ശ്ലോകങ്ങള്‍ (My slokams)

അച്ഛനും മകനും

പെരിങ്ങോടരുടെ അപേക്ഷപ്രകാരം കുറച്ചു കവിതകള്‍ ചൊല്ലി ബ്ലോഗിലിട്ടേക്കാമെന്നു കരുതി ഒരു മൈക്കും വാങ്ങി audocity എന്ന സോഫ്റ്റ്‌വെയറും താഴെയിറക്കി അതില്‍ നിന്നു് MP3 ഉണ്ടാകാന്‍ LAME എന്ന വേറേ ഒരു കുന്ത്രാണ്ടവും സംഘടിപ്പിച്ചു് അരയും തലയും തൊണ്ടയും മുറുക്കി മുഹൂര്‍ത്തവും നോക്കി തുടങ്ങിയപ്പോഴാണു് പ്രശ്നം.

എന്റെ അഞ്ചുവയസ്സുകാരന്‍ മകന്‍, വിശാഖ്, പെട്ടെന്നു് ഒരു പാട്ടുകാരനായി മാറി. അവനറിയാവുന്നതും അല്ലാത്തതുമായ പാട്ടുകള്‍ റെക്കോര്‍ഡു ചെയ്യുകയാണു് അവന്റെ ഇപ്പോഴത്തെ കളി. ഇതിനിടെ നൂറോളം ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിക്കഴിഞ്ഞു. അവന്റെ audocity പ്രോജക്റ്റുകളും MP3 ഫയലുകളും കൊണ്ടു് എന്റെ ഹാര്‍ഡ്‌ഡിസ്കു തീര്‍ന്നുപോകുമെന്നാണു പേടി.

ഇടയ്ക്കിടെ എന്നെയും പാടാന്‍ സമ്മതിക്കും. അവന്റെ കൂടെ പിന്നണി പാടാന്‍ മാത്രം. ഒരുദാഹരണം ഇതാ:

download MP3

ഇക്കഴിഞ്ഞ നവംബറില്‍ ഇവിടെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന “കേരളോത്സവ”ത്തില്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ഒരു ലഘുനാടകം അവതരിപ്പിച്ചിരുന്നു. പല സിനിമകളില്‍ നിന്നും സ്റ്റേജ് ഷോകളില്‍ നിന്നും മിമിക്സ് പരേഡുകളില്‍ നിന്നും അടിച്ചുമാറ്റിയ ഫലിതങ്ങള്‍ ചേര്‍ത്തു് ഒരു അച്ഛന്റെയും മകന്റെയും തര്‍ക്കത്തിന്റെ രൂപത്തില്‍ ഞാന്‍ തയ്യാറാക്കിയ ഒരു സ്കിറ്റ്. അതിന്റെ സ്ക്രിപ്റ്റ് ഇവിടെ വായിക്കാം.

ഈ സ്കിറ്റ് ഒന്നു റെക്കോര്‍ഡു ചെയ്യണം എന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി അവന്റെ ഡിമാന്‍ഡ്. അഞ്ചാറു മാസം കഴിഞ്ഞതുകൊണ്ടു ഡയലോഗൊക്കെ മറന്നുപോയിരുന്നെങ്കിലും അവസാനം ഞങ്ങള്‍ അതും ചെയ്തു. ദാ ഇവിടെ കേള്‍ക്കാം:

download MP3

അതു കഴിഞ്ഞപ്പോള്‍, ഇനി അവന്‍ അച്ഛനും ഞാന്‍ മകനുമായി ഇതു് ഒന്നുകൂടി റെക്കോര്‍ഡു ചെയ്യണം എന്നായി നിര്‍ബന്ധം. അങ്ങനെ അതും ചെയ്തു. ദാ, ഇവിടെ:

download MP3

പെരിങ്ങോടരേ, “സഫലമീ യാത്ര” തീരുമ്പോഴേക്കു ദശാബ്ദങ്ങള്‍ കഴിയും….

വിശാഖ്
വൈയക്തികം (Personal)
ശബ്ദം (Audio)

Comments (48)

Permalink

അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍

അക്ഷരശ്ലോകത്തിന്റെ യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന ഇ-സദസ്സിലെ ശ്ലോകങ്ങള്‍ 100, 500 തുടങ്ങിയ നാഴികക്കല്ലുകളില്‍ എത്തുമ്പോള്‍ സദസ്സിലെ അക്ഷരക്രമത്തില്‍ത്തന്നെ ഒരു ശ്ലോകം രചിച്ചു ചൊല്ലുന്നതു് എന്റെ ഒരു പതിവായിരുന്നു. എത്ര ശ്ലോകമായി എന്നു പറ്റുമെങ്കില്‍ സൂചിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ ഇതുവരെ എഴുതിയിട്ടുള്ള ശ്ലോകങ്ങളാണു് താഴെച്ചേര്‍ക്കുന്നതു്.

  • 101-ാ‍ം ശ്ലോകം :

    പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
    വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
    ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ–
    സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!
  • 251-ാ‍ം ശ്ലോകം :

    കരുതാം കമനീയമീ സദ-
    സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
    പെരുതായ കവിത്വമെട്ടിലൊ-
    ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!
  • 501-ാ‍ം ശ്ലോകം :

    മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
    നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
    കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ–
    ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!
  • 1000-ാ‍ം ശ്ലോകം :

    ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
    കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
    കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മാറ്റീടുവാന്‍
    ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?
  • 1500-ാ‍ം ശ്ലോകം :

    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!
  • 2000-ാ‍ം ശ്ലോകം :

    അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ–
    ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
    അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട–
    പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

ഇപ്പോള്‍ 2450-ല്‍ കൂടുതല്‍ ശ്ലോകങ്ങളായി. 2500 എത്തുമ്പോള്‍ ഒരു ശ്ലോകം എഴുതണമല്ലോ. ശ്ലോകമൊക്കെ എഴുതിയിട്ടു കുറെക്കാലമായി. കഴിയുമോ എന്തോ!

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (2)

Permalink

സംവൃതോകാരത്തെപ്പറ്റി വീണ്ടും

എന്റെ സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും എന്ന ലേഖനത്തെപ്പറ്റി സിബുവിന്റെ അഭിപ്രായങ്ങളും എന്റെ പ്രതികരണങ്ങളുമാണു്‌ ഈ ലേഖനം.

സിബു എഴുതുന്നു:

  1. സംവൃതോകാരത്തെ സ്വതന്ത്രസ്വരമായി തന്നെ ഇപ്പോള്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ടു്. അ, ഇ, ഉ, എ, ഒ എന്നിവയാണ് മറ്റുള്ളവ; ഐ, ഔ, ഋ എന്നിവ അല്ല. അതുപോലെ തന്നെ സംവൃതോകാരത്തിന് ഉ-നോടുള്ള ചായ്‌വ്‌ തന്നെ അ-യോടും ഇ-യോടും ആരോപിക്കാവുന്നതും ആണ്. മൊത്തത്തില്‍ സംവൃതോകാരത്തിന്റെ ഉ-അസിസ്റ്റന്റ് സ്ഥാനം മാറി സ്വതന്ത്രനായി എന്നര്‍ഥം.

    സിബുവിനോടു യോജിക്കുന്നു. സംവൃതോകാരം സ്വതന്ത്രസ്വരം തന്നെ. ഗുണ്ടര്‍ട്ടു്‌ “അരയുകാരം” എന്നു വിളിച്ചതു്‌ (എന്റെ മലയാളാദ്ധ്യാപികയായിരുന്ന അമ്മയും അങ്ങനെയാണു്‌ അതിനെ പറഞ്ഞിരുന്നതു്‌.) അതൊരു പൂര്‍ണ്ണസ്വരമായതുകൊണ്ടു തെറ്റാണെന്നു ഏ. ആര്‍. പറഞ്ഞിട്ടുണ്ടു്‌. ഉകാരത്തില്‍ നിന്നു മോചനം നേടിയതുകൊണ്ടു്‌ അതിനൊരു പുതിയ പേരു വേണ്ടതാണു്‌. സംവൃത+ഉകാരം എന്നാല്‍ അടഞ്ഞ ഉകാരം എന്നാണല്ലോ അര്‍ത്ഥം.

  2. ഉമേഷ്‌ ഉന്നയിച്ചിരിക്കുന്ന പ്രശ്നം വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി.സംവൃതോകാരത്തിന്റെ 3 ധര്‍മ്മങ്ങളെ പറ്റി പണ്ട്‌ യുണീക്കോഡുകാര്‍ക്കെഴുതിയ ഈ ലേഖനം കൂടി വായിക്കൂ.

    അതു നല്ല നിര്‍ദ്ദേശം തന്നെ. പക്ഷേ, അതു മതിയാകുമോ എന്നൊരു സംശയം. താഴെപ്പറയുന്ന ഘട്ടങ്ങളില്‍:

    • ഹൃദാകാശം = ഹൃത്‌ + ആകാശം എന്നു സന്ധി തിരിച്ചു കാണിക്കുമ്പോള്‍ അതു്‌ ഹൃതു്‌ + ആകാശം ആണെന്നൊരു സംശയം തോന്നില്ലേ? ഇതൊക്കെ സംസ്കൃതമല്ലേ, മലയാളത്തിലെന്തിനിതൊക്കെ എന്നൊരു ചോദ്യം വരാം. പക്ഷേ, ഇതൊക്കെ മലയാളത്തിലും ആവശ്യമല്ലേ? ” ‘പ്രാഗ്ജ്യോതിഷം’ എന്നതിലെ ‘പ്രാഗ്‌’ ഒരു ഉപസര്‍ഗ്ഗമാണു്‌” എന്നു പറയുന്നിടത്തും ഈ പ്രശ്നമില്ലേ?
    • കായ്‌ – കായു്‌, കാര്‍ – കാറു്‌ തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെ വ്യവച്ഛേദിക്കേണ്ട ആവശ്യമുണ്ടു്‌. ഒരു കവിതയിലോ പാട്ടിലോ ആണു്‌ ഇവ വരുന്നതെങ്കില്‍, അര്‍ത്ഥം ഒന്നായാല്‍ക്കൂടി ഒന്നല്ലാതെ മറ്റേ രൂപം എടുക്കേണ്ടി വരും.
    • മറ്റു ഭാഷാപദങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍. ഉദാ: “ക്യാ ബാത്‌ ഹൈ”. ഇതു്‌ “ക്യാ ബാതു്‌ ഹൈ” എന്നു വായിക്കരുതല്ലോ.ഇതിനു്‌ എതിരഭിപ്രായം ഞാന്‍ ഇപ്പോഴേ കാണുന്നു: zero തുടങ്ങിയ വാക്കുകള്‍ എങ്ങനെ മലയാളത്തിലെഴുതും എന്ന പ്രശ്നം. മറ്റു ഭാഷകളിലെ – സംസ്കൃതമുള്‍പ്പെടെ – വാക്കുകള്‍ എഴുതാനല്ല മലയാളലിപികള്‍ എന്ന വാദം. യോജിക്കുന്നു. പക്ഷേ…….ഒരു കാലത്തു നാം അന്യഭാഷാപദങ്ങളില്‍ സംവൃതോകാരം ചേര്‍ത്തുപയോഗിച്ചിരുന്നു. bus – ബസ്സു്‌, record – റിക്കാര്‍ട്ടു്‌ എന്നിങ്ങനെ. പക്ഷേ അടുത്തകാലത്തു്‌ നാം അന്യഭാഷാപദങ്ങളെ അവയുടെ ശരിയായ ഉച്ചാരണത്തില്‍ പറയാനും എഴുതാനുമാണു ശ്രമിക്കുന്നതു്‌. എല്ലാം കഴിയില്ലെങ്കിലും, കഴിയുന്നത്ര കണ്‍ഫ്യൂഷന്‍ കുറയ്ക്കണമല്ലോ.
  3. ചരിത്രത്തില്‍ രണ്ടുകൂട്ടരും ബലാബലം ആണ്. അതുകൊണ്ട്‌ ഏതെങ്കിലും ഒന്ന്‌ വിക്കിക്കാര് സ്റ്റാന്‍ഡേര്‍ഡ് ആയി‍ സ്വീകരിക്കണം എന്ന്‌ എനിക്ക് അഭിപ്രായമില്ല. എല്ലാവര്‍ക്കും പേര്‍സൊനല്‍ ആയി ശരിയെന്ന്‌ തോന്നുന്നത്‌ ഉപയോഗിക്കാം. വിക്കിക്കകത്തും പുറത്തും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്‌ അതാതിന്റെ സമയമെടുത്ത്‌ സ്റ്റാന്‍ഡേര്‍ഡ് ആയി മാറട്ടെ.

    സിബു കൊടുത്ത ലിങ്കിനെപ്പറ്റി:മൂന്നാമത്തേതു്‌ (യാത്രാമൊഴി) പുതിയ ലിപിയിലാണു്‌. അതിവിടെ നോക്കേണ്ട കാര്യമേയില്ല. രണ്ടാമത്തേതില്‍ (കക്കാടിന്റെ കവിത) “റു്‌” എന്നു്‌ അവസാനത്തില്‍ വരുന്നതു്‌ “റ്‌” എന്നെഴുതിയതു്‌ അര്‍ദ്ധാക്ഷരത്തെ കുറിക്കാന്‍ “ര്‍” എന്ന ചില്ലക്ഷരം ഉള്ളതുകൊണ്ടാണു്‌. ചില്ലില്‍ നിന്നു വ്യത്യസ്തമായി “റ്‌” എന്ന അര്‍ദ്ധാക്ഷരത്തിനു്‌ ഉച്ചാരണഭേദമില്ല. അതിനാല്‍ പ്രസാധകന്‍/മുദ്രാലയക്കാര്‍ ഇങ്ങനെ എഴുതിയിരിക്കാം. ഇതു്‌ എല്ലാ ചില്ലിനും ബാധകമാണു്‌ – ണ്‌, ന്‌, ല്‌, ള്‌ എന്നിവയും ണു്‌, നു്‌, ലു്‌, ളു്‌ എന്നിവയെ സൂചിപ്പിക്കാനായിരിക്കും എഴുതുക. (ഇതിനു്‌ ഒരപവാദം ‘ല്‌’ ആണു്‌. ‘ല്‍’ എന്ന ചില്ലു്‌ പലപ്പോഴും തകാരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നതുകൊണ്ടു്‌ (ഉദാ: കശ്ചില്‍), അതല്ല ലകാരം തന്നെയാണു്‌ എന്നു കാണിക്കാന്‍ “ല്‌” എന്നെഴുതാം – പ്രത്യേകിച്ചു സംസ്കൃതം മലയാളലിപിയില്‍ എഴുതുമ്പോള്‍.

    യൂണിക്കോഡില്‍ ചില്ലിനു പ്രത്യേകം encoding ഇല്ലെങ്കില്‍ ഈ പ്രശ്നം രൂക്ഷതരമാകും. “പാല്‍” എന്നതിനും “പാല്‌” എന്നതിനും ഒരേ encoding ആണെങ്കില്‍ രണ്ടാമത്തേതിനെ “പാലു്‌” എന്നതില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും.

പുതിയ ലിപിയില്‍ ഞാന്‍ പറഞ്ഞതുപോലെ വ്യത്യാസം വരുത്തിക്കാന്‍ കഴിയും എന്നു്‌ എനിക്കു വ്യാമോഹമില്ല. പക്ഷേ പഴയ ലിപിയിലെങ്കിലും (മിക്കവാറും യൂണിക്കോഡ്‌ ഫോണ്ടുകളും പഴയ ലിപിയിലാണല്ലോ) ഇങ്ങനെയെഴുതുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌. വന്നുപോയ തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ടല്ലോ. ഞാന്‍ നിര്‍ദ്ദേശിച്ച രൂപങ്ങള്‍ തെറ്റല്ലല്ലോ. മറ്റേ രൂപങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു തര്‍ക്കമുണ്ടെന്നല്ലേ ഉള്ളൂ? അപ്പോള്‍ തെറ്റല്ലെന്നുറപ്പുള്ള ഒരു രീതി ഉപയോഗിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?

പുതിയ ലിപിയുടെ ഉപയോഗത്തെ സിബുവിന്റെ acceptance തിയറിയുമായി എനിക്കു യോജിപ്പിക്കാന്‍ കഴിയുന്നില്ല. മൂക്കുപൊത്തി വായ്‌ തുറന്നിട്ടു്‌, ഒരു കുഴല്‍ വെച്ചു അണ്ണാക്കിലൊഴിച്ച കഷായം പൂര്‍ണ്ണമനസ്സോടെ accept ചെയ്തു എന്നു പറയുന്നതുപോലെയാണു്‌. 1971-നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും പുതിയ ലിപി പഠിക്കേണ്ട ഗതികേടാണുണ്ടായതു്‌. പുതിയ ലിപി കൊണ്ടുവന്നപ്പോള്‍, അതു്‌ ടൈപ്‌റൈറ്ററിലും അച്ചടിയിലും മാത്രമേ ഉപയോഗിക്കാവൂ എന്നും, കൈയെഴുത്തില്‍ പഴയ ലിപി തന്നെ ഉപയോഗിക്കണമെന്നും ഒരു ഇണ്ടാസുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍? അതുമൂലം വൃത്തികെട്ട കൊടിലുകളും കുനിപ്പുകളും കൊണ്ടു കൈയക്ഷരം വൃത്തികേടായതു മാത്രം മിച്ചം. പലരും കു, കൃ എന്നിവ പുതിയ ലിപിയില്‍ ഒരുപോലെയാണു്‌ എഴുതുന്നതു്‌.

ഇത്തവണ നാട്ടില്‍ച്ചെന്നപ്പോള്‍ മറ്റൊന്നു കേട്ടു. കുട്ടികള്‍ പഴയ ലിപിയിലേ എഴുതാവൂ എന്നു കളക്ടരുടെ ഇണ്ടാസുണ്ടത്രേ. അച്ചടിയില്‍ മാത്രമേ പുതിയ ലിപി പാടുള്ളൂ എന്നു്‌. (പത്തനംതിട്ട ജില്ലയിലാണു സംഭവം) അമ്മമാരെല്ലാം കളക്ടറെ ചീത്തവിളിയാണു്‌. കാരണം അമ്മമാര്‍ക്കൊന്നും (അവരാണല്ലോ ഗൃഹപാഠം ചെയ്യുന്നതു്‌) പഴയ ലിപി എഴുതാന്‍ അറിയില്ല!

വ്യാകരണം (Grammar)

Comments (7)

Permalink

സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും

മലയാളഭാഷയുടെ പല ലിപിപരിഷ്കരണങ്ങള്‍ക്കിടയില്‍പ്പെട്ടു കുഴഞ്ഞുമറിഞ്ഞ ഒരു പ്രശ്നത്തെപ്പറ്റിയാണു്‌ ഈ ലേഖനം.

സംവൃതോകാരം: ചരിത്രവും ഉപയോഗവും

പഴയ മലയാളത്തില്‍ തമിഴിന്റെ രീതിയില്‍ സംവൃതോകാരത്തെ വിവൃതമായി എഴുതിയിരുന്നു – എന്തു, പണ്ടു എന്നിങ്ങനെ. തമിഴിന്റെ പിടിയില്‍ നിന്നു മോചിതമായി ആര്യഎഴുത്തു തുടങ്ങിയപ്പോള്‍ സംവൃതോകാരത്തിനു പകരം അകാരം ഉപയോഗിക്കുവാന്‍ തുടങ്ങി – എന്ത, പണ്ട എന്നിങ്ങനെ. അച്ചടി തുടങ്ങിയ കാലത്താണു്‌ സംവൃതോകാരത്തിനെ സൂചിപ്പിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങിയതു്‌. അപ്പോഴും രണ്ടു രീതികള്‍ ഉണ്ടായിരുന്നു.

  1. വ്യഞ്ജനത്തിനു ശേഷം ചന്ദ്രക്കല മാത്രമിടുക – എന്ത്‌, പണ്ട്‌ എന്നിങ്ങനെ.
  2. വ്യഞ്ജനത്തിനു ശേഷം ഉകാരവും ചന്ദ്രക്കലയും ചേര്‍ക്കുക – എന്തു്‌, പണ്ടു്‌ എന്നിങ്ങനെ.

ആദ്യത്തെ രീതി പൊതുവേ വടക്കന്‍ കേരളത്തിലും, രണ്ടാമത്തേതു്‌ തെക്കന്‍ കേരളത്തിലുമായിരുന്നു കൂടുതല്‍ ഉപയോഗിച്ചിരുന്നതു്‌.

ആ കാലത്തു്‌ കൂട്ടക്ഷരങ്ങളെ വേര്‍തിരിച്ചെഴുതുന്ന സമ്പ്രദായം വന്നിരുന്നില്ല. അക്ഷരങ്ങള്‍ ചേര്‍ത്തോ ഒന്നിനു താഴെ മറ്റൊന്നെഴുതിയോ കൂട്ടക്ഷരങ്ങളെ സൂചിപ്പിച്ചിരുന്നു. മിക്കവാറും എല്ലാ വ്യഞ്ജനങ്ങളോടും ചേരുന്ന യ, ല, വ എന്നീ അക്ഷരങ്ങള്‍ക്കു്‌ പ്രത്യേകം ചിഹ്നങ്ങളും ഉണ്ടായിരുന്നു. രേഫത്തിനെ (“ര” എന്ന അക്ഷരം) സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ താഴെക്കൂടി ചുറ്റിക്കെട്ടി വളച്ചിടുന്ന രീതിയും ഉണ്ടായിരുന്നു. പദാന്ത്യത്തില്‍ വരുന്ന അര്‍ദ്ധാക്ഷരങ്ങളെ സൂചിപ്പിക്കാന്‍ അതാതു്‌ അക്ഷരങ്ങളുടെ മേല്‍പ്പോട്ടു്‌ ഒരു വരയിട്ടു കാണിച്ചിരുന്നു. (ല്‌, ള്‌ എന്നിവ ത്‌, ട്‌ എന്നിവയെ സൂചിപ്പിക്കുന്ന ല്‍, ള്‍ എന്നിവയായതു മറ്റൊരു കഥയാണു്‌. അതു മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാം.). സംസ്കൃതത്തില്‍ നിന്നു കടം വാങ്ങിയ അനുസ്വാരത്തെ (ം) മകാരത്തിന്റെ ചില്ലിനു പകരം ഉപയോഗിച്ചുപോന്നു.

അച്ചടി കൂടുതല്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി എല്ലാ കൂട്ടക്ഷരങ്ങളെയും സൂചിപ്പിക്കുന്ന അച്ചുകള്‍ ഉണ്ടാക്കുന്നതു ദുഷ്കരമായപ്പോള്‍ കൂട്ടക്ഷരങ്ങളെ വേര്‍തിരിച്ചെഴുതാന്‍ ചന്ദ്രക്കല ഉപയോഗിക്കുന്ന സമ്പ്രദായം വന്നു. അര്‍ദ്ധാക്ഷരങ്ങളില്‍ ന്‍, ണ്‍, ല്‍, ള്‍, ര്‍ എന്നിവയെ മാത്രം ചില്ലുകള്‍ എന്ന പേരില്‍ നിലനിര്‍ത്തി. ബാക്കി എല്ലാറ്റിനെയും ചന്ദ്രക്കലയിട്ടു സൂചിപ്പിക്കാന്‍ തുടങ്ങി. (ചില മുദ്രാലയങ്ങള്‍ ക്‌ (ക്‍), യ്‌ എന്നിവയെയും ചില്ലക്ഷരങ്ങള്‍ കൊണ്ടു കാണിക്കാറുണ്ടായിരുന്നു. കൈയെഴുത്തില്‍ ഇവയെയും ചില്ലുകളായി എഴുതിയിരുന്നു.)

കൂട്ടക്ഷരങ്ങളെ വേര്‍തിരിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചതു അവയെ സംവൃതോകാരത്തില്‍ നിന്നു വ്യവച്ഛേദിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കി. അതിനു വേണ്ടി അച്ചടി തുടങ്ങിവച്ച ക്രിസ്ത്യന്‍ പാതിരിമാര്‍ സംവൃതോകാരത്തിനെ വിവൃതോകാരമായി എഴുതാന്‍ തുടങ്ങി. അങ്ങനെയാണു മലയാളം ബൈബിളില്‍ “എനിക്കും നിനക്കും എന്തു?” എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ ഉള്ളതു്‌. വിവൃതോകാരമായി എഴുതി സംവൃതോകാരമായി വായിക്കേണ്ടവയായിരുന്നു ഇവ. തമിഴിലും തെലുങ്കിലും പഴയ മലയാളത്തിലും ഇങ്ങനെയാണു്‌ എഴുതുന്നതു്‌ എന്ന അറിവില്‍ നിന്നായിരുന്നു ഈ രീതി. (പാതിരിമാര്‍ പല ഭാരതീയഭാഷകളിലും നിഷ്ണാതരായിരുന്നു.) പക്ഷേ, ഇതിനെ ഉത്തരകേരളത്തിലുള്ളവര്‍ പരിഹാസത്തോടെ കാണുകയും ഇങ്ങനെയുള്ള ഉപയോഗത്തെ “പാതിരിമലയാളം” എന്നു വിളിച്ചു പരിഹസിക്കുകയും ചെയ്തു.

പിന്നീടു്‌, എ. ആര്‍. രാജരാജവര്‍മ്മ തുടങ്ങിയ ഭാഷാശാസ്ത്രജ്ഞര്‍ സംവൃതോകാരത്തെ ഉകാരത്തിനു ശേഷം ചന്ദ്രക്കലയിട്ടു്‌ എഴുതുന്ന രീതി പ്രാവര്‍ത്തികമാക്കി ഈ പ്രശ്നം പരിഹരിച്ചു. അങ്ങനെ “വാക്കു്‌”, “പണ്ടു്‌” തുടങ്ങിയ രീതി നിലവില്‍ വന്നു. പക്ഷേ ഉത്തരകേരളത്തിലെ പലരും ഇതിനെ പിന്നെയും “പാതിരിമലയാളം” എന്നു മുദ്രകുത്തി “വാക്ക്‌”, “പണ്ട്‌” എന്നിങ്ങനെ എഴുതിപ്പോന്നു. ഉകാരത്തിനു ശേഷം ചന്ദ്രക്കലയിടുന്നതു്‌ അഭംഗിയാണെന്നായിരുന്നു അവരുടെ വാദം.

ഏറ്റവും വലിയ അപകടം സംഭവിച്ചതു്‌ 1970-കളില്‍ പുതിയ ലിപി ആവിഷ്കരിച്ചപ്പോഴാണു്‌. അച്ചടിയില്‍ അച്ചുകളുടെയും, ടൈപ്‌റൈറ്റര്‍ കീകളുടെയും എണ്ണം കുറയ്ക്കുന്ന പുതിയ ലിപി ഒരു മഹത്തായ പരിഷ്കാരം തന്നെയായിരുന്നു. പക്ഷേ, സംവൃതോകാരത്തിന്റെ കാര്യത്തില്‍ ഒരു വലിയ അബദ്ധമാണു്‌ അവര്‍ ചെയ്ത്തതു്‌. സംവൃതോകാരത്തിനു്‌ ഉത്തരകേരളരീതിയില്‍ വെറും ചന്ദ്രക്കല മാത്രം മതി എന്നു്‌ തീരുമാനിച്ചു. (“ഉ”കാരത്തിന്റെ ചിഹ്നത്തിനു ശേഷം ചന്ദ്രക്കലയിടുന്നതു്‌ അഭംഗിയാണെന്നുള്ള ഒരു വാദം ഇവിടെയും ഉണ്ടായിരുന്നു. അതില്‍ വലിയ കഴമ്പില്ല. പുതിയ ലിപി തന്നെ ആദ്യത്തില്‍ ആളുകള്‍ക്കു്‌ അഭംഗിയായി തോന്നിയിരുന്നു. അഭംഗിയാണെങ്കില്‍ സംവൃതോകാരത്തിനു പ്രത്യേകമായി ഒരു ചിഹ്നം ഉണ്ടാക്കാമായിരുന്നു.)

ഈ രീതി വന്നതോടുകൂടി സംവൃതോകാരവും അര്‍ദ്ധാക്ഷരങ്ങളും തിരിച്ചറിയാന്‍ വഴിയില്ലാതെയായി.

പക്‌ഷിക്കേറ്റം ബലം തന്‍ ചിറക്‌, വലിയതാം മസ്‌തകം ഹസ്‌തികള്‍ക്കീ
മട്ടില്‍…

എന്നുള്ള പദ്യഭാഗത്തിലെ ആദ്യത്തെ “ക്‌” അര്‍ദ്ധാക്ഷരവും, രണ്ടാമത്തെ “ക്‌” “ക”യ്ക്കു ശേഷം സംവൃതോകാരവുമാണെന്നു തിരിച്ചറിയാന്‍ കഴിയാതെയായി.

ഇതു ഭാഷാപഠനത്തെ വലുതായി ബാധിച്ചിട്ടുണ്ടു്‌. വൃത്തം നിര്‍ണ്ണയിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അര്‍ദ്ധാക്ഷരം മുമ്പിലുള്ള അക്ഷരത്തിന്റെ ഭാഗവും സംവൃതോകാരം ഒരു പൂര്‍ണ്ണാക്ഷരവുമാണെന്നുള്ള വ്യത്യാസം പല അദ്ധ്യാപകര്‍ക്കു പോലും അറിയില്ലായിരുന്നു.

ഈ അബദ്ധം പല പണ്ഡിതരും പിന്നീടു ചൂണ്ടിക്കാട്ടിയെങ്കിലും അതു തിരുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

നമുക്കു ചെയ്യാവുന്നതു്‌:

ഇന്നു്‌, ഇന്റര്‍നെറ്റും യൂണിക്കോഡും രംഗത്തെത്തിയതോടുകൂടി ചെയ്ത തെറ്റുകള്‍ തിരുത്തുവാന്‍ ഒരു നല്ല അവസരമാണു വന്നിരിക്കുന്നതു്‌. വളരെയധികം കൂട്ടക്ഷരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കിയെടുക്കാമെന്നതു്‌ ഒരു ഗുണം. യൂണിക്കോഡ്‌ ഫോണ്ട്‌ നിര്‍മ്മിക്കുന്നവര്‍ക്കു്‌ പഴയ ലിപി ഉപയോഗിച്ചു്‌ സംവൃതോകാരം കാണിക്കാം എന്നതു്‌ മറ്റൊരു ഗുണം. യൂണിക്കോഡ്‌ ഉപയോഗിക്കുമ്പോഴെങ്കിലും തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നാണു്‌ എന്റെ അഭിപ്രായം.

എന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

  1. കൂട്ടക്ഷരങ്ങളെ ചന്ദ്രക്കല കൂടാതെ ചേര്‍ത്തെഴുതുക. എവിടെ കൂട്ടിയെഴുതണം, എവിടെ ചന്ദ്രക്കലയിടണം എന്ന ചുമതല ഫോണ്ടുണ്ടാക്കുന്നവര്‍ക്കു വിട്ടുകൊടുക്കുക. 
  2. ഇങ്ങനെ എഴുതുന്നതു്‌ ചില അക്ഷരങ്ങള്‍ക്കു്‌ അഭംഗിയായി തോന്നിയാല്‍ മാത്രം (ഫോണ്ടുണ്ടാക്കുന്നവരുടെ ശ്രദ്ധയില്‍ പെടുത്തിയതിനു ശേഷം) ചന്ദ്രക്കല ഉപയോഗിച്ചു്‌ വേര്‍തിരിക്കുക. ഉദാഹരണത്തിനു്‌, “നെയ്വിളക്കു്‌” (neyviLakku~) എന്നതു്‌ അഭംഗിയായി തോന്നിയാല്‍ “നെയ്‌വിളക്കു്‌” (ney_viLakku~) എന്നെഴുതാനുള്ള രീതി ഉപയോഗിക്കാം.
  3. സംവൃതോകാരത്തിനു്‌ “ഉ”കാരത്തിനു ശേഷം ചന്ദ്രക്കല എന്ന രീതി സ്വീകരിക്കുക. പുതിയ ലിപിയിലുള്ള യൂണിക്കോഡ്‌ ഫോണ്ടു്‌ ആണെങ്കില്‍പ്പോലും, ഇങ്ങനെ തന്നെ എഴുതുക. 
  4. ചില്ലുകളെഴുതുന്നതിനെപ്പറ്റി ഇപ്പോഴത്തെ യൂണിക്കോഡ്‌ സ്റ്റന്‍ഡേര്‍ഡിനെപ്പറ്റി അല്‍പം കൂടി പഠിക്കേണ്ടിയിരിക്കുന്നു. മറ്റൊരു ലേഖനത്തിലെഴുതാം.

വ്യാകരണം (Grammar)

Comments (10)

Permalink

സംവൃതോകാരം

പദാന്ത്യത്തിലുള്ള ഉകാരം രണ്ടു വിധത്തിലുണ്ടു്‌:

  • വിവൃതോകാരം: തുറന്നുച്ചരിക്കുന്ന ഉകാരം. കണ്ടു, നിന്നു
    തുടങ്ങിയ വാക്കുകളുടെ അവസാനം ഉള്ള ഉകാരം.
  • സംവൃതോകാരം: അടച്ചുച്ചരിക്കുന്ന ഉകാരം. പണ്ടു്‌, എന്തു്‌ എന്നിവയിലെപ്പോലെ.

സംവൃതോകാരം പല ഭാഷകളിലുമുണ്ടു്‌ – ഇംഗ്ലീഷുള്‍പ്പെടെ. എങ്കിലും പല ഭാഷകളിലും അതു്‌ എഴുതുക പതിവില്ല. തമിഴിലും തെലുങ്കിലും അതു്‌ “ഉ” എന്നു തന്നെ (വിവൃതോകാരമായി) എഴുതുന്നു – ധനമു, എന്രു എന്നിങ്ങനെ.

സംവൃതോകാരത്തിന്റെ ചില പ്രത്യേകതകള്‍:

  1. സ്വരം പിന്നില്‍ വന്നു സന്ധി ചെയ്താല്‍ സംവൃതോകാരം ലോപിക്കും.ഉദാ: എനിക്കു്‌ + ഇല്ല = എനിക്കില്ല, വന്നു്‌ + എങ്കില്‍ = വന്നെങ്കില്‍

    വിവൃതോകാരമാണങ്കില്‍ കൂടുതലായി വകാരം വരികയാണു പതിവു്‌.

    ഉദാ: വന്നു + എങ്കില്‍ = വന്നുവെങ്കില്‍, കുരു + ഇല്ല = കുരുവില്ല.

    (രണ്ടും സംസ്കൃതപദമാണെങ്കില്‍, സംസ്കൃതരീതിയില്‍ “ഉ” പോയി “വ” വരികയും ആവാം. അണു + ആയുധം = അണുവായുധം (മലയാളരീതി), അണ്വായുധം (സംസ്കൃതരീതി).)

  2. സ്വരം പിന്നില്‍ വന്നു സന്ധി ചെയ്യാതെ നിന്നാല്‍ സംവൃതോകാരം അതേപടി നില്‍ക്കും.ഉദാ: എനിക്കു്‌ അവിടെ പോകണം. പണ്ടു്‌ എല്ലാവരും രാവിലെ കുളിച്ചിരുന്നു.
  3. വ്യഞ്ജനം പിന്നില്‍ വന്നാല്‍ സംവൃതോകാരം വിവൃതോകാരമാകും.ഉദാ: എനിക്കു പോകണം. പണ്ടു കേട്ട കഥ.
  4. വ്യഞ്ജനം പിന്നില്‍ വരുമ്പോഴും, സംവൃതോകാരത്തിനു ശേഷം ഒരു നിര്‍ത്തുണ്ടെങ്കില്‍ അങ്ങനെ തന്നെ നില്‍ക്കും.ഉദാ: പണ്ടുപണ്ടു്‌, മനുഷ്യൻ ഉണ്ടാകുന്നതിനും മുമ്പു്‌, ഒരു കാട്ടില്‍…
  5. ബഹുവചനത്തില്‍ സംവൃതോകാരം വിവൃതമാകും. ഉദാ: വാക്കു്‌ – വാക്കുകള്‍

വ്യാകരണം (Grammar)

Comments (20)

Permalink

എന്നെ വെടിവെച്ചു കൊല്ലൂ!

പ്രശസ്തമലയാളകവി സച്ചിദാനന്ദന്‍ ഒരിക്കല്‍ എഴുതി: “നാല്‍പതു വയസ്സു കഴിഞ്ഞ എല്ലാവരെയും വെടിവെച്ചു കൊല്ലണമെന്നായിരുന്നു എനിക്കു ചെറുപ്പത്തിലുണ്ടായിരുന്ന അഭിപ്രായം. അതു തിരുത്തണമെന്നു്‌ എനിക്കു്‌ ഇപ്പോള്‍ തോന്നുന്നു. കാരണം എനിക്കു നാല്‍പതു വയസ്സായി.”

സത്യം. ചെറുപ്പത്തില്‍ “പരേതനു നാല്‍പതു വയസ്സായിരുന്നു” എന്നു ചരമവാര്‍ത്തയില്‍ വായിക്കുമ്പോള്‍, “ഇത്രയൊക്കെ ജീവിച്ചില്ലേ, ഇനി ചത്തുകൂടേ, എന്തിനാണു ഭൂമിക്കു ഭാരമായി ഇരിക്കുന്നതു്‌” എന്നു തോന്നിയിട്ടുണ്ടു്‌. നാല്‍പതുകളില്‍ വിഹരിച്ചിരുന്ന രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ “യുവാവായ പ്രധാനമന്ത്രി” എന്നു പത്രക്കാര്‍ വിളിച്ചപ്പോള്‍ ഇവന്മാര്‍ക്കെന്താ തലയ്ക്കു വട്ടുണ്ടോ എന്നു ശങ്കിച്ചവരാണു ഞങ്ങള്‍.

ഇരുപത്തിനാലു വയസ്സുള്ളവനാണു്‌ അന്നത്തെ “പ്രായമായ” മനുഷ്യന്‍. മുപ്പതിനു മേലുള്ളവര്‍ വയസ്സന്മാര്‍.

കാലം കഴിയുന്നതോടെ ഈ അതിര്‍വരമ്പുകള്‍ ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ ഇരുപത്തിനാലു വയസ്സുകാര്‍ പയ്യന്മാര്‍, നാല്‍പതുകാര്‍ ചെറുപ്പക്കാര്‍, അറുപതുകാര്‍ മദ്ധ്യവയസ്കര്‍, എണ്‍പതുകാര്‍ വയസ്സന്മാര്‍ എന്ന സ്ഥിതിയെത്തി. അതു്‌ ഇനിയും മുകളിലേക്കു പോകും. പ്രേം നസീറിനെയും ദേവാനന്ദിനെയും (ദേവരാഗക്കാരനല്ല) പോലെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞാലും നിത്യയൌവനമാണെന്നു വിളിച്ചുകൂവും.

പറഞ്ഞുവന്ന കാര്യം പറഞ്ഞില്ലല്ലോ. എനിക്കു്‌ നാല്‍പതു വയസ്സായി.

1965 നവംബര്‍ 22-ാ‍ം തീയതി എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടു്‌ ഒരുമാസം മുമ്പു്‌ ഞാന്‍ ഭൂജാതനായിട്ടു്‌ ഇന്നു്‌ നാല്‍പതു കൊല്ലം തികയുന്നു. ഇങ്ങനെ നിനച്ചിരിക്കാത്ത സമയത്തു വന്നതുകൊണ്ടു്‌ സ്കൂളദ്ധ്യാപികയായിരുന്ന അമ്മയ്ക്കു്‌ പ്രസവാവധി കാലേകൂട്ടി എടുക്കാന്‍ പറ്റാഞ്ഞതിനാല്‍ (അന്നൊക്കെ പ്രസവത്തിനു മുമ്പും പിമ്പും ഓരോ മാസം അവധി കിട്ടുമായിരുന്നു) എന്റെ ജനനത്തീയതി ഡിസംബറിലെ ഒരു ദിവസത്തിലേക്കു മാറ്റി. അതാണു്‌ ഇപ്പോഴും എന്റെ ഔദ്യോഗിക ജനനത്തീയതി.


ജനനത്തീയതി മാറ്റുന്നതു്‌ മലയാളികള്‍ക്കു പുത്തരിയല്ല. അധികം പേരെയും ജനിപ്പിക്കുന്നതു്‌ മെയ്‌മാസത്തിലാണെന്നു മാത്രം. കേരളത്തിലെ സെന്‍സസ്‌ പരിശോധിച്ചാല്‍ 90% ആളുകളും മെയ്‌മാസത്തില്‍ ജനിക്കുന്നതായി കാണാം. ഇതു ജൂലൈ മാസത്തിലെ കനത്ത മഴ മൂലമാണെന്നു്‌ ആരും തെറ്റിദ്ധരിക്കേണ്ട. ദീര്‍ഘദര്‍ശികളായ കാരണവന്മാരുടെ ബുദ്ധിമൂലമാണെന്നു മനസ്സിലാക്കുക. ഇതിനെപ്പറ്റി ഗവേഷണം ചെയ്തതില്‍ നിന്നു മനസ്സിലായതു്‌ ഇങ്ങനെ:

ഒരു കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കണമെങ്കില്‍ ജൂണ്‍ ഒന്നാം തീയതി അഞ്ചു വയസ്സു തികഞ്ഞിരിക്കണം. ജൂലൈയിലും ഓഗസ്റ്റിലുമൊക്കെ ജനിച്ചവര്‍ക്കു സത്യം പറഞ്ഞാല്‍ പിറ്റേ വര്‍ഷമേ ചേരാന്‍ പറ്റൂ. ഒരു വര്‍ഷം വൈകി സ്കൂളില്‍ ചേര്‍ന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ പഠിപ്പു കഴിയൂ. ഒരു വര്‍ഷം കഴിഞ്ഞു പഠിപ്പു കഴിഞ്ഞാല്‍ ഒരു വര്‍ഷം കഴിഞ്ഞേ ജോലി കിട്ടൂ. അതായതു പന്ത്രണ്ടു മാസത്തെ ശമ്പളം നഷ്ടമാകും. ആദ്യവര്‍ഷത്തിനു ശേഷം ശമ്പളക്കയറ്റം കൂടി കണക്കിലെടുത്താല്‍ പെന്‍ഷനാകും വരേക്കു കിട്ടുന്ന ശമ്പളത്തിന്റെ വ്യത്യാസവും, പിന്നെ പെന്‍ഷനിലുള്ള വ്യത്യാസവുമൊക്കെ കണക്കുകൂട്ടി നോക്കിയാല്‍ എത്ര രൂപയുടെ വ്യത്യാസമുണ്ടെന്നു നോക്കുക. ഇതു വെറുതേ കളയണോ? അതിനാല്‍ വയസ്സു കൂട്ടി ചേര്‍ക്കുകയല്ലാതെ മറ്റു വഴിയില്ല.

എന്നാല്‍പ്പിന്നെ ജൂണ്‍ 1-നു മുമ്പുള്ള ഏതെങ്കിലും തീയതി പോരേ? എന്തിനു മെയ്‌മാസത്തില്‍ത്തന്നെ? അതിനു കാരണം മറ്റൊന്നാണു്‌:

പണ്ടു സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പെന്‍ഷനാകുന്നതു്‌ 55 വയസ്സു തികയുമ്പോഴാണു്‌. (ചിലടത്തു്‌ ഇതു്‌ 58-ഓ 60-ഓ ആകാം. എന്തായാലും നമ്മുടെ തിയറി മാറുന്നില്ല.) അതായതു്‌, 55 തികയുന്ന മാസത്തിലെ അവസാനത്തെ ദിവസത്തില്‍. ഉദാഹരണത്തിനു 1940 നവംബര്‍ 22-നു ജനിച്ചവന്‍ 1995 നവംബര്‍ 30-നു പെന്‍ഷനാകും. ജനനത്തീയതി മെയിലേക്കു മാറ്റിയാല്‍ 1996 മെയ്‌ 31-നേ പെന്‍ഷനാകൂ. അതായതു ആറു മാസം കൂടുതല്‍ ശമ്പളം കിട്ടുമെന്നര്‍ത്ഥം. പെന്‍ഷന്‍ തുകയും കൂടും.

ചുരുക്കം പറഞ്ഞാല്‍ “വയസ്സു കൂട്ടി” ചേര്‍ത്താലും “വയസ്സു കുറച്ചു” ചേര്‍ത്താലും മൊത്തം ശമ്പളവും പെന്‍ഷനും കൂടിയ തുക maximise ചെയ്യാന്‍ ജനനത്തീയതി മെയ്‌-ല്‍ത്തന്നെ വേണമെന്നു്‌ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തി. കാല്‍ക്കുലസ്‌ കണ്ടുപിടിച്ച ന്യൂട്ടണ്‍ സായ്പ്‌ ഇതു വല്ലതും അറിഞ്ഞിരുന്നെങ്കില്‍ ഇവരെ പൂവിട്ടു തൊഴുതേനേ.


അതവിടെ നില്‍ക്കട്ടെ. പറഞ്ഞുവന്നതു ഞാന്‍ ഒരു മാസം മുമ്പു ജനിച്ചതിനെപ്പറ്റിയാണു്‌. അന്നു മുതല്‍ ഇന്നു വരെ ഞാന്‍ ഒരു കാര്യവും ചെയ്യേണ്ട സമയത്തു ചെയ്തിട്ടില്ല എന്നാണു പഴമക്കാര്‍ പറയുന്നതു്‌. ആദ്യമൊക്കെ എല്ലാം സമയത്തിനു മുമ്പു ചെയ്യുമായിരുന്നു. അമ്മയുടെ കൂടെ മൂന്നാം വയസ്സില്‍ സ്കൂളിലേക്കു പോയ ഞാന്‍ രണ്ടു കൊല്ലം വെറുതെ ഒന്നാം ക്ലാസ്സില്‍ ഇരുന്നു അതു മുഴുവന്‍ പഠിച്ചു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ രണ്ടാം ക്ലാസ്സിലെ കാര്യങ്ങള്‍ പഠിക്കാനായിരുന്നു കമ്പം. ഈ ശീലം സ്കൂള്‍ കഴിയുന്നതു വരെ തുടര്‍ന്നു. കോളേജില്‍ പോയതോടുകൂടി ഗതി നേരേ തിരിഞ്ഞു. എഞ്ചിനീയറിംഗിനു പഠിക്കുമ്പോള്‍ ആറാം സെമസ്റ്ററിലെത്തുമ്പോഴാണു മൂന്നാം സെമസ്റ്ററിലെ വിഷയങ്ങള്‍ പഠിച്ചതു്‌. പഠിത്തമൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമാണു പണ്ടു പഠിച്ചതൊക്കെ മനസ്സിലായിത്തുടങ്ങിയതു്‌.

സ്കൂള്‍ക്കുട്ടികള്‍ പഠിക്കുന്ന വൃത്തം, അലങ്കാരം, വ്യാകരണം, ഗുണനപ്പട്ടിക, പദ്യങ്ങള്‍, ചീട്ടുകളി, ചെസ്സുകളി ഇവയൊക്കെ പഠിക്കാനാണു്‌ ഈയിടെയായി കമ്പം. എന്റെ പ്രായത്തിലുള്ളവര്‍ ചെയ്യുന്ന സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌, ബിസിനസ്സ്‌, വിസ വില്‍ക്കല്‍, പലിശയ്ക്കു കടം കൊടുക്കല്‍, നാട്ടില്‍ സ്ഥലം വാങ്ങിയിടല്‍, അതു പിന്നെ വില്‍ക്കല്‍, ഇന്റര്‍നെറ്റില്‍ നിന്നു വാങ്ങി മറിച്ചു വില്‍ക്കല്‍, അത്യാധുനിക ഇലക്ട്രോണിക്‌ ഉപകരണങ്ങളെപ്പറ്റി സംസാരിക്കല്‍ തുടങ്ങിയവയില്‍ കമ്പം എഴുപതു വയസ്സിലായിരിക്കും തുടങ്ങുക. ആര്‍ക്കറിയാം?

ഏതായാലും നാല്‍പതു വയസ്സായി. പഴയപോലെ ജന്മദിനത്തില്‍ വലിയ സന്തോഷമൊന്നുമില്ല; പകരം ആശങ്കയാണു്‌. വെണ്ണിക്കുളത്തിന്റെ വരികള്‍ ഓര്‍മ്മ വരുന്നു:


വയസ്സു കൂട്ടുവാന്‍ വേണ്ടി
വന്നെത്തും ജന്മതാരകം
വൈരിയാണോ സുഹൃത്താണോ
വളരെസ്സംശയിപ്പു ഞാന്‍

ആദ്യമാദ്യമെനിക്കുണ്ടായ്‌
വളരാനുള്ള കൌതുകം
അതു വേണ്ടിയിരുന്നില്ലെ-
ന്നിപ്പോള്‍ തോന്നുന്നതെന്തിനോ?

പിന്തിരിഞ്ഞു നടന്നീടാ-
നാവാതുള്ളൊരു യാത്രയില്‍
പിറന്നാളുകളോരോന്നും
നാഴികക്കുറ്റിയല്ലയോ….

ഇത്രയും നേരം ബോറടിപ്പിച്ചതിനു്‌ നിങ്ങള്‍ക്കെന്നെ വെടിവെച്ചുകൊല്ലാന്‍ തോന്നുന്നുണ്ടാവും, അല്ലേ?

വൈയക്തികം (Personal)

Comments (30)

Permalink

വരമൊഴി

വര + മൊഴി ആണു വരമൊഴി. വരകളില്‍ക്കൂടി പ്രകടമാകുന്ന മൊഴി. ലിഖിതഭാഷയെന്നര്‍ത്ഥം. ഇതിനു വിപരീതമായി സംസാരത്തില്‍ക്കൂടി പ്രകടിപ്പിക്കുന്ന മൊഴിയെ വായ്‍മൊഴി എന്നു പറയുന്നു.

സിബുവിന്റെ വരമൊഴിക്കു് ആ പേര്‍ വളരെ അന്വര്‍ത്ഥമാണു്. (ആ പേര്‍ നിര്‍ദ്ദേശിച്ച ആളിന്റെ പേര്‍ സിബു എവിടെയോ പറഞ്ഞിട്ടുണ്ടു്. ഇപ്പോള്‍ കിട്ടുന്നില്ല. ആ മഹാനു നമോവാകം.) നോക്കുക:

  • വരകള്‍ കൊണ്ടുള്ള മൊഴി. കമ്പ്യൂട്ടറിലെ പല വരയും കുറിയും കൊണ്ടു മലയാളം കാണിപ്പിക്കുന്ന വിദ്യ. അതാണല്ലോ വരമൊഴി.
  • മൊഴി എന്നതു വരമൊഴിയിലെ transliteration scheme ആണു്. വരം എന്നതിനു ശ്രേഷ്ഠം എന്നും അര്‍ത്ഥമുണ്ടു്. വരമൊഴിക്കു “ഏറ്റവും നല്ല transliteration scheme ഉള്ള വിദ്യ” എന്നും പറയാം. മൊഴി ഏറ്റവും intuitive ആയതിനാല്‍ ഇതും വരമൊഴിക്കു യോജിക്കും.
  • മലയാളികള്‍ക്കു്, പ്രത്യേകിച്ചു് കമ്പ്യൂട്ടറില്‍ എഴുതുന്ന മലയാളികള്‍ക്കു്, ഒരു വരമായി വന്ന മൊഴി എന്ന അര്‍ത്ഥവും പറയാം. വരമൊഴിയും അതിന്റെ പിന്‍ഗാമിയായ കീമാനും ഇല്ലായിരുന്നെങ്കില്‍ ഇത്രയും മലയാളബ്ലോഗുകളും ഗ്രൂപ്പുകളും ഇന്റര്‍നെറ്റില്‍ ഉണ്ടാകുമായിരുന്നോ എന്നു സംശയമാണു്. എനിക്കു് എറ്റവും സമഞ്ജസമായി തോന്നുന്നതു് ഈ അര്‍ത്ഥമാണു്.

മലയാളത്തിനു കിട്ടിയ ഈ വരദാനം ഏറ്റവും ഉപയോഗിക്കപ്പെടുന്നതു മലയാളം ബ്ലോഗുകളിലും അക്ഷരശ്ലോകഗ്രൂപ്പിലുമാണു്. വരമൊഴിയുടെ മാഹാത്മ്യം ശരിക്കറിയുന്നതു് അവരാണു് – സിബുവിനെക്കാളും.


കവിതാരസചാതുര്യം വ്യാഖ്യാതാ വേത്തി നോ കവിഃ
സുതാസുരതസാമര്‍ഥ്യം ജാമാതാ വേത്തി നോ പിതാ

എന്ന രസികന്‍ സംസ്കൃതശ്ലോകത്തിന്റെ ചുവടുപിടിച്ചു് ഞാന്‍ ഇങ്ങനെ പറയട്ടേ:


വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (21)

Permalink

അഹിച്ഛത്രം

എന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സുഹൃത്തും പെരിങ്ങോടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നവനുമായ രാജ്‌ നായര്‍ എഴുതിയ അഹിച്ഛത്രത്തിലെ യോദ്ധാവു്‌ എന്ന മനോഹരമായ കഥ വായിച്ചപ്പോള്‍ “അഹിച്ഛത്രം” എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം തോന്നി. അതു ചോദിക്കുകയും ചെയ്തു.

പിന്നീടാണു്‌ സംശയം അസ്ഥാനത്താണെന്നു മനസ്സിലായതു്‌. വൃക്ഷച്ഛായ, തരുച്ഛായ, ആച്ഛാദനം തുടങ്ങിയ പല പ്രയോഗങ്ങളും ഓര്‍മ്മ വന്നു. കൂടാതെ ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ രണ്ടു ശ്ലോകഭാഗങ്ങളും ‘ഛ’യ്ക്കു സന്ധിയില്‍ ദ്വിത്വമുണ്ടെന്നു വെളിവാക്കി.

  1. ശല്യം ഷഡ്ഭിരഥേഷുഭിസ്ത്രിഭിരപി ച്ഛത്രം ധ്വജം കാര്‍മുകം…(ഭാസ്കരാചാര്യരുടെ ലീലാവതിയില്‍ നിന്നു്‌. Quadratic equation ഉപയോഗിച്ചു ചെയ്യേണ്ട ഒരു പ്രശ്നം.)
  2. ന ച്ഛത്രം ന തുരംഗമം…
    (കാക്കശ്ശേരി ഭട്ടതിരിയുടെ ഒരു പ്രസിദ്ധശ്ലോകം.)

ഇതെങ്ങനെ എന്നു ശങ്കിച്ചു സംസ്കൃതവ്യാകരണനിയമങ്ങള്‍ പരതിയപ്പോഴാണു കാര്യം പിടികിട്ടിയതു്‌. “ഛകാരസന്ധി” എന്നൊരു പ്രത്യേകനിയമം തന്നെയുണ്ടു്‌. ഇതാണു്‌ ആ നിയമം (പാണിനിയുടെ അഷ്ടാധ്യായിയില്‍ നിന്നു്‌):

  1. ഛേ ച (ഹ്രസ്വസ്യ, തുക്‌, സംഹിതായാം)[6-1-73] : ഹ്രസ്വസ്വരത്തിനു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരം ആഗമിക്കുന്നു. ഈ നിയമമനുസരിച്ചു്‌ അഹി + ഛത്രം = അഹി + ത്‌ + ഛത്രം ആകുന്നു.
  2. സ്തോഃ ശ്ചുനാ ശ്ചുഃ[8-4-40] : ‘ശ’കാരമോ ‘ത’വര്‍ഗ്ഗമോ പിന്‍വന്നാല്‍ സ, ത, ഥ, ദ, ധ, ന എന്നിവയ്ക്കു യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവ ആദേശം. അങ്ങനെ ത്‌ + ഛത്രം = ച്‌ + ഛത്രം ആകുന്നു.

ഇങ്ങനെയാണു്‌ അഹി + ഛത്രം = അഹിച്ഛത്രം ആകുന്നതു്‌. തരുച്ഛായയും വൃക്ഷച്ഛായയും ഇതുപോലെ തന്നെ.

ദീര്‍ഘസ്വരമാണെങ്കില്‍ തകാരാഗമം വേണമെന്നില്ല. ലതാ + ഛായ ചേരുമ്പോള്‍ ലതാഛായയോ ലതാച്ഛായയോ ആകാം.

ആ + ഛാദനം = ആച്ഛാദനം ആകുന്നതു്‌ ആങ്മാങോശ്ച (ഛേ, തുക്‌) [6-1-74] എന്ന പാണിനീസൂത്രമനുസരിച്ചാണു്‌. ഇതനുസരിച്ചു്‌ ‘ആ’, ‘മാ’ എന്നിവയ്ക്കു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരാഗമം വരും. ശേഷം മുന്‍പറഞ്ഞതുപോലെ തന്നെ.

ചുരുക്കിപ്പറഞ്ഞാല്‍, ‘അഹിച്ഛത്രം’ ശരിയാണു്‌. പെരിങ്ങോടനും.

വ്യാകരണം (Grammar)

Comments (31)

Permalink

മാര്‍ദ്ദവവും ഹാര്‍ദ്ദവവും

മൃദു എന്ന വിശേഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്ന തദ്ധിതത്തെ ‘അണ്‌’ പ്രത്യയം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടു്‌ (ഇഗന്താച്ച ലഘുപൂര്‍വാത്‌ (അണ്‌) എന്നു പാണിനി (5-1-13).) മാര്‍ദവം എന്ന വാക്കുണ്ടാകുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടു്‌:

  1. പദാദിയിലുള്ള ‘‘കാരം ‘ആര്‍‘ ആയി മാറും. (പൂര്‍ണ്ണമായി പറഞ്ഞാല്‍ അ, ഇ, ഉ, ഋ, ഌ എന്നിവ യഥാക്രമം ആ, ഐ, ഔ, ആര്‌, ആല്‌ എന്നു മാറും. ഉദാഹരണങ്ങള്‍ : കവി – കാവ്യം, വിധവ – വൈധവ്യം, ഗുരു – ഗൌരവം, ഋജു – ആര്‍ജ്ജവം.) അങ്ങനെ ‘മൃ‘ എന്നതു്‌ ‘മാര്‍‘ ആകുന്നു.
  2. പദാന്ത്യത്തിലുള്ള ‘‘കാരം ‘അവം‘ ആയി മാറും. (മറ്റുദാഹരണങ്ങള്‍ : ലഘു – ലാഘവം, ഗുരു – ഗൌരവം, ഋജു – ആര്‍ജ്ജവം, പടു – പാടവം.). അങ്ങനെ ‘ദു‘ എന്നതു്‌ ‘ദവം” ആകുന്നു.

ഇങ്ങനെയാണു ‘മൃദു’വില്‍ നിന്നു ‘മാര്‍ദവം’ ഉണ്ടാകുന്നതു്‌. ‘അചോ രഹാഭ്യാം ദ്വേ (യരഃ)‘ എന്ന പാണിനീയസൂത്രപ്രകാരം (8-4-6) ഇതിനെ ഉച്ചരിക്കുന്നതു്‌ മാര്‍ദ്ദവം എന്നാണു്‌. എഴുതുമ്പോള്‍ സാധാരണയായി സംസ്കൃതത്തില്‍ മാര്‍ദവം എന്നു മലയാളത്തില്‍ മാര്‍ദ്ദവം എന്നും എഴുതുന്നു. രണ്ടും ശരിതന്നെ.

ഇതിനെപ്പിന്തുടര്‍ന്നു്‌ ‘ഹാര്‍ദ്ദവം’ എന്നൊരു വികലപ്രയോഗം പ്രചാരത്തിലുണ്ടു്‌. (സ്വാഗതപ്രസംഗകരാണു്‌ ഇതിന്റെ മുഖ്യപ്രചാരകര്‍. “ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു…” എന്നു സ്ഥിരം കേള്‍ക്കാറുണ്ടു്‌.)

