കവിതയും ശാസ്ത്രജ്ഞന്മാരും
ഈ ശ്ലോകം എഴുതിയതാരാണെന്നു് അറിയില്ല. ഉള്ളൂരിന്റെ ‘വിജ്ഞാനദീപിക’യിലാണെന്നു തോന്നുന്നു, പണ്ടു വായിച്ചതാണു്.
നൈവ വ്യാകരണജ്ഞമേതി പിതരം, ന ഭ്രാതരം താർക്കികം,
ദൂരാത് സങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാത്,
മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം.
(കവിതാ-കാന്താ) | : | (കവിതയെന്ന പ്രിയതമ) |
പിതരം ഏവ വ്യാകരണ-ജ്ഞം ന ഏതി | : | അച്ഛനാണെന്നു പറഞ്ഞു് വ്യാകരണമറിയാവുന്നവന്റെ അടുത്തു പോകുകയില്ല |
ന ഭ്രാതരം താർക്കികം | : | ആങ്ങളയായ തർക്കശാസ്ത്രജ്ഞന്റെ അടുത്തും. |
ചണ്ഡാലവത് ഇവ ദൂരാത് ഛാന്ദസാത് | : | ഛന്ദശ്ശാസ്ത്രം പഠിച്ചവന്റെ അടുത്തുനിന്നു് ചണ്ഡാലനെയെന്ന പോലെ ദൂരത്തു് |
പുനഃ സങ്കുചിതാ ഗച്ഛതി | : | സങ്കോചത്തോടു കൂടി ഓടുന്നു |
മീമാംസാ-നിപുണം നപുംസകം ഇതി | : | മീമാംസയിൽ പണ്ഡിതനായവനെ നപുംസകമാണെന്നു |
ജ്ഞാത്വാ നിരസ്ത-ആദരാ | : | മനസ്സിലാക്കി ആദരവു നിഷേധിക്കുന്നു |
കാവ്യ-അലങ്കരണ-ജ്ഞം ഏവ | : | കാവ്യത്തിലും അലങ്കാരത്തിലും വിവരമുള്ളവനെ മാത്രം |
കവിതാ-കാന്താ | : | കവിതയെന്ന പ്രിയതമ |
സ്വയം വൃണീതേ | : | സ്വയം വരിക്കുന്നു |
ഒരേ സമയത്തു തന്നെ കവിതയെഴുതാൻ അറിവു വേണമെന്നും, എന്നാൽ ചില അറിവുകൾ (അന്നത്തെ ശാസ്ത്രങ്ങൾ) ഉണ്ടാകുന്നതു് കവിത അടുക്കാൻ തടസ്സമാകും എന്നും പറയുന്ന ശ്ലോകം.
കവിതയെന്നല്ല, ഏതു നല്ല സാഹിത്യം എഴുതാനും നല്ല വായന ആവശ്യമാണു്. (ഒരിക്കൽ ഇതു പറഞ്ഞപ്പോൾ മറുചോദ്യം വന്നതു് “ആദികവിയായ വാല്‌മീകി എങ്ങനെ കവിതയെഴുതി?” എന്നാണു്. വാല്‌മീകി ആദികവിയാണെന്നു സമ്മതിച്ചാൽത്തന്നെ, അദ്ദേഹത്തിനു മുമ്പും കവിത പാട്ടുകളുടെ രൂപത്തിലും മറ്റും ഉണ്ടായിരിക്കണം. അവ കേട്ടതിൽ നിന്നും മറ്റു പലരും അതിനു മുമ്പു രചിച്ച വികലമായ കവിതകളിൽ നിന്നുമൊക്കെയാവണം രാമായണം ഉണ്ടായതു്. നാമറിയുന്ന ആദികാവ്യമാണു രാമായണം. അതിനു മുമ്പു് കവിതയേ ഉണ്ടായിരുന്നില്ല എന്നു പറയുന്നതു തെറ്റാണു്.) അല്ലാതെ ജന്മസിദ്ധമായ കഴിവു കൊണ്ടല്ല മനുഷ്യൻ കവിത എഴുതുന്നതു്.
കവിത്വം മറ്റേതു കലയേയും പോലെ തന്നെയാണു്. അതു ജന്മസിദ്ധമായി കിട്ടുന്നതല്ല, ആർജ്ജിക്കുന്നതാണു്. (ശ്രമിക്കുന്നവർക്കെല്ലാം കിട്ടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ സങ്കീർണ്ണമാണു്. ശ്രമത്തോടൊപ്പം അതിനനുകൂലവും പ്രതികൂലവുമായ ഓരോ സാഹചര്യവും ഏതു കഴിവിനെയും ബാധിക്കുന്നുണ്ടു്. ഒരേ സാഹചര്യത്തിൽ വളരുന്ന രണ്ടു പേരിൽ ഒരാൾക്കു മാത്രം ചില കാര്യങ്ങളിൽ പ്രാവീണ്യമുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെക്കിടക്കുന്നു.) ആ അർത്ഥത്തിൽ “കാവ്യവും അലങ്കാരവും അറിയാവുന്നവനു മാത്രമേ കവിത വഴങ്ങൂ” എന്ന പ്രസ്താവന അന്നത്തെ കവിതാനിർവ്വചനമനുസരിച്ചു ശരിയാണു്.
അതേ സമയം അതോടൊപ്പമുള്ള “ശാസ്ത്രമറിയാവുന്നവനു കവിത വഴങ്ങില്ല” എന്ന പ്രസ്താവം കൂടുതൽ നിരൂപണം അർഹിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന ശാസ്ത്രങ്ങൾ സാഹിത്യവുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങൾ തന്നെയാണെന്നതു ശ്രദ്ധിക്കുക. വ്യാകരണവും വൃത്തശാസ്ത്രവും നിരുക്തവും മീമാംസയുമൊക്കെ കവിതയെ കൂച്ചുവിലങ്ങിടും എന്ന തത്ത്വം തന്നെയാണു് വ്യാകരണശുദ്ധിയുള്ളതും ശാർദ്ദൂലവിക്രീഡിതവൃത്തനിബദ്ധവുമായ ഈ ശ്ലോകത്തിൽ കവി പറയുന്നതു്. (“ശങ്കാപേതമുദിക്കുമര്‍ത്ഥരുചിയെ, ങ്ങെങ്ങാ വെറും ശബ്ദമാമങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാലകൌതൂഹലം?” എന്നു ദ്വിതീയാക്ഷരപ്രാസത്തെ “വിമർശിച്ച” ആശാനെയും ഇവിടെ ഓർക്കാം.) കാളിദാസന്റെയും മറ്റും ചില പ്രയോഗങ്ങൾ വ്യാകരണദൃഷ്ട്യാ തെറ്റാണെന്നുള്ള വാദങ്ങളും, പിന്നീടു് കാളിദാസൻ പറഞ്ഞതു കൊണ്ടു് അവ സാധുവാണെന്നു വൈയാകരണന്മാർ എഴുതിയതും ഇതിനോടു ചേർത്തു വായിക്കാം.
വാണീ വ്യാകരണേണ ഭാതി എന്നു പറയുമ്പോൾത്തന്നെ, വ്യാകരണത്തിലും ഛന്ദശാസ്ത്രത്തിലും തർക്കത്തിലും മീമാംസയിലുമുള്ള കടുംപിടിത്തം കവിതയ്ക്കു തടയിടും എന്നു തന്നെയാണു് കവി ഇവിടെ പറഞ്ഞുവെയ്ക്കുന്നതു്. കുഞ്ചൻനമ്പ്യാരുടെ “പൂശകൻ” തുടങ്ങി പല പ്രയോഗങ്ങൾ, വള്ളത്തോളിന്റെ “അവളിതാ പോകുന്നു കാന്താലയേ”, “ചലശ്രോണി” തുടങ്ങിയ പ്രയോഗങ്ങൾ ഇങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ടു്. ചങ്ങമ്പുഴയുടെ കവിതകളെ വൃത്തമഞ്ജരിയിലുള്ള താളങ്ങളിൽ അല്ലാത്തതിനാൽ പാട്ടു് എന്നു് അധിക്ഷേപിച്ചിട്ടുണ്ടു്. ഇന്നും വരിമുറിക്കവിതകൾ, ശുദ്ധമലയാളമല്ലാത്ത വാക്കുകൾ എന്നൊക്കെ പറഞ്ഞു് കവിതയെ വിമർശിക്കുന്നതും വിരളമല്ല.
ചുരുക്കം പറഞ്ഞാൽ, സാഹിത്യം വായിച്ചുള്ള അറിവാണു കവിതാസ്വാദനത്തിനും കവിതാരചനയ്ക്കും വേണ്ടതു്, അതിനു പിന്നിലെ തിയറിയല്ല എന്നു തന്നെയാണു് ഈ ശ്ലോകത്തിന്റെ താത്പര്യം. കവിത പണ്ഡിതന്മാരുടെ കുത്തകയാണെന്നു കരുതിയ ഒരു സമൂഹം എന്നും ഉണ്ടായിരുന്നു എന്നു വേണം കരുതാൻ.
ഇതൊക്കെയാണെങ്കിലും, ഈ ശ്ലോകത്തിനു് ശാസ്ത്രജ്ഞന്മാർക്കു് കവിത വഴങ്ങില്ല എന്നൊരു അർത്ഥം പറയാം എന്നെനിക്കു തോന്നുന്നില്ല. എഴുതുന്നതെന്തും ശാസ്ത്രത്തിന്റെ ചട്ടക്കൂടിൽത്തന്നെ വേണമെന്നു കടുംപിടിത്തം പിടിക്കുന്നവർക്കെതിരേ ആണു് ഈ ശ്ലോകം. സംസ്കൃതസാഹിത്യത്തിലെ പല മഹാന്മാരും അന്നത്തെ അർത്ഥത്തിൽ ശാസ്ത്രജ്ഞന്മാരും ആയിരുന്നു. ഇന്നത്തെ കാലത്തും ശാസ്ത്രവിഷയങ്ങളിൽ വ്യാപരിക്കുന്ന അനേകം കവികളെയും കലാകരെയും കാണാൻ കഴിയും.
ഇനി, മുലയെയും മുഖത്തെയും ജഘനത്തെയുമൊക്കെ ഗ്ലാൻഡുകളായി മാത്രം കണ്ടതിനും സംസ്കൃതസാഹിത്യത്തിൽ ഉദാഹരണമുണ്ടു്. വൈരാഗ്യം മൂത്തപ്പോഴാണെന്നു മാത്രം. ശൃംഗാരശതകം എഴുതിയ ഭർത്തൃഹരി വൈരാഗിയായപ്പോൾ എഴുതിയ വൈരാഗ്യശതകത്തിൽ നിന്നു് ഒരു ശ്ലോകം:
സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്മൂത്രക്ലിന്നം കരിവരശിരസ്പർദ്ധി ജഘനം
മുഹുർനിന്ദ്യം രൂപം കവിജനവിശേഷൈർ ഗുരുകൃതം.
സ്തനൗ മാംസ-ഗ്രന്ഥീ | : | (വെറും) മാംസഗ്രന്ഥികളായ മുലകളെ |
കനകകലശൗ ഇതി ഉപമിതൗ | : | സ്വർണ്ണക്കുടങ്ങളോടാണു് ഉപമിക്കുന്നതു് |
മുഖം ശ്ലേഷ്മ-ആഗാരം | : | കഫം ഉണ്ടാക്കുന്ന മുഖത്തെ |
തത്-അപി ച ശശാങ്കേന തുലിതം | : | ചന്ദ്രനു തുല്യം (എന്നാണു പറയുന്നതു്) |
സ്രവത്-മൂത്ര-ക്ലിന്നം ജഘനം | : | മൂത്രം ഒഴുകി വൃത്തികെട്ടു കിടക്കുന്ന ജഘനത്തെ |
കരി-വര-ശിര-സ്പർദ്ധി | : | ഗജരാജന്റെ തല പോലെ (എന്നും പറയുന്നു) |
മുഹുഃ നിന്ദ്യം രൂപം | : | വളരെ നിന്ദ്യമായ രൂപത്തെ പിന്നെയും പിന്നെയും |
കവി-ജന-വിശേഷൈഃ ഗുരു-കൃതം | : | കവികൾ മഹത്തായി കൊണ്ടാടുന്നു |
ഈ ഭർത്തൃഹരി വൈദ്യനോ ശാസ്ത്രജ്ഞനോ മറ്റോ ആയിരുന്നോ, ആർക്കറിയാം?
കൂടുതൽ വായനയ്ക്കു്: