സ്ത്രീണാം ച ചിത്തം…

സുഭാഷിതം

“സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം” എന്നു കേള്‍ക്കാത്തവര്‍ കുറവായിരിക്കും. “സ്ത്രീയുടെ മനസ്സാണു പുരുഷന്റെ ഭാഗ്യം” എന്ന അര്‍ത്ഥത്തിലാണു് ഇതു പലപ്പോഴും ഉപയോഗിച്ചു കണ്ടിട്ടുള്ളതു്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ അര്‍ത്ഥത്തിലല്ല അതു് എഴുതപ്പെട്ടതു്. ശ്ലോകം ഇതാണു്:


അശ്വപ്ലവഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ

(അശ്വ-പ്ലവം ച അംബുദ-ഗര്‍ജ്ജനം ച സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം അവര്‍ഷണം ച അപി അതി-വര്‍ഷണം ച ദേവഃ ന ജാനാതി കുതഃ മനുഷ്യഃ)

ദൈവത്തിനു പോലും അറിയാത്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് തരുന്ന ശ്ലോകമാണിതു്. താഴെപ്പറയുന്നവയാണവ:

  • അശ്വപ്ലവം : കുതിര എപ്പോള്‍ ഓടുമെന്നതു്.
  • അംബുദഗര്‍ജ്ജനം : എപ്പോള്‍ ഇടി മുഴങ്ങുമെന്നതു്.
  • സ്ത്രീണാം ചിത്തം : സ്ത്രീകളുടെ മനസ്സു്.
  • പുരുഷസ്യ ഭാഗ്യം : പുരുഷന്റെ ഭാഗ്യം
  • അവര്‍ഷണം : മഴ പെയ്യാതിരിക്കുന്നതു്. (അതായതു്, എപ്പോള്‍ വരള്‍ച്ച ഉണ്ടാവുമെന്നു്)
  • അതിവര്‍ഷണം :എപ്പോള്‍ അമിതമായ മഴ ഉണ്ടാവുമെന്നു്.

ഇത്രയും കാര്യം ദൈവത്തിനു പോലും അറിയില്ല (ദേവോ ന ജാനാതി), പിന്നെ മനുഷ്യന്റെ കാര്യം പറയേണ്ടതില്ലല്ലോ (മനുഷ്യഃ കുതഃ) എന്നു വക്കാരിയുടെ അര്‍ത്ഥാപത്തിയതോ പിന്നെച്ചൊല്ലാനില്ലെന്ന യുക്തിയാം.

“ദേവനു പോലും അറിയില്ല” എന്നു പറഞ്ഞെങ്കിലും സ്ത്രീകളുടെ മനസ്സു് ദേവരാഗത്തിനറിയാമെന്നാണു മൂപ്പര്‍ അവകാശപ്പെടുന്നതു്. കുട്ട്യേടത്തിക്കും അറിയാമത്രേ. ഇടി മുഴക്കം, മഴ പെയ്യല്‍, പെയ്യാതിരിക്കല്‍ ഇവയൊക്കെ ഇപ്പോള്‍ കാലാവസ്ഥാനിരീക്ഷകര്‍ ഒട്ടുക്കു കൃത്യമായിത്തന്നെ പറയുന്നുണ്ടു്. (സിയാറ്റലിലുള്ളവര്‍ക്കു് എപ്പോള്‍ മഴ പെയ്യുമെന്നും സൌദി അറേബ്യയിലുള്ളവര്‍ക്കു് എപ്പോള്‍ പെയ്യില്ല എന്നും കൃത്യമായി അറിയാം.) പുരുഷന്റെ ഭാഗ്യം കൈനോട്ടക്കാരന്‍ പറഞ്ഞുതരും. കുതിരയുടെ കാര്യം മാത്രം എനിക്കു വലിയ പിടിയില്ല.