കുമാരസംഭവം

ചിത്രങ്ങള്‍ (Photos), നര്‍മ്മം, വിഘ്നേശ്, വൈയക്തികം (Personal)

രാജേഷ് വര്‍മ്മയ്ക്കു നന്ദി.

കൂപമണ്ഡൂക”ത്തിന്റെ കമന്റില്‍ കുമാരസംഭവത്തെ പരസ്യമാക്കിയതിനു്.

മനഃപൂര്‍വ്വം പറയാതിരുന്നതാണു്. ബൂലോഗര്‍ക്കു് ഒരു സര്‍പ്രൈസായ്ക്കോട്ടേ എന്നു കരുതി. ഒരുപിടി കുഞ്ഞുവാവകളുടെ മൂത്ത ജ്യേഷ്ഠനാകുമെന്നു കരുതിയതാണു്. പവിത്രക്കുട്ടി ഓവര്‍ടേക്ക് ചെയ്തു മൂത്തോപ്പോള്‍ ആയി. അതു മറ്റൊരു സര്‍പ്രൈസ്! യാത്രാമൊഴിക്കും പവിത്രക്കുട്ടിയ്ക്കും ആശംസകള്‍!

പേരു് ഊഹിക്കുന്നതില്‍ മീനാക്ഷി സമ്മാനാര്‍ഹയായി. രാജേഷ് വര്‍മ്മ എന്തു സമ്മാനമാണോ നിശ്ചയിച്ചിരിക്കുന്നതു്? സാധാരണയായി അദ്ദേഹം 101 പവനില്‍ കുറച്ചൊന്നും സമ്മാനമായി കൊടുക്കാറില്ല :)

കൂടുതല്‍ വിവരങ്ങള്‍:

പേരു് : വിഘ്നേശ് *
ചെല്ലപ്പേരു് : വിക്കി**
ജനനസമയം (പോര്‍ട്ട്‌ലാന്‍ഡ്) : 2006 നവംബര്‍ 5 11:53 AM PST (1182 തുലാം 20)
ജനനസമയം (ഭാരതം) : 2006 നവംബര്‍ 6 01:23 AM IST (1182 തുലാം 19)
ജനനസ്ഥലം : St. Vincent Hospital, Portland, Oregon, USA.
തൂക്കം : 5 lb 15.8 oz (2.716 Kg)
നീളം : 20 ഇഞ്ച് (50.8 സെന്റിമീറ്റര്‍)
നക്ഷത്രം : ഭരണി
തിഥി : പ്രഥമ (കൃഷ്ണപക്ഷം)
ആഴ്ച : ഞായര്‍
കരണം : സിംഹം
നിത്യയോഗം : വ്യതീപാത

* മിന്നലിന്റെ ചേട്ടന്‍ ഇടിവാളിന്റെ മകന്‍ കൊടുങ്കാറ്റിന്റെ പേരു്
** “വിക്കി ക്വിസ് ടൈം” എന്ന ബ്ലോഗിന്റെ ഉടമസ്ഥനായ മന്‍‌ജിത്തിന്റെ ഏറ്റവും പ്രിയങ്കരമായ വസ്തു


ഏറ്റവും സന്തോഷം വിശാഖിനു തന്നെ. ഇതാ അനുജനെ കണ്ടു് “മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ” ചിരിച്ചു കൊണ്ടിരിക്കുന്ന വിശാഖ്:

കൂടുതല്‍ പടങ്ങള്‍ക്കു് ഇവിടെ നോക്കുക.


മൂപ്പര്‍ക്കു പേരിട്ടതു് ഒരു കഥയാണു്.

ആണ്‍‌കുട്ടിയാണെന്നറിഞ്ഞതു മുതല്‍ ഒരു പേരിനായി ഞങ്ങള്‍ ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും നടത്തുകയുണ്ടായി. എനിക്കു ശിവന്റെ പേരും (ഉമേഷ്) മകനു സുബ്രഹ്മണ്യന്റെ പേരും (വിശാഖ്) ആയതിനാല്‍ അടുത്തയാള്‍ക്കു ഗണപതിയുടെ പേരിടണമെന്നു് എനിക്കൊരാഗ്രഹം.

