ശ്ലോകങ്ങള്‍ (My slokams)

സംഗീതത്തിനോടു്

ദുര്‍ഗ്ഗയുടെ പരമാനന്ദം സംഗീതം… വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു്. ശാസ്ത്രീയസംഗീതം പഠിക്കാന്‍ അവസാനമായി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ 1992-ല്‍ ബോംബെയില്‍ വെച്ചു് എഴുതിയതു്.

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛ്രുതികള്‍ക്കു – ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്‍!

(മത് + ശ്രുതി = മച്ഛ്രുതി. “എന്റെ ചെവി” എന്നര്‍ത്ഥം.)

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (6)

Permalink

കുമാരസംഭവം

രാജേഷ് വര്‍മ്മയ്ക്കു നന്ദി.

കൂപമണ്ഡൂക”ത്തിന്റെ കമന്റില്‍ കുമാരസംഭവത്തെ പരസ്യമാക്കിയതിനു്.

മനഃപൂര്‍വ്വം പറയാതിരുന്നതാണു്. ബൂലോഗര്‍ക്കു് ഒരു സര്‍പ്രൈസായ്ക്കോട്ടേ എന്നു കരുതി. ഒരുപിടി കുഞ്ഞുവാവകളുടെ മൂത്ത ജ്യേഷ്ഠനാകുമെന്നു കരുതിയതാണു്. പവിത്രക്കുട്ടി ഓവര്‍ടേക്ക് ചെയ്തു മൂത്തോപ്പോള്‍ ആയി. അതു മറ്റൊരു സര്‍പ്രൈസ്! യാത്രാമൊഴിക്കും പവിത്രക്കുട്ടിയ്ക്കും ആശംസകള്‍!

പേരു് ഊഹിക്കുന്നതില്‍ മീനാക്ഷി സമ്മാനാര്‍ഹയായി. രാജേഷ് വര്‍മ്മ എന്തു സമ്മാനമാണോ നിശ്ചയിച്ചിരിക്കുന്നതു്? സാധാരണയായി അദ്ദേഹം 101 പവനില്‍ കുറച്ചൊന്നും സമ്മാനമായി കൊടുക്കാറില്ല 🙂

കൂടുതല്‍ വിവരങ്ങള്‍:

പേരു് : വിഘ്നേശ് *
ചെല്ലപ്പേരു് : വിക്കി**
ജനനസമയം (പോര്‍ട്ട്‌ലാന്‍ഡ്) : 2006 നവംബര്‍ 5 11:53 AM PST (1182 തുലാം 20)
ജനനസമയം (ഭാരതം) : 2006 നവംബര്‍ 6 01:23 AM IST (1182 തുലാം 19)
ജനനസ്ഥലം : St. Vincent Hospital, Portland, Oregon, USA.
തൂക്കം : 5 lb 15.8 oz (2.716 Kg)
നീളം : 20 ഇഞ്ച് (50.8 സെന്റിമീറ്റര്‍)
നക്ഷത്രം : ഭരണി
തിഥി : പ്രഥമ (കൃഷ്ണപക്ഷം)
ആഴ്ച : ഞായര്‍
കരണം : സിംഹം
നിത്യയോഗം : വ്യതീപാത

* മിന്നലിന്റെ ചേട്ടന്‍ ഇടിവാളിന്റെ മകന്‍ കൊടുങ്കാറ്റിന്റെ പേരു്
** “വിക്കി ക്വിസ് ടൈം” എന്ന ബ്ലോഗിന്റെ ഉടമസ്ഥനായ മന്‍‌ജിത്തിന്റെ ഏറ്റവും പ്രിയങ്കരമായ വസ്തു


ഏറ്റവും സന്തോഷം വിശാഖിനു തന്നെ. ഇതാ അനുജനെ കണ്ടു് “മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ” ചിരിച്ചു കൊണ്ടിരിക്കുന്ന വിശാഖ്:

കൂടുതല്‍ പടങ്ങള്‍ക്കു് ഇവിടെ നോക്കുക.


മൂപ്പര്‍ക്കു പേരിട്ടതു് ഒരു കഥയാണു്.

ആണ്‍‌കുട്ടിയാണെന്നറിഞ്ഞതു മുതല്‍ ഒരു പേരിനായി ഞങ്ങള്‍ ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും നടത്തുകയുണ്ടായി. എനിക്കു ശിവന്റെ പേരും (ഉമേഷ്) മകനു സുബ്രഹ്മണ്യന്റെ പേരും (വിശാഖ്) ആയതിനാല്‍ അടുത്തയാള്‍ക്കു ഗണപതിയുടെ പേരിടണമെന്നു് എനിക്കൊരാഗ്രഹം.

“പെണ്‍‌കുഞ്ഞാകാഞ്ഞതു നന്നായി. അല്ലെങ്കില്‍ അതിനു “ഭദ്രകാളി” എന്ന പേരിടണം എന്നു് ഇങ്ങേരു പറഞ്ഞേനേ” എന്നു സിന്ധു.

എനിക്കും സിന്ധുവിനും പ്രാസത്തില്‍ വലിയ താത്പര്യമില്ലെങ്കിലും (ഇതിനു മുമ്പിടാനായി പേരിടുന്നതിലെ പ്രാസത്തെപ്പറ്റി എഴുതിക്കൊണ്ടിരുന്ന പോസ്റ്റ് സമയത്തു തീര്‍ന്നില്ല. അതു് ഇനിയൊരിക്കല്‍ ഇടാം.) അഭ്യുദയകാംക്ഷികളൊക്കെ വിശാഖിനു ചേരുന്ന “വി”യില്‍ തുടങ്ങുന്ന പേരിടണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതെല്ലാമൊത്ത വിനായകന്‍, വിഘ്നേശന്‍, വക്രതുണ്ഡന്‍ എന്നു മൂന്നു പേരുകള്‍ മാത്രമേ കിട്ടിയുള്ളൂ.

വക്രതുണ്ഡന്‍ എന്നതു വക്കാരിയുടെ പേരായതുകൊണ്ടു് ഉപേക്ഷിച്ചു.

വക്കാരിയുടെ പേരു്” എന്നൊരു ഗവേഷണപ്രബന്ധം ഓഫ്‌യൂണിയനില്‍ പ്രസിദ്ധീകരിക്കണം എന്നു വിചാരിച്ചിട്ടു് ഇതുവരെ പറ്റിയില്ല. ഒന്നിലധികം വര്‍ഷത്തെ ഗവേഷണഫലമായി കണ്ടുപിടിച്ചതാണു്. ഇത്രയുമായ സ്ഥിതിയ്ക്കു് ഇവിടെ ചുരുക്കി പറഞ്ഞേക്കാം.

കോട്ടയം ജില്ലയിലെ കുറിച്ചിയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയ്ക്കു റോഡ്‌സൈഡിലാണു വക്കാരിയുടെ വീടെന്നു് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു വ്യക്തമാണു്. ഗവേഷണഫലമായി അതു കാരിത്താസ് എന്ന സ്ഥലമാണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഇതിനു് ഉപോദ്ബലകമായ വസ്തുതകള്‍ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.

വക്കാരി തന്റെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന പടം ആനയുടേതാണെന്നു ചിലരും ഗണപതിയുടേതാണെന്നു മറ്റു ചിലരും തെറ്റിദ്ധരിച്ചിട്ടുണ്ടു്. ഇതു രണ്ടുമല്ല, അല്ലെങ്കില്‍ ഇതു രണ്ടുമാണു സത്യം എന്നതാണു വസ്തുത. മുഴുവന്‍ ശരീരം വരയ്ക്കാതെ മുഖം മാത്രം വരച്ചതു് ആനയ്ക്കും ഗണപതിയ്ക്കും യോജിക്കുന്ന വക്രതുണ്ഡന്‍ എന്ന പേരിനെ സൂചിപ്പിക്കാനാണെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു്.

ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഇദ്ദേഹം കുറച്ചുകാലം ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ള ഒരു കലാലയത്തില്‍ അദ്ധ്യാപകനായിരുന്നെന്നും അവിടുത്തെ ഭാഷയില്‍ “മാസ്റ്റര്‍” എന്നതിനു പകരം “മഷ്ടാര്‍” എന്നാണു പറയുക എന്നും എന്റെ ഗവേഷണം വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ പുര്‍ണ്ണനാമമായ വക്‌റതുണ്ഡന്‍ കാരിത്താസ് മഷ്‌ടാര്‍ എന്നതിന്റെ ചുരുക്കരൂപമാണു് വക്കാരിമഷ്ടാ എന്നതു് എന്നതു നിസ്തര്‍ക്കമത്രേ.

ഈ പേര്‍ ജാപ്പനീസില്‍ “മനസ്സിലായി” എന്നര്‍ത്ഥമുള്ള ഒരു വാക്കില്‍ നിന്നാണു കിട്ടിയതെന്നു പറയുന്നതു കേവലം ഒരു മറ മാത്രമാണു്. “വകരിമസ്റ്റ” എന്നാണു് ആ വാക്കു്. “ഓക്കേ”, “അതു ശരി”, “അപ്പോള്‍ ശരി”, “പിന്നെക്കാണാം” എന്നൊക്കെയാണു് ആ വാക്കിന്റെ അര്‍ത്ഥം, “മനസ്സിലായി” എന്നല്ല.

ഈ ഗവേഷണത്തിനു് എനിക്കൊരു പി. എഛ്. ഡി. അടുത്തു തന്നെ തരമാകും എന്നൊരു കിംവദന്തിയുമുണ്ടു്.

മാത്രമല്ല, അടുത്ത കുട്ടിക്കു വേണ്ടി കുട്ട്യേടത്തി നോക്കി വെച്ചിരിക്കുന്ന പേരാണതു്.

ഭൂരിഭാഗം ആളുകളും വിനായകിനോടൊപ്പമായിരുന്നു. വിഘ്നേശ് എന്ന പേരിന്റെ കൂടെ ഞാനും വിശാഖും മാത്രം.

