രാപ്പകലും രാപകലും – 2

വ്യാകരണം (Grammar)

എന്റെ “രാപ്പകലും രാപകലും” എന്ന ലേഖനത്തിനു പല അഭിപ്രായങ്ങളും ഉണ്ടായി. കമന്റുകളില്‍ പല നിറങ്ങള്‍ കാണിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ടു്‌ ഞാന്‍ അതിനെ വേറൊരു ലേഖനമാക്കുന്നു.

വിശ്വപ്രഭ ഇങ്ങനെ പറഞ്ഞു:

മറ്റു സമാസങ്ങളില്‍ വ്യക്തമായ ദ്വിത്വസന്ധിയെക്കുറിച്ച് രാ.രാ.വര്‍മ്മ തന്നെ പറഞ്ഞിട്ടുണ്ട്.
ഉദാ: രാക്കുയില്‍ , തീപ്പുക, രാപ്പനി, രാക്കുളിര്‍, പൂക്കൂട, വാക്കത്തി

വിശ്വം കൊടുത്ത ഉദാഹരണങ്ങളെല്ലാം തത്പുരുഷസമാസത്തിന്റെ ഉദാഹരണങ്ങളാണു്‌. ദ്വന്ദ്വസമാസത്തിന്റേതല്ല. തത്പുരുഷനില്‍ ഉത്തരപദത്തിനാണു പ്രാധാന്യം. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ഇതിനെപ്പറ്റി കൂടുതല്‍ ഈ ലേഖനത്തില്‍ വായിക്കാം.

രാക്കുയില്‍ = രാ + കുയില്‍ = രാത്രിയിലെ (രാത്രിയില്‍ പാട്ടുപാടുന്ന) കുയില്‍.
(രാപ്പനി, രാക്കുളിര്‍ എന്നിവയും ഇതുപോലെ തന്നെ.)
തീപ്പുക = തീ + പുക = തീയുടെ പുക
പൂക്കൂട = പൂ + കൂട = പൂവിടുന്ന (പൂവുള്ള) കൂട
വാക്കത്തി = വാ + കത്തി = വായുള്ള (വായ്ത്തലയുള്ള) കത്തി

ഈ ഉദാഹരണങ്ങളില്‍ കുയിലും പുകയും കൂടയും കത്തിയുമാണു പ്രധാനപദങ്ങള്‍ എന്നു്‌ (പൂര്‍വ്വപദം അതിന്റെ വിശേഷണം മാത്രമാണു്‌.) വ്യക്തമല്ലേ?

നേരേ മറിച്ചു്‌, രാപകല്‍ = രായും പകലും, രായ്ക്കും പകലിനും തുല്യപ്രാധാന്യമാണു്‌. കൈകാല്‍, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ എന്നിവയിലും സ്ഥിതി ഇതു തന്നെയാണു്‌.

‘രാ’ + പകല്‍ ആണോ ‘രാവ്‌’ + പകല്‍ ആണോ?
‘രാ’, ‘നീ’, ‘തീ’ എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

എന്നു വിശ്വം പറഞ്ഞതു്‌ എനിക്കു മനസ്സിലാകുന്നില്ല. തീ, എടീ, മാന്യരേ, നേരേ, വാ (വരൂ എന്നര്‍ത്ഥത്തില്‍), വരൂ തുടങ്ങിയവയില്‍ ദീര്‍ഘസ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകളല്ലേ? (ഈ വാക്യവും അവസാനിച്ചതു ദീര്‍ഘസ്വരത്തിലല്ലേ?)

വാ കുരുവീ, വരു കുരുവീ
വാഴക്കൈമേലിരി കുരുവീ

എന്ന പാട്ടും ഓര്‍ക്കുക.

‘രാ’ + പകല്‍ ആണോ ‘രാവ്‌’ + പകല്‍ ആണോ?
‘രാ’, ‘നീ’, ‘തീ’ എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

രണ്ടാമത്തേതാണെങ്കില്‍ ‘വ്’ എവിടെപ്പോയി? അതിനുപകരമല്ലേ ‘പ’ അധികം വരുന്നത്?

യോജിക്കാന്‍ പറ്റുന്നില്ല. രാവ്‌ + പകല്‍ എന്നതില്‍ എങ്ങനെയാണു വകാരം പോയി പകാരം വരുന്നതു്‌? ഇതിനു വേറേ ഉദാഹരണങ്ങള്‍ ഉണ്ടോ?

രാത്രി എന്നര്‍ത്ഥത്തില്‍ “രാ” എന്ന വാക്കു ഉപയോഗിക്കുന്നുണ്ടു്‌. രായ്ക്കുരാമാനം, പാതിരാ തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.

ദ്വന്ദസമാസങ്ങളില്‍ പരപദദൃഢവ്യഞനം ഇരട്ടിക്കുകയില്ല എന്ന പൊതുനിയമത്തില്‍ പെടുത്തിയായിരിക്കണം രാപകല്‍ അമ്ഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉച്ചാരണവിലക്ഷണം അനുഭവപ്പെടുന്നില്ലേ?

ഞാന്‍ വളരെക്കാലമായി രാപകല്‍ എന്നാണു്‌ ഉച്ചരിക്കാറു്‌. ഒരു ഉച്ചാരണവൈകല്യവും എനിക്കു തോന്നാറില്ല. (നിരൃതി തുടങ്ങിയവയെ അപേക്ഷിച്ചു നോക്കുമ്പോള്‍.) അതു തോന്നുന്നുണ്ടെങ്കില്‍ അതു നമ്മള്‍ “രാപ്പകല്‍” എന്നേ കേള്‍ക്കാറുള്ളൂ എന്നതുകൊണ്ടാണു്‌. “തീയും പുകയും” എന്നര്‍ത്ഥത്തില്‍ നാം തീപുകകള്‍ എന്നല്ലേ പറയാറുള്ളൂ?

മലയാളാദ്ധ്യാപികയായിരുന്ന എന്റെ അമ്മ “കല്യാണത്തിന്റെ ക്ഷണനമൊക്കെ കഴിഞ്ഞോ?” എന്നു
ചോദിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ടു്‌. അമ്മയോടു ഞാന്‍ പലപ്പൊഴും ചോദിച്ചിട്ടുണ്ടു്‌, തെറ്റാണെന്നറിഞ്ഞുകൊണ്ടു്‌ എന്തിനു്‌ ക്ഷണനം എന്ന വാക്കു്‌ ഉപയോഗിക്കുന്നു എന്നു്‌. (ക്ഷണനം = മുറിക്കല്‍, ക്ഷണം = invitation.) അമ്മ അതിനു മറുപടി പറഞ്ഞതു്‌ അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാവില്ല എന്നാണു്‌. പറഞ്ഞുപറഞ്ഞു ക്ഷണനവും മനോസുഖവും (മനസ്സുഖം അല്ലെങ്കില്‍ മനഃസുഖം ശരി) അഹോവൃത്തിയും (അഹര്‍വൃത്തി ശരി) ഒക്കെ ആളുകള്‍ക്കു ശരിയായിക്കഴിഞ്ഞിരിക്കുന്നു.

ഭാഷ വളരുന്നതുകൊണ്ടു്‌ ഇതൊക്കെ അംഗീകരിക്കാം എന്നു ചിലര്‍ പറയുന്നു. എനിക്കു പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല.

എന്റെ പഴയ ലേഖനത്തിന്റെ വാല്‍ക്കഷണങ്ങള്‍ കൂടി ദയവായി വായിക്കുക.