്തുവെച്ചൂതിയെന്നാല്‍
മാറ്റേറും വില്ലു, വില്ലിന്‍ മുകളിലമരുവോര്‍-
    ക്കല്ലല്‍ തീര്‍പ്പോരു ബാണം,
പോറ്റീ! ബാണം കിടക്കും മണിമയസദനം
    കങ്കണം, കങ്കണത്തി-
ന്നൂറ്റം കാ, റ്റെത്ര നന്നിത്തൊഴിലുകള്‍, ശിവപേ-
    രൂരെഴും തിങ്കള്‍മൌലേ!

download MP3

ശിവന്റെ നെറ്റിയിലെ തൊടുകുറി കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതാണു്. കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതു തീക്കനല്‍. ശിവന്റെ മൂന്നാം കണ്ണു് തീക്കനലാണെന്നാണല്ലോ സങ്കല്പം. ഇനി, ആ തീക്കനില്‍ വെച്ചു് ഊതിയാല്‍ മാറ്റു കൂടുന്നതാണു വില്ലു്. അതായതു വില്ലു സ്വര്‍ണ്ണമാണു്. മഹാമേരു സ്വര്‍ണ്ണം കൊണ്ടുള്ള മലയാണെന്നാണു സങ്കല്പം. വില്ലിന്റെ (മഹാമേരുവിന്റെ) മുകളില്‍ താമസിക്കുന്നവര്‍ക്കു് (ദേവന്മാര്‍ക്കു്) ദുഃഖം ഇല്ലാതാക്കുന്ന അമ്പു് (വിഷ്ണു). അമ്പു് (വിഷ്ണു) കിടക്കുന്ന കിടക്ക (പാമ്പു്. വിഷ്ണു കിടക്കുന്നതു് അനന്തന്‍ എന്ന പാമ്പിന്റെ പുറത്താണല്ലോ) ആഭരണമാണു്. (ശിവന്റെ ആഭരണം പാമ്പാണല്ലോ.) ഈ ആഭരണത്തിന്റെ (പാമ്പിന്റെ) ഭക്ഷണം കാറ്റാണു്. (പാമ്പു കാറ്റു തിന്നാണു ജീവിക്കുന്നതു് എന്നു മറ്റൊരു സങ്കല്പം.) ഒരു രക്ഷയുമില്ലാത്തെ തൊഴിലുകളാണല്ലോ നിന്റേതു് എന്നു തൃശ്ശൂര്‍ വടക്കുന്നാഥനോടു ചോദിക്കുകയാണു കവി.

നാലാം വരി “കങ്കണത്തിന്നൂണ്‍ കാറ്റാ, ണെത്ര നന്നി…” എന്നാണെന്നും ഏതോ അക്ഷരശ്ലോകക്കാരന്‍ ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ഇങ്ങനെ മാറ്റിയതാണെന്നും ഒരു അഭിപ്രായമുണ്ടു്.

അങ്ങനെ കാറ്റില്‍ തുടങ്ങി കാറ്റില്‍ അവസാനിക്കുന്നു ഈ ശ്ലോകം. കവി ആരാണെന്നു് അറിയില്ല.

ഇതുപോലെ തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന എന്തെങ്കിലും (പാട്ടോ കഥയോ ശ്ലോകമോ മറ്റോ) നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ?