പഴയതുപോലെ ഇപ്പോള്‍ ശ്വാസം നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്നു മനസ്സിലാക്കി. എന്റെ മകന്‍ അതിനിടയില്‍ വന്നു “ഞാനും കൂടി കൂടട്ടേ, ഞാന്‍ മൃദംഗമടിക്കട്ടേ” എന്നൊക്കെ ചോദിച്ചതുകൊണ്ടു് അല്പം പതര്‍ച്ചയുമുണ്ടായി. എങ്കിലും, ചെയ്യാന്‍ പറ്റിയല്ലോ, ഭാഗ്യം!
2006/05/26:
മുകളിലുള്ള ആലാപനം അത്ര ശരിയായില്ല. അല്പം കൂടി ആര്‍ദ്രമാക്കാമായിരുന്നു എന്നാണു് അധികം പേരും അഭിപ്രായപ്പെട്ടതു്. ഇതാ അല്പം കൂടി ആര്‍ദ്രമായ ആലാപനം. ശബ്ദം കുറച്ചപ്പോള്‍ തൊണ്ട വല്ലാതെ ഇടറുന്നു.
പെരിങ്ങോടരുടെ അപേക്ഷപ്രകാരം കുറച്ചു കവിതകള്‍ ചൊല്ലി ബ്ലോഗിലിട്ടേക്കാമെന്നു കരുതി ഒരു മൈക്കും വാങ്ങി audocity എന്ന സോഫ്റ്റ്‌വെയറും താഴെയിറക്കി അതില്‍ നിന്നു് MP3 ഉണ്ടാകാന്‍ LAME എന്ന വേറേ ഒരു കുന്ത്രാണ്ടവും സംഘടിപ്പിച്ചു് അരയും തലയും തൊണ്ടയും മുറുക്കി മുഹൂര്‍ത്തവും നോക്കി തുടങ്ങിയപ്പോഴാണു് പ്രശ്നം.
എന്റെ അഞ്ചുവയസ്സുകാരന്‍ മകന്‍, വിശാഖ്, പെട്ടെന്നു് ഒരു പാട്ടുകാരനായി മാറി. അവനറിയാവുന്നതും അല്ലാത്തതുമായ പാട്ടുകള്‍ റെക്കോര്‍ഡു ചെയ്യുകയാണു് അവന്റെ ഇപ്പോഴത്തെ കളി. ഇതിനിടെ നൂറോളം ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിക്കഴിഞ്ഞു. അവന്റെ audocity പ്രോജക്റ്റുകളും MP3 ഫയലുകളും കൊണ്ടു് എന്റെ ഹാര്‍ഡ്‌ഡിസ്കു തീര്‍ന്നുപോകുമെന്നാണു പേടി.
ഇടയ്ക്കിടെ എന്നെയും പാടാന്‍ സമ്മതിക്കും. അവന്റെ കൂടെ പിന്നണി പാടാന്‍ മാത്രം. ഒരുദാഹരണം ഇതാ:
ഇക്കഴിഞ്ഞ നവംബറില്‍ ഇവിടെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന “കേരളോത്സവ”ത്തില്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ഒരു ലഘുനാടകം അവതരിപ്പിച്ചിരുന്നു. പല സിനിമകളില്‍ നിന്നും സ്റ്റേജ് ഷോകളില്‍ നിന്നും മിമിക്സ് പരേഡുകളില്‍ നിന്നും അടിച്ചുമാറ്റിയ ഫലിതങ്ങള്‍ ചേര്‍ത്തു് ഒരു അച്ഛന്റെയും മകന്റെയും തര്‍ക്കത്തിന്റെ രൂപത്തില്‍ ഞാന്‍ തയ്യാറാക്കിയ ഒരു സ്കിറ്റ്. അതിന്റെ സ്ക്രിപ്റ്റ് ഇവിടെ വായിക്കാം.
ഈ സ്കിറ്റ് ഒന്നു റെക്കോര്‍ഡു ചെയ്യണം എന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി അവന്റെ ഡിമാന്‍ഡ്. അഞ്ചാറു മാസം കഴിഞ്ഞതുകൊണ്ടു ഡയലോഗൊക്കെ മറന്നുപോയിരുന്നെങ്കിലും അവസാനം ഞങ്ങള്‍ അതും ചെയ്തു. ദാ ഇവിടെ കേള്‍ക്കാം:
ലോകത്തിലെ ഏറ്റവും നല്ല ശബ്ദത്തിന്റെ ഉടമയായ, മലയാളികളുടെ അഭിമാനമായ, ഭാരതത്തിന്റെ സമ്പത്തായ, ലോകത്തിന്റെ പുണ്യമായ, ഗാനഗന്ധര്‍വ്വന്‍ K. J. യേശുദാസിനു് ഇക്കഴിഞ്ഞ ജനുവരി 10-നു് 65 വയസ്സു തികഞ്ഞു. പക്ഷേ, ആ ശബ്ദത്തില്‍ ഇപ്പോഴും യുവത്വം തുടിച്ചുനില്‍ക്കുന്നു.
അഞ്ചു വര്‍ഷം മുമ്പു്, യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു് ഷിക്കാഗോയിലെ മലയാളികള്‍ അദ്ദേഹത്തിനു് ഒരു സ്വീകരണം നല്‍കുകയുണ്ടായി. അനുഗൃഹീതസംഗീതജ്ഞനും ഗായകനുമായ അജിത് ചന്ദ്രന്‍ അന്നു യേശുദാസിനെ സ്വാഗതം ചെയ്തുകൊണ്ടു് ഒരു ത്രിശ്ലോകി ചിട്ടപ്പെടുത്തി ആലപിച്ചു. അതിന്റെ വരികള്‍ എഴുതാന്‍ സാധിച്ചു എന്നതു് എന്റെ ജീവിതത്തിലെ വളരെയധികം ആനന്ദം നല്‍കിയ ഒരു സംഭവമാണു്. അതു് ഞാന്‍ ഒന്നുകൂടി ഓര്‍മ്മിക്കട്ടേ: