വിധി ചതിച്ചപ്പോൾ…

പരിഭാഷകള്‍ (Translations), രാഷ്ട്രീയം, ശ്ലോകങ്ങള്‍ (My slokams), സുഭാഷിതം

തന്റെ മകൾ മരിച്ചപ്പോൾ ഏ. ആർ. രാജരാജവർമ്മ എഴുതിയ വിലാപകാവ്യത്തിൽ നിന്നു് (വൃത്തം: പുഷ്പിതാഗ്ര):

ശ്ലോകം:

ഗണയതി ഗണകസ്സുദീർഘമായുർ-
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിർമിഷിതാമഥോഭയേഷാം

അര്‍ത്ഥം:

ഗണകഃ : ജ്യോത്സ്യൻ
ഗഗന-ഗത-ഗ്രഹ-ഗോള-സന്നിവേശൈഃ : ആകാശത്തു സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനം നോക്കിയും
വൈദ്യഃ : വൈദ്യൻ
വന-തൃണ-രസ-മേളനൈശ്ച : കാട്ടിലെ പുല്ലിന്റെ ചാറിന്റെ അടിസ്ഥാനത്തിലും
സുദീർഘം ആയുഃ ഗണയതി : ദീർഘായുസ്സു ഗണിക്കുന്നു
അഥ വിധിഃ : വിധിയോ
ഉഭയേഷാം (ഗണനം) : രണ്ടുപേരുടെയും (കണക്കുകൂട്ടലുകൾ)
മിഷിതാം ഹരതി : ഒരു നിമിഷം കൊണ്ടു തട്ടിക്കളയുന്നു

“വിധി” എന്നതിനു “ജനവിധി” എന്നും അർത്ഥം പറയാം. കാലാനുസൃതമായ വ്യാഖ്യാനങ്ങൾ താമരയ്ക്കും ശശിയ്ക്കും മാത്രം പോരല്ലോ 🙂


അക്ഷരശ്ലോകം ഗ്രൂപ്പിൽ ചൊല്ലാൻ വേണ്ടി ഞാൻ തയ്യാറാക്കിയ (2006) ഒരു വികലപരിഭാഷ (വൃത്തം: വംശസ്ഥം):

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കുറച്ചു കൂടി നന്നായി ഇതിനെ പരിഭാഷപ്പെടുത്താൻ ആരെങ്കിലും ഒരു കൈ സഹായിക്കുമോ?


അല്ലാ, ഇന്നെന്തിനാണു ഞാൻ ഇതു പ്രസിദ്ധീകരിച്ചതു്? ഓ, ചുമ്മാ… 🙂


മറ്റു പരിഭാഷകൾ:

  1. പി. സി. മധുരാജ്: (പുഷ്പിതാഗ്ര):
    ഗ്രഹനില കണിശം ഗണിച്ചു, മേതോ
    ചെടിയുടെ നീരിലെ ശക്തി വിശ്വസിച്ചും
    ഗണകനുമഥ വൈദ്യനും ചിരായു-
    സ്സരുളുകിലും വിധിയൊക്കെ മാറ്റിടുന്നൂ

  2. ജയകൃഷ്ണൻ കാവാലം: (അന്നനട)
    ഗണിച്ചു ഗ്രഹപഥമപഗ്രഥിച്ചുമ-
    ഗ്ഗണകനോതിടും സുദീര്‍ഘജീവിതം
    തൃണരസത്തിനാല്‍ ഭിഷഗ്വരന്നുടെ
    ശ്രമം, മൃതിക്കൊട്ടരവധി നല്‍കുവാന്‍
    ഹനിപ്പു കാലമാ ശ്രമഫലങ്ങളെ
    കെടുത്തിടുന്നു ഹാ വിചിത്ര വൈഭവം!
  3. രാജേഷ് വർമ്മ: (ശാർദ്ദൂലവിക്രീഡിതം)
    വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
    വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
    കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
    കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി