കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്തുമസ് അവധി പ്രമാണിച്ചു് ഇന്റർനെറ്റിനു തീണ്ടാപ്പാടകലെയായിരുന്നു ജീവിതം. രാജ്‌മോഹൻ ഉണ്ണിത്താൻ സംഭവമായിരുന്നു വായിച്ച അവസാനത്തെ വാർത്ത.
അങ്ങനെയിരിക്കുമ്പോഴാണു് പ്രതീക്ഷിക്കാത്ത ചില ആളുകളിൽ നിന്നു് ഒരു ശ്ലോകത്തെപ്പറ്റിയുള്ള ചോദ്യം വന്നതു്: “കാമാതുരാണാം ന ഭയം ന ലജ്ജാ” എന്ന ഭാഗം ഏതു പുസ്തകത്തിൽ നിന്നുള്ളതാണെന്നും, ആ ശ്ലോകത്തിന്റെ പൂർണ്ണരൂപം എന്താണെന്നുമായിരുന്നു ചോദ്യങ്ങൾ. പെട്ടെന്നു് എങ്ങനെ ഈ സുഭാഷിതം പ്രശസ്തമായി എന്നു് അന്വേഷിച്ചപ്പോഴാണു് (ഇതിനു മുമ്പു് ഇങ്ങനെയൊരു കൂട്ട ആവശ്യം ഉയർന്നതു് ഏതോ ആഭരണക്കടയോ തുണിക്കടയോ മറ്റോ “ഉഡുരാജമുഖീ…” എന്ന ശ്ലോകമെടുത്തു് അടിച്ചു പരത്തി വലിച്ചു നീട്ടി ഒരു പരസ്യം ഉണ്ടാക്കിയപ്പോളായിരുന്നു.) കോൺഗ്രസ്സിന്റെ തല മൂത്ത നേതാവു് നാരായൺ ദത്ത് തിവാരിയുടെ വിക്രിയകൾ റിപ്പോർട്ടു ചെയ്ത ചാനൽ അവതാരകൻ ഈ വരിയും ഉദ്ധരിച്ചിരുന്നു എന്നറിഞ്ഞതു്. അങ്ങനെ ആ വാർത്ത കേട്ടറിഞ്ഞു ചെന്നപ്പോളേയ്ക്കും ആ ശ്ലോകവും തിവാരീലീലകളുടെ സ്പെഷ്യൽ വീഡിയോ ഫുട്ടേജും അടങ്ങിയ യൂട്യൂബ് വീഡിയോ അപ്രത്യക്ഷമായിരുന്നതിനാൽ സംഗതി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇന്നാണു് സംഗതി ഇവിടെ കണ്ടതു്. സംഭവം ശരി തന്നെ. അവതാരകൻ ഈ വരി ഉദ്ധരിക്കുന്നുണ്ടു്.
എന്തായാലും ശ്ലോകം താഴെ. ഗരുഡപുരാണത്തിലേതാണു സംഭവം.
അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ
അർത്ഥ-ആതുരാണാം ന സുഹൃത്, ന ബന്ധുഃ | : | ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല |
കാമ-ആതുരാണാം ന ഭയം, ന ലജ്ജാ | : | കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല |
ചിന്ത-ആതുരാണാം ന സുഖം, ന നിദ്രാ | : | ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല |
ക്ഷുത്-ആതുരാണാം ന ബലം, ന തേജഃ | : | വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല |
ഈ ശ്ലോകത്തിനു പല പാഠഭേദങ്ങളും ഉണ്ടു്.
- ഒന്നാം വരിയിൽ “ന സുഹൃത്, ന ബന്ധുഃ” എന്നതിനു പകരം “ന സഖാ, ന ബന്ധുഃ” എന്നു്. അർത്ഥം അതു തന്നെ. (അല്ലാതെ കാശുള്ളവനു കമ്യൂണിസ്റ്റുകാരൻ – സഖാവു് – ബന്ധുവല്ല എന്നല്ല.)
- മൂന്നാം വരിയിൽ ചിന്താതുരനു പകരം വിദ്യാതുരനെയും കണ്ടിട്ടുണ്ടു്. പഠിത്തം തലയ്ക്കു പിടിച്ചാൽ പിന്നെ സുഖിക്കാനും ഉറങ്ങാനും നിൽക്കില്ല എന്നു്.
- നാലാം വരി “ക്ഷുധാതുരാണാം ന രുചിർന്ന പക്വം” എന്നും ആവാം. വിശന്നുവലയുന്നവനു ഭക്ഷണത്തിന്റെ രുചിയും പാകവും പ്രശ്നമല്ല എന്നർത്ഥം.
ഈ ശ്ലോകത്തിലെ രണ്ടാം വരിയാണു് ചാനലുകാരൻ എടുത്തു ചാമ്പിയതു്. ആ വാർത്ത മുഴുവൻ തിവാരിയുടെ പ്രവൃത്തികളെ വളരെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിക്കുന്നതാണെന്നു മനസ്സിലാകാൻ തെലുങ്ക് അറിയേണ്ട കാര്യമില്ല. രണ്ടോ മൂന്നോ ചിത്രങ്ങൾ തന്നെ തിരിച്ചും മറിച്ചും കാണിച്ചു് ഏതോ തെലുങ്കുപാട്ടിന്റെ അകമ്പടിയോടുകൂടി അത്രയും വലിച്ചുനീട്ടിയ ആ ചാനൽ അഭ്യാസികളുടെ ജുഗുപ്സാവഹമായ കാമരോഗത്തെക്കാൾ കൂടുതലാണോ തിവാരിയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കാമരോഗം?
