April 2018

ജിതിൻ ദാസിന്റെ മൂർഖന്മാർ

ഞാൻ വാഗ്ഭൂഷണം ഭൂഷണം! എന്ന പോസ്റ്റിട്ടപ്പോൾ ജിതിൻ ദാസിനു (ഇങ്ങേർ മഹാവിഷ്ണുവിനെപ്പോലെയാണു്. ഞാൻ ഓരോ പ്രാവശ്യവും ബ്ലോഗിംഗ് പുനരാരംഭിക്കുമ്പോൾ ഇങ്ങേർക്കു് ഓരോ പുതിയ അവതാരമാണു്.) സഹിച്ചില്ല. ഒന്നേ, രണ്ടേ, മൂന്നേ എന്നു് എണ്ണി അഞ്ചു ശ്ലോകങ്ങൾ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നു. എല്ലാം ഭർത്തൃഹരിയുടേതു്. “ഏതെങ്കിലും മീഡിയ പ്രൊഫൈലുകള്‍ ഇതു വായിക്കുമ്പോള്‍ ഓര്‍മ്മ വന്നാല്‍ വെറും യാദൃച്ഛികമാണു്” എന്നു ഡിസ്ക്ലെയിമറും ഉണ്ടു്.

ഞാൻ അതെല്ലാം പൊക്കി ദാ ഇവിടെ ഇടുകയാണു്. ഫേസ്ബുക്കിലിട്ട വിജ്ഞാനവും പുതുമണവാട്ടിയുടെ സൗന്ദര്യവും ഫിനാൻഷ്യൽ അഡ്വൈസറുടെ കയ്യിൽ കൊടുത്ത പണവും ഒരുപോലെ ആണെന്നാണു്. ഒന്നു രണ്ടു ദിവസം കാണുമായിരിക്കും. പിന്നെ നോക്കിയാൽ ആയുഷ്കാലത്തേയ്ക്കു കാണില്ല.

ഇതിന്റെ ശീർഷകത്തെപ്പറ്റി: മൂർഖൻ എന്ന വാക്കിനു് ക്രൂരൻ എന്നൊരു അർത്ഥമേ എനിക്കറിയാമായിരുന്നുള്ളൂ. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന പല ശ്ലോകങ്ങളിലും അതു മൂഢൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതു കണ്ടു. നോക്കിയപ്പോൾ ശബ്ദതാരാവലിയിൽ ആദ്യത്തെ അർത്ഥം തന്നെ മൂഢൻ എന്നാണു്. (വിപരീതപദമായി “പണ്ഡിതൻ” എന്ന വാക്കും കൊടുത്തിട്ടുണ്ടു്.) അമരകോശത്തിലാകട്ടേ, ഊളകളുടെ പര്യായപദങ്ങളായി അജ്ഞൻ, മൂഢൻ, യഥാജാതൻ, മൂർഖൻ, വൈധേയൻ, ബാലിശൻ എന്നിവ കൊടുത്തിരിക്കുന്നു. (അജ്ഞേ മൂഢയഥാജാതമൂർഖവൈധേയബാലിശാഃ വിശേഷനിഘ്നവർഗ്ഗം, ശ്ലോകം 48.) “മുഹേഃ ഖോ മൂർച്ച” എന്നാണു പോലും നിരുക്തം. അതായതു്, വിവരത്തിന്റെ കാര്യത്തിൽ സീറോ. ജിതിൻ ഉപയോഗിച്ച “ഊള” എന്ന വാക്കാണു മലയാളത്തിൽ അനുയോജ്യം.

ഈ ഒരറിവു കിട്ടിയതിനു ശേഷം ഉപകാരോ ഹി മൂർഖാനാം പ്രകോപായ ന ശാന്തയേ (മൂർഖന്മാർക്കു ഉപകാരം ചെയ്താൽ അതു് അവരെ കോപിപ്പിക്കുകയേ ഉള്ളൂ, സമാധാനിപ്പിക്കുകയില്ല) തുടങ്ങിയ മറ്റു പല ശ്ലോകങ്ങൾക്കും ഒന്നു കൂടി നല്ല അർത്ഥം തോന്നുന്നുണ്ടു്.

  1. ശ്ലോകം:

    അജ്ഞഃ സുഖമാരാധ്യഃ
    സുഖതരമാരാധ്യതേ വിശേഷജ്ഞഃ
    ജ്ഞാനലവദുർവിദഗ്ധം
    ബ്രഹ്മാപി തം നരം ന രഞ്ജയതി

    അര്‍ത്ഥം:

    അജ്ഞഃ സുഖം ആരാദ്ധ്യഃ : വിവരമില്ലാത്തവനെ എളുപ്പം വശത്താക്കാം.
    വിശേഷജ്ഞഃ സുഖതരം ആരാദ്ധ്യഃ : നല്ല വിവരമുള്ളവനെ അതിലും എളുപ്പത്തിൽ വശത്താക്കാം.
    തം ജ്ഞാന-ലവ-ദുർ-വിദഗ്ദ്ധം നരം : അല്പജ്ഞാനിയായ മനുഷ്യനെ
    ബ്രഹ്മാപി ന രഞ്ജയതി : ബ്രഹ്മാവിനു പോലും വശത്താക്കാൻ കഴിയില്ല.

