ഞാൻ ബ്ലോഗിൽ സംസ്കൃതം എഴുതാൻ തുടങ്ങിയ കാലം മുതൽക്കേ പലരും പരാമർശിക്കുന്ന ഒരു ശ്ലോകമാണ് ഉഡുരാജമുഖീ എന്നു തുടങ്ങുന്നത്. പണ്ടു മറ്റൊരു ശ്ലോകം വിസ്തരിച്ച എന്റെ ബ്ലോഗ്‌പോസ്റ്റിൽ വന്നു പെരിങ്ങോടൻ ഇതിനെപ്പറ്റി പറഞ്ഞിരുന്നു. ഏവൂരാനെയും ഇത് വലച്ചിട്ടുണ്ട്. ഇന്നലെ ഇതാ ഫ്രാൻസിസ് സിമി നസ്രേത്ത് ഫേസ്ബുക്കിൽ ഈ ശ്ലോകവും അർത്ഥവും ഇപ്പോൾത്തന്നെ കിട്ടിയേ കഴിയൂ എന്നു വിളിച്ചുകൂവുന്നു.
മറ്റു പല ശ്ലോകങ്ങളും ഞാൻ ഇവിടെ എഴുതി അർത്ഥം വിവരിച്ചിട്ടുണ്ടെങ്കിലും ഇത് ഉൾക്കൊള്ളിച്ചിട്ടില്ല. അത് ഇപ്പോൾ ചെയ്യാം എന്നു കരുതുന്നു.
ശ്ലോകം:
ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപഃ? ക്വ തപഃ? ക്വ സമാധിവിധിഃ?
അര്‍ത്ഥം:
ഉഡു-രാജ-മുഖീ | : | നക്ഷത്രങ്ങളുടെ നാഥനായ ചന്ദ്രനെപ്പോലെയുള്ള മുഖം ഉള്ളവളും |
മൃഗ-രാജ-കടീ | : | മൃഗങ്ങളുടെ രാജാവായ സിംഹത്തിന്റേതു പോലെയുള്ള കടിപ്രദേശം (അരക്കെട്ട്) ഉള്ളവളും |
ഗജ-രാജ-വിരാജിത-മന്ദ-ഗതീ | : | ആനകളുടെ രാജാവായി വാഴുന്നവൻ നടക്കുന്നതു പോലെയുള്ള കുഴഞ്ഞ നടപ്പ് ഉള്ളവളും |
സാ യുവതീ | : | (ആയ) ഒരു യുവതി |
യദി ഹൃദയേ വസതി | : | ഹൃദയത്തിൽ താമസിക്കുന്നു എങ്കിൽ |
ക്വ ജപഃ? | : | ജപം എവിടെക്കിടക്കുന്നു? |
ക്വ തപഃ? | : | തപസ്സ് എവിടെക്കിടക്കുന്നു? |
ക്വ സമാധി-വിധിഃ? | : | സമാധിവിധി എവിടെക്കിടക്കുന്നു? |
ആരാണ് ഈ ശ്ലോകം എഴുതിയതെന്ന് അറിയില്ല. മുനിയോ സന്ന്യാസിയോ മറ്റോ ആകാൻ ശ്രമിക്കുന്ന ഒരുവൻ എഴുതുന്ന മട്ടിലുള്ള ഒരു ശ്ലോകമാണ് ഇത്. ഒരു പെണ്ണു മനസ്സിൽ കടന്നു കൂടിയാൽ പിന്നെ ഈപ്പറഞ്ഞ കാര്യമൊന്നും നടക്കില്ല എന്നു സാരം.
ഈ ശ്ലോകത്തിനു പല പാഠഭേദങ്ങളും ഉണ്ട്. മൂന്നാം വരിയിൽ “ഹൃദയേ വസതി” എന്നതിനു പകരം “നികടേ വസതി” എന്നാണ് ഒന്ന്. “അടുത്ത് ഇരിക്കുന്നെങ്കിൽ” എന്നർത്ഥം. മനസ്സിൽ ഒന്നും കയറണ്ട, അടുത്തിരുന്നാലും മതിയത്രേ! നാലാം വരിയിൽ “ക്വ സമാധിരതിഃ” എന്നും കണ്ടിട്ടുണ്ട്. “സമാധിയിലുള്ള ആഗ്രഹം എവിടെ?” എന്നർത്ഥം.
തോടകം എന്ന വൃത്തമാണ് ഇതെഴുതാൻ ഉപയോഗിച്ചിരിക്കുന്നത്. “സഗണം കില നാലിഹ തോടകമാം” എന്നു ലക്ഷണം. “തരരാ തരരാ തരരാ തരരാ” എന്നു പറഞ്ഞാൽ തോടകമാകും. എം എസ് സുബ്ബലക്ഷ്മി പാടി നമ്മൾ ധാരാളം കേട്ടിട്ടുള്ള വേങ്കടേശ്വരസുപ്രഭാതത്തിൽ വസന്തതിലകവൃത്തത്തിലുള്ള സുപ്രഭാതം കഴിഞ്ഞാൽ കേൾക്കുന്ന “കമലാകുചചൂചുകകുങ്കുമതോ-നിയതാരുണിതാരുണനീലതനോ” എന്ന സ്തോത്രവും (അർത്ഥം പറയുന്നില്ല. സ്തോത്രമാണെങ്കിലും അല്പം അശ്ലീലമാണ്.) അതിന്റെ പാരഡിയായി പിള്ളേർ പാടി നടക്കുന്ന “അതിരാവിലെ കുട്ടനു…” തുടങ്ങിയ പല പാട്ടുകളുടെയും വൃത്തം ഇതു തന്നെ. മേൽപ്പത്തൂരിന്റെ നാരായണീയത്തിൽ കാളിയമർദ്ദനം വർണ്ണിക്കുന്ന “അഥ ദിക്ഷു വിദുക്ഷു പരിക്ഷുഭിത…” എന്നും മറ്റുമുള്ള ശ്ലോകങ്ങളാണ് ഈ വൃത്തത്തിൽ ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മനോഹരമായവ.
ഈയിടെ പുലിമുരുകനിലെ “മുരുകാ മുരുകാ പുലിമുരുകാ…” എന്ന പാട്ട് ഉഡുരാജമുഖിയുടെ കോപ്പിയടിയാണെന്നു പറഞ്ഞ് ഏതോ വിവരദോഷികൾ രംഗത്തിറങ്ങിയിരുന്നു. ഇവർക്കൊന്നും തോടകവൃത്തത്തെപ്പറ്റി ഒരു പിടിയും ഇല്ലെന്നു തോന്നുന്നു. രണ്ടും ഒരേ വൃത്തമാണെന്നതു മാത്രമാണ് തമ്മിലുള്ള സാമ്യം.
കവിയും സഹൃദയനുമായ പി. സി. മധുരാജ് ഇതിനു ബദലായി ഒരു ശ്ലോകമെഴുതി. ജപത്തിനെയും തപസ്സിനെയും സമാധിയെയും ഒക്കെ അപഹസിക്കുന്ന ശ്ലോകത്തോടു പ്രതിഷേധിച്ചാണ് ഇതെഴുതിയതെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഉഡുരാജമുഖിയ്ക്കു ശേഷം അക്ഷരശ്ലോകസദസ്സിൽ ചൊല്ലാൻ പറ്റുന്ന വിധത്തിൽ “യ” എന്ന അക്ഷരത്തിലാണ് ഈ ശ്ലോകം എഴുതിയത്.
യദി ഹൃത്‌കമലേ മധുപാനരതോ
വരദോ മുരളീധരഭൃംഗവരഃ
സുമഗന്ധസുഭക്തിരസേ സരസഃ
ക്വ സഖേ തരുണീകബരീവിപിനം?