ചാനലുകളുടെയും പൊതുജനത്തിന്റെയും അവർക്കു കൂട്ടുനിൽക്കുന്ന പോലീസിന്റെയും കാമരോഗങ്ങൾക്കു് ഉദാഹരണങ്ങൾ ഈയിടെയായി ഏറെയാണു്. പ്രായപൂർത്തിയായ ആണും പെണ്ണും വിവാഹത്തിനു വെളിയിൽ രഹസ്യമായി ബന്ധപ്പെടുന്നതു കുറ്റകരമല്ലാതിരിക്കേ, അങ്ങനെയുള്ള ഏതു വാർത്തയെയും ചൊറിഞ്ഞിളക്കി പടമെടുത്തു് വീണ്ടും വീണ്ടും ടെലിവിഷനിൽ കാണിച്ചു രസിക്കുന്നതു രോഗമല്ലെങ്കിൽ പിന്നെന്താണു്? (കൊലപാതകങ്ങളെയും അക്രമങ്ങളെയും അവർ ഇങ്ങനെ തന്നെ ആസ്വദിക്കുന്നു എന്നതു മറ്റൊരു കാര്യം.) ഒരു വീട്ടിൽ നടക്കുന്ന അനാശ്യാസപ്രവർത്തനങ്ങൾ നാട്ടുകാരുടെ, പ്രത്യേകിച്ചു കൊച്ചുകുട്ടികളുടെ സന്മാർഗ്ഗതയെ ബാധിക്കുന്നു എന്നതാണു വാദമെങ്കിൽ, അവ ഇങ്ങനെ പച്ചയായി ടെലിവിഷനിൽ കാണിച്ചാൽ അതു കാണുന്നവരുടെ സന്മാർഗ്ഗതയെ ബാധിക്കില്ലേ?
തിവാരിക്കു മുമ്പേ രാജ്‌മോഹൻ ഉണ്ണിത്താനെ നമ്മൾ കണ്ടു. നാട്ടുകാരെക്കൊണ്ടു പടമെടുപ്പിക്കാനും പുലഭ്യം പറയിക്കാനും അനുവദിച്ച പോലീസിന്റെ പ്രവൃത്തിയെപ്പറ്റി എന്തു പറയാൻ? എന്തു കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും അതിൽ അശ്ലീലം കൊണ്ടുവരുന്ന ഉണ്ണിത്താനെ “കാമാതുരൻ” എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, ഈ സംഭവത്തിൽ കാമരോഗം അദ്ദേഹത്തെക്കാൾ പൊതുജനത്തിനാണു്.
അതിനെക്കാൾ ഭീകരമായ ഒരു സംഭവം അതിനും കുറച്ചു മുമ്പു നടന്നു. അനാശാസ്യപ്രവർത്തനം നടക്കുന്നു എന്നു സംശയിച്ച ഒരു വീട്ടിൽ മാദ്ധ്യമങ്ങൾ – പോലീസല്ല, മാദ്ധ്യമങ്ങൾ – ഇരച്ചുകയറി അവിടെയുണ്ടായ ഒരു പെണ്ണിന്റെ പൂർണ്ണനഗ്നതയും അതിനു ശേഷം അവൾ വസ്ത്രം ധരിക്കുന്നതും ക്യാമറയിൽ പകർത്തി ടീവിയിൽ കാണിച്ചു. തെണ്ടികൾ. എന്നിട്ടു് അതിനോടു ചേർന്നു് കുറേ ഊഹാപോഹങ്ങളും അപവാദപ്രചാരണങ്ങളും. “ബിനീഷ് കോടിയേരിയെ ഒരു വേശ്യാലയത്തിൽ നിന്നും പിടികൂടി” എന്നു തുടങ്ങിയ ആരോപണം അവസാനം “ബിനീഷ് കോടിയേരിയോടു രൂപസാദൃശ്യമുള്ള ഒരാളും ആ പെണ്ണും ഉള്ള തീരെ ആഭാസമല്ലാത്ത ഒരു സാധാരണഫോട്ടോ അവളുടെ ലാപ്‌ടോപ്പിൽ നിന്നു കണ്ടെടുത്തു” എന്നു പരിണമിച്ചതു കാണുമ്പോൾ കാക്കയെ ഛർദ്ദിച്ച കഥയാണു് ഓർമ്മ വന്നതു്. ഒരു പെണ്ണിന്റെയും, അവളോടു യാതൊരു ബന്ധവുമില്ലാത്ത ഒരു പുരുഷന്റെയും സ്വകാര്യതയിൽ ഒളിഞ്ഞുനോക്കി നിയമവിരുദ്ധമല്ലാത്ത കാര്യങ്ങളെ അനാവശ്യമായി ചൊറിഞ്ഞിളക്കുന്ന ഇവരെത്തന്നെയല്ലേ “കാമാതുരന്മാർ” എന്നു വിളിക്കേണ്ടതു്?