“പെണ്‍‌കുഞ്ഞാകാഞ്ഞതു നന്നായി. അല്ലെങ്കില്‍ അതിനു “ഭദ്രകാളി” എന്ന പേരിടണം എന്നു് ഇങ്ങേരു പറഞ്ഞേനേ” എന്നു സിന്ധു.

എനിക്കും സിന്ധുവിനും പ്രാസത്തില്‍ വലിയ താത്പര്യമില്ലെങ്കിലും (ഇതിനു മുമ്പിടാനായി പേരിടുന്നതിലെ പ്രാസത്തെപ്പറ്റി എഴുതിക്കൊണ്ടിരുന്ന പോസ്റ്റ് സമയത്തു തീര്‍ന്നില്ല. അതു് ഇനിയൊരിക്കല്‍ ഇടാം.) അഭ്യുദയകാംക്ഷികളൊക്കെ വിശാഖിനു ചേരുന്ന “വി”യില്‍ തുടങ്ങുന്ന പേരിടണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതെല്ലാമൊത്ത വിനായകന്‍, വിഘ്നേശന്‍, വക്രതുണ്ഡന്‍ എന്നു മൂന്നു പേരുകള്‍ മാത്രമേ കിട്ടിയുള്ളൂ.

വക്രതുണ്ഡന്‍ എന്നതു വക്കാരിയുടെ പേരായതുകൊണ്ടു് ഉപേക്ഷിച്ചു.

വക്കാരിയുടെ പേരു്” എന്നൊരു ഗവേഷണപ്രബന്ധം ഓഫ്‌യൂണിയനില്‍ പ്രസിദ്ധീകരിക്കണം എന്നു വിചാരിച്ചിട്ടു് ഇതുവരെ പറ്റിയില്ല. ഒന്നിലധികം വര്‍ഷത്തെ ഗവേഷണഫലമായി കണ്ടുപിടിച്ചതാണു്. ഇത്രയുമായ സ്ഥിതിയ്ക്കു് ഇവിടെ ചുരുക്കി പറഞ്ഞേക്കാം.

കോട്ടയം ജില്ലയിലെ കുറിച്ചിയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയ്ക്കു റോഡ്‌സൈഡിലാണു വക്കാരിയുടെ വീടെന്നു് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു വ്യക്തമാണു്. ഗവേഷണഫലമായി അതു കാരിത്താസ് എന്ന സ്ഥലമാണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഇതിനു് ഉപോദ്ബലകമായ വസ്തുതകള്‍ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.

വക്കാരി തന്റെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന പടം ആനയുടേതാണെന്നു ചിലരും ഗണപതിയുടേതാണെന്നു മറ്റു ചിലരും തെറ്റിദ്ധരിച്ചിട്ടുണ്ടു്. ഇതു രണ്ടുമല്ല, അല്ലെങ്കില്‍ ഇതു രണ്ടുമാണു സത്യം എന്നതാണു വസ്തുത. മുഴുവന്‍ ശരീരം വരയ്ക്കാതെ മുഖം മാത്രം വരച്ചതു് ആനയ്ക്കും ഗണപതിയ്ക്കും യോജിക്കുന്ന വക്രതുണ്ഡന്‍ എന്ന പേരിനെ സൂചിപ്പിക്കാനാണെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു്.

ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഇദ്ദേഹം കുറച്ചുകാലം ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ള ഒരു കലാലയത്തില്‍ അദ്ധ്യാപകനായിരുന്നെന്നും അവിടുത്തെ ഭാഷയില്‍ “മാസ്റ്റര്‍” എന്നതിനു പകരം “മഷ്ടാര്‍” എന്നാണു പറയുക എന്നും എന്റെ ഗവേഷണം വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ പുര്‍ണ്ണനാമമായ വക്‌റതുണ്ഡന്‍ കാരിത്താസ് മഷ്‌ടാര്‍ എന്നതിന്റെ ചുരുക്കരൂപമാണു് വക്കാരിമഷ്ടാ എന്നതു് എന്നതു നിസ്തര്‍ക്കമത്രേ.