ബൂലോഗത്തിലെ കുറേ പുലികളോടു് അഭിപ്രായം ചോദിച്ചു. അവിടെയും വിനായകനായിരുന്നു പിന്തുണ കൂടുതല്‍. വിഘ്നേശിനെ പിന്തുണച്ചതു് ആകെ മന്‍‌ജിത്ത് മാത്രം. അതും ചെല്ലപ്പേരായി “വിക്കി” എന്നു വിളിക്കാം എന്നതുകൊണ്ടു്. വിക്കിപീഡിയ തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്റെ അഭിപ്രായങ്ങളെ വരെ അതു ബാധിക്കും എന്നു മനസ്സിലായില്ലേ?

അവസാനം കഴിഞ്ഞ പ്രാവശ്യം ചെയ്തതു പോലെ കുറേ സായിപ്പുകളെക്കൊണ്ടു പറയിച്ചു നോക്കി. ഫലം അവിശ്വസനീയമായിരുന്നു. വിനായക് ആര്‍ക്കും വഴങ്ങുന്നില്ല. നീളം കൂടിപ്പോയി എന്നാണു പരാതി. അതേ സമയം വിഘ്നേശ് എല്ലാവരും നന്നായി പറഞ്ഞു. (വിഗ്നേശ് എന്നായിപ്പോയെന്നു മാത്രം. അതു പിന്നെ ഇന്ത്യക്കാരും അങ്ങനെ തന്നെയല്ലേ പറയുന്നതു്?) അങ്ങനെ വിഘ്നേശ് ഏതാണ്ടു് ഉറച്ചു.


UMESH-നു് 5 അക്ഷരം. SINDHU-വിനു് 6 അക്ഷരം. VISHAKH-നു 7 അക്ഷരം. VIGHNESH-നു 8 അക്ഷരം. ഏതായാലും പുരോഗതിയുണ്ടു്. ഒമ്പതക്ഷരമുള്ള ശിവന്റെ മക്കള്‍ ഉണ്ടോ എന്തോ? SHASTHAVU?


എനിക്കു ശിവന്റെ പേരും മക്കള്‍ക്കു രണ്ടും ശിവന്റെ പിള്ളേരുടെ പേരും ആയതു കൊണ്ടു് ഇനി സിന്ധുവിന്റെ പേരു മാറ്റണം. പാര്‍വ്വതിയുടെ ഒരു പേരാക്കണം. “സിന്ധു” എന്ന പദത്തിനു ധാരാളം അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലി നിരത്തുന്നുണ്ടെങ്കിലും അവയില്‍ ജീവനുള്ളതു് “ആന” മാത്രം.

പെണ്‍‌കുട്ടിയായിരുന്നെങ്കില്‍ ഇടാന്‍ പണ്ടു തൊട്ടേ നോക്കി വെച്ചിരുന്ന പ്രിയപ്പെട്ട പേരുകളൊക്കെ പാര്‍വ്വതിയുടെ പര്യായങ്ങളായിരുന്നു-പാര്‍വ്വതി, ഗൌരി, അപര്‍ണ്ണ, ഉമ,… അതിലെതെങ്കിലും ഒന്നിടാം.

സിന്ധുവിനു് ഒരു സങ്കടമുണ്ടു്-തന്റെ പേരു വളരെ ചെറുതായിപ്പോയെന്നു്. അതിനാല്‍ ചെറിയ ചെല്ലപ്പേരൊന്നും ഉണ്ടായിട്ടില്ല എന്നു്.

Sin എന്ന ചെല്ലപ്പേരു് ഞങ്ങള്‍ നിര്‍ദ്ദേശിച്ചതാണു്. നല്ല അര്‍ത്ഥമുള്ള പേരുമാണു്-ഇംഗ്ലീഷില്‍!

വളരെ നീളമുള്ള ഒരു പേരു്; അതിനു വളരെ ചെറിയ ഒരു വിളിപ്പേരു്. അതാണു സിന്ധുവിന്റെ സ്വപ്നം.

പാര്‍വ്വതിയ്ക്കു പര്യായമായി നീളമുള്ളതും ചെറിയ ചുരുക്കപ്പേരുള്ളതുമായ പേരുകള്‍ വേണമെങ്കില്‍ വലിയ വിഷമമൊന്നുമില്ല. ലളിതാസഹസ്രനാമം നോക്കിയാല്‍ ആയിരം പേരു കിട്ടും. ഞങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന പേരുകള്‍ അക്ഷരമാലാക്രമത്തില്‍ താഴെച്ചേര്‍ക്കുന്നു.

പേരു് : ചെല്ലപ്പേരു്
അജ്ഞാനദ്ധ്വാന്തദീപിക : അജ്ഞാന
അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ : അശ്വ
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണി : ഇച്ഛ
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലി : ഉന്മേഷ
കാമേശ്വരാസ്ത്രനിര്‍ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ : കാമ
കാളരാത്ര്യാദിശക്ത്യൌഘവൃത : കാള
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിത : കുരു
കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിത : കൂര്‍മ്മ
ക്രോധാകാരാങ്കുശോജ്ജ്വല : ക്രോധ
ചണ്ഡമുണ്ഡാസുരനിഷൂദിനി : ചണ്ഡ
ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃത : ചക്ര
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനി : ജന്മ
ഡാകിനീശ്വരി : ഡാകിനി
താടങ്കയുഗളീഭൂതതപനോഡുപമണ്ഡല : താട (താടക)
പായസാന്നപ്രിയ : പായസ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത : മന്ത്രി
മാണിക്യമകുടാകാരജാനുദ്വയവിരാജിത : മാണി
സംസാരപങ്കനിര്‍മഗ്നസമുദ്ധരണപണ്ഡിത : സംസാര

ഏതു പേരാണു് അവസാനം സ്വീകരിച്ചുതെന്നു് ഗസറ്റ് വിജ്ഞാപനം വഴി അറിയിക്കുന്നതാണു്.

പ്രത്യേക അറിയിപ്പു്: കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്കു് ഗംഗ എന്നോ ഗംഗയുടെ പര്യായങ്ങളോ പേരുള്ള ഒരാളും പോര്‍ട്ട്‌ലാന്‍ഡിലോ പരിസരത്തിലോ വരാന്‍ പാടില്ല എന്നും വന്നാല്‍ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ ഘ) ഗുരുതരമായിരിക്കും എന്നും സിന്ധു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.


മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് ഗുരുകുലവും എന്റെ മറ്റു പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചുപൂട്ടുകയാണു്. എല്ലാവരും വെക്കേഷന്‍ അടിച്ചുപൊളിക്കുക. അഭിവാദ്യങ്ങള്‍. അടുത്ത സ്കൂള്‍വര്‍ഷം മഴ തുടങ്ങുമ്പോള്‍ കാണാം.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (33)

Permalink

അമ്മ ഇന്നാളു പറഞ്ഞല്ലോ…

“പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ…”

രാവിലെ അമ്മയും മകനും കൂടി പുസ്തകം വായിക്കുകയാണു്. മകനു കൂട്ടിവായന ശരിയായിട്ടില്ല. “മാര്‍ത്തോമ്മാ വലിയ പള്ളി” എന്നതു “മാറു തോമാ വലിയ പല്ലി” എന്നു വായിക്കുന്ന പരുവം. എങ്കിലും വായിക്കാന്‍ ഇഷ്ടമാണു്. ആരെങ്കിലും വായിച്ചു കൊടുക്കണം. അങ്ങനെ വായിച്ചു കൊടുത്തതില്‍ ഏതോ കാര്യത്തിനു മുമ്പു പറഞ്ഞ എന്തോ കാര്യത്തിനു വിരുദ്ധമായ എന്തോ കണ്ടു. അതാണു് ചോദ്യത്തിനു കാരണം.


സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ വായിക്കാന്‍ തുടങ്ങുന്ന കാലം വരെയാണു് കുട്ടികള്‍ സ്വയം നന്നായി പഠിക്കുന്നതെന്നു തോന്നിയിട്ടുണ്ടു്. ഈ പ്രായത്തിലുള്ള കുട്ടികളോടു സംസാരിക്കാനും അവരുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനും എന്തൊരു രസമാണു്! എന്തു സംശയങ്ങളാണു് അവര്‍ക്കു്? എത്ര ലോജിക്കലായി ആണു് അവര്‍ ചിന്തിക്കുന്നതു്? (Calvin and Hobbes എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാകും.) ചോദിക്കാന്‍ അവര്‍ക്കു ലജ്ജയുമില്ല, അറിയേണ്ടതു് എങ്ങനെയെങ്കിലും മനസ്സിലാക്കുകയും ചെയ്യും.

വായിക്കാറാവുമ്പോള്‍ പുസ്തകത്തിലെ അറിവു് അവന്റെ പ്രകൃത്യാ ഉള്ള കഴിവിനെ കെടുത്തിക്കളഞ്ഞു് മറ്റാരുടെയോ അറിവിനെ സ്പൂണ്‍‌ഫീഡ് ചെയ്യുന്നു. സ്കൂള്‍ വിദ്യാഭാസവും മുതിര്‍ന്നവരോടുള്ള ഇടപെടലും അവന്റെ ചോദ്യം ചെയ്യാനുള്ള താത്‌പര്യത്തെ നശിപ്പിച്ചുകളയുന്നു. ഉത്തരം മുട്ടുമ്പോള്‍ മുതിര്‍ന്നവര്‍ കൊഞ്ഞനം കുത്തുകയും “ഇവനിതെന്തൊരു ചെറുക്കന്‍! എന്റെയൊന്നും ചെറുപ്പത്തില്‍ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കില്ലായിരുന്നല്ലോ, പ്രായമായവര്‍ പറയുന്നതു് അങ്ങു വിശ്വസിക്കും. അതാണു വേണ്ടതു്.” എന്നു പറയുകയും ചെയ്യും.

രണ്ടര/മൂന്നു വയസ്സുള്ളപ്പോഴുള്ള ഒരു ചോദ്യം:

“അച്ഛാ, അച്ഛാ, മൂണിനെ നമുക്കു കാണാമായിരുന്നല്ലോ. ഇപ്പോള്‍ കാണുന്നില്ലല്ലോ. അതെന്താ?”

മലയാളം പറയാന്‍ പഠിപ്പിച്ചിരുന്നെങ്കിലും പല വസ്തുക്കളുടെയും ഇംഗ്ലീഷ് വാക്കുകള്‍ മാത്രമേ പറഞ്ഞുകൊടുത്തിരുന്നുള്ളൂ. ഭാഷകള്‍ തമ്മില്‍ ചിന്താക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍. അതാണു “മൂണ്‍” എന്നു പറയാന്‍ കാരണം.

“അതു മോനേ, നമ്മുടെ കണ്ണിന്റെയും മൂണിന്റെയും ഇടയ്ക്കു ട്രാന്‍സ്പെരന്റ് അല്ലാത്ത ഒരു സാധനം വന്നതുകൊണ്ടാ…”

“അതെന്താ ഈ ട്രാന്‍സ്…?”

“ലൈറ്റ് കടന്നുപോകുന്ന സാധനമാണു ട്രാന്‍സ്പെരെന്റ്. കണ്ണാടി, വെള്ളം അതുപോലെയുള്ളവ…”

“അപ്പോള്‍ നമ്മുടെ പുറകിലുള്ളതെന്താ കാണാത്തതു്?”

“അതു്…” (ഒന്നു പരുങ്ങി‌) “നമ്മുടെ കണ്ണിനും അതിനും ഇടയ്ക്കു നമ്മുടെ തല വരുന്നുണ്ടല്ലോ. അതു ട്രാന്‍സ്പെരെന്റ് അല്ലല്ലോ…”

കണ്ണിന്റെ ലെന്‍സ്, റെറ്റീന തുടങ്ങിയവ പറഞ്ഞുകൊടുക്കാന്‍ നിന്നാല്‍ ഇന്നത്തെ ദിവസം പോകും. തത്കാലം ഇതുകൊണ്ടു ശരിയാകുമോ എന്നു നോക്കട്ടേ.

“അപ്പോ എന്താ നമ്മള്‍ നമ്മളുടെ തല കാണാത്തതു്?”

ചുറ്റി. “വീട്ടില്‍ ചെല്ലട്ടേ. അപ്പോള്‍ അച്ഛന്‍ എല്ലാം പറഞ്ഞുതരാം.”

അതാണെന്റെ പത്തൊമ്പതാമത്തെ അടവു്. വീട്ടില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഗൂഗിള്‍, വിക്കിപീഡിയ എന്നിവയൊക്കെ ഉണ്ടല്ലോ. അതില്‍ നോക്കിയിട്ടു പറഞ്ഞുകൊടുക്കാം.

അന്നൊക്കെ ഇങ്ങനെയുള്ള ചീളുകാര്യങ്ങള്‍ക്കു വിക്കിപീഡിയ നോക്കാന്‍ മടിയാണു്. പിന്നെയാണു മനസ്സിലായതു് സര്‍വ്വവിജ്ഞാനകോശം എന്നു ഞാന്‍ വിചാരിച്ചിരുന്ന പലരും മുട്ട പുഴുങ്ങുന്നതെങ്ങനെ എന്നതിനു പോലും വിക്കിപീഡിയ നോക്കുമെന്നു്!

“അച്ഛാ, പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ…”

“അമ്മ എന്തു പറഞ്ഞു?”

“മൂണിനെ കാണാതായതു് കാര്‍ ഒരു ടേണെടുത്തതുകൊണ്ടാണെന്നു്…”

“അതും ശരി തന്നെ.”

“അതെങ്ങനാ ശരിയാവുന്നതു്?”

“കാര്‍ ഒരു ടേണെടുത്തപ്പോള്‍ നമ്മുടെ കണ്ണിന്റെയും മൂണിന്റെയും ഇടയ്ക്കു് ട്രാന്‍സ്പരന്റല്ലാത്ത ഒരു സാധനം വന്നു. ഉദാഹരണത്തിനു കാറിന്റെ റൂഫ്…”

“അല്ലെങ്കില്‍ മൂണ്‍ നമ്മുടെ പുറകിലായിക്കാണും…” ഇപ്പോള്‍ കിട്ടിയ വിജ്ഞാനത്തില്‍ നിന്നൊരു ചീന്തു്.

“ശരിയാ, അങ്ങനെയും ആവാം.”

അങ്ങനെ തത്ക്കാലം ആ പ്രശ്നം ഒഴിവായി. വീട്ടില്‍ വന്നപ്പോള്‍ അവന്‍ മറ്റേ കാര്യം എടുത്തിട്ടു. ഗൂഗിള്‍, വിക്കിപീഡിയ തുടങ്ങിയവ ഉപയോഗിച്ചു കണ്ണില്‍ പ്രതിബിംബം പതിയുന്നതും, കണ്ണടയുടെ ഉപയോഗവും, ക്യാമറയുടെ പിന്നിലെ തത്ത്വവും-ഒക്കെയായി നാലഞ്ചു മണിക്കൂര്‍ പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

അന്നു മുതല്‍ എന്നും വൈകിട്ടു ഞാന്‍ ഓഫീസില്‍ നിന്നു വന്നാല്‍ ഞാനും സിന്ധുവും കൂടി ഒരു ഡിസ്കഷനുണ്ടു്. ഇന്നു് അവന്‍ എന്തു ചോദ്യങ്ങള്‍ ചോദിച്ചു, അവയ്ക്കു് എന്തുത്തരങ്ങള്‍ ആണു പറഞ്ഞതു് എന്നതിനെപ്പറ്റി. അതേ ചോദ്യം മറ്റേ ആളോടു ചോദിച്ചാല്‍ അതേ ഉത്തരം തന്നെ പറയാനുള്ള ഒരു മുന്‍‌കരുതല്‍. ഇതിനെ നമുക്കു് ഉത്തരസമാനത (Equivalence of answers) എന്നു വിളിക്കാം.


ഈ ഉത്തരസമാനത ടെസ്റ്റു ചെയ്യല്‍ അവന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടു് എന്നു തോന്നും. ഒരു ചോദ്യം നമ്മളോടു തന്നെ പത്തു തവണ ചോദിക്കും. മറ്റുള്ളവരോടും ചോദിക്കും. വ്യത്യാസമുണ്ടെങ്കില്‍ അതില്‍ കടിച്ചുതൂങ്ങും. രണ്ടുപേര്‍ ഒരുപോലെ പറഞ്ഞാല്‍ മൂന്നാമതായി ഒരാളോടു ചോദിക്കും.

ഇവനു പറ്റിയ പണി വക്കീല്‍പ്പണി ആണെന്നു തോന്നിയിട്ടുണ്ടു്. പിന്നീടു മനസ്സിലായി ഈ പ്രായത്തിലുള്ള കുട്ടികള്‍ മുഴുവന്‍ വക്കീല്‍പ്പണിക്കു പഠിക്കുന്നവരാണെന്നു്. “കുട്ടികള്‍ വക്കീലന്മാരായി ജനിക്കുന്നു. മുതിര്‍ന്നവര്‍ അവരെ മറ്റു പലതും ആക്കുന്നു.” എന്നു പറയാന്‍ തോന്നിയിട്ടുണ്ടു്.


ഇരുപതു മൈല്‍ ദൂരെ സകുടുംബം താമസിക്കുന്ന ഭാര്യാസഹോദരന്റെ വീട്ടില്‍ പോയതാണു ഞങ്ങള്‍. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെയൊരു പോക്കു പതിവുണ്ടു്. അവിടെ അടുത്തുള്ള ഇന്ത്യന്‍ പലചരക്കുകടയില്‍ നിന്നും മറ്റും ആവശ്യമായ ഷോപ്പിംഗ്, വല്ല ബെര്‍ത്‌ഡേ പാര്‍ട്ടിയോ മറ്റോ ഉണ്ടെങ്കില്‍ അതില്‍ സംബന്ധിക്കല്‍ തുടങ്ങിയുള്ള അല്ലറചില്ലറ കാര്യങ്ങള്‍ക്കായി. ഉച്ചയ്ക്കു മുമ്പു് അവിടെയെത്തി അവിടെ നിന്നു് ഉച്ചഭക്ഷണവും പിന്നെ രാത്രി വരെ വര്‍ത്തമാനം പറഞ്ഞിരുന്നു് ആ ഭക്ഷണവും അവിടെ നിന്നാക്കി പാതിരാത്രിയ്ക്കു തൊട്ടു മുമ്പു കൂടു പൂകും.

അഭിരുചികളുടെ കാര്യത്തില്‍ നാലു ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്ന ഞങ്ങള്‍ക്കു നാലു പേര്‍ക്കും താത്പര്യമുള്ള വിഷയം സൂര്യനു കീഴില്‍ ഇല്ലാത്തതുകൊണ്ടു് പത്തുപതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ ഞങ്ങളുടെ സംഭാഷണം അരവിന്ദന്റെ അവാര്‍ഡുസിനിമയിലെപ്പോലെ ഒറ്റ വാക്കിലുള്ള ചോദ്യവും (“ഉറങ്ങിയോ?”) ഒരു ഞരക്കത്തിലുള്ള ഉത്തരവും (“ങൂം ങൂം”) ആയി പരിണമിക്കും. അപ്പോഴുള്ള ആകെ ആശ്വാസം മൂന്നര-നാലു വയസ്സുള്ള മകന്റെ അടിസ്ഥാനസംശയങ്ങളാണു്. നാലു പേരും മത്സരിച്ചു് അവന്റെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാന്‍ വിഫലശ്രമം നടത്തി ഉത്തരസമാനതയുടെ എല്ലാ നിയമങ്ങളും തെറ്റിച്ചു് പിന്നെ ഒരാഴ്ചത്തേക്കു് “അച്ഛന്‍/ അമ്മ/ അമ്മാവന്‍/ അമ്മായി ഇന്നാളു പറഞ്ഞല്ലോ…” എന്നു പറയാന്‍ വകുപ്പുണ്ടാക്കിക്കൊടുക്കും.

അന്നു് അദ്ദേഹം അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു കളിപ്പാട്ടത്തിലെ ചെറിയ ഒരു കുഴലിനകത്തു് വലിയ ഒരു കോല്‍ കടക്കാത്തതു് എന്തുകൊണ്ടു് എന്നതിനെപ്പറ്റി ഫണ്ടമെന്റല്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ചെറുതില്‍ വലുതു പോകാത്തതിനെപ്പറ്റി ഞങ്ങള്‍ നാലു് എഞ്ചിനീയര്‍മാര്‍ ഘോരഘോരം ക്ലാസ്സുകളെടുത്തു. അതു കേട്ടിട്ടു് അവന്‍ ഒരു സിമ്പിള്‍ ചോദ്യം ചോദിക്കും, “അതെന്താ?” അതിനു ഞങ്ങള്‍ക്കുത്തരമില്ല. വ്യാപ്തം, തന്മാത്രകളുടെ ജഡത്വവും ചാലകതയും, കണികാസിദ്ധാന്തം, ക്വാണ്ടം മെക്കാനിക്സ്, വേദാന്തം, ഫിലോസഫി തുടങ്ങിയവയൊക്കെ പരീക്ഷിച്ചിട്ടും (ഇതൊക്കെ ഞങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമെന്നു തെറ്റിദ്ധരിക്കരുതു്. പറയാന്‍ ശ്രമിച്ചു എന്നേ ഉള്ളൂ.) “എഗൈന്‍ ശങ്കര്‍ ഇസ് ഓണ്‍ ദ കോക്കനട്ട് ട്രീ” എന്ന സ്ഥിതി. അവസാനം യൂക്ലിഡിന്റെ അഞ്ചാം പ്രമാണം പോലെ ഞങ്ങള്‍ പ്രഖ്യാപിച്ചു, “വലിയ ദ്വാരങ്ങളിലൂടെ വലിയ വസ്തുക്കള്‍ക്കും ചെറിയ വസ്തുക്കള്‍ക്കും പോകാം. എന്നാല്‍ ചെറിയ ദ്വാരങ്ങളിലൂടെ ചെറിയ വസ്തുക്കള്‍ക്കു മാത്രമേ പോകാന്‍ കഴിയൂ. ഇതു നീ സമ്മതിച്ചേ പറ്റൂ.”

ഇതിനു കൊടുക്കേണ്ടി വന്ന വില ചെറുതല്ലായിരുന്നു. അടുക്കും ചിട്ടയുമായി കിടന്നിരുന്ന വീടു് നെയില്‍ പോളിഷ് ട്യൂബുകള്‍, ക്യാമറ, കുപ്പികള്‍, പാത്രങ്ങള്‍, പെട്ടികള്‍, ഇപ്പറഞ്ഞ സാധനങ്ങളില്‍ ഇടാന്‍ വേണ്ടി എടുത്ത ചെറുതും വലുതുമായ പല വലിപ്പത്തിലുള്ള സാധനങ്ങള്‍ ഇവയെക്കൊണ്ടു നിറഞ്ഞു. അവനിരിക്കാന്‍ വേണ്ടി വാങ്ങിയ ഒരു കുഞ്ഞു പ്ലാസ്റ്റിക്ക് കസേരയില്‍ വലിയ ഒരാള്‍ക്കിരിക്കാന്‍ പറ്റില്ല എന്നു ഡെമോണ്‍‌സ്ട്രേറ്റു ചെയ്തു് അതു പല കഷണമായി. ഖരവസ്തുക്കള്‍ക്കു പറഞ്ഞ തത്ത്വം ദ്രാവകങ്ങള്‍ക്കും ബാധകമാണോ എന്നു് അദ്ദേഹം ഞങ്ങളുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ പരീക്ഷിച്ചതിന്റെ ഫലമായി ഓറഞ്ച്‌ജ്യൂസ്‌കുപ്പി കാര്‍പെറ്റില്‍ കമഴ്ന്നു. ആകെ വീടു് അനോണികള്‍ കയറിയ ബ്ലോഗു പോലെയായി.

പക്ഷേ ഏറ്റവും വലിയ അപകടം സംഭവിച്ചതു ന്യൂട്ടനാണു്. അതേ, ഗുരുത്വാകര്‍ഷണപ്രമാണം കണ്ടുപിടിച്ച സാക്ഷാല്‍ ഐസക് ന്യൂട്ടനു്. മുകളില്‍പ്പറഞ്ഞ സിദ്ധാന്തം വിശദീകരിക്കുന്നതിനിടയില്‍ ന്യൂട്ടന്‍ പണ്ടു് തന്റെ രണ്ടു പട്ടിക്കുട്ടികളെയും ഇടാന്‍ ഒരു കൂടു പണിഞ്ഞതും, വലിയ പട്ടിയ്ക്കു കയറാന്‍ വലിയ വാതിലും ചെറിയ പട്ടിയ്ക്കു കയറാന്‍ ചെറിയ വാതിലും വേണമെന്നു് ആശാരിയോടു പറഞ്ഞതും, വലിയ വാതിലില്‍ക്കൂടി ചെറിയ പട്ടിക്കും കയറിക്കൂടേ എന്നു് ആശാരി ചോദിച്ചതും ഒക്കെ വിശദീകരിക്കുന്ന കഥ പറഞ്ഞുകൊടുത്തു. (അതു ന്യൂട്ടനല്ല ആമ്പിയറാണെന്നും, പട്ടിയല്ല പൂച്ചയാണെന്നും ഒന്നും പറഞ്ഞു് ആരും വന്നേക്കരുതു്. സൌകര്യത്തിനു വിക്കിപീഡിയ അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്കു നാലു പേര്‍ക്കും മുട്ട പുഴുങ്ങാന്‍ അറിയാവുന്നതു കൊണ്ടു് അതിന്റെ ആവശ്യവും തോന്നിയിരുന്നില്ല.) ഈ കഥയില്‍ നിന്നു് ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായിരുന്ന ആ മനുഷ്യനെ ഒരു ഭൂലോകമണ്ടന്‍ എന്ന രീതിയിലാണു് അവന്‍ പിന്നെ കരുതിയിരുന്നതു്. ഉദാഹരണമായി, ശ്രീജിത്തിന്റെ ബ്ലോഗ് വല്ലതും അവനെ കാണിച്ചാല്‍ “ഇതു ന്യൂട്ടന്‍ എഴുതിയതാണോ” എന്നു് അവന്‍ ചോദിക്കും. പാറപ്പുറത്തു നിന്നു താഴോട്ടു വീണപ്പോള്‍ തനിക്കു 9.8 km/sec സ്പീഡുണ്ടായിരുന്നു എന്നെഴുതിയ മഹാന്റെ പേരു ചേര്‍ത്തു തന്റെ പേരു പറഞ്ഞെന്നു കേട്ടാല്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ഒരു ശവകുടീരത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ന്യൂട്ടന്റെ അസ്ഥിപഞ്ജരം പല തവണ തകിടം മറിയും.

പക്ഷേ, ഏറ്റവും വലിയ അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ. മേല്‍പ്പറഞ്ഞ സംഭവത്തിനു ശേഷം നാലഞ്ചു ദിവസത്തിനുള്ളില്‍ (ഇതിനിടയില്‍ ഏതെങ്കിലും വാതില്‍ കണ്ടാല്‍ അതിലൂടെ ആന പോകുമോ, ഇതിലൂടെ ബ്ലൂ വെയില്‍ പോകുമോ എന്നൊക്കെ ചോദിച്ചു ഞങ്ങളുടെ തല പറപ്പിച്ചിരുന്നു എന്നതു വെറൊരു കാര്യം.) തഥാഗതനെ പ്രീ-സ്കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ യാത്ര ചെയ്യുമ്പോഴാണു് കാര്‍ണിവല്‍ നടക്കുന്ന ഒരു പറമ്പിന്റെ അടുത്തു കൂടി പോയതു്. അവിടെ വലിയ ശബ്ദമായതുകൊണ്ടു ഞാന്‍ ജനല്‍ അടച്ചു.

അപ്പോള്‍ വന്നു ചോദ്യം, “അച്ഛാ, എന്താ ഇപ്പോള്‍ ശബ്ദം കേള്‍ക്കാത്തേ…?”

ഹാവൂ, എനിക്കറിയാവുന്ന ഒരു ചോദ്യം കിട്ടി! ശബ്ദതരംഗങ്ങളെപ്പറ്റിയും അവ ചെവിയില്‍ വന്നു തട്ടുമ്പോള്‍ നമ്മള്‍ അതു കേള്‍ക്കുന്നതിനെപ്പറ്റിയും പറഞ്ഞുകൊടുത്തു. അമ്മ പറഞ്ഞുകൊടുത്തു് അവനു് ഇതിനെപ്പറ്റി കുറേ വിവരമുണ്ടായിരുന്നു. പക്ഷേ സംശയം അവിടെക്കൊണ്ടു തീര്‍ന്നില്ല.

“എന്താ കുറച്ചു ശബ്ദം കേള്‍ക്കാമല്ലോ…”

“അതു മോനേ, ഈ ചില്ലിന്റെ ഇടയ്ക്കും ചെറിയ സുഷിരങ്ങളുണ്ടു്. നമുക്കു കാണാന്‍ പറ്റില്ല എന്നു മാത്രം. ശബ്ദം അതിലൂടെ നുഴഞ്ഞുകയറി നമ്മുടെ ചെവിയിലെത്തും. എല്ലാ ശബ്ദത്തിനും അങ്ങനെ പറ്റാത്തതുകൊണ്ടു് കുറച്ചു മാത്രമേ നമുക്കു കേള്‍ക്കാന്‍ പറ്റൂ.”

ചെറിയ ശബ്ദങ്ങള്‍ സുഷിരങ്ങളിലൂടെ നുഴഞ്ഞുകയറുന്നതും വലിയ ശബ്ദങ്ങള്‍ വെളിയില്‍ വഴിമുട്ടി നില്‍ക്കുന്നതുമോര്‍ത്തു് അവന്‍ കുറേ നേരം ചാരിയിരുന്നു.

അപ്പോഴാണു് ഞങ്ങളെ ഞെട്ടിച്ചുകൊണ്ടു് (അതിനേക്കാള്‍ വലിയ ഞെട്ടല്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നു ഞാനറിഞ്ഞില്ല) ഒരു വെടിശബ്ദം കേട്ടതു്. കാര്‍ണിവല്‍ പറമ്പില്‍ നിന്നാണു്.

“ജനല്‍ അടച്ചിട്ടും നമ്മളെന്താ അതു കേട്ടതു്?” പേടിച്ചരണ്ട ഒരു ശബ്ദം പുറകില്‍ നിന്നു്.

“ഓ അതൊരു വലിയ ശബ്ദമായതുകൊണ്ടാണു മോനേ…”

“അപ്പോള്‍ ചെറിയ ശബ്ദം ഈ ജനലില്‍ക്കൂടി കടക്കില്ല, വലുതു കടക്കും, അല്ലേ..”