വിവാഹിതനായ ഒരുവൻ പരസ്ത്രീയോടോ, വിവാഹിതയായ ഒരുവൾ പരപുരുഷനോടോ ബന്ധപ്പെടുകയോ ഒരു മുറിയിൽ താമസിക്കുകയോ ചെയ്യുന്നതു് തെറ്റല്ലേ? ആകാം. ഭാര്യയോടു കള്ളം പറഞ്ഞു കള്ളു കുടിക്കാൻ പോവുന്നതും, പൊതുസ്ഥലങ്ങളിൽ പുകവലിക്കുകയും ആഭാസത്തരം പറയുകയും ചെയ്യുന്നതും, പെണ്ണുങ്ങളെ കാണുമ്പോൾ വഴിയിൽ മൂത്രമൊഴിക്കാൻ ഇരിക്കുന്നതും, പെണ്ണുങ്ങളുടെയോ വികലാംഗന്റെയോ സീറ്റിൽ ഇരുന്നിട്ടു് അതിനു് അർഹതയുള്ളവർ വരുമ്പോൾ ഉറക്കം നടിക്കുന്നതും, വഴിയേ പോകുന്ന പെണ്ണിനെ അടിമുടി നോക്കി കമന്റടിക്കുന്നതും, കൈക്കൂലി കൊടുത്തു കാര്യം കാണുന്നതും, കള്ളജാതകം കാട്ടി കല്യാണം നടത്തുന്നതും പോലെയുള്ള വഞ്ചനയാകാം അവയൊക്കെ. ഇവയിലൊക്കെ വഞ്ചിക്കപ്പെടുന്നവർക്കു വഞ്ചകർക്കെതിരേ നിയമപരമായോ അല്ലാതെയോ നടപടിയെടുക്കാൻ അവകാശമുണ്ടു്. ബന്ധങ്ങൾ ഉലയാൻ ഇതൊക്കെ മതി. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ബ്ലോഗിലെഴുതുന്നവരുടെ ഭാര്യയോ ഭർത്താവോ ഇത്തരം പ്രവൃത്തികൾ ചെയ്താൽ അതിനോടു പ്രതികരിക്കുക തന്നെ വേണം. പക്ഷേ, അതു് പടമെടുക്കാനും ചൊറി മാന്താനും വരുന്നവരെ പുറംകാലു കൊണ്ടു തട്ടിമാറ്റിയിട്ടാവണം എന്നു മാത്രം.
ബാലൻ കെ. നായരും ജോസ് പ്രകാശും മറ്റും അവതരിപ്പിച്ചിരുന്ന റേപ്പിസ്റ്റുകളായ വില്ലന്മാരല്ല കാമാതുരന്മാർ. എല്ലാറ്റിലും കാമം മാത്രം കാണുന്നവരാണു്. ഒരു യഥാർത്ഥകാമാതുരനെ ലോകസാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ചതു് ആരാണു്? ഒരു പക്ഷേ കാളിദാസനാവാം. അദ്ദേഹത്തിന്റെ മേഘസന്ദേശത്തിലെ യക്ഷൻ കാമാതുരനാണു്. ഭാര്യയെ പിരിഞ്ഞു് ഏതാനും മാസം ഒരു മലയിൽ ഒറ്റയ്ക്കു കഴിയേണ്ടി വന്നപ്പോൾ ഒരു ഭ്രാന്തനെപ്പോലെ ആയ അയാൾ കാണുന്നതിലൊക്കെ കാമം കാണാൻ തുടങ്ങി. മൊട്ടക്കുന്നിന്റെ മുകളിൽ മേഘം ഇരിക്കുന്നതു് അയാൾക്കു് മലർന്നു കിടക്കുന്ന ഭൂമിയുടെ ചുറ്റും വെളുത്തും അറ്റം മാത്രം കറുത്തതുമായ മുലയാണു്. കുന്നുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നദി മടിക്കുത്തഴിഞ്ഞു് ഇളകിയോടുന്ന പെണ്ണാണു്. രാത്രിയിൽ കാമുകസംഗമത്തിനായി പോകുന്ന പെണ്ണുങ്ങൾക്കു മിന്നൽ വഴി വെളിച്ചം കാണിച്ചു കൊടുക്കണം എന്നും, അവരെ ശല്യപ്പെടുത്തുന്നവരെ ഇടി വെട്ടി പേടിപ്പിക്കണമെന്നും ഒക്കെ മേഘത്തിനോടു് കവി ആവശ്യപ്പെടുന്നുണ്ടു്. ചുറ്റും കാണുന്ന വള്ളികളിൽ പ്രിയയുടെ ശരീരവും, മാനിന്റെ കണ്ണുകളിൽ അവളുടെ നോട്ടവും ഒക്കെ അയാൾ കാണുന്നു. ജോസഫ് മുണ്ടശ്ശേരിയുടെ വാക്കുകൾ കടമെടുത്താൽ, കാമത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കണ്ട ഒരുവന്റെ ജല്പനങ്ങളാണു് മേഘസന്ദേശം മുഴുവൻ. മറ്റുള്ള കവികൾ വീരഗാഥകൾ മാത്രം എഴുതിക്കൊണ്ടിരുന്ന കാലത്തു് നൂറ്റാണ്ടുകൾക്കു ശേഷം മാത്രം ലോകം കണ്ട കാല്പനികകവിതയുടെ ആദ്യത്തെ ഉദാഹരണം അതിമനോഹരമായി ചമച്ച കാളിദാസനെ വ്യത്യസ്തനാക്കുന്നതും മനുഷ്യമനസ്സിനെ അപഗ്രഥിക്കാനുള്ള ഈ പാടവമാണു്.