    ഒരു കാര്യം ശ്രദ്ധേയമാണു്. ആരാധന എന്ന വാക്കിന്റെ അർത്ഥം. മലയാളത്തിൽ അതിനു പൂജ ചെയ്യുക, താണു വീണു നമസ്കരിക്കുക എന്നൊക്കെ അർത്ഥം വന്നെങ്കിലും സംസ്കൃതത്തിൽ അതിനു് സന്തോഷിപ്പിക്കുക, പ്രീണിപ്പിക്കുക, വശത്താക്കുക എന്നൊക്കെയേ അർത്ഥമുള്ളൂ. എന്തു പറഞ്ഞാലും അല്പജ്ഞാനിയെ സന്തോഷിപ്പിക്കാനോ സമ്മതിപ്പിക്കാനോ പറ്റില്ല എന്നു സാരം.

    “ഒന്നുമറിയാത്ത ആളിനെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമാണ്. വിവരമുള്ള ആളിനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ അതിലും എളുപ്പമാണ്. എന്നാല്‍ അല്പബുദ്ധികളെ ഒരു കാര്യം മനസ്സിലാക്കിക്കാന്‍ പടച്ചതമ്പുരാന്‍ വിചാരിച്ചാലും കഴിയില്ല” എന്നു ജിതിൻ ദാസിന്റെ തർജ്ജമ.

  2. ശ്ലോകം:

    പ്രസഹ്യ മണിമുദ്ധരേന്മകരവക്ത്രദംഷ്ട്രാന്തരാത്
    സമുദ്രമപി സന്തരേത് പ്രചലദൂർമിമാലാകുലം
    ഭുജങ്ഗമപി കോപിതം ശിരസി പുഷ്പവദ്ധാരയേത്
    ന തു പ്രതിനിവിഷ്ടമൂർഖജനചിത്തമാരാധയേത്

    അര്‍ത്ഥം:

    മകര-വക്ത്ര-ദംഷ്ട്ര-അന്തരാത് : മുതലയുടെ വായിലെ ദംഷ്ട്രങ്ങളുടെ ഇടയിൽ നിന്നു്
    പ്രസഹ്യ മണിം ഉദ്ധരേത് : അല്പം ബുദ്ധിമുട്ടിയാൽ രത്നം വലിച്ചെടുക്കാം
    പ്രചലത്-ഊർമി-മാലാ-കുലം : ഇളകുന്ന തിരമാലകൾ നിറഞ്ഞ
    സമുദ്രം അപി സന്തരേത് : കടലു പോലും നീന്തിക്കടക്കാം
    കോപിതം ഭുജംഗം അപി : ചീറ്റുന്ന പാമ്പിനെപ്പോലും
    ശിരസി പുഷ്പ-വത് ധാരയേത് : തലയിൽ പൂ പോലെ ചൂടാം
    പ്രതി-നിവിഷ്ട-മൂർഖ-ജന-ചിത്തം : ദുരഭിമാനിയായ ഒരു ഊളയുടെ മനസ്സിനെ
    ന ആരാധയേത് : വശത്താക്കാൻ പറ്റില്ല.

    ഇവിടെയും ആരാധന എന്ന വാക്കു് ഉപയോഗിച്ചിരിക്കുന്നതു് ഏതാണ്ടു് “പറഞ്ഞു മനസ്സിലാക്കുക” എന്ന അർത്ഥത്തിലാണു്. മൂർഖനെയും ശ്രദ്ധിക്കുക.

    നിങ്ങള്‍ വിചാരിച്ചാല്‍ മുതലയുടെ വാ പിടിച്ചു തുറന്ന് അതില്‍ കുടുങ്ങിയ മുത്ത് എടുക്കാം. പ്രക്ഷുബ്ധമായ കടല്‍ നീന്തിക്കടക്കാം. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ ഒരു പൂമാല പോലെ മുടിയില്‍ ചൂടാം. എന്നാല്‍ ഊളകളോട് സം‌വദിച്ചു ജയിക്കാന്‍ കഴിയില്ല, ഒരിക്കലും എന്നു ജിതിൻ ദാസ്.

  3. ശ്ലോകം:

    ശക്യോ വാരയിതും ജലേന ഹുതഭുൿ ഛത്രേണ സൂര്യാതപോ
    നാഗേന്ദ്രോ നിശിതാങ്കുശേന സമദോ ദണ്ഡേന ഗോഗർദ്ദഭൗ
    വ്യാധിർഭേഷജസങ്ഗ്രഹൈശ്ച വിവിധൈർമന്ത്രപ്രയോഗൈർവിഷം
    സർവസ്യൗഷധമസ്തി ശാസ്ത്രവിഹിതം മൂർഖസ്യ നാസ്ത്യൗഷധിം

    അര്‍ത്ഥം:

    ജലേന ഹുതഭുൿ : വെള്ളം കൊണ്ടു തീയെയും
    ഛത്രേണ സൂര്യാതപഃ : കുട കൊണ്ടു വെയിലിനെയും
    നിശിത-അങ്കുശേന നാഗേന്ദ്രഃ : മൂർച്ചയുള്ള തോട്ടി കൊണ്ടു് ആനയെയും
    ദണ്ഡേന ഗോ-ഗർദ്ദഭൗ : വടി കൊണ്ടു് പശു, കഴുത എന്നിവയെയും
    ഭേഷജ-സങ്ഗ്രഹൈഃ വ്യാധിഃ : മരുന്നുകൂട്ടുകൾ കൊണ്ടു രോഗങ്ങളെയും
    വിവിധൈഃ മന്ത്ര-പ്രയോഗൈഃ വിഷം : പല തരം മന്ത്രപ്രയോഗങ്ങൾ കൊണ്ടു രോഗങ്ങളെയും
    വാരയിതും ശക്യഃ : തടയാൻ സാധിക്കും
    സർവ്വസ്യ ശാസ്ത്രവിഹിതം ഔഷധം അസ്തി : എല്ലാത്തിനും ശാസ്ത്രത്തിൽ മരുന്നുണ്ടു്.
    മൂർഖസ്യ ഔഷധിം ന അസ്തി : ഊളത്തരത്തിനു മാത്രം മരുന്നൊന്നും ഇല്ല.

    “തീപിടിച്ചാല്‍ വെള്ളമൊഴിച്ച് അണയ്ക്കാം, സണ്‍ബേണ്‍ ഉണ്ടാകാതിരിക്കാന്‍ കുടപിടിക്കാം. കൊലകൊമ്പനെ തോട്ടികൊണ്ടും പശുവിനെയും കഴുതയെയും വടിയെടുത്തും അടക്കി നിര്‍ത്താം. അസുഖത്തിനു മരുന്നു കഴിക്കാം വിഷം തീണ്ടിയാല്‍ മന്ത്രവാദം നടത്താം. അങ്ങനെ സകല പ്രശ്നങ്ങള്‍ക്കും ശാസ്ത്രത്തിനു പോം വഴിയുണ്ട് എന്നാല്‍ വിഡ്ഢിത്തരം പറയുന്നതിനു മരുന്നില്ല.” എന്നു ജിതിൻ ദാസ്.

  4. ശ്ലോകം:

    ദുർജനഃ പരിഹർത്തവ്യോ
    വിദ്യയാഽലങ്കൃതോഽപി സൻ
    മണിനാ ഭൂഷിതഃ സർപ്പഃ
    കിമസൗ ന ഭയങ്കരഃ

    അര്‍ത്ഥം:

    ദുർജ്ജനഃ : ചീത്ത ആളുകൾ
    വിദ്യയാ അലങ്കൃതഃ അപി സൻ : വിദ്യ ഉള്ളവരാണെങ്കിൽ കൂടി
    പരിഹർത്തവ്യഃ : കുറവില്ലാത്തവരല്ല.
    മണിനാ ഭൂഷിതഃ സർപ്പഃ : പാമ്പു രത്നം ധരിച്ചാലും
    ന ഭയങ്കരഃ അസൗ കിം? : ഭയങ്കരം തന്നെ അല്ലേ?

    “പരിഹർത്തവ്യഃ” എന്നതിനു പരിഹരിക്കാൻ അഥവാ നന്നാക്കാൻ പറ്റുന്നതു് എന്നർത്ഥം. ദോഷം ഉണ്ടെങ്കിലല്ലേ നന്നാക്കാൻ പറ്റൂ.

    “നീചന്മാര്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണെന്നു കരുതി അവര്‍ മെച്ചപ്പെട്ടവരാകുന്നില്ല മൂര്‍ഖന്‍ പാമ്പ് മുത്തുമാലയിട്ടാന്‍ അതിന്റെ വിഷം കുറയുമെന്ന് കരുതരുത്.” എന്നു ജിതിൻ ദാസ്.

  5. ശ്ലോകം:

    ബോദ്ധോരോ മത്സരഗ്രസ്താഃ പ്രഭവഃ സ്മയദൂഷിതാഃ
    അബോധോപഹതാശ്ചാന്യേ ജീർണമങ്ഗേ സുഭാഷിതം

    അര്‍ത്ഥം:

    ബോദ്ധാരഃ മത്സര-ഗ്രസ്താഃ : ബുദ്ധിയുള്ളവർ മത്സരബുദ്ധിയുള്ളവർ ആകുന്നു
    പ്രഭവഃ സ്മയ-ദൂഷിതാഃ : പ്രഭുക്കൾ അഹങ്കാരികളാകുന്നു
    അബോധ-ഉപഹതാഃ അന്യേ ച : ബാക്കിയുള്ളവർ ബോധമില്ലാത്തവരും ആകുന്നു.
    അംഗേ ജീർണ്ണം സുഭാഷിതം : (അതിനാൽ) സുഭാഷിതം ശരീരത്തിൽ തന്നെ നശിക്കുന്നു.

    പറഞ്ഞിട്ടു കാര്യമില്ലാത്തതു കൊണ്ടു സുഭാഷിതം പറയാതെ വായിൽത്തന്നെ ഒതുങ്ങിപ്പോകുന്നു എന്നു താത്പര്യം. നീതിശതകത്തിലെ ആദ്യത്തെ ശ്ലോകമാണു് ഇതു്. എന്നിട്ടാണു് ഭർത്തൃഹരി പിന്നുള്ള തൊണ്ണൂറ്റൊമ്പതു ശ്ലോകവും ചൊല്ലിയതു്.

