ഇതുപോലൊരു രാത്രിയിലാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…
ഓന്തിനും ദിനോസറിനുമൊക്കെ ശേഷമാണെങ്കിലും വളരെക്കാലം മുമ്പാണ്. കാളിദാസൻ മുതൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വഴി കുമാരനാശാൻ വരെയുള്ളവർ എഴുതിയ ശ്ലോകങ്ങളിലൊക്കെ ആറാടി, ഇതാണു കവിതയുടെ പാരമ്യം എന്നു കരുതി, വേണമെങ്കിൽ ഏതു സംസ്കൃതവൃത്തത്തിൽ വേണമെങ്കിലും പത്തു ശ്ലോകം തട്ടിക്കൂട്ടാൻ കഴിയും എന്ന സ്ഥിതിയിലെത്തി, നാലഞ്ചു സമസ്യാപൂരണങ്ങൾ ഭാഷാപോഷിണിയിലും മറ്റും പ്രസിദ്ധീകരിച്ച്, അങ്ങനെ സ്വയം ഒരു ഭാവിമഹാകവിപ്പട്ടം ചാർത്തി ജീവിക്കുന്ന കാലം.
കോളേജിലെ യുവജനോത്സവത്തിലോ സാഹിത്യക്ലബ്ബിന്റെ മത്സരത്തിലോ മറ്റോ കവിതാരചനയ്ക്കു ചേർന്നു. കുറേ കവികൾ മത്സരത്തിനുണ്ടായിരുന്നു.
കവിതയുടെ വിഷയം തന്നു: രാത്രി.
“ഇതെന്തൊരു ഊ…ഷ്മളമായ വിഷയമാഡേയ്…” എന്നു ചോദിച്ചു കൊണ്ട് പല കവികളും ഇറങ്ങിപ്പോയി. ഞങ്ങൾ കുറേപ്പേർ മാത്രം ശേഷിച്ചു.
എനിക്ക് വിഷയം ക്ഷ പിടിച്ചു. രാത്രിയെ വർണ്ണിച്ച് ഒരു ഖണ്ഡകാവ്യം എഴുതിയാലോ? അല്ലെങ്കിൽ അതു വേണ്ട, ഒരു കഥ പറഞ്ഞുകളയാം. പ്രണയബദ്ധരായ യുവതീയുവാക്കൾ. യുവതി വലിയ കുടുംബത്തിലേത്. യുവാവ് പാവപ്പെട്ടവൻ. അന്നത്തെ നാട്ടുനടപ്പനുസരിച്ച് കവിയോ ചിത്രകാരനോ പാട്ടുകാരനോ ഓടക്കുഴലൂതുന്നവനോ ആട്ടിടയനോ മറ്റോ ആവാം. അവരുടെ പ്രണയം നടക്കുന്ന ഒരു രാത്രിയെ വർണ്ണിച്ചു കളയാം.
പിന്നീട് അവരുടെ പ്രണയം അവളുടെ തന്ത കണ്ടുപിടിച്ചു കഴിഞ്ഞ് അവനെ തുറുങ്കിലടയ്ക്കുന്നു. (“ഏതു കോത്താഴത്തിലാണെഡേയ് ഈ കഥ നടക്കുന്നത്?” എന്നു ചോദിക്കരുത്. അക്ബർ ചക്രവർത്തിയുടെ കാലത്താണെന്നു വിചാരിച്ചോളൂ.) പിറ്റേന്നു നേരം വെളുക്കുമ്പോൾ അവനെ കൊല്ലാൻ പോവുകയാണ്. അതിന്റെ തലേ രാത്രിയെയാണ് (കാളരാത്രി എന്നും പറയും) ഞാൻ ഇനി വർണ്ണിക്കാൻ പോകുന്നത്.
സംഭവം എറിക്കും. വായിക്കുന്ന സാർ അദ്ഭുതസ്തബ്ദ്ധനാകും. പി. ഡബ്ലിയൂ ഡീയിൽ നിന്ന് അവാർഡ് മേടിച്ചു തരും.
ആദ്യഭാഗം പുഷ്പിതാഗ്രയിൽ കാച്ചി. മണിപ്രവാളം. ദ്വിതീയാക്ഷരപ്രാസം. അനുപ്രാസം. സ്വഭാവോക്തി. വൈദർഭിരീതി. അംഗിയായ രസം ശൃംഗാരം.
മുഴുമതി വെളിവായ് വിളങ്ങി നിൽക്കും
പൊഴുതു മനോഹരി, നിൻ മടിത്തടത്തിൽ
അഴകെഴുമൊരു രാവിൽ ഞാൻ പ്രമോദേ
മുഴുകി രസിച്ചു കിടന്നതോർമ്മയുണ്ടോ?
മൂന്നാമത്തെ വരിയിൽ ഞാൻ പ്രമോദിനെ വിളിക്കുകയാണ് എന്നു കരുതരുത്. പ്രമോദേ = പ്രമോദത്തിൽ. അകാരാന്തം നപുംസകലിംഗം സപ്തമ്യേകവചനം. സംഭവം സംസ്കൃതമാണ്. ഞാൻ ഒരു മണിപ്രവാളകവിയായിപ്പോയതു കൊണ്ട് ഇങ്ങനെ സംസ്കൃതമൊക്കെ പ്രയോഗിക്കാം. ലീലാതിലകമാണ് നമ്മുടെ പീനൽ കോഡ്.
തെളിമയൊടുഡുവൃന്ദമൊത്തു വാനിൽ
കുളുർമതി മന്ദഹസിച്ചു നിന്നിരുന്നു;
ചലമിഴി, യവിടന്നു പക്ഷികൾ തൻ
കളകളനാദമുയർന്നു കേട്ടിരുന്നു.
“പിന്നേയ്, രാത്രിയിലല്ലേ പക്ഷികൾ കളകളനാദം പൊഴിക്കുന്നത്? നിനക്കു രാത്രി എന്താണെന്നറിയുമോഡേയ്? പക്ഷി എന്താണെന്നു തെരിയുമോഡേയ്? ഒരു കപി വന്നിരിക്കുന്നു…” എന്നായിരിക്കും ഇതു വായിച്ച സാർ മനസ്സിൽ പറഞ്ഞത്. മൂങ്ങയെന്താ പക്ഷിയല്ലേ സാർ? അതെന്താ മൂങ്ങയ്ക്ക് കളകളനാദം പൊഴിച്ചു ചിലച്ചാൽ?
ഇതു പിന്നീടു വായിച്ച എന്റെ സുഹൃത്ത് വിനോദ് ശങ്കർ (ഞങ്ങൾ ചങ്കരൻ എന്നു വിളിച്ചിരുന്നു. കുറേക്കാലം “കുണ്ടൻ മാക്രി” എന്ന പേരിൽ ഫേസ്ബുക്കിൽ സജീവമായിരുന്നു. ഇപ്പോൾ ഏതോ ബ്രഹ്മാണ്ഡകമ്പനിയുടെ ജെനറൽ മാനേജരോ മറ്റോ ആണ്.) ചോദിച്ചു: “അവൾക്കെന്താടാ വല്ല കണ്ണിൽ സൂക്കേടുമായിരുന്നോ, കണ്ണിലൊക്കെ ചലം വരാൻ?”
“ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്…” എന്നു വള്ളത്തോൾ പ്രയോഗിച്ചിട്ടുണ്ട്.
ചലിക്കുന്ന ശ്രോണിയുള്ളവൾ എന്ന അർത്ഥത്തിൽ വള്ളത്തോളിന് ചലശ്രോണി എന്നു പ്രയോഗിക്കാമെങ്കിൽ ചലിക്കുന്ന മിഴികളുള്ളവൾ എന്ന അർത്ഥത്തിൽ (ബഹുവ്രീഹിസമാസം) എനിക്കു ചലമിഴി എന്നും പ്രയോഗിക്കാം. വള്ളത്തോളിന്റെ ചലമുള്ള ചന്തിയെക്കാൾ വൃത്തികേടു കുറവാണല്ലോ എന്റെ ചലമുള്ള കണ്ണ്? നീ പോടാ മോനേ ചങ്കരാ…
ഇജ്ജാതി ഒരു ഡസൻ പുഷ്പിതാഗ്രകളിൽ പ്രണയരാത്രിയെ വർണ്ണിച്ചതിനു ശേഷം കാളരാത്രിയെ വർണ്ണിക്കാനുള്ള ശ്രമമായി. അപ്പോൾ ഒരു സംശയം: വായിക്കുന്നവന് ഇവ തമ്മിലുള്ള കണക്ഷൻ മനസ്സിലാവുമോ? ഇതിനിടയിലുള്ള കഥ ഒരു ശാർദ്ദൂലവിക്രീഡിതശ്ലോകത്തിൽ സംഗ്രഹിച്ചു. ആട്ടക്കഥകളിൽ രണ്ടു പദങ്ങൾക്കിടയിലുള്ള കഥ “ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്…” എന്നിങ്ങനെ ശ്ലോകത്തിൽ കഴിക്കാറില്ലേ ഉണ്ണായി വാര്യരും മറ്റും? അതു പോലെ. “പിന്നേതോ ദുരിതം പിടിച്ച നിശയിൽ…” എന്നോ മറ്റോ ആയിരുന്നു അക്രമം. ശ്ലോകം ഓർമ്മയില്ല. ഓർമ്മയില്ലാത്തതു നന്നായി. ഉദ്ധരിച്ചാൽ പെറ്റ തള്ള കൂടി സഹിക്കില്ല.
ഇനിയാണു കാളരാത്രി. കാളരാത്രിയെ വർണ്ണിക്കാൻ പറ്റിയ രണ്ടു വൃത്തമേ ഉള്ളൂ. ശിഖരിണി എന്ന സംസ്കൃതവൃത്തവും അന്നനട എന്ന ഭാഷാവൃത്തവും. അന്നനട തന്നെ സ്വീകരിച്ചു. വൃത്തത്തിന്റെ സെലക്‌ഷനു തന്നെ ഒരു പത്തു മാർക്കു കൂടുതൽ വീഴാൻ ചാൻസുണ്ട്.
അകലെയായ് കാട്ടുകഴുകന്മാർ ജഡം
ചികയും ശബ്ദമിങ്ങുയർന്നു കേൾക്കുന്നു…
നിങ്ങളുടെയൊക്കെ മുജ്ജന്മസുകൃതം മൂലം ഇത്രയുമേ എനിക്ക് ഓർമ്മയുള്ളൂ. മൊത്തം ഓർത്തിരുന്നെങ്കിൽ കാളരാത്രിയുടെ കരാളത നിങ്ങളെ കാർന്നു തിന്നേനേ. അടുത്ത ഹാലോവിൻ ദിനത്തിൽ നാട്ടുകാരെ പേടിപ്പിക്കാൻ ഹോണ്ടഡ് ഹൗസുകളിൽ ഈ കവിത ഉറക്കെ വെച്ചേനേ.
ഇങ്ങനെ മൂന്നു വൃത്തങ്ങളിലായി ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ഖണ്ഡകാവ്യം എഴുതിത്തീർത്തിട്ട് ഞാൻ മുറി വിട്ടിറങ്ങി. വൃത്തവും അലങ്കാരവും ഒന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്ത മറ്റു കവിമ്മന്യന്മാരോടുള്ള പുച്ഛം കടിച്ചമർത്തിക്കൊണ്ട്.
റിസൽറ്റു വന്നപ്പോൾ എനിക്കു സമ്മാനമൊന്നുമില്ല. ഹെന്ത്! ഇതിലും നന്നായി കവിതയെഴുതുന്നവർ ഇവിടെയുണ്ടെന്നോ?
ഒന്നാം സ്ഥാനം നാട്ടുകാർ “കവി കുട്ടമത്ത്” എന്നു വിളിക്കുന്ന ഉപേന്ദ്രനാണ്. (രണ്ടു മൂന്നു കൊല്ലം മുമ്പ് ഇദ്ദേഹത്തിന് ഞാൻ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. ഇതു വരെ ആക്സപ്റ്റ് ചെയ്തിട്ടില്ല.) ഞാൻ ഉപേന്ദ്രന്റെ മുറിയിൽ പോയി തല ചൊറിഞ്ഞു നിന്നു.
“ങും, എന്താ?”
“കവിതാരചനയ്ക്ക് ഫസ്റ്റ് കിട്ടിയെന്നറിഞ്ഞു. അഭിനന്ദനങ്ങൾ!”