കാമം രോഗമായ രണ്ടു കഥാപാത്രങ്ങളെ ഈയിടെ രണ്ടു ബ്ലോഗുകഥാകൃത്തുകൾ കാണിച്ചു തന്നു. പപ്പൂസിന്റെ സെക്സ്കാപെയ്ഡ് എന്ന കഥ ചുറ്റും കാണുന്നതിലെല്ലാം കാമം മാത്രം കാണുന്ന ഒരു ഹൈസ്കൂൾ കുട്ടിയുടെ ചിത്രം വളരെ മനോഹരമായി വരച്ചുകാട്ടുന്നു. സമകാലികമലയാളത്തിന്റെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രാജേഷ് വർമ്മയുടെ കാമകൂടോപനിഷത്തു് എന്ന നീണ്ടകഥയിലെ കെ. സി. കൃഷ്ണകുമാറിനും പപ്പൂസിന്റെ കഥാപാത്രത്തോടു വളരെ സാദൃശ്യമുണ്ടു്.
ഷാനിമോളുടെ ചരിത്രത്തിലും ബൃന്ദാ കാരാട്ടിന്റെ തുടയിലും സൂഫിയാ മദനിയുടെ ശരീരത്തിലും അശ്ലീലം മാത്രം കണ്ട ഉണ്ണിത്താനു് കാമാതുരൻ എന്ന പേരു നന്നായി ചേരും. അതു മഞ്ചേരി സംഭവം കൊണ്ടല്ല എന്നു മാത്രം.
പണ്ടു് ആരോ സാഹിത്യത്തെ മൂന്നായി തരം തിരിച്ചു:
- മണ്ണുനോക്കിസ്സാഹിത്യം: ഭൂമി, രാജ്യം, ധനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന സാഹിത്യം. ഉദാഹരണം: മഹാഭാരതം, മാക്ബത്ത്.
- പെണ്ണുനോക്കിസ്സാഹിത്യം: പെണ്ണിനെ ചുറ്റിപ്പറ്റിയുള്ള സാഹിത്യം. ഉദാഹരണം: രാമായണം, ഇലിയഡ്, ഒഥല്ലോ.
- വിണ്ണുനോക്കിസ്സാഹിത്യം: ആദ്ധ്യാത്മികം, ഫിലോസഫി. ഉദാഹരണം: ഭഗവദ്ഗീത, ബൈബിൾ (പുതിയ നിയമം), ഖുറാൻ.
ഈ മൂന്നു വിഭാഗങ്ങളും അവയുടെ സങ്കരങ്ങളും ചേർന്നു് ലോകത്തെ എല്ലാ സാഹിത്യത്തെയും നിർവചിക്കുന്നു എന്നായിരുന്നു ഈ സമ്പ്രദായം ഉണ്ടാക്കിയ ആളുടെ കണക്കുകൂട്ടൽ. പക്ഷേ, പിൽക്കാലത്തു്, എല്ലാ സാഹിത്യത്തെയും സൂചിപ്പിക്കണമെങ്കിൽ ഒരു വിഭാഗം കൂടി വേണമെന്നു മനസ്സിലായതിനാൽ ആരോ ഒന്നു കൂടി ചേർത്തു: പുണ്ണുനോക്കിസ്സാഹിത്യം. എവിടെ പുണ്ണുണ്ടോ എന്നു നോക്കി അതിനെപ്പറ്റി മാത്രം എഴുതുന്ന സാഹിത്യം. (ഉദാഹരണങ്ങൾ നമ്മുടെ മലയാളം ബ്ലോഗുലകത്തിൽ ഇഷ്ടം പോലെ ഉണ്ടു്.)
ദൃശ്യകലകൾക്കും ഇങ്ങനെയൊരു തരംതിരിവുണ്ടാക്കിയാൽ, ടെലിവിഷൽ ചാനലുകാർ അവതരിപ്പിക്കുന്ന കലയെ “പുണ്ണുനോക്കിക്കല” എന്നു വിളിച്ചാൽ പോരാ, “പുണ്ണുണ്ടാക്കിനോക്കിക്കല” എന്നു വിളിക്കേണ്ടി വരും. സമൂഹത്തിൽ പ്രദർശിപ്പിക്കാൻ പുണ്ണില്ലെങ്കിൽ അതുണ്ടാക്കാനും അവർ മടിക്കില്ല. ഒരു ബോളിവുഡ് നടനെ അനാശാസ്യപ്രവർത്തനത്തിനു കുടുക്കാൻ ഒരു ചാനൽ പെണ്ണു് അയാളുടെ അടുത്തു ചെന്നു് ശൃംഗരിച്ചു് രതി വാഗ്ദാനം ചെയ്തു് അതു ക്യാമറയിൽ പകർത്തിയതു് അല്പകാലം മുമ്പാണു്. (രാജേഷ് വർമ്മയുടെ കഥ ഇവിടെയും ഓർമ്മിക്കാം.) തിവാരിയുടെ കഥയിലും ഇത്രയും കാലം അദ്ദേഹത്തിനു പെൺകുട്ടികളെ കൂട്ടിക്കൊടുത്ത പെൺപിമ്പ് ചോദിച്ചതൊക്കെ കൊടുക്കാഞ്ഞപ്പോൾ കരുതിക്കൂട്ടി കുടുക്കിയതാണു് എന്നല്ലേ മാദ്ധ്യമഭാഷ്യം.