അര്‍ത്ഥം:
സഖേ | : | അല്ലയോ സുഹൃത്തേ, |
സുമ-ഗന്ധ-സു-ഭക്തി-രസേ ഹൃത്-കമലേ | : | പൂവിന്റെ മണവും ഭക്തിരസവും നിറഞ്ഞ (എന്റെ) ഹൃദയമാകുന്ന താമരയിൽ |
മധു-പാന-രതഃ | : | തേൻ കുടിക്കാൻ ഇഷ്ടമുള്ളവനും |
വരദഃ സരസഃ | : | വരം തരുന്നവനും സരസനും (ആയ) |
മുരളീ-ധര-ഭൃംഗ-വരഃ | : | മുരളീധരൻ എന്ന ശ്രേഷ്ഠനായ വണ്ട് |
യദി | : | ഉണ്ട് എങ്കിൽ |
തരുണീ-കബരീ-വിപിനം ക്വ? | : | പെണ്ണിന്റെ തലമുടിയാകുന്ന കാട്് എനിക്കെന്തിനാണ്? |
ഒരു ശ്ലോകത്തിൽ വാച്യമായും വ്യംഗ്യമായും പല കാര്യങ്ങളും ചേർക്കുന്നത് മധുരാജിന്റെ സ്വഭാവമാണ്. ഈ ശ്ലോകം അതിന് ഒരു അപവാദമല്ല. സുന്ദരികളുടെ തലമുടി വണ്ടുകളെപ്പോലെയാണെന്നാണ് കവിസങ്കേതം. (അളിവേണീ എന്ന വിളി ഓർക്കുക.) ശ്രീകൃഷ്ണനോടുള്ള ഭക്തി മനസ്സിൽ നിറഞ്ഞിരുന്നാൽ ഒരു ഉഡുരാജമുഖിക്കും തന്നെ ഇളക്കാൻ പറ്റില്ല എന്ന് ആ ശ്ലോകത്തിന്റെ ചുവടുപിടിച്ച് എഴുതിയതിനാൽ വ്യംഗ്യം.
മധുരാജിന്റെ ഈ ശ്ലോകത്തെ സന്തോഷ് ഒരിക്കൽ “പരിഭാഷായന്ത്രം” എന്നു വിശേഷിച്ച രാജേഷ് വർമ്മ അതേ വൃത്തത്തിൽ തന്നെ ഇങ്ങനെ പരിഭാഷപ്പെടുത്തി.
ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്?
ഇങ്ങനെയൊക്കെയാണെങ്കിലും പലർക്കും വേണ്ടത് ഈ ശ്ലോകങ്ങളൊന്നുമല്ല. ജോയ് ആലുക്കാസിന്റെ ഒരു പരസ്യത്തിൽ അല്പവസ്ത്രധാരിണികളായ ചില സുന്ദരികൾ നൃത്തമാടിപ്പാടിയ ഉഡുരാജമുഖിയെയാണ്. വീഡിയോ ഇവിടെ ഉണ്ട്. മതിയാവോളം കാണാം.
ഇതിന്റെ അർത്ഥമാണ് പലർക്കും വേണ്ടത്. ഇത് എന്തു പടപ്പാണെന്നു വലിയ പിടിയില്ല. മൊത്തം സംസ്കൃതമല്ല. കുറച്ചൊക്കെ മലയാളമുണ്ട്. ഇതെഴുതിയത് ബാലചന്ദ്രൻ ചുള്ളിക്കാടാണെന്ന് m3db പറയുന്നു. ഉള്ളതാണോ എന്തോ?
പദാനുപദതർജ്ജമയ്ക്കൊന്നും ഒരുമ്പെടുന്നില്ല. ഏകദേശാർത്ഥം താഴെച്ചേർക്കുന്നു.
നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
നിഖില നിത്യാനന്ദ മന്ദാകിനി
തുല്യം പറയാൻ ഒന്നുമില്ലാത്ത ബ്രഹ്മാണ്ഡത്തെപ്പോലെ മോഹിപ്പിക്കുവളും, എന്നും മൊത്തത്തിൽ ആനന്ദത്തിന്റെ ഗംഗാനദിയും…
ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
… ചന്ദ്രനൊപ്പം മുഖമുള്ളവളും, സിംഹത്തിന്റെ അരക്കെട്ടുള്ളവളും, ഗജരാജനെപ്പോലെ നടക്കുന്നവളും…
ഘനസാരസുഗന്ധി വിലാസിനി നീ
കനകാംഗി വികാരസമുദ്രസുതേ
… കടുത്ത മണമുള്ളവളും വിലാസിനിയും ആണു നീ, അല്ലയോ സ്വർണ്ണവർണ്ണമുള്ള അവയവങ്ങളോടുകൂടി വികാരത്തിന്റെ കടലിൽ നിന്ന് ഉണ്ടായവളേ…
നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം
കണ്ണുകളിൽ കറുത്ത കാന്തങ്ങൾ (അഞ്ജനം പോലെ ഭംഗിയുള്ള കണം എന്നും ആവാം), ചുണ്ടിൽ കാമദേവന്റെ തേൻതുള്ളിയുടെ രസം,…
പ്രണയോജ്വലകാവ്യകലാവതി നീ
സുരലോകവിഹാരിണി ചാരുലതേ
ഉജ്വലമായ പ്രണയകാവ്യത്തിന്റെ കലാകാരിയാണു നീ, ദേവലോകത്തിൽ (ആരോ പറഞ്ഞതു പോലെ സുര കിട്ടുന്ന ലോകത്ത്, അതായത് ബാറിൽ, എന്നും ആവാം) വിഹരിക്കുന്ന ചാരുലതയാണു നീ.
ഗണരഞ്ജിത കാഞ്ചന കാന്തിമയം
സ്തനകുംഭതരംഗിത സഞ്ചലനം
നാട്ടുകാരുടെ മുഴുവൻ ഹാലിളക്കുന്ന സ്വർണ്ണാഭരണങ്ങളാൽ നേടിയ സൗന്ദര്യവും, കുടം പോലെയുള്ള മുലകൾ കുലുക്കിയുള്ള നടപ്പും,…
മണിമേഖലപൂണ്ട നിതംബതടം
നവപത്മദലാഭ പുണര്‍ന്ന പദം
… രത്നങ്ങൾ കൊണ്ടുണ്ടാക്കിയ അരഞ്ഞാണം ചുറ്റിക്കിടക്കുന്ന നിതംബവും പുതിയ താമരപ്പൂവു പോലെയുള്ള കാലടികളും… (ഉള്ള)
നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
നിഖില നിത്യാനന്ദ മന്ദാകിനി
തുല്യം പറയാൻ ഒന്നുമില്ലാത്ത ബ്രഹ്മാണ്ഡത്തെപ്പോലെ മോഹിപ്പിക്കുവളും, എന്നും മൊത്തത്തിൽ ആനന്ദത്തിന്റെ ഗംഗാനദിയും (ആയവളേ…)
എന്നു വേണമെങ്കിൽ അർത്ഥം പറയാമെന്നു തോന്നുന്നു.
ഇനിയുമാരെങ്കിലും ഈ ഉഡുരാജമുഖിയെ ചോദിച്ചാൽ, ദാ ഈ ലിങ്കു കൊടുത്തോളൂ…
വിജി പിണറായി | 30-Dec-16 at 7:24 am | Permalink
‘ഉഡുരാജമുഖി’യെ (ഒറിജിനലിനെ)യും സുപ്രഭാതത്തെയുമൊക്കെ – (അ)ശ്ലീലം ഇൻക്ലൂഡഡ് – എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴേ അർഥ – വിശദീകരണസഹിതം പരിചയമുണ്ട്. സാഹിത്യവുമായി കുറച്ചൊക്കെ ബന്ധം ഉണ്ടാക്കിയ ജയൻ മാഷിനു നന്ദി.
ഓഫ്: “പുലിമുരുകനിലെ “മുരുകാ മുരുകാ പുലിമുരുകാ…” എന്ന പാട്ട് ഉഡുരാജമുഖിയുടെ കോപ്പിയടിയാണെന്നു … രണ്ടും ഒരേ വൃത്തമാണെന്നതു മാത്രമാണ് തമ്മിലുള്ള സാമ്യം.”