    “വിവരമുള്ളവര്‍ പരസ്പരം മത്സരിച്ചു നശിക്കുന്നു. അധികാരികള്‍ അഹങ്കാരം കൊണ്ട് നശിക്കുന്നു. വിവരമില്ലാത്തവര്‍ വിവരമില്ലായ്മകൊണ്ട് നശിക്കുന്നു.ആരോട്‌ പറയാൻ, ആരു കേൾക്കാൻ… ഈ സുഭാഷിതം എന്റെയുള്ളില്‍ തന്നെ കിടന്ന് നശിച്ചോട്ടെ” എന്നു ജിതിൻ ദാസ്.

സുഭാഷിതം

Comments (4)

Permalink

കൊമ്പു കുത്തിയ മത്തേഭം

ബ്ലോഗിംഗ് തുടങ്ങിയത് കഷ്ടകാലത്തിനു വ്യാകരണവും പഴയ ശ്ലോകങ്ങളും ഒക്കെ എഴുതിക്കൊണ്ടാണ്. സ്വന്തമായി ഒന്നും എഴുതാൻ കഴിയില്ല എന്നൊരു തെറ്റിദ്ധാരണ (തെറ്റിദ്ധാരണയല്ല, ശരിയായ ധാരണ തന്നെയാണ് എന്ന് ഇപ്പോഴും പലരും പറയുന്നുണ്ട്. അതവിടെ നിൽക്കട്ടേ.) ഉണ്ടായിരുന്നതിനാൽ അറിയുന്ന കാര്യങ്ങൾ ബാക്കിയുള്ളവർക്കു കൂടി പറഞ്ഞുകൊടുത്ത് പ്രബുദ്ധരാക്കാം എന്നയിരുന്നു ചിന്ത. അതിന്റെ ഫലമായി വാക്കുകളുടെ അർത്ഥം ചോദിച്ചും (അവയിൽ ഭൂരിപക്ഷവും കുട്ടിക്കിടാൻ പോകുന്ന അ-യിൽ തുടങ്ങുന്ന എങ്ങുമില്ലാത്ത പേരിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്നു ചോദിച്ചായിരുന്നു) ഈ ശ്ലോകം അറിയുമോ എന്നു ചോദിച്ചും വരുന്ന ലക്ഷക്കണക്കിന് (വേണമെങ്കിൽ കുറച്ചു കുറയ്ക്കാം) ഈമെയിലുകൾക്കു മറുപടി എഴുതുക എന്നത് എന്റെ ദിനചര്യയായിരുന്നു.

സിദ്ധാർത്ഥൻ, പോസ്റ്റുമാൻ തുടങ്ങിയ പേരുകളിൽ ബ്ലോഗിയിരുന്ന സജിത്ത് യൂസഫ് ആയിരുന്നു ഇവരിൽ അഗ്രഗണ്യൻ. ശ്ലോകത്തിന്റെ അസ്ക്യത ലേശം കൂടുതലുണ്ടായിരുന്ന ജനുസ്സാണ്. നാട്ടിലുള്ള സകലമാന ശൃംഗാരശ്ലോകങ്ങളും കക്ഷിയ്ക്കു വേണം. ദുബായിയിലെ കള്ളുപാർട്ടികളിൽ ചൊല്ലി ആളാവുക എന്നതാണ് ഉദ്ദേശ്യം. എന്തെങ്കിലും ആകട്ടേ. ആരെങ്കിലും നന്നായിപ്പോകുന്നതിൽ ഒരു ഭാഗമാകാൻ എനിക്ക് എന്നും സന്തോഷമേ ഉള്ളൂ.

2008 എന്ന വർഷം തുടങ്ങിയിട്ടേ ഉള്ളൂ. അങ്ങനെയിരിക്കേ ബ്ലോഗിലെ സൂപ്പർ സ്റ്റാർ രാം മോഹൻ പാലിയത്ത് എന്നോടും സിദ്ധാർത്ഥനോടുമായി ഒരു ചോദ്യം.

“മത്തേഭം കൊമ്പു കുത്തും… എന്നു തുടങ്ങുന്ന ശ്ലോകം അറിയാമോ? വെണ്മണിയുടെയോ മറ്റോ ആണ്”

മദയാന കൊമ്പു കുത്തുന്ന, അതായത് മദയാന തോറ്റുപോകുന്ന എന്തിനെപ്പറ്റിയോ ആണ് ശ്ലോകം. വെണ്മണി എഴുതിയതിനാൽ ഇത് ഏതോ പെണ്ണിന്റെ മാമറി ഗ്ലാൻഡ്സിനെപ്പറ്റിയാണ് എന്നതിനു സംശയമില്ല. ശ്ലോകം കേട്ട ഓർമ്മയില്ല. പുസ്തകമൊന്നും കയ്യിലുമില്ല. എന്നാൽപ്പിന്നെ ഒരെണ്ണം എഴുതിക്കളയാം എന്നു കരുതി.

വെണ്മണി അപാര പദസമ്പത്തുള്ള ആളായിരുന്നു. ശ്ലോകത്തിലെ വാക്കുകളൊക്കെ നന്നായി വൃത്തത്തിലൊതുങ്ങി സ്റ്റൈലായി ഇരിക്കും. നല്ല ശയ്യാഗുണമുള്ളവ. അല്ലാതെ സന്തോഷ് പിള്ള എഴുതുന്നതു പോലെ ഗ്യാപ്പിലൊക്കെ അത്, ഇത്, ഇഹ, ആഹു, യാഹൂ എന്നൊന്നും ഫിറ്റു ചെയ്തല്ല. അങ്ങനെ ഒരു ശ്ലോകം എഴുതാൻ തന്നെ പാടാണ്. സിനിമാപ്പാട്ടിനു പാരഡി എഴുതുന്നതു പോലെയല്ല. നന്നായി ബുദ്ധിമുട്ടി.

ഇതാണ് ആദ്യത്തെ ശ്രമം. സ്രഗ്ദ്ധരാവൃത്തം.

മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കദ്ഭുതത്തെക്കൊടുക്കു-
ന്നുദ്വേഗം, സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
ഇത്ഥം മേവുന്ന നിന്നേ മിഷനറിവഴിയില്‍ പൂട്ടി വീരായിതം വ-
ന്നെത്താതാക്കീടുമീയെന്നൊടു സമമൃഗയാകോവിദന്‍ പാരിലുണ്ടോ?

അതായത്, കവി വലിയ വേട്ടക്കാരനാണ്. (വെടി വരുന്നതിനു മുമ്പുള്ള കാലമാണ്. അമ്പും വില്ലും വേണ്ടി വന്നാൽ കുന്തവും മാത്രമേ ഉള്ളൂ.) ആന, കുതിര, സിംഹം, പുലി തുടങ്ങിയ മൃഗങ്ങളുടെ സ്വഭാവങ്ങൾ ചേർന്ന നായികയെ അടക്കി നിർത്തുന്ന വീരനാണ് എന്നാണു വാദം.

സിംഹത്തിന്റെ കടി എന്നു പറഞ്ഞതു പല്ലു കൊണ്ടുള്ള കടി (അങ്ങനെ ഒരർത്ഥവും വേണമെങ്കിൽ ഇവിടെ നോക്കാം.) അല്ല. “മൃഗരാജകടി” എന്നു പറയുന്ന സാധനം. സംശയമുണ്ടെങ്കിൽ ഇതു വായിക്കൂ.

വാത്സ്യായനന്റെ കാമസൂത്രം, കൊക്കോകന്റെ കാമശാസ്ത്രം, കോകന്റെ കോകശാസ്ത്രം തുടങ്ങിയ ആർഷഭാരതശാസ്ത്രഗ്രന്ഥങ്ങൾ വായിക്കാതെ മാസ്റ്റേഴ്സ് ആൻഡ് ജോൺസന്റെയും പ്രകാശ് കോത്താരിയുടെയും പുസ്തകങ്ങൾ മാത്രം വായിച്ചു ഗ്രാജ്വേറ്റ് ചെയ്തവർക്ക് ഇതിന്റെ ഉത്തരാർദ്ധം പിടികിട്ടിയിട്ടുണ്ടാവില്ല. വിശദീകരിക്കാം:

കാമശാസ്ത്രമനുസരിച്ച് സംഭോഗം നാലു വിധം:

  1. ഉത്താനകം: സ്ത്രീ അടിയിൽ മലർന്ന്. പുരുഷൻ മുകളിൽ കമഴ്ന്ന്. പിൽക്കാലത്ത് മിഷനറി രീതി എന്നു പറയുന്ന സമ്പ്രദായം. അതിനെങ്ങനെ മിഷനറി രീതി എന്ന പേരു കിട്ടി എന്നത് മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്. പിന്നെ എഴുതാം.
  2. തിര്യഗ്‌യാനം: മൃഗങ്ങളെപ്പോലെ പുരുഷൻ സ്ത്രീയുടെ പുറകിൽ നിന്ന്. ഇതിനു പല അവാന്തരവിഭാഗങ്ങൾ ഉണ്ട്. കിടന്ന്, ഇരുന്ന്, മുട്ടിൽ നിന്ന് തുടങ്ങി. വിസ്തരഭയത്താൽ വിശദീകരിക്കുന്നില്ല.
  3. മൂന്നാമത്തേതിന്റെ പേര് ഓർമ്മയില്ല. എങ്ങനെയാണെന്നും. ഒരു പക്ഷേ, ഞാൻ കൂട്ട്യാൽ കൂടുന്നതല്ല എന്നു തോന്നിയിട്ട് ഉപബോധമനസ്സ് ഓട്ടോമാറ്റിക് ആയി തിരസ്കരിച്ചതാവും.
  4. വീരായിതം അഥവാ പുരുഷായിതം അഥവാ ഉപരിസുരതം: പുരുഷൻ അടിയിൽ മലർന്ന്, സ്ത്രീ മുകളിൽ കമഴ്ന്ന്.

ബാക്കി മൂന്നും അത്ര പ്രശസ്തമല്ലെങ്കിലും നാലാമത്തേത് വെണ്മണിശ്ലോകങ്ങളിലും മറ്റും വളരെ കാണുന്ന സംഭവമാണ്. വീരായിതനിപുണ എന്നൊക്കെ നായികയെ വർണ്ണിക്കുന്നതു കാണാം.

ഇതിന്റെ ശരിക്കുള്ള സ്പെസിഫിക്കേഷൻസ് എഴുതിയേക്കാം എന്നു കരുതി പല പുസ്തകങ്ങളും തിരഞ്ഞപ്പോൾ പലതിലും പല വിധത്തിലാണു ക്ലാസ്സിഫിക്കേഷൻ. ഉദാഹരണമായി, കുചീമാരതന്ത്രം എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു.

ഉത്താനകം ചാപി തഥൈവ തിര്യ-
ഗാസീനമേവം സ്ഥിതമാനതം ച
സാമാന്യതഃ സ്യൂരതി കേളിഭേദാഃ
പരേ രസജ്ഞൈരനുഭാവനീയാഃ

ഇതനുസരിച്ച് ഉത്താനകം, തിര്യഗ്യാനം, ആസീനം (ഇരുന്നുകൊണ്ടുള്ളതു്), സ്ഥിതം (നിന്നു കൊണ്ടുള്ളതു്), ആനതം (കുനിഞ്ഞു കൊണ്ടുള്ളതു്) എന്നിങ്ങനെ അഞ്ചു വിധമാണ്. വീരായിതം ഉത്താനകത്തിന്റെ ഒരു വകഭേദമായി (വിപരീതോത്താനകം) മാത്രമേ കരുതുന്നുള്ളൂ.

എന്തരോ എന്തോ!

ഇനി നമ്മുടെ ഉത്തരാർദ്ധം.

ഇങ്ങനെ ആനയും കുതിരയും സിംഹവും പുലിയുമൊക്കെ തോറ്റുപോകുന്ന വ്യാഘ്രിയായ നായികയെ വീരായിതത്തിനു സമ്മതിക്കാതെ മിഷനറിവടിവു മാത്രത്തിൽ ഒതുക്കുന്ന ഭീകരനാണു നോം എന്നാണു കവി അവകാശപ്പെടുന്നത്.

ഇങ്ങനെയൊക്കെ പച്ചയായി ഒരു കവി എഴുതുമോ എന്നു നിങ്ങൾ സംശയിക്കുന്നുണ്ടാവും. ഉണ്ടെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ വെണ്മണിയെ വായിച്ചിട്ടില്ല എന്നാണ്. പച്ചയായ ഭോഗവർണ്ണനകളും സ്ത്രീകളെപ്പറ്റിയുള്ള അശ്ലീലവർത്തമാനങ്ങളും നിറഞ്ഞവയാണു വെണ്മണിക്കവിതകൾ. പത്തു വയസ്സുള്ള ഒരു പെങ്കൊച്ചിനെപ്പറ്റി

കുളുർമുലകളുരുണ്ടി, ല്ലോമനേ, നീ തിരണ്ടി-
ല്ലിതിനിടയിലനംഗന്നായിരം വില്ലൊടിഞ്ഞു
കളമൊഴി, തവ വായ്ക്കും യൗവനം വന്നുദിക്കു
ന്നളവിലിഹ ഭവിക്കും ഘോഷമെന്തായിരിക്കും

എന്നൊക്കെ എഴുതിയ കക്ഷിയാണ്. ഇന്നായിരുന്നെങ്കിൽ പീഡോഫൈൽ എന്നു പറഞ്ഞ് അങ്ങേരെ ചവിട്ടിക്കൂട്ടിയേനേ.

എഴുതിക്കഴിഞ്ഞപ്പോൾ ശ്ലോകത്തിനു പല പ്രശ്നങ്ങൾ.

  1. ഒന്നാമതായി, ഗുണ്ടർട്ടു തൊട്ടുള്ള മിഷനറിമാർ കേരളത്തിൽ തേരാപ്പാരാ നടക്കാൻ തുടങ്ങിയിട്ടു കാലം കുറേയായെങ്കിലും വെണ്മണിയുടെ കാലത്ത് മിഷനറിവടിവ് എന്ന പ്രയോഗം പ്രചാരത്തിലുണ്ടോ എന്നൊരു സംശയം. ഇനി ഉണ്ടെങ്കിൽത്തന്നെ, മലയാളശ്ലോകത്തിൽ അങ്ങേർ ഇംഗ്ലീഷ് വാക്ക് എഴുതാൻ വഴി കുറവാണ്. ഇന്നും കവിതയിൽ മറ്റു ഭാഷയിലുള്ള വാക്കുകൾ കാണുമ്പോൾ പുരികം ചുളിക്കുന്നവരാണ് അധികവും. പണ്ട് ലാപുട എന്ന ടി. പി. വിനോദ് ബോറടിയുടെ ദൈവം എന്നൊരു കവിത എഴുതിയപ്പോൾ “ബോറടി”യ്ക്കു തത്തുല്യമായ മലയാളം എഴുതണമെന്നു പറഞ്ഞ് ആദ്യം കുടിയൻ എന്നും പിന്നെ അനംഗാരി എന്നും സ്വയം വിളിച്ച ഒരാൾ ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. പിന്നെ ബോറടിയുടെ മലയാളം എന്താണ് എന്നു ലാപുട ചോദിച്ചപ്പോഴാണു ചോദിച്ചവന്മാരൊക്കെ കുഴങ്ങിയത്.

    മാറ്റിയെഴുതി.

    മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കദ്ഭുതത്തെക്കൊടുക്കു-
    ന്നുദ്വേഗം, സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
    ഇത്ഥം മേവുന്ന കുന്നിന്‍ മകളെയടിയിലായ് പൂട്ടി വീരായിതം വ-
    ന്നെത്താതാക്കിസ്സുഖിക്കും മദനരിപുവിനെത്താണിതാ കൈതൊഴുന്നേന്‍!

    ഏതു വിരുന്നുകാരൻ വന്നാലും കോഴിയ്ക്കാണു ബുദ്ധിമുട്ടു് എന്നു പറഞ്ഞതു പോലെ, പണ്ടു വെണ്മണിപ്രസ്ഥാനക്കാർക്കു അശ്ലീലം എഴുതണമെങ്കിൽ ശിവനെയും പാർവ്വതിയെയുമായിരുന്നു പിടിച്ചിരുന്നതു്. അതാണു് ഇങ്ങനെ എഴുതിയതു്. ഇതല്പം കടന്നു പോയി, മതവികാരം വ്രണപ്പെട്ടു എന്നു വല്ലവർക്കും തോന്നുന്നുണ്ടെങ്കിൽ

    നീയെന്നും രതിയിൽ തളർന്ന പതി തൻ നെഞ്ചത്തു കേറിക്കിട-
    ന്നയ്യയ്യേ, തെറി കാട്ടിടും കഥ വിളിച്ചോതും വെളിച്ചത്തു ഞാൻ!

    എന്നു പാർവ്വതിയെ ഒരു വെണ്മണിക്കവി ബ്ലായ്ക്ക്‌മെയിൽ ചെയ്തിട്ടുണ്ടെന്നു് അറിയുക. (വാക്കുകൾ ഇങ്ങനെ തന്നെയാണോ എന്നു് ഉറപ്പില്ല.) സംഗതി വീരായിതം തന്നെ.

    കുന്നിൻ കന്യേ കടുപ്പം, തവ പതി ദിനവും ഗം… പ്രഭോ, വേണ്ട ശാഠ്യം

    എന്നു ശിവനെയും ബ്ലായ്ക്ക്മെയിൽ ചെയ്തിട്ടുണ്ടു്.

    (ഈ ശ്ലോകങ്ങളൊക്കെ മറന്നു പോയി. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി കമന്റായി ഇടുക.)

    വെണ്മണിക്കവികൾ എന്നു പറഞ്ഞാൽ വെൺമണിഅച്ഛനും മഹനും മാത്രമല്ല. ശീവൊള്ളി, ഒറവങ്കര, നടുവത്തച്ഛനും മകനും, ഒടുവിൽ തുടങ്ങി ഒരു പിടി ആളുകളുണ്ടു്. ദാ ശീവൊള്ളി വകയായി പാർവ്വതിയുടെ ആദ്യരാത്രിയ്ക്കു ശേഷമുള്ള പ്രഭാതത്തിന്റെ വർണ്ണന:

    “നെഞ്ഞത്തിന്നലെ രാത്രി പൂച്ച കടികൂടിച്ചാടി വീണോ, നിറം-
    മാഞ്ഞെന്തീ വടു ചുണ്ടി”ലെന്നു സഖിമാരോതിച്ചിരിക്കും വിധൌ
    കുഞ്ഞമ്മിഞ്ഞ കുറച്ചൊളിച്ചൊരു വിധം ചെഞ്ചുണ്ടു പൊത്തി, ഹ്രിയാ
    ഞഞ്ഞമ്മിഞ്ഞ പറഞ്ഞിടുന്നൊരചലക്കുഞ്ഞേ, കനിഞ്ഞീടു നീ!

    (എന്തൊക്കെപ്പറഞ്ഞാലും, ഞാനൊരു രാജാവോ മറ്റോ ആയിരുന്നെങ്കിൽ, ആ കുഞ്ഞമ്മിഞ്ഞ/ഞഞ്ഞമ്മിഞ്ഞ പ്രയോഗത്തിനു് ഒരു വീരശൃംഖല കൊടുത്തേനേ.)

    എഴുതി നോക്കിയെങ്കിലും ശിവനെയും പാർവ്വതിയെയും തൊട്ടുള്ള കളി എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല. അത്ര വലിയ ചമത്ക്കാരമൊന്നും ഉത്തരാർദ്ധത്തിനു് ഇല്ല താനും.

  2. രണ്ട്, ഉദ്വേഗം എന്ന വാക്കിന് എന്റെ മനസ്സിലുണ്ടായിരുന്ന അർത്ഥമല്ല ശരിക്കും. (എന്റെ മനസ്സിൽ എന്താണുണ്ടായിരുന്നതെന്നു ചോദിച്ചാൽ, ഉദ്വേഗം എന്നു കേട്ടപ്പോൾ നിങ്ങളുടെ മനസ്സിൽ വന്ന അർത്ഥം തന്നെ.)
  3. പിന്നെ “നിന്നേ…” എന്നതിലെ വൃത്തം ശരിയാക്കാനുള്ള ആവശ്യമില്ലാത്ത നീട്ടൽ. വെണ്മണിയല്ല കവി എന്നു മനസ്സിലാക്കാൻ ഇതൊക്കെത്തന്നെ ധാരാളം.

മാറ്റിയെഴുതി.

മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കൊത്ത പേശീബലം, ചെ-
ന്നെത്തുമ്പോള്‍ സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
ഇത്ഥം മേവുന്ന നിന്നെത്തനുവിതിനടിയിൽപ്പൂട്ടി, വീരായിതം വ-
ന്നെത്താതാക്കീടുമീയെന്നൊടു കിട മൃഗയാകോവിദന്‍ പാരിലുണ്ടോ?