തിവാരിയുടെ കഥയിൽ മറ്റു ചില പ്രശ്നങ്ങളുണ്ടു്. ഒന്നാമതായി, ഇതു കെട്ടിച്ചമച്ചതാണോ എന്നറിയില്ല. ചില ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണു് ആരോപണം. അവ യഥാർത്ഥമോ ഉണ്ടാക്കിയതോ എന്നറിയില്ല. രണ്ടാമതായി, അദ്ദേഹം തന്റെ പദവിയെ ദുരുപയോഗം ചെയ്തു് ഈ പെൺകുട്ടികളെ ചൂഷണം ചെയ്തതാണെങ്കിൽ അതു വെറും ലൈംഗികാപവാദത്തേക്കാൾ വലിയ കുറ്റമാണു്. (“പരിപാവനമായ രാജ്‌ഭവൻ” എന്നൊക്കെയുള്ളതു വെറും നിരർത്ഥകമായ വാദങ്ങൾ മാത്രം.)
ഇതിനോടു സാദൃശ്യമുള്ള ഒരു സംഭവം ഇതിനു മുമ്പു നടന്നതു് ബിൽ ക്ലിന്റൺ/മോണിക്കാ ലെവിൻസ്കി സംഭവമാണു്. പ്രതിപക്ഷം കരുതിക്കൂട്ടി കുടുക്കിയ ലൈംഗികാപവാദക്കേസ്. “പരിപാവനമായ” ഓവൽ ഓഫീസിൽ വെച്ചു് അമേരിക്കൻ പ്രെസിഡന്റ് ചെയ്ത ആ കുറ്റത്തിനു് അദ്ദേഹത്തെ പുറത്താക്കാൻ പോലും കഴിഞ്ഞില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ പ്രെസിഡന്റ് പദത്തിനു വളരെ അടുത്തെത്തുക വരെ ചെയ്തു.
ഏതായാലും കാമാതുരന്മാർക്കു പേടിയും നാണവുമില്ല എന്നു പറഞ്ഞ പഴയ കവിക്കു നമോവാകം. ഈ കാമരോഗികൾ ഉളുപ്പില്ലാതെ ഇതു തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നതു കാണുമ്പോൾ. “കാമാതുരാണാം” എന്നതിനു പകരം “വാർത്താതുരാണാം” എന്നോ “വ്രണാതുരാണാം” എന്നോ വേണമെങ്കിലും പറയാം, പുണ്ണു മൂടി നാറുന്ന വാർത്തകൾ ഒരു രോഗമായ ഈ മാദ്ധ്യമങ്ങളെ കാണുമ്പോൾ.
മനോജ് ഇ | 30-Dec-09 at 8:29 pm | Permalink
“കാമത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കണ്ട ഒരുവന്റെ ജല്പനങ്ങളാണു് മേഘസന്ദേശം മുഴുവന്‍. ” എത്ര എളുപ്പത്തിലാണ് ഒരു മഹാകാവ്യത്തെ വധിക്കാനൊക്കുന്നത്! “റോജാ” സിനിമയിലെ “കാതല്‍ റോജാവേ…” എന്ന പാട്ടിനെയാണോര്മ്മ വന്നത്. മന്ദസമീരന് തഴുകുമ്പോള്‍ നിന്റെ ചേല തൊട്ടതുപോലെ എന്ന് പാടിയത് വെറും കാമാതുര ജല്പനമായി തോന്നിയില്ല. (മേഘസന്ദേശവും വൈരമുത്തുവിന്റെ വരികളെയും സമമാക്കി പറഞ്ഞതല്ല ഇവിടെ,മറിച്ച് വിരഹദു:ഖം അനുഭവിക്കുന്നയാളുടെ പാട്ടിനെ ഓര്‍ത്തു എന്നു മാത്രം.)
കാളിദാസന്റെ മേഘസന്ദേശത്തെ ഞാൻ വധിച്ചെന്നോ? ഏറ്റവും മഹത്തായ കാവ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്ന കൃതിയാണതു്. ഒരു കാമാതുരന്റെ ജല്പനങ്ങളാണു് അതിൽ എന്നതു് എങ്ങനെ ആ കൃതിയെ വധിക്കലാവും? ഭ്രാന്തന്റെ ജല്പനങ്ങൾ കവിതയ്ക്കു വിഷയമാകാൻ പറ്റില്ല എന്നാണോ?
റോജയിലെ വിരഹമല്ല മേഘസന്ദേശത്തിലെ വിപ്രലംഭം. “കാമാർത്താ ഹി പ്രകൃതികൃപണാശ്ചേതനാചേതനേഷു” എന്നു കാളിദാസൻ തന്നെ അതിൽ പറയുന്നുണ്ടു്. ഈ ഒരു വ്യൂപോയിന്റിൽ മേഘസന്ദേശം വായിച്ചിട്ടില്ലെങ്കിൽ ഒന്നുകൂടി വായിച്ചു നോക്കൂ, ആ കൃതിയുടെ മഹത്ത്വം കൂടുതൽ മനസ്സിലാകും.