“അതുതന്നെ.” വരാന്‍ പോകുന്ന അപകടം ഞാന്‍ അപ്പോഴും അറിയുന്നില്ല.

“അച്ഛന്‍ ഇന്നാളു പറഞ്ഞല്ലോ, ചെറിയ സാധനങ്ങള്‍ എല്ലായിടത്തും കടക്കും, വലുതിനു പറ്റില്ല എന്നു്…”

ലോകം ഒരു നിമിഷത്തേയ്ക്കു നിശ്ചലമായതുപോലെ തോന്നി. എന്തു പറയും? “ഞാന്‍ വൈകിട്ടു വീട്ടില്‍ വന്നിട്ടു പറയാം.” വിക്കിപീഡിയയില്‍ എന്തു കീവേര്‍ഡുപയോഗിച്ചു തെരഞ്ഞാല്‍ ഇതിനുത്തരം കിട്ടും എന്നായിരുന്നു എന്റെ ചിന്ത.

വൈകിട്ടു് ഹ്യൂജന്‍സിന്റെ തരംഗസിദ്ധാന്തം ഞങ്ങള്‍ പഠിച്ചു. ഒരു പാത്രത്തിലെ വെള്ളത്തില്‍ കല്ലിട്ടു കൊണ്ടായിരുന്നു തുടക്കം. അതു പിന്നെ ശബ്ദത്തിലേക്കും പ്രകാശത്തിലേക്കും എത്തി. അവന്റെ ചോദ്യങ്ങള്‍ കൂടിക്കൂടി വന്നു.

അങ്ങനെ അന്നു വൈകുന്നേരം സിന്ധു വിക്കിപീഡിയ ഉപയോഗിക്കാന്‍ പഠിച്ചു. ഞാന്‍ എന്‍‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പ്രകാശത്തെപ്പറ്റി പറയുന്ന വിഷയങ്ങള്‍ അടങ്ങിയ മൂന്നാലു വാല്യങ്ങള്‍ തറയില്‍ തുറന്നുവെച്ചു പ്രകാശത്തിന്റെ തരംഗസ്വഭാവത്തെപ്പറ്റി പഠിക്കാന്‍ തുടങ്ങി. ഫിസിക്സ് അവസാനം പഠിച്ചതു ഇരുപതു കൊല്ലം മുമ്പാണു്-എഞ്ചിനീയറിംഗ് രണ്ടാം സെമസ്റ്ററില്‍. അന്നു കോലപ്പാപിള്ള സാറിന്റെ ക്ലാസ്സു കട്ടു ചെയ്തു് അക്ഷരശ്ലോകം ചൊല്ലാന്‍ പോയപ്പോള്‍ ആലോചിക്കണമായിരുന്നു അതിനു വലുതായ വില കൊടുക്കേണ്ടി വരുമെന്നു്.

അപ്പോഴതാ സിന്ധുവിനൊരു സംശയം, “നമ്മളൊരു എക്സ്‌പെരിമെന്റ്റു ചെയ്തിട്ടില്ലേ ഫിസിക്സ് ലാബില്‍? ന്യൂട്ടണ്‍സ് റിംഗ്‌സ് എന്നു പറഞ്ഞു്…”

സിന്ധു പണ്ടു് ഏതോ എഞ്ചിനീയറിംഗ് ഡിസ്റ്റിംഗ്‌ഷനോടെ പാസ്സായിട്ടുണ്ടെന്നു് ‘ഐതിഹ്യമാല’യില്‍ വായിച്ചിട്ടുണ്ടെങ്കിലും അതിനു തെളിവായി ആ വായില്‍ നിന്നു് ഒരു മൊഴി ഇതു വരെ ഞാന്‍ കേട്ടിട്ടില്ല. മറ്റൊരവസരത്തില്‍ ഞാന്‍ ആനന്ദതുന്ദിലനായേനേ. പക്ഷേ, ഇപ്പോള്‍ ഇവനെ എന്തെങ്കിലും പറഞ്ഞുകൊടുത്തു് ഒതുക്കാന്‍ നോക്കുമ്പോഴാണു്…

“അച്ഛാ, ന്യൂട്ടന്‍ എന്നു പറയുന്നതു് ആ മണ്ടനല്ലേ? അങ്ങേര്‍ക്കെന്തിനാ റിംഗ്‌സ്?”

പണിയായി. ഞങ്ങളുടെ സേര്‍ച്ചുകള്‍ ന്യൂട്ടണ്‍സ് റിംഗ്‌സിലേക്കു പറിച്ചു നടപ്പെട്ടു.

ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഞങ്ങള്‍ ഫിസിക്സ്, ഒപ്റ്റിക്സ്, ക്വാണ്ടം മെക്കാനിക്സ്, ദേഷ്യം കണ്ട്രോള്‍ ചെയ്യല്‍, അരിശം വരുമ്പോള്‍ ചീത്തവാക്കുകള്‍ ഉപയോഗിക്കാതെ ദൈവം, മാതാപിതാക്കള്‍ തുടങ്ങിയവരുടെ പേരുകള്‍ പിന്നില്‍ ആശ്ചര്യചിഹ്നത്തോടെ ഉപയോഗിക്കല്‍ തുടങ്ങിയ ശാസ്ത്രശാഖകളില്‍ പൂര്‍വ്വാധികം വിജ്ഞാനമുള്ളവരായി കാണപ്പെട്ടു. അവന്റെ സംശയങ്ങള്‍ തീര്‍ന്നുമില്ല.


“അച്ഛാ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”

ഇപ്പോള്‍ കഥാനായകനു പ്രായം അഞ്ചര. ലൈബ്രറിയില്‍ നിന്നു കിട്ടിയ ഒരു പുസ്തകത്തില്‍ നിന്നു സൌരയൂഥത്തെപ്പറ്റിയുള്ള ഭാഗം വായിച്ചുകൊടുക്കുകയാണു സിന്ധു. അതിനിടയിലാണു് ഞങ്ങളുടെ ഉത്തരസമാനതയെ ടെസ്റ്റു ചെയ്യുന്ന ഈ ചോദ്യം.

“മെര്‍ക്കുറി”
“പിന്നെ അമ്മ പറഞ്ഞല്ലോ പ്ലൂട്ടോ ആണെന്നു്?”
“പ്ലൂട്ടോ അല്ല മെര്‍ക്കുറിയാണു്.”
“വെറുതേ ആ ചെറുക്കനു തെറ്റു പറഞ്ഞുകൊടുക്കല്ലേ. ഈ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ പ്ലൂട്ടോയാണെന്നു്…” എന്നു സിന്ധു.

അതെങ്ങനെ? ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചതു മെര്‍ക്കുറി എന്നാണല്ലോ. (ഇതില്‍ നിന്നു പ്ലൂട്ടോയെ കണ്ടുപിടിക്കുന്നതിനു മുമ്പാണു ഞാന്‍ സ്കൂളില്‍ പഠിച്ചതെന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. ഞാന്‍ അത്ര വയസ്സനല്ല!) ഇനിയിപ്പോള്‍ ഗൂഗിള്‍ തന്നെ ശരണം. നോക്കിയ സ്ഥലത്തെല്ലാം പ്ലൂട്ടോ ആണു് ഏറ്റവും ചെറിയ ഗ്രഹം എന്നു കണ്ടു.

എന്റെ കയ്യില്‍ ജ്യോതിശ്ശാസ്ത്രപുസ്തകങ്ങള്‍ മൊത്തം തെരഞ്ഞു. എല്ലാറ്റിലും മെര്‍ക്കുറിയെക്കാള്‍ ചെറുതു പ്ലൂട്ടോ തന്നെ. ഇതെന്തു പുകില്‍?

അപ്പോഴാണു യാക്കോവ് പെരല്‍മാന്റെ (അതേ, “ഭൌതികകൌതുകം” എഴുതിയ ആള്‍ തന്നെ) “Astronomy for Entertainment” എന്ന പുസ്തകം നോക്കാന്‍ തോന്നിയതു്. 1932-ല്‍ എഴുതിയ പുസ്തകത്തിന്റെ 1957-ല്‍ പ്രസിദ്ധീകരിച്ച ഈ പതിപ്പു് ഹൈദരാബാദിലെ ഒരു സെക്കന്റ് ഹാന്‍ഡ് ബുക്ക്‍സ്റ്റാളില്‍ നിന്നു വാങ്ങിയതാണു്. അതില്‍ മെര്‍ക്കുറി പ്ലൂട്ടൊയാക്കാള്‍ ചെറുതാണെന്നു കാണുന്നു. അപ്പോള്‍ ഞാന്‍ പഠിച്ചിരുന്ന കാലത്തു പ്ലൂട്ടോയുടെ വലിപ്പം ശരിക്കു കണ്ടുപിടിച്ചിരുന്നിരിക്കില്ല. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ “Pluto” എന്ന പദം തന്നെ നോക്കി. അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

Pluto’s diameter and mass were incorrectly overestimated for many decades after its discovery. Initially it was thought to be relatively large, with a mass comparable to Earth, but over time the estimates were revised sharply downward as observations were refined.

The discovery of its satellite Charon in 1978 enabled a determination of the mass of the Pluto-Charon system by application of Newton’s formulation of Kepler’s third law. Originally it was believed that Pluto was larger than Mercury but smaller than Mars, but that calculation was based on the premise that a single object was being observed. Once it was realized that there were two objects instead of one, the estimated size of Pluto was revised downward.

അപ്പോള്‍ 1978-നു മുമ്പു പ്രൈമറി ക്ലാസ്സില്‍ പഠിച്ചതുകൊണ്ടു ഞാന്‍ പഠിച്ചതു് അങ്ങനെയാവണം. പക്ഷേ, അതു് ഇവനോടെങ്ങനെ പറയും? പറഞ്ഞാല്‍ മുകളില്‍ കൊടുത്തിരിക്കുന്ന തിയറിയൊക്കെ കുത്തിയിരുന്നു പഠിക്കേണ്ടി വരും. അതിനാല്‍ ഇങ്ങനെ പറഞ്ഞു.

