വ്യക്തിഹത്യയുടെ പ്രശ്നങ്ങൾ

നര്‍മ്മം, പ്രശ്നങ്ങള്‍ (Problems), വ്യക്തിഹത്യ

Sreejith-Cricket‍മനുഷ്യനിപ്പോൾ മാനം മര്യാദയ്ക്കു വ്യക്തിഹത്യ ചെയ്യാനും പറ്റില്ലത്രേ!

ആളുകളെ അധിക്ഷേപിക്കൽ, ഹേറ്റ് സ്പീച്ച്, ആക്ഷേപഹാസ്യം ആദിയായ കലാപരിപാടികൾ ബ്ലോഗിൽ ചെയ്താൽ ഐപ്പീസിയോ ഐട്ടിനിയമമോ 67 എന്നൊരു സാധനം ഉപയോഗിച്ചു കേസു കൊടുക്കുമത്രേ!

ഇതു പണ്ടേ കണ്ടതുകൊണ്ടല്ലേ ഞാൻ വ്യക്തിഹത്യയ്ക്കു് ഈ ബ്ലോഗ് ഉപയോഗിക്കാത്തതു്. അതിനു വേണ്ടി തുടങ്ങിയ ബ്ലോഗാണു് ബുദ്ധിപരീക്ഷ.

മേൽ‌പ്പറഞ്ഞ ഐപ്പീസി/ഐട്ടി നിയമത്തിലൊരു ലൂപ്പ്‌ഹോളുണ്ടു്. അതായതു്, “ഗണിതം, ധനതത്ത്വശാസ്ത്രം, വൈരുദ്ധ്യാത്മകഭൌതികവാദം, പക്ഷിശാസ്ത്രം, കോടാങ്കിശാസ്ത്രം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങളിലെ പ്രഹേളികകൾ അനാവരണം ചെയ്യുന്ന കൃതികളിലുള്ള വ്യക്തി-സമൂഹ-ഹത്യകൾ ഈ നിയമത്തിന്റെ പരിധിയിൽ വരികില്ല” എന്നു്.

അതുകൊണ്ടാണു് ഞാൻ ബുദ്ധിപരീക്ഷ എന്ന ബ്ലോഗ് തുടങ്ങിയതു്. പുറത്തു നിന്നു നോക്കിയാൽ പസ്സിൽ ബ്ലോഗാണു്. അകത്തു കടന്നാലോ, വിശാലമായ വ്യക്തിഹത്യയും.

വിശാലമനസ്കനെ വധിച്ചു കൊണ്ടായിരുന്നു തുടക്കം – എടത്താടൻ മുത്തപ്പനും ചെക്കിലെ പിശകും. പിന്നെ കലേഷ്, സിദ്ധാർത്ഥൻ, ദിൽബാസുരൻ, ദേവൻ, കുറുമാൻ, വിശാലൻ, തറവാടി, വല്യമ്മായി തുടങ്ങി യൂയേയിക്കാരെ വധിച്ചുകൊണ്ടുള്ള യു. എ. ഇ. മീറ്റും മണ്ണെണ്ണയും. വക്കാരിയെയും ചിത്രകാരനെയും ഒക്കെ വധിക്കാൻ പോയിട്ടു് അവസാനം ഷിജു അലക്സിനെ കൊന്നു കൊലവിളിച്ച ഹ്രീഹ്ലാദവും ജഞ്ജലിപ്പും ആയിരുന്നു ഈ സിരീസിലെ അവസാനത്തെ പോസ്റ്റ്.

നിങ്ങൾ ഇതുവരെ അതു വായിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്കു പസ്സിലുകളോ വ്യക്തിഹത്യയോ രണ്ടുമോ ഇഷ്ടമാണെങ്കിൽ, വായിക്കുക. ഇൻഡക്സ് ഇവിടെ ഉണ്ടു്.

അവിടെ കമന്റുകൾ മോഡറേറ്റഡ് ആണു്. അയച്ച ഉത്തരങ്ങൾ ആരും കാണാതിരിക്കാനാണതു്. ഉത്തരവും അയച്ചവരുടെ വിവരങ്ങളും പിന്നീടു പ്രസിദ്ധീകരിക്കും.


ഈ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റാണു് ക്രിക്കറ്റ് മണ്ടത്തരങ്ങൾ. ഈ വരുന്ന മുപ്പത്തൊന്നാം തീയതി വിവാഹിതനാകുന്ന ശ്രീജിത്തിനു് എന്റെ സമ്മാനം. എഴുതാൻ തുടങ്ങിയിട്ടു് ഒരു കൊല്ലത്തിലധികമായെങ്കിലും ശ്രീജിത്ത് അമേരിക്കയിൽ നിന്നു് ഇന്ത്യയിലേക്കു പ്ലെയിനിൽ ഇരിക്കുന്ന സമയത്താണു് ഇതു പോസ്റ്റ് ചെയ്തതു്. ശ്രീജിത്ത് കൂടാതെ ആദിത്യൻ, നളൻ, തഥാഗതൻ, ചന്ത്രക്കാറൻ, കൊച്ചുത്രേസ്യ, മഴനൂലുകൾ, ജ്യോതിട്ടീച്ചർ എന്നിവരാണു് ഇതിലെ കഥാപാത്രങ്ങൾ. ഇനി ഇങ്ങനെ കൊല്ലപ്പെടാൻ സന്നദ്ധതയുള്ള ബാംഗ്ലൂർ ബ്ലോഗേഴ്സ് ബാക്കിയുണ്ടെങ്കിൽ ക്യൂവിൽ നിന്നു ടോക്കൻ എടുക്കേണ്ടതാണു്.


90% തീർന്നിരിക്കുന്ന പോസ്റ്റുകൾ തീർത്തു പബ്ലിഷ് ചെയ്യുക എന്ന പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചതാണു് ഈ പോസ്റ്റ്.

ഒരു കൊല്ലം മുമ്പു്, കൃത്യമായി പറഞ്ഞാൽ 2008 ജനുവരി 16-നു് ഞാൻ കാർട്ടൂണിസ്റ്റ് സജ്ജീവിനോടു ഗൂഗിൾ ചാറ്റിൽ ചോദിച്ചു:

“ഗുരോ, ശ്രീജിത്ത് ക്രിക്കറ്റു കളിക്കുന്ന ഒരു പടം വരച്ചുതരാമോ? ഒരു പോസ്റ്റിൽ ഇടാനാണു്.”

കൃത്യം ഇരുപതു മിനിട്ടു കഴിഞ്ഞപ്പോൾ പടം റെഡി.

അതിനു ശേഷം ഒരു പത്തു തവണയെങ്കിലും ആ പോസ്റ്റു പബ്ലിഷ് ചെയ്തോ എന്നു് സജ്ജീവ് ചോദിച്ചിട്ടുണ്ടു്. എന്റെ മടി മൂലം ഇതുവരെ അതു നടന്നില്ല. കുറെക്കഴിഞ്ഞു്, എന്നാൽ എന്റെ പടം തിരിച്ചു തരൂ എന്നു വിലപിച്ചു. ഞാൻ കൊടുത്തില്ല.

കാർട്ടൂണിസ്റ്റ് സജ്ജീവിനു് ആയിരം നന്ദി.

ക്രിക്കറ്റ്, ബാംഗ്ലൂരിന്റെ ഭൂമിശാസ്ത്രം എന്നിവയെപ്പറ്റി ഒരു വിവരവുമില്ലാത്ത (ബൌളിംഗ് ആവറേജിനെ റൺ റേറ്റ് എന്നായിരുന്നു ഞാൻ എഴുതിയിരുന്നതു്!) എന്നെ ഈ പോസ്റ്റിലേയ്ക്കാവശ്യമായ വിവരങ്ങൾ തന്നു സഹായിക്കുകയും പോസ്റ്റ് തിരുത്തിത്തരുകയും ചെയ്ത ചില മഹാവ്യക്തികളുണ്ടു്. കേസ് വന്നാൽ അവർക്കും പ്രശ്നമാകും എന്നുള്ളതു കൊണ്ടു് ആരുടെയും പേരു പ്രസിദ്ധീകരിക്കുന്നില്ല. എല്ലാവർക്കും നന്ദി.