രാജേഷ് | 30-Dec-09 at 9:27 pm | Permalink
ഇങ്ങനെയും ഒരു പാഠമില്ലേ?. പാഷാണപുരാണത്തിൽ നിന്നല്ലേ?
വർക്കാതുരാണാം ന ഗൃഹം ന ഭാര്യാ
സ്പോട്സാതുരാണാം ന കുളിഃ ന ശൗചം
സെക്സാതുരാണാം ന മകൾ ന പെങ്ങൾ
വെബ്ബാതുരാണാം ന പണിഃ ന ബോണസ്
ഹഹഹഹ…
Hari | 31-Dec-09 at 3:09 am | Permalink
മനോഹരമായിട്ടുണ്ട് ഈ ആനുകാലിക വിഷയം കൈകാര്യം ചെയ്ത രീതി. എനിക്കു മുമ്പേ കമന്റിയവരും നിലവാരം വിടാതെ തന്നെ തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു.
മാധ്യമങ്ങളുടെ നിലനില്പു തന്നെ ഇത്തരം “ചൂടന്‍” വാര്‍ത്തകളിലാണ്. പലപ്പോഴും വാര്‍ത്തകള്‍ തേഞ്ഞുമാഞ്ഞു പോകുന്നത് രാഷ്ട്രീയക്കാരുടെ ഉന്നതങ്ങളിലെ പിടി മൂലം. ഭൂമി തൊട്ടാകാശം വരെ കേരളത്തിലുണ്ടായ സകല പീഡനകേസുകളും നോക്കിക്കോളൂ, ആദ്യകാലങ്ങളില്‍ ഉയര്‍ന്നു വന്ന അവരെല്ലാം കുറ്റവിമുക്തരായി അധികാരങ്ങളും കയ്യാളിയിരിക്കുന്നുണ്ട്.
തീവാരി തീ വാരിയെങ്കിലും ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെടും.
പോസ്റ്റ് ഗംഭീരം…
calicocentric | 31-Dec-09 at 3:51 am | Permalink
ഗാന്ധിത്തൊപ്പി ധരിച്ച മാന്യന് ത്രീസം ഏര്‍പ്പാടാണ് നടത്തിയതെന്നല്ലേ കേട്ടത്. പണ്ടൊരു മഹാത്മ രണ്ടുപെണ്ണുങ്ങള്ക്കിടയ്ക്കു കിടന്ന് ദമനം പരീക്ഷിച്ചതുപോലെ അല്ലെന്നാരുകണ്ടു?
സൂരജ് | 31-Dec-09 at 4:07 am | Permalink
മേഘസന്ദേശത്തിലെ യക്ഷൻ കാമാതുരനാണു്. ഭാര്യയെ പിരിഞ്ഞു് ഏതാനും മാസം ഒരു മലയിൽ ഒറ്റയ്ക്കു കഴിയേണ്ടി വന്നപ്പോൾ … മൊട്ടക്കുന്നിന്റെ മുകളിൽ മേഘം ഇരിക്കുന്നതു് അയാൾക്കു് മലർന്നു കിടക്കുന്ന ഭൂമിയുടെ ചുറ്റും വെളുത്തും അറ്റം മാത്രം കറുത്തതുമായ മുലയാണു്. കുന്നുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നദി മടിക്കുത്തഴിഞ്ഞു് ഇളകിയോടുന്ന പെണ്ണാണു്…
പണ്ടേ ഓര്‍ത്തതാണ് – കാളിദാസന്റെ യക്ഷനു ക്ലൂവര്‍ ബ്യൂസി സിന്‍ഡ്രം ആയിരുന്നോ ?!
അണ്ണന്റെ തല പരിശോധിക്കണം 😉
Babukalyanam | 31-Dec-09 at 8:42 am | Permalink
ഓടോ:
ഹരിക്ക് വിസര്‍ഗം വേണോ എന്നതിന് തീരുമാനം ആയോ?
പുതുവത്സരാശംസകള്‍.
Aravind | 31-Dec-09 at 8:46 am | Permalink
ടൈഗര്‍ വുഡ്സും ഇതേ കേസല്ലേ? എല്ലാം (മാധ്യമങ്ങളും) കൊള്ളാം.
അരുണ്‍ | 31-Dec-09 at 12:43 pm | Permalink
ഓഷോ പറഞ്ഞ ഒരു കഥ ഓര്മ വരുന്നു.
ഒരിക്കല്‍ സുന്ദരിയായൊരു യുവതി കുമ്പസാരക്കൂട്ടില്‍ വെച്ച് തന്റെ ഒരു ലൈംഗികബന്ധത്തെപറ്റി ഏറ്റുപറഞ്ഞു.
വൈദികനെ അതിശയിപ്പിച്ച് പിന്നീട് എട്ടുതവണ കൂടി അവള് അതാവര്തിച്ചു.
പത്താം തവണയും അവള് ഇതേ കാര്യത്തെപറ്റി കുമ്പസാരിക്കാന്‍ തുടങ്ങിയപ്പോള്‍ വൈദികന് ചോദിച്ചു.
“നിങ്ങള്‍ അതു ചെയ്തത് ഒരു തവണയോ അതോ പത്തു തവണയോ ?”
