വരന്‍ എങ്ങനെയുള്ളവനാകണം?

സുഭാഷിതം

ഒരു പെണ്‍കുട്ടിക്കു വരനെ തെരഞ്ഞെടുക്കുമ്പോള്‍ ഓരോരുത്തരും എന്താണു് ആഗ്രഹിക്കുന്നതെന്നു് ഒരു പ്രാചീനകവി പറഞ്ഞതു്:

ശ്രുതമിച്ഛന്തി പിതരഃ
ധനമിച്ഛന്തി മാതരഃ
ബാന്ധവാഃ കുലമിച്ഛന്തി
രൂപമിച്ഛന്തി കന്യകാഃ

അര്‍ത്ഥം:

പിതരഃ ശ്രുതം ഇച്ഛന്തി : അച്ഛന്മാര്‍ പേരു കേട്ടവനെ ആഗ്രഹിക്കുന്നു
മാതരഃ ധനം ഇച്ഛന്തി : അമ്മമാര്‍ പണമുള്ളവനെ ആഗ്രഹിക്കുന്നു
ബാന്ധവാഃ കുലം ഇച്ഛന്തി : ബന്ധുക്കള്‍ കുടുംബക്കാരനെ ആഗ്രഹിക്കുന്നു
കന്യകാഃ രൂപം ഇച്ഛന്തി : പെണ്‍കുട്ടികള്‍ സൌന്ദര്യമുള്ളവനെ ആഗ്രഹിക്കുന്നു.

കീര്‍ത്തിയുള്ളവരെയാണു് അച്ഛന്മാര്‍ നോക്കുന്നതു്. ആര്‍ക്കു കല്യാണം കഴിച്ചു കൊടുത്തു എന്നു് അഭിമാനത്തോടെ പറയണം. ഇന്നും അതു തന്നെ.
പണമുള്ളവരെയാണു് അമ്മമാര്‍ക്കു പഥ്യം. മകള്‍ ഭര്‍ത്തൃഗൃഹത്തില്‍ പോയി കഷ്ടപ്പെടാന്‍ ഇടവരരുതു്. ഇന്നും അങ്ങനെ തന്നെ.
ബന്ധുക്കള്‍ക്കു ബന്ധുബലമാണു പ്രധാനം. നല്ല നിലയിലുള്ള ബന്ധുക്കളെ കിട്ടിയാല്‍ അതിന്റേതായ പ്രയോജനമുണ്ടല്ലോ. ഇന്നും വ്യത്യാസമില്ല.

ഇതൊക്കെ ശരിയായിട്ടും നാലാമത്തെ കാര്യത്തില്‍ സംസ്കൃതകവിക്കു വലിയ തെറ്റു പറ്റിപ്പോയി എന്നു കരുതണം ഇടിവാളിന്റെ ബ്ലോഗില്‍ എല്‍‌ജിയും ആദിത്യനും തമ്മില്‍ നടത്തുന്ന സംഘട്ടനം കണ്ടാല്‍. അങ്ങേര്‍ പറഞ്ഞതു പെണ്‍‌കുട്ടികള്‍ സൌന്ദര്യം മാത്രമേ നോക്കുള്ളൂ എന്നാണു്. പെണ്‍‌കുട്ടികള്‍ക്കു് ആഗ്രഹം മറ്റു പലതുമാണത്രേ! “ഛീ, പോടീ പുല്ലേ” എന്നു പറയുന്ന ആണുങ്ങളെയാണത്രേ ഇപ്പോഴത്തെ പെണ്‍‌കുട്ടികള്‍ക്കു പഥ്യം!

ഏതായാലും, കാലം മാറിപ്പോയി എന്നു പലപ്പോഴും തോന്നാറുണ്ടു്. എന്റെ ഒരു സുഹൃത്തുണ്ടു്. മദ്യപിക്കില്ല. പുകവലിക്കില്ല. ഒരു ദുശ്ശീലവുമില്ല. ദേഷ്യപ്പെടില്ല. ജോലിയോടു് അതിയായ ആസക്തിയുമില്ല. ചുരുക്കം പറഞ്ഞാല്‍ സന്തോഷിന്റെ എല്ലാ ഭര്‍ത്തൃലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരുവന്‍. പക്ഷേ, ഭാര്യ അസംതൃപ്ത. വിരുന്നുകാര്‍ വരുമ്പോള്‍ ഭര്‍ത്താവു കമ്പനിക്കു മദ്യപിക്കുന്നില്ല, തനിക്കിഷ്ടമായ സിഗരറ്റ്‌മണം ഭര്‍ത്താവിനില്ല, കല്യാണത്തിനു ശേഷം അമേരിക്കയ്ക്കു പോയാല്‍ ഭര്‍ത്താവിനോടൊപ്പം ബിയറടിക്കുകയും നൈറ്റ്‌ക്ലബ്ബുകളില്‍ പോകുകയും ചെയ്യാം എന്നു കരുതിയതു വെറുതെയായി, ഭര്‍ത്താവിനു പഴയ പ്രണയബന്ധങ്ങളെപ്പറ്റി പറയാന്‍ ഒന്നുമില്ല എന്നിങ്ങനെ തികച്ചും അസംതൃപ്തമായ ജീവിതം. മോഡേണ്‍ പെണ്‍‌കുട്ടികളുടെ ഉത്തമഭര്‍ത്തൃസങ്കല്പം ഒരുപാടു മാറിപ്പോയിരിക്കുന്നു എന്നു മനസ്സിലായി.

പുരുഷന്മാര്‍ക്കു വലിയ വ്യത്യാസമൊന്നുമില്ലെന്നു തോന്നുന്നു. നോട്ടം സൌന്ദര്യം മാത്രം. അല്ലേ?


രാജേഷ് വര്‍മ്മയുടെ പരിഭാഷ (വസന്തമാലിക):

മണവാളനു കേളിയച്ഛനെങ്കില്‍
പണമാണമ്മ കൊതിച്ചിടുന്നതേറ്റം
തറവാടിനു മേന്മ വേണമുറ്റോര്‍-
ക്കുരുവം നല്ലവനെക്കൊതിപ്പു പെണ്ണാള്‍

നന്ദി, രാജേഷ്!