“അച്ഛനു് അറിയാന്‍ വയ്യായിരുന്നു മോനേ. അച്ഛന്‍ വിചാരിച്ചതു മെര്‍ക്കുറിയാണു ചെറുതെന്നാ…”

അവനു് അതൊരു ഷോക്കായിരുന്നു. അറിയില്ല എന്നതു മനസ്സിലാക്കാം. പക്ഷേ അറിഞ്ഞതു തെറ്റാണു് എന്നതിനു് എന്താണു ന്യായീകരണം?

ശാസ്ത്രം എന്നതു് അറിഞ്ഞതു തെറ്റാണെന്നുള്ള അറിവിന്റെ ആകെത്തുകയാണെന്നും, അറിഞ്ഞതു തെറ്റാകില്ല എന്ന കടും‌പിടിത്തത്തിന്റെ ഫലമാണു് അന്ധവിശ്വാസങ്ങളുടെയും തെറ്റായ അവകാശവാദങ്ങളുടെയും അശാസ്ത്രീയമായ വാഗ്വാദങ്ങളുടെയും കാരണമെന്നും ഇവനോടു പറഞ്ഞാല്‍ മനസ്സിലാവുമോ?

പിറ്റേന്നു മുതല്‍ രാവിലെ ഞാന്‍ ഓഫീസിലെ കുറച്ചു പണികളും പതിവുള്ള ബ്ലോഗ്-പിന്മൊഴി വായനയും കഴിഞ്ഞു താഴെ വരുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് കേള്‍ക്കാം:

“അമ്മേ, അമ്മേ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”
“പ്ലൂട്ടോ”
“പിന്നെ അച്ഛന്‍ ഇന്നാളു പറഞ്ഞല്ലോ മെര്‍ക്കുറി ആണെന്നു്?”
“അതേ മോനേ, അച്ഛനു വിവരമില്ലാഞ്ഞതു കൊണ്ടാ…”

“ഗുരുകുല”ത്തില്‍ വക്കാരിയും അരവിന്ദനുമൊക്കെ ഇട്ട കമന്റുകള്‍ വായിച്ചു കാലുകള്‍ തറയില്‍ തൊടാതെ സ്വപ്നലോകത്തില്‍ പൊങ്ങിപ്പൊങ്ങി കോണിയിറങ്ങി വരുന്ന ഞാന്‍ “ബ്ധും…” എന്നു താഴേയ്ക്കു്…


പരീക്ഷയ്ക്കു് തെറ്റെഴുതിയിട്ടു് “കേരളത്തിന്റെ തലസ്ഥാനം തൃശ്ശൂരാക്കണേ…” എന്നു ദിവസവും ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുട്ടിയെപ്പോലെ, എന്നു ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു-ഈ പ്ലൂട്ടോയുടെ വലിപ്പം അല്പം കൂടി കൂട്ടി ലവനെ മെര്‍ക്കുറിയെക്കാള്‍ വലുതാക്കണേ എന്നു്. ഈ “വിവരമില്ലാത്തവന്‍” വിളി കേട്ടു മതിയായി…

ആദ്യത്തെ ആശാകിരണം ഷിജുവിന്റെ പ്ലൂട്ടോയ്ക്കു ഗ്രഹപ്പിഴ എന്ന ലേഖനത്തിലൂടെ എത്തി. പ്ലൂട്ടോ ചിലപ്പോള്‍ ഗ്രഹമല്ലാതെ ആയേക്കുമത്രേ! പിന്നീടു ഷിജു തന്നെ പ്ലൂട്ടോ ഗ്രഹമല്ല എന്നും പ്രഖ്യാപിച്ചു. അതിന്റെ പേരിലുള്ള വാര്‍ത്തകള്‍ വളിച്ച ഫലിതങ്ങളായി ബ്ലോഗ്‌പോസ്റ്റുകളായും ഇ-മെയിലുകളായും കിട്ടാനും തുടങ്ങി.

തലമുടി വെട്ടാനുള്ള കാത്തിരിപ്പിനിടയില്‍ അവിടെക്കണ്ട ഒരു മാസികയിലെ ഇതിനെപ്പറ്റിയുള്ള ലേഖനം ഞാന്‍ മകനെ കാണിച്ചുകൊടുത്തു. ഇത്രയും കാലം പ്ലൂട്ടോയെ ഒരു ഗ്രഹമാണെന്നു തെറ്റായി കരുതിയിരുന്നെന്നും, ഇപ്പോള്‍ അങ്ങനെ അല്ല എന്നും അവനോടു വിശദീകരിച്ചു. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഗ്രഹം മെര്‍ക്കുറിയാണെന്നു ഞാന്‍ പറഞ്ഞതു ശരിയാണെന്നു് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

തിരിച്ചു വീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഈ വിവരം സിന്ധുവിനെ ധരിപ്പിച്ചു. എന്നും ചൊല്ലുന്ന “നവഗ്രഹസ്തോത്രം” ഇനി “അഷ്ടഗ്രഹസ്തോത്രം” ആയി ചൊല്ലിയാല്‍ മതിയോ എന്നു് എന്തുകൊണ്ടോ സിന്ധു ചോദിച്ചില്ല.


ഇപ്പോള്‍ രാവിലെ ഈ ഡയലോഗ് കേള്‍ക്കാം.

“അമ്മേ, അമ്മേ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”
“മെര്‍ക്കുറി”
“പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ പ്ലൂട്ടോ ആണെന്നു്?”
“അതേ മോനേ, അമ്മയ്ക്കു വിവരമില്ലാഞ്ഞതു കൊണ്ടാ…”

(Calvin and Hobbes-ലെ കാര്‍ട്ടൂണുകള്‍ കണ്ടുപിടിച്ചു തന്നതിനു് ആദിത്യനു നന്ദി.)

നര്‍മ്മം
വിശാഖ്
വൈയക്തികം (Personal)
സ്മരണകള്‍

Comments (46)

Permalink

അക്ഷരത്തെറ്റുകള്‍ക്കൊരു പേജ്

സന്തോഷിന്റെ കുത്തും കോമയും എന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ഒരു ആശയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു്, അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ഒരു പേജ് തുടങ്ങി.

http://malayalam.usvishakh.net/blog/spelling-mistakes/

“ഗുരുകുലം” ബ്ലോഗിന്റെ ഇടത്തു മുകളിലായി PAGES എന്നതിനു താഴെയും ഇതു കാണാം.

അതൊരു ബ്ലോഗ്‌പോസ്റ്റല്ല. പേജാണു്. അക്ഷരത്തെറ്റുകള്‍ കാണുന്നതനുസരിച്ചു് അതു് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

ടൈപ്പിംഗിലെ തെറ്റുകള്‍ മൂലവും വരമൊഴിയും കീമാനും ഉപയോഗിക്കുമ്പോള്‍ അക്ഷരം മാറിപ്പോവുകയും ചെയ്യുന്നതു മൂലമുള്ള തെറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തെറ്റായി ധരിച്ചിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും മാത്രമേ അവിടെ കൊടുത്തിട്ടുള്ളൂ.

ബുക്ക്‍മാര്‍ക്ക് ചെയ്യൂ. അടുത്ത തവണ സംശയം വരുമ്പോള്‍ അവിടെ നോക്കൂ. വാക്കവിടെ ഇല്ലെങ്കില്‍ തെറ്റു തന്നെ എഴുതിയാല്‍ മിക്കവാറും അവിടെ താമസിയാതെ വരും 🙂

വിശദീകരണങ്ങള്‍ക്കൊരു കോളം കൊടുത്തിട്ടുണ്ടു്. സമയം കിട്ടുന്നതനുസരിച്ചു് അതെഴുതാം.

വ്യാകരണം (Grammar)

Comments (78)

Permalink

ഷോലേ സിനിമയും കാളിദാസനും

ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.

ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന്‍ ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍‌വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീര‍കം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.

ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന്‍ രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.

“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.

ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? : സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?
മദ്യം വിനാ തേന കിം? : (അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി?
തവ മദ്യം ച അപി പ്രിയം? : ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ?
അഹോ പ്രിയം, വാരാംഗനാഭിഃ സമം : പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.)
വാരസ്ത്രീരതയേ തവ ധനം കുതഃ? : വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും?
ദ്യൂതേന വാ ചൌര്യേണ : ചൂതുകളിച്ചോ മോഷ്ടിച്ചോ.
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? : (ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? : ഭ്രഷ്ടനു വേറേ എന്തു വഴി?

ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന്‍ ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?

ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!

ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:

“തിന്നാനെന്തിതിറച്ചിയോ വരമുനേ?” – “കള്ളില്ലയെന്നാലതി–
ന്നെന്തി?”; “ന്നെന്തു കുടിക്കുമോ?” – “കുടി ഹരം താനാണു, പെണ്ണുങ്ങളും”;
“പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?” – “ചൂതാട്ടവും കക്കലും”;
“നിന്നെക്കൊണ്ടിവ പറ്റുമോ?” – “മുറ മുടിഞ്ഞോനെന്തു വേറേ ഗതി?


സമസ്യാപൂരണം എന്നൊരു പുതിയ വിഭാഗവും തുടങ്ങി – ഇങ്ങനെ കിട്ടുന്ന ശ്ലോകങ്ങള്‍ ചേര്‍ക്കാന്‍.

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സരസശ്ലോകങ്ങള്‍

Comments (9)

Permalink

രാമായണവും സീതായനവും

മധുസൂദനന്‍ നായരുടെ ഒരു കവിതയാണു സീതായനം. കെ. സുരേന്ദ്രന്റെ ഒരു നോവലും (വേദന എന്നര്‍ത്ഥമുള്ള “നോവല്‍” അല്ല) ആ‍ പേരിലുണ്ടു്.

ഇവയുടെ അര്‍ത്ഥം യഥാക്രമം രാമന്റെ അയനം (രാമയുടെ അയനം എന്നു സുകുമാര്‍ അഴീക്കോടു്) എന്നും സീതയുടെ അയനം എന്നും ആയിരിക്കേ (അയനം = യാത്ര), എന്തുകൊണ്ടു് ഒന്നില്‍ “ണ”യും മറ്റേതില്‍ “ന”യും ആയി എന്നു് ആലോചിച്ചിട്ടുണ്ടോ? ഇതേ വ്യത്യാസം ഉത്തരായണം (വടക്കോട്ടുള്ള യാത്ര), ദക്ഷിണായനം (തെക്കോട്ടുള്ള യാത്ര) എന്നിവയ്ക്കും ഉണ്ടു്.

മോഹിനി, കാമിനി, ഭാമിനി തുടങ്ങിയവയ്ക്കു് “ന” ഉള്ളപ്പോള്‍ രോഗിണി, രാഗിണി, വര്‍ഷിണി തുടങ്ങിയവയ്ക്കു്‌ എന്തുകൊണ്ടു് “ണ”?

വികസനത്തിനു് “ന” ഉള്ളപ്പോള്‍ പരീക്ഷണത്തിനെന്തേ “ണ”?

ചുംബനത്തില്‍ “ന” ഉള്ളപ്പോള്‍ ബൃംഹണത്തിനെന്തേ “ണ”?

മാപനത്തില്‍ “ന” ഉള്ളപ്പോള്‍ മുദ്രണത്തിലെന്തേ “ണ”?

ഇതിന്റെയൊക്കെ ഉത്തരം സംസ്കൃതത്തിലെ “ണത്വവിധാ‍നം” എന്ന നിയമത്തിലുണ്ടു്. പാണിനി പറഞ്ഞ നിയമത്തെ കാത്യായനനും മറ്റും പിന്നീടു തിരുത്തി. പിന്നീടുള്ളവര്‍ വീണ്ടും തിരുത്തി. പിന്നെ ഒരുപാടു് അപവാദങ്ങള്‍ (exceptions) കണ്ടുപിടിച്ചു. ഇതെല്ലാം കൂടി എഴുതണമെങ്കില്‍ ഒരുപാടുണ്ടു്. പ്രധാന കാര്യങ്ങള്‍ ‍താഴെച്ചേര്‍ക്കുന്നു.

  1. ഋ, ര, ഷ എന്നിവയ്ക്കു ശേഷം ഒരേ വാക്കില്‍ വരുന്ന “ന”കാരം “ണ” ആയി മാറും.

    പാണിനി ര, ഷ എന്നിവയേ പറഞ്ഞുള്ളൂ. (രഷാഭ്യാം നോ ണഃ സമാനപദേ (8-4-1)) കാത്യായനനാണു് ഋവര്‍ണാച്ചേതി വക്തവ്യം എന്നു പറഞ്ഞു് ഋ-വിനെയും ഈ കൂട്ടത്തില്‍ കൂട്ടിയതു്.

  2. ഇവയ്കിടയില്‍ സ്വരങ്ങള്‍, ഹ, യ, വ, ര, കവര്‍ഗ്ഗം (ക, ഖ, ഗ, ഘ, ങ), പവര്‍ഗ്ഗം (പ, ഫ, ബ, ഭ, മ), അനുസ്വാരം എന്നിവ വന്നാലും ഇതു സംഭവിക്കും. വേറേ അക്ഷരങ്ങള്‍ വന്നാല്‍ “ണ” ആവില്ല. (അട് കുപ്വാങ്‌നുമ്വ്യവായേऽപി (8-4-2) എന്നു പാണിനി.)

ഇനി മുകളില്‍ പറഞ്ഞ വാക്കുകള്‍ ഓരോന്നായി എടുത്തു നോക്കാം:

  1. രാമ + അയനം = രാമായനം. “ര”യുടെയും “ന”യുടെയും ഇടയില്‍ മ, യ എന്നിവ മാത്രമുള്ളതുകൊണ്ടു് “ന” “ണ” ആകുന്നു.
  2. സീതാ + അയനം = സീതായനം.
  3. ഉത്തര + അയനം = ഉത്തരായനം, പിന്നീടു് ഉത്തരായണം.
  4. ദക്ഷിണ + അയനം =ദക്ഷിണാ‍യനം. “ഷ”യുടെയും “ന”യുടെയും ഇടയ്ക്കു് ടവര്‍ഗ്ഗത്തില്‍പ്പെട്ട “ണ” വന്നതുകൊണ്ടു് “ന” മാറാതെ നില്‍ക്കുന്നു. (“ദക്ഷിണം” എന്നതിലെ “ണ” ഈ നിയമം കൊണ്ടു തന്നെ ഉണ്ടായതാണെന്നതു മറ്റൊരു കാര്യം.)

  5. മോഹിനി, കാമിനി, ഭാമിനി : ഋ, ര, ഷ എന്നിവ ഇല്ലാത്തതുകൊണ്ടു് “ന” മാറുന്നില്ല.
  6. രോഗിണി, രാഗിണി : “ര” ഉള്ളതുകൊണ്ടും, ഇടയ്ക്കുള്ള അക്ഷരം കവര്‍ഗ്ഗത്തിലെ “ഗ” ആയതുകൊണ്ടും, “ണ”.
  7. വര്‍ഷിണി : “ഷ” കഴിഞ്ഞുള്ള “ന”, “ണ” ആകുന്നു.
  8. വികസനത്തില്‍ “ന” തന്നെ. പരീക്ഷണത്തിലെ “ഷ” മൂലം “ണ”.
  9. ചുംബനത്തില്‍ “ന” മതി. ബൃംഹണത്തില്‍ “ഋ“ വിനു ശേഷം വരുന്നതുകൊണ്ടും ഇടയ്ക്കുള്ള അക്ഷരം “ഹ” ആയതുകൊണ്ടും “ണ” വരുന്നു.
  10. മാപനത്തില്‍ “ന”. മുദ്രണത്തില്‍ “ര” മൂലം “ണ”.

തത്‌കാലം ഇത്ര മതി. ഇനി ഒരുപാടു നിയമങ്ങളുണ്ടു്. സ്വഭാവം കാണിക്കാന്‍ രണ്ടുദാഹരണങ്ങള്‍ മാത്രം.

  1. “നായകനില്ലാത്തതു്” എന്നര്‍ത്ഥത്തില്‍ “നിര്‍നായകം” എന്നു പറയുന്നു. ഇതിലെ രേഫത്തിനു ശേഷമിരിക്കുന്ന “ന” “ണ” ആവുന്നില്ല. ഇവിടെ “നിര്” എന്നതു് ഒരു നിപാതം ആയതുകൊണ്ടാണു് ഇങ്ങനെ വരുന്നതു്. എന്നാല്‍ “നിര്‍ണ്ണയിക്കത്തക്കതു്” എന്നര്‍ത്ഥത്തില്‍ “നിര്‍ണായകം” എന്നുപറയുമ്പോള്‍ ആവുകയും ചെയ്യുന്നു.
  2. സര്‍വനാമം എന്നതു സര്‍വണാമം ആകുന്നില്ല. സര്‍വ, നാമം എന്നിവ ഭിന്നപദങ്ങളായതുകൊണ്ടാണു് ഇങ്ങനെ വരുന്നതു്. ഭിന്നപദങ്ങളായാലും ചേര്‍ന്നുകഴിഞ്ഞ പദം ഒരു സംജ്ഞയാണെങ്കില്‍ “ണ” ആവും. അങ്ങനെയാണു് ശൂര്‍പ്പ + നഖ = ശൂര്‍പ്പണഖ ആകുന്നതു് (മുറം പോലെയുള്ള നഖമുള്ളവള്‍ എന്നര്‍ത്ഥം.) ഇനി രാമായണത്തില്‍ രാമ, അയനം ഇവ ഭിന്നപദങ്ങളല്ലേ എന്നു ചോദിച്ചാല്‍ ആണു്, പക്ഷേ ഇവിടെ അല്ല താനും. അതു വേറൊരു നിയമം. കൂടുതല്‍ കാടുകയറുന്നില്ല….

വാല്‍ക്കഷണം:

കുറെക്കാലം മുമ്പു് ബ്ലോഗന്‍ എന്നതിന്റെ സ്ത്രീലിംഗം എന്താകണമെന്നു് ഒരു സംവാദമുണ്ടായിരുന്നു – ബ്ലോഗിനിയോ ബ്ലോഗിണിയോ? “ബ്ലോഗിനി” ആണെന്നു മനസ്സിലാ‍യില്ലേ? എങ്കിലും മലയാളരീതിയില്‍ “ബ്ലോഗത്തി” എന്നു പറയാനാണു് എനിക്കിഷ്ടം 🙂

വ്യാകരണം (Grammar)

Comments (13)

Permalink

സംന്യാസി, സന്ന്യാസി, സന്യാസി…

ദുര്‍ഗ്ഗയുടെ എന്ന പോസ്റ്റില്‍ കമന്റെഴുതുമ്പോള്‍ പ്രാപ്ര ഇങ്ങനെ ചോദിച്ചു:

ഉമേഷ്‌ജീ, ഒരു പുസ്തകത്തില്‍ സംന്യാസി എന്ന് ഉപയോഗിച്ച് കണ്ടപ്പോള്‍ ഒരു സംശയം, നമ്മളില്‍ പലരും ഉപയോഗിക്കുന്ന സന്യാസി എന്ന വാക്ക് തെറ്റാണോ എന്ന്. മാഷാണെങ്കില്‍ ഇതു രണ്ടും അല്ലാത്ത സന്ന്യാസി എന്നാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതു മൂന്നും ശരിയായ പ്രയോഗം ആണോ?
സംസ്കൃതത്തില്‍ ‘സം’ എന്ന്‍ തുടങ്ങുന്ന വേറെയും പല വാക്കുകളും ഉള്ളത് കൊണ്ട് ആ പ്രയോഗം തെറ്റല്ലെന്നൊരു തോന്നല്‍.

അതിന്റെ ഉത്തരം ഇവിടെ എഴുതിയേക്കാം:

സം, ന്യസ്‌ എന്നീ പദങ്ങളില്‍ നിന്നുണ്ടായതുകൊണ്ടു്‌ സംന്യാസി എന്നാണു വാക്കു്‌.