”ഒരു തവണ“ അവള് പറഞ്ഞു
“ഒരേ കാര്യത്തെ പറ്റി പത്താം തവണയും കുമ്പസരിക്കുന്നത് എന്തിനാണ് ?”
അവള് പറഞ്ഞു
“എന്തെന്നാല്‍ കുമ്പസാരത്തില്‍ പോലും ഞാന്‍ ആ ഓര്‍മകള്‍ ആസ്വദിക്കുന്നു.”
വാര്‍ത്ത എഴുതുന്നവ പകര്തുന്ന അവതരിപ്പിക്കുന്ന കേള്‍ക്കുന്ന ചര്‍ച്ച ചെയ്യുന്ന ഭൂരിപക്ഷവും പിന്നെയും പിന്നെയും അത് ആസ്വദിക്കുക തന്നെയാണ്.
vineeth | 31-Dec-09 at 3:16 pm | Permalink
തുണിയുടുക്കാത്ത സത്യത്തെ ഒട്ടും തുണിയുടുപ്പിക്കാതെ പറഞ്ഞു. സദാചാര്യൺമാരുടെ ഉള്ളെങാനും പുറ്ത്തായാൾ പെട്ടു.
ഒളിഞ്ഞുനോട്ടത്തിൽ അല്ലെങ്കിലും സാമർത്ത്യം കൂടും….
cALviN::കാല്വിന് | 31-Dec-09 at 3:53 pm | Permalink
@Babukalyanam
എഴുത്തിനിരുത്തുമ്പോൾ സംസ്കൃതം ഒഴിവാക്കി നല്ല മലയാളത്തിൽ ഉള്ള ഒരു വാചകം പകരമായി അങ്ങ് ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
പാർത്ഥൻ | 31-Dec-09 at 4:56 pm | Permalink
രതി ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത വേറെന്തു ചെയ്യും. പപ്പു ഒരു സിനിമയിൽ മീൻകറിയുടെ മണം പിടിച്ച് ഊണു കഴിക്കുന്നത് ഓർമ്മ വരുന്നു.
ഗോപാൽ ഉണ്ണികൃഷ്ണ | 01-Jan-10 at 11:29 am | Permalink
@calicocentric
കാമാതുരാണാം….അദന്നെ
വിനയരാജ് | 01-Jan-10 at 1:19 pm | Permalink
@പാർത്ഥൻ
A big ditto below that.
Rajesh Chithira | 02-Jan-10 at 2:31 pm | Permalink
gOOD POST…AND THE COMMENTS….
രതി ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത വേറെന്തു ചെയ്യും. പപ്പു ഒരു സിനിമയിൽ മീൻകറിയുടെ മണം പിടിച്ച് ഊണു കഴിക്കുന്നത് ഓർമ്മ വരുന്നു.(cOURTESY TO PARTHAN)
ചാണക്യൻ | 02-Jan-10 at 5:08 pm | Permalink
“പുണ്ണുണ്ടാക്കിനോക്കിക്കല” :):):)
premanand | 04-Jan-10 at 9:21 am | Permalink
kamthuranmare kurichi vayicharinhu innu evide nokkiyalum ithu thanneyanu kelkkanullathu, ‘swamy vivekanandan’ paranhathu pole keralam oru maha kama branthalaya aakki mattum iver, valare nalla vaayanakkum ithu polulla prathikaranam aavashyamanu
daivam | 04-Jan-10 at 4:11 pm | Permalink
മേഘസന്ദേശത്തെ വിജയൻ മാഷുമാത്രമാണെന്നു തോന്നുന്നു ആധുനിക വിമർശകരിൽ സർഗ്ഗാത്മകമായി വായിച്ചത്.
ബിനോയ്//HariNav | 05-Jan-10 at 8:18 am | Permalink
അരുണ്ജിയുടെ കമന്റിനു താഴെ ഒരൊപ്പ് 🙂
jyothiprakash | 05-Jan-10 at 4:17 pm | Permalink
MANUSHYANUBHAVANGALUDE SPANDHAMAAPINIKAL
Gupthan | 05-Jan-10 at 7:15 pm | Permalink
OT
ശ്രീഹരി ഗണപതായേ നമഃ എന്നാക്കിയാലോ കാല്വിന് ?
cALviN::കാല്വിന് | 06-Jan-10 at 3:39 am | Permalink
ഓടോ അറ്റ് ഗുപ്തൻ…
[നെടുമുടിയുടെ ശബ്ദം]
അങ്ങനെയല്ലാ വേണ്ടത്…. അന്ന് രാവിലെ ഗുപ്തൻ കുട്ടി കുളിച്ചെഴുന്നേറ്റ് വന്ന് ‘സമയമിതപൂർവസായാഹ്നം‘ പാടണം.
[ഈ പാട്ട് ഇടയിൽ കൃഷ്ണൻ കണ്ട് പിടിച്ച് ഹരിയോട് പറഞ്ഞെന്ന് വരും. “ഹരേ ദേ സമയമിതപൂർവം“ .. അപ്പോ ഹരി പറയും “വച്ചേരെ കിണ്ണാ.. ഇപ്പം പാട്യാൽ ക്ലമാക്സിൽ എന്തര് പാടും?“
)
അപ്പോ പാട്ടിൽ പ്രസന്നയായി ദേവി എഴുന്നള്ളും … അങ്ങനെ വേണം വിദ്യ ആരംഭിക്കാൻ… യേത്..