ഈ പേര്‍ ജാപ്പനീസില്‍ “മനസ്സിലായി” എന്നര്‍ത്ഥമുള്ള ഒരു വാക്കില്‍ നിന്നാണു കിട്ടിയതെന്നു പറയുന്നതു കേവലം ഒരു മറ മാത്രമാണു്. “വകരിമസ്റ്റ” എന്നാണു് ആ വാക്കു്. “ഓക്കേ”, “അതു ശരി”, “അപ്പോള്‍ ശരി”, “പിന്നെക്കാണാം” എന്നൊക്കെയാണു് ആ വാക്കിന്റെ അര്‍ത്ഥം, “മനസ്സിലായി” എന്നല്ല.

ഈ ഗവേഷണത്തിനു് എനിക്കൊരു പി. എഛ്. ഡി. അടുത്തു തന്നെ തരമാകും എന്നൊരു കിംവദന്തിയുമുണ്ടു്.

മാത്രമല്ല, അടുത്ത കുട്ടിക്കു വേണ്ടി കുട്ട്യേടത്തി നോക്കി വെച്ചിരിക്കുന്ന പേരാണതു്.

ഭൂരിഭാഗം ആളുകളും വിനായകിനോടൊപ്പമായിരുന്നു. വിഘ്നേശ് എന്ന പേരിന്റെ കൂടെ ഞാനും വിശാഖും മാത്രം.

ബൂലോഗത്തിലെ കുറേ പുലികളോടു് അഭിപ്രായം ചോദിച്ചു. അവിടെയും വിനായകനായിരുന്നു പിന്തുണ കൂടുതല്‍. വിഘ്നേശിനെ പിന്തുണച്ചതു് ആകെ മന്‍‌ജിത്ത് മാത്രം. അതും ചെല്ലപ്പേരായി “വിക്കി” എന്നു വിളിക്കാം എന്നതുകൊണ്ടു്. വിക്കിപീഡിയ തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്റെ അഭിപ്രായങ്ങളെ വരെ അതു ബാധിക്കും എന്നു മനസ്സിലായില്ലേ?

അവസാനം കഴിഞ്ഞ പ്രാവശ്യം ചെയ്തതു പോലെ കുറേ സായിപ്പുകളെക്കൊണ്ടു പറയിച്ചു നോക്കി. ഫലം അവിശ്വസനീയമായിരുന്നു. വിനായക് ആര്‍ക്കും വഴങ്ങുന്നില്ല. നീളം കൂടിപ്പോയി എന്നാണു പരാതി. അതേ സമയം വിഘ്നേശ് എല്ലാവരും നന്നായി പറഞ്ഞു. (വിഗ്നേശ് എന്നായിപ്പോയെന്നു മാത്രം. അതു പിന്നെ ഇന്ത്യക്കാരും അങ്ങനെ തന്നെയല്ലേ പറയുന്നതു്?) അങ്ങനെ വിഘ്നേശ് ഏതാണ്ടു് ഉറച്ചു.


UMESH-നു് 5 അക്ഷരം. SINDHU-വിനു് 6 അക്ഷരം. VISHAKH-നു 7 അക്ഷരം. VIGHNESH-നു 8 അക്ഷരം. ഏതായാലും പുരോഗതിയുണ്ടു്. ഒമ്പതക്ഷരമുള്ള ശിവന്റെ മക്കള്‍ ഉണ്ടോ എന്തോ? SHASTHAVU?


എനിക്കു ശിവന്റെ പേരും മക്കള്‍ക്കു രണ്ടും ശിവന്റെ പിള്ളേരുടെ പേരും ആയതു കൊണ്ടു് ഇനി സിന്ധുവിന്റെ പേരു മാറ്റണം. പാര്‍വ്വതിയുടെ ഒരു പേരാക്കണം. “സിന്ധു” എന്ന പദത്തിനു ധാരാളം അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലി നിരത്തുന്നുണ്ടെങ്കിലും അവയില്‍ ജീവനുള്ളതു് “ആന” മാത്രം.