വര്‍ഗ്ഗാക്ഷരങ്ങളുടെ (ക മുതല്‍ മ വരെയുള്ളവ) മുന്നില്‍ അനുസ്വാരം വന്നാല്‍ ആ വര്‍ഗ്ഗത്തിലെ അനുനാസികമായാണു്‌ ഉച്ചരിക്കുക. ഉദാഹരണത്തിനു്‌, ഗംഗ = ഗങ്ഗ, സംജാതം = സഞ്ജാതം, സംതതം = സന്തതം, അംബിക = അമ്‌ബിക എന്നിങ്ങനെ. ബാക്കിയുള്ളവയുടെ മുന്നില്‍ മലയാളികള്‍ (സംസ്കൃതത്തിലും – സംസ്കൃതവാര്‍ത്ത ശ്രദ്ധിക്കുക) ‘മ’യും ഉത്തരേന്ത്യക്കാര്‍ ‘ന’യും ഉച്ചരിക്കുന്നു. ഉദാഹരണത്തിനു്‌, സംസാരം = സമ്‌സാരം (മലയാളി), സന്‍സാര്‍ (ഹിന്ദിക്കാരന്‍).

അപ്പോള്‍ സംന്യാസി = സന്ന്യാസി എന്നു മനസ്സിലായല്ലോ. രണ്ടും ശരിയാണു്.

പിന്നെ, സന്യാസി എന്നെഴുതിയാലും നാം ഉച്ചരിക്കുന്നതു്‌ സന്ന്യാസി എന്നാണല്ലോ. (കൂട്ടക്ഷരത്തിന്റെ ആദ്യത്തെ വ്യഞ്ജനം മിക്കവാറും ഇരട്ടിക്കും.) അതുകൊണ്ടു്‌ സന്യാസി എന്നു പോരേ എന്ന വാദവുമുണ്ടു്‌. ഈ വാദത്തിന്റെ അങ്ങേയറ്റമാണു്‌ ‘ദേശാഭിമാനി’യില്‍ കാണുന്ന വാര്‍ത, പാര്‍ടി തുടങ്ങിയ വാക്കുകള്‍.

സാധാരണയായി, കൂട്ടക്ഷരങ്ങളുള്ളിടത്തു്‌ ഉച്ചാരണം കൊണ്ടു മാത്രമല്ല, ഘടന കൊണ്ടും ദ്വിത്വമുണ്ടെങ്കില്‍ ഇരട്ടിച്ചു തന്നെ എഴുതാറുണ്ടു്‌. അങ്ങനെ സന്ന്യാസി, തത്ത്വം, മഹത്ത്വം തുടങ്ങിയവ ഇരട്ടിച്ചെഴുതുന്നു. (കവിത്വത്തിനും ദ്വിത്വത്തിനും ഇതു വേണ്ട.)

പിന്നെ, സന്യാസി, തത്വം, മഹത്വം എന്നിങ്ങനെ ധാരാളം എഴുതിക്കാണാറുണ്ടു്‌. അച്ചു ലാഭിക്കാന്‍ അച്ചടിക്കാര്‍ നടപ്പാക്കിയ വഴി. സിബുവിന്റെയും രാജേഷിന്റെയും acceptance theory അനുസരിച്ചു്‌ അവയും ശരിയാണു്‌. പക്ഷേ മറ്റവയാണു ശരിയെന്നു പറയാനാണു്‌ എനിക്കിഷ്ടം.

വ്യാകരണം (Grammar)

Comments (30)

Permalink

കഷ്ടം ഗൃഹസ്ഥാശ്രമം!

അക്ഷരശ്ലോകസദസ്സിനു വേണ്ടി എഴുതിയ മറ്റൊരു ശ്ലോകം:


കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്‍, തണു-
പ്പാഴും വെള്ളമഹോ കുളിപ്പതിനു – ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!

ഇതു്‌ താഴെക്കൊടുക്കുന്ന സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയാണു്‌.


ക്രോശന്തഃ ശിശവഃ, സവാരിസദനം, പങ്കാവൃതം ചാങ്കണം,
ശയ്യാ ദംശവതീ ച രൂക്ഷമശനം, ധൂമേന പൂര്‍ണ്ണം ഗൃഹം,
ഭാര്യാ നിഷ്ഠുരഭാഷിണീ, പ്രഭുരപി ക്രോധേന പൂര്‍ണ്ണഃ സദാ
സ്നാനം ശീതളവാരിണാഹി സതതം — ധിഗ്‌ ധിഗ്‌ ഗൃഹസ്ഥാശ്രമം!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (11)

Permalink

കല്യാണം പഞ്ചേന്ദ്രിയാകര്‍ഷണം!

കലേഷിന്റെ കല്യാണമൊക്കെ പൊടിപൊടിക്കാന്‍ പോവുകയാണല്ലോ. ലൈവ്‌ അപ്ഡേറ്റും കിട്ടുന്നുണ്ടു്‌. ഇതുപോലെ ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഒരു വിവാഹം ചാള്‍സ്‌ – ഡയാന സംഭവത്തിനു ശേഷം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.

നാട്ടിലെ വിവാഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ പണ്ടു്‌ അക്ഷരശ്ലോകസദസ്സില്‍ “ഛ” എന്ന അക്ഷരം വന്നപ്പോള്‍ എഴുതിയ ഈ ശ്ലോകം ഓര്‍മ്മവന്നു.


ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!

“നായന്മാര്‍ക്കു്‌” എന്നതു ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ചേര്‍ത്തതാണു്‌. എല്ലാവരുടെയും കല്യാണം കണക്കു തന്നെ.

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (3)

Permalink

ശ്ലോകമോഷണം

അക്ഷരശ്ലോകം യാഹൂഗ്രൂപ്പിന്റെ ഇ-സദസ്സില്‍ ഒരിക്കല്‍ ബാലേന്ദു ഈ സ്വന്തം ശ്ലോകം ചൊല്ലി:


“അല്ലാ ഡീയെസ്പിസാറെന്തിവിടെ?”, “ഒരു മഹാ കള്ളനുണ്ടിങ്ങു വാഴ്വൂ
ഇല്ലാ ചെയ്യാത്തതായിട്ടിവനൊരു കളവും, കണ്ണനെന്നാണു നാമം,
മല്ലാണേറെപ്പിടിക്കാനൊരുവനിതുവരേയ്ക്കായതില്ലെങ്കിലിന്നി-
ങ്ങില്ലാ ഭാവം വിടാനാ വിരുതനെയുടനേയുള്ളിലാക്കീട്ടു കാര്യം!”

ശ്രീകൃഷ്ണന്റെ മോഷണത്തെപ്പറ്റി പറയുന്ന ഈ ശ്ലോകത്തിനെ അക്ഷരശ്ലോകരീതിയില്‍ത്തന്നെ പിന്തുടരുന്ന മറ്റൊരു ശ്ലോകവും അദ്ദേഹം എഴുതിയിട്ടുണ്ടു്. “മ”യില്‍ തുടങ്ങുന്ന മറ്റൊരു മോഷണശ്ലോകം:


മോഷ്ടാവായി വധങ്ങള്‍ ചെയ്തു കൊലയില്‍പ്പാര്‍ത്ഥന്നു കൂട്ടാളിയായ്‌
കഷ്ടം, സ്ത്രീഹരണത്തിലില്ലൊരുവനും നീയൊത്തു വേറേ തഥാ;
തൊട്ടാല്‍ത്തൊട്ട വകുപ്പുകൊണ്ടുനിറയും നിന്‍ കുറ്റപത്രം ഹരേ!
തെറ്റില്ലിങ്ങു കിടക്കയെന്‍ ഹൃദയമാം ലോക്കപ്പിലെന്നെന്നുമേ.

പക്ഷേ, ഇ-സദസ്സിന്റെ നിയമങ്ങളനുസരിച്ചു് അടുത്തടുത്ത രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ തന്നെ ചൊല്ലാന്‍ പാടില്ല. അതുകൊണ്ടു് ബാലേന്ദു ഇപ്രകാരം ഒരു വെല്ലുവിളി (challenge എന്നേ ഉദ്ദേശിച്ചുള്ളൂ. യുദ്ധകാഹളമല്ല) നടത്തി:

ആര്‍ക്കെങ്കിലും “മ”യില്‍ത്തുടങ്ങി “മ” തന്നെ കൊടുക്കുന്നതും ശ്രീകൃഷ്ണനെപ്പറ്റിയുള്ളതുമായ മറ്റൊരു ശ്ലോകം ചൊല്ലാമോ? മോഷണശ്ലോകമായാല്‍ വളരെ നല്ലതു്.

ആലോചിച്ചിട്ടു് അങ്ങനെയൊരു ശ്ലോകം കിട്ടിയില്ല. അതുകൊണ്ടു് ഞാന്‍ ഒരെണ്ണം എഴുതി. അതാണു താഴെക്കൊടുക്കുന്നതു്. കൃഷ്ണന്റെ മോഷണത്തെപ്പറ്റിത്തന്നെ:


മാടിന്‍ പാലൊരു തുള്ളിവിട്ടു മുഴുവന്‍ തൂവെണ്ണയോ, ടാറ്റില്‍ നീ–
രാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ, ദുശ്ചിന്തകള്‍
മൂടും മാനസമാര്‍ന്നൊരെന്നഴലിതാ പാപങ്ങളോടും ഹരി–
ച്ചോടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍!

ശ്രീകൃഷ്ണന്റെ മോഷണത്തെപറ്റിയുള്ള ഒരു ശ്ലോകമെന്നതിലുപരി, ഈ ശ്ലോകം മുഴുവന്‍ ഒരു മോഷണമാണു്. “ആറ്റില്‍ നീരാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ” എന്നതു് വി. കെ. ജി. യുടെ “വല്ലവികള്‍ തന്‍ ചേതസ്സുമച്ചേലയും കൂടിക്കട്ടുമുടിച്ച” എന്നതിന്റെ (“ഗൂഢം പാതിരയില്‍…” എന്ന ശ്ലോകത്തില്‍ നിന്നു്) മോഷണം. “തൂവെണ്ണയോടു്” എന്നതും “പാപങ്ങളോടും” എന്നതും “വ്രജേ വസന്തം…” എന്ന ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതു്. “ഓടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍” എന്നതു പണ്ടു് “കവനകൌതുക”ത്തില്‍ വന്ന ഒരു ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതാണു്. (ശ്ലോകം മറന്നുപോയി. ആര്‍ക്കെങ്കിലും അറിയാമോ?)

എന്തുകൊണ്ടും ഒരു മോഷണശ്ലോകം തന്നെ!

( ഈ ശ്ലോകങ്ങള്‍ ഇവിടെ വായിക്കാം.)

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (0)

Permalink