ഹൃദ്‌‘ എന്നതില്‍ നിന്നു്‌ ഉണ്ടാകുന്ന വാക്കായതിനാല്‍ (സൂക്ഷ്മമായിപ്പറഞ്ഞാല്‍ ‘ഹൃദയ’ശബ്ദത്തില്‍ നിന്നാണു്‌ ഇതിന്റെ ഉത്പത്തി. ‘അണ്‌’ പ്രത്യയം ചേരുമ്പോള്‍ ഹൃദയസ്യ ഹൃല്ലേഖയദണ്‌ ലാസേഷു എന്ന പാണിനീയസൂത്രമനുസരിച്ചു്‌ (6-3-50) ‘ഹൃദയ’ശബ്ദം ‘ഹൃദ്‌’ ആയതാണു്‌.) ഹാര്‍ദ്ദം എന്നേ വരൂ. ഹാര്‍ദവം എന്നു വരണമെങ്കില്‍ ഹൃദു എന്ന വാക്കില്‍ നിന്നുണ്ടാകണം. അങ്ങനെയൊരു വാക്കില്ല.

“ശരിയും തെറ്റും” എന്ന ഈ ബ്ലോഗിന്റെ ആദ്യലേഖനത്തിലെക്കു്‌ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.

വ്യാകരണം (Grammar)

Comments (14)

Permalink

രാപ്പകലും രാപകലും – 2

എന്റെ “രാപ്പകലും രാപകലും” എന്ന ലേഖനത്തിനു പല അഭിപ്രായങ്ങളും ഉണ്ടായി. കമന്റുകളില്‍ പല നിറങ്ങള്‍ കാണിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ടു്‌ ഞാന്‍ അതിനെ വേറൊരു ലേഖനമാക്കുന്നു.

വിശ്വപ്രഭ ഇങ്ങനെ പറഞ്ഞു:

മറ്റു സമാസങ്ങളില്‍ വ്യക്തമായ ദ്വിത്വസന്ധിയെക്കുറിച്ച് രാ.രാ.വര്‍മ്മ തന്നെ പറഞ്ഞിട്ടുണ്ട്.
ഉദാ: രാക്കുയില്‍ , തീപ്പുക, രാപ്പനി, രാക്കുളിര്‍, പൂക്കൂട, വാക്കത്തി

വിശ്വം കൊടുത്ത ഉദാഹരണങ്ങളെല്ലാം തത്പുരുഷസമാസത്തിന്റെ ഉദാഹരണങ്ങളാണു്‌. ദ്വന്ദ്വസമാസത്തിന്റേതല്ല. തത്പുരുഷനില്‍ ഉത്തരപദത്തിനാണു പ്രാധാന്യം. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ഇതിനെപ്പറ്റി കൂടുതല്‍ ഈ ലേഖനത്തില്‍ വായിക്കാം.

രാക്കുയില്‍ = രാ + കുയില്‍ = രാത്രിയിലെ (രാത്രിയില്‍ പാട്ടുപാടുന്ന) കുയില്‍.
(രാപ്പനി, രാക്കുളിര്‍ എന്നിവയും ഇതുപോലെ തന്നെ.)
തീപ്പുക = തീ + പുക = തീയുടെ പുക
പൂക്കൂട = പൂ + കൂട = പൂവിടുന്ന (പൂവുള്ള) കൂട
വാക്കത്തി = വാ + കത്തി = വായുള്ള (വായ്ത്തലയുള്ള) കത്തി

ഈ ഉദാഹരണങ്ങളില്‍ കുയിലും പുകയും കൂടയും കത്തിയുമാണു പ്രധാനപദങ്ങള്‍ എന്നു്‌ (പൂര്‍വ്വപദം അതിന്റെ വിശേഷണം മാത്രമാണു്‌.) വ്യക്തമല്ലേ?

നേരേ മറിച്ചു്‌, രാപകല്‍ = രായും പകലും, രായ്ക്കും പകലിനും തുല്യപ്രാധാന്യമാണു്‌. കൈകാല്‍, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ എന്നിവയിലും സ്ഥിതി ഇതു തന്നെയാണു്‌.

‘രാ’ + പകല്‍ ആണോ ‘രാവ്‌’ + പകല്‍ ആണോ?
‘രാ’, ‘നീ’, ‘തീ’ എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

എന്നു വിശ്വം പറഞ്ഞതു്‌ എനിക്കു മനസ്സിലാകുന്നില്ല. തീ, എടീ, മാന്യരേ, നേരേ, വാ (വരൂ എന്നര്‍ത്ഥത്തില്‍), വരൂ തുടങ്ങിയവയില്‍ ദീര്‍ഘസ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകളല്ലേ? (ഈ വാക്യവും അവസാനിച്ചതു ദീര്‍ഘസ്വരത്തിലല്ലേ?)

വാ കുരുവീ, വരു കുരുവീ
വാഴക്കൈമേലിരി കുരുവീ

എന്ന പാട്ടും ഓര്‍ക്കുക.

‘രാ’ + പകല്‍ ആണോ ‘രാവ്‌’ + പകല്‍ ആണോ?
‘രാ’, ‘നീ’, ‘തീ’ എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

രണ്ടാമത്തേതാണെങ്കില്‍ ‘വ്’ എവിടെപ്പോയി? അതിനുപകരമല്ലേ ‘പ’ അധികം വരുന്നത്?

യോജിക്കാന്‍ പറ്റുന്നില്ല. രാവ്‌ + പകല്‍ എന്നതില്‍ എങ്ങനെയാണു വകാരം പോയി പകാരം വരുന്നതു്‌? ഇതിനു വേറേ ഉദാഹരണങ്ങള്‍ ഉണ്ടോ?

രാത്രി എന്നര്‍ത്ഥത്തില്‍ “രാ” എന്ന വാക്കു ഉപയോഗിക്കുന്നുണ്ടു്‌. രായ്ക്കുരാമാനം, പാതിരാ തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.

ദ്വന്ദസമാസങ്ങളില്‍ പരപദദൃഢവ്യഞനം ഇരട്ടിക്കുകയില്ല എന്ന പൊതുനിയമത്തില്‍ പെടുത്തിയായിരിക്കണം രാപകല്‍ അമ്ഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉച്ചാരണവിലക്ഷണം അനുഭവപ്പെടുന്നില്ലേ?

ഞാന്‍ വളരെക്കാലമായി രാപകല്‍ എന്നാണു്‌ ഉച്ചരിക്കാറു്‌. ഒരു ഉച്ചാരണവൈകല്യവും എനിക്കു തോന്നാറില്ല. (നിരൃതി തുടങ്ങിയവയെ അപേക്ഷിച്ചു നോക്കുമ്പോള്‍.) അതു തോന്നുന്നുണ്ടെങ്കില്‍ അതു നമ്മള്‍ “രാപ്പകല്‍” എന്നേ കേള്‍ക്കാറുള്ളൂ എന്നതുകൊണ്ടാണു്‌. “തീയും പുകയും” എന്നര്‍ത്ഥത്തില്‍ നാം തീപുകകള്‍ എന്നല്ലേ പറയാറുള്ളൂ?

മലയാളാദ്ധ്യാപികയായിരുന്ന എന്റെ അമ്മ “കല്യാണത്തിന്റെ ക്ഷണനമൊക്കെ കഴിഞ്ഞോ?” എന്നു
ചോദിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ടു്‌. അമ്മയോടു ഞാന്‍ പലപ്പൊഴും ചോദിച്ചിട്ടുണ്ടു്‌, തെറ്റാണെന്നറിഞ്ഞുകൊണ്ടു്‌ എന്തിനു്‌ ക്ഷണനം എന്ന വാക്കു്‌ ഉപയോഗിക്കുന്നു എന്നു്‌. (ക്ഷണനം = മുറിക്കല്‍, ക്ഷണം = invitation.) അമ്മ അതിനു മറുപടി പറഞ്ഞതു്‌ അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാവില്ല എന്നാണു്‌. പറഞ്ഞുപറഞ്ഞു ക്ഷണനവും മനോസുഖവും (മനസ്സുഖം അല്ലെങ്കില്‍ മനഃസുഖം ശരി) അഹോവൃത്തിയും (അഹര്‍വൃത്തി ശരി) ഒക്കെ ആളുകള്‍ക്കു ശരിയായിക്കഴിഞ്ഞിരിക്കുന്നു.

ഭാഷ വളരുന്നതുകൊണ്ടു്‌ ഇതൊക്കെ അംഗീകരിക്കാം എന്നു ചിലര്‍ പറയുന്നു. എനിക്കു പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല.

എന്റെ പഴയ ലേഖനത്തിന്റെ വാല്‍ക്കഷണങ്ങള്‍ കൂടി ദയവായി വായിക്കുക.

വ്യാകരണം (Grammar)

Comments (7)

Permalink