പെണ്‍‌കുട്ടിയായിരുന്നെങ്കില്‍ ഇടാന്‍ പണ്ടു തൊട്ടേ നോക്കി വെച്ചിരുന്ന പ്രിയപ്പെട്ട പേരുകളൊക്കെ പാര്‍വ്വതിയുടെ പര്യായങ്ങളായിരുന്നു-പാര്‍വ്വതി, ഗൌരി, അപര്‍ണ്ണ, ഉമ,… അതിലെതെങ്കിലും ഒന്നിടാം.

സിന്ധുവിനു് ഒരു സങ്കടമുണ്ടു്-തന്റെ പേരു വളരെ ചെറുതായിപ്പോയെന്നു്. അതിനാല്‍ ചെറിയ ചെല്ലപ്പേരൊന്നും ഉണ്ടായിട്ടില്ല എന്നു്.

Sin എന്ന ചെല്ലപ്പേരു് ഞങ്ങള്‍ നിര്‍ദ്ദേശിച്ചതാണു്. നല്ല അര്‍ത്ഥമുള്ള പേരുമാണു്-ഇംഗ്ലീഷില്‍!

വളരെ നീളമുള്ള ഒരു പേരു്; അതിനു വളരെ ചെറിയ ഒരു വിളിപ്പേരു്. അതാണു സിന്ധുവിന്റെ സ്വപ്നം.

പാര്‍വ്വതിയ്ക്കു പര്യായമായി നീളമുള്ളതും ചെറിയ ചുരുക്കപ്പേരുള്ളതുമായ പേരുകള്‍ വേണമെങ്കില്‍ വലിയ വിഷമമൊന്നുമില്ല. ലളിതാസഹസ്രനാമം നോക്കിയാല്‍ ആയിരം പേരു കിട്ടും. ഞങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന പേരുകള്‍ അക്ഷരമാലാക്രമത്തില്‍ താഴെച്ചേര്‍ക്കുന്നു.

പേരു് : ചെല്ലപ്പേരു്
അജ്ഞാനദ്ധ്വാന്തദീപിക : അജ്ഞാന
അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ : അശ്വ
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണി : ഇച്ഛ
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലി : ഉന്മേഷ
കാമേശ്വരാസ്ത്രനിര്‍ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ : കാമ
കാളരാത്ര്യാദിശക്ത്യൌഘവൃത : കാള
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിത : കുരു
കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിത : കൂര്‍മ്മ
ക്രോധാകാരാങ്കുശോജ്ജ്വല : ക്രോധ
ചണ്ഡമുണ്ഡാസുരനിഷൂദിനി : ചണ്ഡ
ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃത : ചക്ര
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനി : ജന്മ
ഡാകിനീശ്വരി : ഡാകിനി
താടങ്കയുഗളീഭൂതതപനോഡുപമണ്ഡല : താട (താടക)
പായസാന്നപ്രിയ : പായസ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത : മന്ത്രി
മാണിക്യമകുടാകാരജാനുദ്വയവിരാജിത : മാണി
സംസാരപങ്കനിര്‍മഗ്നസമുദ്ധരണപണ്ഡിത : സംസാര

ഏതു പേരാണു് അവസാനം സ്വീകരിച്ചുതെന്നു് ഗസറ്റ് വിജ്ഞാപനം വഴി അറിയിക്കുന്നതാണു്.

പ്രത്യേക അറിയിപ്പു്: കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്കു് ഗംഗ എന്നോ ഗംഗയുടെ പര്യായങ്ങളോ പേരുള്ള ഒരാളും പോര്‍ട്ട്‌ലാന്‍ഡിലോ പരിസരത്തിലോ വരാന്‍ പാടില്ല എന്നും വന്നാല്‍ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ ഘ) ഗുരുതരമായിരിക്കും എന്നും സിന്ധു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.


മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് ഗുരുകുലവും എന്റെ മറ്റു പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചുപൂട്ടുകയാണു്. എല്ലാവരും വെക്കേഷന്‍ അടിച്ചുപൊളിക്കുക. അഭിവാദ്യങ്ങള്‍. അടുത്ത സ്കൂള്‍വര്‍ഷം മഴ തുടങ്ങുമ്പോള്‍ കാണാം.