സംഭവം രാം മോഹന് അയച്ചു. പുള്ളി ഹാപ്പിയായി. ഇതു തന്നെ ശ്ലോകം എന്നു പറഞ്ഞു. ഒരുപാടു കാലമായി നോക്കി നടക്കുകയായിരുന്നു എന്നു പറഞ്ഞു.

ഇതു് ഒരു ഓളത്തിനു പറഞ്ഞതാണു്. രാം മോഹൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ചേട്ടനു വേണ്ടി അന്വേഷിച്ചതാണു് എന്നാണു് ഈയിടെ പറഞ്ഞതു്.

ഇനി എന്നെങ്കിലും രാം മോഹൻ എഡിറ്റു ചെയ്ത് വെണ്മണിക്കൃതികൾ പുറത്തിറങ്ങുകയാണെങ്കിൽ, അതിൽ ഈ ശ്ലോകവും കണ്ടാൽ നിങ്ങൾ അദ്ഭുതപ്പെടേണ്ട. ഇങ്ങനെയൊക്കെയാണു പല കൃതികളും പ്രശസ്തരുടെ പേരിലാകുന്നത്. ഇങ്ങനെയാണ് ഹരിനാമകീർത്തനം എഴുത്തച്ഛന്റേതും “അയിഗിരി നന്ദിനി…” എന്നു തുടങ്ങുന്ന സ്തോത്രം ശങ്കരാചാര്യരുടെയും ആയത്.

സരസശ്ലോകങ്ങള്‍

Comments (8)

Permalink

വാഗ്ഭൂഷണം ഭൂഷണം!

ഭർത്തൃഹരിയുടെ നീതിശതകത്തിൽ നിന്നു് ഒരു ശ്ലോകം:

ശ്ലോകം:

കേയൂരാണി ന ഭൂഷയന്തി പുരുഷം, ഹാരാ ന ചന്ദ്രോജ്ജ്വലാ,
ന സ്നാനം, ന വിലേപനം, ന കുസുമം, നാലംകൃതാ മൂര്‍ദ്ധജാ,
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ –
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം, വാഗ്ഭൂഷണം ഭൂഷണം

അര്‍ത്ഥം:

പുരുഷം : പുരുഷനെ
കേയൂരാണി ന ഭൂഷയന്തി : തോൾവളകൾ അലങ്കരിക്കുന്നില്ല
ന ചന്ദ്രോജ്ജ്വലാ ഹാരാ : ചന്ദ്രനെപ്പോലെ ഭംഗിയുള്ള മാലകളോ
ന സ്നാനം : കുളിയോ
ന വിലേപനം : (ചന്ദനവും സുഗന്ധദ്രവ്യങ്ങളും) പൂശുന്നതോ
ന കുസുമം : പൂ ചൂടുന്നതോ
ന അലംകൃതാ മൂര്‍ദ്ധജാ : ഭംഗിയാക്കി വെച്ചിരിക്കുന്ന തലമുടിയോ
(ന ഭൂഷയന്തി) : അലങ്കരിക്കുന്നില്ല
യാ സംസ്കൃതാ ധാര്യതേ (സാ) വാണീ : സംസ്കാരം വഹിക്കുന്ന വാക്കു്
ഏകാ : അതൊന്നു മാത്രം
പുരുഷം സം-അലംകരോതി : പുരുഷനെ അലങ്കരിക്കുന്നു
സതതം ഭൂഷണാനി ക്ഷീയന്തേ ഖലു : എല്ലാക്കാലത്തും അലങ്കാരങ്ങളും ആഭരണങ്ങളും നശിച്ചു പോകും
വാഗ്ഭൂഷണം ഭൂഷണം : വാക്കു് എന്ന ഭൂഷണം മാത്രം നിലനിൽക്കുന്നു

തോൾവള എന്ന സാധനം മാത്രം ഒഴിവാക്കിയാൽ സംഭവം ഇപ്പോഴും കിറുകൃത്യം. പ്രത്യേകിച്ച് ചാനൽ ചർച്ചകളിൽ കുളിച്ചൊരുങ്ങി വന്നിരുന്നു് അസംബന്ധം പുലമ്പുന്ന പുമാന്മാർക്കു്.


പണ്ടു് സുഭാഷിതത്തിൽ ഒരു ശ്ലോകമിട്ടാൽ ആളുകൾ വന്നു് അതിന്റെ പരിഭാഷകൾ കമന്റായി ഇടുന്ന പതിവുണ്ടായിരുന്നു. ബ്ലോഗ് സോഷ്യൽ മീഡിയയ്ക്കു വഴി മാറിയപ്പോൾ ഇവരെയൊന്നും ടാഗ് ചെയ്യാൻ നിവൃത്തിയില്ലല്ലോ. രാജേഷ് വർമ്മ, സന്തോഷ് പിള്ള, സിദ്ധാർത്ഥൻ, പയ്യൻസ് തുടങ്ങിയവർ ഈ പരിസരത്തുണ്ടെങ്കിൽ ഇവിടെ എത്തണം എന്നു് അപേക്ഷിക്കുന്നു.

സുഭാഷിതം

Comments (10)

Permalink