ഉപേന്ദ്രൻ തറയിൽ നിന്ന് ഏകദേശം അരയടി പൊങ്ങി വായുവിൽ തങ്ങി നിന്നു. “ഏയ്, അതൊന്നും ഇല്ല. എഴുതി വന്നപ്പോൾ ആശയങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നു…”
“ആ കവിത ഒന്നു വായിക്കാൻ തരാമോ?” വല്ല സ്രഗ്ദ്ധരയിലോ മത്തേഭത്തിലോ മറ്റോ ആയിരിക്കാം പഹയൻ എഴുതിയത്. ഷോഡശപ്രാസവും ശ്ലേഷവും ഒക്കെ ഉണ്ടായിരുന്നിരിക്കും.
ഉപേന്ദ്രൻ വിജൃംഭിച്ചു പൊട്ടിത്തെറിക്കുമെന്ന പരുവമായി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. സ്വപ്നമാണോ എന്നറിയാൻ കയ്യിലിരുന്ന് എരിയുന്ന സിഗരറ്റു കൊണ്ട് കയ്യിൽ കുത്തി നോക്കി.
എന്നിട്ടു മേശവലിപ്പു തുറന്ന് കവിത എടുത്ത് എനിക്കു നീട്ടി.
കവിത വാങ്ങി ഞാൻ വായിച്ചു.
ഇതു പോലെയൊരു രാത്രിയിലാണ്
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…
ഇതേതു വൃത്തം?
ഓ, മനസ്സിലായി. കടമ്മനിട്ട “വേട്ടക്കാരവരുടെ കൈകൾ വെട്ടും ഞാൻ കൽമഴുവോങ്ങി…” എന്നെഴുതിയ താളം തന്നെയാണ് “ഇതു പോലെയൊരു രാത്രിയിലാണ്…” എന്ന വരിക്ക്. പക്ഷേ അടുത്ത വരി ശരിയാവുന്നില്ലല്ലോ….
ഞാൻ കവിത മുഴുവൻ വായിച്ചു. ഇതിനു വൃത്തവും താളവും അലങ്കാരവും ഒന്നുമില്ലല്ലോ…
ഇതു പോലെയൊരു രാത്രിയിലാണ്
എന്റെ പെങ്ങൾ വ്യഭിചാരിണിയായത്…
ഹോ! ഇതിനി വല്ല ലേഖനമോ ആത്മകഥയോ മറ്റോ ആണോ? ഇങ്ങനെയൊക്കെ കവിതയെഴുതുന്നവർ ഉണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാലും മൂന്നു കിടിലൻ വൃത്തങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തോടെ എഴുതിയ ഒരു ഗംഭീരകവിതയെ പിന്തള്ളി ഇതിനു സമ്മാനം കിട്ടിയെന്നോ? ഹൂ ഈസ് ദ ജഡ്ജ്? ഞാൻ രോഷം കൊണ്ടു വിറച്ചു.
എന്തായാലും ആ ജഡ്ജിനോടു മലയാളഭാഷ ആജീവനാന്തം കടപ്പെട്ടിരിക്കുന്നു. ഞാൻ ഇതോടെ കവിതാരചന നിർത്തി!
ഇവിടെ ഇപ്പോൾ ഓഗസ്റ്റ് 14 രാത്രി. ഇതു പോലെയൊരു രാത്രിയിലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്….
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!
Anoop | 15-Aug-16 at 5:27 am | Permalink
വളരെക്കാലം കൂടി ഉമേഷ്ജീയെ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നല്ല ലേഖനം.
mn | 15-Aug-16 at 5:48 am | Permalink
ക്ഷ പിടിച്ചു! ഈ വിദ്വാന് എന്താ എഴുത്ത് നിര്ത്തിയത്?
Calvin | 23-Oct-16 at 5:24 am | Permalink
ചലമിഴി എന്ന പ്രയോഗം മുമ്പും പലരും ഉപയോഗിച്ചിട്ടുണ്ട് എന്ന് പറ ചങ്കരനോട്.
ഇതാ ഒരു സാമ്പിൾ
https://m.youtube.com/watch?v=qpC0gkHRmfg&feature=youtu.be