പാട്ടുകളെ / ഈണങ്ങളെക്കുറിച്ച് ‘കോപ്പിയടി’ ആരോപണം ഉയരാറുള്ള പല (മിക്ക?) സന്ദർഭങ്ങളിലും ശ്രദ്ധിച്ചിട്ടുള്ളതാണ് ഇക്കാര്യം. എവിടെയെങ്കിലും അല്പം സാമ്യം തോന്നിയാൽ മതി ആളു ‘മോഷ്ടാവാ’കാൻ. വൃത്തവും രാഗവുമൊക്കെ ആരറിവൂ…!
വിജി പിണറായി | 30-Dec-16 at 8:35 am | Permalink
‘തോടക’ത്തെപ്പറ്റി ആലോചിച്ചപ്പോൾ ഒരു സംശയം… ഭക്തിഗാനങ്ങൾ / പ്രകീർത്തനസ്വഭാവമുള്ള ഗാനങ്ങൾ എഴുതുന്നവർക്ക് പ്രിയങ്കരമാണെന്നു തോന്നുന്നു തോടകം. (പോസ്റ്റിൽ പരാമർശിച്ചിട്ടുള്ളവയ്ക്കു പുറമേ അതേ മട്ടിലുള്ള വേറെയും ഗാനങ്ങൾ കേട്ടിട്ടുണ്ട്.) എന്തുകൊണ്ടാവും അത്? അതോ എനിക്കു (മാത്രം) തോന്നിയതാണോ?
ഉമേഷ് | Umesh | 30-Dec-16 at 8:51 am | Permalink
ആവർത്തനം ഭക്തിക്കു പറ്റിയ സംഭവമാണ്. “തരരാ” എന്ന് ആവർത്തിക്കുന്നതാണല്ലോ തോടകം. മറ്റു സ്തോത്രങ്ങൾക്കും ഈ സ്വഭാവമുണ്ട്. “തരാരാ” എന്നത് ആവർത്തിക്കുന്ന ഭുജംഗപ്രയാതം (“അനാദ്യന്തമാദ്യം പരം തത്ത്വമർത്ഥം” തുടങ്ങിയ ഭുജംഗസ്തോത്രങ്ങൾ), “തരാ” എന്നത് ആവർത്തിക്കുന്ന പഞ്ചചാമരം (“മുദാ കരാത്തമോദകം, സദാ വിമുക്തിദായകം” ഉദാഹരണം), “താരരാ” എന്ന് ആവർത്തിക്കുന്ന ദോധകം (“അച്യുതം കേശവം രാമനാരായണം”), “താരാര” എന്നത് ആവർത്തിക്കുന്ന ശ്യാമളാദണ്ഡകം (കടമ്മനിട്ടയുടെ “ഹേ പാർവ്വതീ, പാർവ്വണേന്ദുപ്രഭേ…” എന്നതും ഈ ദണ്ഡകമാണ്) തുടങ്ങിയവയ്ക്ക് ഈ സ്വഭാവമുണ്ട്. മാത്രാവൃത്തമായ “അയിഗിരിനന്ദിനി, നന്ദിത മേദിനി”യും മറ്റൊരു ഉദാഹരണം.
Apoky | 22-Nov-19 at 7:44 pm | Permalink
Since doctor knows your medical history well they can tell you how you could be benefitted from Tadalista?
At your normal frequency and the supine in pregnancy before cardura canada happened yet.
kamagra in philippines
The feelings of depression and the physical experience is so isolating, hubs, conversation and continuing to ‘battle’ depression can help some feel as if there is hope.
However, it is treatable and you can keep it at bay for longer depending on your efforts.
fktrpr94f
A steroid is not likely to stop bleeding and because they thin skin long term might make it worse.
Prasannakumar | 15-Jul-20 at 2:50 am | Permalink
I was looking for the malayalam meaning this sanskrit lyrics. Today I got it.
Thanks a lot sir