Gupthan | 06-Jan-10 at 7:16 pm | Permalink
രാവിലേ തന്നെ സായാഹ്നം എന്ന് പാടിയാല്‍ ദേവി ഉറപ്പായിട്ടും വരും. ഇനി ഇവിടെക്കിടന്ന് ഓഫടിച്ചാല്‍ അടി അതിലും ഉറപ്പായിട്ട് വരും.. ഞാന്‍ ഓടി 🙂
ഗണേഷ്കുമാറും ഉണ്ണനു | 09-Jan-10 at 12:30 pm | Permalink
ഉണ്ണിത്താനും ഗണേഷ്കുമാറും ആധുനിക കാമശാസ്ത്രത്തിലെ രണ്ടു ബിംബങ്ങളാണ്. രണ്ടുപേരും സിനിമാ-രാഷ്ട്രീയ ബന്ധമുള്ളവര്‍. ഇവരെയോര്‍ത്ത് ഈ രണ്ടു രംഗത്തുള്ളവരും ലജ്ജിക്കുന്നുണ്ടാവും. ബസ്സു കത്തിക്കല്‍ സമരത്തിന്റെ ഭാഗമായ നമ്മുടെ നാട്ടില്‍ അത്തരമൊരു കേസില്‍ പെട്ടയാള്‍ ഫോണില്‍ വിളിച്ചെന്ന പേരില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു കുലീന വനിതയെപ്പറ്റി നിര്‍ലജ്ജം അശ്ലീലപദങ്ങളും ആഭാസകരമായ കമന്റുകളും പാസാക്കിയ കാര്യത്തിലും ഈ രണ്ടു ഉണ്ണികളും തുല്യര്‍.
സിനിമാരംഗത്തുള്ളവരുടെ സദാചാരബോധത്തെപ്പറ്റി പലരും പറയുന്നതപ്പടി ശരിയല്ലാതിരിക്കാം. എന്നാല്‍ ഗണേശിനും കുണ്ണിത്താനും വെളിപ്പെടുത്തിയത് അവരുടെ മനസ്സിന്റെ മാലിന്യഭാണ്ഡത്തിന്റെ കനം എത്രയുണ്ടെന്നാണ്. പെണ്ണിനെ ഉപഭോഗവസ്തുവായി മാത്രം കാണുന്നതിനാലാണ് സൂഫിയാ മഅ്ദനിയെന്ന കുലീന വനിതയെയും പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെയും ബന്ധിപ്പിച്ച് സൂഫിയയോടുള്ള താല്പര്യമാണ് പിണറായിക്കെന്നൊക്കെ ‘ഉണ്ണി’കള്‍ രണ്ടാളും പറഞ്ഞു പരത്തിയത്. ഉണ്ണിത്താന് പിറ്റേന്നുതന്നെ ദൈവം ഫലം കൊടുത്തു. പലനാള്‍ കള്ളന് ഒരുനാള്‍ പിടിയില്‍ എന്നപോലെ തുണി പോലുമില്ലാതെ യെവനെ മഞ്ചേരിക്കാര്‍ പിടികൂടി. ഇതിന്റെ ഒറിജിനല്‍ ‘എ’ പടങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്ന് നാട്ടുകാര്‍. നല്ല പൂസിലായിരുന്ന ഉണ്ണിക്ക് അപ്പം കിട്ടിയതുമില്ല നാലാളറിയുകയും ചെയ്തു. ഉണ്ണിത്താനെപ്പോലെ കപ്പപ്പുഴുക്കു കഴിച്ച് നാട്ടാരെ അറിയിച്ചിട്ടില്ലെങ്കിലും ഗണേഷ് കുട്ടനും പണി പഠിച്ചവന് തന്നെ. പെണ്ണിന്റെ ശരീരം മാത്രം കാണുന്ന ഇയാള്‍ക്കൊക്കെ കാലം അര്‍ഹിച്ചതു നല്‍കും.
പീഡനവാര്‍ത്തകളുടെ പിന്നാലെ പോയി വ്യക്തിജീവിതങ്ങളിലെത്തിനോക്കി പാപ്പരാസിപ്പണി ചെയ്യുന്ന മാധ്യമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ അതിലും വലിയെ തെമ്മാടിത്തമായി ഉണ്ണിത്താനെ കഞ്ഞിപ്പുഴുക്കു കഴിക്കുന്നതിനിടെ പോലിസ് പിടികൂടിയ വാര്‍ത്ത മൂടിവയ്ക്കാന്‍ ശ്രമിച്ച മുഖ്യധാരാ മാധ്യമങ്ങളുടെ ഒട്ടകപ്പക്ഷിരാഷ്ട്രീയം. (ഉണ്ണിക്കു പകരം അതൊരു സി.പി.എമ്മുകാരനോ മറ്റോ ആയിരുന്നെങ്കില്‍ ഇവന്മാരത് ആഘോഷിച്ചേനെ)
രാവുണ്ണി | 13-Jan-10 at 6:45 pm | Permalink
ശൌചം മുതൽ ഭോഗം വരെ സകലതും പൊതുജനത്തിനെ ബോധ്യപ്പെടുത്തി വേണം ചെയ്യാനെന്നത് കഷ്ടം തന്നെ.